പുസ്തകം : കനലെഴുത്ത്
രചയിതാവ് : ഷീബ ഇ കെ
പ്രസാധകര്‍ : ഡി സി ബുക്ക്സ്
അവലോകനം :ഡോ. ജിസാ ജോസ്
ഉറവകൾക്ക്, അവയുടെ ഉത്ഭവകേന്ദ്രത്തിൽ മാത്രം അവകാശപ്പെടാവുന്ന തെളിമയും ഊറിക്കൂടലുകളുടെ ലാളിത്യവുമാണ് ഷീബ ഇ.കെയുടെ കഥകളുടെ സവിശേഷത. കുത്തിയൊഴുക്കുകളും കലങ്ങിമറിയലുകളുമില്ലാതെ ജീവിത വ്യവസ്ഥകളെ ,അതിന്റെ വൈരുദ്ധ്യങ്ങളെ ,സന്ദിഗ്ധതകളെ അവയുടെ തനിമയിലാവിഷ്കരിക്കുന്ന കഥകളാണ് ' കനലെഴുത്തി' ലുള്ളതെന്നു പറയാം. ഒഴിച്ചു നിർത്തപ്പെട്ടവരുടെ കഥകളാണവയിലേറെയും.പല തരത്തിലുള്ള തിരസ്കാരങ്ങൾ, നിരാസങ്ങൾ, ഏകാന്തതകൾ. അധികാരത്തോടുള്ള നിശബ്ദ സമരങ്ങളുടെ ഉൾക്കലക്കങ്ങളും പ്രതിവ്യവഹാരങ്ങളുടെ സാധ്യതകളും അവയിൽ കൂടിക്കലർന്നു പടരുന്നുണ്ട്. തോറ്റുപോയവരുടെ, പക്ഷേ പരാജയപ്പെടാത്ത പ്രതിഷേധങ്ങളായി വായിച്ചെടുക്കാവുന്ന കഥകൾ.
സ്ത്രീ പക്ഷ രാഷ്ട്രീയത്തിന്റെ, കീഴാളബോധത്തിന്റെ സൂക്ഷ്മവും തീവ്രവുമായ ഉള്ളടരാണ് ഷീബയുടെ കഥകളുടെ കരുത്തു നിർണയിക്കുന്നത്. അതൊട്ടും പ്രകടമല്ല. പക്ഷേ സമർത്ഥമായി പാകിയിട്ടുള്ള രാഷ്ട്രീയധ്വനികൾ ആ കഥകളെ വൈകാരികാവിഷ്കാരങ്ങളെന്ന സാധാരണ അവസ്ഥയിൽ നിന്നു നിശിതമായ സാമൂഹിക വിമർശനത്തിന്റെ തലത്തിലേക്കു രൂപാന്തരപ്പെടുത്തുന്നു. സമകാല സ്ത്രീ എഴുത്തുകാരികളിൽ നിന്നു വ്യത്യസ്തമായി അലങ്കാരങ്ങളും ആലഭാരങ്ങളുമില്ലാതെ വളരെ സ്വാഭാവികമായതു സാധിക്കുന്നതിലെ കൗശലം ആകർഷണീയമാണ്. അരികു ലോകങ്ങളിലേക്ക് അനായാസമായി നടന്നു ചെല്ലുന്ന കഥകൾ. പാരമ്പര്യ നിർമ്മിതികളെ തകർക്കുമ്പോൾത്തന്നെ പൊതുലോകബോധങ്ങളെ രൂപപ്പെടുത്തുന്ന ക്രമങ്ങളോട്, വ്യവസ്ഥകളോടുള്ള വിധേയത്വവും (അതു ബോധപൂർവ്വമോ അബോധപൂർവ്വമോ ആവാം ) ഈ കഥകളിലുണ്ട്.
യഥാർത്ഥവും അതുകൊണ്ടുതന്നെ അപൂർണവുമായ ലോകത്തിന്റെ പരാധീനതകൾക്കിടയിൽ എഴുത്ത് ഒളിച്ചിരിക്കലോ ഓടിമറയലോ ആവുന്ന സ്ത്രീയുടെ ചിരന്തനപ്രതിരൂപമാണ് കനലെഴുത്തിലെ മാലിനി നാരായണൻ. ആന്തരികവും സാമൂഹികവുമായ പരുവപ്പെടലു (conditioning) കൾക്ക് വിധേയയാവുന്ന മാലിനി നാരായണനെ ചിരകാലമായി നമ്മളറിയും, പല പേരുകളിൽ ഓരോ കാലത്തിലും അവളുണ്ട്. എഴുതാൻ പ്രേരണ തരുന്ന ഒന്നുമില്ലാത്ത ജീവിത സാഹചര്യങ്ങളിൽ, കൂട്ടുകാരി താനാഗ്രഹിച്ച ജീവിതം ജീവിക്കുന്നതു കണ്ടസൂയ തോന്നുമ്പോൾ, അന്തമില്ലാത്ത വീട്ടുജോലികളിൽ കുരുങ്ങി ശ്വാസം മുട്ടുമ്പോൾ ജീവിച്ചിരിക്കുന്നു എന്ന സ്വയം ബോധ്യപ്പെടുത്താനുള്ള എഴുത്ത്. എഴുത്തും വായനയുമൊക്കെ മനുഷ്യരെ കേടുവരുത്തുന്നുവെന്നു വിശ്വസിക്കുന്നവരുടെ ഇടയിൽ ജീവിച്ചു കൊണ്ട് എഴുതുന്നത് അവൾക്ക് വേദന നിറഞ്ഞ ലഹരിയാവുന്നു. "നല്ലൊരു സഹയാത്രികയാവണോ നല്ലൊരു കവയിത്രിയാകണമോ " എന്ന ചോദ്യം പലതരത്തിൽ എഴുതുന്ന സ്ത്രീകളുടെ ആന്തരിക ലോകം ചോദിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. പ്രതിസന്ധികളെ, വിലക്കുകളെ മറികടക്കാനുള്ള ആത്മയജ്ഞം തന്നെയാവുന്നു മാലിനിക്ക് അവളുടെ എഴുത്ത്. വാക്കുകൾ പീലി വിടർത്തി നൃത്തം ചെയ്യാനെത്തുമ്പോൾ പക്ഷേ ,ആ അയഥാർത്ഥ ലോകത്തിന്റെ വശ്യതകളിൽ നിന്ന് യഥാർത്ഥ ലോകത്തിലെ പരുക്കൻ നിലങ്ങളിലേക്ക് എപ്പോഴും തന്നെത്തന്നെ മാറ്റി പ്രതിഷ്ഠിച്ചേ മതിയാവൂ അവളിലെ കുടുംബിനിക്ക്. സ്ത്രീയെ സംബന്ധിച്ച് അക്ഷരാർത്ഥത്തിൽത്തന്നെ എഴുത്ത് കനലു കൊണ്ടുള്ളതാണ്. സ്വയം പൊള്ളിപ്പിടഞ്ഞു കൊണ്ടേ അവർക്ക് എഴുതാനാവുകയുള്ളു.

മാലിനി നാരായണന്റെ തുടർച്ചയാണ് 'ഗ്രീഷ്മശാഖികളി'ലെ റാഹേൽ . കുടുംബത്തിന്റെ ചങ്ങലകളിൽ നിന്നു പുറത്തു കടന്നാലും എഴുത്തുകാരിയുടെ നിലനില്പ് സംശയാസ്പദമാണ്. സ്വന്തം പുസ്തകത്തിന്റെ പ്രകാശനത്തിന് പുസ്തകോത്സവ നഗരിയിലെ വർണ്ണശബളമായ, ഓരോ നിമിഷവും അപരിചിതത്വത്തിന്റെ ഗന്ധം പ്രസരിപ്പിക്കുന്ന വേദിയിലെത്തുന്ന റാഹേലിന്റെ അന്യഥാത്വമാണ് കഥയുടെ പ്രമേയം. ആനുകാലികങ്ങളിൽ മുമ്പ് കഥകൾ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, സാഹിത്യ ലോകത്തിനപരിചിതയായ അവളുടെ ആദ്യ സമാഹാരം. കഴിവിനും ആത്മാർത്ഥതയ്ക്കും തീരെ വില കുറഞ്ഞ ഇടമാണ് എഴുത്തിന്റേതെന്നും ആ മൽസരയോട്ടത്തിന്റെ വിധി നിശ്ചയിക്കുന്നത് വേറെ മാനദണ്ഡങ്ങൾ കൊണ്ടാണെന്നും റാഹേൽ തിരിച്ചറിയുന്നു. കിട്ടാതെ പോവുന്ന അഭിനന്ദനങ്ങൾ, പ്രോൽസാഹനങ്ങൾ, ഇടങ്ങൾ. അവഗണനയുടെ, ആത്മനിന്ദയുടെ അല്പനേരത്തിനു ശേഷം നാട്ടിലേക്കുള്ള മടക്കയാത്രയിൽ അവൾക്കു തുണയാവുന്നത്, അവളെ സമാശ്വസിപ്പിക്കുന്നത് ഗ്രീഷ്മശാഖികളിൽ അവൾ സൃഷ്ടിച്ച കഥാപാത്രങ്ങൾ മാത്രമാണ്.
മാലിനി നാരായണന്റെ തുടർച്ചയാണ് 'ഗ്രീഷ്മശാഖികളി'ലെ റാഹേൽ . കുടുംബത്തിന്റെ ചങ്ങലകളിൽ നിന്നു പുറത്തു കടന്നാലും എഴുത്തുകാരിയുടെ നിലനില്പ് സംശയാസ്പദമാണ്. സ്വന്തം പുസ്തകത്തിന്റെ പ്രകാശനത്തിന് പുസ്തകോത്സവ നഗരിയിലെ വർണ്ണശബളമായ, ഓരോ നിമിഷവും അപരിചിതത്വത്തിന്റെ ഗന്ധം പ്രസരിപ്പിക്കുന്ന വേദിയിലെത്തുന്ന റാഹേലിന്റെ അന്യഥാത്വമാണ് കഥയുടെ പ്രമേയം. ആനുകാലികങ്ങളിൽ മുമ്പ് കഥകൾ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, സാഹിത്യ ലോകത്തിനപരിചിതയായ അവളുടെ ആദ്യ സമാഹാരം. കഴിവിനും ആത്മാർത്ഥതയ്ക്കും തീരെ വില കുറഞ്ഞ ഇടമാണ് എഴുത്തിന്റേതെന്നും ആ മൽസരയോട്ടത്തിന്റെ വിധി നിശ്ചയിക്കുന്നത് വേറെ മാനദണ്ഡങ്ങൾ കൊണ്ടാണെന്നും റാഹേൽ തിരിച്ചറിയുന്നു. കിട്ടാതെ പോവുന്ന അഭിനന്ദനങ്ങൾ, പ്രോൽസാഹനങ്ങൾ, ഇടങ്ങൾ. അവഗണനയുടെ, ആത്മനിന്ദയുടെ അല്പനേരത്തിനു ശേഷം നാട്ടിലേക്കുള്ള മടക്കയാത്രയിൽ അവൾക്കു തുണയാവുന്നത്, അവളെ സമാശ്വസിപ്പിക്കുന്നത് ഗ്രീഷ്മശാഖികളിൽ അവൾ സൃഷ്ടിച്ച കഥാപാത്രങ്ങൾ മാത്രമാണ്.
കീഴാളൻ, കാളിയമർദ്ദനം എന്നീ കഥകൾ ശക്തമായ രാഷ്ട്രീയ സ്വഭാവം കൂടിയുള്ളതാണ്. മലയാളിയുടെ സംസ്കാരത്തെ രൂപപ്പെടുത്തുന്ന സവർണവും ആധിപത്യപരവുമായ മൂല്യങ്ങളെയാണ് ഈ കഥകൾ തുറന്നു കാട്ടുന്നത്. ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ ഏവരും സോദരത്വേന വാഴുന്ന കാലത്തെക്കുറിച്ചുള്ള ഉണർവാർന്ന പ്രതീക്ഷകളെ പുതു തലമുറ നിസാരാവത്ക്കരിക്കുന്നതും തള്ളിക്കളയുന്നതും നർമ്മതീക്ഷ്ണമായി കീഴാളൻ അപഗ്രഥിക്കുന്നു. സൈബർ ലോകത്തെ വിപ്ലവകാരികളും പുരോഗമനാശയങ്ങൾ പ്രസംഗിച്ച് അധികാരത്തിലെത്തുന്ന യഥാർത്ഥ ലോകത്തിലെ രാഷ്ട്രീയക്കാരുമൊന്നും ഇക്കാര്യത്തിൽ ഭേദമില്ല. നാട്ടു നടപ്പു പോലെ ഫേസ്ബുക്കിൽ പരിചയപ്പെട്ട് വിവാഹത്തിലേക്കെത്തിച്ചേർന്ന അവിശ്വാസികളും നിരീശ്വരവാദികളുമാണ് രുദ്രയും അനിലും. അനിൽ കീഴാളനാണെന്ന വെളിപ്പെടുത്തൽ പക്ഷേ രുദ്രയെ തകർക്കുന്നു. വിയർപ്പിന്റെ, പുന്നെല്ലിന്റെ, മണ്ണിന്റെ, കിഴങ്ങുകളുടെ, പച്ചിലയുടെ, മരപ്പൊടിയുടെ ശ്വാസം മുട്ടിക്കുന്ന സമ്മിശ്ര ഗന്ധവുമായി തറവാട്ടിലെ പഴയ പണിക്കാരൻ കോരന്റെ ഓർമ്മ അവളെ അലോസരപ്പെടുത്തി. മണ്ണിന്റെ മണമെന്നു മുത്തശ്ശി പറഞ്ഞു കൊടുത്തിട്ടും ആ ആദിമമായ പച്ചിലപ്പുൽമണം അവൾക്ക് അസഹ്യമായിരുന്നു. കാഴ്ചയ്ക്ക് കീഴാളനെന്നു തോന്നിപ്പിക്കാത്ത അനിലിനെ അർദ്ധസമ്മതത്തോടെയെങ്കിലും വിവാഹം കഴിക്കേണ്ടി വരുന്നു രുദ്രയിലെ ജാതിമതചിന്തകളില്ലെന്നു ഭാവിക്കുന്ന പുരോഗമന ബുദ്ധിജീവിയ്ക്ക്. എത്തിസ്റ്റ് എന്നു സ്വയം വിശേഷിപ്പിക്കുന്ന ഫേസ്ബുക്കിലെ മത സംബന്ധമായ പരാമർശങ്ങളെ രൂക്ഷമായെതിർക്കുന്ന, ജാത്യാചാരങ്ങളാണ് സമൂഹത്തെ നശിപ്പിക്കുന്നതെന്നു വാദിക്കുന്ന അനിലിന്റെ മുറിയിൽ ദൈവങ്ങളുടെ ചിത്രങ്ങൾ നിരന്നിരിക്കുന്നതും അവനിതിലൊക്കെ വലിയ വിശ്വാസമാണെന്ന് അമ്മ പറയുന്നതും രുദ്രയെ കുറച്ചൊന്നുമല്ല അമ്പരപ്പിക്കുന്നത്. ആദ്യരാത്രിയിൽ അനിലിന്റെ ആലിംഗനത്തിൽ കീഴാളന്റെ ആദിമഗന്ധമറിഞ്ഞ് മനം മടുപ്പിക്കുന്ന ആ മനുഷ്യച്ചൂരിൽ നിന്ന് പ്രാണഭയത്തോടെ മേലെപ്പാട്ടു തറവാട്ടിലെ പെൺകുട്ടി ഓടി രക്ഷപെടുന്നു. പുതിയ ചിന്തകളിലെ സവർണ്ണാഭിമുഖ്യവും പേടിപ്പിക്കുന്ന യാഥാസ്ഥിതികത്വവും ഈ കഥ മറവുകളില്ലാതെ വെളിപ്പെടുത്തുകയാണ്. ഓർമ്മകളിലെ ഗന്ധങ്ങളും നിറങ്ങളും മാഞ്ഞു പോവുകയല്ല, ഉറച്ചു കട്ടിയാവുകയാണ്. നിസംഗമായി അഗാധമായൊരു ദുരന്ത യാഥാർത്ഥ്യത്തെ പകർത്തുന്നു ഈ കഥ. പുതിയ കാലം ഇങ്ങനെയൊക്കെയാണ്, പരസ്പര വിരുദ്ധങ്ങളായ ഇരട്ടമുഖങ്ങളിൽ അതു പകർന്നാടുന്നു. ഒരിക്കലും തമ്മിലിണങ്ങാത്ത ഒന്നിലധികം പേർ ഒരാൾക്കുള്ളിൽത്തന്നെ. ഉടയ്ക്കാനാവാത്ത ബോധങ്ങളും ബോധ്യങ്ങളുമാണവരുടെ ചിന്തകളെ രൂപപ്പെടുത്തുന്നത്. പുതിയ നാഗരികതയുടെ, പുതുസംസ്കാരത്തിന്റെ കാപട്യമാണ് കീഴാളൻ.
അനായാസമായും സ്വാഭാവികമായും പുതു ലോകത്തിലൂടെ കടന്നു പോവുന്ന ഇവന്റ് മാനേജ്മെന്റ്, കള്ളൻ തുടങ്ങി വേറെയും ധാരാളം കഥകളുണ്ട് കനലെഴുത്തിൽ. ഇവന്റ് മാനേജ്മെൻറുകാർ ഗംഭീരമാക്കിയ തീം വെഡ്ഡിങ്ങിന്റെ ആർഭാടവും മമതയില്ലായ്മയും ഉമ്മയെ അസ്വസ്ഥയാക്കുന്നു. കൂടിച്ചേരലുകളുടെ, പരസ്പര സഹായത്തിന്റെ, സമഭാവനയുടെ ആഘോഷമായിരുന്നു പഴയ വീട്ടു കല്യാണങ്ങൾ. നാട്ടുകാരെ മുഴുവൻ ഹാളിന്റെ അണ്ടർ ഗ്രൗണ്ടിലിരുത്തി ക്ലോസഡ് സർക്യൂട്ട് ടിവിയിൽ കല്യാണം കാണിച്ച് ഭക്ഷണവും കൊടുത്തുവിട്ട പുതിയ കല്യാണഘോഷം അവർക്കു ദഹിക്കുന്നില്ല. എന്നേം അവിടെ ഇരുത്തിയാ മതിയാരുന്നു, എത്ര കാലമായി നബീസയെയും നീലിയെയുമൊക്കെ കണ്ടിട്ട് എന്ന ഉമ്മയുടെ സങ്കടത്തെ "പെരുപ്പിച്ചു കാട്ടാനുള്ളത് പെരുപ്പിച്ചു കാട്ടി, അപ്രധാനമായതിനു ശ്രദ്ധ കൊടുക്കാതെ"യുള്ള പുതുകാല യുക്തി കൊണ്ട് മകൻ ആളിക്കത്തിക്കുമ്പോൾ കസവു തട്ടവും കാച്ചിയും ചിറ്റുമണിഞ്ഞ ആന്‍റിക് പീസായി കാഴ്ചവസ്തുവാകേണ്ടി വരുന്നു ഉമ്മയ്ക്ക്.
ബന്ധത്തിന്റെ ഊഷ്മളതകൾ വറ്റിവരണ്ട കുടുംബത്തിനുള്ളിൽ മോഷണത്തിനു കടന്ന കള്ളൻ അബദ്ധത്തിൽ അവിടെ കുടുങ്ങിപ്പോവുന്ന കഥയാണ് കള്ളൻ. ഭൗതികസമ്പത്തുകൾ കൊണ്ടു നിറഞ്ഞ അവിടെ നിന്ന് എന്തെങ്കിലും മോഷ്ടിക്കണമെന്നയാൾക്കു തോന്നുന്നില്ല." ഇവിടെ നിന്ന് എന്തെങ്കിലും എടുക്കാനുണ്ടെന്ന് അയാൾക്കു തോന്നിയില്ല. അല്ലെങ്കിൽ ഇവിടെ എന്താണ് എടുക്കാനുള്ളത്? ചൈതന്യമില്ലാത്ത, ആത്മാവില്ലാത്ത, സന്തോഷമില്ലാത്ത ഒരു വീട് ". പട്ടിണിയിലും ആഹ്ളാദവും പ്രസരിപ്പും നിറഞ്ഞ തന്റെ കൊച്ചുവീട്ടിലേക്ക് ഇവിടുത്തെ നിശ്ശബ്ദതയുടെ, നിരാശയുടെ തുരുത്തുകൾ കൊണ്ടുപോവുന്നത് അയാൾക്ക് ഓർക്കാൻ കൂടിവയ്യ.

കീഴാളന്റെ പ്രതിവായനയാണു കാളിയമർദ്ദനമെന്ന കഥ. കാടിന്റെ വന്യ ചാരുതകളുള്ളിലൊളിപ്പിച്ച കല്യാണി, നഗരവാസികളെ ഭയപ്പെടുന്നു, സംശയിക്കുന്നു. പ്രകൃതിയും സംസ്കാരവും തമ്മിലുള്ള ഒരിക്കലുമിണങ്ങാത്ത ഇടഞ്ഞു നില്പ് ഈ കഥയുടെ അന്തർധാരയാണ്. അരുതെന്നാഗ്രഹിച്ചിട്ടും നവാർ അവളുടെ ഹൃദയത്തിനടുത്തുവന്നു നിൽക്കുന്നതും അവളെ ഭയപ്പെടുത്തുന്നു. മലയോരത്തെയോർമ്മിപ്പിക്കുന്ന കല്യാണിയുടെ മാറിടങ്ങൾക്ക് കാളിമയായിരിക്കുമെന്നു ഗൂഡമായാലോചിക്കുന്ന നവാറിന് പെൺമുലകൾ കിട്ടാതെപോയ മുലപ്പാലിന്റെ, വാൽസല്യത്തിന്റെ, കരുതലിന്റെ ഇടത്താവളമാണ്. ഇരുണ്ട വനവൃക്ഷങ്ങളുടെ ശീതളിമയുള്ള തണൽ തേടി, കാട്ടുതേനിന്റെ മധുരമുള്ള മുലപ്പാൽ തേടി കല്യാണിയുടെ മാറിടത്തിലമരുന്ന നവാറിന്റെ വിരലുകളെ കാമം കൊണ്ടോ വാൽസല്യം കൊണ്ടോ ശമിപ്പിക്കാൻ അവളിലെ സന്ദേഹിയായ കാട്ടുവാസിക്കാവുന്നില്ല. കുന്നുകളെ തരിശാക്കുന്ന, വൻമരങ്ങൾ പിഴുതുമാറ്റുന്ന, അച്ഛന്റെ കുഴിമാടം പോലും തകർത്ത മണ്ണുമാന്തിയന്ത്രത്തിന്റെ കനത്ത കൈകളുടെ കടന്നുകയറ്റമായിട്ടേ അവൾക്കതിനെ കാണാനാവൂ. കാളിയായി അവൾ നവാറിന്റെ ശിരസ്സിൽ സംഹാര നൃത്തമാടുന്നു. നിസഹായരായ കാട്ടുമനുഷ്യരുടെ അവസാനത്തെ പ്രതിരോധം. ജൈവ ജനാധിപത്യത്തിന്റെ, വേറിട്ടൊരു സംസ്കാരത്തിന്റെ പ്രതിനിധികളായ അവർക്ക് ആർത്തിപെരുത്ത നാട്ടുമനുഷ്യരുടെ ചൂഷണങ്ങളോടു അങ്ങനെയെങ്കിലും പ്രതികരിച്ചേ മതിയാവൂ.
ഇരുണ്ട, വിഷാദമഗ്നമായൊരനുഭവലോകത്തിന്റെ സാന്നിധ്യമാണ് കനലെഴുത്തിലെ കഥകൾക്കു പൊതുവേയുള്ള സമാനത. ഗൃഹാതുരതകളിൽ നിന്നു വിമുക്തമാവാനുള്ള വ്യഗ്രത കഥകൾ സ്വയം പ്രദർശിപ്പിക്കുന്നുണ്ട്. പുതിയ ലോകത്തിന്റെ വലക്കണ്ണികൾ പരസ്പരം കൂടിക്കുരുങ്ങി മോചന സാധ്യതകളേയില്ലാത്ത വിധം മനുഷ്യനെ ശ്വാസം മുട്ടിക്കുന്നതിന്റെ, ആനന്ദങ്ങളവസാനിക്കുന്നതിന്റെ വേദനകളും അസ്വസ്ഥതകളുമാണ് ഈ കഥകൾ പകരുന്നത്. ഒരിക്കലും കൃത്യമായി പൂരിപ്പിക്കാനാവാത്ത പദ പ്രശ്നം പോലെ അതു വായനക്കാരനെ അലട്ടിക്കൊണ്ടേയിരിക്കും. വായനക്കാരും ചെയ്യാത്ത രാജ്യദ്രോഹത്തിന്റെ പേരിൽ വിചാരണയില്ലാതെ ജയിലിൽ കിടക്കുന്ന, ജീവിതം നിഷേധിക്കപ്പെട്ട കുത്തബ്ദീനെപ്പോലെ ജയിൽ സന്ദർശകയുടെ ഇളം ചുണ്ടിൽ നിന്ന് വൈരാഗ്യത്തോടെ പുറം ലോകം ഊറ്റിയെടുക്കാൻ തുടങ്ങും (ആന്ധി), പെങ്ങളില്ലാത്തതോർത്ത് ആൺകുട്ടികൾ വിഷാദിക്കുന്ന അവസ്ഥയിലേക്ക് എത്തിയ പെൺവാണിഭത്തിന്റെ വൻവിപണി സാധ്യതകൾ കണ്ടു ഭയപ്പെടും. (ഗോഡ്സ് ഓൺ കൺട്രി), പിഞ്ചുടലുകളുടെ സുഗന്ധവും, നേർത്ത പട്ടുപോലുള്ള പുതു ത്വക്കിന്റെ ഇളംചൂടും കാമാതുരനാക്കുന്ന വൃദ്ധനെ കൗശലത്തോടെ കെണിയിലാക്കുന്ന പെൺകിടാവിന്റെ തന്ത്രമൊന്നു പിഴച്ചെങ്കിലെന്നോർത്ത് നടുങ്ങും (മൈത്രേയിയുടെ അച്ഛൻ ), രാത്രിയിലെ സുരക്ഷിതമായ പെൺനടത്തങ്ങൾക്ക് അവളെ ആണും പെണ്ണും കെട്ടവളാക്കുന്ന രക്ഷാകവചം കൂടിയേ തീരൂ എന്ന തിരിച്ചറിവിൽ വേദനിക്കും (അതിജീവനം), കുടുംബക്കലക്കങ്ങളുടെ, വിവാഹ മോചനത്തിന്റെ, രോഗത്തിന്റെ നൂറായിരം ആത്മസംഘർഷങ്ങളിൽ ഉലയുന്ന സഹപ്രവർത്തകയെക്കുറിച്ച് ഇല്ലാക്കഥകളുണ്ടാക്കുകയും ഒടുവിലവൾ ആത്മഹത്യ ചെയ്തപ്പോൾ കുറിപ്പൊന്നും എഴുതിവെച്ചിട്ടില്ലല്ലോ എന്നു സമാശ്വസിച്ച് ഇനിയാരെക്കുറിച്ചു പറയുമെന്നു വിഷാദിക്കുന്ന ഹൃദയശൂന്യത കണ്ടു ഉള്ളുലയും (കഥാന്തരം). ഇങ്ങനെ വൈവിധ്യമാർന്ന അനുഭവലോകങ്ങളിലൂടെ ഈ കഥകൾ അതിന്റെ സൗമ്യമായ യാത്രകൾ തുടർന്നു കൊണ്ടേയിരിക്കുന്നു.
(തലശ്ശേരി ഗവണ്‍മെന്‍റ് ബ്രണ്ണന്‍ കോളേജ് മലയാള വിഭാഗം അധ്യാപികയാണ് ലേഖിക)