Saturday, July 13, 2013

ചില നേരങ്ങളില്‍ ചിലത്

പുസ്തകം : ചില നേരങ്ങളില്‍ ചിലത്
രചയിതാവ്  : പ്രസന്ന ആര്യന്‍
പ്രസാധകര്‍ : ഗ്രീന്‍ ബുക്സ്
അവലോകനം : ദേശമംഗലം രാമകൃഷ്ണന്‍

കവിതയുടെ ജീവതന്തുവില്‍ തൂങ്ങി ഊഞ്ഞാലാടുന്ന കാലതാളങ്ങളുണ്ട് പ്രസന്നയുടെ വാക്കുകളില്‍. ഒഴുകി മറയുന്ന നിറങ്ങളുണ്ട്. അപരിചിതത്വത്തിന്റെ അലസനോട്ടങ്ങളുണ്ട്. ‘നിറങ്ങള്‍‘എന്ന കവിതയിലൂടെയാണ് ഞാനിപ്പോള്‍ സഞ്ചരിക്കുന്നത്. അതിലെ കാലസ്പന്ദങ്ങള്‍ കവിയുടെ തനതായ ഒരു തേടലാണ്. ആകാശനീലിമയുടെ ആഴം തേടി ഗൂഗിളില്‍ മുങ്ങിത്താഴുന്ന ഒരു കുട്ടി, കറകളോട് മല്ലിടുന്ന അമ്മ, അകാല ശിശിരം എന്നീ ദൃശ്യങ്ങള്‍.
ജീവിതം തേടിയിറങ്ങിയ / കൈകളില്‍ നിന്നും / ഒലിച്ചിറങ്ങിയ കറുപ്പില്‍ / മീനുകള്‍ ശ്വാസം മുട്ടുന്നു‘
എന്ന വരികളിലെത്തുമ്പോള്‍ ഓരോ മനുഷ്യന്റെയും ദുരിതാവസ്ഥകളുടെ സമകാലീക രൂപകം  തെളിഞ്ഞുവരുന്നു. കവിത ഏതോ അപരിചിതലോകത്തെ ഉള്‍ചേര്‍ത്തു വിരിയാന്‍ വെമ്പുന്ന ഒരു ചിത്രമാകുന്നു. എന്നാല്‍ ഏത് നിറത്തിലാണ് തന്റെ ഊഷരത എന്ന അനുഭവത്തെ ആവിഷ്കരിക്കേണ്ടതെന്നറിയാതെയുള്ള ഉഴറലിലാണ് കവി. പഴയ നിറങ്ങള്‍ ഒഴുകി മറയുന്നു. പുത്തനായൊരു ഏത് നിറമുണ്ട് തന്റെ ഖിന്നതകളെ വരച്ചുവെയ്കുവാന്‍? - തന്നിലേക്കെത്തുവാന്‍ മടിച്ചു നില്‍കുന്ന വാക്ക്, വര്‍ണ്ണം എപ്പോഴും കടന്നുവരാം. കാത്തിരിക്കുകയാണ് (ഒരു വാക്ക്). വാക്കില്‍ നിന്നും നിറത്തില്‍ നിന്നുമുള്ള കവിയുടെ പ്രവാസത്തിന് അറുതിയായി, കവിയെ എതിരേല്‍ക്കുന്ന ഒരു കുഞ്ഞുതുമ്പക്കുടം!

പിഞ്ഞി നരച്ചതെങ്കിലും / അലക്കിവെളുപ്പിച്ചൊരു / ചിരിയും ചുമലിലിട്ട് / പടിക്കലെതിരേറ്റത് / ഒരു കുഞ്ഞുതുമ്പക്കുടമായിരുന്നു. (പ്രവാസികള്‍)

പറഞ്ഞതിനകത്തുള്ള പറയാത്ത അനുഭവങ്ങളുടെ വ്യഞ്ജനങ്ങളായിത്തീരുന്നു ഇവിടെ വാക്കുകള്‍. കവിയില്‍ കവിത പൊടുന്നനെ പ്രത്യക്ഷപ്പെടുകയാണ്. പഴയ നിറങ്ങളില്‍ നിന്നും പുതുനിറങ്ങള്‍ പുനര്‍ജ്ജനിക്കുകയാണ്. കവിയുടെ ക്യാന്‍‌വാസ് വിടരുന്നു. പുതുമിഴികളായി- മിഴിവായി.
സുഖദു:ഖങ്ങളുടെ അദ്വൈതമായ പ്രണയമാണ് ആ മിഴിവിന് നിതാനം. നരപിഴുതെറിയുന്ന പ്രണയം.
ചോരയുടെ നിറവും ഗന്ധകത്തിന്റെ മണവുമുള്ള / പൂക്കാതെ കൊഴിഞ്ഞൊരു പൂക്കാലം ‘ എന്ന ദു:സ്വപ്നത്തെ ഉച്ചാടനം ചെയ്യുന്ന പ്രണയം!
ഇന്ന് കറുത്തിരുണ്ട / മേഘങ്ങള്‍ക്കിടയില്‍ / ഞാന്‍ തിരയുന്നു / ഇതിലെവിടെയാണ് / നീ പെയ്യാന്‍ മറന്ന / ഞാന്‍ നനയാന്‍ മടിച്ച / നിന്റെ പ്രണയം’ എന്ന ശങ്കാധീനമായ സ്വരം ആ ആദ്വൈതത്തിന്റെ തൊണ്ടുപൊട്ടിച്ച് പ്രണയകാലത്തിന്റെ വൈരുദ്ധ്യങ്ങള്‍ പ്രത്യക്ഷപ്പെടുത്തുന്നു. കവിതയും പ്രണയവും ഉദാത്തമായ ആന്തരീകരണമാണ്; അവയുടെ പ്രത്യക്ഷീകരണത്തില്‍ വെളിപ്പെടുന്ന ഉള്‍ക്കലക്കങ്ങള്‍.
രക്തബന്ധങ്ങളെചൊല്ലിയുള്ള ത്വരകളാണ് പ്രസന്നയുടെ വാക്കുകള്‍. വംശവൃക്ഷത്തിന്റെ വേരുകള്‍ മിക്ക കവിതകളിലും ആഴ്ന്നിറങ്ങിയിട്ടുണ്ട്. അഞ്ജാതമായ സ്നേഹമായും ഭയമായും കവിയെ അള്ളിപ്പിടിച്ചിരിക്കുന്നു മാതൃ-പിതൃ രൂപങ്ങള്‍. കവിതയുടെ വഴിയും വെളിച്ചവും അവരാകുന്നു പലപ്പോഴും. നിഴലിന്റെ ഭാഷയിലാണ് കവി അപ്പോഴൊക്കെ സംസാരിക്കുന്നത്. തലോടലിന്റെ ഭാഷ തന്ന തിരിച്ചറിവ് (അച്ഛന്‍) , ആകാശത്തിരിക്കുന്ന അച്ഛന്‍ (അമ്മ), ‘പാടെ നരച്ച ഞങ്ങട മുടി കണ്ട് / കറുത്ത മുടി ചിക്കിപ്പരത്തി മുത്തശ്ശി / വെളുത്ത മേഘങ്ങള്‍ക്കിടയിലിരുന്ന് / ഉറക്കെയുറക്കെ ചിരിക്കുന്നുണ്ടാവും (മുത്തശ്ശി) .. ഇങ്ങിനെ ‘ഇപ്പോഴില്ലാത്ത വീട്ടിലെ സ്വപ്നശേഖരങ്ങളെ’ക്കുറിച്ച് (പുറം 96) കവി തെളിഞ്ഞ ദേശിയില്‍  പറഞ്ഞുകൊണ്ടേയിരിക്കുന്നു.  കവിയുടെ സ്വക്ഷേത്ര ബലമെന്ന് ഈ അനുഭവങ്ങളെ നിര്‍വചിക്കാമെന്ന് തോന്നുന്നു.

ചില സ്വകാര്യങ്ങള്‍, ദില്ലി തുടുത്തിരിക്കുന്നു, ഗംഗ മുതലായ കവിതകളില്‍ നിന്നും പ്രവാസഖിന്നതയോടൊപ്പം ഉരുത്തിരിയുന്നുണ്ട്. ക്രോധം കൊണ്ട് വാചാലമാകാനല്ല കവിയുടെ ശ്രമം.- ഗുജറാത്ത് കലാപത്തിന് ശേഷം താമസക്കാര്‍ ഒഴിഞ്ഞുപോയ ഗുല്‍ബര്‍ഗ സൊസൈറ്റിയെപറ്റി:
ഈ മൌനത്തിന്റെ / ആഴങ്ങളിലെവിടെയോ / അലഞ്ഞു നടക്കുന്നുണ്ട് / അടക്കിയ കുറെ സ്വകാര്യങ്ങള്‍.../ ഈ മണ്ണിലെവിടെയോ / പുതഞ്ഞുകിടപ്പുണ്ട് / കാറ്റ് പരത്തിയ / തട്ടത്തിലെ അലക്കുകള്‍ / പിന്നാലെയോടിയെത്തിയ / കൊലുസ്സിന്റെ കൊഞ്ചലുകള്‍.‘

കവി നിതാന്തമായ ബാധകളില്‍പെട്ടിരിക്കണം. പ്രസന്ന, ബാധിതമാകയാല്‍ ഉച്ചാടനമന്ത്രങ്ങളായി തീരുന്നു കവിതകള്‍.
പെയ്തുനിറഞ്ഞ /  മഴയുടെ ഓര്‍മ്മയുമായി / ഭൂമി തളര്‍ന്നുറങ്ങുമ്പോള്‍ / ഗൃഹാതുരത്വത്തിന്റെ / പടവുകള്‍ കേറി ഞാനും / മറന്നുവെച്ച വരികള്‍ തേടി / താളുകള്‍ക്കിടയില്‍ / വീണ്ടും ചേക്കേറുന്നു (മഴക്കാഴ്ചകള്‍)
ആ ത്വര നിലക്കാതിരിക്കട്ടെ. അതാണ് കവിയെ പുന:സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. കവിതയിലൂടെ അതിജീവനം.
പച്ചമണ്ണിന്റെ ജീവചൈതന്യത്തിലേക്ക് / ഊര്‍ന്നിറങ്ങിവരുന്ന വേരുകളെ സ്വപ്നം കണ്ട് / ഉണങ്ങിവരണ്ട മണ്ണിന്റെ മുല ചുരക്കുന്നു. (ശ്‌ശ്)

ആ സ്വപ്നം സഫലമാകട്ടെ :

സ്വപ്നമോ , രാക്കിനാവുകളല്ലീ / സുപ്രഭാതത്തിന്‍ പൂവുകളെല്ലാം (വൈലോപ്പിള്ളി)1 comment:

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?