Sunday, June 30, 2013

ശരീരം ഇങ്ങിനെയും വായിക്കാം

പുസ്തകം : ശരീരം ഇങ്ങിനെയും വായിക്കാം
രചയിതാവ് : കെ.വി.സുമിത്ര
പ്രസാധകര്‍ : ഡി.സി ബുക്സ്
അവലോകനം : ബാലചന്ദ്രന്‍ ചുള്ളിക്കാട്


സ്ത്രൈണഭാവം പുരുഷന് സങ്കല്പവും സ്ത്രീക്ക് യാഥാര്‍ത്ഥ്യവുമാണെന്ന തിരിച്ചറിവ് സ്ത്രീയെഴുത്തുകാരികള്‍ നേടിക്കഴിഞ്ഞ ഒരു കാലത്തിന്റെ പശ്ചാത്തലത്തിലാണ് സുമിത്രയുടെ സൌമ്യമായ ഉന്മാദം നിറഞ്ഞ ഈ കവിതകളിലൂടെ ഞാന്‍ കടന്നുപോകുന്നത്. അതേ എഴുത്തിനെ “ ഏറ്റവും വന്യവും സ്വകാര്യവുമായ ഉന്മാദം” എന്ന് നിര്‍വചിക്കുന്ന ഒരു സ്ത്രീഹൃദയം ഈ വാഗ്മയത്തില്‍ സ്പന്ദിക്കുന്നു. സാമൂഹികവും വൈകാരികവും ചിന്താപരവുമായ പാരതന്ത്ര്യങ്ങളുടെ കനകപഞ്ജരം ഭേദിക്കാന്‍ ശ്രമിക്കുന്ന ഉത്കടമായ ചിറകടികള്‍ ഈ കവിതകളെ മുഖരമാക്കുന്നു. മുറിഞ്ഞ ചിറകില്‍ നിന്നും ചിലപ്പോള്‍ ആത്മാവിലേക്ക് ചോരത്തുള്ളികള്‍ തെറിക്കുന്നു. ‘അക്ഷരങ്ങള്‍ ഭ്രാന്തിന്റെ ഉണര്‍ന്നിരിക്കുന്ന ആത്മാവാണ് ‘ എന്ന് ഈ കവി കണ്ടെത്തുമ്പോള്‍ ആത്മാവിഷ്കാരത്തിന് ആവേശംകൊള്ളുന്ന പുതിയ പെണ്‍‌തലമുറയുടെ ജീവസ്പന്ദം നാം അറിയുന്നു.
മകളെക്കുറിച്ച്:
എപ്പോഴും മൂടിയിട്ട
വാതിലിനും ജനാ‍ലയ്ക്കും
ഉള്ളിലാണവള്‍ വളര്‍ന്നത്
പിരിവുകാരായും വില്പനക്കാരായും
അവള്‍ ലോകത്തെ വായിച്ചു“ (സത്യം ശിവം സുന്ദരം)
സ്ത്രീകര്‍ത്തൃത്വത്തെ നിര്‍മ്മിക്കുന്ന സാമൂഹീകനിബന്ധനകള്‍ക്കെതിരെ ഇതിലും വിനീതവും സൌമ്യവുമായ കലാപം സാധ്യമാകുമോ!
ജലാംശമുള്ള മണ്ണ് ‘എന്ന കവിത പറയുന്നു :
ഒരു ചിറക്.അത് മാത്രമായി കിട്ടണം
------------------------------
ആര്‍ത്തവമുള്ള ദിനങ്ങളില്‍
വീട്ടീല്‍ നിന്നൊന്ന് പുറത്തിറങ്ങാന്‍.’
ഈ വിനീത പരിദേവനത്തിനുള്ളില്‍ വീടിനെ തടവായി തിരിച്ചറിയുന്ന കലാപത്തിന്റെ വെടിമരുന്ന് സൂക്ഷിച്ചിരിക്കുന്നു.
സുമിത്രയുടെ കവിത പലപ്പോഴും ‘നീ’ എന്ന് ആരെയോ അഭിസംബോധന ചെയ്യുന്നു. അത് സ്വന്തം മനസ്സാകാം. സുഹൃത്താകാം. സഖിയാവാം. കാമുകനാവാം. ഭര്‍ത്താവാകാം. ദൈവമാകാം. അന്യനായ വായനക്കാരനാവാം. ആരായാലും ഒരു മനുഷ്യഹൃദയം അതിന്റെ ഉള്ളടക്കം ചെയ്യാനാഗ്രഹിക്കുന്ന അപരസ്വത്വമാണത്. ഏകാന്തതടവുകാരി ഭ്രാന്തുപിടിക്കാതിരിക്കാന്‍ ആരെയോ സങ്കല്‍പ്പിച്ചു സംസാരിക്കുന്നത് പോലെ ഈ കവിതകള്‍ നേര്‍ത്ത ശബ്ദത്തില്‍ ഒരു സ്ത്രീയുടെ വിധിയെക്കുറിച്ച് സംസാരിക്കുന്നു.
നക്ഷത്രങ്ങളുടെ നടുവില്‍നിന്ന്
ഒരു നാള്‍ നീ വരുമ്പോള്‍
നിനക്കായ് കരുതിവെച്ചത്
സ്നേഹത്തില്‍ കുതിര്‍ന്ന ഹൃദയം മാത്രമാണ് ‘ (സുറുമ)
എന്നു സ്വന്തം നിസ്വതയോടൊപ്പം സ്നേഹാഭിമാനവും സമര്‍പ്പിക്കുമ്പോഴും ,
സ്നേഹമറിയിക്കാന്‍
ഞാന്‍ ഏതു നക്ഷത്രത്തെ കാണിക്കണം ‘ (സ്നേഹപൂര്‍വ്വം)
എന്ന് കാതരമായി ചോദിക്കുമ്പോഴും ,
കാത്തിരിപ്പ്, അവസാനിക്കാത്ത
പ്രതീക്ഷയുടെ മൌനഭാഷയാണ് ‘ (അകം‌പൊരുള്‍) എന്ന് കണ്ടെത്തുമ്പോഴും ,
ഓരോ വിളിയിലും മൃതിപ്പെട്ടുപ്പോയാലും
അന്‍പോടെ ഓര്‍ക്കാനുള്ള
പ്രാണജലം അവശേഷിച്ചിരിക്കണം ‘ (ജീവിതം അവശേഷിപ്പിച്ച ചിലതെല്ലാം)
എന്ന് ആശ്വസിക്കുമ്പോഴും ഈ അപരസ്വത്വത്തോടുള്ള സംവേദനം സഫലമാകുന്നുണ്ട്.
അപമാനവീകൃതമായ നഗരജീവിതത്തിന്റെ ദയാരഹിതമായ ചിഹ്നങ്ങളും ഈ കവിതകളില്‍ ബിംബങ്ങളായും പ്രമേയങ്ങളായും നിരീക്ഷണങ്ങളായും വാങ്‌മയചിത്രങ്ങളായും മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു. അവഗണിക്കപ്പെട്ട ജീവിതങ്ങളുടെ കരിനിഴലുകള്‍ കടന്നുവരുന്ന ഒരു കവിതമാത്രം ഉദാഹരിക്കട്ടെ :
വീടുകള്‍തോറും
കയറിയിറങ്ങി
ആക്രികള്‍ പെറുക്കിപെറുക്കി
മുഖവും മുടിയും കരിവാളിച്ചവര്‍
…......................................
നഗരം
കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കുള്ളില്‍
ഞരങ്ങുമ്പോള്‍
ഒന്നുറക്കെ കരയുന്നതിന് മുന്നേ,ബുള്‍ഡോസറുകള്‍
ഇവര്‍ക്കുമീതെ അമരുമോ? ‘ (ഈ നഗരം ഇവര്‍ക്ക് കൂടിയുള്ളതാണ്)
ആത്മബോധത്തിന്റെയും സാമൂഹ്യബോധത്തിന്റെയും വിലോലധാരകളെ സമന്വയിപ്പിച്ചുകൊണ്ട് , മൃദുലമായ ഒരു ഉന്മാദത്തിന്റെ വിഷാദമയമായ ഒരു വാങ്മയം കൊണ്ട് നെയ്തെടുത്ത ഈ കവിതകള്‍ നമ്മുടെ കാലഘട്ടത്തിലെ സ്ത്രൈണചേതനയുടെ വ്യത്യസ്തമായ ഒരു മുഖം അനാവരണം ചെയ്യുന്നു.

Monday, June 24, 2013

പന്നിവേട്ട

പുസ്തകം : പന്നിവേട്ട
രചയിതാവ് : വി.എം.ദേവദാസ്

പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : ഡോ.മനോജ് കുറൂര്‍




ഒന്ന്
ഹൊര്‍ഹെ ലൂയിസ് ബോര്‍ഹെസ് 1941 ല്‍ എഴുതിയ 'ഗാര്‍ഡ് ഓഫ് ഫോര്‍ക്കിങ് പാത്സ്' എന്ന കഥ ഓര്‍മയില്ലേ ? കഥയുടെ പരിണാമഘട്ടങ്ങളിലുണ്ടാവുന്ന ബഹുമുഖ സാദ്ധ്യതകളെല്ലാം ഉപയോഗിക്കാനാഗ്രഹിച്ച അതിലെ ത്സുയി പെന്‍ എന്ന നോവലിസ്റിനെ ? പ്രപഞ്ചത്തിന്റെതന്നെ പ്രതീകമെന്ന നിലയില്‍ അയാള്‍ സൃഷ്ടിച്ച അപൂര്‍ണമായ നോവലിനെ ? അനന്തമായ കാലങ്ങളുടെ തുടര്‍ച്ചകളില്‍ വിശ്വസിക്കയാല്‍ ന്യൂടട്ടന്റെയും ഷോപ്പന്‍ഹവറിന്റെയും കേവലകാലസങ്കല്‍പത്തെ തിരസ്കരിച്ചുകൊണ്ട് അയാള്‍ നിര്‍മ്മിച്ച സങ്കീര്‍ണമായ സമയത്തിന്റെ ലാബിറിന്തിനെ ? ഒരര്‍ത്ഥത്തില്‍ നോവല്‍ എന്ന കലയില്‍ രൂപപരമായ പരീക്ഷണങ്ങള്‍ക്കു കൊതിക്കുന്ന ഏതൊരാളെയും കുറിക്കുന്ന ആത്യന്തികമായ ഉദാഹരണമാണ് നോവലിസ്റ്. അയാളുടെ കൃതിയാവട്ടെ സംവേദനം തന്നെ സാധ്യമല്ലാതായിത്തീരുന്ന, അസംബന്ധത്തിന്റെ ആത്യന്തികമായത്തീരുന്ന ദുരന്തത്തിന്റെ കൂടി മാതൃകയാണ്. തിരിച്ചറിവുകൂടി ഉള്ളതുകൊണ്ടാവാം ഭാഷയുള്‍പ്പെടെ രൂപ ഘടകങ്ങളിലെ സമകാലികപരീക്ഷണങ്ങള്‍ക്ക് സഹജമായ ഒരു കളിമട്ടുകൂടി ഉണ്ടാകുന്നത്. ടാരറ്റ് കാര്‍ഡുകളുടേയും പാചകക്കുറിപ്പുകളുടേയുമൊക്കെ മാതൃകയിലുള്ള പരീക്ഷണകൌതുകങ്ങള്‍ മുതല്‍ ചിതറിയതെന്നു തോന്നിപ്പിക്കുന്ന ആഖ്യാനഘടകങ്ങളുടെ സൂഷ്മമായി ഇഴചേര്‍ത്തുള്ള വായനയിലേക്കു നയിക്കുന്ന സങ്കീര്‍ണ്ണ ബന്ധങ്ങള്‍ വരെ ധാരാളം നോവലിസ്റ്റുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇറ്റാനോ കാല്‍വിനോ മുതല്‍ ഓര്‍ഹാന്‍ പമുക്ക് വരെയുള്ളവരെ മോഹിപ്പിച്ച ആഖ്യാനതന്ത്രങ്ങളുടെയും വിചിത്രരൂപശില്‍പങ്ങളുടേയും പണിയാലകളില്‍ കയറിയിറങ്ങാന്‍ അധികം മലയാള നോവലിസ്റ്റുകളുണ്ടായില്ലെന്നതും ഓര്‍മ്മിക്കേണ്ടതുണ്ട്.

വി.എം. ദേവദാസിന്റെ ഡില്‍ഡോ എന്ന ആദ്യനോവല്‍ ആകര്‍ഷകമായത് പ്രകടമായും അതിലെ ഘടനാപരമായ സവിശേഷതകള്‍ കൊണ്ടാണ്. കണ്ണികളില്‍ നിന്നു കണ്ണികളിലേക്കു സഞ്ചരിക്കുന്ന ഹൈപ്പര്‍ ടെക്സിന്റെ സ്വഭാവമുള്ള നോവലിന്റെ ശില്പ പരത അത്തരത്തില്‍ സമകാലികമായിരിക്കെത്തന്നെ നോവലിന്റെ കലയില്‍ തുടര്‍ന്നുണ്ടാവുന്ന വികാസങ്ങളെ പ്രവചന സ്വഭാവത്തോടെ അടയാളപ്പെടുത്തിയിരിക്കുന്നു. ഒരു ഇലട്രോണിക് കാലഘട്ടത്തില്‍ പുസ്തകം എന്ന സങ്കല്‍പത്തെ കൃതി പുനര്‍നിര്‍മ്മിക്കുന്നതു നാം കണ്ടു. രണ്ടാം നോവലായ പന്നിവേട്ടയില്‍ രൂപപരമായ ഘടകങ്ങള്‍ കൂടുതല്‍ സൂഷ്മമാണ്. ഉള്ളടക്കത്തില്‍ ഒരു ത്രില്ലറിനെ ഓര്‍മ്മിപ്പിക്കുമ്പോഴും അപ്രവചനീയമായ രൂപത്തിലും ത്രില്ലര്‍ സ്വഭാവം നിലനിര്‍ത്താനാകുന്നത് നോവലിന്റെ വായനാനുഭവത്തെ കൂടുതല്‍ പൊലിപ്പിക്കുന്നുണ്ടെന്ന പറയാതെ വയ്യ. ഉത്തരാധുനികനോവലിന്റെ പൊതുവായ പരിസരം ത്രില്ലറുകളുള്‍പ്പെടെയുള്ള ജനപ്രിയസാഹിത്യരൂപങ്ങളുടെകൂടി സാധ്യതകള്‍ പ്രയോജനപ്പെടുന്നത്തുന്നതാണ്. ആധുനികതയുടെ സൌന്ദര്യ പദ്ധതിയില്‍ പ്രബലമായ ഉത്തമകല/അധമകല എന്ന ദ്വന്ദ്വത്തെ തമ്മില്‍ കലര്‍ത്തിക്കൊണ്ട് അത്തരം ആപേക്ഷികതകളെ
അപനിര്‍മ്മിക്കുന്നത് സമീപകാലനോവലില്‍ സാധാരണമാണ്. പരമ്പരാഗതവും രേഖീയവുമായ ആഖ്യാനഘടനയിലോ അത്തരത്തിലുള്ള കഥാപാത്ര വികാസത്തിലോ അതു വിശ്വസിക്കുന്നില്ല.

ഭാഷയെ ഒരു കളിപ്പാട്ടംപോലെ ഉപയോഗിക്കുന്നതിലൂടെ സാഹിത്യ പരതയുടെ പതിവു നാട്യങ്ങളേയും അതു പരിഹസിക്കുന്നു. അവ്യവസ്ഥയില്‍ നിന്നു വ്യവസ്ഥ സൃഷ്ടിക്കുന്നതിലൂടെ ആധുനികതതന്നെ അടിസ്ഥാനപരമായി ക്രമത്തേയും യുക്തിപരതയെയും യുക്തിവത്കരണത്തെയും പറ്റിയാണെന്ന് മേരി കാഗ്ളസ് പറയുന്നു. മാനസികതാവാദവും ജ്ഞാനോദയവും നല്‍കിയ ആത്മവിശ്വാസത്തോടെ അത് കൂടുതല്‍ മെച്ചപ്പെട്ട ക്രമത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ റാന്‍ഡല്‍ സ്റിവണ്‍സണ്‍ നിരീക്ഷിക്കുന്നതുപോലെ യാഥാര്‍ത്ഥ്യത്തെ അതില്‍ നിന്നു വേര്‍പെട്ടു വളര്‍ന്ന ഭാഷയിലൂടെ അറിയാന്‍ സാധിക്കില്ലെന്ന ബോധ്യം ആധുനികാന്തരസമൂഹത്തിലെ എഴുത്തുകാര്‍ക്കുണ്ട്. ഭാഷയിലൂടെ നിര്‍മ്മിക്കപ്പെടുന്നതാണ് യാഥാര്‍ത്ഥ്യമെന്ന് അവര്‍ കരുതുന്നു. ഇത്തരെ ഉല്‍കണ്ഠകളും തിരിച്ചറിവുകളുമാണ് ഭാഷയേയും ഇതിനോടു ചേര്‍ന്നു നില്‍ക്കുന്ന മറ്റുപകരണങ്ങളേയും ആദര്‍ശപരമായ തലത്തില്‍ നിന്നിറക്കി നിര്‍ത്തി കൈകാര്യ ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നത്. ജനപ്രിയകലയുടെ നിശ്ചിതമായ സൂത്രവാക്യങ്ങളില്‍ രൂപപ്പെടുന്ന റൊമാന്‍സ്. ത്രില്ലര്‍, കുറ്റാന്വേഷണ നോവല്‍ തുടങ്ങിയവയെ ഓര്‍മിപ്പിക്കുന്ന രചനാരീതിക്കും പ്രചാരമുണ്ടാകുന്നത് പശ്ചാത്തലത്തിലാണ്. എന്നാല്‍ ജനപ്രിയസൂത്രവാക്യങ്ങള്‍ക്കനുസരിച്ചു രൂപപ്പെടുന്ന ത്രില്ലറായി നോവലിനെ ലളിതവത്കരിക്കാനുമാവില്ല. വായനക്കാര്‍ക്കു വിശ്രമിക്കാനും രക്ഷപ്പെടാനുമുള്ള ഇടമൊരുക്കിക്കൊടുക്കുക എന്നതാണല്ലോ ജനപ്രിയമായ ത്രില്ലറുകളുടെ പ്രാഥമികമായ കര്‍ത്തവ്യം. അവയിലെ പരിചിതമായ രൂപം വൈകാരികമായ സുരക്ഷിതത്വവും തൃപ്തിയും വായനക്കാര്‍ക്കു നല്‍കുന്നു. വലിയ ജനക്കൂട്ടങ്ങളുടെ കൂട്ടായ ഭ്രമാത്മതകള്‍ക്ക് അവ മൂര്‍ത്തരൂപം നല്‍കു. പന്നിവേട്ട പരിചിതരൂപത്തിലുള്ള ഒരു ത്രില്ലര്‍ അല്ല. എന്നാല്‍ ത്രില്ലറിന്റെ ഗുണാത്മകമായ സാധ്യതകള്‍ അത് ഉപയോഗപ്പെടുത്തുന്നുമുണ്ട്; നോവല്‍ എന്ന സാഹിത്യരൂപത്തിന്റെ പല സാധ്യതകളിലൊന്നെന്ന നിലയില്‍. സാഹിത്യ സംവര്‍ഗങ്ങളുടെ ലളിതമായ വ്യാകരണ നിയമങ്ങളെ മറികടക്കുന്നതിനൊപ്പം ഭാഷയിലെ ലീലാപരതയും രൂപപരമായ പരീക്ഷണങ്ങളും സമൃദ്ധമായി ഉപയോഗിക്കുകയും ചെയ്യുന്ന നോവല്‍ ഉത്തരാധുനിക നോവലുകളുടെ അന്തര്‍ദേശീയ പരിസരം പങ്കുവയ്ക്കുന്നു എന്നതാണ് നിസ്സംശയം പറയാവുന്ന കാര്യം.

രണ്ട്
കൊച്ചിയിലാരംഭിക്കുന്ന ഇന്‍ഫോ സിറ്റി എന്ന ഇന്‍ഡസ്ട്രിയല്‍ കാമ്പസിലെത്തുന്ന കമ്പനിക്കുവേണ്ടി ചാവുപന്തയം നടത്താനുള്ള ഗാങ്സ്റര്‍മാരെക്കുറിച്ചു വിവരങ്ങള്‍ ശേഖരിക്കാനും പന്തയം നടത്താനുമായി, റഷ്യില്‍ ജനിച്ച് അമേരിക്കയിലേക്കു കുടിയേറിയ ഗ്രൂഷേ എന്ന ജൂതവംശജ കൊച്ചിയിലെത്തുന്നതും വിവരശേഖരണത്തിന്റെ ഭാഗമായി ഗാങ്സ്റര്‍മാരുടെ ജീവിതകഥകള്‍ ശേഖരിക്കുന്നതുമാണ് പന്നിവേട്ടയുടെ ഇതിവൃത്തം. പക്ഷേ നോവലിന്റെ വായനക്കാരെപ്പോലെത്തന്നെ കഥ മാത്രമല്ല, അതിന്റ അവതരണവും അവള്‍ക്കു പ്രധാനമാണ്. പ്രവാചകരുടെ ഭാഷയും വിഭ്രമിപ്പിക്കുന്നരതിവര്‍ണനകളും കാല്പനികമായി കുത്തിനിറച്ച കഥയോ തോക്കും തിരയും രതിയും മദ്യവും മാത്രമുള്ള മൂന്നാംകിട പൈങ്കിളി ചലച്ചിത്രത്തിന്റെ പ്റ്റോ സ്റേഷന്‍ ടൈം രജിസ്റര്‍ റെക്കോര്‍ഡിലെ വിരസമായ താളുകലോ ഒക്കെയായിത്തീരാവുന്ന വിവരണങ്ങളെ ഗ്രൂഷേയും ഭയപ്പെടുന്നുണ്ട്. അതുകൊണ്ട് അവള്‍ ഗാംങ്സ്റ്റെര്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളുടെ
തുടക്കത്തിനായി ഷേക്ക് മുസാഫറിനെ ആശ്രയിക്കുന്നു. അയാളില്‍ നിന്നു തുടങ്ങുന്നതിന്റെ അപകടങ്ങളും അവള്‍ മുന്‍കൂട്ടി കാണുന്നുണ്ട്. എങ്കിലും മലയാളി വായനക്കാരും ആഗ്രഹിക്കാവുന്ന ഒരു തുടക്കത്തിലേക്കാണ് ഗ്രൂഷേ എത്തിപ്പെടുന്നത്. കാരണം ഷേക്ക് മുസാഫറിന്റെ കഥ മലയാളിയുടെ സാമൂഹികജീവിതത്തിന്റെ തുടര്‍ച്ചകൂടിയായിത്തീരുന്നുണ്ട്. എഴുപതുകളില്‍ കോഴിക്കോട് റീജ്യണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന മുസാഫിര്‍. ഷേക്സ്പിയര്‍ ഗീതങ്ങള്‍ പാടി നടന്നിരുന്ന മുസാഫിര്‍ അടിയന്തിരാവസ്ഥയുടെ തുടക്കത്തില്‍ ഇന്ദിരാ പ്രിയദര്‍ശിനുക്കെതിരെയുള്ള സമരാഹ്വാന പോസ്ററുകള്‍ നിര്‍മ്മിക്കുന്നതില്‍ പങ്കാളിയാകുന്നതോടെ മര്‍ദ്ദനങ്ങള്‍ക്കിരയാവുന്നു. അയാളറിയാതെ തന്നെ അന്നത്തെ ഇന്ത്യയുടെ കറുത്ത രാഷ്ട്രീയ ചരിത്രത്തില്‍ കണ്ണിചേര്‍ക്കപ്പെടുന്നു. തടവിനേത്തുടര്‍ന്ന് റിഞ്ഞുകൊണ്ടുതന്നെ ജനകീയ സമരങ്ങളിലേര്‍പ്പെടുന്നു. പിന്നീട് രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്ന് ഒറ്റപ്പെട്ട അയാള്‍ കൊച്ചിയിലെ അധോലോക സംഘത്തിലേര്‍പ്പെടുകയും ചെയ്യുന്നു.

കേരളത്തിന്റെ സാമൂഹികചരിത്രത്തില്‍ കാല്പനികമായ ഒരുതരം ഗൃഹാതുരത്വത്തോടെ ഓര്‍മിക്കപ്പെടുകയും സര്‍ഗാത്മകവുമായ രാഷ്ട്രീയ ജീവിതത്തിന്റെ പ്രതീകമെന്ന നിലയില്‍ അടയാളപ്പെടുത്തുകയും ചെയ്ത എഴുപതുകള്‍. നഗരകേന്ദ്രീകൃതമായ ആള്‍ക്കൂട്ടങ്ങളും അവയില്‍ നിന്ന് ഒറ്റ തിരിഞ്ഞ മനുഷ്യരും അവരുടെ വൈയക്തികമായ സ്വത്വാന്വേഷണങ്ങളുമൊക്കെ ഒരു വശത്തും, സാമൂഹിക വിപ്ളവപ്രസ്ഥാനങ്ങളില്‍ വിശ്വാസമര്‍പ്പിക്കുകയും അവയുടെ പ്രത്യ യശാസ്ത്രങ്ങളില്‍ സംഘര്‍ഷമനുഭവിക്കുകയും ചെയ്തവരുടെ സാമൂഹിക സ്വത്വാന്വേഷണങ്ങള്‍ മറുവശത്തുമായിനിന്ന് സംവാദത്തിന്റെ എടുപ്പുകള്‍ നിര്‍മ്മിച്ച എഴുപതുകള്‍. ഇവയുടെ തകര്‍ച്ചകള്‍ സൃഷ്ടിച്ച ശൂന്യതയെ ലഹരിയുടെ മണവും ആധ്യാത്മികതയുടെ ഭസ്മലേപനവുംകൊണ്ട് മറികടക്കാന്‍ ശ്രമിച്ചവരുടെ ഗൃഹാതുരത്വത്തില്‍ മുഴുകിയവര്‍ മലയാളിയുടെ തുടര്‍ജീവിതം ഉത്തരവാദിത്വത്തോടെ അടയാളപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു എന്നു തന്നെ പറയേണ്ടി വരും. ദേവദാസിന്റെ നോവലിലെ മുസാഫറിന്റെ കഥയിലും അയാളോളം ഉന്മാദാവസ്ഥയായിരുന്നു. തുടര്‍ന്നുള്ള കാമ്പസിന്റെ ചിത്രീകരണത്തിലും ഇതേ കാല്പനികച്ഛ്യയുണ്ടെങ്കിലും മുസാഫറിന്റെ പിന്നീടുള്ള അരാജകജീവിതത്തില്‍ തുടര്‍ ജീവിതത്തിന്റെ മുദ്രകളുണ്ട്. അയാളെത്തിപ്പെടുന്ന ഗുണ്ടാസംഘത്തിന്റെ തലവനായ അഉകജഡട പോലും സമാനമായ രാഷ്ട്രീയപരിസരത്തില്‍ നിന്നാണല്ലോ അധോലോക ജീവിതത്തിലെത്തുന്നത്. കഥ പറയുന്ന മുസാഫറിന്റെ പ്രാദേശിക ദുരന്തത്തിന്റെ അന്തര്‍ദേശീയ തലത്തില്‍ ഏറ്റുവാങ്ങിയവരുടെ പ്രതീകമാണ് കഥ കേള്‍ക്കുന്ന ഗ്രൂഷേ. അവള്‍ റഷ്യക്കാരിയായ ജൂത വംശജയാണ്. വിസേറിയോനോവിച്ച് സ്റാലിന്‍ എന്നായിരുന്നു അവളുടെ പിതാവിന്റെ പേരെങ്കിലും അയാള്‍ ഒരു പെയിന്റര്‍ മാത്രമായിരുന്നു. സോവിയറ്റ്യുണിയന്റെ പതനത്തെത്തുടര്‍ന്ന് അയാള്‍ ഒരു ഗാങ്സ്റര്‍ ആയിത്തീരുകയും അങ്ങനെ ഏര്‍പ്പെടേണ്ടി വന്ന ഒരു പന്തയവെടിവെയ്പിന്റ്റെ ആദ്യ റൌണ്ടില്‍ത്തന്നെ മരിക്കുകയും ചെയ്യുന്നു. അമേരിക്കന്‍ ഐക്യനാടുകളിലേക്ക് ഗ്രൂഷേയോടൊപ്പം കുടിയേറുന്ന അവളുടെ അമ്മ തെരുവുവേശ്യയായിത്തീരുന്നു. പുതിയ ലേകക്രമത്തില്‍ ഗ്രൂഷേ തന്റെ ഭൂതകാലം മായ്ച്ചുകളയുകയോ പുനര്‍നിര്‍മ്മിക്കുകയോ ചെയ്യുന്നെങ്കിലും സാധിക്കുന്നില്ല. ഫാമിലി ഫോട്ടോകളില്‍ നിന്ന് പപ്പയെ എഡിറ്റുചെയ്ത് നീക്കി പേടിയെ മറികടക്കാന്‍ ശ്രമിക്കുന്നഗ്രൂഷേക്ക് മുസാഫറിന്റെ കഥ മനസ്സിലാവാതിരിക്കില്ല. എഴുപതുകളില്‍നിന്ന് അലഞ്ഞുതിരിഞ്ഞ് അധോലോകത്തിലെത്തിയ കഥാപാത്രങ്ങല്‍ വേറെയുമുണ്ട്. മുസാഫറിനൊപ്പം സാമൂഹിക സമരത്തില്‍ പങ്കെടുക്കുകയും മര്‍ദ്ദനത്തെത്തുടര്‍ന്ന് ശാരീരികമായ അവശതകളോടെ പൂക്കച്ചവടം നടത്തുകയും ചെയ്യുന്ന ആല്‍ബര്‍ട്ട്, അടിയന്തിരാവസ്ഥക്കാലത്ത് പോലീസിന്റെ ഭാഗമായിരിക്കെ മര്‍ദ്ദനമുറകള്‍ നടപ്പാക്കുകയും പിന്നീട് രാഷ്ട്രീയക്കാര്‍ക്കും വ്യവസായികള്‍ക്കുംവേണ്ടി ദല്ലാളായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബാപ്പു എന്നിവര്‍ ഇത്തരത്തില്‍ കേരളത്തിന്റെ സാമൂഹിക ചരിത്രത്തിന്‍രെ കൂടി ഭാരം ചുമക്കുന്നു. എന്നാല്‍ പന്നിവേട്ടയുടെ സാംസ്കാരികപരിസരം ഇതിലേറെ വിപുലമാണ്. വര്‍ണത്തിന്റെയും വംശത്തിന്റെയും മതത്തിന്റെയും ഭാഷയുടേയുമൊക്കെ കലര്‍പ്പുകള്‍ പേറുന്ന കഥാപാത്രങ്ങളാണ് ഇതിലധികവും. ജൂതരേയും ക്രസ്ത്യാനികളേയും കുറിച്ചുള്ള തമാശകളും ഇസ്ളാമികമായ പ്രാര്‍ത്ഥനകളുമൊക്കെ പലതരം വിവക്ഷകളോടെ നോവലില്‍ ഉപയോഗിക്കപ്പെടുന്നു. അമോരിക്കക്കാരനായ വാക്പരോ കാള്‍, ഗുജറാത്തിയെ വിവാഹം കഴിക്കുന്ന മട്ടാഞ്ചേരിക്കാരനായ ജൂതന്‍ ലോതര്‍, പഢ്ചാപിയായ നീലം കൌര്‍, അരുണാചല്‍ പ്രദേശുകാരനായ മംഗോളിയന്‍ വംശജന്‍ ഗെറ്റോ, തമിഴ്നാട്ടില്‍ നിന്നെത്തുന്ന ഇരട്ടയാറുമുഖന്മാര്‍ എന്നിവരൊക്കെ അധോലോകം വാഗ്ദാനം ചെയ്യുന്ന വിഭ്രമജീവിതത്തിന്റെ പങ്കുപറ്റിക്കൊണ്ട് കൊച്ചിയുടെ ഭാഗമാകുന്നു. റൌള്‍, പണ്ടം മുസ്തഫ, ഉണ്ണി എന്നിങ്ങനെ വൈയക്തികമായ സ്വഭാവവിശേഷണങ്ങളെന്നപോലെ സാംസ്കാരികാവസ്ഥയിലും വിഭിന്നത പുലര്‍ത്തുന്ന കഥാപാത്രങ്ങള്‍ വേറെയുമുണ്ട്. ബാലകൃഷ്ണന്‍ നമ്പ്യാരെപ്പോലെ അമിതമായി പങ്കുപറ്റുന്ന ഒരു അനധികൃത ബിസിനസ് കണ്‍സള്‍ട്ടന്‍ പലപ്പോഴും ഇവരുടെ ജീവിതത്തെത്തന്നെ നിര്‍ണ്ണയിക്കാന്‍ പോന്ന തന്ത്രങ്ങളൊരുക്കുന്നുമുണ്ട്.

അധികാരത്തിന്റെ കേന്ദ്രങ്ങള്‍ കൂടുതല്‍ പ്രബലമാവുകയും ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം അശ്ളീലമാവുകയും ചെയ്ത സമകാലികഘട്ടമാണ് പന്നിവേട്ടയുടെ സാമൂഹിക ഭൂപടം. വരക്കുന്നത്. കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുടെ വളര്‍ച്ചയുടെ ചരിത്രം ഇതിനോടുചേര്‍ത്തു വായിക്കാം. വാണിജ്യനഗരമായിരുന്ന കൊച്ചിയില്‍ കള്ളക്കടത്തിലേര്‍പ്പെട്ടിരുന്ന ഗുണ്ടാസംഘങ്ങളിലെ ഒന്നാം തലമുറ. പിന്നെ കൊച്ചി വിനോദസഞ്ചാരമേഖലയായതോടെ രൂപപ്പെട്ട രണ്ടാം തലമുറ. വ്യവസായങ്ങള്‍ വളര്‍ന്നതോടെ രീപപ്പെട്ട മൂന്നാം തലമുറ. തലമുറകളുടെ പരിണാമത്തിനൊപ്പം വളര്‍ന്നു വന്നനെറികേടിന്റെ കൂടി ചരിത്രമാണ്. ആധുനികത ചെറുത്തുതോല്പിക്കാനാഗ്രഹിച്ച അപമാനവീകരണത്തിന്റെ ഉപാധികളില്ലാത്ത വെളിപ്പെടലാണത്.

മൂന്ന്
നഗരത്തെക്കുറിച്ച് എഴുതിത്തുടങ്ങിയവരെല്ലാം അതോടൊപ്പമുള്ള അധോലോകത്തെ ഭയപ്പെട്ടിട്ടുണ്ട്. മതപരമായ സദാചാരത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ മൂല്യവ്യവസ്ഥകള്‍ എഴുത്തിന്റെ പക്ഷമേതെന്നു നിര്‍വചിച്ചിട്ടുണ്ട്. മാലിന്യത്തെക്കുറിച്ചെഴുതുമ്പോള്‍ വിശുദ്ധിയെക്കുറിച്ചും തെരുവില്‍ വീണ ചോരയെക്കുറിച്ചെഴുതുമ്പോള്‍ രക്തസാക്ഷിത്വത്തെക്കുറിച്ചും അവര്‍ സ്വപനം കണ്ടു.
എന്നാല്‍ നഗരത്തെയും അധോലോകത്തേയും രണ്ടായിക്കാണാനാകാത്ത വിധം ഇടകലര്‍ന്നൊന്നായ സമകാലിക സന്ദര്‍ഭത്തില്‍ അധോലോകത്തിന്റെ കഥ നഗരത്തിന്റെ തന്നെയായിത്തീരുന്നു. പൊതുസമൂഹത്തേയും അധോലോകത്തേയും വേര്‍തിരിക്കുന്ന അതിര്‍ത്തികള്‍ മാഞ്ഞുപോയിരിക്കുന്നു. ഇന്നത്തെ അവസ്ഥയില്‍ കൊച്ചിയിലെത്തുന്ന വിജനമായ രാത്രിയില്‍ ഒരു ഗാങ്സ്റര്‍ നിങ്ങളുടെ വണ്ടിക്ക് കൈ കാണിച്ചേക്കും. ഭൂമിശാസ്ത്രപരമായ വിവക്ഷകള്‍ തല്‍ക്കാലം മാറ്റിവച്ചാല്‍ കൊച്ചി നിങ്ങളുടെ നഗരമാണെന്നു വരാം. നോവല്‍ വായിക്കുന്ന നിങ്ങള്‍ തന്നെ ഒരു ഗാങ്സ്റര്‍ ആണെന്നും വരാം.

അതെ സമകാലിക നഗരസംസ്കാരത്തെ മുന്‍വിധികളില്ലാതെ സമീപിക്കുന്ന ഒരാള്‍ക്ക് ഗാങ്സ്ററുടെ ജീവിതം അവഗണിക്കാനാവില്ല. വ്യവസ്ഥാപിതമായ പൊതുസമൂഹത്തിന്റെ സദാചാരപരമായ നേരിയ പുതപ്പുകള്‍ എടുത്തുമാറ്റിയാല്‍ പെട്ടെന്നുതന്നെ വെളിപ്പെടുന്ന ജീവിതത്തിന്റെ വന്യതകള്‍ സമകാലികകലയിലെ പ്രധാനപ്രമേയമാണ്. അമേരിക്കന്‍ ഹിപ്ഹോപ് സംസ്കാരത്തിന്റെ ഭാഗമായുണ്ടായ ഗാങ്സ്റാ റാപ് എന്ന പോപ് സംഗീത ശൈലി തന്നെ ശ്രദ്ധിക്കുക. 1980 കളുടെ മധ്യത്തില്‍ ന്യൂ യോര്‍ക്ക് നഗരത്തിലുണ്ടായ ഗാങ്സ്റാ റോപ് പൊതുസമൂഹം വിലക്കപ്പെട്ടതെന്നു കരുതുന്ന എന്തിനേയും സംഗീതത്തിന്റെ ഭാഗമായി സ്വീകരിക്കുന്നു. കലാകാരന്‍മാര്‍ തന്നെ ഗാങ്സ്റര്‍ ജീവിതം നയിക്കുന്നതും സാധാരണം. കുളിയോ നൊട്ടോറിയസ് ബഗ് തുടങ്ങിയ റാപ് ഗായകരുടെ ജീവിതം ഉദാഹരണം. 1920 കളില്‍ത്തന്നെ ലഹരി, പണം, സ്ത്രീ, വേഷം, കാറുകള്‍, വീട് എന്നിവയിലുള്ള ആഢംബരഭ്രമം അമേരിക്കന്‍ യുവത്വത്തെ ഗാങ്സ്റര്‍ ജീവിതത്തിലേക്ക് നയിക്കുന്നുണ്ട്. 1950 കളിലെ ബീറ്റ് ജനറേഷനും തുടര്‍ന്നുള്ള ഹിപ്പി സംസ്കാരവും 1970 കളില്‍ കറുത്തവര്‍ഗക്കാര്‍ മുന്നോട്ടുവച്ച ഹിപ് ഹോപ് സംസ്കാരത്തിന്റെ മുന്നോടികളായിത്തന്നെ അധോലോകജീവിതത്തോട് അടുപ്പം പുലര്‍ത്തിയിട്ടുണ്ട്. 1990 കളില്‍ പോസ്റ് ബബ്ള്‍ സംസ്കാരത്തിന്റെ ഭാഗമായി ജപ്പാനിലുണ്ടായ കലാപ്രസ്ഥാനങ്ങളേയും കണക്കിലെടുക്കേണ്ടതുണ്ട്. സമീപകാലത്ത് ഹിതോമി കനഹാര എന്ന പെണ്‍കുട്ടി പത്തൊമ്പതാം വയസ്സിലെഴുതി അകുതഗാര പുരസ്കാരവും ഒപ്പം ഹാരുകി മുറഹാരയുള്‍പ്പെടെയുള്ള മുതിര്‍ന്ന എഴുത്തുകാരുടെ പ്രശംസയും നേടിയ സ്നേക്സ് ആന്റ് ഇയര്‍റിങ്സ് എന്ന നോവലില്‍ ചിത്രീകരിക്കപ്പെടുന്ന ജീവിതം സംസ്കാരപരിസരത്തിന്റെ സൃഷ്ടിയാണ്. ദേവദാസിന്റെ പന്നിവേട്ടയില്‍ ആവിഷ്കരിക്കപ്പെടുന്ന ജീവിതത്തോടൊപ്പം കടന്നു വരുന്ന സംഗീതത്തിന്റേതുള്‍പ്പെടെ സാംസ്കാരിക സൂചനകള്‍ കലാപശൈലികളുമായി നേരിട്ടുതന്നെ ബന്ധപ്പെടുന്നു.

നാല്
എഴുത്തിന്റെയും ജീവിതത്തിന്റെയും വന്യതകളില്‍ സ്വയം നഷ്ടപ്പെടാനാഗ്രഹിക്കുന്ന ഒരാളെ ഒരു ഗാങ്സ്ററുടെ ജീവിതം മോഹിപ്പിക്കുന്നുവെങ്കില്‍ അതു സ്വാഭാവികമായ ഒരു അനിവാര്യതയാണ്. അയാളുടെ സര്‍ഗാത്മകമായ ജീവിതാസക്തികളെ അതു തൃപ്തിപ്പെടുത്തിയേക്കും. മരണത്തിന്റെ നിതാന്തസാന്നിദ്ധ്യം നല്‍കുന്ന അക്ഷോഭ്യത അയാള്‍ക്ക് അപാരമായ സ്വാതന്ത്യ്രമായി അനുഭവപ്പെട്ടേക്കും. ജീവിതവും മരണവും താനേര്‍പ്പെട്ടിരിക്കുന്ന ത്രസിപ്പിക്കുന്ന ഒരു കളിയിലെ വിജയപരാജയങ്ങള്‍ മാത്രമായിത്തീര്‍ന്നേക്കും. പക്ഷേ ജീവിതത്തിലെന്നപോലെ എഴുത്തിലും അയാള്‍ക്കു മുന്നില്‍ വ്യവസ്ഥയുടെ പലതരം ബ്ളോക്കുകളുണ്ട്. സാഹിത്യ ചരിത്രത്തെ നിര്‍മ്മിച്ചെടുക്കുന്ന അക്കാദമികമായ യുക്തിയേയും സമകാലികജീവിതത്തില്‍ നിന്നു വാര്‍ത്തകള്‍ ചമയ്ക്കുന്നതിലൊതുങ്ങുന്ന പത്രപ്രവര്‍ത്തക യുക്തിയേയും നിയമങ്ങളെല്ലാം കൃത്യമാകണമെന്ന ബ്യൂറോക്രാറ്റിക് യുക്തിയേയും അയാള്‍ക്ക് ഒന്നൊന്നായി തകര്‍ക്കേണ്ടതുണ്ട്. വ്യവസ്ഥ കൂടുതല്‍ ദൃഝവും സങ്കീര്‍ണ്ണവുമാകുമ്പോള്‍ അതിനെ തകര്‍ക്കാനൊരുമ്പെടുന്നവന്റെ ലഹരി കൂടുന്നു.
ദുര്‍ബലമായ ഒരു പഴുതിലൂടെ ശക്തമായ ഒരു വ്യവസ്ഥയുടെ അകത്തു കടക്കാനാവുന്നതാണ് അയാളുടെ ആസക്തിയെ തൃപ്തിപ്പെടുത്തുന്നത്. വലിയ വലിയ എടുപ്പുകള്‍ തകര്‍ന്നു വീഴുന്നതില്‍ ഒരു രതിമൂര്‍ച്ഛയിലെന്ന പോലെ ആയാള്‍ ആനന്ദിക്കുന്നു. ഹാക്കര്‍മാര്‍ മൈക്രോ സോഫ്റ്റിനെത്തന്നെ ഉന്നം വയ്ക്കുന്നു. തകര്‍ക്കാനൊരുമ്പെട്ടവന്‍ പെന്റഗണില്‍ കുറഞ്ഞ ഒന്നിനേയും ആഗ്രഹിക്കുന്നില്ല. ആവിഷ്കാരത്തിന്റെ പ്രതിസന്ധികള്‍ ഗാങ്സ്റേഴ്സും അനുഭവിക്കുന്നുണ്ട്. ദേവദാസിന്റെ കൃതിയിലെ കഥാപാത്രങ്ങളും ഒട്ടും വ്യത്യസ്തരല്ല. മാപിനികള്‍, ഇസ്താംബുള്‍, ഗ്യംഗ്സ്റര്‍ എന്നു മൂന്നു നോവലുകള്‍ എഴുത്തിന്റെ പലഘട്ടങ്ങളില്‍ ഉപേക്ഷിക്കുകയും ഒരു മോശം കവിതയായി തുടരുകയും ചെയ്യുന്ന മുസാഫറിന്റേതുപോലുള്ള സാഹിത്യപരമായ പ്രതിസന്ധി മാത്രമല്ല അത്. കുറ്റകൃത്യവും ഒരു സര്‍ഗസൃഷ്ടിയാകുന്നു എന്നത് പണ്ടുതന്നെ പരിചിതമായ ആശയമാണല്ലോ. ആന്തണി ഷാഫെറിന്റെ മര്‍ഡറര്‍ എന്ന നാടകത്തിലെ കഥാപാത്രം പറയുന്നതുപോലെ കൊലപാതകം ഒരു കലയാകുന്നു. ഷെല്ലിയുടെ ചെഞ്ചി എന്ന നാടകത്തിലും തോമസ് ഡിക്വന്‍സിയുടെ ഓണ്‍ മര്‍ഡര്‍ ആസ് എഫൈന്‍ ആര്‍ട്ടിലും നിരീക്ഷണം നേരത്തെ തന്നെ കണ്ടുകഴിഞ്ഞതുമാണ്. വ്യവസ്ഥകളെ ലംഘിക്കുന്നതിന്റെ ഗൂഢമായ ആഹ്ളാദത്തോടെ ആസൂത്രിതമായി രൂപപ്പെടുന്ന ഒരു കാല്പനികകലയാണ് കുറ്റകൃത്യം. ഒരു ചാവുപന്തയത്തിലേര്‍പ്പെടുന്നതിന്റെ സന്ത്രാസം കലര്‍ന്ന ആനന്ദം അതിന്റെ ആത്യന്തികതയാണ്. അദമ്യമായ പ്രലോബനത്താല്‍ സ്വയം ആസൂത്രണം ചെയ്ത ജീവിത സാഹചര്യങ്ങളിലൂടെ ഗാങ്സ്റര്‍ ആയിത്തീരുന്ന തഉകജഡട നെപ്പോലൊരു കഥാപാത്രം
നോവലിലുണ്ടാകുന്നത് സ്വാവികം മാത്രം. അയാളെ അധോലോകത്തേക്കെത്തിച്ച മാനസിക
തലമെന്തെന്ന് സ്വയം വിശദീകരിക്കുന്നതു നോക്കുക :

'തുടര്‍ച്ചയായി കണ്ടുകൊണ്ടിരിക്കുന്ന ഗാങ്സ്റര്‍ സിനിമകലില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. ഒരു ഗ്യാംഗ്സ്ററെ വളര്‍ത്തിയെടുക്കുന്നതിന് രണ്ടു പ്രധാന സാഹചര്യങ്ങള്‍ ആവശ്യമാണ്. ഒന്നാമതായി അയാളുടെ പിതാവ് സത്യസന്ധനും നീതിമാനുമായ ഒരാളായിക്കണം. സാമൂഹ്യവിരുദ്ധരോഅല്ലെങ്കില്‍ മാഫിയാ സംഘമോ അവര്‍ക്കു വഴങ്ങാത്ത പിതാവിനെ കൊലചെയ്യേണ്ടതുണ്ട്. രണ്ട്, പിതാവിന്റെ മരണത്തേത്തുടര്‍ന്ന് പട്ടിണിയിലായ കുടുംബത്തെ പോറ്റുന്നതിനായി അമ്മ വേശ്യയാകേണ്ടതുണ്ട്. '

ഗാങ്സ്റര്‍ ആകുന്നതിനായി അച്ഛനെ വകവരുത്തുകയും അമ്മയെ വേശ്യയാക്കുകയും ചെയ്യുന്ന കഥാപാത്രത്തിന്റെ ബോധപൂര്‍വം എടുത്തണിഞ്ഞ അപകര്‍ഷതാബോധമല്ല മറ്റു കഥാപാത്രങ്ങള്‍ക്കുള്ളത്. അവര്‍ ജീവിതസന്ദര്‍ഭങ്ങളില്‍ ഇത്തരം അനുഭവങ്ങളിലൂടെ
കടന്നുപോയവരും സ്വാഭാവികമായി ഒരു അധോലോകജീവിതത്തില്‍ എത്തിപ്പെട്ടവരുമാണ്. രതിയും പ്രണയവും അഗമ്യഗമനവും അവരില്‍പ്പലരുടേയും ജീവിതത്തില്‍ ഇടകലര്‍ന്നു കിടക്കുന്നു. തന്റെ രണ്ടുപെണ്‍മക്കളുമായും ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പിതാവിനേയും അമ്മയുടെ നഗ്ന ശരീരത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന മകനേയുമൊക്കെ നോവലില്‍ കാണാം. കഞ്ചാവും ഭാംഗും ഖതാപാത്രങ്ങളുടെ ബോതലങ്ങളെ ഭരിക്കുന്നു. നാമറിയുന്ന ബ്രോഡ്വേയും ഏലൂരും നായരമ്പലവും പാതാളവുമൊക്കെ അവരുടെ ജീവിതസഞ്ചാരങ്ങളുടെ ഭാഗമാണെന്നത് മലയാളിയുടെ സമകാലിക ജീവിതം എത്തി നില്‍ക്കുന്ന ഇടങ്ങളെത്തന്നെ സൂചിപ്പിക്കുന്നു... പൊതു സമൂഹത്തിന്റെ സദാചാരബോധ്യങ്ങളും നിയമവ്യവസ്ഥ തന്നേയും അവിടെ നിസ്സഹായമായേക്കാം. കാരണമുണ്ട്, നിയമവ്യവസ്ഥ കുറ്റവാളിയുടെ ശരീരവുമായാണ്, കുറ്റകൃത്യത്തിന്റെ മൂര്‍ത്തമായ യാഥാര്‍ത്ഥ്യങ്ങളുമായാണ് നേരിട്ടു സംവാദത്തിലേര്‍പ്പെടുന്നത്. കുറ്റവാളിയുടെ മാനസിക യാഥാര്‍ത്ഥ്യങ്ങളെ അതുമിക്കപ്പോഴും സംബോധന ചെയ്യുന്നില്ല. ഒരു മനോവിശ്ളേഷകനെന്നപോലെ എഴുത്തുകാരനും അന്വേഷിക്കുന്നത് മനോനിലകളെ നിര്‍ണ്ണയിച്ച ജീവിത സാഹചര്യങ്ങളാണ്. മനോവിശ്ളേഷണം കുറ്റകൃത്യത്തിന്റെ യാഥാര്‍ത്ഥ്യത്തെ അപനിര്‍മ്മിക്കുകയാണെങ്കില്‍ അത് കുറ്റവാളിയെ അപമാനവീകരിക്കുകയില്ല. എന്നു ഴാക് ലകാന്‍ പറയുന്നതോര്‍ക്കാം. കുറ്റകൃത്യത്തെ സംബന്ധിച്ച് നിയമപരമായി തെളിയിക്കപ്പെട്ട യാഥാര്‍ത്ഥ്യമല്ല. കുറ്റവാളിയുടെ അബോധത്തിന്റെ യാഥാര്‍ത്ഥ്യത്തെയാണല്ലോ മനോവിശ്ളേഷകര്‍ പരിഗണിക്കുന്നത്. അവര്‍ക്ക് കുറ്റവാളിയിലുള്ള ഈഡിപ്പസ് കോംപ്ളക്സിന്റെ സംഭാവ്യമായ സ്വാധീനങ്ങളുടെ കുംമ്പസാരമാണ് കുറ്റകൃത്യം. നിയമവ്യവസ്ഥയുടെ പ്രായോഗികബോധത്തില്‍ നിന്നു ഭിന്നമായാണ് ഫ്രോയ്ഡ് അതിനെ വ്യാഖ്യാനിക്കുന്നത്. കുറ്റബോധം തന്നെ ഈഗോയും സൂപ്പര്‍ ഈഗോയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഫലമാണെന്നും അതാകട്ടെ ഈഡിപ്പസ് കോംപ്ളക്സില്‍ നിന്നു തുടര്‍ന്നെത്തുന്നതാണെന്നും ഫ്രോയിഡ് പറയുന്നത് നോവല്‍ വായിക്കുമ്പോള്‍ പലതവണ ഓര്‍ത്തേക്കും. കുട്ടികളുടെ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ഈഡിപ്പസ് കോംപ്ളക്സ് ദുര്‍ബലമാകുന്നതിനൊപ്പം പൊതുസമൂഹത്തിന്റെ നിയമവ്യവസ്ഥയുമായി സമരസപ്പെടുന്നതോടെ കുറ്റബോധമെന്ന അബോധവികാരവും ശക്തമാകുന്നു. പന്നിവേട്ടയില്‍ കാണുന്ന കുറ്റകൃത്യങ്ങളേയും കുറ്റബോധത്തേയും നിര്‍ണ്ണയിച്ച വിതസാഹച്രയങ്ങളേയും മനോനിലകളേയും ഇത്തരത്തില്‍ത്തന്നെ കാണേണ്ടതുണ്ടെന്നു തോന്നുന്നു. അവിടേയും നിയമവ്യവസ്ഥയുടെയും പൊതുസമൂഹത്തിന്റെയും പ്രഖ്യാപിതമാനവികതാബോധം ചെയ്യുന്നതുപോലെ കുറ്റവാളികള്‍ അപമാനവീകരിക്കപ്പെടുകയല്ല വേണ്ടത്. വിമര്‍ശനങ്ങളെ നേരിടാന്‍ ഗാങ്സ്റാറാപ് ഗായകരും മുന്നോട്ടുവക്കുന്ന ഒരു വാദം തങ്ങള്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളെ ആവിഷ്കരിക്കുക മാത്രമാണ് ചെയ്യുന്നത് എന്നതാണല്ലോ. എന്നാല്‍ എത്രയേറെ പ്രലോഭനങ്ങളുണ്ടെങ്കിലും ഗാങ്സ്റര്‍ ജീവിതം ആത്യന്തികമായ ഒരു ദുരന്തമാണ്. 'ഏതു നിമിഷവും ചത്തുവീഴാവുന്ന ജന്മങ്ങള്‍' എന്ന ദാരുണമായ ബോധ്യം ഇതിലെ ഓരോ കഥാപാത്രത്തിനുമുണ്ട്. നോവലിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നതും അത്തരമൊരു ദുരന്തബോധത്തെയാണല്ലോ. പന്നിവേട്ട ഒരു രൂപകമാണ്. ബാപ്പു പറയുന്ന കഥയിലെ ഒരു പന്നിവേട്ടയിലെ ഭീകരമായ അനുഭവ വിവരണമുണ്ട്. പന്നിവേട്ടക്ക് പോകുമ്പോള്‍ ഒപ്പം കൂട്ടുന്ന തെരുവുനായ്ക്കളുടെ സ്ഥാനമാണ് ഗുണ്ടകള്‍ക്കെന്ന പരാമര്‍ശം നോവലില്‍ത്തന്നെ തുടര്‍ന്നു കാണാം. വേട്ടയാടപ്പെട്ട പന്നിയുടെ അറുത്തുമാറ്റിയ തലയും വാലും ഉടലുമാണ് വേട്ടനായ്ക്കള്‍ക്കുള്ള കൂലി. ഇത്തരത്തില്‍ മറ്റുള്ളവര്‍ക്കുവേണ്ടി പണിയെടുക്കുന്ന ഗാങ്സ്റര്‍ ജീവിതത്തിന്റെ ദുരന്തം. ഒരു പടികൂടി കടന്നുള്ള ചാവുപന്തയത്തോടെ നോവലില്‍ പൂര്‍ണ്ണമാകുന്നു. വി.എം. ദോവദാസിന്റെ പന്നിവേട്ട എന്ന നോവല്‍ പ്രമേയത്തിലും രൂപത്തിലും മലയാള നോവലില്‍ ഇതുവരെ ആവിഷ്കരിക്കപ്പെടാത്ത ചില തലങ്ങള്‍ പങ്കുവെക്കുന്നുണ്ടെന്നു വ്യക്തമാക്കുന്നതിനാണ് ഇതുവരെ ശ്രമിച്ചത്. ഭീതിയും ലഹരിയും സാഹസികതയും കലര്‍ന്ന അധോലോകത്തിന്റെ ഇരുണ്ട ജീവിതമാണ് നോവലിലൂടെ വെളിപ്പെടുന്നത്. നേരിട്ടു സംസാരിക്കുന്ന ഭാഷയുടെ തെളിച്ചവും ഇരുണ്ട ജീവിതത്തെക്കുറിക്കുന്ന അലങ്കാര കല്പനകളും കൂടിക്കലര്‍ന്ന നോവല്‍ വായനയെ ഒരു കാര്‍ണിവല്‍ ആക്കിത്തീര്‍ക്കുന്നു. രൂപഘടനയിലുള്ള വളവുതിരിവുകല്‍ ഇതിലെ സാഹസികജീവിതത്തോടു ചേര്‍ന്നുപോകുന്നു. ചോരയും വിയര്‍പ്പും കലര്‍ന്ന ഗന്ധത്തോടെ ഇതില്‍ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങള്‍ക്ക് അതിവൈകാരികതയുടേയോ ഭ്രമാത്മകതയുടേയോ മായികതയല്ല ഉള്ളത്.

അധോലോകത്ത് ഭീതിയുടേയും കൌശലത്തിന്റെയും വല വിരിക്കുന്ന ഓരോരുത്തരുടേയും ഓരോ ഇരകൂടിയാണെന്നു തിരിച്ചറിയുന്ന നോവലാണിത്. പൊതു സമൂഹം അതിന്റെ ശത്രുക്കളും കൃതിയില്‍ ഒന്നു തന്നെയാകുന്നു. ചുറ്റുപാടുകളെയാകെ അവിശ്വസിക്കേണ്ടിവരുന്ന ഒരു കാലത്ത് അടുത്തു നില്‍ക്കുന്നവരില്‍ ആരാണു ഗാങ്സ്റര്‍ എന്നു നാം ചിലപ്പോഴെങ്കിലും സംശയിച്ചേക്കും. ഒരു ഗാങ്സ്ററുടെയെന്ന പോലെ നമ്മുടെ ജീവിതത്തെയും അത് എന്നെന്നേക്കുമായി അരക്ഷിതമാക്കിയേക്കും.

വേട്ടയിലേര്‍പ്പെട്ട തെരുവുനായ്കളുടെ കഥ എന്ന തലക്കെട്ടോടെ നോവലിന് എഴുതിയ അവതാരിക.