Tuesday, December 13, 2011

കാമുകി

പുസ്തകം : കാമുകി
രചയിതാവ്
: ബി. മുരളി
പ്രസാധകര്‍ : ഡി.സി ബുക്സ്

അവലോകനം : വെള്ളെഴുത്ത്





വിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വാസനകളെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ തന്നെ എഴുത്തിന്റെ ഭാഗമാവുക എന്നത് സര്‍ഗാത്മകസാഹിതിയുടെ നാള്‍വഴിചരിത്രത്തില്‍ ആരും കൊടിനാട്ടാത്ത കന്യാവനങ്ങളല്ല. എന്നാല്‍ ജൈവികമായ ചോദനകളുടെ സ്വച്ഛന്ദമായ വിഹാരമേഖലകളുടെ അതിരുകളും കടന്നെത്തിയ പരിണതി എന്ന നിലയ്ക്ക് തിരിഞ്ഞുകൊത്തുന്ന മാനസിക കാലം നിര്‍മ്മിച്ചെടുത്ത കല്പനാകാകളികളായി പുതിയ കഥകളിലെ വര്‍ണ്ണശബളമായ രൂപകങ്ങളെ നോക്കിക്കാണുന്നതില്‍ ചില കൌതുകങ്ങളുണ്ട്. പ്രണയത്തിന്റെ സാഫല്യത്തില്‍ കൈവരുന്ന മുക്തി ഒരു പാഴ്വാക്കാണെന്ന് ഇന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്, കാല്‍പ്പനികമായ തരളതയോടെ പിന്നെയും പിന്നെയും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെങ്കിലും? എന്നല്ല, ഒരു പടി കൂടി കടന്ന് മാനുഷികമായ ഏതു ബന്ധത്തിന്റെയും സഫലത പ്രശ്നാധിഷ്ഠിതമാണ്. എങ്കിലും അഴിച്ചുവിട്ട വാസനകള്‍ക്കു പിന്നാലെ അലയാതിരിക്കാന്‍ കഴിയുന്നില്ലെന്നിടത്ത് കുടുങ്ങിക്കിടന്ന കല്‍പ്പനകളെ അഴിച്ചെടുത്ത്, തങ്ങളെ തുറിച്ചു നോക്കുന്ന കണ്ണുകളിലെ പ്രതിബിംബങ്ങളില്‍ നോക്കി, പുതിയ രൂപങ്ങള്‍ നിര്‍മ്മിക്കുകയാണ് ബി മുരളി ‘കാമുകി’ എന്ന സമാഹാരത്തില്‍. സാമൂഹികമായ സമ്മര്‍ദ്ദങ്ങള്‍ , ചോദനകള്‍ക്ക് മേല്‍ കയറ്റിവച്ച വേവലാതികളെ കൂടി ഭാഗഭാക്കാനുള്ള വെമ്പല്‍ മുരളിയുടെ കഥകള്‍ പ്രകടിപ്പിച്ചുപോന്നിട്ടുണ്ട്, അവയുടെ ആരംഭകാലം മുതല്ക്ക്‍. അവയുടെ സൂക്ഷ്മതരമാവുന്ന വിടര്‍ച്ചകളുടെ സാക്ഷ്യമാണ് ‘കാമുകി’ മുന്നില്‍ വയ്ക്കുന്ന നേര്.

ഖജുരാ-ഹോ എന്ന കഥയിലെ കുണ്ടങ്കുഴി രാമകൃഷ്ണന്റെ ജീവന്‍ വയ്ക്കുന്ന പ്രതിമകള്‍ ഈ വേവലാതിയുടെ രൂപകങ്ങളാണ്. സ്വന്തം ജീവിതപ്രശനങ്ങള്‍ നട്ടം തിരിയുന്ന ആഖ്യാതാവ് നാട്ടുകാരനായ കൂട്ടുകാരനോടുള്ള കടമ നിറവേറ്റാന്‍ കഴിയുന്നില്ലെന്ന കാര്യത്തില്‍ അനാവശ്യമായി കുറ്റബോധം അനുഭവിക്കുന്ന ആളാണ്. അതോടൊപ്പം ആ കഥ കലാകാരന്റെ ഹതാശമായ ഗ്രാഫിനെക്കൂടി കാണിച്ചു തരുന്നുണ്ട്. കൂട്ടുകാരനോടുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയുന്നില്ലെന്ന അലച്ചിലുകള്‍ക്കിടയില്‍ ഉരുത്തിരിഞ്ഞുവരുന്ന മറ്റൊരു സംഗതി കലാകാരനോടുള്ള സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. അതോ തിരിച്ചോ? തിരിച്ചാവാനാണ് സാദ്ധ്യത. ‘കഥാസരിത്സാഗര’മെന്ന കഥയില്‍ തന്നെ തന്നെ അബോധത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരന്റെ ചിത്രമുണ്ട്. അയാളുടെ കഥകള്‍ ഒരേ കാര്യമാണ് വീണ്ടും വീണ്ടും എഴുതുന്നത്. അവിടെ സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയില്‍ പത്രാധിപര്‍ മാന്യനാണ്. നല്ല സൃഷ്ടികള്‍ ഇവന്മാരില്‍ നിന്ന് (എഴുത്തുകാരില്‍ നിന്ന്/ കലാകാരന്മാരില്‍ നിന്ന്) ഉണ്ടാവാനുള്ള സാദ്ധ്യത അയാള്‍ എപ്പോഴും കരുതിയിരിക്കുന്നുണ്ട്. ‘പ്രിന്‍സ് ഓഫ് ഡെന്മാര്‍ക്കിന്റെ പ്രേതം’ എന്ന കഥയിലും ‘ലാവണ്യ നിരൂപണം’ എന്ന കഥയിലും നടത്തിയിരിക്കുന്ന രൂപപരമായ വ്യതിയാനങ്ങള്‍ തന്നെ, അവയുടെ സ്വരം പരിഹാസമായിരിക്കുമ്പോള്‍ പോലും, ആഖ്യാനത്തെ സംബന്ധിച്ച വേവലാതികളുടെ ഒപ്പുകടലാസു കൂടിയാണ്. അടിമയും യജമാനത്തിയും തമ്മിലുള്ള ബന്ധത്തെ പ്രശ്നസങ്കുലമാക്കുന്ന ‘രംഗനായകിയുടെ കൊട്ടാരം’ കുള്ളന്റെ പൊക്കക്കുറവ് അധമബോധത്തിന്റെ പ്രകടിതരൂപമാണ്. ബന്ധങ്ങളില്‍ നിഹിതമാവുന്ന വേവലാതികള്‍ രൂപകങ്ങളായി പരിണമിച്ച പരിണതിയെയാണ് ഇവയെല്ലാം ചൂണ്ടിക്കാട്ടുന്നത്. ബന്ധങ്ങളെ പുനര്‍നിര്‍വചിക്കാനുള്ള ശ്രമം സാമൂഹികബോധത്തിന്റെ പ്രകടനപത്രികയാണെന്നതു കൊണ്ട് പ്രമേയങ്ങള്‍ക്കു പുറത്തും എഴുത്തുകാരന്‍ -സമൂഹം എന്ന ദ്വന്ദ്വത്തിന്റെ വിഹ്വലതകള്‍ നൂതനമായൊരു സ്ഥായിയില്‍ ആവിഷ്കാരം നേടുകയാണെന്ന് നാം തിരിച്ചറിയുന്നു, ഈ കഥകളില്‍ .

മുരളിയുടെ ‘പൂവമ്പഴം’ എന്ന കഥ കാരൂരിന്റെയോ ബഷീറിന്റെയോ അതേ പേരുള്ള കഥകളില്‍ നിന്ന് കാലോചിതമായ വിടുതല്‍ നേടിയിട്ടുണ്ട്. അതേ സമയം അവയിലെ ലൈംഗികവിവക്ഷകളെ കൂറേകൂടി ധ്വന്യാത്മകമായി ഉള്ളടക്കുകയും ചെയ്തിട്ടുണ്ട്. ലൈംഗികതയുടെ അഭാവം അല്ലെങ്കില്‍ അതിന്റെ തിരസ്കാരം, ശരീരത്തെ സംബന്ധിച്ച് സമൂഹം കെട്ടി ഏല്‍പ്പിച്ച മിഥ്യാധാരണകളെ പോറ്റാന്‍ വിധിക്കപ്പെട്ടതിന്റെ അസ്വസ്ഥതകളാണ്. ഇരുട്ടത്ത് ജീവന്‍ വയ്ക്കുന്ന കോമാളി രൂപങ്ങളായി, കട്ടിലിനു നേരെ ഇഴയുന്ന പ്രതിമകളായി ഖജുരാ-ഹോ എന്ന കഥയില്‍ പ്രത്യക്ഷപ്പെട്ടത് ചതഞ്ഞ കാമനകളുടെ രൂപകങ്ങളാണ് എന്നാണ് വിചാരിക്കേണ്ടത്. ശാരീരികമായ ഒത്തിരിപ്പിനായുള്ള അടക്കാനാവാത്ത ആഗ്രഹങ്ങളെ കൊന്നു തിന്നുന്നത് വിജനതതന്നെയാണെന്ന് ‘കാമുകി’ എന്ന കഥയിലെ പെണ്‍കുട്ടി തിരിച്ചറിയുന്നുണ്ട്. കടുത്ത വൈരുദ്ധ്യമാണതിലുള്ളത്. ഏകാന്തമായ പ്രണയസ്ഥലം, അന്വേഷിച്ചു തുടങ്ങുന്നതു പെണ്‍കുട്ടിയാണെങ്കിലും അതിന്റെ സുരക്ഷിതത്വം ആണിനാണ്. ഏകാന്തത സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞാണ് അവള്‍ ഓടി പോകുന്നത്. സമൂഹം നിര്‍ദ്ദേശിച്ച സദാചാരപാഠങ്ങളുടെ നിഴല്‍ എന്തായാലും കോട്ടമതിലുകളില്‍ വീണു കിടപ്പുണ്ട്. ആ നിഴലുകളാണ് അവളെ ഭയപ്പെടുത്തി ഓടിക്കുന്നത്. എസ്. കെ. ശ്രീലതയ്ക്ക് കണ്ണന്‍ കൊഴിയാളയുമായി മഴയ്ക്കു മുന്‍പേ വീട് പറ്റണം( പ്രണയത്തെക്കുറിച്ച് വേറൊരു കഥ) കാപ്പി കുടിച്ചിരിക്കാന്‍ സമയമില്ല. പ്രണയമില്ലായ്മകൊണ്ട് മുഖരമാവുന്ന സന്ദര്‍ശനസ്ഥലമാണ് ‘വെളിച്ചത്തിന്റെ നിറം’ എന്ന കഥയിലുമുള്ളത്. അവിടെയുമുണ്ട് ചുഴിഞ്ഞു നോട്ടങ്ങളുമായി ഒരു കാവല്‍ക്കാരന് പിന്നെ ഒരു വെയിറ്റര്‍‍! ആ നിലയ്ക്ക് ഭാര്യയുടെ ഇംഗിതസാധ്യത്തിനായി പുറപ്പെടുന്ന ഭര്‍ത്താവിനോടൊപ്പം കൂടുന്ന കൂട്ടുകാരന്‍ (പൂവമ്പഴം) വിജനമല്ലാതായിക്കൊണ്ടിരിക്കുന്ന ഒരു ഏകാന്തസ്ഥലത്തിന്റെ പ്രതീകം കൂടിയല്ലേ എന്നു സംശയിക്കണം. ‘രംഗനായകിയുടെ കൊട്ടാര’ത്തിലെ കുള്ളന്‍ കൊന്നിടുന്നത് സ്വന്തം കാമത്തെയും.

പ്രതിമകളാവാന്‍ വിധിക്കപ്പെട്ടവരുടെ കാലം ഇങ്ങനെയൊക്കെ കഥകളില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.

5 comments:

 1. ഇതൊന്ന് മലയാളത്തിൽ ആക്കാമോ?

  ReplyDelete
 2. @ Anonymous : എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല!! പോസ്റ്റ് മലയാളത്തില്‍ തന്നെയാണല്ലോ?

  ReplyDelete
 3. കടിച്ചിട്ട് പൊട്ടുന്നില്ലെന്നാവും അനോനി ഉദ്ദേശിച്ചത്. ഭാഷ വായനക്കാരെ വിഭ്രമിപ്പിക്കാനുള്ളതാവരുതെന്നാണു എന്റെയും അഭിപ്രായം. അല്പം കൂടി ലളിതമായ ഭാഷയും ഉപരിപ്ലവമല്ലാത്ത അവലോകനവും പുസ്തകവിചാരത്തിൽ നിന്നും പ്രതീക്ഷിക്കുന്നു.

  ReplyDelete
 4. എല്ലാം സ്കൂളിൽ പഠിച്ച മലയാള അക്ഷരങ്ങൾ. ഓരോ വാക്കും കേട്ടിട്ടുണ്ട്‌. അർത്ഥവും അറിയാം. ഒരു വരി പോലും മനസ്സമാധാനമായി വായിച്ചു മനസ്സിലാക്കാൻ കഴിയുന്നില്ല.. എന്റെ കുഴപ്പമായിരിക്കും...

  ReplyDelete
 5. എന്തിനും ബോബനും മോളിയും ഭാഷതന്നെ മതിയോ ബ്ലോഗര്‍മാരെ?.ഗൌരവമാര്‍ന്ന കാര്യങ്ങള്‍ക്കു അതേ നിലവാരമുള്ള ഭാഷയല്ലെങ്ങില്‍ നാം വല്ലാതെ പൈങ്കിളിയായി പോവില്ലേ മാഷംമാരെ?

  ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?