Sunday, March 3, 2013

റെവലൂഷന്‍ 2020


പുസ്തകം : റെവലൂഷന്‍ 2020
രചയിതാവ് : ചേതന്‍ ഭഗത്
പ്രസാധകര്‍ : രൂപ പബ്ല്ലിക്കേഷന്‍സ്
അവലോകനം : മുല്ലങ്ങനെ ചേതന്‍ ജിയുടെ അഞ്ചാമത്തെ പുസ്തകവും നമ്മുടെ കൈയിലെത്തി. റെവലൂഷന്‍ 2020. (വില Rs140/-) ലോകമെങ്ങും വായനക്കാരുണ്ട് ചേതന്‍ ഭഗത്തിന്. ആള്‍ ചില്ലറക്കാരനല്ല. ഐ ഐ ടി കഴിഞ്ഞ് ഐ ഐ എമിന്റെ കടമ്പ കടന്ന് ഇന്റെര്‍നാഷനല്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിലെ ഉയര്‍ന്ന പദവി വലിച്ചറിഞ്ഞ് എഴുത്തിന്റെ വഴികളില്‍ സ്വന്തമായ് ഒരു പാത കണ്ടെത്തിയ മിടുക്കന്‍. എഴുത്തിനോടുള്ള ഇഷ്ടം കൊണ്ടു മാത്രമാണ് അത്. A big salute to him.

ഇത്തവണ ചേതന്റെ കഥ നടക്കുന്നത് വരാണസിയിലാണ്. മരണത്തിന്റെ ഗന്ധമുയരുന്ന വരാണസി അഥവാ ബനാറസ്. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും വരാണസിയിലേക്ക് ജനം വരും, അവിടെ കിടന്ന് മരിച്ചാല്‍ മോക്ഷം ഉറപ്പ്. പുണ്യനദിയായ ഗംഗ എല്ലാ പാപങ്ങളും കഴുകി ഒരാളെ ശുദ്ധമാക്കും..പക്ഷെ ആ ഗംഗ ഇന്നു മാലിന്യ കൂമ്പാരമാണു. ഗംഗയെ മാലിന്യമുക്തമാക്കാന്‍ കോടിക്കണക്കിനു രൂപയാണു സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. എന്നാല്‍ ആ കാശ് മുഴുവന്‍ പോകുന്നത് ഭരണാധികാരികളുടെ കീശയിലേക്കാണു. നോവലിലെ ശുക്ക്ലാജി ,സ്ഥലം എം എല്‍ എ ആണു. ഗംഗാ ആക്ഷന്‍ പ്ലാനിന്റെ മറവില്‍ കോടികള്‍ സമ്പാദിച്ച രാഷ്ട്രീയക്കാരന്‍. തീര്‍ച്ചയായും എഴുത്തുകാരനു സമൂഹത്തോട് പ്രതിബദ്ധതയുണ്ട്, അതു കൊണ്ടാകാം നോവലിന്റെ അവസാനം ശുക്ലാജി ജെയിലില്‍ പോകുന്നുണ്ട്. പക്ഷെ ഇത് ഇന്ത്യയാണ്, നമുക്കറിയാം രാഷ്ട്രീയ സാമ്പത്തിക രംഗത്തെ ഉന്നതര്‍ക്ക് ജെയിലില്‍ കിട്ടുന്ന സൌകര്യങ്ങള്‍. അവര്‍ക്കത് കേവലം സര്‍ക്കാര്‍ ഗസ്റ്റ് ഹൌസ്.അത്രയെ നോവലിലും സംഭവിക്കുന്നുള്ളു. അതിനു ചേതന്‍ജിയെ പറഞ്ഞിട്ടെന്താ അല്ലേ.. അണ്ണാ ഹസാരെ വിചാരിച്ചിട്ടും ഇവിടെ ഒന്നും നടന്നില്ല.

എനിക്ക് മനസ്സിലാകാത്തത് എന്ത് റെവലൂഷനാണു നോവലില്‍ നടന്നതായ് കഥാകൃത്ത് അവകാശപ്പെടുന്നത് എന്നാണു..? ഗോപാല്‍ തന്റെ പ്രണയിനിയെ ബാല്യകാല സുഹൃത്തായ രാഘവിന് തന്നെ വിട്ടുകൊടുക്കുന്നതോ..? പകരം അയാള്‍ തന്റെ ഭാരിച്ച സ്വത്ത് ; അനധികൃതമായി സമ്പാദിച്ചത്, ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നേല്‍....ഒരു ചെറിയ വിപ്ലവത്തിന്റെ മുളയെങ്കിലും പൊട്ടിയേനേം...

തന്റെ ആദ്യ നോവലായ "ഫൈവ് പോയിന്റ് സംവണ്‍ " തൊട്ട് അഞ്ചാം നോവലില്‍ എത്തിനില്‍ക്കുമ്പോള്‍ ഒരു കഥാകാരന്‍ എന്ന നിലയില്‍ ചേതന്റെ വളര്‍ച്ച നിലക്കുന്നുണ്ടോ..? ഒരേ കഥയുടെ വ്യത്യസ്ഥമായ ആവര്‍ത്തനങ്ങള്‍..? ഐ ഐ ടി ക്ക് പുറത്തും പ്രണയങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം മറക്കുന്നോ..? ഐ ഐ ടിക്കു പുറത്തേക്ക് കൂടി അദ്ദേഹം വളര്‍ന്ന് പന്തലിക്കട്ടെ എന്നു തന്നെയാണു ഒരു വായനക്കാരി എന്ന നിലയില്‍ എന്റെ ആഗ്രഹം.

പക്ഷെ ഒന്നുണ്ട്. അദ്ദേഹത്തിന്റെ ഈ നോവലിലെ കഥാപാത്രങ്ങളിലും മാനുഷിക ഗുണങ്ങള്‍ ഒരുപാടുണ്ട്. ഇന്നത്തെ ലോകത്ത് അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണത്. അപരനോട് മത്സരവും അതോടൊപ്പം സ്നേഹവും ഉള്ളില്‍ ഉണ്ട് ഈ കഥാപാത്രങ്ങള്‍ക്ക്. അതുള്ളത് കൊണ്ടാണു ഗോപാലിന് ,ആരതിയെ തന്റെ കൂട്ടുകാരനും പ്രതിയോഗിയുമായ രാഘവിനു വിട്ടുകൊടുക്കാന്‍ കഴിയുന്നത്. വില്ലനെയും നായകനേയും ഒരേപൊലെ വായനക്കാര്‍ ഇഷ്ടപ്പെടും തീര്‍ച്ച.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?