Thursday, February 28, 2013

ഉന്മത്തതകളുടെ ക്രാഷ്‌ലാന്റിംഗുകള്‍


പുസ്തകം : ഉന്മത്തതകളുടെ ക്രാഷ്‌ലാന്റിംഗുകള്‍
രചയിതാവ് : രാജേഷ് ചിത്തിര
പ്രസാധകര്‍ : സൈകതം ബുക്സ്
അവലോകനം : ഷിനോദ്
രണത്തിലേക്കെത്താത്ത ക്രാഷ്‌ലാന്റിംഗുകളുടെ രൂപഭേദമാകണം ചിലര്‍ക്ക് കവിതകള്‍. അങ്ങിനാണെങ്കില്‍ ജീവിച്ചിരുന്നു എന്നതിന്റെ അടയാളവും ജീവിക്കുന്നുണ്ട് എന്ന സാക്ഷ്യപ്പെടുത്തലും ആയിത്തീരുക അത്തരം കവിതകളൂടെ സ്വാഭാവിക ധര്‍മ്മമാകും. ഇത്തരം കവിതകളിലെ പ്രണയം പ്രായോഗികതയുടെ സമരസപ്പെടലുകളേക്കാള്‍ സങ്കടങ്ങളുടെ കാല്പനികതകളെയാണ്‌ കൊണ്ടുവരിക. നീണ്ടുനില്‍ക്കുന്ന എല്ലാ സങ്കടവും കാല്പനീകമാണ്‌ എന്നു തോന്നിയതുകൊണ്ടാണ്‌ ഇങ്ങനെ പറഞ്ഞത്. പ്രായോഗികതകളുടെ കാലത്തിന്റെ പ്രതിനിധിയായ ഒരാള്‍ സുരക്ഷിതമല്ലാത്ത ജീവിതത്തിന്റെ അവശേഷിപ്പുകളായ കവിതകളില്‍ പ്രണയം തിരയുന്നതാണ്‌ ഈ കുറിപ്പ്.

"പാതിവഴിപിന്നിട്ട് ഇടതുവശത്ത്‌
പര്‍ട്ടി ആപ്പീസില്‍ കട്ടിക്കണ്ണട
വിചാരണത്താളില്‍ ഒച്ചയെടുക്കുന്നുണ്ടാകും
ആപ്പീസുമുറ്റത്ത് കൊടിത്തണലില്‍
നക്ഷത്രം തുന്നിയ കുപ്പായങ്ങള്‍
വിധിയും കാത്തു കോട്ടുവായിടും."(പാര്‍ട്ടിഗ്രാമം) തര്‍ക്കങ്ങടേയും വിചാരണകളുടേയും ഈ നേരത്ത് "പാര്‍ട്ടിഗ്രാമം" എന്ന കവിതയിലൂടെയായിരിക്കണം രാജേഷിന്റെ കവിതകളെക്കുറിച്ച് പറഞ്ഞു തുടങ്ങേണ്ടത് എന്നു കരുതുന്നവരുണ്ടാകും.

"മലയെല്ലാം നാടുവിട്ടുപോയാല്‍
ഞങ്ങടെ നാടിന്റെ പേരെന്താകുമോ ആവോ?”(മലങ്കോട്ടയം) എന്ന നിസ്സംഗമെന്നു തോന്നിപ്പിക്കും വിധത്തിലെ നിലവിളികളില്‍ നിന്നുവേണം തുടക്കം എന്നു കരുതുന്നവരുണ്ടാകാം. "കുത്ത്യാലും കുത്ത്യാലും ഉറക്കാത്ത മുണ്ടേ/ നീ ഇതെവിടെപ്പോയ് എന്ന "ഉളിപ്പേച്ചില്‍" നിന്നുമാകാം തുടക്കം. മരവും ഇലയും പെയ്യാത്ത മഴയും ദാഹത്തിന്റെ പുഴയും തുടങ്ങി ഋതുഭേദങ്ങളിലെ സങ്കടപ്പകര്‍ച്ചകള്‍ പകര്‍ത്തിവച്ചിരിക്കുന്ന "കുന്നിന്‍ മുകളിലെ ഒറ്റമരത്തില്‍" നിന്നോ "വെയിലേ" എന്ന വിളിയില്‍ നിന്നോ തുടങ്ങാം.

"ഓരോ പെണ്ണുടല്‍ ചലനങ്ങളും
ഓരോ രാജ്യത്തേക്കുള്ള
എമിഗ്രേഷന്‍ ക്ലിയറന്‍സില്ലാ വിസ" എന്ന 'ഉന്മത്തതകളുടെ ക്രാഷ്‌‌ലാന്റിംഗുകളോട്' കലഹിച്ചു കൊണ്ട്‌ തുടങ്ങാം.

"ന്റെ ചങ്ങായീ
ഞമ്മക്കീ സിലിമയെല്ലാം
ഹറാമാനെന്നിങ്ങക്കറിഞ്ഞൂടെ" (ഇസ്മെയില്‍,0506156878) എന്ന ചോദ്യത്തില്‍ നിന്നും വേണം ഈ കവിതകളിലേക്ക് കടക്കാന്‍ എന്ന് ഏത് പ്രവാസിക്കും വാദിക്കാം. ഞാന്‍ പക്ഷേ ഈ കവിതകളില്‍ പ്രണയത്തെ മാത്രം തിരഞ്ഞു നടക്കാന്‍ പോവുകയാണ്‌. മുന്നുപറഞ്ഞ വഴികളെല്ലാം കെട്ടുപിണയുന്ന ഒന്നായാണ്‌ പ്രണയവും ഈ കവിതകളില്‍ വരുന്നതെന്ന് തോന്നുന്നു. പ്രണയത്തേക്കാള്‍ രാഷ്ട്രീയമായ വേറൊന്നും നമ്മുടെ കാലത്തില്ലെന്ന ഒരു തോന്നലുള്ളതുകൊണ്ടും കൂടിയാണ്‌ ഈ വഴിക്ക് പോകാന്‍ തുനിയുന്നത്.

"അല്ലെങ്കില്‍ ഇടത്തെക്കോണില്‍
എന്റെ ഹൃദയം പറയുന്നത്
വലത്തെക്കൈയ്യിലെ വാക്കുകളായി
നിന്നെത്തേടി വരില്ലല്ലോ"(കാഴ്ച) എന്നു വായിച്ചിട്ട് എഴുതിയ ആള്‍ വലങ്കൈയ്യനാണ്‌ എന്നു മാത്രം മനസ്സിലാക്കി നിര്‍ത്താനാകത്തതും ഈ ക്രാഷ്‌ലാന്റിംഗുകളില്‍ പ്രണയം തിരയാന്‍ എന്നെ പ്രേരിപ്പിക്കുന്നുണ്ടാകും. പ്രണയം ഒരു വലതുപക്ഷവ്യതിയാനമാണോ എന്ന ആശങ്കകള്‍ ഇല്ലാത്തതും ഒരു കാരണമാകാം. കാലത്തിന്റെ സ്റ്റാച്യൂ പറച്ചിലില്‍ നിന്നു ഞാന്‍ പ്രണയത്തിന്റെ വഴി പിടിക്കുന്നു.

"പൂവിട്ടൊരു പുഴയ്ക്കു മീതെ
നിന്റെ ഓര്‍മ്മകളുടെ
വിരല്‍ത്തുമ്പു തൊട്ട്
ഉപേക്ഷിക്കപ്പെട്ടവരുടെ ആഘോഷങ്ങളിലേക്ക്
ഞാന്‍ തിരിച്ചു നടക്കുന്നു.” (കാലത്തിന്റെ സ്റ്റാച്യൂ പറച്ചിലില്‍)

എണ്ണമില്ലാത്ത വിരല്പാടുകളില്‍ വഴുക്കുന്ന ഓര്‍മ്മക്കാലടികളുമായാണ്‌ ഈ നടപ്പ്. മൗനത്തിന്റെ മരക്കൂട്ടങ്ങള്‍ക്കിടയിലൂടെയാണ്‌ പോക്ക്. ഇതെന്റെ കാലത്തിന്റെ പ്രണയക്കാഴ്ചയല്ലെന്ന് പൊടുന്നനെ ഒരു തിരിച്ചറിവ്. നുരഞ്ഞുപൊങ്ങുന്ന ഒരാഘോഷമാണ്‌ എന്റെ കാലത്തിന്റെ പ്രണയം. ജാതിയുടെ, പണത്തിന്റെ, കുലമഹിമകളുടെ സമീകരണങ്ങളിലാണ്‌ ചുറ്റുമുള്ളവരും ഞാനും പ്രണയിച്ചത്. മുഴുവന്‍ മാര്‍ക്കും വാങ്ങേണ്ട ഒരു വഴിക്കണക്കുമാത്രമായിരുന്നു അത്. ഇരുവശങ്ങളേയും സമചിഹ്നം കൊണ്ട് ബന്ധിച്ച് മാര്‍ക്കുവാങ്ങേണ്ടുന്ന ലളിതമായ ഒരു നിര്‍ദ്ധാരണം. അപ്പോഴാണ്‌ കരിയിലകള്‍ക്കു മുകളിലൂടെ ഉപേക്ഷിക്കപ്പെട്ടവരുടെ ആഘോഷങ്ങളിലേക്ക് തിരിച്ചു നടക്കുന്ന ഒരുവളെ/ഒരുവനെ ഈ കവിതകളില്‍ കാണുന്നത്. തീര്‍ച്ചയായും എന്റെ കാലത്തില്‍ നിന്നും അയാള്‍ പിരിഞ്ഞു പോവുകയാണ്‌.
"പ്രേമം പ്രേമമെന്നൊക്കെപ്പറഞ്ഞാലും
കുറ്റിക്കുചുറ്റും പയ്യിനെപ്പൊലെന്ന് നീ" (പരിണാമത്തിന്റെ ചില പുനരന്വേഷണങ്ങള്‍) ഇടയ്ക്കയാള്‍ ചിരിക്കുന്നുണ്ട്.


പ്രണയത്തിന്റെ സാമാന്യമായി ഈ കവിതകളില്‍ കാണുന്നത് എന്താണെന്നു തിരഞ്ഞാല്‍ നമ്മള്‍ തോറ്റുപോയേക്കാം. പലപ്പോഴും പൊതുവായ ഒന്നിനും പിടിതരാതെ നില്‍ക്കുകയാണ്‌ ഇഷ്ടങ്ങളുടെ ഒരു സ്വഭാവം. ഈ കവിതകള്‍ക്കും അതുപോലൊരു ചിതറലുണ്ട് എന്നു തൊന്നുന്നു. നിരന്തരം ചിതറിപ്പോകുന്നവയെ സാമാന്യവല്‍ക്കരിക്കുക അത്ര എളുപ്പമല്ല. അതുകൊണ്ട് സങ്കടങ്ങള്‍ ഒരു ചേരുവയാണ്‌ ഈ കവിതകളിലും അവയിലെ പ്രണയത്തിനും എന്നു മാത്രമേ എനിക്ക് പറയാന്‍ കഴിയുന്നുള്ളു. ചിതറിത്തെറിക്കുന്നവയ്ക്ക് സങ്കടപ്പെടാതെ വയ്യല്ലോ?
"പ്രണയം നിശ്ശബ്ദതയുടേ ആഘോഷമാണെന്ന്
ജീവിതം നെഞ്ചില്‍ തൊട്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്" (നിശബ്ദതയുടെ ആഘോഷങ്ങള്‍.)
എന്നെഴുതിയ കവിതയ്ക്ക് ചിത്രമാകാനേ കഴിയൂ. നിശബ്ദതയുടെ വാഹനം വാക്കല്ല ചിത്രമാണ്‌. ചിത്തിര വാക്കുകളെ ഇരയാക്കുന്നില്ലെനും വീട്ടുതടങ്കലില്‍ വളര്‍ത്തുന്നില്ലെന്നും നമുക്കു മനസ്സിലാകും. ചിത്രമാകാനുള്ള വഴിയെ വാക്കിനെ വിട്ടിട്ട് ഇയാള്‍ പിന്‍‌വാങ്ങുന്നു. പിന്നാലെ വന്ന ഞാന്‍ ആ വാക്കുകളെ വഴി നടത്തുകയോ വര പൂര്‍ത്തിയാക്കുകയോ ചെയ്യുന്നു. അങ്ങനായതുകൊണ്ട് ഈ കവിക്ക് അവകാശവാദങ്ങള്‍ ഉണ്ടാകാനിടയില്ല. കാരണം അയാളല്ല ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത്. എനിക്കും അവകാശമൊന്നുമില്ല. അയാള്‍ തന്ന വാക്കുകള്‍ കൊണ്ട് അയാളോരുക്കിയ കാന്‍‌വാസിലാണ്‌ ഞാന്‍ വരച്ചത്. ഒടുക്കം ഇത് ഞങ്ങളുടേത് എന്ന സന്തോഷത്തിലെത്തുന്നു. വേറാളുകള്‍ വന്ന് വേറെ രീതിയില്‍ വരക്കുന്നു. "ഞങ്ങള്‍" ആവര്‍ത്തിക്കപ്പേടുന്നു. സമഷ്ടിയുടെ സൗന്ദര്യം ഉണ്ടാകുന്നു.

സന്ധിയാകാത്തവരുടേയും സന്ധിക്കാത്തവരുടേയും സങ്കടങ്ങളാണ്‌ ഈ കവിതകളില്‍. "ഹൃദയഛേദത്തേക്കാള്‍ വേറെന്താണ്‌/പ്രണയമേ നിനക്ക് തരാനുള്ളത്"(പ്രണയം) എന്നാണ്‌ ഈ കവിതകളുടെ നേര്‌. എന്റെ പ്രണയങ്ങളുടെ നേരും ഇതാണല്ലോ ഇങ്ങനായിരുന്നല്ലോ എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാകാം ഈ പ്രണയചിത്രങ്ങളെ ഞാന്‍ ഇങ്ങനൊക്കെ പൂര്‍ത്തിയാക്കിയത്. ഈ കവിതകളില്‍ പ്രണയം ക്രാഷ്‌ലാന്റ് ചെയ്യുകയാണ്‌. സുരക്ഷിതമായ ഒരെത്തിച്ചേരലും അത് മുന്നോട്ട് വയ്ക്കുന്നില്ല. അല്ലെങ്കില്‍ പ്രണയത്തിന്റെ ഏത് പ്രയാണമാണ്‌ സുരക്ഷിതമായി ലാന്റ് ചെയ്തിട്ടുള്ളത്?

പ്രാപിടിയന്മാരും ഉണ്ടായിരിക്കുക എന്നത് ഇക്കോസിസ്റ്റത്തിന്റെ ജൈവക്രമമാണ്‌. ക്രാഷ്ലാന്റുചെയ്യുക ഉന്മത്തകളുടെ സ്വാഭാവികനീതിയും. അതുകൊണ്ട്, വാക്കുകളുടെ ഈ ഇക്കോസിസ്റ്റത്തില്‍, ലളിതമാകുമ്പോഴും ഉന്മാദത്തിന്റെ തരികള്‍ ഉള്ളില്‍ ബാക്കിയാകുന്നതുകൊണ്ട് പ്രണയം ക്രാഷ്‌ലാന്റു ചെയ്യുന്നു. പരിക്കുകളോടെ ബാക്കിയായതുകൊണ്ട് കൂടെപ്പോയ ഞാന്‍ ഇങ്ങനൊക്കെ വിളിച്ചു പറയുന്നു.

അനുബന്ധം
"പൊന്റൂര്‍ തീര്‍ഥാടനം" പോലെ പലകവിതകളും എനിക്ക് മനസ്സിലായിട്ടില്ല. അതില്‍ വിഷമവും ഇല്ല. കാരണം ആദ്യവായനയില്‍ ഇഷ്ടമാകാത്ത മനസ്സിലാകാത്ത പലതും ഇപ്പോള്‍ എന്റെ പ്രിയപ്പെട്ടവയാണ്‌. എളുപ്പം പിടിതരാത്തതു കൊണ്ടു കൂടിയാണ്‌ ഈ കവിതകളെ ഞാനിഷ്ടപ്പെട്ടത്.
"എല്ലാപ്പട്ടികളും ഒന്നിച്ച് കുരച്ചു /ഒന്നിന്റേയും ഒച്ച വേറിട്ടു കേട്ടില്ല." ഉത്തരാധുനിക കവിത എന്നോ മറ്റോ ഒരു തലക്കെട്ടില്‍ ഫേസ് ബുക്കില്‍ വായിച്ചതാണ്‌. ആരുടെതെന്നു മറന്നു. ഈ വരികള്‍ പുതുകവിതയുടെ (ദയവായി ഇതെന്താണ്‌ എന്ന് ചോദിക്കരുത്) ഒരു സാമാന്യ വിശേഷത്തെ കാണിക്കുന്നുണ്ടെന്ന് തോന്നി. ഈ സാമാന്യവിശേഷണത്തിന്റെ പിടിയില്‍ ഉന്മത്തതകളുടെ ക്രാഷ്‌ലാന്റിംഗുകള്‍ നില്‍ക്കുന്നില്ല എന്നു എനിക്ക് തോന്നുന്നു. ആകസ്മികതകളുടെ നൂല്‍പ്പാലങ്ങളിലൂടെ വാക്കുകളുടെ ഇക്കോസിസ്റ്റത്തില്‍ നടക്കുന്ന ഈ കവിതകള്‍ക്ക് സ്വന്തം കുരയുണ്ട്.

Monday, February 25, 2013

സോര്‍ബാ ദി ഗ്രീക്ക്

പുസ്തകം : സോര്‍ബാ ദി ഗ്രീക്ക്
രചയിതാവ് : നിക്കോസ് കസാന്‍ദ്സാക്കീസ്
പ്രസാധനം :

അവലോകനം : കെ.എ.ബീനചില പുസ്തകങ്ങള്‍ ഓരോ വായനയിലും ഓരോ അനുഭവമാണ് നല്‍കാറ്. കോളേജ് ജീവിതകാലത്ത് വായിച്ച പല പുസ്തകങ്ങളും ഇപ്പോള്‍ വായിക്കുമ്പോള്‍ മുമ്പ് വായിച്ചിട്ടുണ്ടോ എന്ന് തോന്നുന്ന മട്ടില്‍ വ്യത്യസ്ഥത പകരാറുണ്ട്. അന്ന് കണ്ടു മുട്ടിയ, വായിച്ച് മനസ്സില്‍ ചേക്കേറിയ കഥാപാത്രങ്ങള്‍ക്കൊക്കെ മറ്റൊരു ഭാവം, മറ്റൊരു മികവ്.

നിക്കോസ് കസാന്‍ദ്സാക്കീസിന്റെ ''സോര്‍ബാ ദി ഗ്രീക്ക്'' വീണ്ടും വായിക്കാന്‍ തീരുമാനിച്ചത് ഓഷോയുടെ 'സോര്‍ബാ ദി ബുദ്ധ' വായിച്ചതോടെയാണ്. ഒരാള്‍ സോര്‍ബ ആകുന്നതിലൂടെ ബുദ്ധനാകാനുള്ള വഴി സുഗമമാക്കുമെന്ന് ഓഷോ എഴുതിയത് വായിച്ചപ്പോള്‍ 'സോര്‍ബാ ദി ഗ്രീക്ക്' വീണ്ടും വായിക്കാന്‍ തോന്നി. പുതിയ വായന പുതിയൊരു സോര്‍ബയോ കാട്ടിത്തന്നു- കഥ പറയുന്ന ആളിനും പുതിയ മാനങ്ങള്‍! 1946ലാണ് സോര്‍ബാ ദി ഗ്രീക്ക് പ്രസിദ്ധീകരിക്കപ്പെടുന്നത്.
ജീവിതത്തെക്കുറിച്ച്, മനുഷ്യാവസ്ഥകളെക്കുറിച്ച്. സന്തോഷങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിപ്പിക്കുന്ന പുസ്തകം എന്ന നിലയില്‍ നാളിതു വരെ ലോകമെങ്ങുമുള്ള ഒട്ടേറെ വായനക്കാരുടെ പ്രിയ പുസ്തകമാണ് ''സോര്‍ബാ ദി ഗ്രീക്ക്''.

ജീവിതത്തെക്കുറിച്ചുള്ള ഒരു പുസ്തകം, എങ്ങനെയാണിത് ജീവിച്ച് തീര്‍ക്കേണ്ടത് എന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഉത്തരങ്ങള്‍ കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന പുസ്തകം.. ജീവിതമേല്‍പ്പിക്കുന്ന ആഘാതങ്ങളെ, നേരിടേണ്ടി വരുന്ന പരാജയങ്ങളെ ഇരുളുകളെ മറി കടന്ന് വെളിച്ചത്തിലേക്ക് കടന്നു. ചെല്ലേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്ന പുസ്തകം ഏത് കൊടും തകര്‍ച്ചയ്‌ക്കൊടുവിലും നൃത്തം ചെയ്യുന്ന സോര്‍ബ ഒരിക്കലും മറക്കാനാവാത്ത ഒരു കഥാപാത്രം തന്നെയാണ്. നൃത്തം ചെയ്യാനാണ് സോര്‍ബ ആവശ്യപ്പെടുന്നത്. എപ്പോഴും നൃത്തം ചെയ്തുകൊണ്ടേയിരിക്കുന്ന പ്രപഞ്ചത്തില്‍ നമ്മളും ആനന്ദനൃത്തം ചെയ്യണമെന്ന്. കണികകളുടെ ഉള്ളിലെ ഇലക്‌ട്രോണുകളുടെ നൃത്തം, ശിവതാണ്ഡവം - സോര്‍ബയുടെ നൃത്തം സ്മരിപ്പിക്കുന്നത് പ്രപഞ്ചനൃത്തത്തെ തന്നെയാണ്. നൃത്തം എന്നത് ശാരീരിക തലത്തിനപ്പുറത്തേക്ക് സംക്രമിച്ച് പ്രപഞ്ചവുമായി സംയമനത്തിലാവുന്ന അവസ്ഥയാണ് സോര്‍ബ കാഴ്ചവയ്ക്കുന്നത്. എത്രത്തോളം നൃത്തം ചെയ്യാമോ അത്രത്തോളം, മറക്കുക, പൊറുക്കുക ജീവിതദുര്‍ഘടങ്ങളെ.

കഥ പറയുന്നയാള്‍ ഗ്രീക്ക് ബുദ്ധിജീവിയാണ്. 1930കളിലാണ് കഥ നടക്കുന്നത്. പുസ്തകപ്പുഴുവെന്ന് കളിയാക്കപ്പെടുന്ന കഥ പറച്ചിലുകാരന്‍ കുറച്ചുമാസക്കാലത്തേക്ക് പുസ്തകങ്ങളില്‍ നിന്ന് ഒഴിഞ്ഞ് ക്രെറ്റ് എന്ന സ്ഥലത്ത് ഒരു ലിഗ്‌നൈറ്റ് ഖനി തുറക്കാന്‍ വേണ്ടി പോകുകയാണ്. ഉപയോഗിക്കാതെ കിടന്ന ലിഗ്‌നൈറ്റ് ഖനി പുനപ്രവര്‍ത്തിപ്പിക്കുന്നതിലൂടെ കൃഷിക്കാരുടെയും തൊഴിലാളികളുടെയും ഒപ്പമുള്ള ജീവിതം അനുഭവിക്കാമെന്നും അയാള്‍ കരുതുന്നു. വഴിക്കുവെച്ച് അയാള്‍ക്ക് ഒരു കൂട്ടുകാരനെ കിട്ടുന്നു- അലക്‌സി സോര്‍ബ എന്ന് പേരുള്ള അയാള്‍ നല്ലൊരു പാചകക്കാരനാണെന്നും, ഖനിത്തൊഴിലാളിയാണെന്നും, സന്തൂരി എന്ന സംഗീതോപകരണം നന്നായി വായിക്കാന്‍ അറിയുന്ന ആളാണെന്നും കഥാകാരനെ അറിയിക്കുന്നു. സോര്‍ബയുടെ സംസാരത്തിലും ആകര്‍ഷണീയമായ ജീവിത ചിന്തകളിലും ആകൃഷ്ടനായകഥാകാരന്‍ തന്റെ ഖനിയുടെ ചുമതലക്കാരനായി അയാളെ അപ്പോള്‍തന്നെ നിയമിക്കുന്നു. ക്രെറ്റിലേക്കുള്ള യാത്രാവേളയിലുടനീളം സോര്‍ബ സംസാരിച്ചു കൊണ്ടേയിരിക്കുകയാണ്.

''മനുഷ്യന്റെ ഉദ്ദേശ്യം ആനന്ദമാണ്. ജ്ഞാനമോ അറിവോ ഒന്നുമല്ല പ്രധാനം - അനന്തമായ, അപൂര്‍വ്വമായ ഒരതിശയം- അങ്ങനെ ജീവിതത്തെ കാണാന്‍ കഴിയുകയാണ്.'' സോര്‍ബയില്‍ നിന്നു കേട്ട കാര്യങ്ങള്‍ കഥാകാരന് പുതുമകളേകി. ഒരു ഗ്ലാസ് വൈനില്‍, വറുത്ത ഒരു അണ്ടിപ്പരിപ്പില്‍, കടലിന്റെ ശബ്ദത്തില്‍ സോര്‍ബ ആനന്ദം കണ്ടെത്തി. ഈ നിമിഷത്തില്‍ പൂര്‍ണമായി ജീവിക്കുക മാത്രമാണ് കാര്യമെന്ന് സോര്‍ബ പ്രസ്താവിച്ച് കൊണ്ടേയിരുന്നു.
ക്രെറ്റിലെത്തി, ഖനിയുടെ പണികള്‍ ആരംഭിച്ചപ്പോള്‍ സോര്‍ബ കഥാകാരന്റെ സോഷ്യലിസ്റ്റ് ആദര്‍ശങ്ങളെ തള്ളിക്കളഞ്ഞു. മനുഷ്യനോട് പെരുമാറുന്നതിന് സോര്‍ബയ്ക്ക് തന്റേതായ തത്വശാസ്ത്രങ്ങള്‍ ഉണ്ടായിരുന്നു.

''മനുഷ്യന്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒരാളാണ്. അവനോട് ക്രൂരമായി പെരുമാറിയാല്‍ അവന്‍ നിങ്ങളെ ബഹുമാനിക്കും, ഭയക്കും. ദയവ് കാട്ടിയാലോ, കണ്ണു കുത്തിപ്പറിക്കും'' ഏതു കാര്യവും നൂറുശതമാനം ആത്മാര്‍ത്ഥമായി ചെയ്യുന്നതും, ഏതു നിമിഷത്തിലും ഏതു സാഹചര്യത്തിലും പൂര്‍ണമായി മുഴുകുന്നതുമാണ് തന്റെ രീതിയെന്ന് സോര്‍ബ പലവട്ടം പ്രസ്താവിക്കുന്നുണ്ട്, അതുപോലെ പെരുമാറുന്നുമുണ്ട്. ജോലിക്കിടയില്‍ ശല്യപ്പെടുത്താന്‍ സോര്‍ബ ഇഷ്ടപ്പെട്ടിരുന്നില്ല. അതേസമയം വിശ്രമവേളയില്‍ സോര്‍ബ കഥാകാരനോട് വാതോരാതെ സംസാരിച്ച്‌കൊണ്ടേയിരുന്നു. ജീവിതവും മതവും മരണവും, ഭൂതവും ഭാവിയുമൊക്കെ.... കഥാകാരന്‍ അന്നേവരെ വായനയിലൂടെ അറിഞ്ഞിരുന്നതിനേക്കാള്‍ എത്രയോ ഇരട്ടി സോര്‍ബ ജീവിതാനുഭവങ്ങളിലൂടെ അറിഞ്ഞിട്ടുണ്ടെന്ന് അമ്പരക്കുന്നു.സോര്‍ബയില്‍ നിന്നും ചുറ്റുപാടുമുള്ള ജീവിതത്തില്‍ നിന്നും കഥാകാരന്‍ മാനവികതയെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും പുതിയ പാഠങ്ങള്‍ പഠിക്കുന്നു. ജീവിതത്തെ വിവിധ കാഴ്ചപ്പാടുകളിലൂടെ കാണാന്‍ ഈ പുസ്തകം അവസരമൊരുക്കുന്നു. ശരിതെറ്റുകള്‍ക്കപ്പുറത്ത് അനുഭവങ്ങളുടെ തലങ്ങളില്‍ ജീവിതത്തെ പ്രതിഷ്ഠിക്കുകയാണ് കസാന്‍ദ് സാക്കീസ്.


സോര്‍ബയും കഥാകാരനും തികച്ചും വ്യത്യസ്തമായ ജീവിത വീക്ഷണങ്ങളാണ് കാഴ്ചവെക്കുന്നത്. ജീവിത രതിയില്‍ മുഴുകുകയാണ് സോര്‍ബ. കഥാകാരനാകട്ടെ യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറത്ത് നിന്ന് ജീവിതത്തെ നോക്കിക്കാണാനാണ് ശീലിച്ചിരിക്കുന്നത്. സോര്‍ബ പലതും പഠിപ്പിക്കുന്നു. ബുദ്ധനെക്കുറിച്ചുള്ള പുസ്തകം എഴുതാന്‍ കഥാകാരന് പ്രചേദനം നല്കുന്നത് സോര്‍ബയുടെ സാന്നിദ്ധ്യമാണ്. വ്യത്യസ്തമായ രണ്ട് വ്യക്തിത്വങ്ങളെ അവതരിപ്പിക്കുന്നതിലൂടെ ജീവിത വൈരുദ്ധ്യങ്ങളെയാണ് കസാന്‍ ദ് സാക്കീസ് അവതരിപ്പിക്കുന്നത്. തികച്ചും ഒരു കാര്യത്തിലും പൊരുത്തമില്ലാത്തവരാണ് സോര്‍ബയും കഥാകാരനും. പക്ഷെ അവര്‍ അന്യോന്യം വളരെയേറെ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഒരാള്‍ക്ക് മറ്റേയാളില്ലാതെ ജീവിക്കാനാവില്ല.

പ്രപഞ്ചത്തിലെ വൈരുദ്ധ്യങ്ങള്‍ സഹജമാണെന്നും അവയെ ഉള്‍ക്കൊള്ളുന്നതിലൂടെയാണ് ജീവിതത്തിന് സന്തുലനാവസ്ഥ കൈവരിക്കാനാവുന്നത് എന്നും ചിന്തിക്കാതിരിക്കാനാവില്ല. സോര്‍ബ സ്ത്രീകളെക്കുറിച്ച് പറയുന്ന ഭാഗങ്ങളും അഭിപ്രായങ്ങളും സ്ത്രീകള്‍ക്ക് അലോസരമുണ്ടാക്കുന്നവയാണെന്ന് പറയാതെ വയ്യ. സ്ത്രീയെ ലൈംഗികചോദനകള്‍ക്കുള്ള ശരീരം മാത്രമായി കാണുന്ന സോര്‍ബയുടെ രീതി ഒരു സ്ത്രീയെന്ന നിലയില്‍ വല്ലായ്മയുണ്ടാക്കുന്നതാണ്. പുരുഷനോടൊട്ടി നില്‍ക്കുമ്പോഴേ സ്ത്രീക്ക് സന്തോഷമുള്ളൂ എന്ന സോര്‍ബയുടെ ചിന്തകള്‍ യാഥാസ്ഥിതികമാണെന്ന് പറയാതെ വയ്യ. കസാന്‍ദ് സാക്കീസിന്റെ എഴുത്തിന്റെ മാസ്മരികതയും ' സോര്‍ബ ദി ഗ്രീക്കി'നെ പ്രിയതരമാക്കുന്നു. ജീവിതം പൂര്‍ണമായി ജീവിക്കാനും പ്രപഞ്ചത്തോടൊത്ത് ചേര്‍ന്ന് ആനന്ദനൃത്തം ചെയ്യുവാനും ഈ പുസ്തകം നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ഓരോ മനുഷ്യനും അവനവന്റെ ഉള്ളിലേക്ക് നോക്കാനും സ്വന്തം ആനന്ദം കണ്ടെത്താനും ശ്രമിക്കണമെന്ന വലിയ പാഠവും ഇതിലുണ്ട്.

ലളിതമായി, വ്യത്യസ്തമായി, സുതാര്യമായി ജീവിക്കാനുള്ള പ്രേരണ നല്‍കുന്നതാണ് ഈ ഗ്രീക്ക് പുസ്തകം. സോര്‍ബാ ദി ഗ്രീക്ക് 1964-ല്‍ ചലച്ചിത്രമാക്കപ്പെട്ടു. നോവലിന്റെ ഭംഗി ചോര്‍ന്നുപോകാതെ നിര്‍മ്മിക്കപ്പെട്ട ഈ സിനിമയില്‍ സോര്‍ബായായി അഭിനയിച്ചത് പ്രശസ്ത നടന്‍ ആന്റണി ക്വിന്‍ ആണ്. ആന്റണി ക്വന്നിന്റെ സോര്‍ബയെ മറക്കുക പ്രയാസം തന്നെ.

Thursday, February 21, 2013

സാക്ഷ്യപത്രങ്ങൾ

പുസ്തകം : സാക്ഷ്യപത്രങ്ങള്‍
പുസ്തകം : സാക്ഷ്യപത്രങ്ങൾ
രചന : ഒരു കൂട്ടം എഴുത്തുകാർ

പ്രസാധനം : സീയെല്ലെസ് ബുക്ക്‌സ്
അവലോകനം : മനോരാജ്
സി
യെല്ലസ് ബുക്സ് പ്രസിദ്ധീകരിച്ച ഒരു കൂട്ടം കഥാകൃത്തുക്കളുടെ കഥകള്‍ അടങ്ങിയ സമാഹാരമാണ് 'സാക്ഷ്യപത്രങ്ങൾ‍'. 20 കഥകളടങ്ങിയ ഒരു സമാഹാരമാണ്‌ സാക്ഷ്യപത്രങ്ങള്‍. രവിയുടെ 'കത്തുകള്‍ എന്നോട് പറഞ്ഞത്', രാജേഷിന്റെ 'ലിമിയയുടെ യാത്രകള്‍', വര്‍ക്കല ശ്രീകുമാറിന്റെ 'ആത്മഹത്യയ്കൊരു പരസ്യവാചകം', ജിന്‍ഷ്യ ജമാലിന്റെ 'പ്രളയം'. നിലവാരം ഉള്ള കഥകള്‍ ഒട്ടേറെയുണ്ട് സാക്ഷ്യപത്രങ്ങളില്‍. ബ്ലോഗിലൂടെയും മറ്റും എഴുതുന്ന എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്‌. കഥകള്‍ പലതും ബ്ലോഗുകളില്‍ പ്രസിദ്ധീകരിച്ചവയായത് കൊണ്ട് തന്നെ അവയെ കുറിച്ച് കൂടുതല്‍ പ്രദിപാദിക്കുന്നില്ല. പുസ്തകത്തിന്റെ ലേഔട്ട് അത്ര മനോഹരമായില്ല എന്ന് പറയേണ്ടി വരും. പല എഴുത്തുകാരുടെയും ഫോട്ടോകള്‍ അവ്യക്തമായി പോയി. എന്നിരിക്കലും ഉള്ളടക്കം ആണ്‌ പുസ്തകത്തിന്റെ മികവ് നിര്‍ണ്ണയിക്കുക എന്നത് കൊണ്ട് സിയെല്ലെസിന്റെ ശ്രമം അഭിനന്ദനമര്‍ഹിക്കുന്നു.

Monday, February 18, 2013

ഫസ്റ്റ്‌ ഡ്രാഫ്‌റ്റ്‌- വിറ്റ്‌നെസ്‌ റ്റു ദ മേക്കിങ്‌ ഓഫ്‌ മോഡേണ്‍ ഇന്ത്യ

പുസ്തകം : ഫസ്റ്റ്‌ ഡ്രാഫ്‌റ്റ്‌- വിറ്റ്‌നെസ്‌ റ്റു മേക്കിങ്‌ ഓഫ്‌ മോഡേണ്‍ ഇന്ത്യ
രചയിതാവ് : ബി.ജി.വര്‍ഗീസ്‌
പ്രസാധകര്‍ : ട്രാന്‍ക്വിബര്‍
അവലോകനം : ബിജു.സി.പി


സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച്‌ അറിയാന്‍ സഹായിക്കുന്ന പുസ്‌തകങ്ങള്‍ ഏറെയൊന്നുമില്ല നമുക്ക്‌. അത്‌ ഒരരര്‍ഥത്തില്‍ സമകാലിക ചരിത്രമാണ്‌. മഹാഭാരതത്തിലെ വിദൂരരെപ്പോലെ ചരിത്രത്തിനു ദൃക്‌സാക്ഷി വിവരണം നല്‍കുന്നവരാണ്‌ പത്രപ്രവര്‍ത്തകര്‍. ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന പത്രപ്രവര്‍ത്തകരിലൊരാളും പത്രപ്രവര്‍ത്തനം എന്ന പ്രൊഫഷന്‌ കുലീനതയും ഗരിമയും പകര്‍ന്ന ആചാര്യനുമാണ്‌ മലയാളിയായ ബി.ജി.വര്‍ഗീസ്‌. അദ്ദേഹത്തിന്റെ ആത്മകഥയാണ്‌ ഫസ്റ്റ്‌ ഡ്രാഫ്‌റ്റ്‌- വിറ്റ്‌നെസ്‌ റ്റു മേക്കിങ്‌ ഓഫ്‌ മോഡേണ്‍ ഇന്ത്യ എന്ന ബൃഹത്‌ ഗ്രന്ഥം. സ്വതന്ത്ര ഇന്ത്യയുടെ രൂപീകരണത്തിന്റെ ചരിത്രം തന്നെയാണ്‌ ബി.ജി.വര്‍ഗീസിന്റെ ജീവചരിത്രം. പത്രപ്രവര്‍ത്തനം പലപ്പോഴും ഇന്‍സ്‌റ്റന്റ്‌ ചരിത്രം ആണെന്ന്‌ അദ്ദേഹം പറയുന്നു. ഒരു കോളമിസ്‌റ്റിന്റെ അല്ലെങ്കില്‍ ലേഖകന്റെ മാത്രം കണ്ണിലൂടെയുള്ള കാഴ്‌ച. കാഴ്‌ച ബി.ജി. വര്‍ഗീസിനെപ്പോലൊരാളുടേതാകുമ്പോളാണ്‌ അത്‌ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാകുന്നത്‌.

കേംബ്രിജ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ബിരുദം നേടി സിവില്‍ സര്‍വീസിലേക്കു പോകണോ അധ്യാപനത്തിലേക്കു തിരിയണോ എന്ന്‌ ആലോചിച്ചിരുന്ന ബി.ജി.വര്‍ഗീസ്‌ എത്തിപ്പെട്ടത്‌ ഡല്‍ഹിയില്‍ ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ പത്രാധിപ സമിതിയിലാണ്‌. അവിടെ 17 വര്‍ഷത്തെ സ്‌തുത്യര്‍ഹമായ പ്രവര്‍ത്തനം. ചിട്ടയുള്ള പ്രവര്‍ത്തനവും ആദരണീയമായ നിലപാടുകളും ദീര്‍ഘവീക്ഷണത്തോടെയുള്ള അഭിപ്രായപ്രകടനങ്ങളുമായി ടൈംസ്‌ ഓഫ്‌ ഇന്ത്യയില്‍ വ്യത്യസ്‌തനായി നിന്ന വര്‍ഗീസിന്റെ കര്‍മശേഷി രാജ്യത്തിനാവശ്യമാണെന്ന്‌ തീരുമാനിച്ചത്‌ ഇന്ദിരാഗാന്ധിയായിരുന്നു. അങ്ങനെയാണ്‌ അദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തിച്ചേര്‍ന്നത്‌. ആദ്യഘട്ടങ്ങളില്‍ വര്‍ഗീസിന്റെ കാഴ്‌ചപ്പാടുകള്‍ ഇന്ദിരാ ഗാന്ധിക്ക്‌ തുണയും കരുത്തുമായിരുന്നു. എന്നാല്‍ അധികാരം ഇന്ദിരാഗാന്ധിയുടെ കാഴ്‌ചപ്പാടുകളെ മാറ്റിമറിക്കുന്നതു കണ്ടറിഞ്ഞപ്പോള്‍ വര്‍ഗീസ്‌ അധികാരത്തിന്റെ അകത്തളങ്ങളില്‍ നിന്ന്‌ ബഹിഷ്‌കൃതനായി. പ്രധാനമന്ത്രിയോട്‌ വ്യക്തിസൗഹൃദത്തോടെ പെരുമാറിയിരുന്ന ബിജി വര്‍ഗീസ്‌ അടിയന്തരാവസ്ഥയുടെ ഏറ്റവും വലിയ വിമര്‍ശകനായി മാറിയത്‌ സ്വാഭാവികമായിരുന്നു. അടിയന്താരാവസ്ഥയില്‍ പത്രപ്രവര്‍ത്തനത്തിനു വിലക്കു വന്നപ്പോള്‍ മുഖപ്രസംഗത്തിനുള്ള ഇടം ശൂന്യമാക്കി ഇട്ടുകൊണ്ടാണ്‌ ബി.ജി.വര്‍ഗീസ്‌ പത്രമിറക്കിയത്‌. എഴുതിയ വാക്കുകളെക്കാള്‍ എത്രയോ കരുത്തുറ്റതായിരുന്നു മുഴങ്ങുന്ന മൗനം.

തന്റെ ജനനത്തെക്കുറിച്ചു പറയുമ്പോള്‍ പോലും പത്രപ്രവര്‍ത്തനത്തിന്റെ രീതികളെക്കുറിച്ചാണ്‌ വിവരിക്കുന്നത്‌. ലഫ്‌റ്റ്‌നന്റ്‌ കേണല്‍ വര്‍ഗീസിന്റെയും അന്നമ്മ വര്‍ഗീസിന്റെയും മകനായി 1927 ജൂണ്‍ 21ന്‌ ബി.ജി.വര്‍ഗീസ്‌ ജനിച്ചു. അന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ ഒന്നാംപേജില്‍ നിറയെ വിവിധ പരസ്യങ്ങളായിരുന്നു എന്ന വിവരം കണ്ടെടുത്ത്‌ പത്രപ്രവര്‍ത്തനത്തിലെ അന്നത്തെ രീതികളെക്കുറിച്ചു വിവരിക്കുന്നു അദ്ദേഹം. വര്‍ഗീസിന്‌ 20 വയസ്സുള്ളപ്പോളാണ്‌ ഇന്ത്യ സ്വതന്ത്രയാകുന്നത്‌. അന്ന്‌ ബ്രിട്ടനില്‍ വിദ്യാര്‍ഥിയായിരുന്നു വര്‍ഗീസ്‌. 1949ല്‍ അദ്ദേഹം തിരികെയെത്തുമ്പോള്‍ അച്ഛനമ്മമാര്‍ തിരുവല്ലയിലെ കുടുംബവീടായ മുത്തൂര്‍ വില്ലയിലേക്ക്‌ എത്തിയിരുന്നു. വര്‍ഗീസാകട്ടെ കേരളത്തിലൊന്നു വന്നിട്ട്‌ നേരേ ബോംബെയിലേക്കു പോയി. അവിടെ നിന്ന്‌ 1951ല്‍ ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെ ന്യൂഡെല്‍ഹി ബ്യൂറോയില്‍ സ്‌പെഷല്‍ കറസ്‌പോണ്ടന്റ്‌ ആയി ചേര്‍ന്ന വര്‍ഗീസ്‌ പിന്നീടങ്ങോട്ട്‌ ആധുനിക ഇന്ത്യയുടെ രൂപീകരണത്തിനു ദൃക്‌സാക്ഷിയായി. 1951ലെ സെന്‍സസില്‍ ഇന്ത്യയുടെ ജനസംഖ്യ അപകകരമായ തോതിലേക്കു വളരുന്നതു കണ്ട്‌ നാം രണ്ട്‌ നമുക്കു രണ്ട്‌ എന്ന മുദ്രാവാക്യവുമായി കുടുംബാസൂത്രണം നടപ്പിലായതും 1962ലെ ഇന്ത്യാ ചൈനാ യുദ്ധത്തിലേക്കു വളര്‍ന്ന സംഭവങ്ങളുടെ നാടകീയതയുമൊക്കെ വര്‍ഗീസ്‌ രസകരമായും ലളിതമായും വിവരിക്കുന്നു.

1966 മുതല്‍ രണ്ടു വര്‍ഷത്തോളം പ്രധാനമന്ത്രിയുടെ ഓഫീസില്‍ ബി.ജി.വര്‍ഗീസ്‌ ഉണ്ടായിരുന്നു. എന്നാല്‍ അവിടെ കിച്ചന്‍ കാബിനറ്റ്‌ രൂപപ്പെടുത്തി കളികള്‍ നടത്തുന്നതിനല്ല, മറിച്ച്‌ പരമാവധി ശേഷി ഉപയോഗിച്ച്‌ ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനാണ്‌ ബി.ജി.വര്‍ഗീസ്‌ ശ്രമിച്ചത്‌. പിന്നീടങ്ങോട്ടുള്ള രാഷ്ട്രീയമാറ്റങ്ങളിലും ദേശീയസംഭവങ്ങളിലും അദ്ദേഹം കുറേക്കൂടി അടുത്തു നിന്നു പങ്കാളിയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു വിട്ടശേഷം 1969 ജനവരി ഒന്നിന്‌ വര്‍ഗീസ്‌ ഹിന്ദുസ്ഥാന്‍ ടൈംസില്‍ ചേര്‍ന്നു. പ്രധആനമന്ത്രി സ്‌തുതിപാഠകരുടെയും കോക്കസ്സിന്റെയും പിടിയില്‍ പെടുകയും ഇന്ത്യന്‍ രാഷ്ട്രീം അടിയന്തരാവസ്ഥയുടെ ഇരുട്ടിലേക്കു പതിക്കുകയും ചെയ്‌തു. അടിയന്തരാവസ്ഥയ്‌ക്കു ശേഷം ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി തിരുവല്ലയില്‍ മല്‍സരിച്ചു അദ്ദേഹം. ഇഎംഎസ്‌ ഉള്‍പ്പെടെയുള്ളവരുടെ നിര്‍ബന്ധത്തില്‍ അടിയന്തരാസ്ഥയ്‌ക്കെതിരെ പടപൊരുതിയ ഇന്ത്യയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇന്ത്യന്‍ ജനതയ്‌ക്കൊപ്പമുള്ള തന്റെ നിലപാട്‌ ഒരിക്കല്‍ക്കൂടി വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ കേരളമൊന്നടങ്കം ഇന്ദിരയെയും കോണ്‍ഗ്രസിനെയും പിന്തുണയ്‌ക്കുകയായിരുന്നു. എന്നാല്‍ അന്ന്‌ തിരുവല്ലയില്‍ താന്‍ തോറ്റില്ലെന്ന്‌ അടുത്തിടെയും ബി.ജി.വര്‍ഗീസ്‌ പറഞ്ഞിരുന്നു. ഒരു നിലപാടിന്റെ പേരിലാണ്‌ അന്ന്‌ സ്ഥാനാര്‍ഥിയായത്‌. നിലപാട്‌ ശരിയായിരുന്നു എന്ന്‌ കാലം തെളിയിക്കുകയും ചെയ്‌തു.

ഇന്ത്യയില്‍ ഡവലപ്‌മെന്റ്‌ ജേണലിസത്തിനു തുടക്കം കുറിച്ചതും ഇന്ത്യന്‍ ഗ്രാമങ്ങളിലാണ്‌ വാര്‍ത്തയുടെ അക്ഷയഖനികളുള്ളത്‌ എന്നു തിരിച്ചറിയുകയും ചെയ്‌തത്‌ കേംബ്രിജില്‍ പഠിച്ച പക്കാ നാഗരികനായിരുന്നു. ഹരിയാനയിലെ റോത്തേക്കിലുള്ള ഛത്തേര ഗ്രാമത്തെക്കുറിച്ച്‌ നമ്മുടെ ഗ്രാമം ഛത്തേര എന്ന പേരില്‍ തുടങ്ങി. ഗ്രാമജീവിത ചിത്രീകരണങ്ങള്‍ ആഗോള പത്രപ്രവര്‍ത്തന ചരിത്രത്തില്‍ തന്നെ സ്ഥാനം പിടിച്ചു. ഇന്ത്യന്‍ ഗ്രാമങ്ങളുടെ യഥാര്‍ഥ മുഖങ്ങളെക്കുറിച്ച്‌, ഇന്ത്യയിലെ നദീ ജലസമ്പത്തിനെക്കുറിച്ച്‌ ഇന്ത്യയില്‍ നയങ്ങള്‍ രൂപപ്പെടുന്നതിനെക്കുറിച്ച്‌ ഒക്കെ സമഗ്രജ്ഞാനമുള്ള ബി.ജി.വര്‍ഗീസ്‌ വടക്കു കിഴക്കേ ഇന്ത്യയുടെ പ്രശ്‌നങ്ങളെക്കുറിച്ചും കാര്യമായി പഠിച്ചിട്ടുണ്ട്‌. രാജകുമാരനെപ്പോലെ ജനിച്ച്‌ രാജാവിനെപ്പോലെ ജീവിക്കാന്‍ കഴിയുമായിരുന്ന വര്‍ഗീസ്‌ ഏറ്റവും സാധാരണക്കാരനായാണ്‌ ജീവിച്ചത്‌. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്യുമ്പോള്‍ മുറി എയര്‍കണ്ടീഷന്‍ ചെയ്യുന്നതിനെക്കുറിച്ചു സംസാരിച്ച മേലധികാരിയോട്‌ എനിക്കു വേണ്ടത്‌ എസിയല്ല ഒരു ടൈപ്പ്‌ റൈറ്ററാണ്‌ എന്നു പറയാനുള്ള ആര്‍ജവം വര്‍ഗീസിനുണ്ടായിരുന്നു.

വര്‍ഗീസിനെപ്പോലുള്ള വലിയ മനുഷ്യര്‍ വ്യക്തി ജീവിതത്തില്‍ പുലര്‍ത്തിയ ആര്‍ജവമാണ്‌ ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്‌ അന്തസ്സും ആഭിജാത്യവും പകര്‍ന്നത്‌. അതേ ആഭിജാത്യവും കുലീനതയും ലാളിത്യവുമാണ്‌ ആത്മകഥയിലുമുള്ളത്‌. ആരെക്കുറിച്ചെങ്കിലുമുള്ള പകയോ വിദ്വേഷമോ പ്രസരിപ്പിക്കുന്നില്ല ഫസ്റ്റ്‌ ഡ്രാഫ്‌റ്റ്‌ എന്ന പുസ്‌തകം. സ്‌കൂള്‍ കുട്ടികള്‍ക്കു കൂടി വായിച്ചു മനസ്സിലാക്കാവുന്നത്ര ലളിതവും തുടര്‍ന്നു വായിക്കാന്‍ പ്രേരിപ്പിക്കും വിധം സുന്ദരവുമാണ്‌ ഭാഷ. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രവും രാഷ്ട്രീയ വിശദാംശങ്ങളും അറിയാനാഗ്രഹിക്കുന്നവര്‍ക്ക്‌ വലിയൊരനുഗ്രഹമാണ്‌ പുസ്‌തകം.(പേജ്‌ :573,വില :695)

Wednesday, February 13, 2013

മീരയുടെ കഥകള്‍

പുസ്തകം : മീരയുടെ കഥകള്‍
രചയിതാവ് : കെ.ആര്‍.മീര
പ്രസാധകര്‍ : കറന്റ് ബുക്സ്, തൃശൂര്‍
അവലോകനം : അനാമിക
ദിവസങ്ങളിലെ വായനകളിലും ചര്‍ച്ചകളിലും ഏറെ  കേട്ട ഒരു പേരായിരുന്നു എഴുത്തുകാരി മീരയുടെത് . ഇലഞ്ഞി പോസ്റ്റ്‌ ചെയ്ത കഥ ' ഓര്‍മ്മയുടെ ഞരമ്പുകള്‍ ' വായിച്ചപ്പോള്‍ മുതല്‍ മീരയൊരു സ്വപ്നമാകുകയായിരുന്നു . പിന്നീട് മനോജ്‌  , ബിനു എന്നിവരുടെ അഭിപ്രായങ്ങള്‍ കൂടി അറിഞ്ഞപ്പോള്‍ പിറ്റേന്ന് തന്നെ മീരയെ തേടിയിറങ്ങി ഞാന്‍ .

വല്ലാത്തൊരു ആകാംക്ഷയോടെയാണ് വായിക്കാനിരുന്നത് . ' മീരയുടെ കഥകള്‍ ' എന്ന സമാഹാരത്തിലെ ഇരുപത്തിയാറു കഥകള്‍ ആണ് ഈ പോസ്റ്റിനു അടിസ്ഥാനം . മനോഹരമായ , വ്യത്യസ്തവായന സമ്മാനിച്ച ഈ കഥകള്‍ നിങ്ങള്ക്ക് കൂടി  വേണ്ടി പങ്കുവെച്ചിലെങ്കില്‍ ഒരു പക്ഷെ എന്റെ വായന പൂര്‍ണമാകില്ല . ഞാനിവിടെ പറയുന്നത് അതിലെന്നെ ഏറെ ആകര്‍ഷിച്ച അഞ്ചു കഥകളെ കുറിച്ചാണ് . സ്വപ്നം കാണുംപോലൊരു നിര്‍വൃതിയോടെ വായിച്ചു തീര്‍ത്തും ഏറെ ഇഷ്ടമായതും  ' ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍ ' ആണ്  . ഇനി  എഴുത്തുക്കാരിയെ കുറിച്ചും കഥയെക്കുറിച്ചും പറയട്ടെ ഞാന്‍. (ഈ കാഴ്ചപ്പാടുകള്‍ എന്റെ വായനയുടെ പരിമിതിയില്‍ ഞാന്‍ കണ്ട ചില നുറുങ്ങുകള്‍ ആണ് . മീരയെ എഴുതുവാന്‍ മാത്രം ഞാനാളല്ല . ക്ഷമിക്കുക , ഏവരും .)


നല്ല എഴുത്തുക്കാരിയുടെ  കയ്യൊപ്പുപ്പതിഞ്ഞ കുറെയേറെ കഥകള്‍ വായിക്കാന്‍ കഴിയുക എന്നുള്ളതൊരു സൌഭാഗ്യമാണ് . പലപ്പോഴും വിരസമായി പോയേക്കാവുന്ന ചെറുകഥകള്‍ക്കു  മുമ്പില്‍ വായനക്കാരെ പിടിച്ചിരുതണമെങ്കില്‍ അത്രയേറെ വായനക്കാരനെ  മോഹിപ്പിക്കുന്ന ഘടകം അതിലുണ്ടാകണം . ' കെ.ആര്‍ .മീരയുടെ കഥകള്‍ ' എന്ന സമാഹാരത്തില്‍ ഒന്നോ രണ്ടോ കഥകള്‍ ഒഴികെ ബാക്കിയെല്ലാം അത്തരമൊരു വായന സമ്മാനിക്കുന്നവയാണ് . കഥകള്‍ മുഴുവന്‍ വായിച്ചു കഴിഞ്ഞാല്‍ ശരിക്കും നമ്മള്‍ വിസ്മയപ്പെടും . 'മോഹമഞ്ഞ', 'ശൂര്‍പ്പണഖ', 'കരിനീല ', 'ഓര്‍മയുടെ ഞരമ്പ്' ,'ഏകാന്തതയുടെ നൂര്‍ വര്‍ഷങ്ങള്‍' ,തുടങ്ങിയ കഥകളിലൂടെ മൗലികമായൊരു വ്യക്തിത്വം മലയാള ഫിക്ഷനില്‍ സ്ഥാപിക്കുകയായിരുന്നു മീര.

ഗഹനമായ ജീവിതവീക്ഷണവും ഭാവതീഷ്ണതയാര്‍ന്ന ഭാഷാശൈലിയും വിശാലമായ അനുഭവസമ്പത്തും അപൂര്‍വ്വതയുളള ഇതിവൃത്തങ്ങളുമൊക്കെക്കൊണ്ട്‌ ശ്രദ്ധേയമായ കഥകള്‍ ആണ് മീരയുടെത്.  പത്രപ്രവര്‍ത്തനത്തിന്റെ അനുഭവസമ്പത്ത്‌ മീരയുടെ കഥാലോകത്തെ ഒട്ടൊന്നുമല്ല പോഷിപ്പിച്ചിട്ടുളളത്‌.മീരയുടെ ചെറുകഥകളില്‍ വലിയൊരുപങ്ക്‌ ഇതിവൃത്തത്തിന്റെ അപൂര്‍വ്വത കൊണ്ട്‌ ശ്രദ്ധിക്കപ്പെട്ടവയാണ്‌. അഥവാ ഇതിവൃത്തത്തിന്‌ അപൂര്‍വ്വത അവകാശപ്പെടാനില്ലെങ്കില്‍ ആഖ്യാനത്തില്‍ കൈവരിക്കുന്ന അപൂര്‍വ്വത കൊണ്ട്‌ ചില കഥകള്‍ ശോഭിക്കുന്നു.

പുതിയ ലോകത്തിലും പുതിയ കാലത്തിലും സ്ത്രീ അനുഭവിക്കേണ്ടിവരുന്ന വിവിധങ്ങളായ ജീവിത വ്യഥകളെ തീവ്രമായി ആവിഷ്കരിക്കുന്ന നിരവധികഥകള്‍ ഇന്നുണ്ടാകുന്നുണ്ട്. അതില്‍ നിന്നും വ്യത്യസ്തമായി ഇത് വെറുമൊരു കഥ അല്ല, അനുഭവമാണ്, സത്യങ്ങളാണ് എന്ന് വായനക്കാരന്റെ മനസ്സില്‍ തോന്നിപ്പിക്കാന്‍ കഥാകാരിക്ക് കഴിഞ്ഞിടുണ്ട് .  കഥ വായിക്കുമ്പോള്‍ മനസ്സിന് തുടര്‍ച്ചയായി മുറിവേല്‍ക്കുന്ന ആഖ്യാനം. കഥാകാരി, അവരുടെ തന്നെ വാക്കുകളില്‍, ഇപ്പോള്‍ കുരയ്ക്കുകയല്ല, ഗര്‍ജ്ജിക്കുകയാണ്. മീരയുടെ ഗര്‍ജ്ജനം ഈ സമൂഹത്തോടാണ്. 

രോഗവും പ്രണയവും കാമവും ചേർന്ന ഒരു കഥ വിടരുകയാണ്‌ 'മോഹമഞ്ഞ'യിൽ. അടിച്ചമർത്തപ്പെടുന്ന ആസക്തികളെയും സ്നേഹിക്കപ്പെടാതെ പോകുന്ന മനുഷ്യനെയും ഈ കഥ ചേർത്തുനിർത്തി കാണുന്നുണ്ട്‌.  "ജീവിതത്തിലാദ്യമായി കാണുകയാണെങ്കിലും പ്രണയബന്ധങ്ങളിൽ പതിവുള്ളതുപോലെ ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് അവളും ഇവളെ എപ്പോഴോ പരിചയപ്പെട്ടിട്ടുണ്ടല്ലോ എന്ന് അയാളും വിചാരിച്ചു."കഥയ്ക്കുള്ളിൽ തെളിയുകയും മറയുകയും ചെയ്യുന്ന വർണ്ണങ്ങൾ (മഞ്ഞ/ചാര നിറങ്ങൾ) സൃഷ്ടിക്കുന്ന വിനിമയഭംഗിയും കഥയുടെ വായനയിൽ നാം കാണണം. രോഗവും പ്രണയും കാമവും എത്ര ആഴത്തിലും കലാത്മകമായും ആണെന്നോ ഈ കഥയിൽ കൂടിക്കലരുന്നത്‌ . ‘മോഹമഞ്ഞ’യുടെ വിവര്‍ത്തനം ‘ശൂര്‍പ്പണഖ’ എന്ന പേരില്‍ തമിഴില്‍ പ്രസിദ്ധീകരിക്കപ്പെട്ടിടുണ്ട് .

ഒരു പെണ്ണിന്റേതു മാത്രമായ അനുഭവങ്ങളെ ഒരു പെണ്ണിനു മാത്രം കഴിയുന്ന രീതിയില്‍ വിവരിക്കുകയാണ് കരിനീലയില്‍ എഴുത്തുകാരി. കഥയുടെ ഭാഷ പൂര്‍ണമായും ലളിതമാണ്. ഒരു അനുഭവകഥനത്തിന്റെ രീതി, കേള്‍ക്കുന്നവരില്‍ നീറിപ്പിടിക്കുന്ന വാക്കുകളും വാചകങ്ങളും . കരിനീലയിലെ നായിക ആദ്യം സ്വന്തം പ്രണയം കണ്ടെത്തുന്നു. അപ്പോള്‍ തന്നെ അത് അല്പായുസ്സാണെന്നവള്‍ മനസ്സിലാക്കുന്നുമുണ്ട്. പ്രണയമാളുന്നതും കത്തിയൊടുങ്ങി വിരഹത്തിന്റെ മഞ്ഞു വീഴ്ചയിലവള്‍ തണുത്തു വിറയ്ക്കുന്നതും വായനയില്‍ നാം തുടര്‍ന്നു കാണുന്നു. അതിനിടയിലൂടെ അവള്‍ കടന്നുപോകുന്ന സ്ത്രൈണാനുഭവങ്ങളുടെ സത്യസന്ധമായ ഒരു ചിത്രം ഈ കഥയിലുണ്ട്.

സ്വന്തം ഇണയെ കണ്ടെത്തുന്ന പെണ്‍‌ജീവകോശങ്ങളുടെ തുടിപ്പ്, ആഗ്രഹം, ആസക്തി. ഇക്കാര്യങ്ങളെ പച്ചയ്ക്കിങ്ങനെ പറയാതെ ആലങ്കാരിക സാഹിത്യഭാഷയില്‍ പറയാനറിയാത്ത എഴുത്തുകാരിയല്ല മീര. പക്ഷേ , ഇവിടെ, ഈ വാക്കുകളില്‍ എത്ര ഭംഗിയാണീ സത്യത്തിന്... എത്ര തീവ്രതയാണീ വികാരങ്ങള്‍ക്ക്.

“ അല്ലെങ്കിലും നിരാശപ്പെടുത്താത്ത ഏതു പുരുഷനാണ് ഭൂമിയിലുള്ളത്? അല്ലെങ്കിലും അര്‍ഹിക്കും വിധം സ്നേഹിക്കപ്പെട്ട ഏതു സ്ത്രീയുണ്ടു ഭൂമിയില്‍ ? അല്ലെങ്കിലും വേദനയില്ലാതെ എന്തു പ്രേമം ?“ ”അവിവാഹിതര്‍ക്കു കാഴ്ച കൂടും, വിവാഹിതര്‍ക്കു അതു കുറയും “ എന്നിങ്ങനെ കൌതുകകരവും സത്യസന്ധമെന്നു സ്ത്രീകള്‍ ചിന്തിക്കുന്നതുമായ പല നിരീക്ഷണങ്ങളും ഈ കഥയില്‍ കാണാം .

കരിനീലക്കുന്ന ഈ അനുഭവം ഓരോ ജീവിതത്തിലും ഒരിക്കലെങ്കിലും സംഭവിക്കുന്നുണ്ടാകാം. ശിവന്റെ കണ്‌ഠത്തിലെ കരിനീലപ്പാടുപോലെ അത്‌ ഓരോ മനുഷ്യനിലും ബാക്കി നില്‍ക്കുന്നു. പണ്ടു വിഴുങ്ങിയ വിഷത്തിന്റെ അടയാളം. ശിവന്റെ കഴുത്തില്‍ അതൊരു തടാകം പോലെ കിടന്നുവെന്നാണ്‌ പുരാണത്തിലെഴുതിയിരിക്കുന്നത്‌. ഓരോ തവണ അതിലേക്കു നോക്കുമ്പോഴും അത്‌ പ്രേമദംശനത്തിന്റെ പാടായിട്ടാണ്‌ പാര്‍വതിക്ക്‌ തോന്നുന്നത്‌. മലയാളഭാവനയില്‍ മാരകപ്രണയദംശനത്തിന്റെ അത്തരമൊരു അടയാളമാണ്‌ കരിനീല.


ശൂര്‍പ്പണഖയുടെ കഥയെന്ന് കേള്‍ക്കുമ്പോള് ആദ്യം മനസില് ഓടി വരുന്നത് രാമായണത്തിലെ ആരണ്യകാണ്ഡമാണ്. പക്ഷെ മീരയുടെ ശൂര്‍പ്പണഖ അത്തരത്തില്‍ ഒരുവളല്ല. ഫെമിനിസം ജീവശ്വാസമെന്നു  കരുതുന്ന, വിവാഹവും മാതൃത്വവും പൊള്ളയെന്നു വിശ്വസിക്കുന്ന , എങ്കിലും മകളുടെ വളര്‍ച്ചയില്‍ ആതിപ്പിടിക്കുന്ന  അനഘ  എന്ന കഥാപാത്രം മനസ്സില്‍നിന്നും പെട്ടെന്ന് മായില്ല.  ഒരഹങ്കാരിയെന്നു തുടക്കത്തില്‍ തോന്നുമെങ്കിലും പതറാത്ത ചിന്തകളും കടുംപിടുത്തവുമായി അനഘ വായനക്കാരുടെ മനസ്സില്‍ ഇരുപ്പുറപ്പിക്കും. ഒപ്പം ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി  ലാക്ടോജെന്‍ ഇഷ്ടപ്പെടുന്ന അനഘയുടെ മകള്‍ സീതയും. മാറി വരുന്ന കുടുംബ വ്യവസ്ഥിതികളോടുള്ള  അമര്‍ഷം ഒരല്പം പരിഹാസത്തിന്റെ മേമ്പൊടിയോടെ വായിക്കാം ഈ കഥയില്‍ .

ഇരകളാകുന്ന  പാവം മനുഷ്യ ജീവികളോടു നമ്മുടെ സമൂഹം എത്ര ക്രൂരമായാണ് പെരുമാറുന്നത്  എന്നോര്‍മിപ്പിക്കുന്ന കഥയാണ് കൃഷ്ണഗാഥ . ഉന്നത ജീവിതസാംസ്കാരിക മാനസില നിലവാരത്തിലാണ് എന്ന് അഹങ്കാരത്തോടെ കൊട്ടിഘോഷിക്കുന്ന നാം, മനുഷ്യത്വം, അനുകമ്പ, സ്നേഹം എന്നീ മാനുഷിക വികാരങ്ങള്‍ക്കൊന്നിനും നമ്മില്‍ ഇടമില്ല എന്നുകൂടി ഉത്ഘോഷിക്കുകയാണ്  ഈ കഥയില്‍ . മാധ്യമങ്ങള്‍ ചെയ്യുന്നതും തികച്ചും അപക്വം. സ്വന്തം പോലെ വിശ്വസിച്ചു സര്‍വ്വ സ്വതന്ത്രവും നല്‍കിയ കൂട്ടുകാരനില്‍ ഒരു മൃഗം ഒളിച്ചിരിക്കുന്നത് അറിയാതെ പോയ , മാനസിക വളര്‍ച്ചയില്ലാത്ത മകളെ  കെണിയില്‍ വീഴ്ത്തുന്ന അധ്യാപകനെ എന്ത് ചെയ്യണം എന്നറിയാത്ത , കൌതുകങ്ങള്‍ക്കപ്പുറം  തനികെന്തു സംഭവിച്ചു എന്ന് മനസ്സിലാക്കാന്‍ കഴിയാത്ത , ഒരു കുഞ്ഞിന്റെയും അച്ഛന്റെയും മാനസിക വ്യാപാരങ്ങള്‍ കൃത്യമായി വരച്ചിട്ട  കഥയാണിത് . ഇന്നത്തെ സമൂഹത്തില്‍സംഭവിച്ചുകൊണ്ടിരിക്കുന്ന കഥ .

പോളിയോ ബാധിച്ച അതിസുന്ദരിയായ മുസ്ലിം യുവതിയുമായി സത്യനെന്ന വാടകകൊലയാളിയുടെ പ്രണയമാണ്‘ഏകാന്തതയുടെനൂര്‍വര്‍ഷങ്ങള്‍’. നൂര്‍അയാളുടെസ്ത്രീയാണ്.അവള്‍ക്കുവേണ്ടിയാണ് അയാള്‍ പുരുഷനായി അവശേഷിക്കുന്നത് . അവളിലേക്കുള്ള ആകര്‍ഷണത്തിന്റെ സത്യം അവസാനമാണ് അയാള്‍ക്ക്‌ മനസ്സിലാകുന്നത് . അയാളുടെ അഹന്തയായിരുന്ന ഏകാന്തതയാണ് നൂര്‍ എന്ന അയാളുടെ രത്നം തട്ടിത്തെറിപ്പിച്ചത് .

ഇനി പുസ്തകത്തിലെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ , കാലവുമായി സ്ഫോടനശക്തിയോടെ ഇടപഴകുന്ന കഥകളാണ് ഈ സമാഹാരത്തില്‍ . വാക്കുകളില്‍ അതീവ ജാഗ്രതയുള്ലോരു മനസ്സ് ഈ കഥകള്‍ക്കു പിന്നിലുണ്ട് . വായനയെ ആഹ്ലാദകരമാക്കുന്ന നനുത്ത നര്‍മ്മം ഈ കഥകളുടെ സൌഭാഗ്യമാണ് . തീര്‍ച്ചയായും മലയാളികള്‍ക്ക് മികച്ചൊരു സംഭാവന . കഴിയുമെങ്കില്‍ നഷ്ടപ്പെടുത്തരുത് ഈ കഥകളുടെ പൂക്കാലം.