Showing posts with label എച്മുകുട്ടി. Show all posts
Showing posts with label എച്മുകുട്ടി. Show all posts

Wednesday, May 8, 2013

ഓർമ്മകളുടെ ജാലകം

പുസ്തകം : ഓർമ്മകളുടെ ജാലകം
രചയിതാവ് : അനിൽകുമാർ സി. പി.
പ്രസാധകർ: ഫേബിയൻ ബുക്സ്
അവലോകനം : എച്മുകുട്ടി


നില്‍ ഓര്‍മ്മകളുടെ ജാലകങ്ങള്‍ ഓരോന്നായി  തുറന്നു തരികയാണ്. ഞാന്‍ അതിലൂടെ നോക്കുകയും. നാടു വിട്ടവന്‍റെ മറ്റൊരു നാട്ടില്‍ ജീവിതം തുന്നിയെടുക്കുന്നവന്‍റെ വേദനിപ്പിക്കുന്ന അഭിമുഖ കാഴ്ചകളാണ് ഈ  ജാലകങ്ങള്‍ക്കുള്ളില്‍ നിറയെ ...

സ്വാസ്ഥ്യം കെടുത്തുന്ന പല ദൃശ്യങ്ങളും ഈ പുസ്തകത്തിലുണ്ട്. പലപ്പോഴും തീക്ഷ്ണമായ ചെഞ്ചായം പുരണ്ട വഴിത്താരകള്‍ ശ്വാസം മുട്ടിച്ചുകൊണ്ട്  നമ്മെ എന്തെല്ലാമോ ഓര്‍മ്മിപ്പിക്കുന്നു. നമ്മള്‍ മറക്കാന്‍ ആഗ്രഹിച്ച പലതും വേദനയുടെ ഉടലുകളായി നമ്മെ തിന്നു തീര്‍ക്കുന്നു.

പതിനെട്ടു കഥകളുണ്ട് ഈ പുസ്തകത്തിൽ.

വൈഖരി എന്ന ആദ്യകഥയിലെ അതി തീവ്രമായ നഷ്ടസ്മൃതികള്‍ ആരുടെയും മിഴികളെ നനയിക്കും വിധം സ്നിഗ്ദ്ധമായി ആത്മാവിലേക്ക് പെയ്തിറങ്ങുന്നു.  തകര്‍ന്നടിഞ്ഞ ധനുഷ്കോടിയുടെ പശ്ചാത്തലത്തില്‍ ഒരു അമ്മയും മകളും.....  കടലാഴങ്ങളിലേക്ക് താഴ്ന്ന്  പോയ അനന്തനെക്കുറിച്ചുള്ള  അമ്മയുടെ ഓര്‍മ്മകളും.....  എത്ര മിഴിവോടെയാണ് തെളിഞ്ഞു വരുന്നത്!  സംഭാഷണങ്ങളില്‍ അല്‍പം നാടകീയത തോന്നുമ്പോഴും  കഥ നമ്മെ ആകര്‍ഷിക്കാതിരിക്കുന്നില്ല.

രണ്ടാമത്തെ കഥ അധികം ആരും വിഷയമാക്കിയിട്ടില്ലാത്ത  മോര്‍ച്ചറിയുടെ പരിസരത്തിലാണ്. പ്രമേയത്തിലെ വ്യത്യസ്തതയും കഥാപരിചരണവും  ശവമുറിയിലെ 358ആം നമ്പര്‍ പെട്ടിയെ ശ്രദ്ധേയമാക്കുന്നു.   ജീവിതവും മരണവും തെരഞ്ഞെടുക്കാന്‍ സാധിക്കാതെ  പോകുന്നവരുടെ പ്രതിനിധിയാണ് കഥയിലെ റോസയ്യ. ഒറ്റമരക്കൊമ്പില്‍ തൂങ്ങിയാടുന്ന ബസന്തിയും ഇരകള്‍ മാത്രമാവാന്‍ വിധിക്കപ്പെട്ട മേല്‍ വിലാസമില്ലാത്തവരും  സ്വാസ്ഥ്യം കെടുത്തുന്നു.  ബഹുരാഷ്ട്രക്കുത്തകകള്‍   ഗോദാവരി ജില്ലയിലെ പരുത്തികൃഷിക്കാരുടെ  ജീവിതങ്ങളിലേക്കു  ദുരിതങ്ങളുടെ വിത്തുകളെ വിതക്കുന്നതെങ്ങനെയെന്ന് അനില്‍ തന്‍റെ പ്രതിബദ്ധതയെ വെളിപ്പെടുത്തുന്നുണ്ട്. എങ്കിലും 358 എന്ന നമ്പര്‍ കാണുമ്പോള്‍ റോസയ്യയില്‍ ഗോദാവരീ തടം നിറയുന്നതെന്തെന്ന്  അത്ര വ്യക്തമാവുന്നില്ല.

എരിഞ്ഞടങ്ങാത്ത  ചിത ഒരു പ്രവാസിയുടെ ഹൃദയനൊമ്പരമാണ്. അവസാനമായി സ്വന്തം അമ്മയുടെ മുഖമൊന്ന് കാണാന്‍ സാധിക്കാതെ വേദന കൊണ്ട് പൊട്ടിപ്പിളരുന്ന മകന്‍റെ ദുഖം ഈ കഥയിലെ വലിയൊരു കണ്ണീര്‍പ്പാടാണ്. ഒരു പ്രവാസിക്കു  മാത്രമേ  ഈ വേദനയുടെ ലാവയെ ഇത്രമാത്രം ഉള്‍ച്ചൂടോടെ കോരിയൊഴിക്കുവാന്‍ കഴിയൂ.

പാപസങ്കീര്‍ത്തനം എന്ന കഥ വായിച്ച് എത്രമാത്രം അസ്വസ്ഥയായെന്ന് വിവരിക്കാന്‍ കഴിയില്ല. മനുഷ്യമനസ്സിന് പിശാചിന്‍റെ മുഖച്ഛായ ഇത്ര എളുപ്പത്തില്‍  കൈവരുമെന്ന് അനില്‍ എഴുതുമ്പോള്‍ വായന മരവിച്ചു  നില്‍ക്കുന്നു. കഥ ഇക്കാലത്തിന്‍റെയോ പാശ്ചാത്യ സംസ്ക്കാരസ്വാധീനത്തിന്‍റെയോ ഒന്നുമല്ലെന്ന്  സ്ത്രീകള്‍ തീര്‍ച്ചയായും തിരിച്ചറിയും. കാരണം കഥയിലെ അച്ഛനെപ്പോലെ അരുതിലേക്ക് കടന്നു കയറുന്നവര്‍  എന്നും പ്രപഞ്ചത്തില്‍ ഉണ്ടായിരുന്നു. അമ്മയും മകളും   കഥയിലെ അച്ഛനെ ഉപേക്ഷിച്ചതു പോലെ അത്ര എളു പ്പത്തില്‍ സാധാരണ ബന്ധങ്ങള്‍ പറിച്ചെറിയപ്പെടുകയില്ലെന്നോര്‍ക്കുമ്പോള്‍  നെഞ്ചു പൊടിയുകയും ചെയ്യുന്നു. ഒരു കഥയായി മാത്രം ഒരിക്കലും വായിച്ചവസാനിപ്പിക്കാന്‍ കഴിയാത്ത പ്രമേയമാണിത്. ഒരുപക്ഷെ ഈ കഥാ സമാഹാരത്തിലെ ഏറ്റവും ദുരന്തപൂര്‍ണമായ  കഥ ഇതായിരിക്കുമെന്നു തോന്നുന്നു.  

മേഘമായ മധു മാത്യൂസ് പ്രത്യേകതകളുള്ള  ഒരു കഥയാണ്. സ്ത്രീ പുരുഷ സൌഹൃദം എങ്ങനെയൊക്കയാവാമെന്ന് വളരെ വാചാലമായി അനുവാചകനോട് ചര്‍ച്ച ചെയ്യുന്ന കഥ. നായകന്‍ പലപ്പോഴും അതിവാചാലതയിലേക്ക് ഊര്‍ന്നു വീഴുന്നുണ്ടെങ്കിലും കഥയുടെ പിരിമുറുക്കം നിലനിറുത്താനും ഊഷ്മളമായ  ഒരു സുഹൃത്ബന്ധത്തെ അനാവരണം ചെയ്യാനും അനില്‍ മിടുക്കു കാണിക്കുന്നു. വിദൂരതയില്‍   നിന്നൊഴുകി വരുന്ന ഒരു  വിഷാദ ഗാനം പോലെയാണീ കഥ.

അമ്മ എന്ന കഥ വളരെ ഹൃദയസ്പര്‍ശിയാണ്. അനാഥമാകുന്ന വൃദ്ധ മാതൃത്വങ്ങള്‍  ഇന്നൊരു സാധാരണ സംഭവം മാത്രം. എത്ര അനുഭവങ്ങള്‍ വേണമെങ്കിലും  നമുക്ക് ചുറ്റുമുണ്ടാകും.  ചുമക്കാന്‍ അസൌകര്യം  തോന്നുന്ന എന്തിനേയും വഴിയരികില്‍ വലിച്ചെറിയാന്‍ പാകത്തില്‍ ഏക ദിശയില്‍ ചിന്തിക്കുന്നവരാണ് എന്തുകൊണ്ടോ ഇപ്പോള്‍ പലരും. മഹാഭാരതത്തില്‍,  മക്കള്‍ പോയ  ജന്മത്തിലെ  ശത്രുക്കളാണെന്ന് സഞ്ജയന്‍ ധൃതരാഷ്ട്രരോട്  പറയുന്നത് കാലാതിവര്‍ത്തിയായ ഒരു നിത്യസത്യമാവാനേ വഴിയുള്ളൂ.  കഥയിലെ അമ്മ അല്‍പം കൃത്രിമത്വത്തോടെ സംസാരിക്കുന്നതായി തോന്നുമെന്ന ചില്ലറ കുറവ് ഒഴിവാക്കിയാല്‍ അതി മനോഹരമായി എഴുതപ്പെട്ട ഒരു രചനയാണിത്. പ്രത്യേകിച്ച്  കഥയുടെ അവസാന ഭാഗം.

ഗ്രീഷ്മം പേരു പോലെ തൊഴിലില്ലാതാകുന്ന പ്രവാസിയുടെ വേനല്‍  ലോകമാണ്. അവിടെ തണുപ്പിന്‍റെ പച്ചപ്പില്ല.  ആ ആധി നെഞ്ചുരുക്കത്തോടെ  ഈ കഥയില്‍ പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. ഹൃദയത്തിന്‍റെ ഭാഷയില്‍ എഴുതപ്പെട്ട ഈ വേദനയുടെ വരികള്‍ വായനക്കാരുടെ ഉള്ളുലച്ചു കളയുന്നു. ഗ്രീഷ്മമെന്ന  ഈ വാക്കിന്‍റെ അര്‍ഥമെന്താണ്?  അതു ഉള്ളിലുയര്‍ത്തുന്ന ചിത്രമെന്താണ്ആവിയുയരുന്ന ഒരു പകലിനു  മേല്‍  ഉഷ്ണം വിതറുന്ന രാത്രിയുടെ പുകയുന്ന ചിത്രം...  കഥയ്ക്ക് ഗ്രീഷ്മമെന്ന പേര് അന്വര്‍ഥമാവുന്നതങ്ങനെയാണ്. കഥാപാത്രങ്ങള്‍ക്ക് പേരില്ലാത്തതുകൊണ്ട്  അവരില്‍  ഞാനും നിങ്ങളും  വളരെ എളുപ്പത്തില്‍  പ്രതിഫലിക്കുന്നു.

കണ്ണുകള്‍ ഒരു കുഞ്ഞു കഥയാണ്.   നേത്ര ദാനം മഹാദാനമെന്ന്  അനുവാചകനോട് ലളിതമായി,  എന്നാല്‍ ഹൃദയസ്പര്‍ശിയായി  ഉപദേശിക്കുന്ന കഥ.  പെട്ടെന്ന് കഥയെ അങ്ങോട്ട് ഇടിച്ചു നിറുത്തിയ പോലെ ഒരു അവസാനമായിപ്പോയി എന്നതൊഴിച്ചാല്‍ നല്ലൊരു സന്ദേശം നല്‍കുന്ന കഥയാണിത്.  ആണ്‍ ജന്മം വേണമെന്നും  തിളങ്ങുന്ന മിഴികളുള്ള അമ്മു എന്നൊരു  പെണ്‍കുട്ടിയെ ഒരിക്കലെങ്കിലും  ഒന്നു  പെണ്ണു  കാണമെന്നും എനിക്ക്  ആശ തോന്നിപ്പോയ ഒരു മനോഹര പെണ്ണുകാണല്‍   വിവരണമുണ്ട് ഈ കഥയില്‍, അതും രണ്ടു മൂന്നു വരികളില്‍ ഒതുക്കിയ ഒരു വിവരണം .

ഊന്നുവടികള്‍  എന്ന്  പേരുള്ള കഥയില്‍   പരസ്പരം ഊന്നുവടികളാവുന്ന വാര്‍ദ്ധക്യത്തിന്‍റെ, സാറമ്മയുടെയും സാറച്ഛന്‍റേയും ജീവിതമാണ് അനില്‍  എഴുതുന്നത്  . കുട്ടികളെ നോക്കി വളര്‍ത്തുകയും അവര്‍ മുതിര്‍ന്ന് അവരുടെ ജീവിതത്തിലേക്ക്  കടന്നു പോവുകയും ചെയ്യുമ്പോള്‍ ഒറ്റപ്പെടുന്ന  വാര്‍ദ്ധക്യം. യൌവനത്തിന്‍റെ സാമീപ്യവും കരുതലുമാണ് ശൈശവത്തിന്‍റേതെന്ന പോലെ വാര്‍ദ്ധക്യത്തിന്‍റേയും സുരക്ഷിതത്വം. തിരക്കുകളില്‍ കേമപ്പെടുന്ന  യൌവനം പലപ്പോഴും  ആ സത്യം  തിരിച്ചറിയാറില്ല. തിരിച്ചറിയും വരെ കാത്തു നില്‍ക്കാന്‍ വാര്‍ദ്ധക്യത്തിനു  അവസരവുമുണ്ടാവില്ല.  

പ്രസിദ്ധ നിരൂപകനായ ശ്രീ എം കെ ഹരികുമാര്‍ ഉചിതമായ  അവതാരികയിലൂടെ  ഈ പുസ്തകത്തെ അലങ്കരിച്ചിട്ടുണ്ട്. പോയ കാല ഓര്‍മ്മകളെ ആയുധമാക്കി വര്‍ത്തമാനകാലത്തെ നേരിടുന്നതിനെപ്പറ്റി അവതാരികയില്‍  എഴുതുന്ന അദ്ദേഹം അനിലിന്‍റെ രചനാപരമായ പ്രത്യേകതയായി ഓര്‍മ്മകളെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

പുസ്തകത്തിലെ എല്ലാ കഥകളേയുംഅല്ലെങ്കില്‍ എല്ലാ പേജുകളെയും  അങ്ങനെ വിശദമായി  പരിചയപ്പെടുത്തുന്നതില്‍ അർത്ഥമില്ല. ചിത്രം കണ്ടും  പുസ്തകം വായിച്ചും അറിയണം എന്നാണല്ലോ മഹദ് വചനം.  ചിത്രം വെറുതേ കണ്ടാല്‍  പോരാ  സുക്ഷ്മമായി കാണണമെന്നും  പുസ്തകം വെറുതേ  വായിച്ചാല്‍ പോരാ നല്ലവണ്ണം  മനനം ചെയ്യണമെന്നുമാണ്  ആ വചനത്തിന്‍റെ  പൊരുൾ.  അതുകൊണ്ട്  ഓരോ വായനക്കാര്‍ക്കും പറയാനുള്ളത്  അവരവര്‍ വായിച്ചതിന്‍റേയും  മനനം ചെയ്തതിന്‍റെയും അനുഭവങ്ങളായിരിക്കും. അല്ലെങ്കില്‍  ആയിരിക്കണം......

മനോഹരമായ രൂപകല്‍പനയോടെ തയാറാക്കിയ ഈ പുസ്തകം പ്രസാധനം  ചെയ്തത്  ഫേബിയന്‍ ബുക്സാണ്.

ഒറ്റയിരുപ്പില്‍ വായിച്ച് അവസാനിപ്പിക്കുവാന്‍ സാധിക്കുന്ന ലളിതമായ കഥകളല്ല അനിലിന്‍റെ. ഈ പുസ്തകത്തിലെ എല്ലാ കഥകളും അങ്ങനെയാണെന്ന് പറയുന്നില്ലെങ്കിലും വായനയ്ക്കു ശേഷവും ഒരു നീറ്റലായി വേദനയായി ഉള്ളിലൂറുന്ന വരികള്‍ സ്വാഭാവികതയോടെ എഴുതാന്‍ അനിലിനു സാധിക്കുന്നുണ്ട്. ഇനിയും കൂടുതല്‍ നല്ല കഥകള്‍ പ്രതീക്ഷിക്കുവാന്‍ തീര്‍ച്ചയായും വായനക്കാര്‍ക്ക് അവകാശമുണ്ടെന്ന തോന്നല്‍ പകരുന്ന ഒരു കഥാകൃത്തു തന്നെയാണ് അനിൽ.

നിരവധി കഥാ പുരസ്കാരങ്ങൾ നേടിയിട്ടുള്ള അനിലിന്റെ കഥകൾ “വൈഖരി” എന്ന ബ്ലോഗ്ഗിലും വായിക്കാം.

Wednesday, October 5, 2011

ഉന്മത്തതയുടെ ക്രാഷ് ലാന്റിംഗുകൾ

പുസ്തകം : ഉന്മത്തതയുടെ ക്രാഷ് ലാന്റിംഗുകൾ
രചയിതാവ് : രാജേഷ് ചിത്തിര

പ്രസാധകര്‍ : സൈകതം ബുക്സ്

അവലോകനം : എച്മുകുട്ടി


സൂക്ഷ്മദർശിനി എന്ന ബ്ലോഗിൽ വന്ന കവിതകളുടെ ഒരു സമാഹാരമാണ് ഉന്മത്തതയുടെ ക്രാഷ് ലാന്റിംഗുകൾ എന്ന ചെറിയ പുസ്തകം. രാജേഷ് ചിത്തിരയുടെ ഈ കവിതകൾ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത് സൈകതം ബുക്സ് ആണ്.

ഉള്ളുലയ്ക്കുന്ന, ചിന്തകളെ ആകെ ഉഴുതു മറിയ്ക്കുന്ന കവിത എഴുതുവാൻ, മനസ്സിനെ സ്പർശിയ്ക്കുന്ന വശ്യമായ സംഗീതം കൊടുക്കുവാൻ, സാങ്കേതികത്തികവോടെ ശ്രുതി മധുരമായി ആലപിയ്ക്കുവാൻ എല്ലാം അസാധാരണമായ പ്രതിഭ ആവശ്യമാണ്. പക്ഷെ, ഇതെല്ലാം ആസ്വദിയ്ക്കുന്നവരിൽ മഹാഭൂരിപക്ഷവും പ്രതിഭയുടെ അക്ഷയ സൂര്യകാന്തി പ്രദർശിപ്പിയ്ക്കുന്നവരൊന്നുമാവാറില്ല. വെറും സാധാരണക്കാരായ അവർ പിടിച്ച വരികൾ മന:പ്പാഠമാക്കും, ആരെഴുതിയെന്നോർമ്മിയ്ക്കും, ഏതു പുസ്തകമെന്നും സംഗീതമാരുടെയെന്നും ആലാപനമാരുടെയെന്നും ഓർത്തു വെയ്ക്കും. എനിയ്ക്കും അത്രമാത്രമേ സാധിയ്ക്കാറുള്ളൂ.

മൂന്നു വയസ്സു മുതൽ കുട്ടിക്കവിതകൾ ശീലിച്ചു... പിന്നെ അക്ഷരങ്ങൾ എന്റെ കൂടെ നടക്കുവാൻ തുടങ്ങി. കണ്ണിൽ വെള്ളം നിറയ്ക്കുന്ന തൊണ്ട അടയ്ക്കുന്ന വരികൾ, തലയിൽ തീച്ചക്രം തിരിയ്ക്കുന്ന വരികൾ, കൈ ചുരുട്ടി ചുവരിലിടിയ്ക്കാൻ തോന്നുന്ന വീറും വാശിയുമേകുന്ന വരികൾ, മഞ്ഞു തുള്ളിയുടെ തണുപ്പും പൂക്കളുടെ സൌരഭ്യവും തരുന്ന വരികൾ.. അങ്ങനെ എന്തൊക്കെയോ........ അവയെ എല്ലാം കവിത എന്നു വിളിയ്ക്കാനാണ് എനിയ്ക്കിഷ്ടം.

ഉന്മത്തതകളുടെ ക്രാഷ് ലാന്റിംഗുകളിൽ കുറേയേറെ വരികൾ ആദ്യവായനയിൽ എന്നെ കബളിപ്പിച്ചു അകലെ മാറി നിന്നു. രണ്ടാം വായനയും മൂന്നാം വായനയും എനിയ്ക്ക് കൂടുതൽ വല്ലതും പറഞ്ഞു തരുമായിരിയ്ക്കുമെന്ന് ഞാൻ കരുതി.കാരണം കവിത എന്നെ അങ്ങനെ നോക്കാതെ പോവുകയില്ലെന്ന വിശ്വാസം..... വല്ലതും പറയും.... പറയാതിരിയ്ക്കില്ല. ആ ഒരു പാവം വിശ്വാസത്തിന്റെ പ്രേരണ മാത്രമാണീ കുറിപ്പ്.

“മലങ്കോട്ടയം“ വായിച്ച് കഴിഞ്ഞിരുന്നു. അപ്പോഴാണ് തിരുവനന്തപുരത്തും കോട്ടയത്തും പാലക്കാടും കണ്ണൂരും എല്ലാം യാത്ര പോയത്. മലയെല്ലാം നാടു വിട്ടു പോകുന്നതു കണ്ടു. ചോരച്ചാലുകൾ കറുത്ത റോഡിലൂടെ ഒലിപ്പിച്ച് ഓരോ മലയും ....... നാടു വിട്ടു പോയ മലകളെത്തേടി നെഞ്ചത്തടിച്ചു ചത്തു വീണ ബാക്കി മലകൾക്കിടയിൽ പെട്ട് കുഞ്ഞുങ്ങൾ…അതെ, കുഞ്ഞുങ്ങളും പൊതുവേ ചില മനുഷ്യരും ഇങ്ങനെയാണ് മലയിടിച്ചിലുണ്ടാകുന്നേടത്തു നിന്ന് മാറി നിൽക്കില്ല.

“അല്ലെങ്കിൽ
ഇടത്തെക്കോണിൽ
എന്റെ ഹൃദയം മിടിയ്ക്കുന്നത്
വലത്തേ കയ്യിലെ വാക്കുകളായി
നിന്നെത്തേടി വരില്ലല്ലോ“ ( കാഴ്ച )

പലവുരു നിരത്തി വെട്ടിമാറ്റിയിട്ടും വരുതിയിലാക്കിയെന്ന് കരുതിയിട്ടും ഒടുവിൽ പാകമായ ഒരു കാഴ്ച തന്നെയായി അവസാനവരികളിൽ കവിത. മറ്റു വരികളൊന്നും ഓർമ്മിയ്ക്കാനായില്ലെങ്കിൽക്കൂടിയും ഈ വരികൾ മറക്കുവാൻ സാധിയ്ക്കുകയില്ല.

“ഓരോ നിമിഷവും ആഘോഷിക്കാനാണെന്ന് പഠിപ്പിയ്ക്കുന്നത് ഉറപ്പുകളെ ഒഴിവാക്കാനാണ്.“ (അമ്പത്തിയാറിൽ നിന്ന് തിരിഞ്ഞു നോക്കുമ്പോൾ) ഇതെങ്ങനെ മനസ്സിലായി എന്ന് മനസ്സിന്റെ അൽഭുതം. അങ്ങനെയുള്ള ആഘോഷങ്ങളിൽ പെട്ട് ഒരു ജീവിതമാകെ ഒലിച്ചു പോകുന്നു. അമ്പത്തിയാറിൽ നിന്ന് തിരിഞ്ഞു നോക്കുമ്പോഴും ഒരു പ്രതിജ്ഞയും പാലിയ്ക്കാനാവാതെ….

ചില കവിതകളിലെ ചില വരികൾ എഴുതിയ കവിയോട് എനിയ്ക്ക് അഗാധമായ അടുപ്പമുണ്ടായി. സാധാരണ വായനക്കാർ എഴുത്തുകാരെ തിരിച്ചറിയുന്നത് ഈയൊരു രാസവിദ്യയാലാണെന്ന് ഞാൻ കരുതുന്നു. ഞാനാലോചിയ്ക്കുന്നത്, ഞാൻ കാണുന്നത്, ഞാനറിയുന്നത് ഞാനനുഭവിയ്ക്കുന്നത് എന്നെക്കാണാതെ മനസ്സിലാക്കാനാവുന്ന ഒരാളോടുള്ള ആ‍ദരം…

“നമ്മൾ നമ്മളെന്നില്ലെന്ന് ആരോ……“( ആരോ…ആരോടെന്ന് )

“ഇത്രയധികം എഴുതാൻ പ്രണയത്തിന്റെ എത്ര കടൽ പേറുന്നുണ്ടാകും ആകാശമനസ്സെന്ന് ഞാൻ“ (ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ നമ്മൾ )

“ഒരു വണ്ടിയുടെ വരവിൽ
പറയാനാവാത്തെന്തോ
പറയുമ്പോൾ വിറയ്ക്കുന്നതു
കണ്ടിട്ടുണ്ടോ ഒരു തീവണ്ടിയാപ്പീസ്“ ( സ്റ്റേഷനതിർത്തികൾ )

“വെടിക്കോപ്പ് തീർന്നു പോയ ടാങ്കുകളിലെ
പട്ടാളക്കാരുടെ നിസ്സംഗമുഖങ്ങൾ“ (പനിക്കാഴ്ചകൾ)

“ഉപേക്ഷിയ്ക്കപ്പെട്ടവരുടെ ആഘോഷങ്ങളിലേയ്ക്ക്
ഞാൻ തിരിച്ചു നടക്കുന്നു“ (കാലത്തിന്റെ സ്റ്റാച്യൂ പറച്ചിൽ)

ഇങ്ങനെ കുറെ വരികൾ. അതൊക്കെ പകർത്തിയെഴുതേണ്ടതില്ലെങ്കിലും……

“ഉറക്കം“ എനിയ്ക്കൊരു പുഞ്ചിരി തന്നു.
“ഓർമ്മ“ ഒരുപാട് ഓർമ്മക്കാറ്റുകളുടെ ചുഴലികളിൽ എന്നെയും വീശിയെറിഞ്ഞു.
“കുന്നിൻ ചരുവിലെ മരം, ഇലകളിൽ നിന്നു മഴത്തുള്ളിയെ കൈവിടും പോലെ… “ എത്ര വാസ്തവമെന്ന് നിനച്ചു ഞാൻ. ചുഴലികളിൽ പെട്ട് വാടിപ്പോവുമ്പോഴും കുടഞ്ഞു കളയാനാവാത്ത എണ്ണമറ്റ ഓർമ്മകൾ.

“അധിനിവേശം“ വല്ലാതെ അസ്വസ്ഥമാക്കുന്ന വരികളാൽ കുത്തിത്തുളയ്ക്കുന്നു. ഉത്തരേന്ത്യയിൽ എന്നോടൊപ്പം ജോലി ചെയ്ത പരമദരിദ്രരും പട്ടിണിപ്പാവങ്ങളുമായ മനുഷ്യരെയും, മുൻപിലിരുന്നു ദീനദീനം പൊട്ടിക്കരഞ്ഞവരെയും, നഷ്ടപ്പെടുവാൻ സ്വന്തം ജീവൻ പോലും സ്വന്തമായി ഇല്ലാത്തവരെയും……. ഓർമ്മിപ്പിച്ചു. എപ്പോഴും വിങ്ങുന്ന വേട്ടയാടുന്ന വേദനകളുടെ കൂടിളക്കുവാൻ ആ വരികൾക്ക് കഴിയുന്നു.

ഇസ്മെയിൽ ശരിയ്ക്കും ഒരു ഇസ്മെയിൽ തന്നെ. മലബാർ ഭാഷയുടെ താളം ഒരു പക്ഷെ, ഇക്കവിതയിൽ മാത്രമാണുള്ളത്. സ്നേഹവും വാത്സല്യവും തോന്നിപ്പിയ്ക്കുന്ന ചങ്ങാത്തത്തിന്റെ ഇമെയിൽ കിട്ടുമ്പോലെ കുറച്ചു വരികൾ.

ഞാൻ നടന്നു ശീലിച്ച ഇരുണ്ട് പച്ചച്ച ഗുഹ പോലുള്ള നാട്ടിടവഴിയുടെ ഒരു ഫീലുണ്ടായിരുന്നു വരികളിൽ പലതിനും. പരിചയമുള്ള ചില മണങ്ങൾ, ചില രുചികൾ, ചില തോന്നലുകൾ…പ്രത്യേകിച്ച് “ഓർമ്മകൾ ചൂളം കുത്തിയ്ക്കുന്ന പുകത്തീവണ്ടികൾ“ എന്ന കവിതയിലെ പഴയ കാല കാർഷിക സംസ്കാരത്തെ വായിയ്യ്ക്കുമ്പോൾ. വളരെ സജീവമായ ഒരു ഗ്രാമ ചിത്രം മനസ്സിലുയർന്നു.

“കൈത്തോട്” എന്ന കവിത കുട്ടിക്കാലത്തെ ഒരു കളിയെ ഓർമ്മിപ്പിയ്ക്കുന്ന മാതിരിയാണു വിന്യസിച്ചിരിയ്ക്കുന്നത്. മഞ്ചാ‍ടിക്കുരുക്കൾ വാരിയിട്ട് മുകളിൽ നിന്ന് താഴേയ്ക്ക് ഒഴുക്കുണ്ടാക്കുന്ന ഒരു പാവം കളിയുണ്ടായിരുന്നു. പാവമെങ്കിലും ഇടയിൽ ചില്ലറ കുരുക്കുകളുണ്ടായിരുന്നു ആ കളിയിൽ. ഇവിടെയാവട്ടെ കുരുക്കിനു പകരം പരന്ന് പടർന്ന് പുകയുകയാണ് കൈത്തോട് .

“പരിണാമത്തിന്റെ ചില പുനരന്വേഷണങ്ങൾ“ കവിതയുടെ പേരാണ്.ഒരു പ്രത്യേക തരം ഹാസ്യമുണ്ട് ഈ വരികളിലെന്ന് തോന്നി. നമുക്കൊക്കെ പരിചയമുള്ള ചില നാടൻ പ്രയോഗങ്ങളുണ്ടല്ലോ, വാലു വെന്ത നായ, നായക്കിരിയ്ക്കാൻ നേരമില്ല, കുറ്റിയ്ക്കു ചുറ്റും പയ്യ്……അവയെക്കൊണ്ട് ഒരു കവിത. ആ തലക്കെട്ട് കൂടിയാവുമ്പോഴാണു ശരിയ്ക്കും ആ പ്രത്യേക തരം ഹാസ്യമുണ്ടാകുന്നത്.

“ഉളിപ്പേച്ച്“ എന്ന കവിതയെ കാണാതെ പോകുവാൻ കഴിയില്ല. ഒരുത്തനും വേണ്ടിപ്പോ ബാലനാശാരിയെ എന്ന് വായിയ്ക്കുമ്പോഴേക്കും ഒരുപാട് മാറ്റങ്ങൾ നാം കണ്ടു കഴിയുന്നു. ശോഷീച്ച വരമ്പും, ഒറ്റ രാത്രിയിൽ വറ്റിപ്പോകുന്ന മൂന്നു പറക്കണ്ടവും, അയ്യാറെട്ടിനും പുഞ്ചയ്ക്കും പകരം എത്തിയ റബറുമെല്ലാം സ്വാഭാവികമായും ആർക്കും വേണ്ടാത്ത ബാലനാശാരിയിലേയ്ക്കും എറക്കുമതി വെള്ളത്തടിയിലേയ്ക്കുമാണ് പരക്കുന്നത്.

ഒരു പ്രവാസിയുടെ ഏകാന്തമായ ആധികളും അകലത്തിന്റെ ആഘാതവും വിദൂരമായ പ്രണയവുമെല്ലാം കവിതകളായി വന്നു തൊടുന്നുണ്ട്. തുറമുഖവും ഓർമ്മക്കിണറും പ്രണയം പൂത്തൊരു കാട്ടിൽ നമ്മളും എല്ലാം പ്രവാസിയായ ഒരു കവിയെ കാണിച്ച് തരുന്നു.

സാധാരണ വായനക്കാരി എന്ന നിലയിൽ കവിതകൾ ഇത്തിരി ദുർഗ്രഹമാകുന്നുവെന്ന് പറയാതിരിയ്ക്കാൻ വയ്യ. കവിയ്ക്ക് എഴുതുവാനും വായനക്കാരന് മനസ്സിലാക്കുവാനും കഴിവുണ്ടാകണമെന്ന് പറയുമ്പോൾ പോലും ആദ്യ വായനയിൽ അകന്ന് മാറി നിൽക്കുന്ന വരികളെ വശപ്പെടുത്തുവാൻ പ്രത്യേകമായ ഒരു മനസ്സൊരുക്കം ആവശ്യപ്പെടുന്ന രചനകളും ഇതിലുണ്ട്. ഒരുപക്ഷെ, വരികളെ നിർദ്ദയം വെട്ടിച്ചുരുക്കി കൊണ്ടുവരുന്നതുകൊണ്ടാകാം.

തന്റെ രചനാലോകത്തിലെ ചക്രവർത്തിയാകുന്നു ബ്ലോഗറെന്നും ആരും എഡിറ്റ് ചെയ്യാത്ത ബ്ലോഗിലെ രചനകൾക്ക് അതിരില്ലാത്ത സ്വാതന്ത്ര്യമുണ്ടെന്നും അതുകൊണ്ട് ബ്ലോഗ് രചനകൾ വെറും ഉപരിപ്ലവമാണെന്നും പറഞ്ഞു കേൾക്കാറുണ്ട്. ഉന്മത്തതകളുടെ ക്രാഷ് ലാന്റിംഗുകൾ തീർച്ചയായും ഈ പറഞ്ഞു കേൾക്കുന്നതിൽ നിന്നും വിഭിന്നമായ ഒരു പുസ്തകമാണ്. കൈയടക്കമുള്ള കാമ്പുറ്റ വരികൾ രചിയ്ക്കാനായി എന്ന് കവിയ്ക്കും പുസ്തകമായി കാണും മുൻപേ സൂക്ഷമദർശിനി എന്ന ബ്ലോഗിൽ കവിതകളെ പരിചയപ്പെടുവാനായി എന്ന് വായനക്കാരനും പുതിയ കാലത്തിന്റെ, പാരസ്പര്യമുണ്ടായത് കവിതകൾ ആദ്യം ബ്ലോഗിൽ വന്നതുകൊണ്ടുമാത്രമാണല്ലോ.