Saturday, July 30, 2011

കബനീനദി ചുവന്നത്‌...

പുസ്തകം : കബനീനദി ചുവന്നത്‌...
രചയിതാവ് : ബാബു ഭരദ്വാജ്‌
പ്രസാധകര്‍ : ഡി സി ബുക്‌സ്‌

അവലോകനം : ബുക്ക് മലയാളം (bookmalayalam)


ബനി നദി ചുവന്നപ്പോള്‍ എന്ന ചലച്ചിത്രം പുറത്തുവന്ന്‌ മൂന്ന്‌ പതിറ്റാണ്ടിനുശേഷം പ്രസിദ്ധീകരിച്ച നോവലാണ്‌ ബാബു ഭരദ്വാജിന്റെ `കബനീ നദി ചുവന്നത്‌...' ഒരു ചലച്ചിത്രത്തിന്റെ നിര്‍മ്മാണ വഴികളിലൂടെ തിരിച്ചു നടക്കുകയാണ്‌ ഈ നോവല്‍. കഥയും ചരിത്രവും ഓര്‍മ്മയുമല്ലാത്ത, എന്നാല്‍ ഇതൊക്കയായ ഒട്ടനവധി വൈകാരിക സന്ദര്‍ഭങ്ങളെ മുഖാമുഖം കാണുന്നു. ചരിത്രമെഴുത്തിന്റെ രീതീശാസ്‌ത്രത്തെ സംശയത്തോടെയാണ്‌ നോവല്‍ സമീപിക്കുന്നത്‌. ഒപ്പം സ്വന്തം ഓര്‍മ്മകള്‍ ചരിത്രത്തിന്‌ പകരം നില്‍ക്കുമോ എന്ന ആശങ്കയും അത്‌ വഹിക്കുന്നു. വ്യവസ്ഥാപിത ചരിത്ര രചനയ്‌ക്ക്‌ വഴങ്ങാത്ത ഓര്‍മ്മകളുടെ അടരുകളിലേയ്‌ക്കാണ്‌ ആഖ്യാനം പ്രവേശിക്കുന്നത്‌. അത്‌ `ചരിത്ര'മല്ലെന്ന്‌ എഴുത്തുകാരന്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ അതിന്‌ കഥയാവാന്‍ നിവൃത്തിയില്ല. കാരണം അനുഭവ തീവ്രമായൊരു ഭൂതകാലം ചരിത്രത്തിനുമപ്പുറത്തേയ്‌ക്ക്‌ അതിനെ പിടിച്ചു വലിക്കുന്നുണ്ട്‌.

മരണത്തിന്റെ കഥ
``കബനി ആദ്യമായും അവസാനമായും മരണത്തിന്റെ കഥയാണ്‌. എന്തിന്റെയൊക്കയോ മരണം, ചില ആകാംക്ഷകളുടെ ചില സ്വപ്‌നങ്ങളുടെ...'' കേരളത്തിലെ യുവാക്കളുടെ `അവസാനത്തെ ഉരുള്‍പൊട്ടലിന്റേതായ ദശക' ത്തെക്കുറിച്ചുള്ള ആത്മഗതമാണിത്‌. സ്‌മരണകള്‍ ഇരമ്പുന്ന മണ്ണടരിലൂടെയാണ്‌ ഒരു സംഘം യുവാക്കള്‍ യാത്ര ചെയ്യുന്നത്‌. ചലച്ചിത്രം വലിയൊരു സ്വപ്‌നമായി അവരെ ചൂഴ്‌ന്നു നില്‍ക്കുന്നു. ഒളിപ്പോരിന്റെ സൂക്ഷ്‌മതയോ വിപ്ലവത്തിന്റെ ജാഗ്രതയോ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായിരുന്നില്ല. അത്യന്തം ശിഥിലമായ ഒരാഘോഷത്തിന്റെ ലഹരിയും കാല്‌പനികതയും അവരെ വഴിനടത്തി. ``വിപ്ലവം ആശയം മാത്രമല്ല, അതൊരു വ്യവസ്ഥിതിയെ തകിടം മറിയ്‌ക്കല്‍ മാത്രമല്ല. അത്‌ സംഘര്‍ഷവും ചോര ചൊരിയലും തകര്‍ത്തെറിയലും പിടിച്ചടക്കലും മാത്രമല്ല. അത്‌ പ്രണയവും വിരഹവും വിഷാദവുമാണ്‌.'' എന്ന്‌ അവര്‍ സ്വയം നിര്‍വചിക്കുന്നു.

ഓര്‍മ്മയുടെ പേരുകള്‍
എഴുപതുകളുടെ മധ്യാഹ്നത്തില്‍ ചിന്തയിലും സ്വപ്‌നത്തിലും സിനിമയുമായി നടന്നുപോയ ഒരുപാട്‌ യുവാക്കളുടെ കഥയാണിത്‌. പവിത്രന്‍, ബക്കര്‍, രാമചന്ദ്രന്‍, യോഹന്നാന്‍, വര്‍ഗ്ഗീസ്‌, ഗോപാലേട്ടന്‍... പിന്നെ ഓര്‍മ്മകളിലേക്ക്‌ പേരില്ലാതെ പ്രവേശിക്കുന്ന നിരവധിപേരുടെ കഥ. ``ഈ കഥയില്‍ ഒരിടത്തും വരാത്ത കബനിയിലെ യഥാര്‍ത്ഥ കഥാപാത്രങ്ങള്‍ ഉണ്ട്‌. എഴുതുമ്പോള്‍ അവരെന്റെ മനസ്സിലേയ്‌ക്ക്‌ കടന്നുവരുന്നുണ്ട്‌. ഒരുപക്ഷെ, അവരെല്ലാം മരിച്ചിരിക്കും.'' അങ്ങേയറ്റം അനിശ്ചിതമായിരുന്നു ചലച്ചിത്രത്തിന്റെ ഓരോ നിമനിഷവും. കാലം പ്രക്ഷുബ്‌ദമായിയിരുന്നു. പല കാരണങ്ങള്‍ കൊണ്ട്‌ ഷൂട്ടിംഗ്‌ നീണ്ടുപോയി.
നമ്മള്‍ എന്തുകാണണം?
അടിയന്തിരാവസ്ഥയും പോലീസ്‌ പീഡനവും ഏറ്റുവാങ്ങി പലപ്പോഴും മുടങ്ങിയും തുടങ്ങിയും കബനിയുടെ ഷൂട്ടിംഗ്‌ പുരോഗമിച്ചു. ``എഴുതി തയ്യാറാക്കിയ സ്‌കൃപ്‌റ്റിന്റെ സീമകളെ അതിലംഘിച്ച്‌ അത്‌ വളര്‍ന്നുകൊണ്ടിരുന്നു.'' ഒടുവില്‍ ചിത്രം ഭരണകൂടത്തിന്റെ കാഴ്‌ചക്കുമുന്നില്‍ എത്തുന്നു. സമൂഹം ഏതു കാഴ്‌ച കാണണം എന്നു തീരുമാനിക്കുന്നത്‌ അവിടെയാണ്‌. സെന്‍സര്‍ ബോര്‍ഡ്‌, ഏറ്റവും ക്രൂരമായാണ്‌ ആ സിനിമയില്‍ ഇടപെട്ടത്‌. ``എല്ലാ സീനികളില്‍ നിന്നും എല്ലാ സീക്വന്‍സുകളില്‍ നിന്നും വെട്ടിമാറ്റി അലങ്കോലപ്പെട്ട ഒരു ചലച്ചിത്ര ശരീരം. തീവണ്ടി തട്ടിച്ചതഞ്ഞ ഒരു ശരീരം പോസ്റ്റ്‌ മോര്‍ട്ടം കഴിഞ്ഞ്‌ തിരിച്ചു കിട്ടിയാല്‍ പോലും ഇതിനേക്കാള്‍ രൂപം അതിനുകാണും.'' അങ്ങനെ ഒരവശിഷ്‌ട സിനിമാ ലോകം കണ്ടു.

മുറിഞ്ഞുചിതറിയ സിനിമ
മുറിച്ചുമാറ്റിയ നിരവധി ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാവാതെ ആ സിനിമ മലയാള ചലച്ചിത്ര ചരിത്രത്തെ പ്രതിരോധത്തിലാക്കുന്നു. എഴുപതുകളുടെ രാഷ്‌ട്രീയ ചരിത്രത്തില്‍ ചിതറിപ്പോയ നിരവധി ശരീരങ്ങള്‍ക്കൊപ്പം കാണാതായ ഉടലുകള്‍ക്കൊപ്പം ഒരു ചലച്ചിത്ര ശരീരം കൂട്ടിച്ചേര്‍ക്കപ്പെടുന്നു. ഓര്‍മ്മകള്‍ അതിനെ പുനരാനയിച്ചുകൊണ്ടിരിക്കുന്നു. ഒരു ചലച്ചിത്രത്തിന്റെ നിര്‍മ്മാണ കാലത്തെ ഓര്‍മ്മയിലേക്ക്‌ തിരികെ വിളിക്കുമ്പോള്‍ ജീവിതത്തിലും കലയിലും അതിരറ്റ ഊഷ്‌മളതയും സാഹസികതയും നിറഞ്ഞു നിന്ന ഒരു കാലഘട്ടത്തിന്റെ സംഘചേതന ചരിത്രത്തില്‍ അടയാളപ്പെടുന്നു. വിസ്‌മൃതിയുടെ രാഷ്‌ട്രീയത്തെ വിചാരണ ചെയ്‌തുകൊണ്ടാണ്‌ `കബനീ നദി ചുവന്നത്‌...' എന്ന നോവല്‍ ( വില: 40 രൂപ പേജ്‌: 76) സമകാലിക രാഷ്‌ട്രീയ/ ചരിത്രത്തെ പ്രശ്‌നവല്‍ക്കരിക്കുന്നത്‌.

Tuesday, July 26, 2011

സാവിത്രീ ദേ -ഒരു വിലാപം

പുസ്തകം : സാവിത്രീ ദേ -ഒരു വിലാപം
രചയിതാവ് : മാടമ്പ് കുഞ്ഞിക്കുട്ടന്‍
പ്രസാധനം : ഗ്രീന്‍ ബുക്സ്
അവലോകനം : റാണിപ്രിയമാടമ്പ് കുഞ്ഞുകുട്ടന്‍ എന്നറിയപ്പെടുന്ന മാടമ്പ് ശങ്കരന്‍ നമ്പൂതിരി തൃശ്ശൂര്‍ ജില്ലയില്‍ കിനാലൂരിലെ മാടമ്പ് മനയില്‍ ജനിച്ചു. നോവലിസ്റ്റ്,കഥാകൃത്ത്,തിരക്കഥാകൃത്ത് എന്ന നിലയില്‍ പ്രശസ്തന്‍.2000ല്‍ ഏറ്റവും മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ ചലചിത്ര അവാര്‍ഡ് മാടമ്പിനു ലഭിച്ചു.ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥക്കായിരുന്നു അത്. ഭ്രഷ്ട്, അവിഘ്നമതു, അശ്വത്ഥാമാവ്, സാധനാലഹരി, അമൃതസ്യപുത്ര: തുടങ്ങിയ കൃതികള്‍.

കാവ്യസുന്ദരമായ ശൈലിയില്‍ വിടര്‍ന്ന മലയാളത്തിന്റെ വിലാപ നോവല്‍ എന്ന് സാവിത്രീ ദേ വിലാപത്തെ വിശേഷിപ്പിക്കാം. സ്വന്തം ഭാര്യയുടെ രോഗവും മരണവും ഏല്‍പ്പിച്ച ആഘാതത്തില്‍

നിന്നും രൂപാന്തരപ്പെട്ടതാണീ നോവല്‍. പ്രിയപ്പെട്ടവരുടെ മരണത്തിലൂടെ ഉണര്‍ന്ന ഓര്‍മ്മക്കുറിപ്പിനും ഉപരി ആ ഓര്‍മ്മകള്‍ക്ക് ഒരു ആത്മീയപരിവേഷത്തോടെ അവതരിപ്പിക്കുന്നു നോവലിസ്റ്റ്. ഭാര്യ-ഭര്‍ത്തൃ ബന്ധത്തിന്റെ തലത്തില്‍ നിന്നും മാറി അനിര്‍വ്വചനീയമായ ഒരു ബന്ധവിശേഷം പരേതയും ആഖ്യാതാവും തമ്മില്‍ ഉണ്ടാകുന്നു.

ഈ വിലാപം ആത്മീയമായ അന്തര്‍ദര്‍ശനങ്ങളുടെ കവിഞ്ഞൊഴുക്കാണ്.അതുകൊണ്ട് തന്നെ വായനക്കാരുടെ ഉള്ളകത്തെ ഈ നോവല്‍ ഈറനണിയിക്കുന്നു.ഭാര്യയെ ദേവിയായി സങ്കല്‍പ്പിച്ചിരിക്കുന്നു നോവലിസ്റ്റ്. ദേവിയുടെ ആത്മാവിനോട് സംവദിക്കുന്നതായും അവരുടെ സാമീപ്യം അറിയുന്നതും വളരെ വളരെ മനസ്സിനെ സ്പര്‍ശിക്കുന്ന രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ദേവി ഒരു കാക്കയുടെ രൂപത്തില്‍ വരുന്നു ഈ കഥയിലുടനീളം ആ കഥാപാത്രത്തെ നമുക്ക് ദര്‍ശിക്കാം. കാണുന്നത് മുഴുവനും ദേവീസ്വരൂപമായ് മാറുന്നു. പഞ്ചഭൂതങ്ങളില്‍ ഒന്നു ചേര്‍ന്ന ദേവീചൈതന്യം ശ്രേയസ്സിനായി വഴി കാട്ടുന്നു.

ദേവീ! ദു:ഖവും സന്തോഷവും വേദനയും സുഖവും അനുഭവം കഴിയുമ്പോള്‍ ഒന്നാകുന്നു. ഒന്നുമല്ലാതാകുന്നു. ഓര്‍ത്തു കരയാം. ഓര്‍ത്തു രസിക്കാം. വേദനയില്ലായിരുന്നു എന്നോര്‍ത്തോര്‍ത്ത് സന്തോഷിക്കാം.സുഖമായിരുന്നു എന്നോര്‍ത്ത് വേദനിക്കാം.സുഖദു:ഖങ്ങള്‍ ഒന്നാകുന്നു എന്ന് നോവലിലെ വാക്കുകള്‍. മരണം വേദനയല്ല. മൃതി അമൃതാണ്. അതി മധുരമാണ്. പറഞ്ഞറിയിക്കാനാവാത്ത സുഖം. മരണവേദന എന്നൊന്നില്ല. ഭോഗതൃപ്തി വരാത്ത ശരീര കാമനകളുടെ കളിയാണിത്.ഈ ശരീരം അന്യമാണെന്ന് ആദ്യം അറിയുമ്പോളുള്ള അമ്പരപ്പ്. ഇക്കണ്ടതൊക്കെ അസത്യമാണെന്നനുഭവിക്കുന്ന അത്ഭുതം. പിന്നെ നിത്യാനന്ദം.ആത്മാവിനോടുള്ള ഇത്തരത്തിലെ ആത്മഭാഷണവും നോവലില്‍ നമുക്ക് ദര്‍ശിക്കാം.

സമസ്തവും കാലചക്ര വിഭ്രമത്തില്‍ അമര്‍ന്നുപോകുമെന്ന് അറിയാം.എങ്കിലും മരണമാണ് മനുഷ്യനെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതും. മരണം വേര്‍പാടല്ലെന്നും നിരന്തരമായൊരു സാന്നിദ്ധ്യത്തിന്റെ പരിമിതാതീതമായ തലത്തിലേക്കുള്ള വികാസമാണെന്നും നോവലിന്റെ അന്തര്‍ധാര വെളിവാക്കുന്നു.കവിതയുടെ സൌന്ദര്യമാണ് മനുഷ്യ മനസ്സിനെ ഈറനണിയിച്ച ഈ നോവലിന്റെ മികവ്.

Friday, July 22, 2011

കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാന്‍

പുസ്തകം : കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാന്‍ (The God of Small things )
രചയിതാവ് : അരുന്ധതീ റോയി / വിവ. പ്രിയ എ.എസ്‌.
പ്രസാധകര്‍ : ഡി.സി.ബുക്‌സ്‌
അവലോകനം : ബിജു.സി.പി


ലയാളത്തിലെ ഏറ്റവും പ്രശസ്‌തമായ നോവല്‍ ഇംഗ്ലീഷിലാണെഴുതിയത്‌ എന്നൊരു തമാശ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ പത്തു പന്ത്രണ്ടു വര്‍ഷമായി. അരുന്ധതി റോയിയുടെ ഗോഡ്‌ ഓഫ്‌ സ്‌മാള്‍ തിങ്‌സ്‌ എന്ന പുസ്‌തകത്തെക്കുറിച്ചാണ്‌ ഇങ്ങനെ പറഞ്ഞിരുന്നത്‌. ലോകം അരുന്ധതീറോയിയെ കണ്ടുപിടിച്ചത്‌ ആ പുസ്‌തകത്തിലൂടെയായിരുന്നല്ലോ. ഇപ്പോളിതാ ഗോഡ്‌ ഓഫ്‌ സ്‌മാള്‍ തിങ്‌സ്‌ ശരിക്കും മലയാളത്തിലായിരിക്കുന്നു, കുഞ്ഞുകാര്യങ്ങളുടെ ഒടേ തമ്പുരാന്‍ എന്ന തര്‍ജമയായി. കഥാഗതിയും കഥാപാത്രങ്ങളും കഥ നടക്കുന്ന ഇടവുമൊക്കെ മലയാളത്തിലെ ഏതു നോവലിനെയും പോലെയോ അതിനെക്കാളധികമോ പ്രശസ്‌തമായിട്ടുണ്ട്‌ കേരളത്തില്‍ ഇതിനകം. 1997ല്‍ ബുക്കര്‍ പ്രൈസ്‌ ലഭിച്ചതോടെ ഈ നോവലിനും നോവലിസ്‌റ്റിനും കൈവന്നത്ര പ്രശസ്‌തി കേരളത്തില്‍ മറ്റൊരു പുസ്‌കതത്തിനും ലഭിച്ചിട്ടില്ല. നോവലിലെ കൊച്ചു തമ്പുരാനായി അവതരിപ്പിക്കുന്നത്‌ ഇഎംഎസിനെയാണ്‌ എന്ന പേരില്‍ ആരോ വെറുതേ പടച്ചു വിട്ട ഒരു വിവാദം പുസ്‌തകത്തിനു പ്രശസ്‌തി വര്‍ധിപ്പിക്കുകയും ചെയ്‌തു.

കോട്ടയത്തിനു തൊട്ടടുത്ത അയ്‌മനം എന്ന ചെറിയ ഗ്രാമത്തിന്റെയും അതിലൂടെയൊഴുകുന്ന പുഴയുടെയും അവിടത്തെ എസ്‌ത,റാഹേല്‍,അമ്മു,വെളുത്ത,ബേബിക്കൊച്ചമ്മ, സോഫി മോള്‍.. എന്നിങ്ങനെ കുട്ടികളുടെയും വീട്ടമ്മമാരുടെയും അധകൃതരുടെയുമൊക്ക കഥയാണ്‌ കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാന്‍ എന്നു പറയാം. ആരാരും ശ്രദ്ധിക്കാതെ എവിടെയെല്ലാമോ നടന്നുകൊണ്ടേയിരിക്കുന്ന ലളിതജീവിതങ്ങളുടെ കഥകള്‍. ലളിതവും അതി വിശദവുമായ കുഞ്ഞു കുഞ്ഞ്‌ ആഖ്യാനങ്ങളും വര്‍ണനകളുമാണ്‌ ഈ നോവലിനെ വേറിട്ട വായനാനുഭവമാക്കി മാറ്റുന്നത്‌. നിറങ്ങളുടെയും മണങ്ങളുടെയും ശരീരത്തിന്റെയും വികാരങ്ങളുടെയും കുഞ്ഞു കുഞ്ഞ്‌ വിവരണങ്ങളാണ്‌ നോവലിനെ മഹത്തായ മഹത്തായൊരു വായനാനുഭവമാക്കി മാറ്റുന്നത്‌. അതിലളിതമായ ഇംഗ്ലീഷിലുള്ള വര്‍ണനകള്‍ക്കിടയില്‍ വേറെയേതോ ഭാഷാലോകത്തു നിന്നു വരുന്നത്‌ എന്ന മട്ടിലുള്ള ചില വിവരണങ്ങളും പ്രയോഗങ്ങളുമുണ്ട്‌ ഗോഡ്‌ ഓഫ്‌ സ്‌മാള്‍ തിങ്‌സില്‍. ലോകമെങ്ങുമുള്ള വായനക്കാര്‍ക്ക്‌ ആ നോവലിലെ ഭാഷ ഒരു പുതിയ ഇംഗ്ലീഷായിരുന്നു. ഒരു പുതിയ ദേശവും പുത്തന്‍ അനുഭവങ്ങളുമായിരുന്നു. ലോകം ആ നോവല്‍ കൊണ്ടാടിയത്‌ ആ പുതുമകള്‍ കൊണ്ടൊക്കെയാണ്‌. മലയാളത്തിലേക്കെത്തുമ്പോള്‍ ഭാഷാ പരമായ ആ പുതുമ അനുഭവിപ്പിക്കുക എളുപ്പമല്ലല്ലോ. എന്നാല്‍ നമ്മുടെ നോവലുകളില്‍ കാണാറുള്ള ആഖ്യാനരീതികളല്ല കുഞ്ഞു കാര്യങ്ങളുടെ ഒടേ തമ്പുരാനിലുള്ളത്‌. വളരെച്ചെറിയതെന്നു തോന്നാവുന്ന കാര്യങ്ങളുടെ അതിവിശദമായ ഇത്തരം വിവരണങ്ങള്‍ ക്ലാസ്സിക്ക്‌ നോവലുകളില്‍ മാത്രം കാണാറുള്ളവയാണ്‌. ഒരു വെളുത്ത വള്ള എട്ടുകാലി മുകളിലേക്ക്‌ വള്ളത്തിലെ പുഴയ്‌ക്കൊപ്പം ഒഴുകി വന്ന്‌ അല്‌പനേരം ബദ്ധപ്പെട്ടതിനു ശേഷം മുങ്ങിത്താണു. അവളുടെ വെളുത്ത മുട്ട സഞ്ചി പൂര്‍ണവളര്‍ച്ചയെത്തും മുമ്പേ പൊട്ടിച്ചിതറി നൂറുകണക്കിനു കുഞ്ഞനെട്ടുകാലികള്‍ പച്ചവെള്ളത്തിന്റെ മിനുത്ത ഉപരിതലത്തില്‍ (മുങ്ങാന്‍ തക്ക കനമില്ലാത്തവ, നീന്താന്‍ പറ്റാത്തത്ര ചെറിയവ) ചിതറിയ കുത്തുകള്‍ കണക്ക്‌...

പ്രകൃതിയും പുഴയും മരങ്ങളും ഇവിടെ കഥാപാത്രങ്ങള്‍ തന്നെയാണ്‌. കൂടുതല്‍ ഇരുണ്ട ഇലകളും വെളുത്ത ചോരയൊഴുകുന്ന മുറിപ്പാടുകളും പേറുന്ന റബ്ബര്‍ മരങ്ങളും അയ്‌മനം പുഴയിലെ മീനുകളും നീലനിറമുള്ള ആകാശവും പുല്‍പ്പടര്‍പ്പുകളും എല്ലാമെല്ലാം. ഈ വിവരണങ്ങളൊക്കെ കഥാഗതിയില്‍ ചേതോഹരമായ സൗന്ദര്യാനുഭവമായിരിക്കുമ്പോള്‍ത്തന്നെ നോവല്‍മുന്നോട്ടു വെയ്‌ക്കുന്ന മനുഷ്യാവസ്ഥയുടെ ആഖ്യാനത്തിലും പ്രധാനമാകുന്നു എന്നതാണ്‌ കുഞ്ഞുകാര്യങ്ങളുടെ ഒടേ തമ്പുരാനെ വ്യത്യസ്‌തമായ വായനാനുഭവമാക്കുന്നത്‌. ലോകഭാഷകളിലെ ക്ലാസ്സിക്ക്‌ നോവലുകളില്‍ പലതും മലയാളത്തിലേക്ക്‌ ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവയില്‍ മിക്കതും നോവലുകളുടെ ജഡമായാണ്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളത്‌ എന്ന വസ്‌തുത അടുത്തകാലത്താണ്‌ എം.ടി.വാസുദേവന്‍ നായര്‍ ചൂണ്ടിക്കാണിച്ചത്‌. ജഡമായ വിവര്‍ത്തനനോവലുകളുടെകൂട്ടത്തില്‍ നിന്നു മാറി, ചൈതന്യപൂര്‍ണമായ ഒരനുഭവമായി കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനെ മാറ്റിത്തീര്‍ത്തതില്‍ പ്രിയ എ.എസ്‌ എന്ന വിവര്‍ത്തകയുടെ പങ്കു വലുതാണ്‌. നോവലിലെ സംഭാഷണ ഭാഷ അയ്‌മനം പ്രദേശത്തെ (മുഖ്യമായും സുറിയാനി ക്രിസ്‌ത്യനികളുടെ) കോട്ടയം മലയാളമാണ്‌ എന്നത്‌ എടുത്തു പറയേണ്ടതാണ്‌.

ഈ നോവലിലൂടെ വലിയൊരെഴുത്തുകാരിയായി ലോകത്തിനു മുന്നിലെത്തിയ അരുന്ധതിറോയി അതിനു ശേഷം തികച്ചും വ്യത്യസ്‌തമായ ഒരു കര്‍മരംഗത്താണ്‌ തിളങ്ങി നില്‍ക്കുന്നത്‌. അനീതിക്കും അസമത്വത്തിനുമെതിരായ പോരാട്ടത്തിന്റെ നായകസ്ഥാനത്ത്‌. ഇന്ന്‌ ലോകം ആദരവോടെ നോക്കുന്ന സാമൂഹ്യപ്രവര്‍ത്തകയാണ്‌ അവര്‍. വ്യവസ്ഥാപിത സ്ഥാപനങ്ങളുടെ അധികാരപ്രവര്‍ത്തനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഭരണകൂടങ്ങളുടെ ഉരുക്കുമുഷ്ടികള്‍ക്കും ധാര്‍ഷ്ട്യത്തിനുമെതിരേ ഉയരുന്ന വീറുറ്റ ശബ്ദമായി അരുന്ധതി റോയ്‌ ലോകമെങ്ങുമെത്തുന്നു. അടിസ്ഥാനപരമായി അരുന്ധതി റോയ്‌ ഒരെഴുത്തുകാരിയാണെന്നും അവരുയര്‍ത്തുന്ന രാഷ്ട്രീയ നിലപാടിന്‌ അംഗീകാരം നേടിക്കൊടുക്കുന്നത്‌ അവരുടെ എഴുത്തിന്റെ മികവാണെന്നും നമുക്കു മനസ്സിലാക്കാം. സപ്‌തംബര്‍ 11 ആക്രമണത്തിനു ശേഷം അമേരിക്ക നടത്തിയ അതിക്രമങ്ങള്‍ക്കെതിരേയും നക്‌സലൈറ്റുകള്‍ക്കെതിരേ എന്ന പേരില്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ചുമുള്ളവരുടെ നിലപാടുകള്‍ ലോകത്തിനു മുന്നിലെത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞത്‌ ആഖ്യാനകലയില്‍ അവര്‍ക്കുള്ള ക്ലാസ്സിക്ക്‌ മികവു കൊണ്ടു തന്നെയാണ്‌. ഒരു നോവലോ നോവല്‍ വിവര്‍ത്തനമോ ആദ്യ പതിപ്പായി 25,000 കോപ്പി ഇറക്കുന്നു എന്നത്‌ മലയാളത്തിലെ പ്രസാധന ചരിത്രത്തില്‍ത്തന്നെ ഒരു സംഭവമാണ്‌. പേജ്‌ 335, വില 225

Sunday, July 17, 2011

ഞാന്‍ - ലൈംഗികതൊഴിലാളി നളിനി ജമീലയുടെ ആത്മകഥ

പുസ്തകം : ഞാന്‍ - ലൈംഗികതൊഴിലാളി നളിനി ജമീലയുടെ ആത്മകഥ
രചന : നളിനി ജമീല
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : ചിത്രകാരന്‍രു ജീവിതത്തെ മഹനീയമാക്കുന്നത് നമ്മുടെ വ്യക്തി ബന്ധങ്ങള്‍, പിടിപാടുകള്‍, അധികാരങ്ങളിലെ സ്വാധീനം, പണം , പ്രശസ്തി, പരിചയം, നമുക്കുപിന്നില്‍ അനുയായികളെപ്പോലെ അച്ചടക്കത്തോടെ നില്‍ക്കുന്ന കുടുംബാംഗങ്ങള്‍,നമ്മുടെ തൊഴില്‍, സാമൂഹ്യ-സാംസ്ക്കാരിക-രാഷ്ട്രീയ ബന്ധങ്ങള്‍ , മികച്ച സാംബത്തിക അടിത്തറ, കുടുംബത്തിലേയും ബന്ധത്തിലേയും പ്രമുഖരുടെ സാന്നിദ്ധ്യം ..... അങ്ങിനെ അങ്ങിനെ നൂറുകൂട്ടം പൊങ്ങച്ചങ്ങളാണെന്ന് നാം ആത്മാര്‍ത്ഥമായും വിശ്വസിക്കുകയും, അതിനനുസരിച്ച് ജീവിച്ച് മഹത്തായ പാരംബര്യങ്ങളും, പ്രസ്ഥാനങ്ങളുമായി മാറുകയുംചെയ്യുന്നു.

ആരും ചൂണ്ടുവിരലുയര്‍ത്താതെ, അയ്യ്യേ... എന്നു പരിഹസിക്കാതെ , കുറിക്കുകൊള്ളുന്ന തെറിയൊന്നും വിളിക്കാതെ സൌജന്യം കാണിച്ചാല്‍ നമ്മുടെ അന്തസ്സിന് ഇളക്കമൊന്നും തട്ടാനിടയില്ല. പക്ഷേ, അത് ഇനി എത്രകാലം ? കാലം മാറുകയാണ്. ഇതുവരെ ഉദയാസ്തമനങ്ങള്‍ പോലും നിയന്ത്രിച്ച് , നമ്മുടെ താല്‍പ്പര്യങ്ങളുടെ കോട്ടകളായി നിന്ന പാരംബര്യത്തിന്റെ പായല്‍ പിടിച്ച ചുവരുകള്‍ക്കുനേരെ കാലത്തിന്റെ തിരമാലകള്‍ അടിച്ചുയരുംബോള്‍ കണ്ണടടച്ച് ഇരുട്ടാക്കാനാകില്ല.

ചിത്രകാരന്‍ ഇന്നലെയാണ് നളിനി ജമീലയുടെ ആത്മകഥ വാങ്ങിയത്. ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്തു. ഒരു തരി അശ്ലീലമോ , ലൈംഗീകതയോ ആയി വിശേഷിപ്പിക്കപ്പെടുന്ന വാക്കുകളൊന്നും ആ പുസ്തകത്തിലില്ല. പകരം ആത്മാഭിമാനത്തിന്റെ തീക്കറ്റും, മാനവികതയുടെ കാലവര്‍ഷ മേഘങ്ങളും,വ്യക്തിബഹുമാനത്തിന് ഏറെ ശുദ്ധിയും,കര്‍ക്കശമായ ജീവിത മൂല്യങ്ങളും അക്ഷര വിത്തുകളുടെ രൂപത്തില്‍ അവിടെ വരികള്‍ക്കിടയില്‍ കാത്തുനില്‍ക്കുന്നു. കാലത്തെക്കുറിച്ച് തിരിച്ചറിവുനേടിയവരുടെ ആജ്ഞക്കായി. നളിനി തന്റെ ജീവിത സത്യാന്വേഷണ പരീക്ഷണങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത ജീവിതത്തിന്റെ വ്യക്തമായ കാഴ്ച്ചപ്പാട് ഒരു സാധാരണ വ്യക്തിയുടേതല്ല. അതിന്റെ പരപ്പും ആഴവും നമ്മുടെ സമൂഹത്തെ ലജ്ജിപ്പിക്കുന്ന തരത്തില്‍ വിശാലവും, നിര്‍മ്മലവുമാണ്. സത്യസന്ധതയാണ് അതിനെ ഊഷ്മളമാക്കുന്നത്, പ്രകാശമാനമാക്കുന്നത്. സമൂഹത്തിന് മാനവികതയുടെ അനോട്ടമി (ശരീരശാസ്ത്രം) പരിശോധിക്കാനും, പഠിക്കാനും,അറിയാനും തന്റെ സ്വന്തം ജീവനുള്ള ആത്മാവിനെ അവര്‍ നമുക്കു ദാനം ചെയ്തിരിക്കുന്നു. ഇത്രക്കു ധൈര്യമുള്ള,സത്യമുള്ള ഒരു വ്യക്തിയെ ചിത്രകാരനു നമിക്കാതിരിക്കാനാകില്ല.

ചരിത്രവും, അറിവുകളും ഇനി ദരിദ്രരേയും നിരാലംബരേയും കാലത്തിന്റെ ഇരുട്ടുകുഴിയില്‍ ഉപേക്ഷിക്കില്ലെന്നാണ് അവരുടെ ആത്മകഥ നമ്മോട് മന്ത്രിക്കുന്നത്. നളിനി ജമീലയുടെ കഥ വെറും ഒരു ലൈംഗീക തൊഴിലാളിയുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള കോഴികൂവലല്ല. മറിച്ച്, നമ്മുടെ സമൂഹത്തിലെ മൂല്യരാഹിത്യത്തിന്റെ കാരണങ്ങള്‍ , നമ്മുടെ കാപട്യങ്ങളുടെ കാഠിന്യം, മനുഷ്യത്വത്തിന്റെ അന്തസ്സ്
എന്നിവ അന്വേഷിക്കുന്ന ഒരു വ്യക്തിയുടെ കണ്ടെത്തലുകളാണ്. കണ്ടുമടുത്ത പകര്‍ത്തിയെഴുതലുകളല്ല. വൈക്കം മുഹമ്മദ് ബഷീറിനുശേഷമുള്ള മലയാളിയുടെ ദാര്‍ശനിക വളര്‍ച്ച ഇവരിലൂടെയാണെന്ന് ചിത്രകാരനു തോന്നുന്നു. ബഷീറിന്റെ പാവപ്പെട്ടവരുടെ വേശ്യ എന്ന വളരെ ചെറിയ കഥയിലെ മനുഷ്യന്റെ അന്തസ്സിന്റെ കാരണങ്ങളെക്കുറിച്ചുള്ള തത്വശാസ്ത്രവിചാരങ്ങളുടെ വിശാലമായ ഒരു പഠനമായി നളിനി ജമീലയുടെ ആത്മകഥ നിലകൊള്ളുന്നു. അന്തസ്സോടെ ! അവരുടെ പ്രായോഗിക ബുദ്ധിയും, ആത്മാഭിമാനവും, ക്രിയാത്മകതയും പഠിക്കപ്പെടേണ്ടതാണ്.

വേശ്യകളുടെ തൊഴില്‍ പ്രശ്നങ്ങള്‍ക്കോ, അവകാശങ്ങള്‍ക്കോ അല്ല, സമൂഹത്തിന്റെ ജീര്‍ണ്ണതക്കും, കാപട്യത്തിനുമാണ് അവരുടെ ആത്മകഥ മരുന്നാകാന്‍ പോകുന്നത്. ഇതാണ് നളിനി ജമീലയെ മഹത്വപ്പെടുത്തുന്ന ഘടകവും. എല്ലാ മനുഷ്യരും മനുഷ്യരായി തിരിച്ചറിയപ്പെടുമ്പോള്‍
വേശ്യകള്‍ക്കു മാത്രമായി സങ്കുചിത വര്‍ഗ്ഗ സംരക്ഷണത്തിന്റെ പ്രശ്നമുദിക്കുന്നില്ലല്ലോ. എന്താണ് ഒരു മനുഷ്യന്റെ മാന്യത ? എന്താണ് ഒരു കുടുംബിനിയും, ഒരു ലൈംഗീക തൊഴിലാളിയും തമ്മിലുള്ള ശുദ്ധിവ്യത്യാസം ? നമ്മുടെ മനസ്സിന്റെ അറപ്പിന്റെ കാരണങ്ങള്‍ മനസ്സിലെ അഴുക്കാണെന്ന തുറന്ന അറിവുതരുന്ന ഈ പുസ്തകം പ്ലസ്സ് വണ്‍ പ്ലസ്സ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകമാക്കിയാല്‍ ഒരു പത്തുകൊല്ലം കൊണ്ട് നമ്മുടെ നാട്ടില്‍ സ്ത്രീപീഢനങ്ങളും , കൊലപാതകങ്ങളും, ആത്മഹത്യയും, രാഷ്ട്രീയ അക്രമങ്ങളും,വര്‍ഗ്ഗീയതയും കുറയുമെന്നു മാത്രമല്ല, ജീവിതത്തോട് സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തുന്ന ആത്മാഭിമാനമുള്ള സമൂഹം രൂപപ്പെടാനും അതു കാരണമാകുമെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു. (അടുത്തകാലത്തൊന്നും നടക്കാത്ത കാര്യമാണെങ്കിലും സ്വപ്നം കാണാമല്ലോ!)

നമ്മുടെ പ്രാര്‍ത്ഥനാമുറികളില്‍ ഇരുന്ന് രാമായണത്തിനും, മഹാഭാരതത്തിനും, ഖുറാനും,ബൈബിളിനും പകരം വായിക്കപ്പെടേണ്ട സത്യത്തിന്റെ (ദൈവത്തിന്റെ) കയ്യൊപ്പുള്ള പുസ്തകമാണ് “ഞാന്‍ ലൈംഗീക തൊഴിലാളി” എന്ന നളിനി ജമീലയുടെ ആത്മകഥ. സമൂഹത്തിന്റെ മൂല്യബോധത്തെ പരിഷ്ക്കരിക്കാന്‍ ശേഷിയുള്ള പുസ്തകം. സീതായണം എന്നും വിളിക്കാം.

മനുഷ്യന്‍ എന്നത് വെറും ഇറച്ചിയാണെന്നു വിശ്വസിക്കുന്നവര്‍ ഇതൊന്നും വായിച്ചിട്ടു കാര്യമില്ല. പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി.സി.ബുക്സ്. ആദ്യ പ്രസാധനം 2005. അഞ്ചാമത് പുനപ്രസാധനം 2008. വില രൂപ 75/-

Saturday, July 9, 2011

ചരക്ക്

പുസ്തകം : ചരക്ക്
രചയിതാവ് : ബിജു.സി.പി
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : എന്‍.പ്രഭാകരന്‍


ബിജു.സി.പിയുടെ 'ചരക്ക് '(ഡി.സി.ബുക്‌സ്2009)വലിയ ശ്രദ്ധ കിട്ടാതെ പോയ ഒരു കഥാസമാഹാരമാണ്. വളരെ വ്യത്യസ്തമായ നല്ല ചില കഥകളുണ്ട് പുസ്തകത്തില്‍. ഒരു ഹോം നേഴ്‌സിന്റെ കഥ,ജൂനിയര്‍ മോസ്റ്റ്,വാനില ചില ചെയ്തറിവുകള്‍,മനശ്ശാസ്ത്രജ്ഞന്് ഒരു കത്ത് എന്നിവയാണ് കൂട്ടത്തില്‍ ഏറ്റവും നന്നായി തോന്നിയത്. അനുഭവത്തിന്റെ വൈകാരികതലത്തിന് ഒട്ടും കീഴടങ്ങിക്കൊടുക്കാതെ അല്പം അകന്നുമാറിയുള്ള കാഴ്ചയുടെ താളം സ്വീകരിക്കുന്ന ആഖ്യാനശൈലിയാണ് സമകാലികജീവിതത്തിന്റെ അന്ത:സത്ത വെളിപ്പെടുത്തുന്നതിന് ഏറ്റവും സമര്‍ത്ഥമാവുക എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വൈകാരികമായും ബൗദ്ധികമായും അത്രമേല്‍ ലാഘവത്തോടെയാണ് പൊതുവെ മലയാളി സമൂഹം ജീവിതത്തെ സമീപിക്കുന്നത്. ഉപരിവര്‍ഗവും മധ്യവര്‍ഗവും മാത്രമല്ല അടിത്തട്ടിലുള്ളവരും ഏറെക്കുറെ ഈയൊരു സമീപനം സ്വീകരിക്കുന്നവരാണ്.അപവാദമായി വ്യക്തികളും ജീവിതസന്ദര്‍ഭങ്ങളും ഉണ്ടെന്നത് മറക്കുന്നില്ല.
മലയാളിജീവിതത്തില്‍ കാണുന്ന ലാഘവത്തെ കഥയിലേക്ക് കൊണ്ടുവരിക അത്രയൊന്നും എളുപ്പമല്ല. കഥ കേവലം തമാശയുടെയോ വെടിപറച്ചിലിന്റെയോ വളി്പ്പിന്റെയോ തന്നെയോ തലത്തില്‍ എത്തിച്ചേരാം. അപകടസാധ്യതകളെ മറികടക്കുന്ന എഴുത്തിന്റെ നല്ലൊരു മാതൃക സക്കറിയയുടെ ' പ്രെയ്‌സ് ദി ലോര്‍ഡ് ' എന്ന ലഘുനോവലില്‍ നാം കണ്ടതാണ്. ബിജുവിന്റെ 'വാനില ചില ചെയ്തറിവുകള്‍' നോവലിനെ ഓര്‍മിപ്പിക്കുന്നുമുണ്ട്. കഥാകൃത്തിന്റെ എഴുത്തിന് പ്രത്യേകമായുള്ള ഒരു ഗുണം അവ നമ്മുടെ പൊതുജീവിതത്തിലെ വൈകാരികരക്തക്ഷയത്തെ കുറേക്കൂടി അടുത്തു നിന്നും കുറേക്കൂടി സൂക്ഷ്മമായും ജാഗ്രത്തായും നിരീക്ഷിക്കുന്നു എന്നതാണ്. നിര്‍വികാരമെന്നോ ഉദാസീനമെന്നോ ഒക്കെ തോന്നിക്കുന്ന ആഖ്യാനശൈലിയിലൂടെ തന്നെ സമകാലിക ജീവിതാവസ്ഥയിലെ യിലെ കടുത്ത ചില യാഥാര്‍ത്ഥ്യങ്ങളിലേക്ക് വായനക്കാരെ വൈകാരികമായി ഉണര്‍ത്താന്‍ കഴിയുന്നുണ്ട് കഥാകാരന്.ജൂനിയര്‍മോസ്റ്റിലും ഒരു ഹോംനേഴ്‌സിന്റെ കഥയിലുമൊക്കെ എഴുത്ത് രീതി കൈവരിച്ചിരിക്കുന്ന അനായാസ വിജയം മികച്ച വായനാനുഭവമാണ് നല്‍കുന്നത്.

Friday, July 1, 2011

താമ്രപര്‍ണി

പുസ്തകം : താമ്രപര്‍ണി
രചയിതാവ് : ശൈലന്‍
പ്രസാധകര്‍ : ‍ഫേബിയന്‍ ബുക്‌സ്‌
അവലോകനം : കുഞ്ഞിക്കണ്ണന്‍ വാണിമേല്‍രുപത്തിയഞ്ച്‌ കവിതകളാണ്‌ താമ്രപര്‍ണിയിലുള്ളത്‌. ഭാവരൂപങ്ങളില്‍ വിഭിന്നത പുലര്‍ത്തുന്ന കവിതകളാണിവ. വാക്കുകളുടെ എതിര്‍വായന നടത്താനും മറുഭാഷ കണ്ടെടുക്കാനും ശൈലന്‍ പ്രകടിപ്പിക്കുന്ന ജാഗ്രതതന്നെയാണ്‌ ഈ പുസ്‌തകത്തെ വേറിട്ടൊരു വായനാനുഭവമാക്കുന്നത്‌. ചെറുചെറു വൈകല്യങ്ങള്‍ക്കകത്ത്‌ വലിയ അനുഭവങ്ങളും കാഴ്‌ചകളും നമ്മളോട്‌ സംസാരിക്കുന്നു. കാവ്യഭൂപടങ്ങളിലെല്ലാം വിശുദ്ധമായ ഒരു മാറ്റത്തിനുവേണ്ടിയുള്ള ജാഗരൂകത ഈ കവി പുലര്‍ത്തുന്നു. മനസ്സില്‍പ്പതിഞ്ഞ ഭാവധാരകള്‍ ഭാഷാന്തരപ്പെടുത്തുന്നിടത്ത്‌ എഴുത്തിന്റെ തീക്ഷ്‌ണതയും സൂക്ഷ്‌മതയും അടയാളപ്പെടുത്താന്‍ ശൈലന്റെ പദപ്രയോഗ സാമര്‍ത്ഥ്യം ശ്രദ്ധേയമാണ്‌. ഒരര്‍ത്ഥത്തില്‍ വീണ്ടെടുപ്പുകളുടെ പുസ്‌തകമാണ്‌ താമ്രപര്‍ണി.

``വിറ്റഴിയാതെ/ പൊടിപിടിച്ച/ കാവ്യപുസ്‌തകത്തണലില്‍/ അട്ടപ്പേറിട്ട്‌/പൊരുന്നയിരുന്നൂ/ കവിരേവാപ്രജാപതി...''-(കാളിദാസസ്യ). പാരമ്പര്യത്തെ അട്ടിമറിച്ച്‌ കവിതയുടെ ജൈവധാരയില്‍ ഇടപെട്ടുള്ള ശൈലന്റെ കുതിപ്പ്‌ പലപ്പോഴും പുതുവഴിവെട്ടുന്നവന്റെ ഊറ്റം പ്രത്യക്ഷപ്പെടുത്തുന്നതിങ്ങനെ: കവിത/ നാലുവരി വായിച്ചപ്പോള്‍/ തെളിമ പോരെന്നും പറഞ്ഞ്‌/ കട്ടിള പിളര്‍ന്നുചാടി/ കവിയുടെ കുടലുമാല/ മാറിലണിഞ്ഞു/ നരസിംഹം...(നീര്‍ക്കുറുക്കന്‍). മറ്റൊരിടത്ത്‌ ഇല്ലായ്‌മയുടെ ചിത്രമെഴുതുകയാണ്‌ ശൈലന്‍: ഒന്നുമുണ്ടായില്ല/ തിരിച്ചുപോരുമ്പോള്‍? ഓര്‍മ്മകളില്‍-(താമ്രപര്‍ണി). ഓര്‍മ്മകളും ഹൃദ്യചിത്രങ്ങളും കൊണ്ട്‌ സമ്പന്നമാകുന്ന മനസ്സുകളില്‍ നിന്നും വ്യതിരിക്തനായ ഒരു എഴുത്തുകാരന്റെ ഉള്ളുരകളാണ്‌ താമ്രപര്‍ണിയിലെ കവിതകളില്‍ പതിഞ്ഞുനില്‍ക്കുന്നത്‌.

കാല്‍പനികഭാവങ്ങളില്‍ മേഞ്ഞുനടക്കാതെ, യാഥാര്‍ത്ഥ്യത്തിന്റെ പൊള്ളലേല്‍ക്കാന്‍ ജീവിതത്തിലേക്ക്‌ ഇറങ്ങിനില്‍ക്കുകയാണ്‌ കവി. പൊന്നോണം എന്ന കവിത നോക്കുക: ഒരുക്കത്തിന്റെ/ വ്യാജവാഷ്‌ മുഴുവന്‍/കുടിച്ചുവറ്റിച്ച്‌/റങ്കുമൂത്ത/കാട്ടാനക്കൂട്ടം.-എന്നിങ്ങനെ വാക്കുകള്‍ക്ക്‌ ചില ഇടവഴികളുണ്ടെന്ന്‌ എഴുത്തുകാരന്‍ പറയുന്നു. ഇല്ലായ്‌മകളും വല്ലായ്‌മകളും കാറ്റത്തിട്ട്‌ കണ്ണീരൊഴുക്കാനല്ല; ജീവിതമെടുത്ത്‌ അമ്മാനമാടി പൂത്തിരിക്കത്തിക്കുകയാണ്‌. കവിതകള്‍ക്ക്‌ ചിത്രമെഴുതിയ വി.കെ. ശ്രീരാമന്‍ സൂചിപ്പിക്കുന്നു: 'അക്കരപ്പച്ചയും ഇക്കരെച്ചോപ്പുമായി മുരുക്കിന്‍തയ്യേ നിന്നുടെ ചോട്ടില്‍ മുറുക്കിത്തുപ്പുന്നു ഞാന്‍.' കളിദാസസ്യ, താജ്‌മഹല്‍, ഗുണ്ടാത്മകന്‍, സമ്മതി-ദാനം, ലേ-ഒട്ട്‌, സ്വന്തം ക്ലീഷേ, ഉപജീവനം, ബൈബിള്‍, ശൈവം, സഫേദ്‌ മുസലി, അല്‍ജസീറ തുടങ്ങിയ കവിതകള്‍ കാലത്തിലേക്ക്‌ നീട്ടിയെറിയുന്ന ചോദ്യാവലിയാണ്‌. ഉത്തരം നല്‍കാത്ത എയ്‌ത്‌ മുറിക്കുന്ന ചോദ്യങ്ങള്‍. വായനക്കാരുടെ മനസ്സില്‍ പ്രപഞ്ചത്തോളം ചുറ്റളവില്‍ അബോര്‍ട്ട്‌ ചെയ്യപ്പെട്ട കുറെ ഓര്‍മ്മകള്‍ ബാക്കിവെക്കുന്ന കാവ്യസമാഹാരം. 'താമ്രപര്‍ണി'യുടെ മൂന്നാംപതിപ്പ്‌.(വില- 45 രൂപ)