Monday, April 8, 2013

ഒരു അമേരിക്കൻ അടിമയുടെ ആത്മകഥ


പുസ്തകം : ഒരു അമേരിക്കൻ അടിമയുടെ ആത്മകഥ
രചയിതാവ് : ഫെഡറിക് ഡഗ്ലസ് / പരിഭാഷ : പത്മരാജ് ആർ
പ്രസാധകര്‍ : ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം
അവലോകനം : വെള്ളെഴുത്ത്



1845 ലാണ് ഫെഡറിക് ഡഗ്ലസ്സിന്റെ ജീവിതകഥ പുറത്തു വരുന്നത്. ‘ഫെഡറിക് ഡഗ്ലസിന്റെ ജീവിതവും കാലവും’ എന്ന പേരിൽ. അമേരിക്കയിലെന്നല്ല, ലോകത്തെവിടെയുമുള്ള വർണ്ണവെറിയുടെ മേലാളത്തമൂല്യങ്ങളെ കടയോടെ പിച്ചിച്ചീന്താനുള്ള വക സ്വരുകൂട്ടിയ ഒരു പുസ്തകമായിരുന്നു അത്. ഇര, തന്റെയും വർഗത്തിന്റെയും വേദനകളെക്കുറിച്ച് സംസാരിക്കുന്നു, സ്വന്തം ഭാഷയിൽ. അടിമയ്ക്ക് ആഹാരം പോലും വിലക്കിയിരുന്ന കാലത്തിലിരുന്നാണ് ഡഗ്ലസ് അക്ഷരങ്ങളുടെ തീ പാറ്റിയത്. അടിമവിരുദ്ധപോരാട്ടത്തിന് ആ പുസ്തകം നൽകിയ ആവേശം ചെറുതല്ല. ഡഗ്ലസ് പിന്നീട് മികച്ച പ്രഭാഷകനും രാഷ്ട്രതന്ത്രജ്ഞനും സാമൂഹിക പരിഷ്കർത്താവുമായുയർന്നു. സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ടിയും അദ്ദേഹം ശബ്ദം ഉയർത്തി. ‘കറുത്തയെഴുത്തിന്റെ’ ചരിത്രത്തിൽ വിളക്കുമരമായെഴുന്നു നിൽക്കുന്ന പ്രസ്തുത കൃതിയുടെ മലയാളഭാഷാന്തരമാണ് പത്മരാജ് വിവർത്തനം ചെയ്ത് പുറത്തിറക്കിയ ‘ഒരു അമേരിക്കൻ അടിമയുടെ ആത്മകഥ’.

മേരിലാന്റിനടുത്തുള്ള ടക്കോഹവിയിലാണ് ഫെഡറിക് ജനിച്ചത്. വർഷം പിന്നീട് ഊഹിച്ചെടുത്താണ് 1818 എന്ന് നിജപ്പെടുത്തിയത്. അടിമകൾക്ക് ജനിച്ച വർഷമോ ജന്മദിനമോ വയസ്സോ ഒന്നും ഇല്ല. അവരങ്ങനെ യജമാനന്മാരുടെയോ യജമാനത്തികളുടെയോ കാരുണ്യത്തിൽ ജീവിച്ചു പോവുകയായിരുന്നു. അമ്മയുടെ പേര് ആരിയറ്റ് ബെയ്‌ലി എന്നായിരുന്നു എന്നറിയാം. പിതാവ് വെള്ളക്കാരനായിരുന്നെന്ന് കേട്ടു കേഴ്വിയുണ്ട്. അതും അക്കാലത്തെ പതിവാണ്. പലപ്പോഴും വെള്ളക്കാരനായതുകൊണ്ട് സ്വന്തം അച്ഛനും സഹോദരനും തന്നെയായിരിക്കും അടിമകളുടെ ഏറ്റവും വലിയ പീഡകർ. കുട്ടിക്കാലത്തേ അമ്മയിൽ നിന്ന് അകറ്റപ്പെട്ട് ജീവിക്കേണ്ടി വന്ന ഫെഡറിക് താൻ അടിമത്തത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്നതുവരെയുള്ള കാലത്തെ നിരവധി യജമാനമാരുടെയും അവരുടെ കങ്കാണിമാരുടെയും നേർ ചിത്രങ്ങൾ പുസ്തകത്തിൽ വരച്ചിട്ടിട്ടുണ്ട്. ക്രൂരത കാലഘട്ടത്തിന്റെ മുഖമുദ്രയായിരിക്കുന്നതിന്റെ ചിത്രങ്ങളും കൂടിയാണവ. വെള്ളക്കാരാണെങ്കിൽ പോലും സ്ത്രീകളും അനുഭവിച്ചിരുന്ന പീഡനങ്ങളെ കുറിച്ചു കൂടി പുസ്തകം വിവരം നൽകുന്നുണ്ട്.

“പുതപ്പുകളേക്കാൾ ദുർലഭമായിരുന്നു ഉറക്കം തന്നെ. പണികഴിഞ്ഞുകയറിയാൽ അലക്കും പാചകവും പിറ്റേന്നത്തെ പണിക്കുള്ള ഒരുക്കുപടിയും എല്ലാം കഴിയുമ്പോൾ ഉറങ്ങാൻ അധികം സമയം കിട്ടിയിരുന്നില്ല. എല്ലാം കഴിഞ്ഞ് ആണും പെണ്ണും കുട്ടികളും ഈർപ്പമുള്ള നിലത്ത് കീറപ്പുതപ്പിനുള്ളിൽ ഉറക്കമാവുമ്പോഴേയ്ക്ക് ഡ്രൈവറുടെ ഹോൺ അവരെ ഉണർത്തിയിരിക്കും.” അടിമകളുടെ ചാളയിലെ രാത്രിയെക്കുറിച്ചുള്ള വർണ്ണനയാണിത്. പലയജമാനന്മാർക്കും ആയിരത്തിലധികം അടിമകളുണ്ടാവും പലരും യജമാനന്മാരെ കണ്ടിട്ടുപോലും ഉണ്ടാവില്ല. തങ്ങളുടെ അനുഭവത്തെക്കുറിച്ച് പറയാൻ ആർക്കും അവകാശമില്ല. ‘യജമാനൻ നിന്നോട് നന്നായി പെരുമാറുന്നുണ്ടോ’ എന്ന ചോദ്യത്തിന്, ചോദിക്കുന്നത് യജമാനൻ തന്നെയാണെന്ന് അറിയാതെ ‘ഇല്ല’ എന്ന് പറഞ്ഞുപോയ അടിമപ്പയ്യനെ ദൂരെ ഒരിടത്തേയ്ക്ക് വിറ്റുകൊണ്ടാണ് വെള്ളക്കാരൻ പക തീർത്തത്. അടി സഹിക്കാൻ വയ്യാതെ നദിയിൽ ചാടി നിലയുറപ്പിച്ച ഒരടിമയുടെ തല വെടി വച്ച് ചിതറിച്ച് പുഴവെള്ളത്തിൽ കലക്കി അനുസരണക്കേടിനുള്ള ശിക്ഷ എന്താണെന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുത്ത ഒവർസിയറുടെ കഥയും ഫെഡറിക് പറയുന്നുണ്ട്. അടിമയുടെ കാര്യം വരുമ്പോൾ വെള്ളക്കാരികളായ സ്ത്രീകളും ക്രൂരതയുടെ കാര്യത്തിൽ മോശമായിരുന്നില്ലത്രേ. പതിനാറുകാരിയായ കറുത്തപെണ്ണിനെ വാരിയെല്ലൊടിച്ചു കൊന്ന യജമാനത്തിയുടെ വിവരം നടുക്കുന്നതാണ്. അടിമയുടെ ജീവിതവും മരണവും മേലാളന്റെ കയ്യിലായിരിക്കുമ്പോൾ ആരു ചോദിക്കാനാണ്? ‘നീഗ്രോയെകൊല്ലാൻ അരയണ, കുഴിച്ചിടാൻ അരയണകൂടി’ എന്നായിരുന്നു അന്നത്തെ ചൊല്ല്.

തോമസ് ഓൾഡ് എന്ന പുതിയ യജമാനന്റെ അടുത്തേയ്ക്കുള്ള യാത്രയാണ് ഫെഡറിക്കിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. ഓൾഡിന്റെ ഭാര്യയാണ് അക്ഷരങ്ങൾ പറഞ്ഞുകൊടുക്കുന്നത്. ആദ്യം അവർ കാണിച്ച ദയയും സഹാനുഭൂതിയും പിന്നീട് ഇല്ലാതാവുന്നുണ്ടെങ്കിലും അക്ഷരങ്ങളുടെ ലോകത്തേയ്ക്കുള്ള കാൽ‌വെയ്പ്പ് അനുഗ്രഹമായ കഥയാണ് പിന്നീട് ചരിത്രമാവുന്നത്. ബാൾട്ടിമോറിലെ അന്തരീക്ഷവും ഉൾനാടുകളിലേതിനേക്കാൾ കുറച്ചുകൂടി ഭേദപ്പെട്ടതായിരുന്നു എന്ന് അദ്ദേഹം ഓർക്കുന്നു. തുടങ്ങി വച്ച അക്ഷരങ്ങളുടെ പഠിത്തം കപ്പൽശാലയിലെ തൊഴിലാളികളുടെ സഹായത്തോടെ ഫെഡറിക് പൂർത്തിയാക്കി. നേരായ വഴിയിലൂടെയല്ല, ചില തന്ത്രങ്ങളിലൂടെ. ചുമരും നിലവുമായിരുന്നു പുസ്തകങ്ങൾ. പേന, ഒരു ചോക്കുക്കഷ്ണവും. വർഷങ്ങളുടെ നിരന്തരാഭ്യാസമാണ് ഡഗ്ലസിനെ പുസ്തകം വായിക്കാവുന്ന അവസ്ഥയിലെത്തിച്ചത്. തട്ടിയും മുട്ടിയും വായിച്ച പുസ്തകവും പത്രവാർത്തകളും ജീവിതം മാറ്റി. ആജീവനാന്ത അടിമയാണെന്നും ഒരിക്കലും മോചനമില്ലെന്നുമുള്ള ചിന്തകൾ ഒഴിഞ്ഞ് രക്ഷപ്പെടാനുള്ള ആത്മവിശ്വാസം അതു നൽകി. പത്തു പതിനഞ്ച് വയസ്സിനിടയ്ക്ക് ജീവിതദുരന്തങ്ങൾ മുഴുവൻ അനുഭവിച്ചു തീർത്ത പയ്യൻ അങ്ങനെ ബാൾട്ടിമോറിൽ നിന്ന് അമന്റാ എന്ന കപ്പലിൽ സെന്റ് മൈക്കിൾസിലേയ്ക്ക് രക്ഷപ്പെട്ടു. ഒരർത്ഥത്തിൽ ജീവിതത്തിലേയ്ക്ക്.

അതത്ര എളുപ്പമുള്ള സംഗതിയായിരുന്നില്ലെന്ന് ഫെഡറിക് പറയുന്നുണ്ട്. അടിമത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടത്തിന്റെ വിശദാംശങ്ങൾ മുഴുവൻ ഓർമ്മയുണ്ടെങ്കിലും അവ വിവരിച്ചാൽ തന്നെ സഹായിച്ച പലരെയും അത് അപകടപ്പെടുത്തുമെന്ന്, കാലത്തിന്റെ ഭയാനതകളെ നിർമമത്വത്തോടെ നോക്കിക്കൊണ്ട് അദ്ദേഹം എഴുതി. ന്യൂയോർക്കിൽ ജീവിതം വ്യത്യസ്തമായിരുന്നു. എങ്കിലും ഭീതി അവിടെയും കനം വച്ച് നിന്നിരുന്നു. ഒരു കപ്പൽ ജോലിക്കാരനായി പുതു ജീവിതം തുടങ്ങി. അന്ന മേരിയെ വിവാഹം ചെയ്തു. സഹജീവികൾക്കായി സമൂഹത്തിലിറങ്ങി. അടിമത്തത്തെ അമേരിക്കൻ മനസ്സാക്ഷിയുടെ മുന്നിൽ വിചാരണയ്ക്കു വച്ചു. എടുത്തത് സ്വന്തം ജീവിതാനുഭവങ്ങളുടെ വക്കാലത്ത് ആയതുകൊണ്ട് അദ്ദേഹത്തിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. നിരവധി ഔദ്യോഗിക പദവികൾ വഹിച്ചശേഷം 1895- ഫെഡറിക് മരിച്ചു.

‘ഒരു അടിമപ്പെണ്ണിന്റെ ആത്മകഥയും’ ‘അടിമയുടെ ജീവിതവും’ ഇതിനു മുൻപ് മലയാളത്തിനു വിവർത്തനം വഴി ലഭിച്ച പുസ്തകങ്ങളാണ്. ഭീതിദവും ദാരുണവുമായ അനുഭവാഖ്യാനങ്ങൾക്ക്, എത്ര അരിഞ്ഞെറിഞ്ഞാലും മണ്ണിട്ടു മൂടിയാലും മുളയ്ക്കുന്ന നാവുണ്ടാകും എന്ന വാസ്തവത്തെയാണ് ‘അടിമയുടെ ആത്മകഥയും’ അടയാളപ്പെടുത്തുന്നത്. (വില : 40 രൂപ)

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?