Friday, April 22, 2011

സുല

പുസ്തകം : സുല
രചയിതാവ് : ടോണി മോറിസണ്‍ (വിവര്‍ത്തനം : പ്രഭ സക്കറിയാസ്)
പ്രസാധനം : ഡി.സി.ബുക്ക്‌സ്
അവലോകനം : ഖാദര്‍ പട്ടേപ്പാടംനാന്തരങ്ങളിലെ ഗര്‍ജ്ജനസംഗീതം പോലെ ഗുഹാന്തര്‍ഭാഗങ്ങളില്‍ ഒറ്റപ്പെട്ടുപോയ കറുത്തവരുടെ ചടുലതാളങ്ങളും താളപ്പിഴകളുടെ അപഭ്രംശ സീല്‍ക്കാരങ്ങളും ആവിഷ്കരിക്കുന്ന മനോഹരമായ ഒരു നോവലാണ്‌ 'സുല'.

തൊലിയുടെ കറുപ്പും വെളുപ്പും എന്നും വല്ലാത്തൊരു സമസ്യയാണ്‌. പൂരകം അസാധ്ദ്യമെന്നു തോന്നിക്കുന്ന പ്രശ്ന സമസ്യ.. കറുത്തവണ്റ്റെ കുന്നിന്‍പുറം പോലും വെളുത്തവന്‌ 'അടിവാര'മാണ്‌ അങ്ങനെയൊരു അടിവാരത്തില്‍ ജീവിതത്തിന്‌ ചമയങ്ങളൊരുക്കാന്‍ പാടുപെടുന്ന കുറെ തെറിച്ച 'കാപ്പിരിച്ചി'കളുടെ കഥയാണ്‌ 'സുല'യുടെ ഇതിവൃത്തം. അതിലൂടെ ഞെരിഞ്ഞമരുന്ന അമേരിക്കന്‍ നീഗ്രോകളുടെ രാഷ്ട്രീയാവസ്ഥ അടയാളപ്പെടുത്താനാണ്‌ കഥാകാരി ശ്രമിക്കുന്നത്‌. അപഥസഞ്ഞ്വാരത്തിനിറങ്ങിയ ഹെന്ന, വെള്ളക്കാരെ പ്രാപിക്കുകയും രതിയെ ഒരു മഹോത്സവമായി കൊണ്ടാടുകയും ചെയ്ത ഹെന്നയുടെ മകള്‍ സുല, ഹെന്നയുടെ മാതാവും ഒന്നരക്കാലിയുമായ ഈവ എന്ന ചൊറിച്ചിത്തള്ള- ഇവരെല്ലാം ഈ ചരിത്ര ഗാഥയിലെ ഉപകരണങ്ങള്‍ മാത്രം.

ഉലയിലെ കനല്‍ക്കാടുകളിലൂടെ ഊര്‍ന്നിറങ്ങിവരുന്ന ജീവനുള്ള ഉരുക്കുപാളികളാണ്‌ നോവലിലെ ഒട്ടുമിയ്ക്ക കഥാപാത്രങ്ങളും . യുദ്ധങ്ങള്‍ക്കും ചെറുത്തുനില്‍പുകള്‍ക്കും അവര്‍ക്കീ കവചം ആവശ്യമാണ്‌. സ്വന്തം കൈവിരലിലൂടെ വഴുതി പുഴയിലാണ്ടുപോയ ചെറുക്കണ്റ്റെ തലയ്ക്കുമേലെ വെള്ളം കുമിഞ്ഞുകൂടി മൂടുന്നത്‌ കണ്ടപ്പോഴും , അമ്മ തീ സാഗരത്തില്‍ കുളിച്ച്‌ മദിച്ച്‌ പിടഞ്ഞു പിടഞ്ഞു ഉരുകിത്തീരുന്നത്‌ നിസ്സംഗതയോടെ നോക്കി നില്‍ക്കുമ്പോഴും , ബാല്യം മുതലേ ഇണപിരിയാത്ത കൂട്ടുകാരിയായി കരുതിയിരുന്ന നെല്ലിണ്റ്റെ ഭര്‍ത്താവ്‌ ജൂഡോയെ തട്ടിയെടുത്ത്‌ കാമകേളികളില്‍ മുഴുകുമ്പോഴും , പുരുഷന്‍മാരുടെ ശരീരങ്ങളില്‍ ഇരച്ചുകയറി ധമനികള്‍ ചൂടുപിടിപ്പിച്ച്‌ അവിടെ തീയാട്ടു നൃത്തമാടുമ്പോഴും ഒന്നും സംഭവിച്ചില്ല എന്ന മട്ടില്‍ ഒഴുകി ഒഴുകി നീങ്ങാന്‍ സുലയ്ക്ക്‌ കഴിയുന്നതും അവളീ കവച വാഹിനിയായതുകൊണ്ടാണ്‌.

1919 മുതല്‍ 1965 വരെയുള്ള 46 വര്‍ഷക്കാലത്തെ'അടിവാര'ത്തെ സംഭവബഹുലമായ കാപ്പിരിത്തേര്‍വാഴ്ച്ചയ്ക്കു ശേഷം ഏതൊരു കാപ്പിരിക്കൂട്ടത്തിനും സംഭവിക്കുന്നതു തന്നെ ഇവിടെയും സംഭവിച്ചു. അവരുടെ വൃക്ഷ നിബിഡമായ 'കറുത്ത' ഇടം വെള്ളക്കൊട്ടാരക്കാര്‍ തട്ടിയെടുത്ത്‌ അവിടെ മെഡാലിയന്‍ സിറ്റിയുടെ കോണ്‍ക്രീറ്റ്‌ കാഴ്ച്ചകളൊരുക്കി. കറുത്ത കൂട്ടങ്ങള്‍ എവിടേക്കൊക്കെയോ തുരത്തപ്പെട്ടു. ഒരു പ്രദേശത്തിണ്റ്റെ, ആ പ്രദേശത്തെ മനുഷ്യ ഉരുക്കളുടെ രാഷ്ട്രീയ ചരിത്രം അതോടെ അവസാനിക്കുന്നു.

ആഫ്രോ- അമേരിക്കന്‍ എഴുത്തുകാരിയും നൊബേല്‍ ജേതാവുമായ ടോണി മോറിസണ്‍ ആണ്‌ 'സുല'യുടെ കര്‍ത്താവ്‌. പ്രഭാ സക്കറിയാസാണ്‌ മൊഴിമാറ്റം നടത്തിയിരിക്കുന്നത്‌.

ആഖ്യാനത്തിണ്റ്റെ കാരിരുമ്പ്‌ ശക്തിയാണ്‌ നോവലിനെ സവിശേഷമാക്കുന്നത്‌. ചെറിയ ചെറിയ സങ്കേതങ്ങളിലൂടെ മഹാമേരുക്കള്‍ തീര്‍ക്കുന്ന മാസ്മരികത വായനയെ വസന്താനുഭവ മായി മാറ്റുന്നത്‌ ഈ പുസ്തകത്താളുകളിലൂടെ കടന്നുപോകുമ്പോള്‍ നമുക്കനുഭവപ്പെടും.

3 comments:

  1. ഇത്തരം പരിചയപ്പെടുത്തലുകള്‍ ഞങ്ങള്‍ക്ക്‌ വളരെ പ്രയോജനം ചെയ്യുന്നു.
    നന്ദി മാഷേ.

    ReplyDelete
  2. പരിചയപ്പെടുത്തലിനു നന്ദി

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?