Monday, February 25, 2013

സോര്‍ബാ ദി ഗ്രീക്ക്

പുസ്തകം : സോര്‍ബാ ദി ഗ്രീക്ക്
രചയിതാവ് : നിക്കോസ് കസാന്‍ദ്സാക്കീസ്
പ്രസാധനം :

അവലോകനം : കെ.എ.ബീനചില പുസ്തകങ്ങള്‍ ഓരോ വായനയിലും ഓരോ അനുഭവമാണ് നല്‍കാറ്. കോളേജ് ജീവിതകാലത്ത് വായിച്ച പല പുസ്തകങ്ങളും ഇപ്പോള്‍ വായിക്കുമ്പോള്‍ മുമ്പ് വായിച്ചിട്ടുണ്ടോ എന്ന് തോന്നുന്ന മട്ടില്‍ വ്യത്യസ്ഥത പകരാറുണ്ട്. അന്ന് കണ്ടു മുട്ടിയ, വായിച്ച് മനസ്സില്‍ ചേക്കേറിയ കഥാപാത്രങ്ങള്‍ക്കൊക്കെ മറ്റൊരു ഭാവം, മറ്റൊരു മികവ്.

നിക്കോസ് കസാന്‍ദ്സാക്കീസിന്റെ ''സോര്‍ബാ ദി ഗ്രീക്ക്'' വീണ്ടും വായിക്കാന്‍ തീരുമാനിച്ചത് ഓഷോയുടെ 'സോര്‍ബാ ദി ബുദ്ധ' വായിച്ചതോടെയാണ്. ഒരാള്‍ സോര്‍ബ ആകുന്നതിലൂടെ ബുദ്ധനാകാനുള്ള വഴി സുഗമമാക്കുമെന്ന് ഓഷോ എഴുതിയത് വായിച്ചപ്പോള്‍ 'സോര്‍ബാ ദി ഗ്രീക്ക്' വീണ്ടും വായിക്കാന്‍ തോന്നി. പുതിയ വായന പുതിയൊരു സോര്‍ബയോ കാട്ടിത്തന്നു- കഥ പറയുന്ന ആളിനും പുതിയ മാനങ്ങള്‍! 1946ലാണ് സോര്‍ബാ ദി ഗ്രീക്ക് പ്രസിദ്ധീകരിക്കപ്പെടുന്നത്.
ജീവിതത്തെക്കുറിച്ച്, മനുഷ്യാവസ്ഥകളെക്കുറിച്ച്. സന്തോഷങ്ങളെക്കുറിച്ച് ആഴത്തില്‍ ചിന്തിപ്പിക്കുന്ന പുസ്തകം എന്ന നിലയില്‍ നാളിതു വരെ ലോകമെങ്ങുമുള്ള ഒട്ടേറെ വായനക്കാരുടെ പ്രിയ പുസ്തകമാണ് ''സോര്‍ബാ ദി ഗ്രീക്ക്''.

ജീവിതത്തെക്കുറിച്ചുള്ള ഒരു പുസ്തകം, എങ്ങനെയാണിത് ജീവിച്ച് തീര്‍ക്കേണ്ടത് എന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഉത്തരങ്ങള്‍ കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന പുസ്തകം.. ജീവിതമേല്‍പ്പിക്കുന്ന ആഘാതങ്ങളെ, നേരിടേണ്ടി വരുന്ന പരാജയങ്ങളെ ഇരുളുകളെ മറി കടന്ന് വെളിച്ചത്തിലേക്ക് കടന്നു. ചെല്ലേണ്ടതെങ്ങനെ എന്ന് പഠിപ്പിക്കുന്ന പുസ്തകം ഏത് കൊടും തകര്‍ച്ചയ്‌ക്കൊടുവിലും നൃത്തം ചെയ്യുന്ന സോര്‍ബ ഒരിക്കലും മറക്കാനാവാത്ത ഒരു കഥാപാത്രം തന്നെയാണ്. നൃത്തം ചെയ്യാനാണ് സോര്‍ബ ആവശ്യപ്പെടുന്നത്. എപ്പോഴും നൃത്തം ചെയ്തുകൊണ്ടേയിരിക്കുന്ന പ്രപഞ്ചത്തില്‍ നമ്മളും ആനന്ദനൃത്തം ചെയ്യണമെന്ന്. കണികകളുടെ ഉള്ളിലെ ഇലക്‌ട്രോണുകളുടെ നൃത്തം, ശിവതാണ്ഡവം - സോര്‍ബയുടെ നൃത്തം സ്മരിപ്പിക്കുന്നത് പ്രപഞ്ചനൃത്തത്തെ തന്നെയാണ്. നൃത്തം എന്നത് ശാരീരിക തലത്തിനപ്പുറത്തേക്ക് സംക്രമിച്ച് പ്രപഞ്ചവുമായി സംയമനത്തിലാവുന്ന അവസ്ഥയാണ് സോര്‍ബ കാഴ്ചവയ്ക്കുന്നത്. എത്രത്തോളം നൃത്തം ചെയ്യാമോ അത്രത്തോളം, മറക്കുക, പൊറുക്കുക ജീവിതദുര്‍ഘടങ്ങളെ.

കഥ പറയുന്നയാള്‍ ഗ്രീക്ക് ബുദ്ധിജീവിയാണ്. 1930കളിലാണ് കഥ നടക്കുന്നത്. പുസ്തകപ്പുഴുവെന്ന് കളിയാക്കപ്പെടുന്ന കഥ പറച്ചിലുകാരന്‍ കുറച്ചുമാസക്കാലത്തേക്ക് പുസ്തകങ്ങളില്‍ നിന്ന് ഒഴിഞ്ഞ് ക്രെറ്റ് എന്ന സ്ഥലത്ത് ഒരു ലിഗ്‌നൈറ്റ് ഖനി തുറക്കാന്‍ വേണ്ടി പോകുകയാണ്. ഉപയോഗിക്കാതെ കിടന്ന ലിഗ്‌നൈറ്റ് ഖനി പുനപ്രവര്‍ത്തിപ്പിക്കുന്നതിലൂടെ കൃഷിക്കാരുടെയും തൊഴിലാളികളുടെയും ഒപ്പമുള്ള ജീവിതം അനുഭവിക്കാമെന്നും അയാള്‍ കരുതുന്നു. വഴിക്കുവെച്ച് അയാള്‍ക്ക് ഒരു കൂട്ടുകാരനെ കിട്ടുന്നു- അലക്‌സി സോര്‍ബ എന്ന് പേരുള്ള അയാള്‍ നല്ലൊരു പാചകക്കാരനാണെന്നും, ഖനിത്തൊഴിലാളിയാണെന്നും, സന്തൂരി എന്ന സംഗീതോപകരണം നന്നായി വായിക്കാന്‍ അറിയുന്ന ആളാണെന്നും കഥാകാരനെ അറിയിക്കുന്നു. സോര്‍ബയുടെ സംസാരത്തിലും ആകര്‍ഷണീയമായ ജീവിത ചിന്തകളിലും ആകൃഷ്ടനായകഥാകാരന്‍ തന്റെ ഖനിയുടെ ചുമതലക്കാരനായി അയാളെ അപ്പോള്‍തന്നെ നിയമിക്കുന്നു. ക്രെറ്റിലേക്കുള്ള യാത്രാവേളയിലുടനീളം സോര്‍ബ സംസാരിച്ചു കൊണ്ടേയിരിക്കുകയാണ്.

''മനുഷ്യന്റെ ഉദ്ദേശ്യം ആനന്ദമാണ്. ജ്ഞാനമോ അറിവോ ഒന്നുമല്ല പ്രധാനം - അനന്തമായ, അപൂര്‍വ്വമായ ഒരതിശയം- അങ്ങനെ ജീവിതത്തെ കാണാന്‍ കഴിയുകയാണ്.'' സോര്‍ബയില്‍ നിന്നു കേട്ട കാര്യങ്ങള്‍ കഥാകാരന് പുതുമകളേകി. ഒരു ഗ്ലാസ് വൈനില്‍, വറുത്ത ഒരു അണ്ടിപ്പരിപ്പില്‍, കടലിന്റെ ശബ്ദത്തില്‍ സോര്‍ബ ആനന്ദം കണ്ടെത്തി. ഈ നിമിഷത്തില്‍ പൂര്‍ണമായി ജീവിക്കുക മാത്രമാണ് കാര്യമെന്ന് സോര്‍ബ പ്രസ്താവിച്ച് കൊണ്ടേയിരുന്നു.
ക്രെറ്റിലെത്തി, ഖനിയുടെ പണികള്‍ ആരംഭിച്ചപ്പോള്‍ സോര്‍ബ കഥാകാരന്റെ സോഷ്യലിസ്റ്റ് ആദര്‍ശങ്ങളെ തള്ളിക്കളഞ്ഞു. മനുഷ്യനോട് പെരുമാറുന്നതിന് സോര്‍ബയ്ക്ക് തന്റേതായ തത്വശാസ്ത്രങ്ങള്‍ ഉണ്ടായിരുന്നു.

''മനുഷ്യന്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒരാളാണ്. അവനോട് ക്രൂരമായി പെരുമാറിയാല്‍ അവന്‍ നിങ്ങളെ ബഹുമാനിക്കും, ഭയക്കും. ദയവ് കാട്ടിയാലോ, കണ്ണു കുത്തിപ്പറിക്കും'' ഏതു കാര്യവും നൂറുശതമാനം ആത്മാര്‍ത്ഥമായി ചെയ്യുന്നതും, ഏതു നിമിഷത്തിലും ഏതു സാഹചര്യത്തിലും പൂര്‍ണമായി മുഴുകുന്നതുമാണ് തന്റെ രീതിയെന്ന് സോര്‍ബ പലവട്ടം പ്രസ്താവിക്കുന്നുണ്ട്, അതുപോലെ പെരുമാറുന്നുമുണ്ട്. ജോലിക്കിടയില്‍ ശല്യപ്പെടുത്താന്‍ സോര്‍ബ ഇഷ്ടപ്പെട്ടിരുന്നില്ല. അതേസമയം വിശ്രമവേളയില്‍ സോര്‍ബ കഥാകാരനോട് വാതോരാതെ സംസാരിച്ച്‌കൊണ്ടേയിരുന്നു. ജീവിതവും മതവും മരണവും, ഭൂതവും ഭാവിയുമൊക്കെ.... കഥാകാരന്‍ അന്നേവരെ വായനയിലൂടെ അറിഞ്ഞിരുന്നതിനേക്കാള്‍ എത്രയോ ഇരട്ടി സോര്‍ബ ജീവിതാനുഭവങ്ങളിലൂടെ അറിഞ്ഞിട്ടുണ്ടെന്ന് അമ്പരക്കുന്നു.സോര്‍ബയില്‍ നിന്നും ചുറ്റുപാടുമുള്ള ജീവിതത്തില്‍ നിന്നും കഥാകാരന്‍ മാനവികതയെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും പുതിയ പാഠങ്ങള്‍ പഠിക്കുന്നു. ജീവിതത്തെ വിവിധ കാഴ്ചപ്പാടുകളിലൂടെ കാണാന്‍ ഈ പുസ്തകം അവസരമൊരുക്കുന്നു. ശരിതെറ്റുകള്‍ക്കപ്പുറത്ത് അനുഭവങ്ങളുടെ തലങ്ങളില്‍ ജീവിതത്തെ പ്രതിഷ്ഠിക്കുകയാണ് കസാന്‍ദ് സാക്കീസ്.


സോര്‍ബയും കഥാകാരനും തികച്ചും വ്യത്യസ്തമായ ജീവിത വീക്ഷണങ്ങളാണ് കാഴ്ചവെക്കുന്നത്. ജീവിത രതിയില്‍ മുഴുകുകയാണ് സോര്‍ബ. കഥാകാരനാകട്ടെ യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറത്ത് നിന്ന് ജീവിതത്തെ നോക്കിക്കാണാനാണ് ശീലിച്ചിരിക്കുന്നത്. സോര്‍ബ പലതും പഠിപ്പിക്കുന്നു. ബുദ്ധനെക്കുറിച്ചുള്ള പുസ്തകം എഴുതാന്‍ കഥാകാരന് പ്രചേദനം നല്കുന്നത് സോര്‍ബയുടെ സാന്നിദ്ധ്യമാണ്. വ്യത്യസ്തമായ രണ്ട് വ്യക്തിത്വങ്ങളെ അവതരിപ്പിക്കുന്നതിലൂടെ ജീവിത വൈരുദ്ധ്യങ്ങളെയാണ് കസാന്‍ ദ് സാക്കീസ് അവതരിപ്പിക്കുന്നത്. തികച്ചും ഒരു കാര്യത്തിലും പൊരുത്തമില്ലാത്തവരാണ് സോര്‍ബയും കഥാകാരനും. പക്ഷെ അവര്‍ അന്യോന്യം വളരെയേറെ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഒരാള്‍ക്ക് മറ്റേയാളില്ലാതെ ജീവിക്കാനാവില്ല.

പ്രപഞ്ചത്തിലെ വൈരുദ്ധ്യങ്ങള്‍ സഹജമാണെന്നും അവയെ ഉള്‍ക്കൊള്ളുന്നതിലൂടെയാണ് ജീവിതത്തിന് സന്തുലനാവസ്ഥ കൈവരിക്കാനാവുന്നത് എന്നും ചിന്തിക്കാതിരിക്കാനാവില്ല. സോര്‍ബ സ്ത്രീകളെക്കുറിച്ച് പറയുന്ന ഭാഗങ്ങളും അഭിപ്രായങ്ങളും സ്ത്രീകള്‍ക്ക് അലോസരമുണ്ടാക്കുന്നവയാണെന്ന് പറയാതെ വയ്യ. സ്ത്രീയെ ലൈംഗികചോദനകള്‍ക്കുള്ള ശരീരം മാത്രമായി കാണുന്ന സോര്‍ബയുടെ രീതി ഒരു സ്ത്രീയെന്ന നിലയില്‍ വല്ലായ്മയുണ്ടാക്കുന്നതാണ്. പുരുഷനോടൊട്ടി നില്‍ക്കുമ്പോഴേ സ്ത്രീക്ക് സന്തോഷമുള്ളൂ എന്ന സോര്‍ബയുടെ ചിന്തകള്‍ യാഥാസ്ഥിതികമാണെന്ന് പറയാതെ വയ്യ. കസാന്‍ദ് സാക്കീസിന്റെ എഴുത്തിന്റെ മാസ്മരികതയും ' സോര്‍ബ ദി ഗ്രീക്കി'നെ പ്രിയതരമാക്കുന്നു. ജീവിതം പൂര്‍ണമായി ജീവിക്കാനും പ്രപഞ്ചത്തോടൊത്ത് ചേര്‍ന്ന് ആനന്ദനൃത്തം ചെയ്യുവാനും ഈ പുസ്തകം നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ഓരോ മനുഷ്യനും അവനവന്റെ ഉള്ളിലേക്ക് നോക്കാനും സ്വന്തം ആനന്ദം കണ്ടെത്താനും ശ്രമിക്കണമെന്ന വലിയ പാഠവും ഇതിലുണ്ട്.

ലളിതമായി, വ്യത്യസ്തമായി, സുതാര്യമായി ജീവിക്കാനുള്ള പ്രേരണ നല്‍കുന്നതാണ് ഈ ഗ്രീക്ക് പുസ്തകം. സോര്‍ബാ ദി ഗ്രീക്ക് 1964-ല്‍ ചലച്ചിത്രമാക്കപ്പെട്ടു. നോവലിന്റെ ഭംഗി ചോര്‍ന്നുപോകാതെ നിര്‍മ്മിക്കപ്പെട്ട ഈ സിനിമയില്‍ സോര്‍ബായായി അഭിനയിച്ചത് പ്രശസ്ത നടന്‍ ആന്റണി ക്വിന്‍ ആണ്. ആന്റണി ക്വന്നിന്റെ സോര്‍ബയെ മറക്കുക പ്രയാസം തന്നെ.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?