Showing posts with label വെള്ളെഴുത്ത്. Show all posts
Showing posts with label വെള്ളെഴുത്ത്. Show all posts

Tuesday, April 22, 2014

ഒരിടത്തൊരു ലൈന്‍മാന്‍


പുസ്തകം : ഒരിടത്തൊരു ലൈന്‍മാന്‍
രചയിതാവ് : എസ് ജയേഷ്

പ്രസാധകര്‍ : ആല്‍ഫവണ്‍ പബ്ലിഷേഴ്‌സ് , കണ്ണൂര്‍

അവലോകനം : വെള്ളെഴുത്ത്


സ്വന്തം ആവിഷ്‌കാരങ്ങളോടുള്ള ഒതുക്കമുള്ള ഭയം മറ്റൊരാവിഷ്‌കാരത്തിനു പ്രേരണയായി ഭവിക്കുന്നത് ഒരു പക്ഷേ കലയിലെ മാത്രം കണ്ണാടിക്കാഴ്ചയാവാം. ചെകുത്താന്‍ ചുരുട്ടിയെടുത്തുകൊണ്ടു പോയതിനാല്‍ നിഴല്‍ നഷ്ടപ്പെട്ട സ്വത്വങ്ങളാണ് പിന്നെ ഫ്രാങ്കസ്‌റ്റൈനുകളായും കിംകോങുകളായും ജുറാസിക്കില്‍ നിന്നിറങ്ങി വന്ന പെരുമ്പടപ്പുകളായും അനക്കോണ്ടകളായും മറ്റും മറ്റും വന്നു നിന്ന് നമ്മെ തന്നെ വിറപ്പിച്ചത്. യന്ത്രങ്ങള്‍ നമുക്കുവേണ്ടി ഭാവന ചെയ്യുന്നതിനെയും ഭാവന ചെയ്ത് നാം പേടിച്ചു രസിച്ചു. ഇപ്പോഴും രസിക്കുന്നു. യന്ത്രങ്ങള്‍ക്ക് ആത്മാവില്ല; അന്നും ഇന്നും. അതൊരു വശം. മറുവശത്ത് യന്ത്രങ്ങള്‍ അതിരിടുന്നൊരു ലോകത്തിനുള്ളില്‍ നിന്ന് രക്ഷയില്ലാതെ നട്ടം തിരിയുന്നൊരുതരം പൊറുതികേടും വന്നുപെട്ടിട്ടുണ്ട്. യന്ത്രവുമായുള്ള അഭിമുഖീകരണങ്ങളാണ് 'യാന്ത്രികമായ' എന്നൊരു അപകൃഷ്ടമായ പദത്തിനെ സാധ്യമാക്കിയത്. പൈതൃകമായി കിട്ടിയ മൂല്യത്തിന്റെ നാശം 'യാന്ത്രികത'യില്‍ ദര്‍ശിച്ച് നമ്മളിന്നും വിതുമ്പുന്നുണ്ട്. 'സ്വാഭാവിക'മായ എല്ലാത്തിനും നേരെ ഭീഷണമായ ചൂണ്ടു വിരല്‍ ഉയര്‍ത്തിയാണ് അതിന്റെ നില്‍പ്പ് എന്ന ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? വികാരങ്ങള്‍ അസ്തമിച്ച് മരവിച്ചകാലത്തിന്റെ രൂപകമായി, ആവര്‍ത്തന വിരസതയെന്ന കോട്ടുവായായി 'യാന്ത്രികലോകം' നമ്മുടെ സാരസ്വതങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. 'യന്ത്രസരസ്വതി നമ്മെ സംഭ്രമിപ്പിക്കുമോ?' എന്ന കിടിലന്‍ ചോദ്യത്തിന് പക്ഷേ, അതു മാത്രമായിരുന്നില്ല ധ്വനി. അടുത്തപടിയായി യന്ത്രങ്ങള്‍ മനുഷ്യഭാവനയില്‍ അസ്തിത്വങ്ങള്‍ നേടിയെടുക്കുകയും മാനുഷികമായ മൂല്യങ്ങള്‍ എന്നു വിളിപ്പെട്ട സകലതിനെയും മെതിക്കുകയും ചെയ്യുമെന്ന പ്രവാചകസ്വരം ആ വാക്യം ഉള്ളടക്കുകയും ചെയ്തതായി തോന്നുന്നുണ്ടെങ്കില്‍ അതിനു കാരണം നമ്മള്‍ ദാ എത്തി നില്‍ക്കുന്ന വെബ് 2.0 ലോകത്തിന്റെ ഊറ്റമാണ്. ആശയവിനിമയം സാധാരണയില്‍ കവിഞ്ഞ വേഗത്തില്‍ സാധ്യമാവുന്നിടത്ത് യാന്ത്രികമായ ചട്ടക്കൂടിനുള്ളില്‍ മാനുഷികമായതെല്ലാം തിരിച്ചു വരുന്നതായി വിഭാവനം ചെയ്തു തുടങ്ങിയതിന്റെ ഫലമാണ് അപ്രമാദികളായ യന്തിരന്മാര്‍. ടൈപ്പ്‌റൈറ്ററുകളുടെ തണുത്തുറഞ്ഞ തരം മരവിപ്പല്ല, സിലിക്കണുകളുടെ ശബളമായ കുടമാറ്റങ്ങളിലുള്ളത്. വിരല്‍ത്തുമ്പുകളേറ്റ് പിച്ചളമൊട്ടുകള്‍ മുഴക്കിയ ഒച്ചകള്‍, അനന്തവൈവിധ്യമാര്‍ന്ന നിറമുള്ള ഈണങ്ങള്‍ക്കു വഴിമാറി. യാന്ത്രികതയില്‍ നിന്ന് സാങ്കേതികതയിലേയ്ക്കുള്ള ദൂരം വലുതാണ്. പാതാളത്തില്‍ നഷ്ടപ്പെട്ടുപോയ പ്രണയിനിയുമായി ഭൂമിയിലേയ്ക്ക് തിടുക്കപ്പെട്ട് സഞ്ചരിക്കുന്ന ഓര്‍ഫ്യൂസിന്റെ കഥയിലെന്നപോലെ പ്രതീക്ഷയോടെ മിന്നിമറയുന്ന ദശലക്ഷം വര്‍ണ്ണബിന്ദുകള്‍ പിന്നിലെവിടെയോ യൂറിഡൈസിനെ ഒപ്പം നടത്തിക്കുന്നുണ്ടെന്ന ബോധം പുതിയ ഭാവനയെ തിളക്കുന്നുണ്ട്. ഭൂസ്​പര്‍ശം വരെ തിരിഞ്ഞു നോക്കാന്‍ വയ്യെങ്കിലും പിന്നില്‍ അവളുണ്ട്.

യന്ത്രവുമായുള്ള അഭിമുഖീകരണം മലയാളഭാവനയെ എത്തിച്ച പരിണതികളിലൊന്നിന്റെ വഴിയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ചില്ലുകൂടുകള്‍ക്കുള്ളില്‍ ഇപ്പോള്‍ ഋതുക്കള്‍ മാറിമാറി മറിയുന്നു. ജയേഷിന്റെ 'യന്ത്രം' എന്ന കഥയിലെ നായകന്‍ 'യാന്ത്രികമായ' ജീവിതത്തിന്റെ മരവിപ്പില്‍ നിന്ന് രക്ഷപ്പെടുന്നത് പെണ്‍കുട്ടിയുടെ വിരള്‍ സ്​പര്‍ശത്താലാണ്. അവള്‍ അവസാന വാചകം കോറിയിട്ടത് 'അവനി'ലായിരുന്നു. പതിവു രീതിയനുസരിച്ച് അതൊരു ആത്മഹത്യാക്കുറിപ്പായിരുന്നോ ഒരു തീവ്രവാദിനിയുടെ ആസൂത്രണരേഖയായിരുന്നോ യന്ത്രത്തെ കൊല ചെയ്യാനുദ്ദേശിച്ച് കുറിച്ചിട്ട കോഡാണോ എന്നൊക്കെയുള്ള കാര്യത്തില്‍ കഥ മൌനം പാലിക്കുന്നു. അതിനേക്കാള്‍ പ്രസക്തം ഹൃദയാഹൃദയ സംവേദങ്ങള്‍ ഇതുവരെ അവലംബിച്ചിട്ടില്ലാത്ത മട്ടില്‍ ഈ കഥയില്‍ സംഭവിച്ചിരിക്കുന്നു എന്ന ആഖ്യാതാവിന്റെ ആശ്ചര്യം കൊള്ളലാണ്. അതാണ് മറ്റൊരു രീതിയില്‍ മെക്കാനിക്കുകളുടെ കൌതുകമായി പുറത്തുവരുന്നത് . സാമ്പ്രദായികരീതി അനുസരിച്ച് ഈ കഥ തകര്‍ന്ന പ്രണയത്തെക്കുറിച്ചുള്ള സാധാരണ ആഖ്യാനമാണ്. എന്നാല്‍ മറ്റാരാലോ നിയന്ത്രിക്കപ്പെടുന്ന യന്ത്രത്തിന്റെ സാധ്യതകളും പരിമിതിയും ഒരു രൂപകത്തിന്റെ ഭംഗിയാര്‍ജ്ജിച്ച് നില്‍ക്കുന്ന ഈ കഥയില്‍ മാനുഷികമായ ഭാവങ്ങളെ 'യന്തിരനിലേയ്ക്ക്' പകര്‍ന്നു നല്‍കാനുള്ള യത്‌നമുണ്ട്. അതാണ് ആലോചനകള്‍ക്ക് വക നല്‍കുന്ന വശം. കമ്പ്യൂട്ടറുകള്‍ രക്ഷപ്പെടാനാവാത്ത വിധം നീളന്‍ വലകള്‍ നെയ്‌തൊരു ലോകത്ത്, കാലത്ത് ജീവിച്ചു പോകുന്ന മനുഷ്യന്‍ പൊടുന്നനെ തന്നെയൊരു യന്ത്രമായി വിഭാവനം ചെയ്യുന്നതില്‍ അസ്വാഭാവികമായൊന്നുമില്ല. മനുഷ്യനില്‍ നിന്നുള്ള ഇറക്കമാണ് തന്നെ പാറ്റയായി കാണാന്‍ കാഫ്കയ്ക്ക് പ്രേരണയായതെങ്കില്‍ അതേ ഇറക്കം തന്നെയാണ് ഉത്തേജിതമായ 'മെമ്മറിയാല്‍' ഉദാസീനനാവുന്ന യന്ത്രഹൃദയത്തിലും ഉള്ളത്.

യന്ത്രം മാനുഷികമായ ഭാവങ്ങളിലേയ്ക്ക് ഇറങ്ങി വന്നിരിക്കുന്നതെങ്ങനെ എന്നും കഥകള്‍ സാക്ഷ്യം പറയുന്നുണ്ട്. ജയേഷിന്റെ 'ഒരിടത്തൊരു ലൈന്‍മാന്‍' എന്ന സമാഹാരത്തിലെ (വില : 55 രൂപ) കഥകളില്‍ ആവര്‍ത്തിച്ചു വരുന്ന ഒരു സ്ത്രീ കഥാപാത്രം രതിപ്രിയയാണ്. അതൊരാളോ വാര്‍പ്പുമാതൃകയോ അല്ല. (എന്‍ എസ് മാധവന്റെ കഥകളില്‍ ആവര്‍ത്തിച്ചു വരുന്ന ആണ്‍ കഥാപാത്രം രാഘവനെപോലെ) പേരിന്റെ സാമ്യത്തിനപ്പുറത്ത് ഒരേ പേരുകാരികളായ സ്ത്രീകള്‍ കഥാപാത്രത്തിനപ്പുറത്തുള്ള ആശയലോകത്തിലേയ്ക്ക് വിരള്‍ചൂണ്ടി നില്‍പ്പാണ്. അതിന് ഏറെക്കുറെ നാം പാത്തുവയ്ക്കുന്ന എതിര്‍ലിംഗസങ്കല്‍പ്പങ്ങളുമായി അബോധത്തില്‍ ചാര്‍ച്ചകളുണ്ടാവും. തൂവാനത്തുമ്പികളില്‍ രതിപ്രിയ മരീചികാസ്വഭാവമുള്ള നിഴലാണ്. ഒരു ഫോണ്‍ കോളില്‍ അവളുണ്ട്, നേരിട്ട് ചെല്ലുമ്പോള്‍ ഇല്ലെന്ന അവസ്ഥയാണത്. മറ്റൊരുതരത്തില്‍ ഒരു പ്രതീതിയാഥാര്‍ത്ഥ്യം. പ്രതീതിയും യാഥാര്‍ത്ഥ്യവും തമ്മിലുള്ള സംഘര്‍ഷം കാലവും സ്ഥലവും തമ്മിലുള്ള പൊരുത്തക്കേടായി സന്നിഹിതമാവുന്നത് നാം കാണുന്നു. കഥയുടെ അവസാനത്തില്‍ സൂരിയുടെ കൈത്തണ്ടയില്‍ പിടിക്കുന്ന രതിപ്രിയയോട് അയാള്‍ പറയുന്നത് ഇത് സ്വപ്നമാണെന്നാണ്. അനുഭൂതിയുടെ നിറവില്‍ സൂരി ഉരുവിട്ട കാല്‍പ്പനിക കൂജനമൊന്നും അല്ലത്. മറിച്ച് ഉണരാന്‍ വൈകുന്നതിനെക്കുറിച്ചോര്‍ത്തുള്ള പിടച്ചിലാണ്. സദാചാരം പാരമ്പര്യവുമായി കെട്ടിമറിഞ്ഞ് കാവിക്കൊടികള്‍ നാട്ടുന്നകാലത്തെ സദൃശലിംഗപരിണയത്തിന്റെ അരക്ഷിതാവസ്ഥയെയാണ് 'ലസ്സി'യിലെ രതിപ്രിയയുടെ ഹാവഭാവാദികള്‍ ഒപ്പിയെടുക്കുന്നത്. 'ഏകാകികള്‍ക്കൊരു പൂവിലെ' രതിപ്രിയ ശരീരം വിരുന്നുമേശകളില്‍ വിളമ്പേണ്ടി വരുന്നതിന്റെ നിസ്സഹായതയെ ചൂണ്ടുന്നുണ്ട്. രതിപ്രിയയുടെ കാമുകന്‍ ദേവവ്രതനും ഇതേ കര്‍മ്മം ചെയ്യേണ്ടി വരുന്നു എന്നിടത്ത് ശരീരമെന്ന വില്‍പ്പനച്ചരക്കിന്റെ സാധ്യതയ്ക്ക് ലിംഗഭേദമില്ലെന്ന വര്‍ത്തമാന വാസ്തവത്തില്‍ ഊന്നുന്നു. 'ബോയ് ഫ്രണ്ട്' എന്ന കഥയിലെ രതിപ്രിയ കാമുകനാല്‍ തിരസ്‌കരിക്കപ്പെടുന്നവളാണ്. ചാരിത്ര്യത്തിലുണ്ടായിരുന്ന നിഷ്ഠയാണ് അവളെ ദുരന്തകഥാപാത്രമാക്കിയത്. ആ ചാരിത്ര്യമാകട്ടെ ഭാവി ഭര്‍ത്താവെന്ന് അവള്‍ കരുതിയ കാമുകനുവേണ്ടി കാത്തുവച്ച സമ്പാദ്യവുമാണ്. ദുരന്തത്തിലേയ്ക്ക് നടന്നുനീങ്ങുകയും ഉണ്ടോ ഇല്ലയോ എന്ന ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുന്ന ഈ പഴയ പേരുകാരികള്‍ പുറത്തിറങ്ങാന്‍ വയ്യാത്ത ആശയാഭിലാഷങ്ങളുടെ തടവുകൂടുകളും കൂടിയാണ്. കാരൂരിന്റെ മരപ്പാവകളെയും പൂവന്‍പഴത്തെയും മിശ്രിതങ്ങളായി പെട്ടെന്ന് ഓര്‍മ്മയില്‍ കൊണ്ടു വന്നു നിര്‍ത്തുന്ന കഥാപാത്രത്തിന് 'മീനാക്ഷി'യെന്നാണ് പേര്. ലൈന്മാന്‍ കൃഷ്ണന്‍കുട്ടിയുടെ വിഹഗനോട്ടത്തിനും നാട്ടുകാരുടെ സമാന്തര നോട്ടത്തിനും വിധേയമാവുന്ന വീട്ടിലെ സ്ത്രീ (ഒരിടത്തൊരു ലൈന്‍മാന്‍) കുസുമവുമാണ്.

പുറത്തുകടക്കാനാവാത്തതരത്തിലൊരു വിങ്ങലാണ് ജയേഷിന്റെ കഥാപാത്രങ്ങളെ നിഴല്‍രൂപത്തില്‍ പുറത്ത് നിര്‍ത്തിയിരിക്കുന്നതെന്ന് ചുരുക്കം. പ്രണയമോ രതിയോ സാധ്യമാവുന്ന അപൂര്‍വം ഇടങ്ങളില്‍ അവര്‍ക്ക് പേരു ലഭിക്കുന്നുണ്ട്. കൂട്ടത്തില്‍ താരതമ്യേന അപ്രധാനമെന്നു തോന്നിക്കുന്ന, കുട്ടികള്‍, ഒരു മനുഷ്യനെ ഇല്ലാതാക്കുന്ന വിധം തുടങ്ങിയ കഥകളില്‍ പോലും തിക്കുമുട്ടല്‍ കൊണ്ടുള്ള പിടച്ചില്‍ അനുഭവേദ്യമാണ്. 'കുട്ടികളില്‍' 'കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങളെല്ലാം ചത്തുപോയി' എന്നൊരു അസംബന്ധവാക്യവുമുണ്ട്. പ്രവര്‍ത്തനം നിലയ്ക്കുകയും സഹനം (പാസീവ്‌നെസ്സ്) കര്‍മ്മമാവുകയും ചെയ്യുന്ന ഒരു കാലത്തെക്കുറിച്ചുള്ള ഭയമാണ് ഇത്തരം ആഖ്യാനങ്ങളെ സാധ്യമാക്കുന്നത്. ജയേഷിന്റെ കഥകളില്‍ അവിടവിടെയായി എത്തിനോക്കുന്ന സമൂഹം മുഴുവന്‍ ഭയപ്പെടുത്തലിന്റെയും വേലിക്കെട്ടിന്റെയും അന്തരീക്ഷമാണ് തീര്‍ക്കുന്നത്. മനുഷ്യന്റെ അടിസ്ഥാന ചോദനകള്‍ നിരന്തരം നിരീക്ഷണത്തിനു വിധേയമാവുന്നതിനെക്കുറിച്ചുള്ള ഭയമാണ് അത്. അപ്പോഴുണ്ടാകുന്ന, അല്ലെങ്കില്‍ അങ്ങനെ വിഭാവന ചെയ്യുന്ന നിര്‍ജ്ജീവാവസ്ഥയാണ് ജയേഷിന്റെ ലിപികള്‍ക്ക് ആകൃതി നല്‍കുന്നത്. ഇപ്പോള്‍ ഇത്തരം വിഭാവനകള്‍ക്ക് അധികസാധ്യത മുന്നിലിരുന്ന് നമ്മെ തുറിച്ചു നോക്കുകയും ഉള്ളതോ ഇല്ലാത്തതോ എന്ന് ആശയക്കുഴപ്പം നമ്മില്‍ നിലനിര്‍ത്തുകയും ചെയ്യുന്ന കമ്പ്യൂട്ടറുകള്‍ നല്‍കുന്നുണ്ട്. 'നിശ്വാസധാരയായ വേനല്‍, നിര്‍വൃതിയായ പൂക്കാലം, ജലക്രീഢാലഹരിയായ വര്‍ഷം, കുളിര്‍ചൂടിയ ഹേമന്തം'. തരളചിത്തനായ ഒരു കാമുകന്റെ വിചാരപ്പെടലുകള്‍ ചില്ലുകൂട്ടില്‍, സിലിക്കണ്‍ താഴ്വാരങ്ങളില്‍ പുതിയ നിറവും ഭാവവും ആര്‍ജ്ജിച്ച് നില്‍പ്പാണ് എന്നു നമുക്ക് മനസ്സിലാവുന്നു. സ്‌ക്രീന്‍ സേവറായി, വശങ്ങളില്‍ ചെന്നു മുട്ടി പിടയ്ക്കുന്നൊരു മത്സ്യം, കണ്ണാടിച്ചുവരു നക്കുന്ന നായ്ക്കുട്ടി, ഒരിക്കലും നൃത്തം ചെയ്തു തളരാത്ത ഒരു മനുഷ്യക്കുട്ടി... സംഭ്രമിപ്പിക്കുന്ന യന്ത്രങ്ങളുടെ അധികമാനമായി, ഭാവനയ്ക്കായി നീക്കിവച്ചിരിക്കുന്ന നമ്മുടെ തലച്ചോറിലെ കോശങ്ങളില്‍ കയറിപ്പറ്റിയതായി ഊഹിക്കാന്‍ കഥകള്‍ വക നല്‍കുന്നുണ്ട്.

ഭാഷാപരമായ തുടര്‍ച്ചകള്‍ ഇല്ലാതെ ആഖ്യാനവഴി ഭൂതകാലത്തിലെവിടെയോ തടഞ്ഞു നില്‍ക്കുമ്പോഴും ജയേഷിന്റെ കഥകളിലെ പ്രണയത്തെയും രതിയെയും ഭീതിയെയും വിരസതയെയും ഏകാന്തതയെയും എല്ലാം പിന്നെയും സാധുവാക്കുന്നത് സൈബര്‍കാലത്തിന്റെ ദിനാവസ്ഥകളാണ്.

Saturday, September 14, 2013

ബയസ്കോപ്പ്

പുസ്തകം : ബയസ്കോപ്പ്
രചയിതാവ് : കെ എം മധുസൂദനൻ
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്
അവലോകനം : വെള്ളെഴുത്ത്




മൂന്ന് അന്തർദേശീയ പുരസ്കാരങ്ങളും ദേശീയ അവാർഡും അഞ്ചു സംസ്ഥാന അവാർഡുകളും നേടിയ ‘ബയസ്കോപ്പി’ന്റെ തിരക്കഥ(വില : 50 രൂപ ). ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് കെ എം മധുസൂദനനാണ്. 2008 ലെ ലോകത്തിലെ മികച്ച പത്തു ചിത്രങ്ങളിലൊന്നായി ലിസ്റ്റോളജി ബയസ്കോപ്പിനെതെരെഞ്ഞെടുത്തിരുന്നു. മലയാളത്തിലെ ആദ്യ ചലച്ചിത്രം വിഗതകുമാരനു തൊട്ടു മുൻപുള്ള കാലമാണ് ബയസ്കോപ്പിന്റെ പശ്ചാത്തലം. അതുവരെ പരിചയമില്ലാതിരുന്ന ചലിക്കുന്ന ചിത്രങ്ങൾ മലയാളിയെ കാണിക്കാൻ ഒരു ബയസ്കോപ്പുമായിറങ്ങിയ വാറുണ്ണി ജോസഫിനെ ഭാവനാത്മകമായി പുനഃസൃഷ്ടിക്കുകയല്ല, മധുസൂദനനിവിടെ. തീർത്തും കൽ‌പ്പിതമാണ് കഥ. ‘ആധുനികത’യുടെ കടന്നു വരവുമായി ബന്ധപ്പെട്ടുള്ള സങ്കീർണ്ണതകൾക്കാണ് സിനിമയിൽ പ്രാധാന്യം വരുന്നത്. പോണ്ടിച്ചേരിയിൽ വച്ച് ഫ്രഞ്ചുകാരനായ ഡ്യുപോണ്ടിന്റെ ബയസ്കോപ്പ് പ്രദർശനത്തിൽ ആകൃഷ്ടനായി ‘കടലു കടന്നെത്തിയ’ ആ ഉപകരണവുമായി സ്വന്തം നാട്ടുകാരെ ചലിക്കുന്ന ചിത്രങ്ങളുടെ വിസ്മയം കാണിക്കാനെത്തിയ ദിവാകരന്റെ കഥയാണ് ബയസ്കോപ്പ്. അയാളുടെ ഭാര്യ നളിനി നിത്യരോഗിയാണ്. കുട്ടിക്കാലത്ത് കടൽത്തീരത്ത് വച്ചു കണ്ട വെള്ളക്കാരന്റെ ശവമാണ് അവളെ ഈ രീതിയിലാക്കിയതെന്നൊരു പരാമർശം മുരുകൻ നായർ (ദിവാകരന്റെ അച്ഛൻ) നടത്തുന്നുണ്ട്. നളിനിയെ സംബന്ധിക്കുന്ന ഭ്രമാത്മക കൽ‌പ്പനകളിൽ കടലും നാവികനും പൂച്ചകളും വാസ്കോടിഗാമയും കൂടിക്കലർന്നിരിക്കുന്നതു കാണാം. ബയസ്കോപ്പ് നളിനിയുടെ അസ്വാതന്ത്ര്യത്തിന്റെയും ദിവാകരന്റെ സ്വാതന്ത്ര്യത്തിന്റെയും മൂലകമായി തീരുന്നു. കൊളോണിയൽ ഘടകങ്ങളോടുള്ള പാരമ്പര്യബദ്ധവും ആധുനികവുമായ രണ്ടു സമീപനങ്ങൾ തമ്മിൽ കലമ്പുന്നത് കാണാം ഇവിടെ. കടലുകടന്നെത്തിയ ഒരു സാധനമാണ് വീടിന്റെ ശാപമെന്നും നളിനിയുടെ അസുഖം മാറാൻ അതു കളയുകയാണു വേണ്ടതെന്നും ആയഞ്ചേരി കൈമൾ ഉപദേശിക്കുന്നതും മരിച്ചാലും പോകാത്ത നിഴൽ രൂപങ്ങളാണ് പോട്ടോത്തിൽ തെളിയുന്നതെന്നും അതെല്ലാം പിടിച്ചെടുത്ത് ആൾക്കാരെ കാണിക്കുന്നത് പ്രാന്താണെന്നും നാരായണിയമ്മ (ദിവാകരന്റെ അമ്മായി) പറയുന്നതും പാരമ്പര്യത്തിന്റെ ‘അപര’ഭയം നിമിത്തമാണ്. ശീമക്കാര് ഭൂതത്താൻമാരാണെന്നാണ് വേലക്കാരി മാളുവിന്റെ പ്രതികരണം. ഇതിന്റെ മൂർത്തമായ അനുഭവമാണ് നളിനിയുടെ അസുഖം.

സിനിമയെന്ന ആധുനിക വിസ്മയത്തിനു വേണ്ടി ജീവിതം തുലച്ച ഒട്ടനവധി ആളുകളുണ്ട്. അവരുടെ ദുരന്തങ്ങൾക്കുള്ളത് കലാപരമായ മാനവുമാണ്. ബയസ്കോപ്പിന്റെ വരവിനു മുൻപ് നടന്ന അനേകം പരീക്ഷണങ്ങളെക്കുറിച്ച് ഡ്യുപോണ്ട് ദിവാകരനോട് സംസാരിക്കുന്നുണ്ട്. ഫിനാക്കിസ്റ്റോസ്കോപ്പ് എൺപതുവയസ്സുള്ള അന്ധനായ മനുഷ്യനാണ് കണ്ടുപിടിച്ചത്, ഭാര്യയുടെ സഹായത്തോടെ. ലൂമിയർ സഹോദരന്മാർ ചലചിത്രപ്രദർശനം നടത്തിത്തുടങ്ങിയ കാലത്ത് താൻ കണ്ടു പിടിച്ച ഉപകരണം -പ്രാക്സിനോസ്കോപ്പ്- എമിലി റയ്നൌസ് സീൻ നദിയിലെറിഞ്ഞ് വിഷാദരോഗം മൂർച്ഛിച്ചു മരിച്ചു. ജെ സി ഡാനിയൽ ഉൾപ്പടെ ഇവിടത്തെയും ആദ്യകാല ചലച്ചിത്രപ്രവർത്തകരുടെ സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. മലയാളത്തിലെ ആദ്യ നായിക റോസിയെ പാരമ്പര്യവാദികൾ ഉപദ്രവിച്ചതെങ്ങനെയെന്ന കഥ സുവിദിതമാണല്ലോ. കാലത്തിന്റെ ഓർമ്മകളുമായി ചേർന്നു നിൽക്കുന്ന കഥകളിലെ ദുരന്തങ്ങൾക്ക് ചരിത്രപരമായ പ്രാധാന്യം ഏറും. മലയാള സിനിമാചരിത്രത്തിന്റെ നിറം മങ്ങി മാഞ്ഞുകൊണ്ടിരിക്കുന്ന ഒരു ഖണ്ഡത്തെ ഓർത്തെടുക്കുകയാണ് ബയസ്കോപ്പ് ചെയ്യുന്നത്. കെ ഗോപിനാഥന്റെയും (സിനിമയുടെ നോട്ടങ്ങൾ) സനിൽ വിയുടെയും (വെളിച്ചത്തിന്റെ താളം) ഗൌരവമുള്ള രണ്ടു പഠനങ്ങൾ കൂടിചേർന്നാണ് ഈ പുസ്തകത്തെ കനപ്പെടുത്തുന്നതെന്ന കാര്യം എടുത്തുപറയട്ടെ.

Monday, April 8, 2013

ഒരു അമേരിക്കൻ അടിമയുടെ ആത്മകഥ


പുസ്തകം : ഒരു അമേരിക്കൻ അടിമയുടെ ആത്മകഥ
രചയിതാവ് : ഫെഡറിക് ഡഗ്ലസ് / പരിഭാഷ : പത്മരാജ് ആർ
പ്രസാധകര്‍ : ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം
അവലോകനം : വെള്ളെഴുത്ത്



1845 ലാണ് ഫെഡറിക് ഡഗ്ലസ്സിന്റെ ജീവിതകഥ പുറത്തു വരുന്നത്. ‘ഫെഡറിക് ഡഗ്ലസിന്റെ ജീവിതവും കാലവും’ എന്ന പേരിൽ. അമേരിക്കയിലെന്നല്ല, ലോകത്തെവിടെയുമുള്ള വർണ്ണവെറിയുടെ മേലാളത്തമൂല്യങ്ങളെ കടയോടെ പിച്ചിച്ചീന്താനുള്ള വക സ്വരുകൂട്ടിയ ഒരു പുസ്തകമായിരുന്നു അത്. ഇര, തന്റെയും വർഗത്തിന്റെയും വേദനകളെക്കുറിച്ച് സംസാരിക്കുന്നു, സ്വന്തം ഭാഷയിൽ. അടിമയ്ക്ക് ആഹാരം പോലും വിലക്കിയിരുന്ന കാലത്തിലിരുന്നാണ് ഡഗ്ലസ് അക്ഷരങ്ങളുടെ തീ പാറ്റിയത്. അടിമവിരുദ്ധപോരാട്ടത്തിന് ആ പുസ്തകം നൽകിയ ആവേശം ചെറുതല്ല. ഡഗ്ലസ് പിന്നീട് മികച്ച പ്രഭാഷകനും രാഷ്ട്രതന്ത്രജ്ഞനും സാമൂഹിക പരിഷ്കർത്താവുമായുയർന്നു. സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ടിയും അദ്ദേഹം ശബ്ദം ഉയർത്തി. ‘കറുത്തയെഴുത്തിന്റെ’ ചരിത്രത്തിൽ വിളക്കുമരമായെഴുന്നു നിൽക്കുന്ന പ്രസ്തുത കൃതിയുടെ മലയാളഭാഷാന്തരമാണ് പത്മരാജ് വിവർത്തനം ചെയ്ത് പുറത്തിറക്കിയ ‘ഒരു അമേരിക്കൻ അടിമയുടെ ആത്മകഥ’.

മേരിലാന്റിനടുത്തുള്ള ടക്കോഹവിയിലാണ് ഫെഡറിക് ജനിച്ചത്. വർഷം പിന്നീട് ഊഹിച്ചെടുത്താണ് 1818 എന്ന് നിജപ്പെടുത്തിയത്. അടിമകൾക്ക് ജനിച്ച വർഷമോ ജന്മദിനമോ വയസ്സോ ഒന്നും ഇല്ല. അവരങ്ങനെ യജമാനന്മാരുടെയോ യജമാനത്തികളുടെയോ കാരുണ്യത്തിൽ ജീവിച്ചു പോവുകയായിരുന്നു. അമ്മയുടെ പേര് ആരിയറ്റ് ബെയ്‌ലി എന്നായിരുന്നു എന്നറിയാം. പിതാവ് വെള്ളക്കാരനായിരുന്നെന്ന് കേട്ടു കേഴ്വിയുണ്ട്. അതും അക്കാലത്തെ പതിവാണ്. പലപ്പോഴും വെള്ളക്കാരനായതുകൊണ്ട് സ്വന്തം അച്ഛനും സഹോദരനും തന്നെയായിരിക്കും അടിമകളുടെ ഏറ്റവും വലിയ പീഡകർ. കുട്ടിക്കാലത്തേ അമ്മയിൽ നിന്ന് അകറ്റപ്പെട്ട് ജീവിക്കേണ്ടി വന്ന ഫെഡറിക് താൻ അടിമത്തത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്നതുവരെയുള്ള കാലത്തെ നിരവധി യജമാനമാരുടെയും അവരുടെ കങ്കാണിമാരുടെയും നേർ ചിത്രങ്ങൾ പുസ്തകത്തിൽ വരച്ചിട്ടിട്ടുണ്ട്. ക്രൂരത കാലഘട്ടത്തിന്റെ മുഖമുദ്രയായിരിക്കുന്നതിന്റെ ചിത്രങ്ങളും കൂടിയാണവ. വെള്ളക്കാരാണെങ്കിൽ പോലും സ്ത്രീകളും അനുഭവിച്ചിരുന്ന പീഡനങ്ങളെ കുറിച്ചു കൂടി പുസ്തകം വിവരം നൽകുന്നുണ്ട്.

“പുതപ്പുകളേക്കാൾ ദുർലഭമായിരുന്നു ഉറക്കം തന്നെ. പണികഴിഞ്ഞുകയറിയാൽ അലക്കും പാചകവും പിറ്റേന്നത്തെ പണിക്കുള്ള ഒരുക്കുപടിയും എല്ലാം കഴിയുമ്പോൾ ഉറങ്ങാൻ അധികം സമയം കിട്ടിയിരുന്നില്ല. എല്ലാം കഴിഞ്ഞ് ആണും പെണ്ണും കുട്ടികളും ഈർപ്പമുള്ള നിലത്ത് കീറപ്പുതപ്പിനുള്ളിൽ ഉറക്കമാവുമ്പോഴേയ്ക്ക് ഡ്രൈവറുടെ ഹോൺ അവരെ ഉണർത്തിയിരിക്കും.” അടിമകളുടെ ചാളയിലെ രാത്രിയെക്കുറിച്ചുള്ള വർണ്ണനയാണിത്. പലയജമാനന്മാർക്കും ആയിരത്തിലധികം അടിമകളുണ്ടാവും പലരും യജമാനന്മാരെ കണ്ടിട്ടുപോലും ഉണ്ടാവില്ല. തങ്ങളുടെ അനുഭവത്തെക്കുറിച്ച് പറയാൻ ആർക്കും അവകാശമില്ല. ‘യജമാനൻ നിന്നോട് നന്നായി പെരുമാറുന്നുണ്ടോ’ എന്ന ചോദ്യത്തിന്, ചോദിക്കുന്നത് യജമാനൻ തന്നെയാണെന്ന് അറിയാതെ ‘ഇല്ല’ എന്ന് പറഞ്ഞുപോയ അടിമപ്പയ്യനെ ദൂരെ ഒരിടത്തേയ്ക്ക് വിറ്റുകൊണ്ടാണ് വെള്ളക്കാരൻ പക തീർത്തത്. അടി സഹിക്കാൻ വയ്യാതെ നദിയിൽ ചാടി നിലയുറപ്പിച്ച ഒരടിമയുടെ തല വെടി വച്ച് ചിതറിച്ച് പുഴവെള്ളത്തിൽ കലക്കി അനുസരണക്കേടിനുള്ള ശിക്ഷ എന്താണെന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുത്ത ഒവർസിയറുടെ കഥയും ഫെഡറിക് പറയുന്നുണ്ട്. അടിമയുടെ കാര്യം വരുമ്പോൾ വെള്ളക്കാരികളായ സ്ത്രീകളും ക്രൂരതയുടെ കാര്യത്തിൽ മോശമായിരുന്നില്ലത്രേ. പതിനാറുകാരിയായ കറുത്തപെണ്ണിനെ വാരിയെല്ലൊടിച്ചു കൊന്ന യജമാനത്തിയുടെ വിവരം നടുക്കുന്നതാണ്. അടിമയുടെ ജീവിതവും മരണവും മേലാളന്റെ കയ്യിലായിരിക്കുമ്പോൾ ആരു ചോദിക്കാനാണ്? ‘നീഗ്രോയെകൊല്ലാൻ അരയണ, കുഴിച്ചിടാൻ അരയണകൂടി’ എന്നായിരുന്നു അന്നത്തെ ചൊല്ല്.

തോമസ് ഓൾഡ് എന്ന പുതിയ യജമാനന്റെ അടുത്തേയ്ക്കുള്ള യാത്രയാണ് ഫെഡറിക്കിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഓൾഡിന്റെ ഭാര്യയാണ് അക്ഷരങ്ങൾ പറഞ്ഞുകൊടുക്കുന്നത്. ആദ്യം അവർ കാണിച്ച ദയയും സഹാനുഭൂതിയും പിന്നീട് ഇല്ലാതാവുന്നുണ്ടെങ്കിലും അക്ഷരങ്ങളുടെ ലോകത്തേയ്ക്കുള്ള കാൽ‌വെയ്പ്പ് അനുഗ്രഹമായ കഥയാണ് പിന്നീട് ചരിത്രമാവുന്നത്. ബാൾട്ടിമോറിലെ അന്തരീക്ഷവും ഉൾനാടുകളിലേതിനേക്കാൾ കുറച്ചുകൂടി ഭേദപ്പെട്ടതായിരുന്നു എന്ന് അദ്ദേഹം ഓർക്കുന്നു. തുടങ്ങി വച്ച അക്ഷരങ്ങളുടെ പഠിത്തം കപ്പൽശാലയിലെ തൊഴിലാളികളുടെ സഹായത്തോടെ ഫെഡറിക് പൂർത്തിയാക്കി. നേരായ വഴിയിലൂടെയല്ല, ചില തന്ത്രങ്ങളിലൂടെ. ചുമരും നിലവുമായിരുന്നു പുസ്തകങ്ങൾ. പേന, ഒരു ചോക്കുക്കഷ്ണവും. വർഷങ്ങളുടെ നിരന്തരാഭ്യാസമാണ് ഡഗ്ലസിനെ പുസ്തകം വായിക്കാവുന്ന അവസ്ഥയിലെത്തിച്ചത്. തട്ടിയും മുട്ടിയും വായിച്ച പുസ്തകവും പത്രവാർത്തകളും ജീവിതം മാറ്റി. ആജീവനാന്ത അടിമയാണെന്നും ഒരിക്കലും മോചനമില്ലെന്നുമുള്ള ചിന്തകൾ ഒഴിഞ്ഞ് രക്ഷപ്പെടാനുള്ള ആത്മവിശ്വാസം അതു നൽകി. പത്തു പതിനഞ്ച് വയസ്സിനിടയ്ക്ക് ജീവിതദുരന്തങ്ങൾ മുഴുവൻ അനുഭവിച്ചു തീർത്ത പയ്യൻ അങ്ങനെ ബാൾട്ടിമോറിൽ നിന്ന് അമന്റാ എന്ന കപ്പലിൽ സെന്റ് മൈക്കിൾസിലേയ്ക്ക് രക്ഷപ്പെട്ടു. ഒരർത്ഥത്തിൽ ജീവിതത്തിലേയ്ക്ക്.

അതത്ര എളുപ്പമുള്ള സംഗതിയായിരുന്നില്ലെന്ന് ഫെഡറിക് പറയുന്നുണ്ട്. അടിമത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടത്തിന്റെ വിശദാംശങ്ങൾ മുഴുവൻ ഓർമ്മയുണ്ടെങ്കിലും അവ വിവരിച്ചാൽ തന്നെ സഹായിച്ച പലരെയും അത് അപകടപ്പെടുത്തുമെന്ന്, കാലത്തിന്റെ ഭയാനതകളെ നിർമമത്വത്തോടെ നോക്കിക്കൊണ്ട് അദ്ദേഹം എഴുതി. ന്യൂയോർക്കിൽ ജീവിതം വ്യത്യസ്തമായിരുന്നു. എങ്കിലും ഭീതി അവിടെയും കനം വച്ച് നിന്നിരുന്നു. ഒരു കപ്പൽ ജോലിക്കാരനായി പുതു ജീവിതം തുടങ്ങി. അന്ന മേരിയെ വിവാഹം ചെയ്തു. സഹജീവികൾക്കായി സമൂഹത്തിലിറങ്ങി. അടിമത്തത്തെ അമേരിക്കൻ മനസ്സാക്ഷിയുടെ മുന്നിൽ വിചാരണയ്ക്കു വച്ചു. എടുത്തത് സ്വന്തം ജീവിതാനുഭവങ്ങളുടെ വക്കാലത്ത് ആയതുകൊണ്ട് അദ്ദേഹത്തിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. നിരവധി ഔദ്യോഗിക പദവികൾ വഹിച്ചശേഷം 1895- ഫെഡറിക് മരിച്ചു.

‘ഒരു അടിമപ്പെണ്ണിന്റെ ആത്മകഥയും’ ‘അടിമയുടെ ജീവിതവും’ ഇതിനു മുൻപ് മലയാളത്തിനു വിവർത്തനം വഴി ലഭിച്ച പുസ്തകങ്ങളാണ്. ഭീതിദവും ദാരുണവുമായ അനുഭവാഖ്യാനങ്ങൾക്ക്, എത്ര അരിഞ്ഞെറിഞ്ഞാലും മണ്ണിട്ടു മൂടിയാലും മുളയ്ക്കുന്ന നാവുണ്ടാകും എന്ന വാസ്തവത്തെയാണ് ‘അടിമയുടെ ആത്മകഥയും’ അടയാളപ്പെടുത്തുന്നത്. (വില : 40 രൂപ)

Wednesday, January 30, 2013

സ്വയം

പുസ്തകം : സ്വയം
രചയിതാവ് : പി പദ്മരാജൻ
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്
അവലോകനം : വെള്ളെഴുത്ത്




ദ്മരാജന്റെ ‘സ്വയം’, ജീവിച്ചിരിക്കുമ്പോൾ ശവത്തിനു ലഭിക്കുന്ന പരിഗണനകൾ അനുഭവിക്കാനാഗ്രഹിച്ച ഒരു വൃദ്ധയുടെ കഥയുടെ തിരക്കഥാരൂപമാണ്. ശവത്തിനെ ചുമക്കാൻ ആളുകളുണ്ട്. അതുംകൊണ്ടു പോകുന്ന വഴിയിൽ പൂക്കൾ വിതറുന്നുണ്ട്. അതിനു കടന്നുപോകാനായി വാഹനങ്ങളും ആളുകളും വഴി മാറിക്കൊടുക്കുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട സംഗതി അതിനു് ആകാശം നോക്കി കിടക്കാം എന്നുള്ളതാണ് എന്ന് വൃദ്ധ പറയുന്നുണ്ട്. കാറിലോ മറ്റോ മലർന്നു കിടന്ന് സഞ്ചരിച്ചാലും ആ സൌകര്യമില്ല. ജീവിതപ്രാരാബ്ദങ്ങൾ നടുവൊടിച്ച ഒരു സ്ത്രീയുടെ ഭ്രാന്തമായ സങ്കൽ‌പ്പങ്ങൾക്കപ്പുറം ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടുമുള്ള സമൂഹത്തിന്റെ പെരുമാറ്റരീതികൾ ഗൌരവമുള്ള നർമ്മത്തിൽ ചാലിക്കുകയായിരുന്നു പദ്മരാജൻ എന്ന ന്യായമായും സംശയിക്കാം. ശവഘോഷയാത്രകൾ അതുവരെ അപകൃഷ്ടമായ ജീവിതം നയിച്ച ഒരാളിനെയും ‘തണ്ടിലേറ്റു’കയാണ്. ശവത്തിന്മേലണഞ്ഞ പൂമാല കൊണ്ട് അതിനെന്തുപ്രയോജനമെന്ന ദാർശനിക പ്രശ്നത്തെയാണ് ഈ കൃതിയിലെ വൃദ്ധ പരിഹരിച്ചത്. രണ്ടാമത്തെ മകൻ സുകുമാരൻ അമ്മയുടെ ആഗ്രഹം സഫലമാക്കിക്കൊടുക്കാൻ തയ്യാറായി. അയാൾ കലാകാരനും കൂടിയാണ്. മരണം വരെയും അതിനപ്പുറത്തേയ്ക്കും സഞ്ചരിക്കുന്ന ഭാവനകളുടെ മെയ്ക്കാട്ടു പണിയാണല്ലോ അയാളുടെ ദിനസരി. ജീവിച്ചിരിക്കുന്ന വൃദ്ധയുടെ മരണാനന്തരച്ചടങ്ങുകൾ അരങ്ങേറി. “ഒള്ളൊള്ള കാലം കൂടീട്ടുണ്ടായ പൂതി’ നിറവേറിയ വൃദ്ധ ചാരിതാർത്ഥ്യത്തോടെ മരിച്ചു. ‘പട്ടു’കിടക്കയിൽ നിന്നവർ ജീവിതത്തിലേയ്ക്ക് എഴുന്നേറ്റില്ല എന്നർത്ഥം. ജീവിതം തന്നെയാണ് ഇവിടെ മരണം. മരണം തന്നെയാണ് ജീവിതം. ‘ജീവിതമെന്നാൽ ആശകൾ ചത്തൊരു ചാവടിയന്തിരമുണ്ടുനടക്കൽ’ എന്നാണ് വൈലോപ്പിള്ളി പാടിയത്. മരണവും ജീവിതവും ഒന്നാകുന്നതിനെപ്പറ്റിയാണ് വൃദ്ധ കിനാവു കണ്ടത്.

തെക്കൻ തിരുവിതാം കൂറിലെ ഭാഷ അതേപടി ആവിഷ്കരിച്ചിട്ടുള്ള രചനകൂടിയാകുന്നു ഇത്. പുസ്തകത്തിൽ ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥ പദ്മരാജൻ എഴുതിയതെന്നാണെന്നുള്ള സൂചനയില്ല. സങ്കീർണ്ണമായ കഥാരീതിയോ സംഘർഷങ്ങളോ ഇല്ലാത്തതിനാൽ തന്നെ ചലച്ചിത്രം എന്ന നിലയിൽ ‘സ്വയ’ത്തിന്റെ നിലനിൽപ്പ് സംശയാസ്പദമാണ്. എന്നാൽ തിരക്കഥാകൃത്തെന്ന നിലയിൽ പിൽക്കാലത്തെ പദ്മരാജൻ നേടിയ കൈത്തഴക്കത്തിലേയ്ക്കുള്ള അഭ്യാസ മാതൃകകളിലൊന്നായി ഇതിനെ കാണുന്നതിൽ തെറ്റില്ലെന്നു തോന്നുന്നു. ‘പിറന്നാളുകുട്ടി’ എന്ന കഥ കൂടി ‘സ്വയ’ ത്തിന്റെ തിരക്കഥയോടൊപ്പം ഈ പുസ്തകത്തിൽ നൽകിയിട്ടുണ്ട്. മാധ്യമസംബന്ധിയായ അതിരു വഴക്കുകൾ അപ്രസക്തമാവുന്നത് ഇങ്ങനെയുള്ള ചില സ്ഥലങ്ങളിലാണ്. പക്ഷേ അതിനേക്കാൾ പ്രധാനപ്പെട്ട മറ്റൊരു കാര്യം ഈ മിശ്രിതത്തിലുണ്ട്. പിറന്നാളുകുട്ടി ‘വൺ ലൈനാ’ണെന്നുള്ള കാര്യമാണത്. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രം ‘മൈഡിയർ കുട്ടിച്ചാത്തന്റെ’യാവേണ്ടിയിരുന്നതാണാ കഥ. നവോദയ അപ്പച്ചനും ജിജോയും പദ്മരാജനെ കാണാൻ വന്നതും അവർ ചാത്തൻ മഠങ്ങൾ സന്ദർശിച്ചതും ആമുഖത്തിൽ പദ്മരാജന്റെ മകൻ അനന്തപദ്മനാഭൻ എഴുതിയിട്ടുണ്ട്. കാട്ടുമാടം നാരായണൻ ഒരു അനുസ്മരണക്കുറിപ്പിൽ ഇക്കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. കുട്ടിച്ചാത്തന്റെ കഥയ്ക്ക് പദ്മരാജന്റെ ‘പിറന്നാളുകുട്ടിയുമായി’ അടുത്ത ചാർച്ച അവകാശപ്പെടാനില്ല. എങ്കിലും ചില ചിറകടിയൊച്ചകളെ കേൾക്കാതിരിക്കേണ്ട കാര്യവുമില്ല. തിരക്കഥയുടെയും കഥയുടെയും പിതൃത്വത്തെ സംബന്ധിച്ച് നിരവധി വിവാദങ്ങൾ അടുത്തകാലത്ത് മലയാള സിനിമാരംഗവുമായി ബന്ധപ്പെട്ട് അരങ്ങേറുകയുണ്ടായി. ഇതൊരു പുതിയ പ്രതിഭാസമല്ലെന്ന് മനസ്സിലാക്കാൻ ഇത്തരത്തിലുള്ള വീണ്ടെടുപ്പുകളും പുനരാലോചനകളും സഹായിക്കും. (വില : 40 രൂപ )

Saturday, December 15, 2012

തേരൊലികൾ

പുസ്തകം : തേരൊലികൾ
രചയിതാവ് : എസ് ജയചന്ദ്രൻ നായർ

പ്രസാധകര്‍ : ഒലീവ് പബ്ലിക്കേഷൻസ്

അവലോകനം : വെള്ളെഴുത്ത്




ജീവിതത്തെ കൂടുതൽ ജീവിതയോഗ്യമാക്കാൻ വേണ്ടിയുള്ള മനുഷ്യസ്നേഹികളുടെ ആത്മാർത്ഥമായ ആലോചനകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നുമാണ് വിവിധതരങ്ങളായ പ്രത്യയശാസ്ത്രസംഹിതകളുടെ പിറവിയെങ്കിലും അവയുടെ പ്രവൃത്തിമാർഗങ്ങൾ പിഴച്ചു ഭീതിദമായി തീർന്നതിനെക്കുറിച്ചുള്ള നിരവധി ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ട്. ആശയപംക്തികൾ രൂപപ്പെട്ട സാഹചര്യവും അവയുടെ പ്രയോഗയുക്തിയും തമ്മിൽ സ്ഥലകാലബദ്ധമായി ഇടഞ്ഞതിന്റെ ഫലം മാത്രമല്ല, ഈ പിഴച്ചപോക്കിനു കാരണം. വ്യക്തിമനോഭാവങ്ങൾ ജനസമൂഹത്തിനെതിരായതിന്റെ ദുരന്തഫലം കൂടിയാണിത്. ഉയരങ്ങളിൽ എത്താൻ വേണ്ടി കൈയിലെടുത്ത കറകളഞ്ഞ സിദ്ധാന്തങ്ങൾക്കു മേൽ പണിഞ്ഞ് പണിഞ്ഞ് അധികാരബദ്ധത പോലെയുള്ള മേൽക്കോയ്മാ മനോഭാവങ്ങൾ തല്ലിക്കൊഴിച്ചത് അവയുടെ ഉദ്ഭവം അടിസ്ഥാനമാക്കിയ മനുഷ്യസ്നേഹത്തിന്റെ ആന്തരസത്തയെയാണെന്നതാണ് ഇതിലെ ഏറ്റവും ദുരന്തം പിടിച്ച ഫലിതം. അങ്ങനെ, എന്തിനു വേണ്ടിയുണ്ടായോ അതിനെതിരായി തീർന്നു അവ പ്രായോഗിക തലത്തിൽ.

പുതിയ വ്യവസ്ഥിതിയിലൂടെ പുതിയ മനുഷ്യനെ സൃഷ്ടിക്കുന്നതിനു പകരം അധികാരത്തിന്റെ സുഖാലസ്യം നുകർന്ന് ഭരണാധികാരികൾ, മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രങ്ങൾ പിഴപ്പിച്ചതിന്റെ ചോരയുറയുന്ന ദുരനുഭവങ്ങൾ വർണ്ണിക്കുന്ന കുറച്ചു പുസ്തകങ്ങളുടെ വായനാനുഭവം പങ്കു വയ്ക്കുന്ന കൃതിയാണ് എസ് ജയചന്ദ്രൻ നായർ എഴുതിയ തേരൊലികൾ. ‘അനീതിയുടെ ഇരുണ്ടകാലങ്ങളിൽ സൌഹാർദ്ദങ്ങളുടെ നിലമൊരുക്കാൻ വേണ്ടി കാണിക്കേണ്ടി വന്ന പരുഷതകളോട് നാം ഇത്രയേറെ അസഹിഷ്ണുത കാണിക്കേണ്ടതുണ്ടോ’ എന്ന ബ്രഹ്തിയൻ ചോദ്യത്തിന്റെ വിശദമായ മറുപടിയായി തീരുന്നുണ്ട് മറ്റൊരർത്ഥത്തിൽ ഈ പുസ്തകം. യഥാർത്ഥത്തിൽ ചരിത്രപരമായ കുറ്റകൃത്യങ്ങൾക്ക് ധാർമ്മികമായ വിധിതീർപ്പുകളും വിശദീകരണങ്ങളും വേണം എന്ന് ‘ദ റെഡ് ഫ്ലാഗി’ന്റെ ഉപസംഹാരത്തിൽ ഡേവിഡ് പ്രീസ്റ്റ് ലാൻഡ് പറഞ്ഞതു തന്നെയാണ് കാര്യം. സൈദ്ധാന്തികമായ ഉട്ടോപ്യൻ ആശയങ്ങൾ വിനാശകരമായി പോകാതെ കാക്കാൻ ചരിത്രപരമായ പുനരന്വേഷണങ്ങളും ജാഗ്രതകളും എത്രമാത്രം ആവശ്യമാണെന്നതിന് വർത്തമാനകാല സംഭവങ്ങളും സാക്ഷ്യം പറയുന്നുണ്ടല്ലോ. ബർദയേവു മുതൽ സോത്ഷെനിറ്റ്സൺ വരെയുള്ള ബുദ്ധിജീവികൾക്ക് സ്വരാജ്യം വിട്ടു വിദേശത്ത് പാർക്കേണ്ടി വന്നതിന്റെ സാഹചര്യം വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന ഒരു കൃതിയാണ് ‘ദ ഫിലോസഫി സ്റ്റീമർ’. 220 ബുദ്ധിജീവികളെ നാടുകടത്താൻ വേണ്ടി തയാറാക്കിയ പ്ലാനിനെ അടിസ്ഥാനമാക്കി ലെസ്ലി ചേംബർലൈൻ എഴുതിയതാണ് ഇത്. ജീവിതാവസാനം വരെയും സ്വന്തം രാജ്യത്തിലേയ്ക്ക് മടങ്ങിപോകാനാവുമെന്ന ആശ അവരാരും തന്നെ വെടിഞ്ഞിരുന്നില്ലത്രേ. സുദീർഘമായ തടങ്കലിനും മാനസികപീഡനങ്ങൾക്കും ഒരു മനുഷ്യന്റെ സ്വാതന്ത്ര്യസങ്കല്പത്തെ തല്ലിക്കൊഴിക്കാനാവില്ലെന്ന് ഷാവോ സിയാങിന്റെ ‘ദി പ്രിസണർ ഓഫ് ദ സ്റ്റേറ്റ് എന്ന കൃതിയും ഉറക്കെ വിളിച്ചു പറയുന്നു. ചൈനയിലെ മുൻ പ്രധാനമന്ത്രിയും ആക്ടിംഗ് സെക്രട്ടറി ജനറലും ആയിരുന്നു ഷാവോ. ഏതാണ്ട് രണ്ടു കൊല്ലം കൊണ്ട് ഷാവോ രഹസ്യമായി രേഖപ്പെടുത്തിയ കുറിപ്പുകൾ പുറത്തു കടത്തിയാണ് കൂട്ടുകാർ പ്രസിദ്ധീകരിക്കുന്നത്. ടിയാനെന്മെൻ വിദ്യാർത്ഥിപ്രക്ഷോഭം നടക്കുമ്പോൾ കൂടിയാലോചനകൾക്കുള്ള ക്വാതിലുകൾ അടയ്ക്കുന്നതിനെ അദ്ദേഹം അനുകൂലിച്ചില്ല. മാർഷ്യൽ നിയമം പ്രഖ്യാപിക്കുന്നതു സംബന്ധിച്ച ഉത്തരവിൽ ഒപ്പുവയ്ക്കാനും കൂട്ടാക്കിയില്ല. അതോടെ തീർന്നു ഷാവോയുടെ രാഷ്ട്രീയഭാവി. പിന്നെ പതിനാറുവർഷം നീണ്ട തടവ്.

സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി അദ്ധ്യാപകനായ ബെർട്രാൻഡ് പ്രാറ്റിനാഡിന്റെ ‘സ്റ്റാലിൻസ് നെമസിസ്..’ എന്ന പുസ്തകത്തിൽ ലിയോൺ ട്രോട്സ്കിയുടെ അന്ത്യനാളുകളുടെ വിശദമായ വിവരണമുണ്ട്. ട്രോട്സ്കിയുടെ മരണത്തെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരിക്കലും വിട്ടുപോകാത്ത പേടിസ്വപ്നങ്ങൾ അവശേഷിപ്പിക്കുന്ന തരത്തിൽ രചിച്ചിരിക്കുന്ന മേൽ‌പ്പറഞ്ഞ പുസ്തകം കൂട്ടത്തിൽ വേറിട്ടു നിൽക്കുന്നു എന്ന് ലേഖകൻ എഴുതുന്നു. സാർവലൌകിമായ യുവത്വത്തിന്റെയും നിർഭയത്വത്തിന്റെയും എക്കാലത്തെയും പ്രതിബിംബമായുയർന്ന വിപ്ലവകാരി ചെ ഗുവേരയുടെ വ്യക്തിത്വത്തിലെ വ്യത്യസ്തമായ ഭാവത്തെ തുറന്നു കാണിക്കുന്ന കൃതിയാണ് റെജിസ് ദെബ്രെയുടെ ആത്മകഥ - പ്രൈസ്‌ഡ് ബി ഔർ ലോർഡ്‌സ്. ചെയോടൊപ്പം ബൊളിവിയയിൽ പോയ വ്യക്തിയായിരുന്നു ദെബ്രെ. ചെക്കോസ്ലോവാക്യയുടെ പ്രസിഡന്റായിരുന്ന വക്ലാവ് ഹാവേലിന്റെ ആത്മകഥാഖ്യാനം ‘ടു ദ കാസിൽ ആന്റ് ബാക്ക് ’ സുഖാനുഭവങ്ങളോട് മുഖം തിരിക്കാത്ത ഭരണാധികാരിയുടെ തുറന്നു പറച്ചിലിനൊപ്പം സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ദാഹങ്ങൾ രാഷ്ട്രീയമായ ഉന്നതാവസ്ഥയിലുള്ള ഒരാളിൽ പോലും വിട്ടൊഴിയാത്ത ഒന്നായി നിലനിൽക്കുന്നതിന്റെ അദ്ഭുതത്തെ പങ്കു വയ്ച്ചേക്കും. ലെനിന്റെ പതിനാറു വർഷത്തെ പ്രവാസജീവിതത്തെപ്പറ്റി ഹെലൻ റാപ്പാപോർട്ട് എഴുതിയ ‘കോൺസ്പിറേറ്ററെ’ കുറിച്ചുള്ള ലേഖനമാണ് ഈ പുസ്തകത്തിൽ ഏറ്റവും ദീർഘമായ ലേഖനം. വിപ്ലവത്തിന്റെ മുന്നൊരുക്കങ്ങളെപ്പറ്റിയുള്ള ഏകാന്തമായ അന്വേഷണം കൂടിയാവുന്നു ഹെലന്റെ രചന. കാലഘട്ടത്തിന്റെ ചിന്താധാരയെ സ്വാധീനിക്കുകയും വിശ്വാസത്തിനനുസരിച്ച് യുദ്ധങ്ങളിൽ മുഴുകയും മുറിവേൽക്കുകയും ചെയ്ത് ഒടുവിൽ ആത്മഹത്യയിൽ അഭയം പ്രാപിച്ച ആർതർ കെയ്‌സ്ലെറുടെ ജീവിതകഥ പ്രതിപാദിക്കുന്ന, മൈക്കൽ സ്കാമെലിന്റെ ‘കെയ്‌സ്ലർ’, ‘നട്ടുച്ചയ്ക്കിരുട്ടെന്ന’ നോവലാൽ നമുക്കു പരിചിതനായ അതേ കെയ്‌സ്ലർ തന്നെ. വ്യവസ്ഥയെ ഉന്മാദം കൊണ്ട് നേരിട്ട ഡാനീൽ ഹാംസിന്റെ ടുഡേ ഐ റോട്ട് നതിംഗ്, റെസാക് ഹുക്നോവിച്ചിന്റെ ബോസ്നിയൻ കോൺസന്റ്‌റേഷൻ ക്യാമ്പുകളിലെ അനുഭത്തെപ്പറ്റിയുള്ള ദ‘ടെൻ‌ത് സർക്കിൾ ഓഫ് ഹെൽ’, യൂഗോസ്ലാവിയയിലെ വംശഹത്യയെ അപലപിക്കുന്ന, സ്ലാവേങ്ക ഡ്രാക്കുലിക്കിന്റെ ‘ദേ വുഡ് നെവെർ ഹർട്ട് എ ഫ്ലൈ’, ആത്മാഭിമാനം പരിരക്ഷിക്കാൻ ഒരു വിട്ടു വീഴ്ചയ്ക്കും തയാറാവാതെ നിന്ന ഓസീപ് മാൻഡൽ സ്റ്റാമിന്റെ ‘ക്രിട്ടിക്കൽ പ്രോസ് ആന്റ് ലെറ്റേഴ്സ്‘ , ഭരണാധികാരികളുടെ രഹസ്യലോകത്തിലേയ്ക്ക് അസാധാരണമായ ധീരതയോടെ കടന്നു ചെല്ലുന്ന, റിച്ചാർഡ് മഗ് ഗ്രഗറുടെ ‘ദ പാർട്ടി’ തുടങ്ങിയവയാണ് ‘തേരൊലികളി’ൽ ആലോചനയ്ക്കു വിഷയമാകുന്ന മറ്റു പുസ്തകങ്ങൾ. അധികാരത്തിലിരുന്നവർ ഒരു ഘട്ടത്തിൽ ആത്മപരിശോധനയ്ക്ക് വിധേയമാവുന്നതും നമുക്കിവിടെ കാണാം. മാൻഡൽ സ്റ്റാമും ഡാനീൽ ഹാംസും തടങ്കൽ പാളയങ്ങളിൽ പട്ടിണികൊണ്ടാണ് മരിച്ചതെങ്കിൽ മറുവശത്ത് ഷാവോയും ദെബ്രെയും ഹാവേലും അധികാരത്തിന്റെ രക്തസാക്ഷികളാണ്. സ്വാതന്ത്ര്യാഭിലാഷവും നിർഭയത്വവും ആത്മാഭിമാനവും ഏതു നിഷ്ഠുരതയെയും സഹിക്കാൻ മനുഷ്യാത്മാവിനെ പ്രാപ്തനാക്കുന്നതാണ് ഈ നിര പുസ്തകങ്ങൾ നൽകുന്ന ആശ്വാസക്കാഴ്ച.

ആരാധനാലയം ശൂന്യമാണെന്ന് അറിയുന്ന ഗായകസംഘാംഗത്തോട് ചേർത്തു വച്ച്, തന്റെ പുസ്തകത്തിലൊരിടത്ത് വക്ലാവ് ഹാവെൽ സ്വയം ഉപമിക്കുന്നുണ്ട്. ആൾക്കൂട്ടത്തിലല്ല, ഏകാന്തതയിലാണ് ഒച്ചകൾ, സംഗീതമായിരുന്നില്ലെന്ന തിരിച്ചറിവിന് ആക്കം കൂട്ടുന്നതെന്ന് ഈ പുസ്തകത്തിൽ പരാമർശവിധേയമാവുന്ന ആഖ്യാനങ്ങൾ തെളിവുനൽകുന്നുണ്ട്. ഈ രചനകളുടെയെല്ലാം മറുപുറത്ത് - എല്ലാമല്ലെങ്കിലും ഭൂരിഭാഗവും - ഇവയുടെ എഴുത്തുകാർ പാശ്ചാത്യമായ ഒരു തരം പ്രത്യയശാസ്ത്രഭയത്തിന്റെ സന്തതികളോ ചാർച്ചക്കാരോ അല്ലേ എന്ന വിചാരണയ്ക്കു കൂടി ‘തേരൊലികൾ’ അവസരമൊരുക്കുന്നുണ്ട്. അതു വിശദമായ മറ്റൊരു ചർച്ചയാണ്. എങ്കിൽ പോലും ചോരമണക്കുന്ന അനുഭവകഥനങ്ങളുടെ സത്യസന്ധതയെ സംശയിക്കാൻ അത് കാരണമാവേണ്ടതില്ല. അധികാരത്തിന്റെ തേർവാഴ്ചകൾക്കിടയിൽ കുടുങ്ങിയും തകർന്നും ഹതാശരായ ഒരുകൂട്ടം ജീവിതമാണ് മുന്നിൽ. ഇരകളുടെ മാത്രം ആഖ്യാനമല്ല ഇവിടെ ആലോചനാവിഷയം എന്നത് വൈകാരികമായ ഏകതാനതയിൽ നിന്ന് പുസ്തകത്തെ മാറ്റി നിർത്തുന്ന ഘടകമാവുന്നു. ഒരിക്കൽ തേരിലിരുന്നവരും എപ്പോഴും പൽച്ചക്രങ്ങളിൽ ഞെരിഞ്ഞവരും ഒറ്റപ്പന്തിയിലാവുന്നത്, മനുഷ്യനാണ് പ്രധാനം എന്ന നിർണ്ണായകമായ ബോധ്യത്തിന്റെ തട്ടകത്തിലാണ്. പ്രത്യക്ഷ അനീതികളും അസമത്വങ്ങളും വാലിൽ കെട്ടി ആകാശത്തേയ്ക്കു പറത്തുന്ന ആകർഷകമായ ഉട്ടോപ്യൻ രാഷ്ട്രീയവിശ്വാസങ്ങളുടെ പ്രതിപക്ഷത്തു നിൽക്കാൻ ആകെ വേണ്ട മൂലധനം, മനുഷ്യത്വത്തിലുള്ള വിശ്വാസവും അതിരുകളില്ലാത്ത മനുഷ്യസ്നേഹവുമാണ്. കേവലവികാരത്തിന്റെ കോലം തുള്ളലുകളിൽ നിന്ന് അക്ഷരങ്ങളെ രക്ഷിച്ചെടുക്കുന്നതാവട്ടെ, ചരിത്രബോധവും സുദീർഘമായ നാൾവഴികളെ കൈവശമാക്കിയ വായനസംസ്കാരവും. ഇതെല്ലാം കൂടിയാണ് ‘തേരൊലികളെ’ പ്രസക്തമാക്കുന്നത്.

കൂടെ ഒരു കാര്യം ചൂണ്ടിക്കാണിക്കാതെ വയ്യ. വേണ്ടത്ര എഡിറ്റിംഗും പ്രൂഫ് തിരുത്തലുമില്ലാതെ ഇതിൽ കടന്നു കൂടിയിരിക്കുന്ന പിശകുകളെപ്പറ്റിയാണ് അത്. പരാമൃഷ്ടമായ പുസ്തകങ്ങളുടെ പേരു തെറ്റിച്ചും (ദേ വുഡ് നെവെർ ഹർട്ട് എ ഫ്ലൈ എന്ന പുസ്തകത്തിന്റെ പേര്, ദ നെവെർ ഹാർട്ട് എ ഫ്ലൈ എന്ന്. പേ.118) വാക്യങ്ങളുടെ ഘടനയും വ്യാകരണവും തെറ്റിച്ചും (‘ചതുശ്ശക്തി സമ്മേളനത്തിൽ പങ്കെടുത്ത അമേരിക്കൻ പ്രസിഡന്റ് വിത്സൺ ഇൻ ഡോ ചൈനയ്ക്ക് സ്വയം ഭരണാ‍വകാശം നൽകുന്നതും അനുഭാവത്തോടെ പരിഗണിക്കണമെന്ന അപേക്ഷയുമായി എത്തിയ 29 കാരനായ ഹോചിമിനിലൂടെയും ഏഷ്യയുടെ... സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.’ പേ. 20, ‘... ജനനത്തിനു വഴി തെളിക്കുകയും അവർ മനുഷ്യ ചരിത്രത്തിൽ ഒരിക്കലും ഉണങ്ങാത്ത.. മുറിവുണ്ടാക്കിയതെങ്ങനെയെന്നും..” പേ.22, ‘ഒളിച്ചോട്ടത്തിൽ നിന്നും അംഗമാകുന്നത് ഉപകരിക്കുമെന്നും..’ പേ. 155, ‘ലേഡി മാക്ബത്തിനെ കമ്പോടു കമ്പ് വിമർശിച്ച പ്രാവ്ദ എന്ന് വിശേഷിപ്പിച്ചു.‘ പേജ് 105, ‘ശ്രവണപുടങ്ങളിൽ ഒച്ചയില്ലാത്ത ഒച്ച നിറയുന്നു.’ പേ.61, ‘.. മകൻ പശ്ചാത്തപിക്കുകയും അയാളുടെ മൃതദേഹം പുറത്തെടുത്തിരുന്നത്.’ പേ.12) വാക്കുകളും പേരുകളും തെറ്റായി ചേർത്തും ( ഓൾഗ യ്ക്ക് ഒഗ, നാദിയയ്ക്ക് നാട്യ, മരണം വരെ എന്ന അർത്ഥത്തിൽ ആമരണം എന്നതിനു പകരം ‘ആ മരണം’, ‘അദ്ധ്യാപകനശൈലി, ഒന്നാമന്റെ ക്ഷാത്രപാത്രം, തൊഴിലാളിക‘ലെ’, ഒരു കൃതിയ്ക്ക് ‘കൃതികളെ’) എന്നിങ്ങനെ അച്ചടിപ്പിശാചുകളുടെയും തിരുത്തപ്പെടേണ്ട, ഭാഷാപരമായ തെറ്റുകളുടെയും ഘോഷയാത്രതന്നെയുണ്ട് പുസ്തകത്തിൽ, അങ്ങോളമിങ്ങോളം.

Wednesday, August 22, 2012

സൈലന്റുവാലി - ഒരു പരിസ്ഥിതിസമരത്തിന്റെ ചരിത്രം

പുസ്തകം : സൈലന്റുവാലി - ഒരു പരിസ്ഥിതിസമരത്തിന്റെ ചരിത്രം
രചയിതാവ് : സജി ജെയിംസ്

പ്രസാധകര്‍ : ഡി സി ബുക്സ്

അവലോകനം : വെള്ളെഴുത്ത്




സ്യശാസ്ത്രജ്ഞനും കൂടിയായിരുന്ന ബ്രിട്ടീഷ് സർജൻ റോബർട്ട് വൈറ്റാണ് സൈരന്ധ്രിവനം എന്ന സൈലന്റ് വാലിയുടെ സസ്യ-ജൈവ സമ്പത്തിനെപ്പറ്റി ആദ്യം ലോകത്തെ അറിയിച്ചത്. നീലഗിരി ജൈവമണ്ഡലത്തിലെ സസ്യജാലങ്ങളെപ്പറ്റി രേഖാചിത്രങ്ങളുടെ അകമ്പടിയോടെ ആറുവാല്യത്തിൽ അദ്ദേഹം പുറത്തിറക്കിയ പഠനവും നിരവധി ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു. ആ മേഖലയെപ്പറ്റിയുള്ള ആദ്യത്തെ ആധികാരിക രേഖയായി ഇന്നും ശാസ്ത്രലോകം പരിഗണിച്ചുപോരുന്നത് വൈറ്റിന്റെ പഠനങ്ങളെയാണ്. തുടർന്നാണ് റിച്ചാർഡ് ഹെൻട്രിയും ജെയിംസ് സെക്ക്സ് ഗാംബിളും ഡോ. നോർമൻ ബോറും സൈലന്റ് വാലിയിൽ പഠനങ്ങൾക്ക് എത്തുന്നത്. പത്തൊൻപതാം നൂറ്റാണ്ടു മുതൽ സ്വാതന്ത്ര്യാനന്തരം വരെ ഇവിടെ അന്വേഷണങ്ങൾ നടത്തിയ ഗവേഷകർ അമ്പരപ്പിക്കുന്ന വിവരങ്ങളാണ് തലമുറകൾക്ക് കൈമാറിയത്. പുഷ്പിത സസ്യങ്ങൾ ആയിരത്തിലധികം ഇനങ്ങൾ ഇവിടെയുണ്ടെന്നാണ് കണക്ക്. പുഷ്പിക്കാത്തവയും അത്ര തന്നെയുണ്ട്. സൂക്ഷ്മസസ്യങ്ങൾ വേറെ. മറ്റെങ്ങുമില്ലാത്ത ഓർക്കിഡുകളുടെ കലവറയാണ് സൈരന്ധ്രിവനം. ‘ഇപ്സിയ മലബാറിക്ക’ എന്ന ഓർക്കിഡും ‘സൈലന്റു‌വാലി നായരി’ എന്ന പുൽച്ചെടിയും ‘കാസ്റ്റിൻ കേദാരനാഥി’ എന്ന പുതിയതരം സ്പീഷിസിൽ‌പ്പെട്ട വന്മരവും ‘സൈരന്ധ്രി തുമ്പി’ എന്ന അറിയപ്പെടുന്ന ‘ഡാവിഡിയോയിഡസ് മാർട്ടിനി’ യും പിൽക്കാലത്ത് അന്വേഷണകുതുകികളെ ആവേശം കൊള്ളിച്ച കണ്ടെത്തലുകളാണ്. അത്യപൂർവമായ പക്ഷിമൃഗാദികളുടെകൂട്ടത്തിൽ പ്രാക്കുരുവിയും ചെറുതേൻ‌കിളിയും നീലത്തത്തയും ചെഞ്ചിലപ്പനും സിംഹവാലൻ കുരങ്ങനും കരിംകുരങ്ങുകളും ഉണ്ട്. സൂ-ജ്യോഗ്രഫിക് പരിണാമത്തിൽ മത്സ്യങ്ങൾ എങ്ങനെ വിതരണം ചെയ്യപ്പെട്ടു എന്നതിനു സജീവമായ തെളിവായി കാരി വിഭാഗത്തിൽ‌പ്പെടുന്ന രണ്ട് അപൂർവ മത്സ്യങ്ങളെയും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ചെറുജീവികളുടെ വലിയ ലോകം കൂടിയാണ് ഈ നിത്യഹരിതമഴക്കാട്. 128 ഇനം ചിത്രശലഭങ്ങൾ ഇതിനകം ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 225 ഇനം കീടങ്ങളെയും. 168 ഇനം തവളകളിൽ നാലെണ്ണം ശാസ്ത്രലോകത്തിനു തന്നെ പുതിയതായിരുന്നു. റോമുലസ് വിറ്റേക്കറും ജെറാർഡ് മാർട്ടിനും കൂടിച്ചേർന്ന് നടത്തിയ പഠനത്തിൽ 25 ഇനം ഇഴജന്തുക്കളെ വർഗീകരിച്ചിട്ടുണ്ട്.

അമ്പരപ്പിക്കുന്ന ജൈവവൈവിദ്ധ്യം കൊണ്ട് അങ്ങേയറ്റം സമ്പന്നമായ ഈ ഭൂഭാഗമാണ്, ഇരുട്ടിലും ജാഗരൂകരായിരുന്ന പരിസ്ഥിതിസ്നേഹികളുടെ ആത്മാർത്ഥതകൊണ്ട് സർവനാശത്തിന്റെ വക്കിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ടത്. സൈലന്റ്‌വാലി ഇന്നൊരു പാഠപുസ്തകമാണ്. ഭൂമിയുമായുള്ള പൊക്കിൾക്കൊടി ബന്ധം നിശ്ശേഷം അറുക്കുന്ന രീതിയിലുള്ള വികസനം വികസനമല്ലെന്ന അറിവിലേയ്ക്ക് ഉണരാൻ നമ്മെ പിന്തുണച്ചത് സൈലന്റു‌വാലി പദ്ധതിയെ എതിർത്തുകൊണ്ടു നടന്ന സമരങ്ങളാണെന്നു പറയാം.. ഭൂമിയോടുള്ള നമ്മുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഓർമ്മിപ്പിച്ചും കൊണ്ടു കൂടിയാണ് മലയാളിയുടെ എഴുപതുകൾ അവബോധത്തിന്റെ ദശകമായി പരിണമിക്കുന്നത്. 1975 -ലാണ് 50 മെഗാവാട്ട് വൈദ്യുതിയുടെയും മൂവായിരം പേർക്കുള്ള തൊഴിലിന്റെയും പ്രലോഭനവുമായി കുന്തിപ്പുഴയ്ക്കു കുറുകേ അണകെട്ടാനുള്ള പദ്ധതി വരുന്നത്. ബ്രിട്ടീഷുകാരുടെ ഭരണസമയത്തു തന്നെ അണകെട്ടിനുള്ള ആലോചനകൾ നടന്നിരുന്നു. പല കാരണങ്ങൾ കൊണ്ട് നടക്കാതെ പോയ പദ്ധതി വീണ്ടും എഴുപതിന്റെ മദ്ധ്യത്തോടെ സജീവമാകുന്നു. മലബാറിൽ നിലവിലുണ്ടായിരുന്ന വൈദ്യുതിക്കമ്മി ആലോചനകൾ ത്വരിതപ്പെടുത്താൻ നിമിത്തമാവുകയും ചെയ്തു.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജൈവവൈവിദ്ധ്യത്തെ ജലസമാധിയിലേയ്ക്ക് തള്ളിവിടുന്ന ഒരു കൂറ്റൻ അണക്കെട്ടു നിർമ്മാണപദ്ധതി ആലോചനകൾ, സൈലന്റ് വാലിയുടെ പരിഗണനകളിലേയ്ക്ക് കൂടുതൽ ശ്രദ്ധ ചെലുത്താൻ ശാസ്ത്രലോകത്തെ പ്രേരിപ്പിക്കുകയായിരുന്നു. സഫർ ഫത്തേഹള്ളിയുടെ നേതൃത്വത്തിൽ നടന്ന എൻ സി ഇ പി സി പഠന റിപ്പോർട്ട് അണക്കെട്ട് ഉണ്ടാക്കാൻ പോകുന്ന നാശങ്ങളെ സമഗ്രമായി തന്നെ അവലോകനം ചെയ്തു. വനനശീകരണത്തിനെതിരെ അങ്ങും ഇങ്ങും ഉയർന്നിരുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ ഇത് കൂടുതൽ ജാഗ്രതയുള്ളതാക്കി. ഡോ. വി എസ് വിജയനും ഡോ എം ബാലകൃഷ്ണനും ചേർന്ന്, പദ്ധതി നടപ്പായാൽ സൈരന്ധ്രി വനത്തിനുണ്ടാകുന്ന ജൈവസമ്പദ്നാശം എത്രയെന്നു കണക്കുകൂട്ടി. ഡോ. എം കെ പ്രസാദ് ‘ശാസ്ത്രഗതിയിൽ’ സൈലന്റുവാലിയെ രക്ഷപ്പെടുത്തുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ലേഖനമെഴുതി. പയ്യന്നൂർ സർക്കാർ കോളേജിലെ സുവോളജി അദ്ധ്യാപകനായിരുന്ന ജോൺ സി ജേക്കബാണ് സൈലന്റുവാലി പ്രശ്നത്തെ തെരുവിലേയ്ക്ക് കൊണ്ടുവന്നത്. പയ്യന്നൂർ കോളേജിലെ ജന്തുശാസ്ത്രക്ലബ് പത്രമായിരുന്ന മൈനയും അതു സീക്ക് എന്ന സംഘടനയായപ്പോൾ മുഖപത്രമായിരുന്ന സൂചീമുഖിയും ഗൌരവമുള്ള വിഷയമായി സൈലന്റുവാലിയെ നിലനിർത്തിന്നതിൽ വഹിച്ച പങ്ക് നിസ്സാരമല്ല. ശാസ്ത്രസാഹിത്യപരിഷത്ത് പ്രശ്നം ഏറ്റെടുക്കുന്നതോടെ സമരം കൂടുതൽ വ്യാപകമായി തീർന്നു. പ്രധാനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും നിവേദനം നൽകുകയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തി ചർച്ചകളും പ്രതിഷേധങ്ങളും നിയമയുദ്ധങ്ങളും നടക്കുകയും ചെയ്തതാണ് തുടർന്നു നാം കാണുന്നത്. ക്യാമ്പസ്സുകൾ പുതിയ വെളിച്ചങ്ങളിൽ പ്രതിബദ്ധമായതോടെ പ്രക്ഷോഭണങ്ങളുടെ ഭാവരൂപങ്ങൾ മാറി. ഇതിനിടയിൽ വ്യക്തിഗതമായ ആത്മാർത്ഥകളുടെ ഒറ്റയാൾ പോരാട്ടങ്ങൾ വഹിച്ച പങ്കും ചില്ലറയല്ല. കവികൾ കൂടി രംഗത്തെത്തിയതോടെ സാംസ്കാരികരംഗം കൂടി സമരത്തിൽ അണിചേർന്നു.

പ്രകൃതിയെയും വികസനത്തെയും രണ്ടു തട്ടിൽ നിർത്തിയുള്ള ബൌദ്ധികവ്യായാമങ്ങൾക്ക് സൈലന്റുവാലി ഒരുക്കിയ പാത ഇന്നും ഏറെക്കുറെ സജീവമാണെന്ന് പറയാം. സൈലന്റുവാലി പ്രക്ഷോഭത്തിനുണ്ടായിരുന്നത് ഒരു ചെറിയ തുടക്കമാണ്. അത് പല രീതിയിൽ പടർന്നു പന്തലിച്ചു. ഇന്റർ നാഷണൽ കൺസെർവേഷൻ ഓഫ് നേച്ചറും വേൾഡ് വൈൽഡ് ലൈഫ് ഫണ്ടും ഇടപെടണമെങ്കിൽ അതിനു കിട്ടിയ വ്യാപകമായ ജനശ്രദ്ധ മനസ്സിലാക്കാവുന്നതാണല്ലോ. വികസനത്തെ അനുകൂലിക്കുന്നവരുടെ പിന്തുണയും ശക്തിയും സ്വാധീനവും ഒട്ടും കുറവല്ലാതിരുന്നിട്ടും മുഖ്യധാരാ മാധ്യമങ്ങൾ ഇരുപക്ഷത്തെയും സംവാദങ്ങളെ ചൂടോടെ നിലനിർത്തിയിട്ടും നിരന്തരമായ പഠനങ്ങളിലൂടെ തങ്ങളുടെ വാദമുഖങ്ങളുടെ മൂർച്ചയും ആത്മാർത്ഥതയും സത്യസന്ധതയും നിലനിർത്താൻ പരിസ്ഥിതിസ്നേഹികൾ രാപകൽ പരിശ്രമിച്ചതിന്റെ ഫലമായാണ് 1983 നവംബറിൽ പദ്ധതി നിർത്തിവയ്ക്കാൻ കേന്ദ്രം ഔദ്യോഗികമായി ആവശ്യപ്പെട്ടത്. 1985 സെപ്തംബറിൽ സൈലന്റുവാലി ദേശീയ ഉദ്യാനമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. പത്തുകൊല്ലത്തോളം നീണ്ട ഒരു സമരം അതിന്റെ ചൂരും ചൂടും ചുനയും കൈക്കൊണ്ടത് മനുഷ്യത്വത്തെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകളിലാണ്. അവനായി മാത്രം ഈ ഭൂമി എന്ന നിലയിൽ നിന്ന് അവൻ കൂടി ഉൾപ്പെട്ട ഒരു ആവാസവ്യവസ്ഥയുടെ സംരക്ഷകനാണ് അവൻ എന്ന നിലയിലേയ്ക്ക് പരിണമിച്ചതാണതിന്റെ നന്മ. പക്ഷേ ഇന്നും സൈലന്റുവാലി ഒരു പ്രതീകമോ സൂചകമോ ഒക്കെയായി നമ്മുടെ മുന്നിലുണ്ട്. പരിസ്ഥിതിപ്രക്ഷോഭങ്ങളുടെ ഊർജ്ജമായി. സൈലന്റുവാലി പ്രസ്ഥാനം ശരിയായിരുന്നോ എന്ന ചർച്ച ഇന്നും അവസാനിച്ചിട്ടില്ലെന്നു കാണുക. കാടും നാടും മുടിക്കുന്ന പദ്ധതികൾ വേഷപ്രച്ഛന്നരായി വീണ്ടും വീണ്ടും സജീവമാകുന്ന കാലത്ത് സൈലന്റുവാലി പച്ച പിടിച്ച ഒരു തുടർക്കണിയായി നിലനിൽക്കേണ്ടതുണ്ട്.

സൈലന്റ് വാലി ഒരു കാടുമാത്രമല്ല, ലോകത്തിൽ തന്നെ സമാനതകളില്ലാത്ത പരിസ്ഥിതിസമരത്തിന്റെ ഓർമ്മകൂടിയാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നത് ആ സമരത്തിന്റെ നാൾവഴിചരിത്രമാണ്. ആ ദൌത്യമാണ് സജി ജെയിംസ് രചിച്ച ‘സൈലന്റുവാലി - ഒരു പരിസ്ഥിതിസമരത്തിന്റെ ചരിത്രം’ എന്ന പുസ്തകം നിർവഹിക്കുന്നത്.

Saturday, April 14, 2012

എന്മകജെ

പുസ്തകം : എന്മകജെ
രചയിതാവ് : അംബികാസുതൻ മാങ്ങാട്

പ്രസാധകര്‍ : ഡി സി ബുക്സ്
അവലോകനം : വെള്ളെഴുത്ത്




ലമുറയായി കൈമാറിക്കിട്ടിയ വിശ്വാസങ്ങൾക്കു മേൽ യാതൊരു ശങ്കയും കൂടാതെ തലചായ്ച്ചു പുലരുന്ന ജനസമൂഹം, സ്വന്തം ശിരസിൽ പതിക്കുന്ന പ്രതികൂലമായ കാലികയാഥാർത്ഥ്യങ്ങൾക്കു പോലും മിത്തിക്കലായ സ്വഭാവം നൽകും. ദുരന്തങ്ങൾക്കു നേരെ പ്രതികരിക്കാനുള്ള ശേഷി സ്വാഭാവികമായി ഇല്ലാതാവുന്ന ഇത്തരം ഇടങ്ങളിലാണ് ലാഭക്കൊതിയുടെയും ചൂഷണത്തിന്റെയും അധികാരത്തിന്റെയും അധിനിവേശങ്ങൾ ആത്മാവില്ലാത്ത ശാസ്ത്രത്തിന്റെ വിരലുകളും പിടിച്ച് കൂസലില്ലാതെ കൂത്താടാൻ വേണ്ടിയുള്ള താവളങ്ങൾ തുറക്കുന്നത്. കാസർകോട്ടെ എൻ‌ഡോസൾഫാൻ ദുരന്തം തലമുറകളിൽ അനുഭവിച്ച ജനത, അതു ദൈവശാപമായി ഏറ്റുവാങ്ങിയാണ് നിശ്ശബ്ദരായിരുന്നത്. ഇരുപതിലധികം വർഷം. കീടനാശിനിയുടെ മാരകമായ പ്രത്യാഘാതങ്ങൾ പുറത്തുവന്ന സമയത്തുപോലും നമ്മുടെ ‘സ്ഥാപനങ്ങൾ’ അവലംബിച്ച കുറ്റകരമായ അനാസ്ഥയും ഉത്തരവാദിത്വങ്ങളിൽ നിന്ന് രക്ഷപ്പടാൻ കാട്ടിയ തത്രപ്പാടുകളും ദുരന്തങ്ങളെപ്പോലും ന്യായീകരിക്കാൻ ഇറക്കിവിട്ട പച്ച നുണകളും ഓർത്തുപോകുന്നു.

എൻ‌ഡോസൾഫാൻ ദുരന്തത്തിൽ‌പ്പെട്ടവർക്ക് ലഭിച്ച മാധ്യമശ്രദ്ധയാണ് ഇക്കാര്യത്തിൽ അധികാരസ്ഥാപനങ്ങളുടെ കണ്ണുതുറപ്പിച്ചത്. എസ്പാക്കും തണലും ശ്രീ പഡ്രെയും ലീലാകുമാരിയമ്മയും എം എ റഹ്മാനുമൊക്കെ ഇക്കാര്യത്തിൽ ചിലതൊക്കെ ചെയ്യാനായി മുന്നിട്ടിറങ്ങിയവരാണ്. എന്നാൽ പോലും ഇന്ത്യയിൽ ഇന്നും പലപേരുകളിൽ ഈ വിഷലായനിയുടെ നിർമ്മാണയൂണിറ്റുകളുണ്ടെന്ന കാര്യം ഞെട്ടലുളവാക്കുന്നതാണ്. ഉപയോഗിക്കാനാണല്ലോ നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. കാസർകോട്ടു നിന്നുള്ള വാർത്തകളും ചിത്രങ്ങളും ഫിലിപ്പൈൻസ് പോലുള്ള രാജ്യങ്ങൾ എൻഡോസൾഫാൻ കീടനാശിനീപരിവാരത്തെ സംശയത്തിനു വകയില്ലാത്ത വിധം ഒഴിവാക്കിയ ചരിത്രത്തിനു ശേഷവും നില നിൽക്കുന്ന ഇന്ത്യൻ യാഥാർത്ഥ്യമാണിത്. പാപികളായ പൂർവികർക്കായി ദൈവശാപം സഹിക്കാൻ തയ്യാറെടുക്കപ്പെട്ട ജനതകൾ ഇനിയും ധാരാളം ഇന്ത്യൻ ഗ്രാമങ്ങളിലുണ്ടെന്ന് പണത്തെ പ്രത്യക്ഷദൈവമാക്കിയിട്ടുള്ളവർക്ക് അറിയാം എന്നർത്ഥം. ശാപത്തിന് വിധേയമാവുന്നവർക്ക് മോക്ഷത്തിനായി ഒരു രക്ഷകനെ കാത്തിരിക്കുകയല്ലാതെ വേറെ നിവൃത്തിയില്ലെന്ന സന്ദേശം നമ്മുടെ കാലം ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട്. (അല്ലെങ്കിൽ ഭോപ്പാൽ വിഷവാതക ഇരകളുടെ വിധി ഈ വിധമാകുമോ?) ആലോചിച്ചാൽ അയുക്തികമായ വിശ്വാസങ്ങൾക്ക് പച്ചക്കുടപിടിക്കുന്നത് ഇതുപോലുള്ള നിരാലംബത്വങ്ങളാണ്. കാസർകോട്ടെ എൻഡോസൾഫാൻ ദുരന്തത്തിന്റെ വാസ്തവങ്ങളെ അടിസ്ഥാനമാക്കി അംബികാസുതൻ മാങ്ങാട് എഴുതിയ ‘എന്മകജെ’ എന്ന നോവൽ പണക്കൊതിയുടെ സാമ്രാജ്യങ്ങൾ ഉൾനാടൻ ഗ്രാമജീവിതങ്ങളെ മാത്രമല്ല പ്രകൃതിയെയും എങ്ങനെ തകർക്കുന്നു എന്നതിന്റെ നേർക്കാഴ്ചകൾ പകർന്നു തരുന്ന പുസ്തകമാണ്. വസ്തുനിഷ്ഠമായ ആധാരങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് നോവൽ എന്ന സർഗാത്മകസ്ഥലി എത്രത്തോളം വിമർശനാത്മകമാവണം എന്ന ചോദ്യം പുസ്തകം ഉയർത്തുന്നുണ്ട്. എന്മകജെ എന്ന ഗ്രാമം നേരിട്ട വിഷലായനിയുടെ ഉഷ്ണാനുഭവങ്ങളെ കഥയുടെ ചട്ടക്കൂടിലൂടെ അവതരിപ്പിക്കുമ്പോൾ തന്നെ നോവലിന്റെ പശ്ചാത്തലം ഐതിഹ്യങ്ങളും കെട്ടുകഥകളും അയുക്തികമായ വിശ്വാസങ്ങളും നിറഞ്ഞ ഗ്രാമീണമനസ്സിന്റെ അബോധമാണ്. ജടാധാരിമലയിൽ നിന്നും കെട്ടഴിച്ചു വിട്ട ഭൂതങ്ങളാണ് എന്മകജെ എന്ന ഗ്രാമത്തിലെ ജനങ്ങളുടെ വിശ്വാസത്തിൽ, തങ്ങൾക്കുമേൽ പതിച്ചിരിക്കുന്ന അത്യാഹിതങ്ങളുടെ ഹേതു. പെരുവിരലോളം മാത്രം ഉയരമുള്ളവരും നിതാന്തമായ തപസ്സിൽ ആഴ്ന്നു കിടക്കുന്നവരുമായ ബാലഖില്യരും ശിവപാർവതിമാരും മലദൈവങ്ങളും സംസാരിക്കുന്ന ഗുഹയും സ്വർണ്ണനിറമുള്ള സർപ്പവും പുലിദൈവവും ചേർന്നു സൃഷ്ടിക്കുന്ന മിത്തിക്കൽ അന്തരീക്ഷമാണ് നോവലിനെ ആകെ പൊതിഞ്ഞു നിൽക്കുന്നത്. സമാന്തരമായി ദുരന്തം മനുഷ്യസൃഷ്ടിയാണെന്നു് തിരിച്ചറിയുന്ന സാമൂ‍ഹികബോധമുള്ള മനസ്സുകളുടെ കൂടിച്ചേരലും കോർപ്പറേറ്റ്-ബ്യൂറോക്രാറ്റിക് -രാഷ്ട്രീയ അവിശുദ്ധകൂട്ടുകെട്ടുകളെക്കുറിച്ചുള്ള നേർ സൂചനകളും നോവലിൽ ആവിഷ്കാരം നേടുന്നുണ്ടെങ്കിൽ പോലും.

എൻഡോസൾഫാൻ ദുരന്തഫലങ്ങളെക്കുറിച്ചുള്ള അന്വേഷണവും അതിനെതിരായുള്ള പ്രവർത്തനവും വസ്തുനിഷ്ഠമായി തന്നെ പിന്തുടരുന്നതിലാണ് നോവൽ വിമർശനാത്മകയുക്തിയെ സ്വാംശീകരിച്ചിരിക്കുന്നത്. നാഗരിക ജീവിതത്തിലും മനുഷ്യനിലുമുള്ള വിശ്വാസം നഷ്ടപ്പെട്ട നീലകണ്ഠനിലും നിരവധി ചൂഷണങ്ങളുടെ വടുകെട്ടിയ ദേഹവുമായി മലകയറിയ ദേവയാനിയിലും ചില ആദിരൂപങ്ങളുണ്ട്. പ്രകൃതിയിലേയ്ക്ക് മടങ്ങാനുള്ള പ്രകടമായ സന്ദേശമാണ് നീലകണ്ഠന്റെ പാത്രസൃഷ്ടിയിലുള്ളത്. അതേ സമയം അയാൾക്ക്, കുട്ടികൾ വേണ്ടെന്നും മറ്റാളുകളോട് സഹവാസം പാടില്ലെന്നുമുള്ള ശാഠ്യവുമുണ്ട്. പ്രാകൃതികവും ഉത്പാദനപരമല്ലാത്തതുമായ കാർക്കശ്യത്തെ ദേവയാനിയുടെയും അവൾ എടുത്തുകൊണ്ടു വരുന്ന വളർച്ചയില്ലാത്ത, ദേഹം മുഴുവൻ വ്രണങ്ങളുള്ള കുഞ്ഞിന്റെയും സാമീപ്യമാണ് മാറ്റുന്നത്. ആത്മാവില്ലാത്ത ശാസ്ത്രത്തിനു പകരം ആത്മാവില്ലാത്ത പ്രാകൃതികതയല്ലെന്ന് വ്യക്തം. ഉത്പാദനപരമല്ലാതിരിക്കുക എന്നതിന്റെ പൊരുൾ ബസവ എന്ന കാളയുടെ ബിംബത്തിലൂടെയും നോവലിസ്റ്റ് വെളിവാകുന്നുണ്ട്. എന്മകജെയിലെ ജീവജാതികൾക്ക് പൊതുവേ ബാധിച്ച അത്യാഹിതങ്ങൾ ബാധിക്കാത്ത ശരീരമാണ് ഈ കാളയ്ക്ക്. അത് നിശ്ശബ്ദനായി പൊന്തകളിൽ മദിച്ച് നടന്നുപോകുന്നു. വിശ്വാസമനുസരിച്ച് അതു വിശുദ്ധമൃഗമാണ്. അതുകൊണ്ട് അതിന് ലൈംഗികത അനുവദനീയമല്ല. നിശ്ശബ്ദത ഷണ്ഡീകരിക്കപ്പെട്ട അവസ്ഥയാണ്. അതിന്റെ കാവ്യാത്മകമായ പ്രതീകമാണ് ബസവ.

എന്മകജെ എന്ന വാക്കിനർത്ഥം ‘എട്ടു സംസ്കൃതികളുടെനാട്’ എന്നാണ്. നാട്ടുവിശ്വാസമനുസരിച്ച് എട്ടുഭൂതങ്ങളാണ് ആ ഗ്രാമത്തിന്റെ കാവൽ ദേവതമാർ. ഇവർക്കുമേലെയാണ് കീടനാശിനി വിഷലിപ്തമായ പുതപ്പ് വിരിച്ചിട്ട് പുതുനാമ്പുകളെ ഒക്കെയും കരിച്ചത്. ഈ കടന്നുകയറ്റത്തെ പ്രകൃതിയിലേയ്ക്കുള്ള നിരുപാധികമായ പിൻമടക്കം കൊണ്ട് പ്രതിരോധിക്കുകയാണ് നോവൽ ചെയ്തിരിക്കുന്നത്. ശാസ്ത്രത്തിന്റെ കെടുതിയെ ആവിഷ്കരിക്കുന്ന ഒരു നോവലിൽ പ്രകൃതി, അതിന്റെ തരളതകളോടെ മറുപുറത്തു നിൽക്കും, സ്വാഭാവികമായിതന്നെ. എന്മകജെയിൽ പ്രചരിക്കുന്ന നിരവധി ഐതിഹ്യങ്ങളുടെ കൂട്ടത്തിൽ, അതിരില്ലാത്ത ദാനത്തിന്റെ ചക്രവർത്തിയായ മഹാബലിയുടെ കഥകൾക്ക് പ്രത്യേകതയുണ്ട്. എന്തും കൊടുത്തു ശീലിച്ച ഒരു ജനതയ്ക്ക് പകരമായി ലഭിക്കുന്നത് നോവുകളും ദുരിതങ്ങളുമാണെന്ന വാസ്തവത്തെ നിറച്ചാർത്തുള്ളതാക്കാൻ മഹാബലി മിത്തിന്റെ വിന്യാസത്തിനു നോവലിൽ കാര്യമായ പങ്കുണ്ട്. ദേവയാനിയും നീലകണ്ഠനും ജടാധാരി മലയിലെ സംസാരിക്കുന്ന ഗുഹയിൽ, മൃഗങ്ങളും ജന്തുക്കളും എല്ലാം അടങ്ങിയ ചരങ്ങളുടെ സംഗമസ്ഥലത്ത് അഭയം തേടുകയാണ് കഥയുടെ അവസാനം. ദൈനംദിനാവശ്യങ്ങൾക്കപ്പുറത്ത് ആർത്തികളില്ലാത്ത മൃഗജീവിതം മാത്രമേ സമാധാനം കൊണ്ടു വരികയുള്ളൂ എന്നാണ് സൂചന. ഒരു ചുവടു കൂടി മുന്നോട്ടു വച്ചാൽ സ്ത്രീയും പുരുഷനും ഈ പ്രപഞ്ചത്തിലെ അനന്തകോടി ജീവവൈവിദ്ധ്യങ്ങളിൽ ഒന്നുമാത്രമാണെന്ന്- അത്ര മാത്രമേ ആകുന്നുള്ളൂ- എന്ന് എന്ന മുഴക്കം നിറഞ്ഞ പ്രവചനം കേൾക്കാം. ബലിയുടെ കഥ അപ്പോൾ ഒരു വ്യക്തിമഹത്വത്തെപ്രകീർത്തിക്കുന്ന ഒന്നല്ല. അതു നിരന്തരപരിണാമിയായ പ്രകൃതിയാണ്. അതു സ്വയം നശിച്ചും കൊടുത്തുകൊണ്ടേയിരിക്കുകയാണ്. മഹാബലി കഴുതയായി ജനിക്കുന്നതിനെക്കുറിച്ച് ഒരു കഥയുണ്ടത്രേ അവിടങ്ങളിൽ. ഗുഹയിൽ അഭയം തേടിയ ജീവജാതികൾ കേൾക്കുന്ന ശബ്ദം കഴുതയുടെയാണ്. അതു സംസാരിക്കാൻ തുടങ്ങുമ്പോൾ സർവ ചരാചരങ്ങളും നിശ്ശബ്ദമാവുന്നു.

പുതിയൊരു ഉത്പത്തിചരിത്രത്തിൽ അവസാനിക്കുന്ന നോവൽ, 2000 വരെയുള്ള കാസർകോടൻ ഗ്രാമത്തിന്റെ ദുരന്തചരിത്രത്തെ സംക്ഷിപ്തമാക്കിയിരിക്കുന്നു.

Tuesday, December 13, 2011

കാമുകി

പുസ്തകം : കാമുകി
രചയിതാവ്
: ബി. മുരളി
പ്രസാധകര്‍ : ഡി.സി ബുക്സ്

അവലോകനം : വെള്ളെഴുത്ത്





വിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വാസനകളെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ തന്നെ എഴുത്തിന്റെ ഭാഗമാവുക എന്നത് സര്‍ഗാത്മകസാഹിതിയുടെ നാള്‍വഴിചരിത്രത്തില്‍ ആരും കൊടിനാട്ടാത്ത കന്യാവനങ്ങളല്ല. എന്നാല്‍ ജൈവികമായ ചോദനകളുടെ സ്വച്ഛന്ദമായ വിഹാരമേഖലകളുടെ അതിരുകളും കടന്നെത്തിയ പരിണതി എന്ന നിലയ്ക്ക് തിരിഞ്ഞുകൊത്തുന്ന മാനസിക കാലം നിര്‍മ്മിച്ചെടുത്ത കല്പനാകാകളികളായി പുതിയ കഥകളിലെ വര്‍ണ്ണശബളമായ രൂപകങ്ങളെ നോക്കിക്കാണുന്നതില്‍ ചില കൌതുകങ്ങളുണ്ട്. പ്രണയത്തിന്റെ സാഫല്യത്തില്‍ കൈവരുന്ന മുക്തി ഒരു പാഴ്വാക്കാണെന്ന് ഇന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്, കാല്‍പ്പനികമായ തരളതയോടെ പിന്നെയും പിന്നെയും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെങ്കിലും? എന്നല്ല, ഒരു പടി കൂടി കടന്ന് മാനുഷികമായ ഏതു ബന്ധത്തിന്റെയും സഫലത പ്രശ്നാധിഷ്ഠിതമാണ്. എങ്കിലും അഴിച്ചുവിട്ട വാസനകള്‍ക്കു പിന്നാലെ അലയാതിരിക്കാന്‍ കഴിയുന്നില്ലെന്നിടത്ത് കുടുങ്ങിക്കിടന്ന കല്‍പ്പനകളെ അഴിച്ചെടുത്ത്, തങ്ങളെ തുറിച്ചു നോക്കുന്ന കണ്ണുകളിലെ പ്രതിബിംബങ്ങളില്‍ നോക്കി, പുതിയ രൂപങ്ങള്‍ നിര്‍മ്മിക്കുകയാണ് ബി മുരളി ‘കാമുകി’ എന്ന സമാഹാരത്തില്‍. സാമൂഹികമായ സമ്മര്‍ദ്ദങ്ങള്‍ , ചോദനകള്‍ക്ക് മേല്‍ കയറ്റിവച്ച വേവലാതികളെ കൂടി ഭാഗഭാക്കാനുള്ള വെമ്പല്‍ മുരളിയുടെ കഥകള്‍ പ്രകടിപ്പിച്ചുപോന്നിട്ടുണ്ട്, അവയുടെ ആരംഭകാലം മുതല്ക്ക്‍. അവയുടെ സൂക്ഷ്മതരമാവുന്ന വിടര്‍ച്ചകളുടെ സാക്ഷ്യമാണ് ‘കാമുകി’ മുന്നില്‍ വയ്ക്കുന്ന നേര്.

ഖജുരാ-ഹോ എന്ന കഥയിലെ കുണ്ടങ്കുഴി രാമകൃഷ്ണന്റെ ജീവന്‍ വയ്ക്കുന്ന പ്രതിമകള്‍ ഈ വേവലാതിയുടെ രൂപകങ്ങളാണ്. സ്വന്തം ജീവിതപ്രശനങ്ങള്‍ നട്ടം തിരിയുന്ന ആഖ്യാതാവ് നാട്ടുകാരനായ കൂട്ടുകാരനോടുള്ള കടമ നിറവേറ്റാന്‍ കഴിയുന്നില്ലെന്ന കാര്യത്തില്‍ അനാവശ്യമായി കുറ്റബോധം അനുഭവിക്കുന്ന ആളാണ്. അതോടൊപ്പം ആ കഥ കലാകാരന്റെ ഹതാശമായ ഗ്രാഫിനെക്കൂടി കാണിച്ചു തരുന്നുണ്ട്. കൂട്ടുകാരനോടുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയുന്നില്ലെന്ന അലച്ചിലുകള്‍ക്കിടയില്‍ ഉരുത്തിരിഞ്ഞുവരുന്ന മറ്റൊരു സംഗതി കലാകാരനോടുള്ള സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അതോ തിരിച്ചോ? തിരിച്ചാവാനാണ് സാദ്ധ്യത. ‘കഥാസരിത്സാഗര’മെന്ന കഥയില്‍ തന്നെ തന്നെ അബോധത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരന്റെ ചിത്രമുണ്ട്. അയാളുടെ കഥകള്‍ ഒരേ കാര്യമാണ് വീണ്ടും വീണ്ടും എഴുതുന്നത്. അവിടെ സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയില്‍ പത്രാധിപര്‍ മാന്യനാണ്. നല്ല സൃഷ്ടികള്‍ ഇവന്മാരില്‍ നിന്ന് (എഴുത്തുകാരില്‍ നിന്ന്/ കലാകാരന്മാരില്‍ നിന്ന്) ഉണ്ടാവാനുള്ള സാദ്ധ്യത അയാള്‍ എപ്പോഴും കരുതിയിരിക്കുന്നുണ്ട്. ‘പ്രിന്‍സ് ഓഫ് ഡെന്മാര്‍ക്കിന്റെ പ്രേതം’ എന്ന കഥയിലും ‘ലാവണ്യ നിരൂപണം’ എന്ന കഥയിലും നടത്തിയിരിക്കുന്ന രൂപപരമായ വ്യതിയാനങ്ങള്‍ തന്നെ, അവയുടെ സ്വരം പരിഹാസമായിരിക്കുമ്പോള്‍ പോലും, ആഖ്യാനത്തെ സംബന്ധിച്ച വേവലാതികളുടെ ഒപ്പുകടലാസു കൂടിയാണ്. അടിമയും യജമാനത്തിയും തമ്മിലുള്ള ബന്ധത്തെ പ്രശ്നസങ്കുലമാക്കുന്ന ‘രംഗനായകിയുടെ കൊട്ടാരം’ കുള്ളന്റെ പൊക്കക്കുറവ് അധമബോധത്തിന്റെ പ്രകടിതരൂപമാണ്. ബന്ധങ്ങളില്‍ നിഹിതമാവുന്ന വേവലാതികള്‍ രൂപകങ്ങളായി പരിണമിച്ച പരിണതിയെയാണ് ഇവയെല്ലാം ചൂണ്ടിക്കാട്ടുന്നത്. ബന്ധങ്ങളെ പുനര്‍നിര്‍വചിക്കാനുള്ള ശ്രമം സാമൂഹികബോധത്തിന്റെ പ്രകടനപത്രികയാണെന്നതു കൊണ്ട് പ്രമേയങ്ങള്‍ക്കു പുറത്തും എഴുത്തുകാരന്‍ -സമൂഹം എന്ന ദ്വന്ദ്വത്തിന്റെ വിഹ്വലതകള്‍ നൂതനമായൊരു സ്ഥായിയില്‍ ആവിഷ്കാരം നേടുകയാണെന്ന് നാം തിരിച്ചറിയുന്നു, ഈ കഥകളില്‍ .

മുരളിയുടെ ‘പൂവമ്പഴം’ എന്ന കഥ കാരൂരിന്റെയോ ബഷീറിന്റെയോ അതേ പേരുള്ള കഥകളില്‍ നിന്ന് കാലോചിതമായ വിടുതല്‍ നേടിയിട്ടുണ്ട്. അതേ സമയം അവയിലെ ലൈംഗികവിവക്ഷകളെ കൂറേകൂടി ധ്വന്യാത്മകമായി ഉള്ളടക്കുകയും ചെയ്തിട്ടുണ്ട്. ലൈംഗികതയുടെ അഭാവം അല്ലെങ്കില്‍ അതിന്റെ തിരസ്കാരം, ശരീരത്തെ സംബന്ധിച്ച് സമൂഹം കെട്ടി ഏല്‍പ്പിച്ച മിഥ്യാധാരണകളെ പോറ്റാന്‍ വിധിക്കപ്പെട്ടതിന്റെ അസ്വസ്ഥതകളാണ്. ഇരുട്ടത്ത് ജീവന്‍ വയ്ക്കുന്ന കോമാളി രൂപങ്ങളായി, കട്ടിലിനു നേരെ ഇഴയുന്ന പ്രതിമകളായി ഖജുരാ-ഹോ എന്ന കഥയില്‍ പ്രത്യക്ഷപ്പെട്ടത് ചതഞ്ഞ കാമനകളുടെ രൂപകങ്ങളാണ് എന്നാണ് വിചാരിക്കേണ്ടത്. ശാരീരികമായ ഒത്തിരിപ്പിനായുള്ള അടക്കാനാവാത്ത ആഗ്രഹങ്ങളെ കൊന്നു തിന്നുന്നത് വിജനതതന്നെയാണെന്ന് ‘കാമുകി’ എന്ന കഥയിലെ പെണ്‍കുട്ടി തിരിച്ചറിയുന്നുണ്ട്. കടുത്ത വൈരുദ്ധ്യമാണതിലുള്ളത്. ഏകാന്തമായ പ്രണയസ്ഥലം, അന്വേഷിച്ചു തുടങ്ങുന്നതു പെണ്‍കുട്ടിയാണെങ്കിലും അതിന്റെ സുരക്ഷിതത്വം ആണിനാണ്. ഏകാന്തത സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞാണ് അവള്‍ ഓടി പോകുന്നത്. സമൂഹം നിര്‍ദ്ദേശിച്ച സദാചാരപാഠങ്ങളുടെ നിഴല്‍ എന്തായാലും കോട്ടമതിലുകളില്‍ വീണു കിടപ്പുണ്ട്. ആ നിഴലുകളാണ് അവളെ ഭയപ്പെടുത്തി ഓടിക്കുന്നത്. എസ്. കെ. ശ്രീലതയ്ക്ക് കണ്ണന്‍ കൊഴിയാളയുമായി മഴയ്ക്കു മുന്‍പേ വീട് പറ്റണം( പ്രണയത്തെക്കുറിച്ച് വേറൊരു കഥ) കാപ്പി കുടിച്ചിരിക്കാന്‍ സമയമില്ല. പ്രണയമില്ലായ്മകൊണ്ട് മുഖരമാവുന്ന സന്ദര്‍ശനസ്ഥലമാണ് ‘വെളിച്ചത്തിന്റെ നിറം’ എന്ന കഥയിലുമുള്ളത്. അവിടെയുമുണ്ട് ചുഴിഞ്ഞു നോട്ടങ്ങളുമായി ഒരു കാവല്‍ക്കാരന് പിന്നെ ഒരു വെയിറ്റര്‍‍! ആ നിലയ്ക്ക് ഭാര്യയുടെ ഇംഗിതസാധ്യത്തിനായി പുറപ്പെടുന്ന ഭര്‍ത്താവിനോടൊപ്പം കൂടുന്ന കൂട്ടുകാരന്‍ (പൂവമ്പഴം) വിജനമല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു ഏകാന്തസ്ഥലത്തിന്റെ പ്രതീകം കൂടിയല്ലേ എന്നു സംശയിക്കണം. ‘രംഗനായകിയുടെ കൊട്ടാര’ത്തിലെ കുള്ളന്‍ കൊന്നിടുന്നത് സ്വന്തം കാമത്തെയും.

പ്രതിമകളാവാന്‍ വിധിക്കപ്പെട്ടവരുടെ കാലം ഇങ്ങനെയൊക്കെ കഥകളില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.

Wednesday, October 26, 2011

കോലങ്ങള്‍

പുസ്തകം : കോലങ്ങള്‍
രചയിതാവ് : കെ.ജി.ജോര്‍ജ്ജ്

പ്രസാധകര്‍ : മാതൃഭൂമി ബുക്സ്

അവലോകനം : വെള്ളെഴുത്ത്




1980
ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് കെ എസ് സേതുമാധവൻ - എം ടി കൂട്ടുകെട്ടിന്റെ ‘ഓപ്പോളി‘നായിരുന്നു. മികച്ച രണ്ടാമത്തെ ചിത്രം ഭരതൻ സംവിധാനവും ജോൺപോൾ തിരക്കഥയും രചിച്ച ‘ചാമര’ത്തിനും. കെ ജി ജോർജ്ജിന്റെ ‘കോലങ്ങൾ’ക്ക് ആ വർഷത്തെ മികച്ച സഹനടിക്കുള്ള (ചന്തമറിയം - രാജം കെ നായർ) ഒരവാർഡ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കൂട്ടത്തിൽ കോലങ്ങളായിരുന്നു മികച്ച ചിത്രമെന്നും താൻ ജൂറിയിലുണ്ടായിരുന്നെങ്കിൽ അതിനെയായിരിക്കും നല്ല ചിത്രമായി തെരെഞ്ഞെടുക്കുകയെന്നും ജോൺപോൾ അഭിപ്രായപ്പെട്ടത് വിവാദത്തിനു തിരിപിടിപ്പിച്ചു. അല്ലെങ്കിൽ അവാർഡുകൾ എന്നാണ് വിവാദത്തിനു വഴിമരുന്നിടാതിരുന്നിട്ടുള്ളത്? പക്ഷേ കോലങ്ങളെക്കുറിച്ച് നല്ല അഭിപ്രായം തന്നെയായിരുന്നു ഭരതനും അടൂർ ഗോപാലകൃഷ്ണനും സേതുമാധവനുമുണ്ടായിരുന്നതെന്ന് ‘കോലങ്ങൾ പിറന്ന വഴി’ എന്ന ആമുഖ ലേഖനത്തിൽ ജോൺ പോൾ എഴുതുന്നു. എന്നുവച്ചാൽ പച്ചമനുഷ്യരുടെ ജീവിതപശ്ചാത്തലത്തിൽ കാട്ടിയ ആലേഖനസൂക്ഷമതയും മാധ്യമപരമായ കൈയടക്കവും ഗ്രഹണപടുത്വമുള്ള ആളുകൾ അന്നേ ശ്രദ്ധിച്ചിരുന്നു എന്നു തന്നെ. നിറം പിടിപ്പിച്ച അതിശയലോകത്തിൽ നിന്ന് ഇറങ്ങി മലയാള സിനിമ യഥാതഥമായ ഭൂമികകളിൽ കാലുറച്ചു നിൽക്കാനുള്ള പുനരാലോചന തുടങ്ങിയ കാലമായിരുന്നു. വർണ്ണശബളമല്ലാത്ത ഗ്രാമീണദാരിദ്ര്യങ്ങൾക്ക് കറുപ്പും വെളുപ്പുമെന്ന പാരമ്പര്യശീലത്തിൽ നിന്നുള്ള ഇറങ്ങി നടപ്പും കോലങ്ങൾ നടപ്പാക്കി. ചിത്രം കളറായിരുന്നു. താൻ സിനിമ കൺസീവ് ചെയ്തതു തന്നെ വർണ്ണത്തിലാണെന്ന് കെ ജി ജോർജ്ജ് ഏറ്റു പറഞ്ഞിട്ടുണ്ട്. ദരിദ്രവും ഏകതാനവുമായ ജീവിതത്തെ നിറം പിടിപ്പിക്കുന്നത് മനുഷ്യപ്രകൃതിയിലെ വൈവിധ്യങ്ങളാണല്ലോ. മോഹങ്ങളും ഇഷ്ടങ്ങളും വഴക്കങ്ങളും സ്വപ്നങ്ങളും അസൂയയും അഹമ്മതിയും ഏഷണിയും കാലുഷ്യങ്ങളും മത്സരങ്ങളും തിടമ്പേറ്റി തുള്ളുന്ന പ്രകൃതിയെയാണ് അങ്ങനെ ജോർജ്ജ് ഒപ്പിയെടുത്തത്. നന്മകൾ മാത്രം കുടികൊള്ളുന്ന ഒരു ഭാവനാത്മക ഗ്രാമത്തെയല്ല.

തിരിഞ്ഞു നോക്കുമ്പോൾ സാമ്പ്രദായിക ധാരണയിൽ ഇന്നും പുലർന്നുപോരുന്ന മൂല്യസഞ്ചയങ്ങളുടെ ഇരിപ്പിടമായ ഗ്രാമം എന്ന സങ്കൽ‌പ്പത്തെ കോലങ്ങൾ അട്ടിമറിച്ച കാഴ്ച ശ്രദ്ധേയമാണ്. പി ജെ ആന്റണിയുടെ ‘ഒരു ഗ്രാമത്തിന്റെ ആത്മാവ്’ എന്ന നോവലിനെ ആസ്പദമാക്കി ജോർജ്ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് കോലങ്ങൾ. ഇതേ നോവലിനെ ആന്റണി നാടകമാക്കിയപ്പോൾ നൽകിയ പേര്, ‘ മൂന്നു പെണ്ണുങ്ങളും കുറേ നാട്ടുകാരും’ എന്നായിരുന്നു. കുഞ്ഞമ്മ, ലീല, ദേവയാനി എന്നീ പെൺകുട്ടികളുടെ ജീവിതം സമൂഹത്തിന്റെ സദാചാരജാഗ്രതകൾ കുട്ടിച്ചോറാക്കിയതെങ്ങനെ എന്നതിന്റെ വിചാരിപ്പാണ് സിനിമയുടെ കാതൽ. കുഞ്ഞമ്മയെ സ്നേഹിച്ച ചെറിയാന് അവളെ കിട്ടാത്തത് അയാൾ വരത്തനായിരുന്നെന്ന ഒറ്റ ദോഷത്താലാണ്. അയാൾ അവൾക്കുവേണ്ടി കൂടി പണിത വീടു കാണാൻ അയാളുടെ ക്ഷണപ്രകാരം ഒരിക്കൽ ചെന്നത്, അവളുടെ ചാരിത്ര്യത്തെപ്പറ്റിയുള്ള തത്പരകക്ഷികളുടെ ദൂഷണത്തിനു കണക്കിന് മരുന്നിട്ടു കൊടുത്തു. നിവൃത്തിയില്ലാതെ കുഞ്ഞമ്മയ്ക്ക് രണ്ടാം കെട്ടുകാരനും മുൻ ഭാര്യയെ ചവിട്ടിക്കൊന്നവനുമായ കള്ളുവർക്കിയുടെ ഭാര്യയാകേണ്ടി വരുന്നു. നഗരത്തിന്റെ ആകർഷണവലയത്തിലേയ്ക്ക് എടുത്തു ചാടി ദുഷിച്ചുപോയതാണ് ലീലയുടെ ദുരന്തം. ഒളിഞ്ഞു നോട്ടക്കാരനായതിനാൽ നാട്ടിലെ സ്ത്രീകളുടെ രഹസ്യ മറുകുകൾ അറിയാവുന്ന പരമുവിന്റെ ഏഷണിയിൽ നശിച്ചുപോയതാണ് ദേവയാനിയുടെ ജീവിതം. സിനിമയുടെ അവസാനം ഒരു ഭ്രാന്തിയായി എല്ലാവരെയും കൊല്ലുമെന്ന് നിസ്സഹായമായ ഭീഷണിമുഴക്കി അവൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഫലത്തിലിത് തിരിച്ചിട്ട മൂല്യങ്ങളുടെ ദുരന്തയാത്രയാണ്. ശുദ്ധാത്മാക്കളായ സ്ത്രീകൾ സദാചാരവിചാരണകളിൽ കുറ്റമൊന്നും ചെയ്യാതെ വേവുകയും കുറ്റവാളികളായ വിചാരിപ്പുകാർ മൂല്യവിചാരത്തിന്റെ മുഖമറയ്ക്കുള്ളിൽ വിശുദ്ധാത്മാക്കളായി ചിരിക്കുകയും ചെയ്യുന്ന കെട്ടകാലത്തിന്റെ കോലമാണ് സിനിമ ചിത്രീകരിക്കുന്നത്. ആണത്താധികാരങ്ങളാണ് സദാചാരവിചാരിപ്പുകൾക്കുള്ളിലുള്ളത്. അതിനു ഗ്രാമ-നഗര ഭേദമില്ല. സാക്ഷര - നിരക്ഷര വ്യത്യാസമില്ല. തന്റെ സ്ഥലം കൈയേറിയവനെ വൃഷണത്തിൽ പിടിച്ച് നിരായുധനാക്കുകയും ഉറക്കെ സംസാരിക്കുകയും ചെയ്യുന്ന ചന്തമറിയയുടെ വിമതസ്വരം പോലും ദീനമാവുന്നുണ്ട് ഒടുവിൽ. ആത്യന്തികജയം നന്മയുടേതെന്ന് ഉരുവിട്ടു പഠിച്ച വായ്ത്താരികളുടെ ഗതിയും ശ്രുതിയും തെറ്റിച്ചുകൊണ്ടാണ് ചലച്ചിത്രത്തിന്റെ അവസാനത്തിൽ ആസുരമായ ചിരികൾ വീണുരുളുന്നത്. ഇത്തരം സന്ദർഭങ്ങളിൽ നാം കൂട്ടുപിടിച്ചു പഴകിയ വിധി സങ്കൽ‌പ്പത്തിനു നേരെ കൂർത്ത പരിഹാസവും സിനിമ ഉയർത്തുന്നുണ്ട്. ചായക്കടക്കാരൻ കേശവൻ കാക്കയെ എറിയുന്ന കല്ല് അവന്റെ തലയിൽ തന്നെ പതിക്കുന്ന ദൃശ്യമാണ് അതിലൊന്ന്. ഏഷണികൊണ്ട് വിവാഹം മുടക്കുന്നവർ മാത്രമല്ല, നല്ല മനുഷ്യരുടെ നിവൃത്തികേടുകളും മറ്റുള്ളവരുടെ ദുരന്തത്തിനു വരി കൊടുക്കുന്നുണ്ട്. ചെറിയാനുമായുള്ള ബന്ധവും മറിയത്തിന്റെ വാശിയും പത്രോസിന്റെ മരണവും പൈലിയുടെ സ്നേഹവും വർക്കിയുടെ കാമവും ഒത്തുച്ചേർന്നാണ് കുഞ്ഞമ്മയെ തകർക്കുന്നത്. ഇത്രയധികം തേർചക്രങ്ങളുരുളാൻ ഒരു പതിനാറു വയസ്സുകാരി ചെയ്തപാതകം എന്താണ്, ദരിദ്രയും നിസ്സഹായയും ആയ ഒരു പെൻ കുട്ടിയായി ജനിച്ചു. അത്രമാത്രം. സമാനമായ ചെറിയാന്റെ ദുരന്തത്തിനോ? കുട്ടിശങ്കരൻ നായരുടെ സംശയമാണ് ദേവയാനിയെ ഭ്രാന്തിയാക്കുന്നത്. അനാഥയായി തെരുവിലേയ്ക്കിറക്കി വിടുന്നത്. ലീലയെ കൂട്ടിക്കൊണ്ടുപോയത് വകയിലൊരു സഹോദരനാണ്. അവൾ ഗർഭിണിയായി തിരിച്ചെത്തുന്നു. ഗർഭമലസിക്കലിന്റെ വേദനയുൾപ്പടെ അവളുടെ സഹനം നിശ്ശബ്ദതയിലാണ്. സഹജീവികൾ പരസ്പരബന്ധിതമായ ശൃംഖലയിലെ കണ്ണികളാണെന്ന ബോധം അവരുടെ വൈകാരികമായ ജീവിതത്തിൽ നിഴലുപരത്തിക്കൊണ്ട് സിനിമ പങ്കുവയ്ക്കുന്നുണ്ട്.

ക്യാമറ ഒപ്പുന്ന വിശദാംശങ്ങൾ അതിനു പിന്നിൽ തുറന്നുപിടിച്ച കണ്ണുമായി നിൽക്കുന്ന പ്രതിഭയുടെ തെരെഞ്ഞെടുപ്പുകളാണ്. കണ്ടറിഞ്ഞവയുടെ ഭാവാത്മകതയും ആഴവും സങ്കീർണ്ണതയും പങ്കുവയ്ക്കാൻ ഒരു പിൽക്കാലവായനയ്ക്ക് കഴിഞ്ഞെങ്കിലോ എന്ന സന്ദേഹമാണ് നമ്മെ തിരക്കഥാരൂപങ്ങളിലേയ്ക്ക് പിന്നെയും എത്തിക്കുന്നത്. സിനിമയ്ക്കു പകരമാവില്ല തിരക്കഥ. സാഹിത്യരൂപം എന്ന നിലയ്ക്കു് അതിന്റെ പ്രസക്തി ഏറെക്കുറേ സംശയാസ്പദവുമാണ്. എങ്കിലും തിരക്കഥയുടെ എലുകകൾ കോറുന്ന ചിത്രങ്ങൾക്കു മേൽ വായനയുടെ ഭാവനയ്ക്കും മേയാനുള്ള പുൽമേടുകളുടെ പ്രസക്തി കാണാതെ പോവേണ്ടതില്ലെന്നു തോന്നുന്നു.