Tuesday, October 30, 2012

പച്ചചിരിയും കൂരമ്പുകളും

പുസ്തകം : പച്ചചിരിയും കൂരമ്പുകളും
രചയിതാവ് : രവി പുലിയന്നൂർ
പ്രസാധകര്‍ : പാലാസഹൃദയസമിതി / നാഷണൽ ബുക്ക്സ്റ്റാൾ
അവലോകനം : മീരാകൃഷ്ണ"ചിരിക്കാൻ കഴിവുള്ളവനാതയാലും
അവൻ ലോകത്തിലെ ജേതാവാണ്‌"
(ഗിയോകോമോലിയോപാർഡി)

ഹാസ്യഭാവനയുള്ള സഹൃദയന്‌ വൈരുദ്ധ്യമായി തോന്നുന്നതെന്തും നർമ്മമായി രൂപാന്തരപ്പെടാം. ഇതിനു പ്രേരകമാകുന്നത്‌ അയാളുടെ ഉള്ളിലെ ആർദ്രതയും അനുകമ്പയുമാണ്‌. വൈരുദ്ധ്യങ്ങളെ അനുപമമായ ഭാഷയിലൂടെ പ്രത്യേക സന്ദർഭങ്ങളിലൂടെ കഥാപാത്രങ്ങളിലൂടെ ആവിഷ്കരിച്ചിരിക്കുകയാണ്‌. "പച്ചച്ചിരിയും കൂരമ്പുകളും" എന്ന പുസ്തകത്തിൽ (വില 190/) രവി പുലിയന്നൂർ പച്ചച്ചിരിയും കൂരമ്പുകളും വായിക്കുമ്പോൾ നൈതികവും രാഷ്ട്രീയവും വംശീയവുമായ വിമർശനങ്ങളും ചിലഇടപെടലുകളും ദർശിക്കുന്നു. എഴുത്തുകാരന്‌ അനുഭവബോദ്ധ്യമുള്ള സംഭവങ്ങളും സ്ഥലങ്ങളും പശ്ചാത്തലമാക്കിയുള്ള രചനകളാണധികവും. മലയാളിയുടെ ഫലിതങ്ങൾ പൊതുവെ ആക്ഷേപഹാസ്യ ശൈലിയിലാണ്‌. രവി പുലിയന്നൂറിന്റെ ആക്ഷേപഹാസ്യശൈലിക്ക്‌ ശുദ്ധ ഫലിതം പ്രദാനം ചെയ്യാൻ കഴിയുന്നുഎന്നുള്ളതാണ്‌ രചനയുടെ മഹനീയത. വർത്തമാന യാഥാർത്ഥ്യങ്ങളെ
നിശിതമായ ആക്ഷേപഹാസ്യ സ്വരത്തിൽ അവതരിപ്പിക്കുന്നു. ലോകത്തിന്റെ ജീർണ്ണതയെ തകർക്കാനുള്ള ഒരു യജ്ഞംതന്നെയായി മാറുകയാണ്‌ പുലിയന്നൂറിന്റെ ഹാസ്യരചന. ഗതകാലത്തിന്റെയും സമകാലത്തിന്റെയും അടയാളപ്പെടുത്തലുകളായി മാറുന്ന രചനകളാണ്‌ ഇദ്ദേഹത്തിന്റെ "ചെമ്പകരാമൻപിള്ള ജന്മശതാബ്ദി" മോഹനചന്ദ്രൻ മിണ്ടുന്നില്ല." എന്നു സ്വന്തം മാവേലി" "പോപ്പി കമ്മ്യൂണിക്കേറ്റഡ്‌", "ദൂരദർശൻ കേന്ദ്രം കോതായിക്കുന്ന്‌" മുതലായവ.
ആക്ഷേപഹാസ്യ വിഭാഗത്തിനു ലഭിച്ച മികച്ച ശൈലിബദ്ധ രചനകളാണ്‌ ഇവ. വരമൊഴിയെക്കാൾ ശ്രദ്ധിക്കപ്പെടുന്ന വാമൊഴി പരമ്പര്യത്തിന്റെ അടയാളപ്പെടുത്തലുകളും ഇദ്ദേഹം നടത്തുന്നുണ്ട്‌. പല കഥകളിലും ഹിയാ..ഹിയ..ദുർർ..ദുർർ...ഫുർർ.. .ഫുർർ... മുതലായ നിരർത്ഥക ശബ്ദങ്ങൾ അടയാളപ്പെടുത്തുന്നതിലൂടെ ബഷീറിയൻ ശൈലിയിലേക്കുള്ള പിൻതുടർച്ച അവകാശപ്പെടാം. കന്മഷമില്ലാത്ത ഹാസ്യമാണ്‌ ഇദ്ദേഹത്തിന്റേത്‌. ആത്മപരിഹാസവും സാമൂഹ്യപരിഹാസവും നിറയുന്നുണ്ട്‌ രചനകളിൽ. കോമളപുരത്തെ മുഖ്യമന്ത്രിക്ക്‌ മൂക്കിൽക്കടി "മൂക്കണോഗൊണോലോറിയ സിൻഡ്രി" എന്നതിനു പേരിട്ട്‌ അമേരിക്കയിലെ ഡാങ്കോ ഡാങ്കോയുടെ സ്പുട്ട്‌ ഹോസ്പിറ്റലിൽ മാത്രമേ ഇതിനു ചികിത്സയുള്ളൂ എന്നു പറയുന്ന രവിയുടെ ഫലിതസാഹിത്യസൃഷ്ടി പ്രശംസനീയം തന്നെ. പാരമ്പര്യ ആയൂർവേദവൈദ്യൻ കത്രിക ഉപയോഗിച്ച്‌ മൂക്കിലെ രോമം ഞറുക്കി. രോഗം പമ്പ കടന്നു. ബാഹ്യ മുഖത്തു കാണുന്ന സ്വഭാവമല്ല രവിയുടെ രചനയുടെ അന്തർഘടന പുലർത്തുന്നതെന്ന്‌ ഈ ഒരു
കഥമാത്രം വായിച്ചാൽ മനസ്സിലാക്കാവുന്നതാണ്‌. 1986 ഒക്ടോബറിൽ ബർലിനിൽ നടന്ന ലോക മലയാള സമ്മേളനത്തിൽ മലയാളഭാഷയും സാഹിത്യവുമായി ഒട്ടും ബന്ധമില്ലാത്തവർ പങ്കെടുത്തതിനെപ്പറ്റിയുള്ള ഹാസ്യചിത്രീകരണമാണ്‌ ബർലിൻ മലയാളം. ഇട്ടൂപ്പു ചേട്ടനുമായുള്ള അഭിമുഖത്തിൽ ഹെർമൻ ഗുണ്ടർട്ടിന്റെ നിഘണ്ടുവിനെ-കുണ്ടക്കിന്റെ നികണ്ടു എന്നും ദശരഥനെ ദശതരൻ എന്നും, വിദ്യാഭ്യാസത്തെ വിധ്യാബ്യാസമെന്നു വികൃതമായി ഉച്ചരിപ്പിച്ച്‌ ഹാസ്യം
സൃഷ്ടിച്ചിരിക്കുന്നു. വാച്യാർത്ഥത്തിനപ്പുറത്തെത്തി നിൽക്കുന്ന മറ്റൊരർത്ഥത്തിന്റെ ധ്വനി പരതയിലാണ്‌ ഒരു ഉൾനാടൻ കഥയും അന്തരമെന്ന കാർട്ടൂൺ കഥയും. 'ഒരു പശു കയറു പറിച്ചുകൊണ്ട്‌ അയൽക്കാരന്റെ പറമ്പിൽ കയറുന്നതുകണ്ട്‌ സഹായിക്കാൻ മുണ്ടുമടക്കിക്കുത്തി മുറ്റത്തേയ്ക്കിറങ്ങിയ ഇട്ടികുഞ്ഞിനോട്‌ മേരിക്കുട്ടിപറയുന്നു "ഹി...ഹി...ഹി... ഒരു തലയിണക്കപ്പുറത്ത്‌ നിന്ന്‌ ഇപ്പുറം കടക്കാൻ കഴിയാത്ത ആളാ വേലിചാടി പശുവിനെ പിടിച്ച്‌ കെട്ടുന്നത്‌. ഹി..ഹി..ഹി..." ആത്മജ്ഞാനത്തിൽ നിന്നുണർന്ന ധാർമികരോക്ഷം തന്നെയാണ്‌ ഇവിടെ മനുഷ്യരുണ്ടോ എന്ന
ആക്ഷേപഹാസ്യ കഥയിൽ. വെട്ടൂർ രാമൻനായരെപോലെ ,സാമുദായിക സംഘടനകളുടെ
പിൻതിരിപ്പൻ ആശയങ്ങളോടുള്ള കലഹം തന്നെയാണ്‌ പുലിയന്നൂറിന്റെ സമുദായചിന്ത എന്ന കഥയിലെ ഹാസ്യവിമർശനവും. 1897-ൽ മെരിഡിത്‌ പ്രസിദ്ധപ്പെടുത്തിയ എസ്സെഓൺ കോമഡി എന്ന ഉപന്യാസഗ്രന്ഥത്തിൽ കോമിക്സ്പരിറ്റ്‌ എന്നുപറയുന്നത്‌ ഹാസ്യചേതനയാണ്‌. സമുദായമാണ്‌ അതിനാധാരം. ഓരോ സമുദായത്തിന്റെയും അജ്ഞതമാറുവാൻ ഹാസ്യചേതന ജാഗരൂകമായിരുന്നു. സമുദായചിന്ത എന്ന്‌ രചനയിലൂടെ ഒരുസമുദായത്തിന്റെ മിഥ്യാഭിമാനവും സങ്കുചിതത്വവും വിഡ്ഢിത്തപരമ്പരകളും മാറ്റുകതന്നെയാണ്‌ രവി പുലിയന്നൂറും ചെയ്യുന്നത്‌. അതുകൊണ്ട്‌ ഈ കഥ
മികച്ച സാഹിത്യ പ്രവർത്തനം കൂടിയായി മാറുന്നു.

ക്രിയാഗപേഷണം എന്ന കഥയിൽ അധ്യാപകന്റെ ഉച്ചാരണപ്രകാരം വിധ്യാബ്യാസമാണോ വിദ്യാഭ്യാസമാണോ ശരി എന്നുള്ള വിദ്യാർത്ഥികളുടെ സംശയത്തിന്‌ ശ്രവണത്തിന്റെ പ്രശ്നമാണെന്നു പറയുന്ന അധ്യാപകൻ അതുകൊണ്ട്‌ ഉത്തരം കണ്ടുപിടിക്കാൻ ക്രിയാഗവേഷണം നടത്താൻ നീക്കിവച്ചതുകയിൽ ബാക്കിയുള്ളതുകൊണ്ട്‌ ഉടനെ ഗവേഷണം ആരംഭിക്കാം എന്നുള്ള തീരുമാനം
എടുക്കുന്നു. ഡിസ്ട്രിക്‌ പ്രൈമറി എഡ്യൂക്കേഷൻ പ്രോഗ്രാമിനോടുള്ള (ഡി.പി.ഇ.പി) വൈകാരികമായ വിരക്തി പ്രകടനം ആണിത്‌. പ്രശംസിക്കുന്നതുപോലെ തോന്നിച്ച്‌ എതിരാളിയെ അവഹേളിക്കുവാൻ നല്ല ഒരു മാർഗ്ഗംതന്നെയാണ്‌ ഐറണി. ജനുവരി 17 കരിദിനം എന്ന കഥയിൽ ശോകത്തേയും ഹാസ്യം കൊണ്ടുനേരിടുന്നു. കരയാനുള്ള പേടികൊണ്ട്‌ ഞാനെല്ലാത്തിനും ചിരിയുണ്ടാക്കുന്നു" എന്ന പിറെ അഗസ്റ്റിന്റെ വരികളാണ്‌ ഓർത്തുപോകുന്നത്‌. വിദ്യാഭ്യാസവകുപ്പിലെ ഗുമസ്തനും ഹാസ്യ സാഹിത്യകാരനും അംഗീകാരമില്ല എന്ന വസ്തുത എടുത്തു പറയുന്നു. മലയാറ്റൂർ രാമകൃഷ്ണന്റെ ഭാഷയിൽ പറഞ്ഞാൽ 'ഫലിതത്തോട്‌ നാം കാണിക്കുന്നത്‌ ഒരു ചിറ്റമ്മനയമാണ്‌.'ഹാസ്യ സാഹിത്യത്തിന്റെ പിതൃസ്ഥാനീയനായ തോലൻമുതൽ കുഞ്ചൻനമ്പ്യാർ സഞ്ജയൻ മുതലായവരിലൂടെ കടന്നു പോകുമ്പോൾ മൂർച്ചയേറിയ പരിഹാസത്തിന്റെ ചിരിയാണ്‌ നാം ദർശിക്കുന്നത്‌. ഹാസ്യം ആശ്രയിക്കുന്നത്‌ ബുദ്ധിയെയാണ്‌. ഹാസ്യത്തിന്റെ രീതിയും അതിന്റെ സംചാരണ വിധവുമനുസരിച്ച്‌ ചിരിയുടെ നിയന്ത്രണകേന്ദ്രം തലച്ചോറിന്റെ മുകളിലെ പോൺസാണ്‌. സെറിബല്ലവും കോർട്ടക്സിന്റെ വിവിധഭാഗങ്ങളും ഇതിലുൾപ്പെടുന്നു. ഫ്രോയിഡിയൻ നിരീക്ഷണപ്രകാരം ഫലിതത്തെ സോദ്ദേശമെന്നും നിർദോഷമെന്നും രണ്ടായിതരം തിരിച്ചിരിക്കുന്നു. സോദ്ദേശഫലിതത്തിൽ നിന്ന്‌ പൊട്ടിച്ചിരിയും, നിർദോഷഫലിതത്തിൽ നിന്ന്‌ സന്തോഷവും ഉടലെടുക്കുന്നു. പുലിയന്നൂറിന്റെ ആക്ഷേപഹാസ്യകഥകൾ സോദ്ദേശഫലിതങ്ങളും, വെറും ഹാസ്യകഥകളും കാർട്ടൂൺ കഥകളും നിർദോഷഫലിതങ്ങളുമാണ്‌. ഈസ്റ്റുമാന്റെ നിരീക്ഷണപ്രകാരം
ക്രോധവും ദേഷ്യവും കഠിനവികാരങ്ങളുമുണ്ടായാൽ ഹാസ്യം അകന്നുപോകും. ഹാസ്യം കാരുണ്യം കലർന്നതായിരിക്കണം. അതുകൊണ്ടായിരിക്കാം രവിജനവിരുദ്ധവികസനത്തിന്റെ മുഖംമാത്രമണിയുന്ന രാഷ്ട്രീയസ്വഭാവത്തെ രാഷ്ട്രീയക്കാരുടെ വാക്കും നോക്കുമായി കഥകളിൽ ചിത്രീകരിച്ച്‌ മർമ്മത്തിൽ തറയ്ക്കുന്നവിധം നർമ്മമാക്കി മാറ്റുന്നത്‌. "ഇട്ടൂപ്പുചേട്ടനും പി.എസ്സ്‌.സിയും" എന്നുള്ള കഥയ്ക്കു പിന്നിൽ സൂക്ഷ്മമായ അന്തർധാരകളുണ്ട്‌. പരുഷയാഥാർത്ഥ്യത്തിൽ നിന്നുള്ള കയ്പുള്ള ചിരിയാണ്‌ കടന്നുവരുന്നത്‌. ഭരതമുനി നാട്യശാസ്ത്രത്തിൽ പറയുന്നതുപോലെത്തന്നെ വികളമായ ഭാഷയും വികളമായ വാക്കും,വികൃതമായ വേഷവും, രവി പുലിയന്നൂർ ഫലിതത്തിനു വിധേയമാകുന്നുണ്ട്‌. ഹാസ്യ രചയിതാവിനെപ്പറ്റി ജീൻപോൾ പറയുന്നു. "മാനസിക സ്വാതന്ത്ര്യം ഫലിതത്തെ ജനിപ്പിക്കുന്നു" ഫലിതം മാനസീക സ്വാതന്ത്ര്യത്തേയും രവി പുലിയന്നൂറിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം തന്നെയാണ്‌. പല കഥകളിലും പൂന്താനത്തിന്റെ സാമൂഹ്യവിമർശനപരമായ ആത്മീയഹാസ്യവും നമ്പ്യാരുടെ പച്ചമലയാളത്തിലുള്ള ഫലിതവും കേസരിയുടെ പരിഹാസ ലേഖനങ്ങളും സി.വി.കുഞ്ഞുരാമന്റെ സമുദായത്തെ നോക്കിയുള്ള നർമ്മവും ഇ.വി.കൃഷ്ണപിള്ളയുടെ ഫലിതം കലർന്ന ജീവിതവും സഞ്ജയന്റെ വേദനയിൽ കുതിർന്ന ചിരിയും കൈരളിക്കു കിട്ടിയ മഹാസമ്പത്താണ്‌. ബഷീറിന്റെ ജന്മസിദ്ധമായ ഹാസ്യബോധവും മലയാറ്റൂരിന്റെയും, വി.കെ.എന്റേയും, ഡി.സി.കിഴക്കേമുറിയുടേയും, വേളൂർ കൃഷ്ണൻകുട്ടിയുടെയും ഒക്കെ പിൻതുടർച്ചക്കാരനാകാൻ രവി പുലിയന്നൂറിന്‌ ഈ പുസ്തകത്തിലൂടെ കഴിഞ്ഞിട്ടുണ്ട്‌. രവിയുടെ രചനകൾ ഓരോ വീക്ഷണകോണിലൂടെയും ദർശിക്കുമ്പോൾ അർത്ഥയുക്തങ്ങളോ വൈരുദ്ധ്യാത്മകങ്ങളോ ആയിതോന്നാം. കാരണം ഹാസ്യം ഉത്ഭവിക്കുന്നത്‌ പൊരുത്തക്കേടുകളിൽ നിന്നാണ്‌ എന്നുള്ളതാണുസത്യം. ഹാസ്യ സാഹിത്യം ശാസ്ത്രാധിഷ്ഠിതവും ആരോഗ്യദായകവും സന്തോഷകാരണവുമാകുന്നു. മുല്ലമൊട്ടുകൾപ്പോലെ കാണപ്പെടുന്ന പല്ലിന്റെ നിറമായ തൂവെള്ള നിറമാണ്‌ ഭരതമുനി ഹാസ്യത്തിനു നൽകിയ നിറം. സ്മിതം, ഹസിതം, വികസിതം, ഉപഹസിതം,
അപഹസിതം, അതിഹസിതം, എന്നിങ്ങനെയുള്ള ആറുതരം ഹാസ്യവിഭാഗങ്ങളിൽകൂടെയും രവിപുലിയന്നൂർ സഞ്ചരിച്ചിരിക്കുന്നു. അദ്ദേഹം സ്വതസിദ്ധമായ പദസമ്പത്തിനുടമയാണ്‌. വൈഖരിയെ അറിയുന്നവനുമാണ്‌. അസ്ഥിത്വത്തിന്റെ വൈരുദ്ധ്യങ്ങൾ ദർശിക്കുന്നതിൽ നിന്നുണ്ടാകുന്ന നർമ്മമാണ്‌ ഈ പുസ്തകത്തിലധികവും. കാർട്ടൂണിസ്റ്റിന്റെ കണ്ണും ദാർശനീകന്റെ അകക്കണ്ണും രവി പുലിയന്നൂറിൽ ഒന്നിച്ചു കാണുന്നുണ്ട്‌. അവതാരികയിൽ സോമനാഥൻനായർ
പറയുന്നു. "ഒരു വലിയ പ്രസിദ്ധീകരണശാലയിൽ റിവ്യൂവിനുപോയപ്പോൾ അവിടെ ഹാസ്യ
സാഹിത്യകൃതികൾ ഒന്നും തന്നെ കണ്ടില്ല" എന്ന്‌. "പച്ചച്ചിരിയും കൂരമ്പുകളും" പോലെയുള്ള രചനകളും രവിപുലിയന്നൂറിനെപ്പോലുള്ള ഹാസ്യസാഹിത്യകാരന്മാരുമുള്ളപ്പോൾ മലയാള ഹാസ്യ സാഹിത്യശാഖ
ദുർബ്ബലമാകുന്നതെന്തുകൊണ്ടാണ്‌. മഹാകവി ടാഗോർ പറഞ്ഞതുപോലെ 'നർമ്മബോധം'
നമുക്കില്ലെങ്കിൽ ശരിയായ ബോധം നമുക്കില്ല എന്നാണതിനർത്ഥം". പടർന്നു പന്തലിച്ചു കിടക്കുന്ന ആംഗലേയസാഹിത്യത്തിലെ വിത്യൂമർസറ്റയർ സർക്കാസം ഇൻവെക്ടീവ്‌ പാരഡി പാരഡോക്സ്‌ എപ്പിഗ്രാം ഐറണി എന്നീ ഹാസ്യവിഭാഗങ്ങളും രവിയുടെ രചനയിൽ കലരുന്നുണ്ട്‌. ഹാസ്യത്തിലൂടെ സത്യത്തെ വെളിപ്പെടുത്തുകയും മാനവീകതയുടെ വികാസത്തെ തടയുന്ന ശക്തികളോട്‌
പ്രതികരിക്കുകയും ചെയ്യുന്ന സുഭഗമായ ആഖ്യാന കൗശവം "പച്ചച്ചിരിയും കൂരമ്പുകളും" പകർന്നു തരുമ്പോൾ സംശയലേശമെന്യെ പറയുവാൻ സാധിക്കുന്നു രവിപുലിയന്നൂർ വായനക്കാർക്കു നൽകിയിരിക്കുന്നത്‌ ചിരിയുടെ മികച്ച വിമർശന സാഹിത്യകൂരമ്പുകൾ തന്നെയാണ്‌.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?