Tuesday, September 16, 2014

‍സേതു: എഴുത്തും വായനയും


പുസ്തകം : ‍സേതു: എഴുത്തും വായനയും
എഡിറ്റര്‍: പി.എം.ഷുക്കൂര്‍

പ്രസാധകര്‍ : കറന്റ്‌ ബുക്‌സ്‌, കോട്ടയം

അവലോകനം : കുഞ്ഞിക്കണ്ണന്‍ വാണിമേല്‍





ലയാളകഥയിലും നോവലിലും സേതു ഒറ്റപ്പെട്ട ശബ്‌ദമാണ്‌. എഴുത്തുശീലത്തിന്റെയും വായനയുടെയും വഴിയില്‍ സേതു രൂപപ്പെടുത്തിയ നവീനധാരയില്‍ അധികമാരും സഞ്ചരിക്കുന്നില്ല എന്നത്‌ തന്നെ ഈ കഥാകാരന്‌ ലഭിക്കുന്ന അംഗീകാരമാണ്‌. എന്നാല്‍ സേതുവിന്റെ സാഹിത്യരചനകളെ സംബന്ധിച്ച്‌ മലയാളത്തില്‍ സമഗ്രപഠനങ്ങള്‍ ഉണ്ടായിട്ടില്ല. പി.എം.ഷുക്കൂര്‍ എഡിറ്റ്‌ ചെയ്‌ത്‌ കറന്‍റ്‌ ബുക്‌സ്‌ പ്രസിദ്ധീകരിച്ച `സേതു എഴുത്തും വായനയും' എന്ന പുസ്‌തകം (വില-150 രൂപ) വായനാലോകം പ്രതീക്ഷയോടെയാണ്‌ കാണുന്നത്‌. മലയാളത്തില്‍ ആധുനികതയും അനുബന്ധ രചനാരീതികളും അട്ടിമറികള്‍ സൃഷ്‌ടിച്ച കാലഘട്ടത്തിലാണ്‌ സേതു എഴുതിത്തുടങ്ങിയത്‌.

ആധുനികതയുടെ ഉപരിവിപ്ലതയോ, ക്ലിഷ്‌ടതയോ, ഈ കഥാകൃത്തിനെ അലട്ടിയില്ല. എന്നാല്‍ മാജിക്കല്‍ റിയലിസം പോലുള്ള ആവിഷ്‌കാര സങ്കേതത്തില്‍ സേതു താല്‍പര്യം കാണിച്ചിട്ടുണ്ട്‌. സേതുവിന്റെ നൂലേണി പോലുള്ള കഥകളും പാണ്‌ഡവപുരം എന്ന നോവലും കൗതുകത്തോടെ വായിക്കപ്പെടുകയും ചെയ്‌തു. സേതു കഥ പറയുമ്പോഴും കഥാപാത്രങ്ങളെ സൃഷ്‌ടിക്കുമ്പോഴും കാണിക്കുന്ന ജാഗ്രതയും സൂക്ഷ്‌മതയും ശ്രദ്ധേയമാണ്‌.സേതുവിന്റെ രചനകളിലേക്ക്‌ കടക്കുമ്പോള്‍ ജീവിതപ്രതിസന്ധികളോട്‌ ഏറ്റുമുട്ടുകയും ആണ്‍നോട്ടങ്ങളുടെ മുനയൊടിക്കുയും ചെയ്യുന്ന സ്‌ത്രീകഥാപാത്രങ്ങളെ കാണാം. ഇവര്‍ ഫെമിനിസ്റ്റു മുദ്രാവാക്യങ്ങളില്‍ അഭിരമിക്കുന്നവരല്ല എന്നത്‌ തിരിച്ചറിയേണ്ടതുണ്ട്‌. എള്ളെണ്ണയുടെ ഗന്ധമാണ്‌ സ്‌ത്രീത്വം എന്നു തെറ്റിദ്ധരിക്കുകയോ, വെളിച്ചം പരത്തി അല്‍ഭുതപ്പെടുത്തുകയോ ചെയ്യുന്നവരല്ല; നിലനില്‍പിനായ്‌ കര്‍ക്കശ നിലപാടുകളെടുക്കുന്നവരാണ്‌ സേതുവിന്റെ സ്‌ത്രീകഥാപാത്രങ്ങള്‍. ശരീരവും മനസ്സും തൊട്ടറിയുന്നതില്‍ സേതുവിന്റെ കഥാപാത്രങ്ങള്‍ പുലര്‍ത്തുന്ന തന്റേടവും കണിശതയും വേറിട്ടുനില്‍ക്കുന്നു. സേതുവിനെക്കുറിച്ചുള്ള വിവിധ വായനയും കാഴ്‌ചയും ഉള്‍ക്കൊള്ളുന്ന ഈ പുസ്‌തകത്തില്‍ രണ്ടു ഭാഗങ്ങളിലായി 31 ലേഖനങ്ങളും അനുബന്ധമായി കെ.എം.നരേന്ദ്രന്‍, ഡോ.വത്സലന്‍ വാതുശ്ശേരി, ജോര്‍ജ്‌ ജോസഫ്‌ കെ തുടങ്ങിയവരുടെ പഠനങ്ങളും ചേര്‍ത്തിട്ടുണ്ട്‌.

പുസ്‌തകത്തിന്റെ ഒന്നാം ഭാഗത്ത്‌ എം.ടി., കെ.പി.അപ്പന്‍, വി.രാജകൃഷ്‌ണന്‍, ആഷാമേനോന്‍, വി.സി.ശ്രീജന്‍ തുടങ്ങിയവരുടെയും രണ്ടാംഭാഗത്ത്‌ കെ.ആര്‍.മീര, രോഷ്‌നി സ്വപ്‌ന, ജ്യോതിലക്ഷ്‌മി മുതലായവരുടെയും ലേഖനങ്ങളുമുണ്ട്‌. എം.ടി. 'സേതുബന്ധനം' എന്ന ലേഖനത്തിലെഴുതുന്നു: 'എപ്പോഴും ഞാന്‍ ശ്രദ്ധിക്കാറുള്ള ഒരു കാര്യമുണ്ട്‌. മാസികക്കാരുടെയോ, വിശേഷാല്‍പ്രതികളുടെയോ നിര്‍ബന്ധത്തിനു വഴങ്ങി ,സേതു ഒന്നും എഴുതാറില്ല. പലരും ഓട്ടപ്പാത്രങ്ങളെപ്പോലെ കലമ്പല്‍ കൂട്ടുമ്പോള്‍ അക്കൂട്ടത്തില്‍ സേതുവിനെ കാണാറില്ല...' - ഇതുപോലെ കെ.പി.അപ്പന്‍ സേതുവിനെ നിരീക്ഷിക്കുന്നു:` കഥ എഴുതുന്നതും സംവാദത്തെ രൂപപ്പെടുത്തുന്നതും ജ്ഞാനത്തെ സൃഷ്‌ടിക്കുന്നതും ഒന്നുതന്നെയാണെന്ന്‌ ഈ ആഖ്യാനം വ്യക്തമാക്കുന്നു. ഇതു സേതുവിന്റെ കഥാരചനയിലെ പുതുമയുറ്റ ആരോഗ്യമാണ്‌.' ഇങ്ങനെ തികച്ചും പുതുമയുള്ള ഈടുറ്റ വിലയിരുത്തുലുകള്‍ പുസ്‌തകത്തിലുണ്ട്‌. പുതുതലമുറ സേതുവിനെ ചര്‍ച്ച ചെയ്യുന്നതിലും കാണാം കാതലായ മാറ്റം. കെ.ആര്‍.മീര എഴുതി:` സേതു കഥപറയുന്നതു നിറങ്ങള്‍ കൊണ്ടാണെന്നു തോന്നും. പക്ഷേ, ആ നിറങ്ങളുടെ എണ്ണം കുറവാണ്‌. മഞ്ഞ, കറുപ്പ്‌. പിന്നെ ഇടയ്‌ക്കിടെ ചുവപ്പും റോസും തീര്‍ന്നു. സേതുവിന്റെ നിറക്കൂട്ടിലെ ചായങ്ങള്‍..'-എന്നിങ്ങനെ വ്യത്യസ്‌ത വായനകള്‍ തുറന്നുതരികയാണ്‌ ഓരോ ലേഖനങ്ങളും.

`മനുഷ്യത്വനിര്‍ഭരമായ രചനകള്‍' എന്ന ആമുഖക്കുറിപ്പില്‍ പി.എം.ഷുക്കൂര്‍ സേതുവിനെ അടയാളപ്പെടുത്തുന്നു:` ഏറെ മികച്ച കഥകളെഴുതിയിട്ടും ഈ കഥാകാരന്‌ അര്‍ഹമായ അംഗീകാരം ലഭിച്ചിട്ടില്ലെന്ന ധാരണയില്‍ നിന്നുമാണ്‌ ഈ പുസ്‌തകത്തിന്റെ പിറവി. ഇതു വലിയ കര്‍മ്മമാണെന്ന യാതൊരു മിഥ്യാധരണയും ഈ കുറിപ്പെഴുതുന്നയാള്‍ക്കില്ല. എങ്കിലും സേതുവിനെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക്‌ ഇതൊരു നിമിത്തമാകും എന്ന പ്രതീക്ഷയാണുള്ളത്‌.'- ഇതുതന്നെയാണ്‌ `സേതു എഴുത്തും വായനയും' എന്ന പുസ്‌തകത്തിന്റെ സവിശേഷതയും.

2 comments:

  1. പ്രശസ്ത എഴുത്തുകാരനായ സേതുവിന്‍റെ ഏതാണ്ടെല്ലാ പുസ്തകങ്ങളും.ആനുകാലികങ്ങളില്‍ വരുന്ന രചനകളും വായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.സേതു: എഴുത്തും വായനയും വായിച്ചിട്ടില്ല.....
    പുസ്തകാസ്വാദനം നന്നായി
    ആശംസകള്‍

    ReplyDelete
  2. നല്ല കുറിപ്പ്. സേതു സേതു തന്നെ.

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?