Showing posts with label നോവല്‍. Show all posts
Showing posts with label നോവല്‍. Show all posts

Wednesday, April 1, 2015

ഫെയ്സ്ബുക്ക്

പുസ്തകം : ഫെയ്സ്ബുക്ക്
രചയിതാവ് : മധുപാല്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്
അവലോകനം : വിഷ്ണു ഹരിദാസ്



"ഫേസ്ബുക്ക്" എന്ന നോവല്‍

ക്കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് ചലച്ചിത്രതാരവും, സംവിധായകനും, കഥാകൃത്തുമായ മധുപാല്‍ രചിച്ച "ഫേസ്ബുക്ക്" എന്ന നോവല്‍ പുറത്തിറങ്ങിയത്. മാതൃഭൂമി ബുക്സ്‌ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അവതരണത്തിലെ വ്യത്യസ്തത കൊണ്ടും, തലക്കെട്ടിലെ ആകര്‍ഷണം കൊണ്ടുമാണ് ഈ നോവല്‍ വാങ്ങാന്‍ തീരുമാനിച്ചത്. അങ്ങനെ തിരുവനന്തപുരത്ത് കനകക്കുന്നില്‍ നടന്ന മാതൃഭൂമി ബുക്സ്‌ഫെസ്റ്റില്‍ പ്രസ്തുത "ഫേസ്ബുക്ക്" വാങ്ങാനുള്ള അവസരം ഉണ്ടായി. വായിച്ചു കഴിഞ്ഞപ്പോള്‍ അതെക്കുറിച്ച് എന്തെങ്കിലും പറയണമല്ലോ.


അതിരിക്കട്ടെ, എന്താണ് ഇത്ര പ്രത്യേകത?

നേരത്തെ പറഞ്ഞതുപോലെ, അവതരണത്തിലെ വ്യത്യസ്തത കൊണ്ടാണ് നോവല്‍ ശ്രദ്ധേയമാകുന്നത്. യഥാര്‍ത്ഥ ഫേസ്ബുക്കില്‍ കണ്ടുമുട്ടുന്ന, എന്നാല്‍ പരസ്പരം നേരിട്ട് കണ്ടിട്ടില്ലാത്ത ഒരുകൂട്ടം ആളുകളുടെ വാള്‍ പോസ്റ്റുകളും, അതിനെ തുടര്‍ന്ന് വരുന്ന കമന്റുകളും, തുടര്‍ പോസ്റ്റുകളും, പ്രൈവറ്റ് മെസ്സജുകളും ഒക്കെയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
അതായത്, ഒരു ഫേസ്ബുക്ക് ടൈംലൈന്‍ പോലെ ആണ് രചന. ഇതില്‍ പോസ്റ്റുകളും കമന്റുകളും ഇടുന്നവര്‍ ഒന്നും പരസ്പരം അറിയാവുന്നവര്‍ അല്ല എന്നുള്ളതാണ് കൌതുകം. എവിടെനിന്നോ വരുന്ന കുറേപേര്‍ ഒരു കേന്ദ്ര കഥാപാത്രത്തിന്റെ വാളില്‍ പോസ്ടുന്നു, കമന്റുന്നു, അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നു... അങ്ങനെ അങ്ങനെ...!


ആഹാ, എന്താണ് നോവല്‍ പറയുന്നത്?

"നവീന്‍ ലോപ്പസ്" എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ഒരു വാള്‍പോസ്റ്റില്‍ ആണ് നോവല്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് വരുന്ന ആളുകള്‍ ഇടുന്ന കമന്റുകള്‍ പിന്നാലെ. അതിനിടെ നവീന്‍ ലോപ്പസിന് മെസ്സേജ് അയക്കുന്ന അപരിചിതരായ രണ്ടു പുതിയ കഥാപാത്രങ്ങള്‍ - അനസൂയ വേണുഗോപാലും വീണ സുകുമാരനും എത്തുന്നു. അവര്‍ അവരുടെ അനുഭവങ്ങളും കഥകളും നവീനുമായി നവീന്റെ ഫേസ്ബുക്ക് വാളില്‍ പങ്കുവെക്കുന്നു. അതിനെ തുടര്‍ന്ന് എത്തുന്ന കഥാപാത്രങ്ങളായ അനിത, ഷൌക്കത്ത്, നീലാംബരി തുടങ്ങിയവര്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റുകളും  ടാഗ് ചെയ്യുന്ന വീഡിയോയും മെസ്സേജും ഒക്കെയായി നോവല്‍ പുരോഗമിക്കുകയാണ്.

ചുരുക്കി പറഞ്ഞാല്‍, "ബ്രൌസര്‍ വിന്‍ഡോയുടെ ഉള്ളിലെ ലോകത്തില്‍ നിന്നും മെനഞ്ഞെടുത്ത ഒരു നോവല്‍ " എന്ന് പറയാം.

അതുകൊണ്ടുതന്നെ, വായിക്കുമ്പോള്‍ ഒരിടത്തും "മധുപാല്‍ " എന്ന നോവലിസ്റിനെ നമുക്ക് കാണാന്‍ കഴിയില്ല. മറിച്ചു നവീന്‍ ലോപ്പസ് അടക്കമുള്ള ഒരുകൂട്ടം നോവലിസ്റ്റുകളെ ആണ് കാണാന്‍ കഴിയുക. അത് വ്യത്യസ്തമായൊരു ആശയം തന്നെ! കൊള്ളാം, എനിക്ക് ഇഷ്ടായി!


കൊള്ളാല്ലോ! എന്തൊക്കെയുണ്ട് ഉള്ളില്‍ ?


നവീന്‍ ലോപ്പസിന്‍റെ ഫേസ്ബുക്ക് വാളില്‍ കണ്ടുമുട്ടുന്ന, അതില്‍ പോസ്റ്റുന്ന ഒരുപാട് പേര്‍ ഉണ്ടെന്നു പറഞ്ഞല്ലോ, അതുകൊണ്ടുതന്നെ, കൃത്യമായി നീങ്ങുന്ന ഒരു മൂലകഥ ഈ നോവലില്‍ ഇല്ല. എന്നാല്‍ ഒരു കഥയ്ക്ക് പകരമായി അനേകം കഥകള്‍ ആണുള്ളത്. ഓരോരുത്തരും ഇടുന്ന പോസ്റ്റും അവരുടെ, അല്ലെങ്കില്‍ അവര്‍ പറയാന്‍ ആഗ്രഹിക്കുന്ന ഒരു കഥയാണ്. ഓരോ പോസ്റ്റും ഓരോ നോവല്‍ എന്നപോലെ!

ഉള്ളടക്കത്തില്‍ പലയിടത്തും ധാരാളം ഫിലോസഫി കടന്നുവരുന്നുണ്ട്. അത് അമിതമായോ എന്ന് അറിയില്ല, പക്ഷെ എല്ലാത്തിലും ഓരോ പാഠങ്ങള്‍ ഉണ്ടാകും.

ഉള്ളടക്കത്തെ ഒന്ന് ലിസ്റ്റ് ചെയ്‌താല്‍ ഇങ്ങനെ:

     -  പോസ്റ്റ്‌ ചെയ്യുന്ന വ്യക്തികള്‍ പറയുന്ന അവരുടെ കഥകള്‍
     -  ധാരാളം സാരോപദേശ കഥകളും തത്വചിന്തകളും
     -  പല സംഗതികളുടെയും ശാസ്ത്രീയമായ വിശദീകരണം (ഉദാ : പ്രണയം, വ്യക്തിത്വം)
     -  പ്രണയം, ലൈംഗിക എന്നിവയെക്കുറിച്ച് ധാരാളം അഭിപ്രായങ്ങള്‍
     -  കുറച്ചധികം "ന്യൂ ജനറേഷന്‍ സ്റ്റഫ്"

ഇതില്‍ വായിച്ചിട്ടും മനസ്സില്‍ തങ്ങി നിന്നത് നീലാംബരി കൃഷ്ണന്‍ ടാഗ് ചെയ്ത കഥ ആണ്, അത് വല്ലാതെ ഹൃദയസ്പര്‍ശിയായ ഒന്നായിരുന്നു. (എന്താണെന്ന് നിങ്ങള്‍ തന്നെ വായിച്ചാല്‍ മതി, ഞാന്‍ പറഞ്ഞുതരൂല!)

സമീപകാലത്തെ പല സംഭവങ്ങളും വളരെ വ്യക്തമായി നോവലില്‍ കടന്നുവരുന്നുണ്ട്. സ്വന്തം അമ്മയുടെ വ്യാജപ്രൊഫൈല്‍ സൃഷ്ടിച്ച മകനും, കൊല്ലപ്പെട്ട വ്യവസായിയും ഉള്പ്പെടെ പലരും.

അങ്ങനെ ഒരുകൂട്ടം പോസ്റ്റുകള്‍ സൃഷ്ടിക്കുന്ന നവീന്‍ ലോപ്പസിന്‍റെ ഫേസ്ബുക്ക് ടൈംലൈനിലൂടെ നോവല്‍ വായിക്കാം.


ഓ! അപ്പൊ ആകെ മൊത്തം ടോട്ടല്‍ എന്താണ് അഭിപ്രായം?


ആകെ പറഞ്ഞാല്‍, വ്യത്യസ്തമായ ഒരു വായനാനുഭവം തരുന്ന, ധാരാളം കഥകളിലൂടെ കടന്നുപോകുന്ന, ധാരാളം പാഠങ്ങള്‍ നല്‍കുന്ന ഒരു നോവല്‍ ആണ് "ഫേസ്ബുക്ക്". സൂക്ഷിച്ചുവെക്കാന്‍ പറ്റിയ ഒരു പുസ്തകം.


(പുസ്തകത്തിന്റെ അവസാനം അനില്‍കുമാര്‍ തിരുവോത്ത് നടത്തിയ ഒരു പഠനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. നോവലിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും ശരിക്കുള്ള നോവലിസ്റ്റ് ആരാണെന്നുള്ള കണ്ഫ്യൂഷനും ഒക്കെ അദ്ദേഹവും പറയുന്നുണ്ട്. മധുപാലിന്‍റെ സ്ഥിരം ശൈലിയില്‍ നിന്നും വേറിട്ട രചന ആണ് "ഫേസ്ബുക്ക്" എന്ന് അദ്ദേഹം വിലയിരുത്തുന്നു. വ്യത്യസ്തതയുടെ ഉദാഹരണമായി ബെന്യാമിന്‍ , സുഭാഷ്ചന്ദ്രന്‍ തുടങ്ങിയവരെക്കുറിച്ച് പറയുന്നു. അതുപോലെതന്നെ, മധുപാലിന്‍റെ സ്ഥിരം "ബൈബിള്‍ " ശൈലി വിട്ടു മൊത്തത്തില്‍ പുതിയൊരു ശൈലിയില്‍ ആണ് "ഫേസ്ബുക്ക്" എഴുതപ്പെട്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.)


പ്രസ്തുത നോവല്‍ എഴുതാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ചും കഥയുടെ ത്രെഡ്, കഥാപാത്രങ്ങള്‍ തുടങ്ങിയവ എങ്ങനെയാണ് രൂപപ്പെട്ടത് എന്നും മധുപാല്‍ തന്നെ നേരിട്ട് പറയുന്ന ഒരു ഇന്റര്‍വ്യൂ "ദേശാഭിമാനി" പ്രസിദ്ധീകരിച്ചിരുന്നു. അത് ഇവിടെ വായിക്കാം - http://www.deshabhimani.com/newscontent.php?id=199672

എല്ലാപേര്‍ക്കും മനോഹരമായ ഒരു വായനാനുഭവം ആശംസിക്കുന്നു

Tuesday, December 30, 2014

മഞ്ഞവെയില്‍ മരണങ്ങള്‍


പുസ്തകം : മഞ്ഞവെയില്‍ മരണങ്ങള്‍
രചയിതാവ് : ബെന്യാമിന്‍
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : വിനോദ്കുമാര്‍ തലശ്ശേരി

ന്നലെ രാത്രി വളരെ വൈകിയാണ്‌, ബെന്യാമിന്റെ പുതിയ പുസ്തകം വായിച്ചുതീര്‍ന്നത്‌. തീര്‍ന്നപ്പോള്‍ വല്ലാതൊരു ശൂന്യത അനുഭവപ്പെട്ടു. വായന തുടങ്ങിയപ്പോള്‍ മുതല്‍ ഉദ്വേഗം നിറഞ്ഞ ആ അന്വേഷണത്തിന്റെ ഭാഗമായിരുന്നല്ലോ ഞാനും. അവസാന വ്യാഴച്ചന്തയില്‍ വെച്ച്‌ നോവലിന്റെ പ്രകാശനത്തിനുശേഷവും ബെന്യാമിന്‍ അന്വേഷണം അവസാനിപ്പിച്ച രീതിയില്‍ തൃപ്തി വരാതെ നിബു സ്വയം നോവലിന്റെ അവസാനം വരെയും ഉത്തരം കിട്ടാത്ത ചോദ്യത്തിനു പിന്നാലെ പോകാന്‍ തയ്യാറാകുന്നുണ്ട്‌. അതുപോലെയല്ലെങ്കിലും നോവലിനെ മനസ്സില്‍ നിന്ന്‌ പറിച്ചെറിയാന്‍ കഴിയാത്തതുപോലെ. രാത്രി ഏറെ നേരം ഉറക്കം വരാതെ കിടന്നു.

ചെറുപ്പത്തില്‍ വായനാശീലത്തിന്റെ തുടക്കത്തില്‍ പുസ്തകം കയ്യിലെടുത്താല്‍ തീര്‍ക്കുന്നതുവരെ ഒരു ലഹരി പോലെ അത്‌ കൂടെയുണ്ടാവുമായിരുന്നു. അതൊക്കെ മിക്കവാറും ദുര്‍ഗ്ഗപ്രസാദ്‌ ഖത്രിയുടേയും മറ്റും ഡിറ്റക്റ്റീവ്‌ നോവലുകളായിരുന്നു. വായന ശീലം മാറുന്നതിനനുസരിച്ച്‌ പുസ്തകം സമയമെടുത്ത്‌ വായിക്കാന്‍ തുടങ്ങി. വായന ഒരു ലഹരി അല്ലാതായി മാറിയപ്പോള്‍ ഒരു പുസ്തകം വായിക്കാന്‍ ദിവസങ്ങളെടുത്തു. വായന എവിടെ നിര്‍ത്തിയാലും പിന്നീട്‌ എന്ത്‌ സംഭവിക്കും എന്നൊരു ആകാംക്ഷ ഇല്ലാതായി. പക്ഷേ 'മഞ്ഞവെയില്‍ മരണങ്ങള്‍' വായനയുടെ ആ ലഹരി ആണ്‌ തിരിച്ചു കൊണ്ടുവന്നത്‌. ഗൌരവമായി വായിക്കേണ്ടുന്ന ഒരു പുസ്തകം, എന്നാല്‍ വായനയുടെ 'ത്രില്‍' അവസാനം വരെ നിലനിര്‍ത്തുന്ന പുസ്തകം.

ബെന്യാമിന്റെ പുതിയ പുസ്തകത്തെക്കുറിച്ച്‌ ബ്ളോഗില്‍ വായിച്ചപ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചിരുന്നു, ആ പുസ്തകം വായിക്കണമെന്ന്‌. ഇത്തവണ നാട്ടില്‍ പോയപ്പോള്‍ അന്വേഷിക്കാന്‍ തുടങ്ങി. കോഴിക്കോട്ടെ ഡി.സി. ബുക്സിലും ഒലീവിലും ഒക്കെ അന്വേഷിച്ചിട്ടും കിട്ടിയില്ല. സ്റ്റോക്ക്‌ തീര്‍ന്നിരുന്നു. ഒടുവില്‍ ഏതൊ ഒരു ചെറിയ കടയില്‍ നിന്ന്‌ കിട്ടി. എന്നെപ്പോലെ ധാരാളം പേരുടെ വായനാശീലം മാറ്റിയ എഴുത്തുകാരനായിരിക്കുന്നു, ബെന്യാമിന്‍ എന്ന്‌ മനസ്സിലാകാന്‍ ഈ അനുഭവം തന്നെ ധാരാളം ആയിരുന്നു.

ഏറെ കാലത്തിനുശേഷം ഒരു നോവല്‍ വായിച്ചത്‌ അദ്ദേഹത്തിന്റെ തന്നെ 'ആടുജീവിതം' ആയിരുന്നു. എവിടെയോ വായിച്ചതോര്‍ക്കുന്നു, മലയാളിയെ വായനയിലേക്ക്‌ തിരിച്ചുകൊണ്ടുവന്ന നോവല്‍ ആയിരുന്നു, അതെന്ന്‌. അങ്ങനെ കേട്ടറിഞ്ഞാണ്‌, അത്‌ തേടിപ്പിടിച്ച്‌ വായിച്ചത്‌. മലയാളിയുടെ മൊത്തം കുത്തക ഏറ്റെടുക്കാന്‍ ആവില്ലയെങ്കിലും എന്റെ വായനയുടെ കാര്യത്തില്‍ അത്‌ തീര്‍ത്തും ശരിയായിരുന്നു. ഞാന്‍ മാത്രമല്ല ഏത്‌ പുസ്തകം കണ്ടാലും ഉറക്കം വരുന്ന എന്റെ ശ്രീമതിയും ആ നോവല്‍ വായിച്ചുതീര്‍ത്തു.

'ആടുജീവിതം' ശ്രദ്ധേയമായത്‌ അതിലെ അനുഭവത്തിന്റെ തീക്ഷ്ണത കൊണ്ടായിരുന്നു. ഗള്‍ഫ്‌ ജീവിതത്തിന്റെ നാം കാണാത്ത, നമ്മുടെ ഭാവനയില്‍ പോലും കടന്നുവരാന്‍ ഒരു സാദ്ധ്യതയില്ലാതിരുന്ന വരണ്ട ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നല്ലോ, ആ നോവല്‍. നജീബും അവന്റെ മരുഭൂമി വാസത്തിനിടയില്‍ കണ്ടുമുട്ടിയ ചില മനുഷ്യജന്‍മങ്ങളും അതില്‍ കൂടുതലായി കുറേ ആടുകളും. ഏറ്റവും വിപരീതമായ അവസ്ഥയില്‍ നിന്നുള്ള നജീബിന്റെ അതിജീവനത്തിന്റെ കഥ, അതായിരുന്നു, ആ നോവല്‍. ആ അനുഭവം പകര്‍ത്താന്‍ ഭാവനയുടെ സഹായം അല്‍പം പോലും ആവശ്യമില്ലായിരുന്നു. സാമാന്യം ഭാഷാ കൈവശമുള്ള ആരുടെ കൈയില്‍ കിട്ടിയാലും ആ നോവല്‍ പിറവി എടുക്കുമായിരുന്നു, എന്നാണ്‌ നോവല്‍ വായിച്ചപ്പോള്‍ തോന്നിയത്‌.



അങ്ങനെ ഒരു നോവലെഴുതാന്‍ ആര്‍ക്കും സാധിക്കും എന്ന ഒരു കെറുവ്‌ തോന്നിയില്ലേ എന്നും സംശയം. മലയാളികള്‍ അത്ര പെട്ടെന്ന്‌ ആരേയും അംഗീകരിയ്ക്കില്ലല്ലോ. (അംഗീകാരം നേടിക്കഴിഞ്ഞാല്‍ പിന്നെ ചോദ്യം ചെയ്യപ്പെടാന്‍ ഒരിക്കലും അനുവദിക്കാത്ത വിധം തോളിലേറ്റി നടക്കുകയും ചെയ്യൂം എന്നത്‌ വേറെ കാര്യം ) പെട്ടെന്ന്‌ ഉയര്‍ന്നുവരുന്ന ഒരാളെ വിലയിരുത്താന്‍ ഒരു രണ്ടാം ശ്രമം വരെ കാത്തിരിക്കുക എന്ന്‌ എന്റെ തീവ്രവിശകലന ചാതുര്യം അന്ന്‌ എന്നോട്‌ പറഞ്ഞു.

പക്ഷേ ബെന്യാമിന്‍ എന്റെ കണക്കുകൂട്ടലുകളെയൊക്കെ തെറ്റിച്ചുകളഞ്ഞു. നോവല്‍ രചനയുടെ ക്രാഫ്റ്റിന്റെ കാര്യത്തില്‍ അദ്ദേഹം ഏറെ മുന്നോട്ട്‌ പോയിരിക്കുന്നു, എന്ന്‌ കാണിക്കുന്നതാണ്‌ പുതിയ നോവല്‍. രണ്ട്‌ തലത്തില്‍ വായിക്കേണ്ടുന്ന ഒരു നോവല്‍. ഒന്ന്‌ ബെന്യാമിന്റെ നോവല്‍, മറ്റൊന്ന്‌ നോവലിലെ കഥാപാത്രമായ ക്രിസ്റ്റി അന്ത്രപ്പേറിന്റെ നോവല്‍. ഉള്‍നോവലും പുറം നോവലും രണ്ടും അന്വേഷണങ്ങളാണ്‌.

ഒരു നോവലിസ്റ്റ്‌ ആകാന്‍ ജീവിതം ഉഴിഞ്ഞ്‌ വെച്ച ക്രിസ്റ്റി തന്റെ ആദ്യ നോവലിന്റെ രചനയിലാണ്‌. അതിനിടയില്‍ തന്റെ മുന്നില്‍ വെച്ച്‌ നടക്കുന്ന ഒരു കൊലപാതകത്തിന്റെ വേരുകള്‍ തേടി പോവാന്‍ നിര്‍ബ്ബന്ധിതനാവുകയാണ്‌. സമാന്തരമായി ബെന്യാമിന്‍ തന്റെ 'നെടുമ്പാശ്ശേരി' എന്ന നോവലിന്റെ പണിപ്പുരയിലുമാണ്‌. നോവല്‍ പകുതിയില്‍ നിന്നുപോയപ്പോള്‍ തുടര്‍ന്നുപോകാന്‍ വല്ല തുമ്പും കിട്ടുമോ എന്ന ആലോചനയിലാണ്‌. അപ്പോഴാണ്‌ കുറെ മുമ്പ്‌ തനിക്ക്‌ ആരോ അയച്ചു തന്ന ഒരു കഥയുടെ ആദ്യഭാഗം വായിച്ചുതുടങ്ങുന്നതും ക്രിസ്റ്റിയുടെ കഥയില്‍ എത്തിച്ചേരുന്നതും.

ക്രിസ്റ്റി അന്ത്രപ്പേര്‍ സ്വന്തം നോവല്‍ മറന്ന്‌ മരണത്തിന്റെ പുറകെ പോവുകയാണ്‌. അന്വേഷണം മുന്നോട്ട്‌ പോകുന്നതിനനുസരിച്ച്‌ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുന്നു. ക്രിസ്റ്റിയുടെ അന്വേഷണം അവനെ ഒരു തിരിച്ചറിവില്‍ എത്തിക്കുന്നുണ്ട്‌, താന്‍ ജനിച്ച്‌ വളര്‍ന്ന, ചെറിയ ദ്വീപായ ഡീഗൊഗാര്‍ഷ്യ കറുത്ത വന്‍കരയേക്കാള്‍ നിഗൂഡതകള്‍ നിറഞ്ഞതാണെന്ന്‌. തന്റെ നാടിനെക്കുറിച്ച്‌ മാത്രമല്ല, വീടിനെക്കുറിച്ചുപോലും അറിഞ്ഞതില്‍ കൂടുതല്‍ തനിക്കറിയാത്തതാണെന്ന്‌.

ബെന്യാമിന്‍ തന്റെ പാതിയാക്കിയ നോവല്‍ മറന്ന്‌ അയച്ചുകിട്ടിയ കഥയുടെ ബാക്കിഭാഗങ്ങള്‍ അന്വേഷിച്ചുപോകുന്നു. ക്രിസ്റ്റിയുടെ നോവലിന്റെ ബാക്കി ഭാഗം അന്വേഷിച്ചുള്ള ബെന്യാമിന്റെ യാത്രയാകട്ടെ ദ്വീപിലും വന്‍കരയിലുമായി പല തടസ്സങ്ങളും നേരിട്ട്‌ മുന്നോട്ട്‌ പോകുന്നു. അന്വേഷണം പല നിഗൂഡതകളിലെക്കും വെളിച്ചം വീശുന്നുണ്ട്‌. നമ്മുടെ നാടിന്റെ നമ്മളറിയാത്ത പല രഹസ്യങ്ങളും ചുരുളഴിയുന്നുമുണ്ട്‌.

ഈ അന്വേഷണം ഒരു കൂട്ടായ്മയുടെ കൂടി ഫലമാണ്‌. എല്ലാ വ്യാഴാഴ്ചയും നടക്കുന്ന 'ആഴ്ചച്ചന്ത' യില്‍ ആണ്‌ പദ്ധതികള്‍ രൂപം കൊള്ളുന്നത്‌. കൂട്ടത്തിലെ എല്ലാവരും ജീവിച്ചിരിക്കുന്ന മനുഷ്യരാണ്‌. അവരൊക്കെ അന്വേഷണത്തില്‍ പല രീതിയില്‍ സഹകരിക്കുന്നുണ്ട്‌. ആഴ്ചച്ചന്തയില്‍ പതിവുകാരായ അവരൊക്കെ നോവലിലെ കഥാപാത്രങ്ങളായി മാറുന്നു. അതുപോലെ ഇന്റര്‍നെറ്റും ഫേസ്ബുക്കും, ഓര്‍ക്കുട്ടും ഒക്കെ ഇതിലെ കഥാപാത്രങ്ങളാണ്‌.

രണ്ട്‌ അന്വേഷണങ്ങളില്‍ ഏതാണ്‌ കൂടുതല്‍ ഉദ്വേഗജനകമെന്നത്‌ പറയാനാവില്ല. രണ്ടും കൂടി ഉദ്വേഗത്തിന്റെ വാള്‍മുനയിലൂടെ നടത്തിക്കുന്നു, വായനക്കാരനെ. ഈ ഉദ്വേഗം അവസാനം വരെ നിലനില്‍ക്കുന്നു, എന്നുള്ളതാണ്‌ നോവലിന്റെ വിജയവും.. അത്യന്തം സങ്കീര്‍ണമായ സമസ്യയുടെ പൊരുള്‍ തേടി നടത്തുന്ന ഇവരുടെ കൂട്ടായുള്ള അന്വേഷണവും ചര്‍ച്ചകളും തികച്ചും സ്വാഭാവികമാണ്‌. വായനക്കാരന്‍ സ്വയം അറിയാതെ ഈ അന്വേഷണത്തിണ്റ്റെ ഭാഗമായിത്തീരുന്നു. ഈ പുതിയ രീതി മലയാളത്തില്‍ ആരും പരീക്ഷിക്കാത്തതാണെന്ന്‌ തോന്നുന്നു.

കേരളത്തില്‍ പോര്‍ച്ചുഗീസുകാരുടെ വരവ്‌, കല്‍ദായ സഭയുടെ ചരിത്രം, ഉദയംപേരൂറ്‍ എന്ന സ്ഥലത്തിന്റെ ചരിത്രം ഒക്കെ നോവലില്‍ കടന്നുവരുന്നുണ്ട്‌. അതൊക്കെ ക്രിസ്റ്റി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായും ക്രിസ്റ്റിയുടെ കഥയുടെ നേര്‌ തേടി ബെന്യാമിന്‍ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായും നോവലില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതാണ്‌. അന്യംനിന്നുപോയ ഒരു നാട്ടുരാജാവിന്റെയും ആ രാജ്യത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന അനന്തരാവകാശികളുടെ മങ്ങാത്ത പ്രതീക്ഷയുടെ കൂടിയും കഥയുണ്ട്‌ നോവലില്‍.

രാത്രി ഏറെ വൈകി ഉറങ്ങിയ ശേഷം ബെന്യാമിനോടൊപ്പം ആഴ്ചച്ചന്തയില്‍ ആയിരുന്നു, ഞാനും. ക്രിസ്റ്റിയുടെ അന്വേഷണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ എത്തിനില്‍ക്കുന്ന നാല്‍ക്കവലയില്‍ ഏത്‌ പാത തിരഞ്ഞെടുക്കണമെന്ന ആലോചനയില്‍. മുന്നോട്ടുള്ള യാത്രയില്‍ ഏത്‌ ഗ്രൂപ്‌, ഓര്‍ക്കുട്ടോ, ഫേസ്ബുക്കോ, അതല്ല ക്രിസ്റ്റിയുടെ ജീവിയത്തിലെ നിരവധി ബന്ധങ്ങളില്‍ ഏതെങ്കിലുമോ, ആര്‌ ഒരു സഹായമായെത്തും എന്നറിയാതെ. ഇപ്പോള്‍ അത്‌ എന്റെയും കൂടെ ഒരാവശ്യമാണല്ലോ. കാലത്ത്‌ ഉണര്‍ന്നപ്പോഴാണ്‌ ഓര്‍ത്തത്‌ ക്രിസ്റ്റിയുടെ അന്വേഷണവും ബെന്യാമിന്റെ അന്വേഷണവും അവസാനിച്ചു കഴിഞ്ഞ വിവരം. സത്യം കണ്ടെത്തിയതിന്റെ ആശ്വാസം ഇല്ല എന്നാല്‍ അന്വേഷണത്തിന്റെ 'ത്രില്‍' നഷ്ടപ്പെട്ടതിന്റെ സങ്കടം ഉള്ളില്‍ നിറയുന്നുണ്ട്‌ താനും.

Tuesday, October 28, 2014

ദല്‍ഹി ഗാഥകള്‍

പുസ്തകം : ദല്‍ഹി ഗാഥകള്‍
രചയിതാവ് : എം.മുകുന്ദന്‍
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : അബ്ദുള്ള മുക്കണ്ണി
 


എം.മുകുന്ദന്‍ തന്റെ ഏറ്റവും പുതിയ ദല്‍ഹി ഗാഥകള്‍ എന്ന നോവലില്‍ സഞ്ജയ്‌ ഗാന്ധി ഡല്‍ഹിയെ മോഡിപിടിപ്പിക്കുവാന്‍ വേണ്ടി തുര്‍ക്കുമാന്‍ ഗെയിറ്റില്‍ നടത്തിയ നരനായാട്ടിനെ കുറിച്ചു ഞെട്ടലോടെയല്ലാതെ നമുക്ക് വായിക്കാന്‍ കഴിയില്ല!. ‍അടിയന്തിരാവസ്ഥയുടെ കൊടും ക്രൂരതകളെ കുറിച്ചു പറയാന്‍ മാത്രം നോവലിലെ ഇരിനൂറോളം പേജുകളാണ് മുകുന്ദന്‍ നീക്കി വെച്ചിരിക്കുന്നത്. വരികളിലൂടെ മുന്നോട്ട് പോയാല്‍ നാം വിറങ്ങലിച്ചു പോകും. കുറച്ചു വരികള്‍ ഇതാ ഇവിടെ!!...

"ജുമാമസ്ജിദിന്‍റെ പരിസരങ്ങളില്‍ ജീര്‍ണിച്ച എടുപ്പുകളില്‍ മാലിന്യങ്ങളും ദാരിദ്ര്യവുമാണ്.. അതൊക്കെ ശുദ്ധീകരിക്കണം. ജുമാ മസ്ജിദില്‍ നിന്നു നോക്കിയാല്‍ ദൂരെ ഇന്ത്യാ ഗെയിറ്റിന്റെ മനോഹരമായ കാഴ്ച കാണണം. അതിനു തടസ്സം നില്കുന്നത് തുര്‍ക്കുമാന്‍ഗെയിറ്റിലെ എടുപ്പുകളാണ്. തടസ്സങ്ങള്‍ നീക്കണം. അതിനു വേണ്ടി കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തണം. തുര്‍ക്കുമാന്‍ ഗെയിറ്റ് ശുദ്ധീകരണത്തിന് സഞ്ജയിനെ പ്രേരിപ്പിച്ചത് അദ്ദേഹത്തിലെ സൌന്ദര്യാരാധകനാണ്. മറ്റൊരു കാരണം കൂടിയുണ്ട്!..

"തുര്‍ക്കുമാന്‍ ഗെയിറ്റ് ഒരു മിനി പാക്കിസ്ഥാനാണ്..സഞ്ജയ്‌ ഗാന്ധി സുഹൃത്തുക്കളോട് പറയാറുണ്ട്‌. തലസ്ഥാന നഗരിയില്‍ ഒരു പാക്കിസ്ഥാന്‍ പാടില്ല..അതിനനുവദിക്കില്ല...."

നിങ്ങളുടെ നേതാവിന്റെ ഫിയര്‍ സൈക്കോ സൈസില്‍ നിന്നാണ് ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ എന്ന ഐഡിയ ജനിക്കുന്നത്. തുര്‍ക്കുമാന്‍ ഗെയിറ്റിലെ പാവങ്ങള്‍ക്ക് വിശപ്പടക്കാന്‍ ചാപ്പത്തിയോ കിടക്കാന്‍ ഇടാമോ ഇല്ല! അവര്‍ക്കാകെയുള്ളത് അഞ്ചു നേരം നിസ്കരിക്കാന്‍ ഒരു മസ്ജിദു മാത്രമാണ്.. പട്ടിണി പാവങ്ങളുടെ തലയില്‍ വിശപ്പിനെ കുറിച്ചുള്ള ചിന്തയല്ലാതെ ഒരു പാകിസ്ഥാനും ഇല്ലെന്നു ചെന്ന് പറയൂ നിങ്ങളുടെ നേതാവിനോട്''

തുര്‍ക്കുമാന്‍ ഗെയിറ്റില്‍ ശ്മശാന നിശബ്ദതയായിരുന്നു!. റോഡുകളിലും ഗലികളിലും ഇടിച്ചു വീഴ്തപ്പെട്ട ദുക്കാനുകളുടെയും കിടപ്പാടങ്ങളുടെയും കല്ലും കമ്പിയും സിമെന്‍റ്റും കൂമ്പാരമായിക്കിടന്നു,അതിനിടയില്‍ കാലൊടിഞ്ഞ കസാരകളും ബിരിയാണി ചെമ്പുകളും നിസ്കാര പായകളും പൊട്ടിയ മുഖക്കണ്ണാടികളും കമ്മീസുകളും ദുപ്പട്ടകളും ചെരുപ്പുകളും ചിതറിക്കിടക്കുന്നു .ചിലയിടത്ത് നിന്നും പുകയുയ്ര്‍ന്നു. സഹദേവന്‍റെ വി.പി. ഏജന്‍സീസ് അപ്രത്യക്ഷമായിരിക്കുന്നു..അതിന്‍റെ സ്ഥാനത്ത് വാ പൊളിച്ചു കിടക്കുന്ന ശൂന്യത മാത്രം. ഗലിയില്‍ അരിയും ഗോതമ്പും ബജ്രയും കൂമ്പാരമായി കിടന്നു. ഒരു പക്ഷിയും കൊത്തിക്കൊറിക്കാനായി എത്തിയില്ല. ഫാജറുദ്ധീന്‍റെ അത്തര്‍ ബണ്‍ഡാര്‍ കൊള്ളയടിക്കപ്പെട്ടിരുന്നു, റൂഹു അല്‍ ഊദിന്റെയും മജുവ യുടെയും അബ്ദുല്‍ ആഖീറിന്റെയും കുപ്പികള്‍ പൊട്ടിച്ചിതറിക്കിടക്കുന്നു, അത്തറിന്റെ ലഹരിപിടിപ്പിക്കുന്ന സൌരഭ്യം തലവേദന നല്‍കുന്ന രൂക്ഷഗന്ധമായി മാറിയിരിക്കുന്നു, യൂനാനി വൈദ്യന്‍ ഹകീമിന്റെ ഷെര്‍വാണി ധരിച്ച ശരീരം ഓടയില്‍ കമിഴ്ന്നു കിടന്നിരുന്നു.അയാളുടെ ഒരു കാല്‍ ബുള്‍ഡോസറിന്റെ ചക്രത്തിനടിയില്‍ പെട്ട് അരഞ്ഞുപോയിരുന്നു. അബ്ദുല്‍ അമീറിന്റെ കോട്ടിയുടെ പുറം മതിലുകള്‍ നിലംപറ്റിയിരുന്നു.. മതിലിനോട് ചേര്‍ന്ന് തെരുവ് പട്ടികള്‍ ഒരു കുഞ്ഞിന്റെ മൃതദേഹം മണത്തുനിന്നു. ഫിസേ ഇലാഹി മസ്ജിദിനുള്ളില്‍ ഫിര്‍ദൌസിന്റെ ബര്‍ക്കയിടാത്ത നഗ്ന ശരീരം മരവിച്ചു കിടന്നു..ബുള്‍ഡോസറുകളുടെ ചക്രപ്പാടുകള്‍ ക്കിടയിലെ ചോര കൊടും ചൂടിലും ഉണങ്ങാതെ കിടന്നു.."(പേജു 298 ,299)

നിര്‍ബന്ധ വന്ധ്യം കരണത്തിന് വിധേയമയവരുടെ കഥന കഥകള്‍ മുകുന്ദന്റെ ശക്തമായ തൂലികയിലൂടെ ഇതാ..ചില വരികള്‍ കൂടി...

"സമീപ പ്രദേശത്തെ പോലീസുകാരും മുന്‍സിപ്പല്‍ ജീവനക്കാരും ഇരകളെ ബലമായി കീഴ്പെടുത്തി സ്കൂള്‍ ടെന്റില്‍ കൊണ്ടുവന്നു ശസ്ത്രക്രിയ ചെയ്യിക്കുന്നുണ്ടായിരുന്നു.ഇരകളുടെ പേരും മേല്‍വിലാസവും വയസ്സും എഴുതി ഡോക്ടറെ ക്കൊണ്ട് ഒപ്പ് വെപ്പിച്ച കടലാസുമായി അവര്‍ പോകും. ഇരകളുടെ പ്രായം സൌകര്യമനുസരിച്ച് അവര്‍ കൂട്ടുകയോ കുറയ്ക്കുയോ ചെയ്തു. ഇടവേളകളില്‍ സ്കൂളുകളുടെ പുറത്ത് നിന്ന് എരിവും ചൂടുമുള്ള സമോസ വില്കുന്ന പതിനെട്ടുകാരന്‍ മോട്ടുവിനു വയസ്സ് ശസ്ത്രക്രിയക്കു ശേഷം ഇരുപത്തെട്ടാക്കി ഉയര്‍ത്തി. ചുമച്ചു കഫം തുപ്പി അവശനായി തണുപ്പത്ത് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകുന്ന അറുപത്തി രണ്ടുകാരന്‍ കന്‍വാരിയേയും അവര്‍ വന്ധ്യം കരണത്തിന് വിധേയനാക്കി. അയാള്‍ പ്രതിഷേധിക്കുകയോ എതിര്‍പ്പ് പ്രകടിപ്പിക്കുകയോ ചെയ്തില്ല. അതിനു അയാള്‍ക്ക് ശേഷിയില്ലായിരുന്നു. അവര്‍ കന്‍വാരിയുടെ വയസ്സ് നാല്പതെട്ടാക്കി വെട്ടിക്കുറച്ചു.. നാഭിയിലെ വേദനയും നെഞ്ചിലെ ചുമയുമായി കന്‍വാരി റോഡുവക്കില്‍ തളര്‍ന്നു കിടന്നു, ചുമയ്ക്കുമ്പോള്‍ അയാളുടെ കീറിയ ദോത്തിയിലേക്ക് കാലുകള്‍ക്കിടയിലൂടെ ചോര പരന്നു. അടിയന്തിരാവസ്ഥ ക്ഷയരോഗിയായ വൃദ്ധനു തീണ്ടാരി നല്‍കി..(പേജു 271).

അടിയന്തിരത്തിന്റെ തലേന്ന് രാത്രി മുകുന്ദന്റെ കഥാപാത്രം സ്വപ്നം കാണുകയാണ്! അയാളുടെ ശബ്ദംനഷ്ടപ്പെട്ടതായിട്ട് ,ഡല്‍ഹിയിഹില്‍ പി. സി. സര്‍ക്കാരിന്റെ മാജിക്ക്ഷോ കണ്ടു കൊണ്ടിരിക്കുമ്പോള്‍ ആളുകളെ അപ്രത്യക്ഷമാക്കുന്നതു കാണിക്കുമ്പോള്‍ സഹദേവന്‍ ഓര്‍ക്കുകയാണ് അടിയന്തിരത്തില്‍ ആളുകള്‍ അപ്രത്യക്ഷമായതിനെ കുറിച്ച്!.. കാളരാത്രികളെ കുറിച്ചു, കൊല്ലപ്പെട്ട ഇന്ദിരാ ഗാന്ധിയുടെ ചോരക്കു പകരം വീട്ടാനായി സിഖു കാര്‍ക്ക് നേരെ ദെല്‍ഹിയില്‍ നടമാടിയ കലാപത്തെ കുറിച്ചു വിശദമായി ചരിത്ര വിദ്യാര്‍ഥികള്‍ക്ക് നോവലിലൂടെ പഠിക്കാം... നാനൂറ്റി തൊണ്ണൂറു പേജുകളില്‍ എഴുതിയ നോവലില്‍ അടിയന്തിരാവസ്ഥയുടെ കാളരാത്രികളിലെ ക്രൂരതകളെ കുറിച്ചും ര്‍ക്ക്മാന്‍ ഗായിറ്റ് സംഭവങ്ങളില്‍, ബുള്‍ഡോസറുകളില്‍ ചതഞ്ഞു പോയ ആയിരക്കണക്കിനു മരണങ്ങളെ കുറിച്ച്, തകര്‍ത്ത വീടുകളെ കുറിച്ച്, കടകളെ കുറിച്ച്, സഹദേവന്‍ എന്ന നോവലിലെ നായകന്റെ ജീവിതം തകര്‍ന്നതിനെ കുറിച്ച് വിശദമായി പ്രതിപാതിച്ചിട്ടുണ്ട്... തീഹാര്‍ ജയിലില്‍ നിറഞ്ഞു കവിയുന്നതിനെ കുറിച്ച്.കുഞ്ഞികൃഷ്ണന്‍ എന്ന പത്രപ്രവര്‍ത്തകന്റെ രണ്ടു കയ്യും തല്ലിയോടിച്ചതു, ഇന്ദിരാഗാന്ധി ഒരു ഹെഡ് മിസ്ട്രെസ്സിനെപ്പോലെ കയ്യില്‍ ചൂരലുമായി ജനങ്ങളെ അച്ചടക്കം പടിപ്പിക്കുയാണ് എന്നാണു അടിയന്തരത്തെ കുറിച്ചു മുകുന്ദന്‍ എഴുതിയിരിക്കുന്നത്..

ദല്‍ഹിഗാഥകള്‍ ഒരു ചരിത്ര നോവല്‍ മാത്രമല്ല ആയിരത്തിതൊള്ളായിരത്തി അമ്പത്തി ഒമ്പത് ജൂണ്‍ പതിമൂന്നു മുതല്‍ ഇന്നേ വരെയുള്ള ദല്‍ഹിയുടെ കഥകള്‍, അവിടത്തെ ഇരുളടഞ്ഞ വൃത്തിഹീനമായ ഗല്ലികള്‍.. മൂന്ന് യുദ്ധങ്ങളുടെ കാലത്ത് അവിടെ ജീവിച്ച സഹദേവന്‍ എന്ന എഴുത്തുകാരനിലൂടെ മുകുന്ദന്‍ ദാല്‍ഹില്‍ അനുഭവിച്ച അടുത്തറിഞ്ഞ ദല്‍ഹിയെ കുറിച്ചു വായിക്കുമ്പോള്‍ നാംവിസ്മയിച്ച് പോകും ഇന്ത്യന്‍ ജീവിതത്തിന്റെ ഗതിവിഗതികളെ നിര്‍ണയിക്കുന്ന അധികാര സിരാകേന്ദ്രമായ ദല്‍ഹിയുടെ സംഭവപരമ്പരകളെ പശ്ചാത്തലമാക്കി രചിച്ച നോവല്‍, ചരിത്രത്താളുകളില്‍ നായകരും പ്രതിനായകരുമായി പ്രത്യക്ഷപ്പെടുന്ന വ്യക്തികളല്ല നായകാനായ സഹദേവനും, ശ്രീധരനുണ്ണിയും, ദേവിയും,സത്യനാഥനും വിദ്യയും കുഞ്ഞികൃഷ്ണന്‍ എന്ന പത്രപ്രവര്‍ത്തകനും ഭാര്യ ലളിതയും, വാസുവും, റോസിലിയും ജാനകിക്കുട്ടിയും ഉത്തംസിഗും, ഗുഞ്ചന്‍ ബാബിയും,പിങ്കിയും ജസ് വീന്ദരും., ബാര്‍ബര്‍ ദാസപ്പനും.. മറിച്ച് ശരീരത്തില്‍ ചോരയോട്ടമുള്ള മനുഷ്യര്‍... ഡല്‍ഹിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട സാധാരണക്കാരായ മനുഷ്യരാണ് ഇതിലെ കഥാ പത്രങ്ങള്‍!.. അവരുടെ ജീവിതത്തില്‍ ചരിത്രവും ചരിത്ര സംഭവങ്ങളും എങ്ങിനെയെല്ലാം ഇടപെടുന്നുവെന്നും അവരുടെ ജീവിതം എങ്ങിനെ എല്ലാം മാറ്റിമറിക്കപ്പെടുന്നുവെന്നും ദെല്‍ഹി ഗാഥകള്‍ നമ്മോടു പറയുന്നു.. സങ്കീര്‍ണമായ ഇന്ത്യന്‍ അവസ്ഥകളുടെ മുഴവന്‍ നേര്‍കാഴ്ചകളും നാനൂറ്റി തൊണ്ണൂറ്റി രണ്ടു പേജുകളിലൂടെ മുകുന്ദന്‍ നമുക്ക് മുന്നില്‍ മുഖം മൂടിയില്ലാതെ തുറന്നിടുന്നു... വളരെ വേഗത്തില്‍ വായിച്ചു പോകാന്‍ കഴിയുന്ന മനോഹരമായ ശൈലിയില്‍ എഴുതപ്പെട്ട കനപ്പെട്ട പുസ്തകം വലുപ്പം കൊണ്ടു നമ്മെ ഒരിക്കലും വിഷമിപ്പിക്കുന്നില്ല.. ഇത് ഒരു പ്രവാസ ചരിത്രവും കൂടിയാണ്.. അമേരിക്കയിലോ യൂറോപ്പിലോ ഉള്ള സുഖകരമായ ഒരു പ്രവസമല്ല മറിച്ച് ദാരിദ്ര്യത്തിന്‍റെയും കഷ്ടപ്പാടുകളുടേയും പ്രവാസം... ഒരു പക്ഷെ ഗള്‍ഫു ജീവിതത്തിലുള്ളവര്‍ക്കും ഇത് നല്ലൊരു വായനാനുഭവമായിരിക്കും. നല്ല വായനക്കാര്‍ ഇത് നെഞ്ചിലേറ്റും.. നമ്മുടെ തലസ്ഥാന നഗരത്തിന്റെ നേര്‍ക്ക്‌ പിടിച്ച കണ്ണാടി കൂടിയാണ് നോവല്‍!...

Sunday, May 18, 2014

മരങ്ങള്‍ നട്ട മനുഷ്യന്‍


പുസ്തകം : മരങ്ങള്‍ നട്ട മനുഷ്യന്‍
രചയിതാവ് : ജീന്‍ ഗിയാനോ/ വിവര്‍ത്തനം : കെ.അരവിന്ദാക്ഷന്‍
അവലോകനം : ബുക്ക് മലയാളം

പ്രതീക്ഷകള്‍ നടുന്നവര്‍ക്കറിയാം സന്തോഷത്തിന്റെ കൊയ്ത്തുകാലം വരുകതന്നെ ചെയ്യുമെന്ന്. മഹാവൃക്ഷങ്ങളുടെ വിത്തുകള്‍ പാകി കടന്നുപോയവര്‍ അത് മുളയ്ക്കുന്നതും വളര്‍ന്ന് വടവൃക്ഷമായി തലമുറകള്‍ക്ക് തണലേകുന്നതും പൂക്കള്‍ വിടരുന്നതും കാറ്റ് പരാഗങ്ങള്‍ പരത്തുന്നതും തേന്‍തേടി ശലഭങ്ങള്‍ വന്നുപോകുന്നതും കായകള്‍ പഴുത്ത് കനിയാകുന്നതും കനിതേടി ശിഖരങ്ങളില്‍ പക്ഷികള്‍ കൂടുകൂട്ടുന്നതും അണ്ണാനും കുരങ്ങനും മറ്റനേകം മരങ്കേറിവികൃതികളും വന്നണയുന്നതും തിന്നുതൂറിയ കനികള്‍ വിത്തുകളാകുന്നതും മണ്ണില്‍ പുതിയ കാടിന്റെ ഇലകള്‍ വിരിയുന്നതും ഒറ്റമരം ഒരു കാടായി മാറുന്നതും ഒരു പക്ഷെ, മണ്ണില്‍ സ്വപ്‌നത്തിന്റെ ആദ്യവിത്തിട്ട മനുഷ്യന്‍ അറിഞ്ഞെന്നുവരില്ല. ഇലകളില്‍ സൂര്യന്‍ തിളയ്ക്കുന്നതും വേരുകള്‍ കിനിയുന്നതും അരുവികള്‍ മുളപൊട്ടുന്നതും പിന്നെയും വരാനിരിക്കുന്ന തലമുറകള്‍ക്കായാണ്.

നിസ്വാര്‍ത്ഥമായി ഇനി വരാനിരിക്കുന്ന ജീവകോടികള്‍ക്കായി മണ്ണിന്റെ കനിവിലേക്ക് വൃക്ഷങ്ങളുടെ വിത്തുകളിട്ട് കടന്നുപോയ ഒരു മനുഷ്യന്‍. എല്‍സിയാഡ് ബോഫിയര്‍. ഫ്രഞ്ച് എഴുത്തുകാരനായ ജീന്‍ ഗിയാനോയുടെ 'മരങ്ങള്‍ നട്ട മനുഷ്യന്‍' എന്ന ചെറുനോവലിലാണ് ആ മനുഷ്യനെ കണ്ടുമുട്ടുന്നത്. വന്യമായ മരുപ്രദേശങ്ങളില്‍ ഓക്കിന്റെയും ബീച്ചിന്റെയും ബേര്‍ച്ചിന്റെയും വിത്തുകള്‍ നട്ട് ഈ ഭൂമി മുഴുവന്‍ പുഷ്പിക്കുവാന്‍ ക്ഷമയോടെ നിശബ്ദനായി യത്‌നിച്ച എല്‍സിയാഡ് ബോഫിയര്‍. കുന്നുകളും കാടുകളും കടപുഴക്കുന്ന ഈ കാലത്ത്, കയറ്റിറക്കങ്ങളും പര്‍വ്വതങ്ങളും താഴ്‌വാരങ്ങളും ഇല്ലാതായി സമനിരപ്പാകുന്ന ഭൂമിയില്‍ നിന്നുകൊണ്ട്, നമുക്ക് ഓര്‍മ്മിക്കാനാവുന്ന ഏറ്റവും അഗാധമായ മനുഷ്യപ്പറ്റാണ് ബോഫിയര്‍. ഇന്നോളം വായിച്ച ഏതു പുസ്തകത്തേക്കാളും ബൃഹത്താണ് മുപ്പത് പുറത്തില്‍ താഴെമാത്രം വലുപ്പമുള്ള ഈ പുസ്തകം. പ്രപഞ്ചത്തിന്റെ ചുരുക്കെഴുത്താണ് ഈ നോവല്‍. എത്രവേണമെങ്കിലും നിവര്‍ത്തിവായിക്കാവുന്ന അറ്റമില്ലാത്ത പുസ്തകം. എല്‍സിയാഡ് ബോഫിയര്‍ എന്ന മനുഷ്യന്റെ യഥാര്‍ത്ഥ ജീവിതമാണ് തന്റെ നോവലെന്ന് ജീന്‍ ഗിയാനോ പറയുന്നുണ്ട്. അങ്ങനയൊരാള്‍ ജീവിച്ചിരുന്നു. അജ്ഞാതമായ മരുപ്രദേശങ്ങളില്‍ ഇപ്പോഴും ജീവിക്കുന്നുണ്ടാവാം.
ആല്‍പ്‌സ് പര്‍വ്വതം താഴോട്ടിറങ്ങുന്ന പ്രോവിന്‍സില്‍ ജീവജന്തുക്കള്‍ പാടേ ഉപേക്ഷിച്ച ശൂന്യസ്ഥലത്തിലൂടെ ഏതാണ്ട് നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദീര്‍ഘ യാത്ര ചെയ്യുന്ന ആഖ്യാതാവാണ് (അതൊരുപക്ഷെ, എഴുത്തുകാരന്‍ തന്നെയാവാം) കഥപറയുന്നത്. കര്‍പ്പൂരവള്ളികള്‍ പടര്‍ന്നുചുറ്റിയ പാഴ്ഭൂമിയില്‍ ആവാസ യോഗ്യമല്ലാത്തതിനാല്‍ മനുഷ്യര്‍ ഉപേക്ഷിച്ചുപോയ ഗ്രാമത്തിന്റെ അവശിഷ്ടങ്ങളില്‍ എല്‍സിയാഡ് ബോഫിയര്‍ എന്ന മനുഷ്യനെ എഴുത്തുകാരന്‍ കണ്ടെത്തുന്നു. ആരാലും കണ്ടെത്തപ്പെടാന്‍ വേണ്ടിയോ രേഖപ്പെടുത്തപ്പെടാന്‍വേണ്ടിയോ ആയിരുന്നില്ല അയാളുടെ ജീവിതം. പക്ഷെ, അയാളെ കാണാതെ പോവുക സാധ്യമായിരുന്നില്ല.

ഊഷരമായ മണ്ണിലൂടെയാണ് യാത്ര. തീറ്റസമയത്ത് പ്രകോപിപ്പിക്കപ്പെട്ട സിംഹത്തെപ്പോലെ, അസഹ്യമായ രൗദ്രതയോടെ ചീറുന്ന കാറ്റ്. ഉഷ്ണം തിളയ്ക്കുന്ന ജൂണ്‍ മാസത്തിലെ ഒരു ദിവസമായിരുന്നു അത്. അഞ്ചുമണിക്കൂര്‍ നടന്നിട്ടും ഒരുതുളളി വെള്ളംപോലും കണ്ടെത്താനായില്ല. ആ നടപ്പിന്റെ അന്ത്യത്തിലാണ് എഴുത്തുകാരന്‍ ആ ഇടയനെ കണ്ടെത്തുന്നത്. വിജനമായ ആ മരുപ്രദേശത്ത്, പൊള്ളുന്ന തറയില്‍ ഏതാണ്ട് മുപ്പതാടുകളും ഒരു നായയും അയാളും മാത്രം. യാത്രികന് അയാള്‍ നല്ല തെളിവെള്ളം പകര്‍ന്നു നല്‍കി. അയാളുടെ നിശബ്ദവും ശാന്തവുമായ സ്‌നേഹ പരിചരണങ്ങള്‍ ഏറ്റുവാങ്ങി ആ രാത്രി അയാള്‍ ഇടയന്റെ കുടിലില്‍ തങ്ങി.

രാത്രി ഭക്ഷണത്തിനുശേഷം ആട്ടിടയിന്‍ ഒരു ചെറിയ ചാക്ക് എടുത്തുകൊണ്ടുവന്നു. ഒരു കൂമ്പാരം ഓക്കു വിത്തുകള്‍ മേശമേല്‍ ചൊരിഞ്ഞു. പിന്നീട് അതില്‍ നിന്നും നല്ലവയും കെട്ടവയും തിരഞ്ഞ് മാറ്റി. യാത്രക്കാരന്‍ ആ ജോലിയില്‍ അയാളെ സഹായിക്കാന്‍ മുതിര്‍ന്നു. ഇത് എന്റെ ജോലിയാണെന്നു പറഞ്ഞ് അയാള്‍ അത് സ്‌നേഹപൂര്‍വ്വം നിരസിച്ചു. വിത്തുകൂമ്പാരത്തില്‍ നിന്നും ഏറ്റവും മികച്ച നൂറ് വിത്തുകള്‍ തെരഞ്ഞെടുത്ത് വച്ചശേഷം അയാള്‍ ഉറങ്ങാന്‍ പോയി. പിറ്റേന്നു രാവിലെ ആല തുറന്ന് ആടുകളെ പുറത്തു വിട്ട് അയാള്‍ തള്ളവിരലിന്റെ വണ്ണവും ഒന്നരവാര നീളവുമുള്ള ഒരിരുമ്പ് ദണ്ഡുമായി പുറത്തേക്കു പോയി. ആ യാത്രയില്‍ എഴുത്തുകാരന്‍ അയാള്‍ക്കൊപ്പം കൂടുന്നു. നൂറ് വാര അകലെയുള്ള മലമുടിയിലേക്കായിരുന്നു യാത്ര. അവിടെ ഇരുമ്പു ദണ്ഡ് താഴ്ത്തി മണ്ണില്‍ ഓരോ ചെറിയ കുഴിയുണ്ടാക്കി. അതില്‍ ഓരോ ഓക്കുവിത്തിട്ട് മണ്ണിട്ടു മൂടി. ആ ഭൂമി അയാളുടേതായിരുന്നില്ല. ആരുടേതെന്ന് അയാള്‍ക്ക് അറിയുകയുമില്ല. അറിയാന്‍ താല്പര്യവുമുണ്ടായിരുന്നില്ല. ഉച്ചഭക്ഷണത്തിനുമുമ്പ് നൂറ് വിത്തുകളും അയാള്‍ നട്ടു കഴിഞ്ഞിരുന്നു. ഉച്ചക്കു ശേഷവും അയാള്‍ ആ പ്രവര്‍ത്തി തുടര്‍ന്നു. കഴിഞ്ഞ മൂന്ന് കൊല്ലമായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അയാള്‍ക്ക് ഏതാണ്ട് അമ്പത്തിയഞ്ച് വയസ്സ് പ്രായമുണ്ട്. പേര് എല്‍സിയാഡ് ബോഫിയര്‍.

അടിവാരത്തെ സ്വന്തം കൃഷിയിടത്തിലായിരുന്നു താമസം. ഭാര്യയും ഒരു മകനുമേ ഉണ്ടായിരുന്നുള്ളു. ആദ്യം മകനും പിന്നീട് ഭാര്യയും നഷ്ടപ്പെട്ടു. അതോടെ ഒറ്റക്കായ ബോഫിയര്‍ തന്റെ നായയും ആടുകളുമായി ഏകാന്ത ജീവിതം തുടരുന്നു. കാര്യമായ മറ്റ് ജോലികളൊന്നും ഇല്ലാത്തതിനാല്‍ മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയില്‍ പ്രതീക്ഷകളുടെ വിത്തുകള്‍ പാകുകയാണയാള്‍. സഞ്ചാരിയും ബോഫിയറും പിറ്റേന്ന് പിരിഞ്ഞു. ലോകം ഒന്നാം ലോകമഹായുദ്ധത്തിലൂടെ കടന്നുപോയി. ആഖ്യാതാവിന്റെ അഞ്ച് കൊല്ലം യുദ്ധമുഖത്തായിരുന്നു. അതിനിടയില്‍ അയാള്‍ എല്‍സിയാഡ് ബോഫിയറേയും ഓക്കുമരങ്ങളുടെ വിത്തുകളെയും മറിന്നുപോയിരുന്നു. അല്ലെങ്കില്‍ സ്റ്റാമ്പുശേഖരണം പോലെ ഒരു ഹോബിയുമായി നടക്കുന്ന ഒരാള്‍ എന്നതിലപ്പുറം മരങ്ങള്‍ നട്ട ആ മനുഷ്യനെ അയാള്‍ക്ക് ഓര്‍മ്മിക്കാനായില്ല. യുദ്ധം ഒഴിഞ്ഞ കാലം മറ്റൊരു ദീര്‍ഘയാത്രയില്‍ അതേ ആല്പസ് പര്‍വ്വതത്തിന്റെ ചരിവിലൂടെ എഴുത്തുകാരന്‍ വീണ്ടും വരുന്നു. ഒരുദശകം കടന്നുപോയിരുന്നു. ബോഫിയര്‍ ജീവിച്ചിരുപ്പുണ്ടാവുമെന്ന് അയാള്‍ക്ക് ഒരുറപ്പുമില്ല. എന്നാല്‍ ബോഫിയര്‍ ജീവിച്ചിരുപ്പുണ്ടായിരുന്നു. കൂടുതല്‍ ഉന്‍മേഷവാനായി. പത്തുകൊല്ലം മുമ്പ് അയാള്‍ നട്ട ഓക്കുമരങ്ങള്‍ വളര്‍ന്നിരിക്കുന്നു. ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നുനില്‍ക്കുന്ന കാടിന്റെ ശൈശവം. ബോഫിയര്‍ തന്റെ ജീവിത രീതിയിലും ചില്ലറ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. തൈ മരങ്ങള്‍ തിന്നുന്നതുകൊണ്ട് അയാള്‍ ആടുകളുടെ എണ്ണം കുറച്ച് നാലാക്കി. പകരം നൂറ് തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചു. യുദ്ധം തുടങ്ങിയതും ഒടുങ്ങിയതും അയാളെ ബാധിച്ചിരുന്നില്ല. അയാല്‍ മരങ്ങള്‍ നട്ടുകൊണ്ടേയിരുന്നു. മൂന്നിടങ്ങളിലായി ബോഫിയര്‍ നട്ടുവളര്‍ത്തിയ കാടിന് പതിനൊന്ന് കിലോമീറ്റര്‍ നീളവും മൂന്നു കിലോമീറ്ററോളം വീതിയുമുണ്ടായിരുന്നു. ഒരൊറ്റയാളുടെ വിയര്‍പ്പിലും വിശ്വാസത്തിലും വിടര്‍ന്ന് കാട്. കാറ്റ് വിത്തുകളെ ചിതറിച്ചു. വേരുകള്‍ ജലം തേടി ഭൂമിയുടെ ഉദരത്തിലേക്ക് ആïുപോയി. ഉപേക്ഷിക്കപ്പെട്ട ആ ചാവുനിലങ്ങളില്‍ ജലം കിനിഞ്ഞു തുടങ്ങിയിരുന്നു.

ദശകങ്ങള്‍ക്കിപ്പുറം 1933ല്‍ ഒരു ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസര്‍ ബോഫിയറെ സന്ദര്‍ശിക്കുകയുണ്ടായി. കുടിലിന് പുറത്ത് തീ ഇടരുതെന്നും അത് ഈ സ്വാഭാവിക വനത്തെ അപകടപ്പെടുത്തുമെന്നും അയാള്‍ ബോഫിയര്‍ക്ക് കര്‍ശനമായ ഉപദേശം നല്‍കി. ഒരു കാട് സ്വയം വളര്‍ന്നുണ്ടാകുന്നത് അദ്യമായി കേള്‍ക്കുകയാണെന്നും ആ ഉദ്യോഗസ്ഥന്‍ നിര്‍ദ്ദോഷമായി പറഞ്ഞു. അപ്പോള്‍ പന്ത്രണ്ട് കിലോമീറ്റര്‍ അകലെ ബീച്ച് മരങ്ങള്‍ നടാനുള്ള തയ്യാറെടുപ്പിലായിരുന്നു ബോഫിയര്‍. അന്നയാള്‍ക്ക് എഴുപത്തിയഞ്ച് വയസ്സ് കഴിഞ്ഞിരിക്കും. പിന്നീട് സര്‍ക്കാര്‍ ഈ സ്വാഭാവിക വനം ഏറ്റെടുക്കുകയും കരിയുണ്ടാക്കുന്നത് നിരോധിക്കുകയും ചെയ്തു. ഈ നടപടികള്‍ക്കായി ഉദ്യോഗസ്ഥ സംഘം അവിടെ പരിശോധന നടത്തുമ്പോള്‍ പത്തു കിലോമീറ്റര്‍ അകലെ പുതിയ തരിശുകളില്‍ വിത്തുകള്‍ നടുകയായിരുന്നു ബോഫിയര്‍. 1939ലെ യുദ്ധകാലത്ത് ഈ സംരക്ഷിത വനങ്ങളില്‍ നിന്നും മരങ്ങള്‍ മുറിച്ചു മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. യുദ്ധാവശ്യത്തിന് വിറകു കത്തിക്കുന്ന ജറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മരം മതിയാകാതെ വന്നതായിരുന്നു കാരണം. യുദ്ധങ്ങള്‍ പക്ഷെ. ബോഫിയറെ ബാധിച്ചില്ല. അധവാ യുദ്ധത്തെ അയാള്‍ അവഗണിച്ചു.

1945ലാണ് എഴുത്തുകാരന്‍ അവസാനമായി ബോഫിയറെ കാണുന്നത്. അന്നയാള്‍ക്ക് എണ്‍പത്തിയേഴ് വയസ്സുണ്ടായിരുന്നു. ദശകങ്ങള്‍ക്കപ്പുറം തീക്കാറ്റ് വീശിയിരുന്ന കുന്നിന്‍ചരുവുകള്‍ സുഗന്ധവാഹിയായ ഇളംകാറ്റില്‍ ആലസ്യമാര്‍ന്നിരുന്നു. ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങള്‍ ജീവന്‍ വച്ചിരുന്നു. മലകളില്‍നിന്ന് വെള്ളം ഒഴുകുന്നതുപോലൊരു ശബ്ദം. അത് കാട്ടിലെ കാറ്റായിരുന്നു. ജീര്‍ണ്ണതയില്‍ നിന്നും ഗ്രാമങ്ങള്‍ മോടിയിലേക്കുണര്‍ന്നിരിക്കുന്നു. മഴയും മണ്ണും പരിപാലിക്കുന്ന കാടിന്റെ പോഷണത്തില്‍ പഴയ ഉറവകള്‍ വീണ്ടും ഒഴുകാന്‍ ആരംഭിച്ചിരിന്നു. അവയിലെ വെള്ളം ചാലുകീറി കൃഷിയിടങ്ങളിലേക്ക് തിരിച്ചുവിട്ടിരുന്നു. ആപ്പിള്‍ തോട്ടങ്ങളില്‍ ഉറവകള്‍ തീര്‍ത്ത കുളങ്ങളില്‍നിന്നും വെള്ളം കര്‍പ്പൂര തുളസികളുടെ പരവതാനികളിലേക്ക് കവിഞ്ഞൊഴുകുന്നുണ്ടായിരുന്നു. തന്റെ വിയര്‍പ്പും സ്വപ്‌നങ്ങളും പ്രതീക്ഷയും പാകിമുളപ്പിച്ച ഒരു മനുഷ്യന്‍, നിരക്ഷരനും വൃദ്ധനുമായ ആ കര്‍ഷകന്‍ തരിശു ഭൂമിയില്‍ നിന്നും അപാരമായ കാടിന്റെ കാരുണ്യത്തെ വിളയിച്ചെടുത്തിരിക്കുന്നു. എല്‍സിയാഡ് ബോഫിയര്‍ 1947ല്‍ ബാണനിലെ ഒരു അനാഥ ശുശ്രൂഷാ കേന്ദ്രത്തില്‍ വെച്ച് ശാന്തമായി മരിച്ചു.

യാത്രകളില്‍ പലരൂപങ്ങളില്‍ അയാള്‍ കടന്നുവരും. മറ്റൊരിടത്തും കിട്ടാത്ത കാടിന്റെ അഗാധമായ അറിവുകള്‍ വെറുതെ പറഞ്ഞു തന്ന് മറഞ്ഞുപോകുകയും ചെയ്യുന്നു. അങ്ങ് കിഴക്കന്‍ മലകളുടെ അങ്ങേത്തലക്കല്‍ ഒരു സന്ധ്യാനേരം. ''മറയൂരിലെത്തുന്നവര്‍ ചന്ദനക്കാട് കണ്ടിരിക്കണം സാര്‍...'' ഓട്ടോറിക്ഷയിലേക്ക് വിളിച്ചുകയറ്റി ചന്ദനക്കാടിനു നടുവില്‍ ഇറക്കുമ്പോള്‍ കതിരേശന്‍ പറഞ്ഞു. കാടിന്റെ ഘനഗംഭീര മൗനത്തിലൂടെ ഞങ്ങള്‍ ഇടവഴികള്‍ പിന്നിട്ട് ഒരുപാട് നടന്നു. ഇരുള്‍ പരന്നുതുടങ്ങിയിരുന്നു.

കാട്ടുപോത്തുകള്‍ മേയാനിറങ്ങുന്ന നേരമായെന്ന് കതിരേശന്‍ ഓര്‍മ്മിപ്പിച്ചു. ''ഇവിടെ നിന്നാല്‍ അടുത്തു കാണാം സാര്‍...'' ഉള്ളൊന്നു കാളി. ഏറെ നേരം കാത്തുനിന്നിട്ടും അവ വന്നില്ല. ചന്ദനമരങ്ങള്‍ക്കിടയിലെ വീതികുറഞ്ഞ പാതയിലൂടെ മടക്കം. വളവുതിരിഞ്ഞ് കയറ്റം കയറുമ്പോള്‍ റോഡിന് വലതുവശത്ത് അടിക്കാടുകളില്‍ ഒരിളക്കം. ചകിതരായ ഒരുപറ്റം കാട്ടുപോത്തുകള്‍ മുന്നിലൂടെ നിരത്തു മുറിച്ചുകടന്നുപോയി. പത്തുവാരമാത്രം അകലെ! ഭയത്താല്‍ ഉറഞ്ഞുപോയ ഞങ്ങളെ നോക്കി കതിരേശന്‍ പഞ്ഞു. ''പോത്തുകള്‍ ആരേയും ഒന്നും ചെയ്യത്തില്ല സാര്‍... പാവങ്ങള്‍...'' കാട്ടുപോത്തുകള്‍ക്കുപോലും ഭയപ്പെടുത്താനാവാത്ത ശാന്തതയിð കതിരേശന്‍ ബോഫിയറായി പുനര്‍ജ്ജനിക്കുന്നു.

ശിഖരം മുറിഞ്ഞുപോയ ഒരു ചന്ദനമരത്തിന്റെ മുറിപ്പാടില്‍ മണത്തുനോക്കി. കാറ്റ് ചന്ദനം മണത്തു. ഒരു ചെറിയ മരം ചൂണ്ടിക്കാട്ടി കതിരേശന്‍ പറഞ്ഞു. ''സാര്‍... ഒരു ചന്ദനമരം ഇത്രയുമാകാന്‍ നൂറു വര്‍ഷമെങ്കിലും വേണം. നൂറും ഇരുന്നൂറും മുന്നൂറും വര്‍ഷം പഴക്കമുള്ള മരങ്ങളാണ് ഈ കാട്ടിലുള്ളത്.'' പിന്നീട് ഒരാത്മഗതം പോലെ കതിരേശന്‍ ഇത്രയുംകൂടി പറഞ്ഞു. ''ഒരു ചന്ദനമരം മുറിച്ചുകൊണ്ടുപോകുമ്പോള്‍ നൂറ് കണക്കിന് വര്‍ഷങ്ങളാണ് സാര്‍ മുറിഞ്ഞുപോകുന്നത്...'' ചരിത്രം ആലേഖനം ചെയ്ത ഉടലാണ് വൃക്ഷങ്ങളുടേത്. വാര്‍ഷികവലയങ്ങളില്‍ സൂക്ഷ്മ ലിപികളില്‍ അത് പ്രപഞ്ചത്തിന്റെ ചരിത്രത്തെ വഹിക്കുന്നു. വരാനിരിക്കുന്ന കാലത്തെ പ്രവചിക്കുന്നു. ഒരു മരം മുറിഞ്ഞുവീഴുമ്പോള്‍ പോയ കാലത്തിന്റെ സ്മൃതികളും വരാനിരിക്കുന്ന കാലത്തെക്കുറിച്ചുള്ള അറിവുകളുമാണ് ഇല്ലാതാകുന്നത്.

ആ മുറിവിന്റെ നീറ്റലാണ് 'മരങ്ങള്‍ നട്ട മനുഷ്യന്‍' പിന്തുടരുന്ന വായനാനുഭവം. 1953ലാണ് ജീന്‍ ഗിയാനോ മരങ്ങള്‍ നട്ട മനുഷ്യന്‍ എഴുതുന്നത്. ഫ്രഞ്ച് ഭാഷയില്‍ പുറത്തിറങ്ങിയ നോവലിന് 1985ല്‍ പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് പരിഭാഷയില്‍ നിന്നും 1998ല്‍ ആദ്യ മലയാള വിവര്‍ത്തനം പുറത്തുവന്നു. മരങ്ങള്‍ നട്ട മനുഷ്യന്‍ എന്ന ലഘു നോവലും ജീന്‍ ഗിയാനോ എന്ന എഴുത്തുകാരനേക്കുറിച്ച് നോര്‍മ. എന്‍ ഗുഡ്‌റിച്ച് എഴുതിയ പിന്‍വാക്കും ചേര്‍ത്ത് നാല്‍പത് പുറങ്ങളിലായി പ്രപഞ്ചത്തിന്റെ ഈ പാഠപുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റിയത് കെ അരവിന്ദാക്ഷനാണ്. സമാനതകളില്ലാത്തവിധം കുറ്റമറ്റതും ഹൃദ്യവുമാണ് പരിഭാഷ.

Sunday, May 4, 2014

ഫ്രാന്‍സിസ് ഇട്ടിക്കോര

പുസ്തകം : ഫ്രാന്‍സിസ് ഇട്ടിക്കോര
രചയിതാവ് : ടി.ഡി.രാമകൃഷ്ണന്‍
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : ഗീതാഞ്ജലി കൃഷ്ണന്‍


ഫ്രാന്‍സിസ് ഇട്ടിക്കോരഎന്ന് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ 27,100 ലിങ്കുകള്‍ തെളിഞ്ഞു. കൂടുതലും ഫെയ്സ് ബുക്കിലും ട്വിറ്ററിലുമാണ്. “കൊച്ചിയിലെ ഒരു നക്ഷത്ര വേശ്യാലയം.. “ എന്നാണ് തുടക്കം. പ്രതികരിച്ച വായനക്കാരായി അനേകം പേരുണ്ട്. ഡോ.ആര്‍.വീ.ജീ മേനോനും ശ്രീ. കെ.എന്‍ ഷാജിയും ഉള്‍പ്പെടും. എല്ലാവരും പുസ്തകത്തെ പ്രകീര്‍ത്തിക്കുന്നു. ഗണിതം, ചിത്രകല, മൈക്കേല്‍ ആഞ്ജലോവിന്റെ പിയത്ത, അന്താരാഷ്ട്ര സമൂഹം, ഇറാക്കില്‍ അമേരിക്ക നടത്തിയ അധിനിവേശം, സദ്ദാം ഹുസൈന്‍ , തുപാക്ക് അമറു എല്ലാറ്റിനേയും ഒരൊറ്റ ക്യാന്‍‌വാസിനുള്ളില്‍ കൊണ്ടുവന്നില്ലേ? മലയാളഭാഷയില്‍ ഇത്തരമൊരു പ്രദര്‍ശന നോവല്‍ അപൂര്‍വ്വം! കാര്‍ണിവെല്‍ എന്നുവിളിക്കുന്ന രചനാ സങ്കേതമാണ് ഉപയോഗിച്ചിരിക്കുന്നത്. അവതാരിക എഴുതിയിരിക്കുന്നത് ആഷാമേനോനാണ്. അടുത്തകാലത്ത് ഏറ്റവുമധികം വായിക്കപ്പെട്ട മലയാള പുസ്തകങ്ങളിലൊന്നാണത്രെ ഇത്.

ഫ്രാന്‍സിസ് ഇട്ടിക്കോരഎന്ന ശ്രീ. റ്റി.ഡി. രാമകൃഷ്ണന്‍ എഴുതിയ നോവലിന് (ഡി.സി. ബുക്സ്, 2009) വിയോജനക്കുറിപ്പെഴുതുമ്പോള്‍ ഇതുമൂലം അതിന് വായനക്കാര്‍ ഇനിയും കൂടിപ്പോവുമോ എന്ന ആശങ്ക എന്നെ ബാധിച്ചു. അറപ്പോടെയാണ് വായനക്ക് ശേഷം പുസ്തകം പൊതിഞ്ഞ് സഞ്ചിയിലിട്ടത്. ഫ്രാന്‍സിസ് ഇട്ടിക്കോര ഒരു മനോഹര പുസ്തകമാണെന്നും അതു വായിക്കണമെന്നും പറഞ്ഞത് വായനാശീലമുള്ള ഒരു സഹപ്രവര്‍ത്തകനാണ്. എനിക്കു മുന്‍പേ വായിച്ച മറ്റു പലരും ഇതിനെ പുകഴ്ത്തി. ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഞാന്‍ മഞ്ഞപ്പുസ്തകങ്ങളോ നീലച്ചിത്രങ്ങളോ അനുഭവിച്ചിട്ടില്ല. ഇത് അത്തരത്തിലുള്ള ആദ്യാനുഭവമായിരുന്നു. മഞ്ഞയിലും നീലയിലും പൊതിഞ്ഞ ഗണിതവും രാഷ്ട്രീയവും. വായനക്കാരായ മനുഷ്യരെല്ലാം ഇതിനെ വാഴ്ത്തുന്നത് ഇതിന്റെ ആവേശം നിറഞ്ഞ പുരുഷാധിപത്യ പ്രവണത കൊണ്ടാണെന്നു പിന്നീടാണ് മനസ്സിലായത്. ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള എന്ന പുസ്തകം വായിക്കാത്തവര്‍ ചുരുങ്ങും. ഭീതിദമെങ്കിലും ആഖ്യാനരീതികൊണ്ട് മനസ്സിനെ പിടിച്ചിരുത്തുന്ന അനുഭവം. പകല്‍ ശവപ്പെട്ടിയിലുറങ്ങുകയും രാത്രി ഉണര്‍ന്ന് ഇരകളുടെ രക്തം പാനം ചെയ്ത് അമരത്വം നേടുകയും ചെയ്യുന്ന ഡ്രാക്കുള പ്രഭുവിന്റെ കഥ. റുമേനിയായിലെ കാര്‍പ്പേതിയന്‍ മലനിരകളിലെ ഡ്രാക്കുള പ്രഭുവിന്റെ കൊട്ടാരവും അവിടെ കണക്കെഴുത്തുകാരനായി ചെല്ലുന്ന ജൊനാതന്‍ ഹാര്‍പ്പര്‍ എന്ന മനുഷ്യന്റെ അനുഭവങ്ങളും ഉയര്‍ന്ന നെഞ്ചിടിപ്പോടെയാണ് വായിച്ചിരുന്നത്. ഡ്രാക്കുളയില്‍ ഉള്ള എന്തോ ഒന്ന് ഫ്രാന്‍സിസ് ഇട്ടിക്കോരയിലും രുചിച്ചു. രക്തപാനം, മനുഷ്യമാംസ ഭോജനം എന്നിവ. നിലവറക്കകത്ത് ശവപ്പെട്ടിയില്‍ ഉറക്കവും , കൃസ്തുമസ് രാത്രിയില്‍ ഉണര്‍ന്ന് കന്യകയായ യുവതികളെ ഭോഗിക്കുകയും ചിലന്തിയായി രൂപം പ്രാപിക്കയും ചെയ്യുക. കന്യകയായ ഇരയുടെ കഴുത്തിനു പിന്നില്‍ കടിച്ച് ചോര കുടിച്ചുണ്ടാക്കുന്ന മുറിപ്പാടും ഡ്രാക്കുള പ്രഭുവില്‍നിന്നും ഇട്ടിക്കോരയും കടം കൊണ്ടിട്ടുണ്ട്. ഡ്രാക്കുള പ്രഭുവിന്റെ കൊട്ടാരത്തിലുള്ളതുപോലെ തൃശ്ശൂരിനടുത്തുള്ള കുന്ദംകുളത്തും പരിസരത്തുമുള്ള രഹസ്യ ഭൂഗര്‍ഭപാതകളും നിലവറകളും ഫ്രാന്‍സിസ് ഇട്ടിക്കോരയിലുമുണ്ട്. പക്ഷേ ഒരു കുറവുണ്ട്. എഴുത്തുകാരന്റെ സര്‍ഗ്ഗശേഷിയുടെ അഭാവം. ഹൃദയത്തോട് സംവേദിക്കുന്ന ഭാഷയുടെ അഭാവം. പാത്രസൃഷ്ടിയിലും കൈയ്യടക്കത്തിലും കാട്ടേണ്ട ജാലവിദ്യയുടെ അഭാവം. ഇതെല്ലാം നോവലിനെ കോവര്‍കഴുതയെപ്പോലെ ഒരു സങ്കര സന്തതിയാക്കുന്നു. അഥവാ കമ്പ്യൂട്ടര്‍ പോലെ ജീവനില്ലാത്ത ഒരു സൃഷ്ടി.

നോവലിലെ പ്രധാന സ്ത്രീകഥാപാത്രങ്ങള്‍ - രേഖയും രശ്മിയും ബിന്ദുവും - കൊച്ചിയില്‍ ഒരു നക്ഷത്രവേശ്യാലയം രഹസ്യമായി നടത്തുന്നവരും അതിനായി വന്‍ തോക്കുകളെ കൂട്ടുപിടിക്കുന്നവരുമാണ്. സെക്സ് ടൂറിസമാണ് അവരുടെ ലക്ഷ്യം. നായകനായ സേവ്യര്‍ ഇട്ടീക്കോര, അയാളുടെ പൂര്‍വ്വപിതാമഹനായ ഫ്രാന്‍സിസ് ഇട്ടിക്കോര എന്നിവര്‍ സ്ത്രീകളെ ശരീരം എന്ന നിലക്കല്ലാതെ കാണാത്തവരും. ചരിത്ര നായകനായ ഫ്രാന്‍സിസ് ഇട്ടിക്കോരക്ക് ലോകം മുഴുവനുമായി പല സ്ത്രീകളില്‍ 79 മക്കളുണ്ടായിരുന്നു. കുരുമുളക് കച്ചവടത്തിനായി ലോകസഞ്ചാരം നടത്തുന്ന അയാളുടെ കഥ സേവ്യര്‍ ഇട്ടീക്കോരക്കുവേണ്ടി മൂന്നുസ്ത്രീകളും ചേര്‍ന്ന് ഗവേഷണം നടത്തി പുറത്തെടുക്കുന്നതാണ് നോവലിന്റെ ഉള്ളടക്കം. മെയിലിലും ബ്ലോഗിലും ചാറ്റിലും ഒക്കെക്കൂടിയാണ് കഥ വികസിക്കുന്നത്. അമേരിക്കന്‍ പൌരനായ സേവ്യര്‍ ഇട്ടീക്കോര ഇറാക്കിലെ യുദ്ധത്തില്‍ പങ്കെടുത്ത സൈനികനും, നരമാംസഭോജിയുമാണ്. ധാരാളം പണം ഗവേഷണത്തിനായി ഇയാള്‍ മൂന്നു സ്ത്രീകള്‍ക്ക് നല്‍കുന്നുമുണ്ട്. നരമാംസഭോജനത്തെപ്പറ്റി കാര്യമായി വിവരിച്ചിട്ടുണ്ടിതില്‍. പുസ്തകത്തില്‍ പുരുഷ കഥാ‍പാത്രങ്ങളെക്കാള്‍ സ്ത്രീ കഥാപാത്രങ്ങള്‍ ആണു കൂടുതല്‍. സൌന്ദര്യവും മാദകത്വവുമില്ലാത്ത ഒരു സ്ത്രീക്കും നോവലില്‍ ഇട്ടിക്കോരയുടെ കപ്പലില്‍ എന്നപോലെ തന്നെ പ്രവേശനമില്ല (ശ്രീമതി പ്രിയ ദിലീപ് , മലയാളനാട്). വേശ്യയല്ലാത്ത, പുരുഷന് ശരീരം എന്ന നിലയിലല്ലാതെ പ്രത്യക്ഷപ്പെടുന്ന ഒരൊറ്റ സ്ത്രീയുമില്ലെന്നത് ആശ്ചര്യജനകം. പുരുഷാഭിലാഷ പൂര്‍ണനത്തിനുള്ള വസ്തുക്കള്‍ മാത്രമാണ് നോവലിസ്റ്റിന്റെ കണ്ണില്‍ സ്ത്രീകളെല്ലാം എന്നതാണ് സവിശേഷത. സ്ത്രീപുരുഷബന്ധങ്ങളെ ആത്മബന്ധങ്ങളിലേക്ക് നയിക്കാന്‍ സ്ത്രീകള്‍ മുന്‍‌കൈയെടുക്കാറുണ്ടല്ലോ, പക്ഷെ പ്രണയത്തിനും മനസ്സിനും ഇവിടെ പ്രസക്തിയില്ല‍. മാത്രമല്ല, അഴകളവുകള്‍ തികയാത്ത ഒരൊറ്റ സ്ത്രീയും നോവലിലില്ല. ഗണിത ശാസ്ത്രജ്ഞയായ മൊറിഗാമി പോലും വാര്‍പ്പുമാതൃകയിലാണ്. സിനിമ പോലെതന്നെ സാഹിത്യവും ഐറ്റം നംബര്‍ മസാല ചേര്‍ത്ത, മാദകനൃത്തം നടത്താനുള്ള അരങ്ങായി മാറുന്ന കാഴ്ച്ചയാണിത്. പണവും അധികാരവും കച്ചവടവും കൈക്കലാക്കി വച്ചുകൊണ്ട് മുതലാളിത്ത മനസ്സുകള്‍ നടത്തുന്ന ചൂഷണത്തിന്റെ ഒരു വകഭേദം. ഇതിനെ പുരുഷകേന്ദ്രീകൃതമായ ചരിത്രത്തിന് കോറിയിടുന്ന സ്ത്രീ പക്ഷ വായനയെന്ന് വിശേഷിപ്പിക്കപ്പെട്ടത് ( ശ്രീകുമാര്‍, മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ) എന്തുകൊണ്ടാണാവോ!

മാധവിക്കുട്ടിയുടെഎന്റെ കഥ,‘ നളിനീ ജമീലയുടെ ആത്മകഥ എന്നിവ പുറത്തിറങ്ങിയപ്പോള്‍ ഇളകിമറിഞ്ഞ കേരളസമൂഹം ഇപ്പോള്‍ പറയുന്നു, ഇത് ഒരു വെറും നോവല്‍ മാത്രമാണ്. ഗഹനമായ അന്താരാഷ്ട്ര വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ നോവലിസ്റ്റ് നൂതന മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിരിക്കുന്നു എന്നു മാത്രം. കത്തോലിക്കാസഭയുടെ അധീശത്വം തച്ചുടക്കാന്‍ കസാന്‍‌ദസാക്കീസിന്റെ അന്ത്യപ്രലോഭനത്തിനും ദാന്‍ ബ്രൌണിന്റെ ഡാവിഞ്ചി കോഡിനും തുല്യമായ ഒരു ശ്രമം മാത്രം! “എന്റെ കഥയില്‍ഒരിടത്തുപോലും സ്ത്രീ വിരുദ്ധമായ വിവരണങ്ങളും വര്‍ണനകളും ഇല്ല. സ്നേഹമാഗ്രഹിക്കുന്ന ഒരു സ്ത്രീ മനസ്സിന്റെ നിരാശകള്‍ മാത്രമേയുള്ളൂ. അനുഭവങ്ങളുടെ പങ്കുവയ്ക്കലേയുള്ളൂ. സ്ത്രീയെഴുതുമ്പോള്‍ സദാചാര വിരുദ്ധമാവുന്നത്, പുരുഷന്‍ എഴുതുമ്പോള്‍ മനോഹരമാവുന്നതിലെ മലയാളിയുടെ ഇരട്ടത്തപ്പു നയം വെളിവാകുന്നു എന്നു മാത്രം പറയാം. കാഴ്ച്ചയില്‍ അത്യധികം അഭിരമിക്കുന്നവരാണ് മനുഷ്യരിലെ ആണ്‍പ്രജകള്‍. ( രോഗങ്ങളും സര്‍ഗ്ഗാത്മകതയും - ഡോ. കെ. രാജശേഖരന്‍ നായര്‍ ). കമ്പോളസംസ്കാരം സോപ്പും ചീപ്പും വാഷ്ബേസിനും കാറും വരെ വിറ്റഴിക്കുന്നത് ആണ്‍ കാഴ്ച്ചയുടെ, മനശാസ്ത്രത്തിന്റെ, പിന്‍പറ്റിയാണ്. പണവും അധികാരവും അവര്‍ കൈക്കലാക്കിവച്ചിരിക്കുന്നതു കൊണ്ടാണ്, ആണ്‍പ്രജകളുടെ താല്‍പ്പര്യത്തിനനുസരിച്ച് സിനിമയും മാധ്യമങ്ങളും പരസ്യങ്ങളും രൂപം പ്രാപിക്കുന്നത്. ഇതേ കാഴ്ച്ചക്കുള്ള കെട്ടുകാഴ്ച്ചകളായിട്ടാണ് നോവലിലെ മൂന്നു നായികമാരും ഫെമിനിസ്റ്റായ ഫെമിയും ഹൈപെഷ്യായെന്ന ചരിത്ര കഥാപാത്രവും മൊറിഗാമിയെന്ന ഗണിത വിദഗ്ധയും വരെ വേഷമിടുന്നത്. നോവലിലെ സ്ത്രീ വേഷവര്‍ണനകള്‍ ഒരു ഫാഷന്‍ ഷോയുടെ കമന്ററിയെ അനുസ്മരിപ്പിക്കുന്നു. പ്രപഞ്ചത്തിന്റെ സൌന്ദര്യാനുപാതം - സ്ത്രീ ശരീരത്തിന്റേതു മാത്രം- ഒരു ദിവ്യാനുപാതത്തിലാണെന്നും ഹൈപേഷ്യയുടേത് അത്തരത്തിലൊന്നാണെന്നും പറഞ്ഞിരിക്കുന്നത് കാഴ്ച്ചയുടെ ആസക്തികൊണ്ടാണ്.

ശരീരത്തിന്റെ നിരര്‍ഥകതയെപ്പറ്റി കെ. ആര്‍ മീരയെഴുതിയസോളോ ഗോയാഎന്ന കഥ ഇവിടെ പരാമര്‍ശിക്കട്ടെ. ആല്‍ബയിലെ പ്രഭ്വിയും സ്പാനിഷ് ചിത്രകാരനായ ഫ്രാന്‍സിസ് ഗോയയുമായുള്ള അനുരാഗത്തിന്റെ കഥയാണത്. ഗോയയുടെ അനവധി ചിത്രങ്ങളുടെ മോഡല്‍ ആയിരുന്നു അതിസുന്ദരിയായിരുന്ന പ്രഭ്വി. ചരിത്രവും ചിത്രകലയും കഥയില്‍ ഇഴപിരിച്ച് ചേര്‍ക്കുന്നതിന്റെ, ഭാഷയുടെ അനന്ത സാധ്യതകളുടെ ദൃഷ്ടാ‍ന്തം.പ്രഭ്വിയുടെ മരണശേഷം കുറച്ചുനാള്‍ കഴിഞ്ഞാണ് ശരീരം ബഹുമതികളോടെ സംസ്ക്കരിക്കുന്നതിനായി പുറത്തെടുക്കുന്നത്. അതുകാണാന്‍ ആല്‍ബയിലെ ജനം തടിച്ചുകൂടി. സുന്ദരിമാരില്‍ സുന്ദരിയായിരുന്നവളുടെ ചര്‍മ്മം ഉണങ്ങി ചുക്കി ചുളിഞ്ഞിരുന്നു. തലമുടി വേര്‍പെട്ടിരുന്നു. ...ജീവിതം അത്രേയുള്ളൂ. എന്തൊക്കെപ്പറഞ്ഞാലും കഥപറച്ചിലിന്റെ ഒന്നാമത്തെ പണിയായുധം ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള നിപുണതയാണ്. തനിക്ക് വിദ്യാഭ്യാസം കുറവാണെന്നും അതുകൊണ്ട് പരിമിതമായ വാക്കുകളേ സ്വന്തമായിള്ളുവെന്നും മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്. പരിമിതമായ വാക്കുകളാണ്നെയ്പ്പയസവും’, ‘പക്ഷിയുടെ മണവുംസൃഷ്ടിച്ചത്!

നോവലിലെ സ്ത്രീകളെല്ലാം സ്വതന്ത്രകളാണെന്നും വിവാഹം എന്ന കുടുക്കിനുള്ളില്‍ കുടുങ്ങിയവരല്ലെന്നും കാണാം. പ്രസവിച്ച് കുഞ്ഞുവളര്‍ത്തി കുടുംബം നോക്കി അതിന്റെ സുഖദു:ഖങ്ങളനുഭവിക്കുന്ന സ്ത്രീകള്‍ ഇതിലില്ല. പക്ഷേ, അടിമകളെപ്പോലെ ഞരമ്പുരോഗികളോ മാനസികവൈകല്യമുള്ളവരോ ആയ ഉപഭോക്താക്കളുടെ ഭോഗാസക്തിക്കും ഉപദ്രവത്തിനും നിന്നുകൊടുക്കുന്ന, അവര്‍ നല്‍കുന്ന പണത്തിന്റേയും സമ്മാനങ്ങളുടെയും പൊലിമയില്‍ അടിയുടെ വേദന മറക്കുന്ന നോവലിലെ പ്രധാന സ്ത്രീകഥാപാത്രങ്ങള്‍ - രേഖയും രശ്മിയും ബിന്ദുവും - ഏതു സ്വാതന്ത്ര്യത്തെയാണ് പ്രതിനിധീകരിക്കുന്നത്? കീഴാളരിലും അധ:പതിച്ചാണ് അവരുടെ നില. ഉപഭോക്താക്കളെ സന്തോഷിപ്പിച്ച് പണം നേടുക മാ‍ത്രമാണ് കര്‍ത്തവ്യം. അവസാനം പതിനെട്ടാം കൂറ്റുകാരുടെ കയ്യില്‍പ്പെട്ട് ബിന്ദു മരിക്കുമ്പോള്‍ വായനക്കാര്‍ക്ക് ഒന്നും തോന്നുന്നില്ല. ഹിംസയിലും രതിവൈകൃതങ്ങളിലും നമ്മുടെ സമൂഹം അഭിരമിക്കുന്നത് വരച്ചുകാട്ടാനാണ് നോവലിസ്റ്റിന്റെ ശ്രമമെങ്കിലും അത് ആഖ്യാനത്തിലെ പാളിച്ചകൊണ്ട് വിഫലമായി. മറ്റെ അറ്റത്തുള്ള സ്ത്രീ ദുരിതങ്ങളെ മറന്നുപോയതുകൊണ്ട് അസ്ഥാനത്തുമായി.

ഫ്രാന്‍സിസ് ഇട്ടിക്കോരയില്‍ കമ്പ്യൂട്ടറും മെയിലും ഗൂഗിളും വെബ്സൈറ്റുകളും, സാങ്കേതികവിദ്യയുമെല്ലാമുണ്ട്. പക്ഷെ കാമം എന്നല്ലാതെ മറ്റൊരു വികാരവും , വിഷയാസക്തി നിറഞ്ഞ മണിപ്രവാള കവിതകളിലെപ്പോലെ - പ്രതിപാദ്യമാകുന്നില്ല. താരുണ്യ സമൃദ്ധിയും രതികേളികളുമാണ് മുഖ്യ വിഷയം. ഇടക്ക് ഗണിതവും ചരിത്രവും സദ്ദാം ഹുസൈനും അബുഗരീബുമൊക്കെ ചേര്‍ത്തിട്ടുണ്ടെന്നു മാത്രം. നോവലിന് ഹൃദയവും മുഖവും ജീവനുമില്ല. കമ്പ്യൂട്ടര്‍ തലക്കുപിടിച്ച ഒരു യന്ത്രമനുഷ്യന്‍ . “യന്തിരന്‍എന്ന രജനീകാന്ത് സിനിമയിലെ റോബോട്ടിനു പോലും അവസാനം മനുഷ്യ വികാരങ്ങള്‍ കൈവരുന്നുണ്ട്. ഭൂമുഖത്തെ ഏറ്റവും വികലമായ സൃഷ്ടിയാണ് മനുഷ്യനെന്നതും ഹിംസയും ലൈംഗികതയുമാണ് അവന്റെ പ്രധാന തൊഴില്‍ എന്നതിനും തര്‍ക്കമില്ല. മനുഷ്യന്‍ ചെകുത്താന്റെ ജാരസന്തതിയാണെന്ന് ദസ്തയേവ്സ്കി പറഞ്ഞിട്ടുള്ളത് ഓര്‍ക്കുക. പുസ്തകം ഖണ്ഡ: പ്രസിദ്ധീകരിച്ചതിന് വന്‍ സ്വീകരണമായിരുന്നത്രേ. “കേരളം ഞരമ്പുരോഗികളുടെ സ്വന്തം നാടാണല്ലോ”. (ശ്രീമതി കെ.. ബീനയോട് കടപ്പാട്). അവതാരികയില്‍ ആഷാമേനോന്‍ .വി. വിജയന്റെ ധര്‍മ്മപുരാണത്തിനോടാണ് ഇതിനെ ഉപമിക്കുന്നത്. പക്ഷേ, വിജയന്‍ അനശ്വരനായത്ഖസാക്കിന്റെ ഇതിഹാസവും, ഗുരുസാഗരവും, കടല്‍തീരത്തുംഎഴുതിയതു കൊണ്ടാണ്. അല്ലാതെ ധര്‍മ്മപുരാണം എഴുതിയതു കൊണ്ടല്ല.

ജീവിതത്തിന്റെ നന്മയും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കയും അതിന്റെ ജൈവപരമായ ധര്‍മ്മം നിര്‍വഹിക്കാന്‍ സഹായിക്കയുമാണ് ഉത്തമ സാഹിത്യത്തിന്റെ അഭിരുചി. ഇത് ചരിത്രമല്ല. കേട്ടുകേഴ്വികളും കെട്ടുകഥകളും നുണകളും ചേര്‍ത്ത് ഒരു കഥ പൊലിപ്പിച്ചെടുക്കാനുള്ള ശ്രമം മാത്രം. “ നോവലിസ്റ്റ് പറയുന്നു. പൊലിമ മാത്രമേ കാണാനുള്ളൂ. പൂക്കുറ്റി (കൊരവപ്പൂ എന്നു വിളിക്കുന്ന കരിമരുന്നു പ്രയോഗം) കത്തിത്തീരുമ്പോലെ ഒരു കാഴ്ച്ച മാത്രം. പലതരം പ്രദര്‍ശന സ്റ്റാളുകള്‍ നിരത്തിവച്ചിരിക്കുന്ന ഒരു മേള, കാര്‍ണിവെല്‍. ‘തിന്നും കുടിച്ചും ഇണചേര്‍ന്നും ജീവിതത്തെ ഒരു കാര്‍ണിവെല്‍ പോലെ ആഘോഷിക്കുകഎന്നാണ് നായകനായകോരപ്പാപ്പന്റേയുംതത്വശാസ്ത്രം. ഇഗ്ലീഷിലും മലയാളത്തിലുമുള്ള ആഖ്യാനം. ഇപ്പോ മലയാള സിനിമകള്‍ക്ക് ഇംഗ്ലീഷ് പേരിടുന്ന പ്രവണത പോലെ. സെക്സിലും കെട്ടുകാഴ്ച്ചകളിലും പൊതിഞ്ഞ് ചരിത്രവും ഗണിതവും സംഗീതവും ചിത്രകലയും മുന്നിലേക്കുവച്ചാല്‍ അത് ഉത്തമ സാഹിത്യമാകുന്നതെങ്ങനെ? മലയാള സാഹിത്യത്തിന്റെ വളര്‍ച്ചയാവുന്നതെങ്ങനെ?

ഒരു പുസ്തകം ഋണ ഊര്‍ജ്ജം പരത്തുന്നതെങ്ങനെ എന്നതിന്റെ തെളിവാണ് ഫ്രാന്‍സിസ് ഇട്ടിക്കോര. അതുകൊണ്ടുതന്നെ കേരളത്തിലെ വായനാശീലമുള്ള വനിതകള്‍ പുസ്തകത്തെ നിഷേധിക്കേണ്ടതും ആവശ്യമായി വരുന്നു. ജനിതകമാറ്റം വരുത്തിയ നോവലാണ് ഫ്രാന്‍സിസ് ഇട്ടിക്കോര. ഇതു ഭക്ഷിച്ചാല്‍ വായനാസമൂഹത്തിന് ക്യാന്‍സര്‍ പിടിപെടുമെന്നതിന് സംശയം വേണ്ട.