Wednesday, April 5, 2017

പ്രണയസൌരഭ്യങ്ങളുടെ സംഗമം


പുസ്തകം : പ്രണയതാഴ് വരയിലെ ദേവദാരു

രചയിതാവ് : ജോര്‍ജ്ജ് ഓണക്കൂര്‍

പ്രസാധകര്‍ : ഡി സി ബുക്സ് കോട്ടയം   

അവലോകനം : ഡോ സുജയ                           
  പേജ് :  175            
  വില : 100 രൂപ
          
                                                                 
                                                                
                                                                    
 Let me not to the marriage of true minds 
Admit impediments, Love is not love 
Which alters when it alteration
It is an ever-fixed mark
That looks on tempests and is never  shaken…  

                             പ്രണയത്തിന്റെ തീക്ഷ്ണതയെക്കുറിച്ചുള്ള ഷേക്സ്പിയര്‍ വചനങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള തുടക്കം തന്നെ നോവലിന്റെ പേരുപോലെ പ്രണയാന്തരീക്ഷം സൃഷ്ടിയ്ക്കുന്നു. നോവലിന്റെ ആദ്യവസാനം നിറഞ്ഞു നില്‍ക്കുന്നുണ്ട് ഈ പ്രണയത്തിന്റെ തുടിപ്പും തിമര്‍പ്പും. അച്ഛന്റെ അഭാവത്തില്‍ അമ്മയുടെ സ്നേഹവലയത്തില്‍ അറിവും സംസ്കാരവും ആര്‍ജ്ജിച്ച ഹര്‍ഷവര്‍ദ്ധനന്‍ എന്ന ഉണ്ണിയ്ക്ക് വിദ്യാഭ്യാസത്തിനു ശേഷമുള്ള ഒരു ഇറ്റലി സന്ദര്‍ശനത്തില്‍ പരിചയപ്പെട്ട  സൈറ എന്ന ഇസ്രയേല്‍ വംശജയുമായുണ്ടായ പ്രണയവും, ഭാരതത്തില്‍ വെച്ച് അതിനുണ്ടായ സാഫല്യവും – അതാണീ കൃതിയുടെ ഇതിവൃത്തം.

അമ്മ, ഉണ്ണി, സൈറ, അശ്വതി, പ്രകാശ്, പമീല – തുടങ്ങിയവരാണിതിലെ പ്രധാന കഥാപാത്രങ്ങള്‍. ഉണ്ണിയും അമ്മയും തമ്മിലുള്ള ബന്ധം, ഉണ്ണിയും സൈറയും തമ്മിലുള്ള പ്രണയം -  ഇങ്ങനെ ദൃഢമായ രണ്ടു തന്തുക്കള്‍ പിരിച്ചുണ്ടാക്കിയതാണിതിലെ ഇതിവൃത്തം. ഭാരതസംസ്കാരം സ്ത്രീയ്ക്ക് – അമ്മയ്ക്ക്, ഭാര്യയ്ക്ക്, സഹോദരിയ്ക്ക് – നല്‍കുന്ന പ്രാധാന്യമെന്തെന്ന് ഇതിന്റെ ഇഴയടുപ്പം വിശദമാക്കുന്നു.

ഭൂമിയുടെ ശബ്ദം

                     ഒരിയ്ക്കല്‍ പഠിച്ചുവെച്ചിരുന്ന നൃത്തച്ചുവടുകളുടെ താളം കൊണ്ട്  വൈധവ്യത്തിന്റെ നിശ്ശബ്ദതയെ ശബ്ദ നിര്‍ഭരമാക്കിയെടുത്ത അമ്മയാണ് ഉണ്ണിയുടെ സര്‍വ്വവും. ബാല്യത്തിലുടനീളം  അവന് താങ്ങും തണലും കരുത്തുമായി നിന്ന അമ്മയാണ് സ്വന്തം നാടിന്റെ സംസ്കാരത്തോടു മമതയും അഭിമാനവും അവന്റെ മനസ്സില്‍ വളര്‍ത്തിയെടു ത്തത്. ഒരിയ്ക്കലും മകന്റെ മാര്‍ഗ്ഗത്തില്‍  വിഘാതം സൃഷ്ടിയ്ക്കാത്ത അമ്മ അവ നെ രാഷ്ട്രത്തിനു വിട്ടു കൊടുക്കു കയാണുണ്ടായത്. മുംബൈ ഐ.ഐ.ടി.യില്‍ എയ്റോ സ്പെയ്സ് എഞ്ചിനീയറിങ്ങിന് പ്രവേശനം കിട്ടിയ പ്പോള്‍ മടിച്ചു നിന്ന ഉണ്ണിയെ പ്രോത്സാഹിപ്പിച്ച് പറഞ്ഞയയ്ക്കുകയാണ് അമ്മ ചെയ്തത്. കാണാനുള്ള വെമ്പലടക്കി വെച്ച് അമ്മ മകനെ ഉയരങ്ങളിലേയ്ക്കുയരാന്‍ അനുവദിച്ചു.

                      എട്ടു കൊല്ലങ്ങള്‍ക്ക് ശേഷമാണ് ഉണ്ണി പിന്നെ നാട്ടിലേയ്ക്ക് തിരിച്ചെത്തിയത്. ഒരു ഇറ്റലി സന്ദര്‍ശനത്തിലൂടെ തന്റെ ജീവിതപങ്കാളിയെ തെരഞ്ഞെടുത്താണ്  അയാള്‍  തിരിച്ചു വരുന്നത്. അന്യദേശക്കാരിയെ, അന്യമതക്കാരിയെ അമ്മ നിറഞ്ഞ മനസ്സോടെത്തന്നെ സ്വീകരി യ്ക്കുമെന്ന്  ഉണ്ണിയ്ക്കുറപ്പായിരുന്നു. മറ്റൊരിഷ്ടം മനസ്സിലുണ്ടായിട്ടും അമ്മ മകന്റെ ആഗ്രഹത്തോട് ഒരെതിര്‍പ്പും കാണിച്ചില്ല. സൈറയെ ശിവാനിയാക്കി മകന്റെ ജീവിത പങ്കാളിയാക്കിക്കൊടുത്തു.

                        അമ്മ ഉണ്ണിയുടെ ചുവടുകള്‍ക്ക് പ്രകാശമായിരുന്നു. ഇല്ലത്തെ ഇടുങ്ങിയ ഇടനാഴികളില്‍ നിന്ന് പുറത്തിറങ്ങാത്ത സ്ത്രീ തന്റെ മകനൊരുക്കി വെച്ചത് ഭൂമിയുടെ വിസ്തൃതിയും ആകാശത്തിന്റെ അപാരതയുമാണ്. കാവിലെ ചോറ്റാനിക്കര അമ്മയും, കുരിശുപള്ളിയിലെ വ്യാകുലമാതാവും – ഉണ്ണിയുടെ മറ്റു രണ്ടമ്മമാരാണ്. “നാടും നഗരവും നേരിട്ട് കാണണം, ഇന്ത്യ എന്താണെന്നറിയണം. അറിവുകള്‍ക്കപ്പുറത്ത് യഥാര്‍ത്ഥമായ ജ്ഞാനം സ്വന്തമാക്കണം. കുട്ടിക്കാലത്ത് ഓതിപ്പഠിപ്പിച്ച തത്ത്വങ്ങള്‍ അനുഭവങ്ങളിലൂടെ മനസ്സില്‍ വേരോടണം. എങ്കിലേ ഭൂമിയുടെ അതിരു കള്‍ ഭേദിച്ച് ആകാശങ്ങളിലേയ്ക്ക് പറക്കുമ്പോള്‍ ഈ മണ്ണിന്റെ മഹത്വം താരതമ്യങ്ങളില്ലാത്തതാണെന്ന സംസ്കാരം ശക്തി പകരൂ” എന്നു പദേശിയ്ക്കുന്ന അമ്മ വേരുകളറുത്തുള്ള ഉയര്‍ച്ച അനുചിതമാണെന്ന അറിവ് മകന്റെ പ്രജ്ഞയില്‍  പകര്‍ന്നു കൊടുക്കുന്ന അമ്മയാണ്. ആ അമ്മ തന്നെ വിദേശ രാജ്യങ്ങളിലേയ്ക്ക് ജോലി തേടി പ്പോകരുതെന്നു മകനെ ഉപദേശിച്ചു. “അത് അമ്മയുടെ സ്വാര്‍ത്ഥതയല്ല. ഈ ഭൂമിയും അതിന്റെ സംസ്കാരത്തെയും സ്നേഹിയ്ക്കുന്ന ഒരമ്മയുടെ പ്രാര്‍ത്ഥനയാണ്. ഉയരങ്ങള്‍ തേടുക ബുദ്ധിയാണ്. അന്തരീക്ഷവും ആകാശവും അതിന്റെ അനന്തസാദ്ധ്യതകളുമൊക്കെ നിരീക്ഷിച്ചറിഞ്ഞതാണ് ഉണ്ണിയുടെ പഠനം. ഈ മണ്ണില്‍ നിന്ന് പിഴുതെറിയപ്പെടാതെ അതിന്റെ ചൈതന്യം ഹൃദയത്തെ ഉണര്‍ത്തണം”. എന്ന് തന്റെ ഉപദേശത്തിനുള്ള പ്രേരണയും അമ്മവ്യക്ത മാക്കുന്നുണ്ട്. “മേല്‍പ്പാഴൂര്‍ ഇല്ലത്തിന്റെ ദര്‍ശനപാരമ്പര്യം അവകാശപ്പെടുന്ന അന്തര്‍ജ്ജനത്തിന്റെ സംസ്കാരം” എന്ന് ഉണ്ണി തന്റെ അമ്മയുടെ ഹൃദയത്തിന്റെയും അറിവിന്റെയും വിശാലതയെ വിലയിരുത്തുന്നുണ്ട്. അത് കൊണ്ടു തന്നെയാണ്  അവസരങ്ങളുടെയും പ്രേരണകളുടെയും മുന്നില്‍ ഉണ്ണി മുഖം തിരിച്ചു നിന്നത്.
ഇന്ത്യയെ തേടിയുള്ള യാത്രയ്ക്കൊരുങ്ങുമ്പോള്‍ ഉണ്ണിയെക്കൊണ്ട് സൈറയുടെ കഴുത്തില്‍ താലി ചാര്‍ത്തിയ്ക്കുന്നുണ്ട് അമ്മ. “നിങ്ങളുടെ പ്രണ യത്തിന് ഇങ്ങനെയൊരു മുദ്ര ആവശ്യമില്ല. ഞാനത് അറിയുന്നുണ്ട്. എങ്കിലും ഈ നാട്ടില്‍ ഒരു പെണ്‍കുട്ടിയ്ക്ക് ഇത് സുരക്ഷയാണ്, ധന്യത യാണ്‌. ഒരിയ്ക്കലും വേര്‍പിരിയ്ക്കാന്‍ കഴിയാത്ത ഹൃദയ ബന്ധം” എന്നൊരു മുന്നറിയിപ്പോടെ. നാടിന്റെ സംസ്കാരത്തോടൊപ്പം അവസ്ഥ കൂടി മനസ്സിലാക്കുന്നുണ്ട് അമ്മ. ഒരു പെണ്‍കുട്ടിയുടെ, മകളുടെ അമ്മയുടെ മനസ്സിന്റെ കരുതല്‍ ഇവിടെ കാണുന്നു.

                     ഉണ്ണിയ്ക്ക് അമ്മ ഭൂമിയാണ്‌.  താനാകുന്ന മരം ആഴ്ത്തിയിരിയ്ക്കുന്ന വേരുകളെ മുറുകെ പുണര്‍ന്ന് വേണ്ടതെല്ലാം തന്നു പരിപോഷിപ്പിച്ച് നിലനിര്‍ത്തുന്ന ഭൂമി.

ദേവദാരുവും ചന്ദനവും

                      അമ്മയുടെ വേദനയും , കഷ്ടപ്പാടും, അവ മറന്നുള്ള കരുത്തും സ്നേഹവും സംതൃപ്തിയും സംസ്കാരവുമൊക്കെയാണ് ഉണ്ണിയുടെ വ്യക്തിത്വ ത്തിന്റെ ബലിഷ്ഠമായ അടിത്തറ. നാട്ടില്‍ത്തന്നെ വിദ്യാഭ്യാസവും ജോലിയും എന്നായിരു ന്നു ഉണ്ണിയുടെ തീരുമാനം. ഉയരങ്ങളെ നിഷേധിയ്ക്ക രുതെന്ന അമ്മയുടെ വാക്കാണ്‌ ഉണ്ണിയെ മുംബൈയിലേ യ്ക്കെത്തിച്ചത്. വിദ്യാഭ്യാസത്തിന്റെ ഉയരങ്ങളിലേയ്ക്കെത്താന്‍ കഴിഞ്ഞപ്പോഴും ജോലി സ്വന്തം നാട്ടില്‍ത്തന്നെ എന്ന തീരുമാനത്തിനു മാറ്റമുണ്ടായില്ല. പ്രണയത്തിലും വിവാഹത്തിലുമൊക്കെ വിരക്തനായിരുന്ന ഉണ്ണി അത് സുഹൃത്തിനോട് പറയുന്നുമുണ്ട്. “എന്റെ ജീവിതത്തില്‍ അതൊക്കെ എത്രയും അപ്രധാനമാണ്. ഗവേഷണം യഥാസമയം പൂര്‍ത്തിയാക്കി ഞാന്‍ നാട്ടില്‍ മടങ്ങിയെത്തും. പഠിച്ചതും അറിഞ്ഞതുമൊക്കെ എന്റെ നാടിനു സമര്‍പ്പിയ്ക്കാനുള്ളതാണ്. വേര്‍തിരിയ്ക്കപ്പെട്ട ജീവിതം, വ്രതശുദ്ധി യാര്‍ന്ന അമ്മയുടെ മകന് അവന്റെ ഭൂമിയും ആകാശവുമുണ്ട്. മായക്കാഴ്ചകള്‍ വിഭ്രമിപ്പിയ്ക്കുന്നില്ല എന്ന് സ്വയം പറഞ്ഞുറപ്പിയ്ക്കുന്നുമുണ്ട്. ഉയര്‍ന്നു പറക്കാന്‍ മോഹമില്ലാത്ത, ചെറുതുകളില്‍ സംതൃപ്തിയും നിര്‍വൃതിയും കാണുന്ന, ഒരു കുരുവിയായാണ് ഉണ്ണി സ്വയം കരുതുന്നത്.

                    ഭൂനിയമം വന്നതോടെ , ഭൂമി കൃഷിക്കാര്‍ക്ക് സ്വന്തമായതോടെ , ഇല്ലത്തെ സമ്പത്തും പ്രതാപവും അസ്തമിച്ചു. പക്ഷേ കര്‍ഷകരുടെ അവകാ ശങ്ങള്‍ സന്തോഷപൂര്‍വ്വം അംഗീകരിച്ചുകൊടുക്കുകയാണ് ഉണ്ണിയും അമ്മയും ചെയ്തത്. എതിര്‍പ്പോ വെറുപ്പോ കാണിച്ചില്ല. അവരുടെ വാത്സ ല്യവും ആശംസകളും പകരമായി കിട്ടി. അമ്മയുടെ പ്രിയപ്പെട്ട ശിഷ്യയും , തന്റെ ഗുരുപുത്രിയുമായ അശ്വതി മുതല്‍ ആ ഗ്രാമത്തിലുള്ള എല്ലാ കുട്ടികളെയും തന്റെ അമ്മയുടെ മക്കളായാണ് ഉണ്ണി കണ്ടത്. തന്റെ അമ്മ എല്ലാവരുടെയും അമ്മയാണ്. അത്ര വലുതാണ്‌ ആ മാതൃത്വം. അതു കൊണ്ടു തന്നെ ഗ്രാമത്തിലുള്ള എല്ലാ കുട്ടികളെയും തന്റെ സഹോദരങ്ങളായി ഉണ്ണി കണ്ടു. നാട്ടില്‍ സ്ഥിരമായി എത്തിച്ചേര്‍ന്നപ്പോള്‍ ഉണ്ണി ചെയ്തത് ഇല്ലത്തെ കാടു പിടിച്ചു കിടക്കുന്ന തൊടി വൃത്തിയാക്കി കുട്ടികള്‍ക്കുള്ള കളിസ്ഥലം നിര്‍മ്മിയ്ക്കുകയാണ്. പുഴയും അമ്പലവും സര്‍പ്പ ക്കാവുമൊക്കെയുള്ള ആ നാട്ടിന്‍ പുറത്തോടു യാതൊരവജ്ഞയും അയാള്‍ കാണിയ്ക്കുന്നില്ല. തന്റെ അറിവ് മുഴുവന്‍ പ്രകൃതിസ്നേഹിയായ ശാസ്ത്രമാക്കി മാറ്റാനാണ് അയാള്‍ യത്നിച്ചത്.

                     വിദ്യാഭ്യാസത്തിനു ശേഷം നാട്ടിലേയ്ക്ക് മടങ്ങാനിരിയ്ക്കെ സുഹൃത്തിന്റെ ക്ഷണമനുസരിച്ചാണ് ഉണ്ണി ഇറ്റലിയിലേയ്ക്കു പോയത്. അവിടെ വെച്ച് യാദൃച്ഛികമായി സൈറയെ കണ്ടു. ഇസ്രായേലിലെ ഹൈഫ യൂനിവേഴ്സിറ്റി ഓറിയന്റല്‍ ഫാക്കല്‍റ്റിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനി യായ സൈറയുടെ വിഷയം കലയും തത്ത്വചിന്തയുമായിരുന്നു. ഇറ്റലിയുടെ കലാചാരുതകള്‍ ഒരുമിച്ചാസ്വദിച്ച അവര്‍ക്ക് പ്രണയബദ്ധരാകാന്‍ കുറച്ചു ദിവസങ്ങളേ വേണ്ടി വന്നുള്ളൂ. ആ പ്രണയം ഒരു അര്‍ദ്ധനാരീശ്വരസങ്കല്പമാണ് ഉണ്ണിയുടെ മനസ്സില്‍ ജനിപ്പിച്ചത്. നാട്ടില്‍ തിരിച്ചെത്തി യ ശേഷം ആ ബന്ധത്തിന്റെ സൂചനകള്‍ അമ്മയ്ക്ക് കൊടുത്ത് ഉണ്ണി അവളെ കാത്തിരുന്നു. ഗവേഷണപഠനത്തിനു കേരളത്തില്‍ കഴിയാന്‍ യൂണിവേഴ്സിറ്റിയുടെ അനുമതിയും സ്കോളര്‍ഷിപ്പും നേടി  സൈറ ഇന്ത്യയിലെത്തി, മാതാപിതാക്കളോടു ഹര്‍ഷനെപ്പറ്റി പറഞ്ഞ് അവരുടെ സമ്മതത്തോടെത്തന്നെ. “പ്രണയത്തിന്റെ താഴ് വരയിലെ ദേവദാരുവില്‍ നിന്ന് ആ പരിമളം ഒഴുകിയെത്തും, ചന്ദന സുഗന്ധവുമായി കൂടിക്ക ലരും. ആ സൌരഭ്യങ്ങള്‍ സംയോജിച്ച് പ്രേമസംഗീതത്തിന്റെ രാഗഭംഗികള്‍ അന്തരീക്ഷമാകെ നിറയും” എന്ന പ്രതീക്ഷ തെറ്റിയില്ല. അമ്മ യുടെ നിര്‍ദ്ദേശമനുസരിച്ച് ഇല്ലത്തെ പൂജാമുറിയില്‍ വെച്ച് ഉണ്ണി സൈറയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ഇന്ത്യയു ടെ ആത്മാവ് കണ്ടറിയാന്‍ അവര്‍ നടത്തുന്ന ദീര്‍ഘയാത്രയില്‍ അവരുടെ ബന്ധം അര്‍ദ്ധനാരീശ്വരബന്ധം പോലെ ത്തന്നെ ദൃഢമായിത്തീര്‍ന്നു. റസിഡന്‍സി പേപ്പറു കള്‍ തയ്യാറാക്കി മാതാപിതാക്കളുടെ അനുവാദത്തോടെ മടങ്ങിയെത്താമെന്ന് പറഞ്ഞ് യാത്രയ്ക്കൊരുങ്ങുന്ന സൈറയുടെ യാത്രാമൊഴി ഹര്‍ഷന്റെ ഉണ്ണിയ്ക്ക് ജന്മം കൊടുക്കാന്‍ താനുടനെ തിരിച്ചെത്തുമെന്നായിരുന്നു.

കാട്ടുപൂവ്

                         സൈറ ദേവദാരുവാകുമ്പോള്‍ കാട്ടുപൂവായി മാറുന്ന ഒരു കഥാപാത്രമുണ്ടീ നോവലില്‍ - അശ്വതി. അമ്മയുടെയും നമ്പ്യാര് മാഷുടേയും ഭാര്യയു ടേയുമെന്നല്ല, അശ്വതിയുടെ തന്നെ മോഹം ഉണ്ണി അശ്വതിയെ സ്വീക രിയ്ക്കണമെന്നായിരുന്നു. പക്ഷേ താനവളെ അനുജത്തിയായാണ് പരിഗണിച്ചിരിയ്ക്കുന്നതെന്ന് ഉണ്ണി ആവര്‍ത്തിച്ചു ചിന്തിയ്ക്കുന്നുണ്ട്, പറയുന്നുണ്ട്. അവളുടെ ഗുരുവായ ഹരിഗോവിന്ദനുമായി അശ്വതിയെ വിവാഹം ചെയ്യിയ്ക്കണമെന്ന് ഉണ്ണി പറയുന്നുണ്ട്. അത് കഴിഞ്ഞാകണം തന്റെ വിവാഹമെന്നും. പക്ഷേ അശ്വതി ഉണ്ണിയേയും സൈറയേയും താന്‍ സഹോദരനും എട്ടത്തിയുമായാണ് കാണുന്നതെന്നും അവരോടൊത്ത് അവരുടെ ഉണ്ണികളെ കളിപ്പിച്ച് അമ്മയുടെ മകളായി മാത്രം ജീവിയ്ക്കാനാണ് തന്റെ ആഗ്രഹമെന്നും പറഞ്ഞ്  ആ വിവാഹബന്ധത്തില്‍ നിന്ന് പിന്മാറി.

വിശാലമായ ഭൂമിക

                           കേരളത്തിലെ ഒരുള്‍നാടന്‍ഗ്രാമം മുതല്‍ ഇന്ത്യ മുഴുവനും ഇറ്റലിയിലും വ്യാപിച്ചു കിടക്കുകയാണ് നോവലിലെ ഭൂമിക. വത്തിക്കാന്‍ മ്യൂസിയം, സിസ്റ്റെന്‍ ചാപ്പേല്‍, അവിടെ കണ്ട ചിത്രങ്ങളും ശില്പങ്ങളും, ഫ്ലോറന്‍സ് നഗരം, സാന്താമരിയ കത്തീഡ്രല്‍, സാന്‍ ലോറന്‍സോ ബസലിക്ക ദേവാലയം , ഉഫിസി ഗാലറി, പിറ്റി പാലസ് ചിത്ര ശാല , മൈക്കല്‍ ആഞ്ചലോയുടേയും , ഡാവിഞ്ചിയുടെയും മറ്റും പ്രശസ്തമായ ചിത്രങ്ങള്‍ - തുടങ്ങി ഇറ്റലിയുടെ മനോഹാരിത ഇവിടെ വര്‍ണ്ണിയ്ക്കപ്പെടുന്നു. ഓടക്കുഴല്‍ നാദം കൊണ്ട് വൃന്ദാവനസൌന്ദര്യമുണര്‍ത്തിയ കൃഷ്ണന്‍ - കിന്നരനാദം കൊണ്ട് യരൂശലേം പുത്രിമാരെ പ്രേമലോലുപനാക്കിയ ദാവീദ് , കന്യകാപുത്രര്‍ക്ക് ജന്മം നല്‍കിയ കന്യാമറിയവും കുന്തിയും, കുഞ്ഞിനെ പേടകത്തിലാക്കി നൈല്‍ നദിയില്‍ ഒഴുക്കിയ മോശയുടെ മാതാവ് - കര്‍ണ്ണനെ ഗംഗയിലൊഴുക്കിയ കുന്തി, ശിശുവധത്തിന്  ആജ്ഞാപിച്ച ഹെറോദേസും ഫറവോയും കംസനും, പൌരുഷത്തിന്റെ പ്രതീകമായ ഈജിപ്ഷ്യന്‍ ദേവന്‍ അമോണിന്റെയും , ദേവന്റെ കാമാഭാജനമായ ഐസിസിന്റെയും സമന്വയമായ മോണാലിസ - ശിവശക്തി സങ്കലനമായ അര്‍ദ്ധനാരീശ്വരന്‍ - ഇങ്ങനെ പുരാണകഥകള്‍ തമ്മിലുള്ള സാമ്യത്തിന്റെ താരതമ്യം ഇവിടെ കാണുന്നു.

                        ശ്രീരാമകൃഷ്ണപരമഹംസര്‍, വിവേകാനന്ദന്‍, ടാഗോര്‍, മദര്‍ തെരേസ തുടങ്ങിയവരുടെ ജന്മസ്ഥലമായ കൊല്‍ക്കത്ത, ശ്രീബുദ്ധന്റെ നാടായ ബോധ്ഗയ, മുഗള്‍ ചക്രവര്‍ത്തിമാരുടെ ആസ്ഥാനമായ ആഗ്ര, ഗാന്ധിജിയുടെ ജന്മസ്ഥലമായ അഹമ്മദാബാദ്, കൊല്ലൂരിലെ ശ്രീ മൂകാംബികാ ക്ഷേത്രവും കുടജാദ്രിയും – തുടങ്ങി ആര്‍ഷഭാരതത്തിന്റെ  മഹിമ വിളിച്ചോതുന്ന കേന്ദ്രസ്ഥാനങ്ങളിലൂടെ ഒരു യാത്രയും യാത്രാവിവരണവും നോവലില്‍ വിവരിയ്ക്കുന്നുണ്ട്.

                            ഇന്ത്യയിലെ പട്ടിണി, തൊഴിലില്ലായ്മ, അഭയാര്‍ത്ഥി പ്രശ്നം, ദുര്‍ബ്ബലമാവുന്ന സമ്പദ് ഘടന, മതപരമായ പ്രശ്നങ്ങള്‍, ഭരണ വ്യവസ്ഥയുടെ അഴിമതി, ജനാധിപത്യത്തിന്റെ തകര്‍ച്ച, ദുഷിച്ച രാഷ്ട്രീയം, രാജ്യത്തിന്റെ മൂലധനനിക്ഷേപമുപയോഗിച്ച് പഠിച്ച്  വലുതായിക്കഴിയുമ്പോള്‍ അന്യനാടുകളില്‍ സുഖം തേടിപ്പോകുന്ന , പൌരത്വം നേടുന്ന വിദ്യാസമ്പന്നര്‍, ഈ അവസരങ്ങള്‍ കിട്ടാത്ത സാഹചര്യത്തില്‍ രാഷ്ട്രസേവന ത്തിനു സ്വയമര്‍പ്പിയ്ക്കുന്നവര്‍, രാഷ്ട്രീയക്കാരും ഭരണാധികാരികളുമായി രാജ്യത്തെ അഴിമതിയിലേയ്ക്കും അധഃപതനത്തിലേയ്ക്കും നയി യ്ക്കുന്ന ഒന്നും നേടാന്‍ കഴിയാത്തവര്‍ ഇങ്ങനെ ഇന്ത്യയുടെ സമകാലികാവസ്ഥ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

                             ഇറ്റലിയിലുണ്ടായ സാമ്പത്തികമാന്ദ്യവും അനുബന്ധ പ്രശ്നങ്ങളും സൂചിപ്പിയ്ക്കപ്പെടുന്നുണ്ട്. ഉണ്ണിയുടെ ഗ്രാമത്തിനെയടക്കം ഗ്രസിയ്ക്കാനൊ രുങ്ങുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും സൂചിതമാകുന്നു. ഇങ്ങനെ  ഒരുള്‍നാടന്‍ഗ്രാമം തൊട്ട്  ആഗോളതലം വരെ നിലനില്‍ക്കുന്ന പ്രതിസന്ധി കള്‍ സ്പര്‍ശിയ്ക്കപ്പെടുന്നു.

സൌമ്യമായ അഹംബോധം

                                ഒരു പക്ഷേ ഈ പ്രശ്നങ്ങളെ ഉയര്‍ത്തിക്കാണിച്ചു കൊണ്ട്  അതിന്റെ പശ്ചാത്തലത്തില്‍ സമര്‍ത്ഥനായ ഉണ്ണിയുടെ കഥ നോവലിസ്റ്റ് പറഞ്ഞി രുന്നെങ്കില്‍ വിപുലമായൊരു ക്യാന്‍വാസില്‍ അന്തഃസാരമുള്ള ഒരു നോവല്‍ ജനിച്ചേനെ. പക്ഷേ ഉണ്ണി കഥ പറയുന്ന രീതിയിലാണ്  അവതര ണം. അതുകൊണ്ടുതന്നെ സ്വയം മഹത്വവല്‍ക്കരിയ്ക്കുന്ന ആത്മപ്രശംസാത്മകമായ ഒരു ആഖ്യാനം പോലെയായി . കഥാനായകന്റെ ധൈ ഷണികതയോ, വൈദഗ്ദ്ധ്യമോ, പരിസ്ഥിതിസ്നേഹമോ ഒന്നും ഉപരിപ്ലവമായി സൂചിതമാകുന്നുവെന്നല്ലാതെ അതിന്റെ ആഴത്തിലേയ്ക്കും വൈശദ്യത്തിലേയ്ക്കും കടക്കുന്നില്ല. ആകെ വിവരിയ്ക്കപ്പെടുന്നത് പ്രണയം മാത്രം. അതാണെങ്കില്‍ പലപ്പോഴും ന്യായീകരിയ്ക്കാന്‍ പ്രയാസമുള്ള തലങ്ങളിലേയ്ക്കാണ് കടന്നു കയറുന്നതും.

                                അമ്മ ഒരു കുഞ്ഞിനെ താലോലിയ്ക്കാനുള്ള മോഹം വ്യംഗ്യരൂപത്തില്‍ അറിയിയ്ക്കുമ്പോള്‍ “അമ്മയുടെ സ്വപ്‌നങ്ങള്‍ തിരിച്ചറിയുന്നു. അതില്‍ ചാലിച്ച് ചേര്‍ത്ത വര്‍ണ്ണങ്ങള്‍ മനോഹരങ്ങളാണ്. ഒരു പക്ഷേ അത്തരം ആശകള്‍ ഉള്ളുണര്‍ത്തേണ്ടതാണ്. എന്തോ കഴിയുന്നില്ല” എന്നാണ് ഉണ്ണി ചിന്തിയ്ക്കുന്നത്. “ പ്രകൃതിയുടെ ലാവണ്യം കടഞ്ഞെടുത്ത സൌന്ദര്യധാമങ്ങളില്‍ നിന്ന് കണ്ണു തിരിച്ച് മുനിയെപ്പോലെ നിര്‍മ്മമത്വം പുലര്‍ത്തുക... പ്രിയപ്പെട്ട പ്രകാശ്,  എനിയ്ക്ക് സാധ്യമാണ് . യൌവനത്തില്‍ ജീവിതാവേഗങ്ങള്‍ക്ക്  കടിഞ്ഞാണിട്ട് എല്ലാ മോഹങ്ങളും ഒരു മകനില്‍ കേന്ദ്രീകരിച്ച  എന്റെ അമ്മ, ആ അമ്മയ്ക്ക് വേണ്ടി ജീവിയ്ക്കുക മകന്റെ അഭിമാനമാണ്, ആദര്‍ശമാണ് ” എന്ന് സുഹൃത്തിനോട് പറഞ്ഞ വ്യക്തി ഇറ്റലിയിലെത്തി സൈറയെ കണ്ടതോടെ ആദര്‍ശമെല്ലാം വിസ്മരിച്ചു. ഇന്ത്യന്‍ സംസ്കാരത്തെ അന്ധമായി ആരാധിയ്ക്കു കയും വാഴ്ത്തുകയും ചെയ്യുന്ന നായകന്‍റെ യാത്ര പിന്നീട് സംസ്കാരത്തിന് പ്രതിലോമമായിട്ടാണ്. ഇറ്റലിയിലെ ഒരുമിച്ചുള്ള സന്ദര്‍ഭങ്ങളെല്ലാം തനി വൈദേശികമായ പ്രണയത്തിന്റെ ചിത്രങ്ങളാണ് വരച്ചു കാട്ടുന്നത്. പിന്നീട്  സൈറ ഭാരതത്തിലെത്തിയപ്പോഴും കാര്യങ്ങള്‍ വ്യത്യ സ്തമല്ല. പ്രണയത്തിനും ഒരുമിച്ചുള്ള ജീവിതത്തിനും വിവാഹം ഒരാവശ്യമായി അവര്‍ കാണുന്നില്ല. നാളുകള്‍ക്കു ശേഷം അമ്മ പൂജാമുറിയില്‍ വെച്ച് നടത്തിക്കൊടുക്കുന്ന ഒരു താലിയണിയിയ്ക്കല്‍ ചടങ്ങ് മാത്രമാണ് വിവാഹം. തുടര്‍ന്ന് ഭാരതപര്യടനത്തിനിറങ്ങുന്ന അവര്‍ ഇന്ത്യയുടെ ആത്മാവ് തേടിയുള്ള യാത്ര എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതൊരു മധുവിധുയാത്രയുടെ പ്രതീതിയാണ് ജനിപ്പിയ്ക്കുന്നത്.  “ റസിഡന്‍സി പേപ്പറുകള്‍ തയ്യാറാക്കി അച്ഛനമ്മമാരുടെ അനുമതിയോടെ മടങ്ങിയെത്തണം, എല്ലാം നിയമാനുസൃതമായി ത്തന്നെ.” എന്ന് സൈറയുടെ മടക്കയാത്രയില്‍ ഉണ്ണി ചിന്തിയ്ക്കുന്നുണ്ട്.  സൈറ ഹര്‍ഷന്റെ  ഉണ്ണിയ്ക്ക് ജന്മം നല്‍കാന്‍ താന്‍ ഇല്ലത്തേയ്ക്ക് ഉടനെ തിരിച്ചെത്തുമെന്നാണ് പറയുന്നത് ! മറ്റൊരു സംസ്കാരത്തെ സ്വീകരിയ്ക്കാന്‍ യാതൊരു മടിയുമില്ലെന്ന് ആവര്‍ത്തിച്ചു പറയുമ്പോള്‍ ശിവാനി എന്ന പേരുമാറ്റവും താലിയണിയിയ്ക്കലുമൊക്കെ ഉണ്ണിയ്ക്ക് പിന്നെന്തിനാണ്?

                       ഉണ്ണിയ്ക്ക് അശ്വതിയോടുള്ള ബന്ധം കൂടപ്പിറപ്പുകള്‍ തമ്മിലുള്ളതാണെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്. ആ ആവര്‍ത്തനം തന്നെ വിരസമായി പ്പോവുകയും പലപ്പോഴും അത് ആത്മവിശ്വാസക്കുറവിന്റെ ഒരു പ്രതീതി ജനിപ്പിയ്ക്കുകയും ചെയ്യുന്നു. അവളുടെ മനസ്സ് ഉണ്ണിയ്ക്ക് മനസ്സിലാ കാത്തതല്ല. അവളുടെ കത്ത് കിട്ടിയപ്പോള്‍, ആ മനോഹരമായ അക്ഷരം കണ്ടപ്പോള്‍ , “വായിയ്ക്കുന്നതിന് പകരം കണ്ടുകൊണ്ടിരിയ്ക്കാ നാണ് ഇഷ്ടം തോന്നിയത് ” എന്ന് ഉണ്ണി വിചാരിയ്ക്കുന്നതു തന്നെയാണ് അയാള്‍ക്ക് അശ്വതിയോടുള്ള മനോഭാവം എന്ന് തോന്നിപ്പോകുന്നു. അശ്വതിയെ കാണുമ്പോള്‍ ഉണ്ണി ചിന്തിയ്ക്കുന്നത് “ മഹാനഗരത്തിന്റെ തിരക്കുകളില്‍ വന്നു വീഴുമ്പോള്‍ മനസ്സില്‍ നാട്ടിലെ മലയോരങ്ങളും അവിടെ വിടരുന്ന കാട്ടുപൂക്കളും ഊഞ്ഞാല്‍പ്പാട്ടുകളും  തിരുവാതിരയുടെ സൌന്ദര്യവുമൊക്കെ മായാതെ കിടന്നു” എന്നാണു. ആ കാട്ടുപൂവിന്റെ സ്ഥാനം തന്നെയാണ് അയാള്‍ അശ്വതിയ്ക്ക് കൊടുത്തത്. അവള്‍ തന്റെ അനുജത്തിയാണെന്നു അയാള്‍ പറയുമ്പോള്‍ അത് അമ്മയ്ക്ക് പോലും അംഗീകരിയ്ക്കാന്‍ കഴിയുന്നില്ല. “പിന്നിട്ട വഴികള്‍  സൂക്ഷ്മമായി അവലോകനം ചെയ്തു. സാഹോദര്യത്തിന്റെ സുതാര്യത എന്നും കാത്തു സൂക്ഷിച്ചു. തമാശയായിപ്പോലും ഒരു വാക്കോ നോട്ടമോ സ്പര്‍ശമോ ഉണ്ടായിട്ടില്ല. സ്വാതന്ത്ര്യത്തോടെ പെരുമാറിയിട്ടുണ്ട്. മനസ്സ് ശുദ്ധത കാത്തു സൂക്ഷിച്ചതുകൊണ്ട് ഒരു താളപ്പിഴയും സംഭവിച്ചിട്ടില്ല. ആ അഭിമാനത്തിന്റെ ഉയരങ്ങളിലാണ് ഞാന്‍ നില്‍ക്കുന്നത് ” സൂക്ഷ്മ മായ അവലോകനത്തിന്റെ ആവശ്യം വേണ്ടി വന്നു ഉണ്ണിയ്ക്ക് ആ സാഹോദര്യം ഉറപ്പു വരുത്താന്‍ !

                         “ഉണ്ണ്യേട്ടന്‍ അതുല്യശാസ്ത്ര പ്രതിഭ, ആദ്ധ്യാത്മികതയുടെ സാംസ്കാരിക മുഖം, സമര്‍പ്പണ ബോധമുള്ള കലാകാരന്‍, കരുണാമയനായ ഗ്രാമീണന്‍ - ഇതെല്ലാം എങ്ങനെയാണ് സമന്വയിയ്ക്കുന്നത്. വിശ്വസിയ്ക്കാനാകുന്നില്ല” എന്ന് അശ്വതി അമ്മയോട് പറയുന്നത് അയാള്‍ കേള്‍ക്കുന്നുണ്ട്. അയാള്‍ ആഗ്രഹിയ്ക്കുന്നതും അതാണ്‌  - ആരാധന. ഒരു ജീവിതപങ്കാളിയെക്കുറിച്ച് ചിന്തിയ്ക്കുമ്പോള്‍ മനസ്സില്‍ പറഞ്ഞതും അതു തന്നെ. “പര്‍വ്വതഗഹ്വരത്തില്‍ തപസ്സനുഷ്ഠിയ്ക്കുമ്പോള്‍ പാര്‍വ്വതിയായി അവള്‍ ആഗമിയ്ക്കും. അത് ഹിമാലയത്തില്‍ നിന്ന്, അല്ലെ ങ്കില്‍ ആല്‍പ്സ് പര്‍വ്വതനിരകളില്‍ നിന്ന്, എവിടെ നിന്നും ആകാം.” – താനെന്ന മഹര്‍ഷിയെ തപസ്സിളക്കി നേടണം തന്റെ സ്ത്രീ എന്ന ഭാവം.  സൈറയുടെ കണ്ണുകളിലും അയാള്‍ തേടുന്നത് ആരാധന തന്നെയാണ്.

                     “ആദ്യം അച്ചുവിന്റെ കാര്യം, അത് കഴിയട്ടെ, പിന്നെ നമുക്കെല്ലാം ശാന്തമായി ആലോചിയ്ക്കാം . എല്ലാം ഞാന്‍ അമ്മയുടെ ഇഷ്ടത്തിനു വിട്ടു തരും.” എന്നു പറയുന്നത്  സൈറയുമായുള്ള ഇഷ്ടം അമ്മയെ അറിയിച്ചതിനു ശേഷ മാണ്.  സൈറയെ കണ്ടപ്പോള്‍ ‘ആദ്യം അച്ചുവിന്റെ കാര്യം’ എന്നു പറഞ്ഞതൊക്കെ മറക്കുകയും ചെയ്തു. ഒടുവില്‍ സൈറയോടോത്തുള്ള ഭാരതപര്യടനം കഴിഞ്ഞെത്തിയ ശേഷം അശ്വതിയോട് ഹരിഗോവിന്ദനുമായുള്ള വിവാഹ ക്കാര്യം കുറേ പാടുപെട്ട് പറഞ്ഞൊപ്പിച്ചു. അവള്‍ തനിയ്ക്ക് വിവാഹമേ വേണ്ട എന്ന നിലപാടാണ് സ്വീക രിച്ചത്. ഉണ്ണിയെ താന്‍ സഹോദരനായിക്കാണുന്നുവെന്ന് അവള് പറഞ്ഞു. അതിനുള്ള സാഹചര്യം അയാളൊരുക്കി. ഭാരത സ്ത്രീയുടെ ത്യാഗ മനോഭാവം വ്യക്തമാക്കാനാണോ ഈ അനുബന്ധം?

                            പ്രകാശിന്റെയും പമേലയുടെയും അസംതൃപ്തമായ പ്രണയവും ഉണ്ണിയുടെയും സൈറയുടെയും ഭാരതീയാന്തരീക്ഷത്തിലുള്ള പ്രണയസാഫല്യ ത്തിനു പരഭാഗശോഭ കൂട്ടാനുള്ള കൂട്ടിച്ചേര്‍ക്കലായി തോന്നുന്നു.

                    ബുദ്ധന്‍, ശങ്കരാചാര്യര്‍, വിവേകാനന്ദന്‍, ഗാന്ധിജി, ശ്രീനാരായണഗുരു, തുടങ്ങിയുള്ള മഹാത്മാക്കളെ വാഴ്ത്തുന്ന ഉണ്ണി സ്വയം ഊതിവീര്‍പ്പിച്ച് ബൃഹദാകാരമാക്കി ഇവരോടൊപ്പം അവരോധിയ്ക്കാനുള്ള ശ്രമം നടത്തുംപോലെ അരോചകമായി തോന്നുന്നുണ്ട് ഈ സ്വയം വാഴ്ത്തുകള്‍.

                     ആരോപണങ്ങള്‍ ഉന്നയിയ്ക്കുകയോ താഴ്ത്തിക്കെട്ടുകയോ അല്ല ലക്‌ഷ്യം. ഇറ്റലിയുടെ കലാഭംഗിയും, ഇന്ത്യയുടെ പുരാണേതിഹാസങ്ങളും ചരിത്രവും ഐതിഹ്യവുമെല്ലാം സ്പര്‍ശിച്ചു പോകുന്ന ,ആഗോള തലം തൊട്ട് കേരളത്തിലെ ഒരുള്‍നാടന്‍ഗ്രാമം വരെ അനുഭവിയ്ക്കുന്ന പ്രശ്ന ങ്ങള്‍ സൂചിപ്പിയ്ക്കുന്ന ഈ നോവല്‍  ഈ ഘടകങ്ങളെ എടുത്തുയര്‍ത്തിക്കാണിച്ച് ഹര്‍ഷന്റെ ഉപഗ്രഹവിക്ഷേപണവും , ശാസ്ത്രം പ്രകൃത്യനു കൂലമാക്കി മാറ്റാനുള്ള ശ്രമവുമെല്ലാം വിസ്തരിച്ച് പ്രണയത്തെ ഒരടിയൊഴുക്കായി  നിര്‍ത്തി നോവലിസ്റ്റ് ആഖ്യാനം ചെയ്യുന്ന രീതിയില്‍ രചിച്ചി രുന്നെങ്കില്‍ ഇതൊരു മികച്ച വായനാനുഭവം തരുമായിരുന്നു എന്ന് തോന്നിപ്പോകുന്നു. കഴിവുറ്റ, കഴിവ് തെളിയിച്ച രചയിതാവിന് അത് നിഷ് പ്രയാസം സാധിയ്ക്കുമായിരുന്നു.

                                                           

Wednesday, December 14, 2016

കനലെഴുത്ത്

പുസ്തകം : കനലെഴുത്ത് 
രചയിതാവ് : ഷീബ ഇ കെ 

പ്രസാധകര്‍ : ഡി സി ബുക്ക്സ് 

അവലോകനം :ഡോ. ജിസാ ജോസ് 


ഉറവകൾക്ക്, അവയുടെ ഉത്ഭവകേന്ദ്രത്തിൽ  മാത്രം അവകാശപ്പെടാവുന്ന തെളിമയും ഊറിക്കൂടലുകളുടെ ലാളിത്യവുമാണ് ഷീബ ഇ.കെയുടെ കഥകളുടെ സവിശേഷത. കുത്തിയൊഴുക്കുകളും കലങ്ങിമറിയലുകളുമില്ലാതെ ജീവിത വ്യവസ്ഥകളെ ,അതിന്റെ വൈരുദ്ധ്യങ്ങളെ ,സന്ദിഗ്ധതകളെ അവയുടെ തനിമയിലാവിഷ്കരിക്കുന്ന കഥകളാണ് ' കനലെഴുത്തി' ലുള്ളതെന്നു പറയാം. ഒഴിച്ചു നിർത്തപ്പെട്ടവരുടെ കഥകളാണവയിലേറെയും.പല തരത്തിലുള്ള തിരസ്കാരങ്ങൾ, നിരാസങ്ങൾ, ഏകാന്തതകൾ. അധികാരത്തോടുള്ള നിശബ്ദ സമരങ്ങളുടെ ഉൾക്കലക്കങ്ങളും പ്രതിവ്യവഹാരങ്ങളുടെ സാധ്യതകളും അവയിൽ കൂടിക്കലർന്നു പടരുന്നുണ്ട്. തോറ്റുപോയവരുടെ, പക്ഷേ പരാജയപ്പെടാത്ത പ്രതിഷേധങ്ങളായി വായിച്ചെടുക്കാവുന്ന കഥകൾ.
സ്ത്രീ പക്ഷ രാഷ്ട്രീയത്തിന്റെ, കീഴാളബോധത്തിന്റെ സൂക്ഷ്മവും തീവ്രവുമായ  ഉള്ളടരാണ് ഷീബയുടെ കഥകളുടെ കരുത്തു നിർണയിക്കുന്നത്. അതൊട്ടും പ്രകടമല്ല. പക്ഷേ സമർത്ഥമായി പാകിയിട്ടുള്ള രാഷ്ട്രീയധ്വനികൾ ആ കഥകളെ വൈകാരികാവിഷ്കാരങ്ങളെന്ന സാധാരണ അവസ്ഥയിൽ നിന്നു നിശിതമായ സാമൂഹിക വിമർശനത്തിന്റെ തലത്തിലേക്കു രൂപാന്തരപ്പെടുത്തുന്നു. സമകാല സ്ത്രീ എഴുത്തുകാരികളിൽ നിന്നു വ്യത്യസ്തമായി അലങ്കാരങ്ങളും ആലഭാരങ്ങളുമില്ലാതെ വളരെ സ്വാഭാവികമായതു സാധിക്കുന്നതിലെ കൗശലം ആകർഷണീയമാണ്. അരികു ലോകങ്ങളിലേക്ക് അനായാസമായി നടന്നു ചെല്ലുന്ന കഥകൾ. പാരമ്പര്യ നിർമ്മിതികളെ തകർക്കുമ്പോൾത്തന്നെ പൊതുലോകബോധങ്ങളെ രൂപപ്പെടുത്തുന്ന ക്രമങ്ങളോട്, വ്യവസ്ഥകളോടുള്ള വിധേയത്വവും (അതു ബോധപൂർവ്വമോ അബോധപൂർവ്വമോ ആവാം ) ഈ കഥകളിലുണ്ട്.
യഥാർത്ഥവും അതുകൊണ്ടുതന്നെ അപൂർണവുമായ ലോകത്തിന്റെ പരാധീനതകൾക്കിടയിൽ എഴുത്ത്  ഒളിച്ചിരിക്കലോ ഓടിമറയലോ ആവുന്ന സ്ത്രീയുടെ ചിരന്തനപ്രതിരൂപമാണ് കനലെഴുത്തിലെ മാലിനി നാരായണൻ. ആന്തരികവും സാമൂഹികവുമായ പരുവപ്പെടലു (conditioning) കൾക്ക് വിധേയയാവുന്ന മാലിനി നാരായണനെ ചിരകാലമായി നമ്മളറിയും, പല പേരുകളിൽ ഓരോ കാലത്തിലും അവളുണ്ട്. എഴുതാൻ പ്രേരണ തരുന്ന ഒന്നുമില്ലാത്ത ജീവിത സാഹചര്യങ്ങളിൽ, കൂട്ടുകാരി താനാഗ്രഹിച്ച ജീവിതം ജീവിക്കുന്നതു കണ്ടസൂയ തോന്നുമ്പോൾ, അന്തമില്ലാത്ത വീട്ടുജോലികളിൽ കുരുങ്ങി ശ്വാസം മുട്ടുമ്പോൾ ജീവിച്ചിരിക്കുന്നു എന്ന സ്വയം ബോധ്യപ്പെടുത്താനുള്ള എഴുത്ത്. എഴുത്തും വായനയുമൊക്കെ മനുഷ്യരെ കേടുവരുത്തുന്നുവെന്നു വിശ്വസിക്കുന്നവരുടെ ഇടയിൽ ജീവിച്ചു കൊണ്ട് എഴുതുന്നത് അവൾക്ക് വേദന നിറഞ്ഞ ലഹരിയാവുന്നു. "നല്ലൊരു സഹയാത്രികയാവണോ നല്ലൊരു കവയിത്രിയാകണമോ " എന്ന ചോദ്യം പലതരത്തിൽ എഴുതുന്ന സ്ത്രീകളുടെ  ആന്തരിക ലോകം ചോദിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. പ്രതിസന്ധികളെ, വിലക്കുകളെ മറികടക്കാനുള്ള ആത്മയജ്ഞം തന്നെയാവുന്നു മാലിനിക്ക് അവളുടെ എഴുത്ത്. വാക്കുകൾ പീലി വിടർത്തി നൃത്തം ചെയ്യാനെത്തുമ്പോൾ പക്ഷേ ,ആ അയഥാർത്ഥ ലോകത്തിന്റെ വശ്യതകളിൽ നിന്ന് യഥാർത്ഥ ലോകത്തിലെ പരുക്കൻ നിലങ്ങളിലേക്ക് എപ്പോഴും തന്നെത്തന്നെ മാറ്റി പ്രതിഷ്ഠിച്ചേ മതിയാവൂ അവളിലെ കുടുംബിനിക്ക്. സ്ത്രീയെ സംബന്ധിച്ച് അക്ഷരാർത്ഥത്തിൽത്തന്നെ എഴുത്ത് കനലു കൊണ്ടുള്ളതാണ്. സ്വയം പൊള്ളിപ്പിടഞ്ഞു കൊണ്ടേ അവർക്ക് എഴുതാനാവുകയുള്ളു.

മാലിനി നാരായണന്റെ തുടർച്ചയാണ് 'ഗ്രീഷ്മശാഖികളി'ലെ റാഹേൽ . കുടുംബത്തിന്റെ ചങ്ങലകളിൽ നിന്നു പുറത്തു കടന്നാലും എഴുത്തുകാരിയുടെ നിലനില്പ് സംശയാസ്പദമാണ്. സ്വന്തം പുസ്തകത്തിന്റെ പ്രകാശനത്തിന് പുസ്തകോത്സവ നഗരിയിലെ വർണ്ണശബളമായ, ഓരോ നിമിഷവും അപരിചിതത്വത്തിന്റെ ഗന്ധം പ്രസരിപ്പിക്കുന്ന വേദിയിലെത്തുന്ന റാഹേലിന്റെ അന്യഥാത്വമാണ് കഥയുടെ പ്രമേയം. ആനുകാലികങ്ങളിൽ മുമ്പ് കഥകൾ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, സാഹിത്യ ലോകത്തിനപരിചിതയായ അവളുടെ ആദ്യ സമാഹാരം. കഴിവിനും ആത്മാർത്ഥതയ്ക്കും തീരെ വില കുറഞ്ഞ ഇടമാണ് എഴുത്തിന്റേതെന്നും  ആ മൽസരയോട്ടത്തിന്റെ വിധി നിശ്ചയിക്കുന്നത് വേറെ മാനദണ്ഡങ്ങൾ കൊണ്ടാണെന്നും റാഹേൽ തിരിച്ചറിയുന്നു. കിട്ടാതെ പോവുന്ന അഭിനന്ദനങ്ങൾ, പ്രോൽസാഹനങ്ങൾ, ഇടങ്ങൾ. അവഗണനയുടെ, ആത്മനിന്ദയുടെ അല്പനേരത്തിനു ശേഷം നാട്ടിലേക്കുള്ള മടക്കയാത്രയിൽ അവൾക്കു തുണയാവുന്നത്, അവളെ സമാശ്വസിപ്പിക്കുന്നത് ഗ്രീഷ്മശാഖികളിൽ അവൾ സൃഷ്ടിച്ച  കഥാപാത്രങ്ങൾ മാത്രമാണ്.
കീഴാളൻ, കാളിയമർദ്ദനം എന്നീ കഥകൾ ശക്തമായ രാഷ്ട്രീയ സ്വഭാവം കൂടിയുള്ളതാണ്. മലയാളിയുടെ സംസ്കാരത്തെ രൂപപ്പെടുത്തുന്ന സവർണവും ആധിപത്യപരവുമായ മൂല്യങ്ങളെയാണ് ഈ കഥകൾ തുറന്നു കാട്ടുന്നത്. ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ ഏവരും സോദരത്വേന വാഴുന്ന കാലത്തെക്കുറിച്ചുള്ള  ഉണർവാർന്ന പ്രതീക്ഷകളെ പുതു തലമുറ നിസാരാവത്ക്കരിക്കുന്നതും തള്ളിക്കളയുന്നതും നർമ്മതീക്ഷ്ണമായി കീഴാളൻ അപഗ്രഥിക്കുന്നു. സൈബർ ലോകത്തെ വിപ്ലവകാരികളും പുരോഗമനാശയങ്ങൾ പ്രസംഗിച്ച് അധികാരത്തിലെത്തുന്ന യഥാർത്ഥ ലോകത്തിലെ രാഷ്ട്രീയക്കാരുമൊന്നും ഇക്കാര്യത്തിൽ ഭേദമില്ല. നാട്ടു നടപ്പു പോലെ ഫേസ്ബുക്കിൽ പരിചയപ്പെട്ട് വിവാഹത്തിലേക്കെത്തിച്ചേർന്ന അവിശ്വാസികളും നിരീശ്വരവാദികളുമാണ്  രുദ്രയും അനിലും. അനിൽ കീഴാളനാണെന്ന വെളിപ്പെടുത്തൽ പക്ഷേ രുദ്രയെ തകർക്കുന്നു. വിയർപ്പിന്റെ, പുന്നെല്ലിന്റെ, മണ്ണിന്റെ, കിഴങ്ങുകളുടെ, പച്ചിലയുടെ,  മരപ്പൊടിയുടെ ശ്വാസം മുട്ടിക്കുന്ന സമ്മിശ്ര ഗന്ധവുമായി തറവാട്ടിലെ പഴയ പണിക്കാരൻ കോരന്റെ ഓർമ്മ അവളെ അലോസരപ്പെടുത്തി. മണ്ണിന്റെ മണമെന്നു മുത്തശ്ശി പറഞ്ഞു കൊടുത്തിട്ടും ആ ആദിമമായ പച്ചിലപ്പുൽമണം അവൾക്ക് അസഹ്യമായിരുന്നു. കാഴ്ചയ്ക്ക് കീഴാളനെന്നു തോന്നിപ്പിക്കാത്ത അനിലിനെ അർദ്ധസമ്മതത്തോടെയെങ്കിലും വിവാഹം കഴിക്കേണ്ടി വരുന്നു രുദ്രയിലെ ജാതിമതചിന്തകളില്ലെന്നു ഭാവിക്കുന്ന പുരോഗമന ബുദ്ധിജീവിയ്ക്ക്. എത്തിസ്റ്റ് എന്നു സ്വയം വിശേഷിപ്പിക്കുന്ന ഫേസ്ബുക്കിലെ മത സംബന്ധമായ പരാമർശങ്ങളെ രൂക്ഷമായെതിർക്കുന്ന, ജാത്യാചാരങ്ങളാണ് സമൂഹത്തെ നശിപ്പിക്കുന്നതെന്നു വാദിക്കുന്ന അനിലിന്റെ മുറിയിൽ ദൈവങ്ങളുടെ ചിത്രങ്ങൾ നിരന്നിരിക്കുന്നതും അവനിതിലൊക്കെ വലിയ വിശ്വാസമാണെന്ന് അമ്മ പറയുന്നതും രുദ്രയെ കുറച്ചൊന്നുമല്ല അമ്പരപ്പിക്കുന്നത്. ആദ്യരാത്രിയിൽ അനിലിന്റെ ആലിംഗനത്തിൽ കീഴാളന്റെ ആദിമഗന്ധമറിഞ്ഞ്  മനം മടുപ്പിക്കുന്ന ആ മനുഷ്യച്ചൂരിൽ നിന്ന് പ്രാണഭയത്തോടെ മേലെപ്പാട്ടു തറവാട്ടിലെ പെൺകുട്ടി ഓടി രക്ഷപെടുന്നു. പുതിയ ചിന്തകളിലെ സവർണ്ണാഭിമുഖ്യവും പേടിപ്പിക്കുന്ന യാഥാസ്ഥിതികത്വവും ഈ കഥ മറവുകളില്ലാതെ വെളിപ്പെടുത്തുകയാണ്. ഓർമ്മകളിലെ  ഗന്ധങ്ങളും നിറങ്ങളും മാഞ്ഞു പോവുകയല്ല, ഉറച്ചു കട്ടിയാവുകയാണ്. നിസംഗമായി അഗാധമായൊരു ദുരന്ത യാഥാർത്ഥ്യത്തെ പകർത്തുന്നു ഈ കഥ. പുതിയ കാലം ഇങ്ങനെയൊക്കെയാണ്, പരസ്പര വിരുദ്ധങ്ങളായ ഇരട്ടമുഖങ്ങളിൽ അതു പകർന്നാടുന്നു. ഒരിക്കലും തമ്മിലിണങ്ങാത്ത ഒന്നിലധികം പേർ ഒരാൾക്കുള്ളിൽത്തന്നെ. ഉടയ്ക്കാനാവാത്ത ബോധങ്ങളും ബോധ്യങ്ങളുമാണവരുടെ ചിന്തകളെ രൂപപ്പെടുത്തുന്നത്. പുതിയ നാഗരികതയുടെ, പുതുസംസ്കാരത്തിന്റെ കാപട്യമാണ് കീഴാളൻ. 
അനായാസമായും സ്വാഭാവികമായും പുതു ലോകത്തിലൂടെ കടന്നു പോവുന്ന ഇവന്റ് മാനേജ്മെന്റ്, കള്ളൻ തുടങ്ങി വേറെയും ധാരാളം കഥകളുണ്ട് കനലെഴുത്തിൽ. ഇവന്റ് മാനേജ്മെൻറുകാർ ഗംഭീരമാക്കിയ തീം വെഡ്ഡിങ്ങിന്റെ ആർഭാടവും മമതയില്ലായ്മയും ഉമ്മയെ അസ്വസ്ഥയാക്കുന്നു. കൂടിച്ചേരലുകളുടെ, പരസ്പര സഹായത്തിന്റെ, സമഭാവനയുടെ ആഘോഷമായിരുന്നു പഴയ വീട്ടു കല്യാണങ്ങൾ. നാട്ടുകാരെ മുഴുവൻ ഹാളിന്റെ അണ്ടർ ഗ്രൗണ്ടിലിരുത്തി ക്ലോസഡ് സർക്യൂട്ട് ടിവിയിൽ കല്യാണം കാണിച്ച് ഭക്ഷണവും കൊടുത്തുവിട്ട പുതിയ കല്യാണഘോഷം അവർക്കു ദഹിക്കുന്നില്ല.  എന്നേം അവിടെ ഇരുത്തിയാ മതിയാരുന്നു, എത്ര കാലമായി നബീസയെയും നീലിയെയുമൊക്കെ കണ്ടിട്ട് എന്ന ഉമ്മയുടെ സങ്കടത്തെ "പെരുപ്പിച്ചു കാട്ടാനുള്ളത് പെരുപ്പിച്ചു കാട്ടി, അപ്രധാനമായതിനു ശ്രദ്ധ കൊടുക്കാതെ"യുള്ള പുതുകാല യുക്തി കൊണ്ട് മകൻ ആളിക്കത്തിക്കുമ്പോൾ കസവു തട്ടവും കാച്ചിയും ചിറ്റുമണിഞ്ഞ ആന്‍റിക് പീസായി കാഴ്ചവസ്തുവാകേണ്ടി വരുന്നു ഉമ്മയ്ക്ക്. 
ബന്ധത്തിന്റെ ഊഷ്മളതകൾ വറ്റിവരണ്ട കുടുംബത്തിനുള്ളിൽ മോഷണത്തിനു കടന്ന കള്ളൻ അബദ്ധത്തിൽ അവിടെ കുടുങ്ങിപ്പോവുന്ന കഥയാണ് കള്ളൻ. ഭൗതികസമ്പത്തുകൾ കൊണ്ടു നിറഞ്ഞ അവിടെ നിന്ന് എന്തെങ്കിലും മോഷ്ടിക്കണമെന്നയാൾക്കു തോന്നുന്നില്ല." ഇവിടെ നിന്ന് എന്തെങ്കിലും എടുക്കാനുണ്ടെന്ന് അയാൾക്കു തോന്നിയില്ല. അല്ലെങ്കിൽ ഇവിടെ എന്താണ് എടുക്കാനുള്ളത്? ചൈതന്യമില്ലാത്ത, ആത്മാവില്ലാത്ത, സന്തോഷമില്ലാത്ത ഒരു വീട് ". പട്ടിണിയിലും ആഹ്ളാദവും പ്രസരിപ്പും നിറഞ്ഞ തന്റെ കൊച്ചുവീട്ടിലേക്ക് ഇവിടുത്തെ നിശ്ശബ്ദതയുടെ, നിരാശയുടെ തുരുത്തുകൾ കൊണ്ടുപോവുന്നത് അയാൾക്ക് ഓർക്കാൻ കൂടിവയ്യ.
കീഴാളന്റെ പ്രതിവായനയാണു കാളിയമർദ്ദനമെന്ന കഥ. കാടിന്റെ വന്യ ചാരുതകളുള്ളിലൊളിപ്പിച്ച കല്യാണി, നഗരവാസികളെ ഭയപ്പെടുന്നു, സംശയിക്കുന്നു. പ്രകൃതിയും സംസ്കാരവും തമ്മിലുള്ള ഒരിക്കലുമിണങ്ങാത്ത  ഇടഞ്ഞു നില്പ് ഈ കഥയുടെ അന്തർധാരയാണ്. അരുതെന്നാഗ്രഹിച്ചിട്ടും നവാർ അവളുടെ ഹൃദയത്തിനടുത്തുവന്നു നിൽക്കുന്നതും അവളെ ഭയപ്പെടുത്തുന്നു. മലയോരത്തെയോർമ്മിപ്പിക്കുന്ന കല്യാണിയുടെ മാറിടങ്ങൾക്ക് കാളിമയായിരിക്കുമെന്നു ഗൂഡമായാലോചിക്കുന്ന നവാറിന് പെൺമുലകൾ കിട്ടാതെപോയ മുലപ്പാലിന്റെ, വാൽസല്യത്തിന്റെ, കരുതലിന്റെ ഇടത്താവളമാണ്. ഇരുണ്ട വനവൃക്ഷങ്ങളുടെ ശീതളിമയുള്ള തണൽ തേടി, കാട്ടുതേനിന്റെ മധുരമുള്ള മുലപ്പാൽ തേടി കല്യാണിയുടെ മാറിടത്തിലമരുന്ന നവാറിന്റെ വിരലുകളെ   കാമം കൊണ്ടോ വാൽസല്യം കൊണ്ടോ ശമിപ്പിക്കാൻ അവളിലെ സന്ദേഹിയായ കാട്ടുവാസിക്കാവുന്നില്ല. കുന്നുകളെ തരിശാക്കുന്ന, വൻമരങ്ങൾ പിഴുതുമാറ്റുന്ന, അച്ഛന്റെ കുഴിമാടം പോലും തകർത്ത മണ്ണുമാന്തിയന്ത്രത്തിന്റെ കനത്ത കൈകളുടെ കടന്നുകയറ്റമായിട്ടേ അവൾക്കതിനെ കാണാനാവൂ. കാളിയായി അവൾ നവാറിന്റെ ശിരസ്സിൽ സംഹാര നൃത്തമാടുന്നു. നിസഹായരായ കാട്ടുമനുഷ്യരുടെ അവസാനത്തെ പ്രതിരോധം. ജൈവ ജനാധിപത്യത്തിന്റെ, വേറിട്ടൊരു സംസ്കാരത്തിന്റെ പ്രതിനിധികളായ അവർക്ക് ആർത്തിപെരുത്ത നാട്ടുമനുഷ്യരുടെ  ചൂഷണങ്ങളോടു അങ്ങനെയെങ്കിലും പ്രതികരിച്ചേ മതിയാവൂ.
ഇരുണ്ട, വിഷാദമഗ്നമായൊരനുഭവലോകത്തിന്റെ സാന്നിധ്യമാണ് കനലെഴുത്തിലെ കഥകൾക്കു പൊതുവേയുള്ള സമാനത. ഗൃഹാതുരതകളിൽ നിന്നു വിമുക്തമാവാനുള്ള വ്യഗ്രത കഥകൾ സ്വയം പ്രദർശിപ്പിക്കുന്നുണ്ട്. പുതിയ ലോകത്തിന്റെ വലക്കണ്ണികൾ പരസ്പരം കൂടിക്കുരുങ്ങി മോചന സാധ്യതകളേയില്ലാത്ത വിധം മനുഷ്യനെ ശ്വാസം മുട്ടിക്കുന്നതിന്റെ, ആനന്ദങ്ങളവസാനിക്കുന്നതിന്റെ വേദനകളും അസ്വസ്ഥതകളുമാണ് ഈ കഥകൾ പകരുന്നത്. ഒരിക്കലും കൃത്യമായി പൂരിപ്പിക്കാനാവാത്ത പദ പ്രശ്നം പോലെ അതു വായനക്കാരനെ അലട്ടിക്കൊണ്ടേയിരിക്കും. വായനക്കാരും ചെയ്യാത്ത രാജ്യദ്രോഹത്തിന്റെ പേരിൽ വിചാരണയില്ലാതെ  ജയിലിൽ കിടക്കുന്ന, ജീവിതം നിഷേധിക്കപ്പെട്ട കുത്തബ്ദീനെപ്പോലെ ജയിൽ സന്ദർശകയുടെ ഇളം ചുണ്ടിൽ നിന്ന് വൈരാഗ്യത്തോടെ പുറം ലോകം ഊറ്റിയെടുക്കാൻ തുടങ്ങും (ആന്ധി), പെങ്ങളില്ലാത്തതോർത്ത് ആൺകുട്ടികൾ വിഷാദിക്കുന്ന അവസ്ഥയിലേക്ക് എത്തിയ പെൺവാണിഭത്തിന്റെ വൻവിപണി സാധ്യതകൾ കണ്ടു ഭയപ്പെടും. (ഗോഡ്സ് ഓൺ കൺട്രി), പിഞ്ചുടലുകളുടെ സുഗന്ധവും, നേർത്ത പട്ടുപോലുള്ള പുതു ത്വക്കിന്റെ ഇളംചൂടും കാമാതുരനാക്കുന്ന വൃദ്ധനെ കൗശലത്തോടെ കെണിയിലാക്കുന്ന പെൺകിടാവിന്റെ തന്ത്രമൊന്നു പിഴച്ചെങ്കിലെന്നോർത്ത്‌ നടുങ്ങും (മൈത്രേയിയുടെ അച്ഛൻ ), രാത്രിയിലെ സുരക്ഷിതമായ പെൺനടത്തങ്ങൾക്ക് അവളെ ആണും പെണ്ണും കെട്ടവളാക്കുന്ന രക്ഷാകവചം കൂടിയേ തീരൂ എന്ന തിരിച്ചറിവിൽ വേദനിക്കും (അതിജീവനം), കുടുംബക്കലക്കങ്ങളുടെ, വിവാഹ മോചനത്തിന്റെ, രോഗത്തിന്റെ നൂറായിരം ആത്മസംഘർഷങ്ങളിൽ ഉലയുന്ന സഹപ്രവർത്തകയെക്കുറിച്ച് ഇല്ലാക്കഥകളുണ്ടാക്കുകയും ഒടുവിലവൾ ആത്മഹത്യ ചെയ്തപ്പോൾ കുറിപ്പൊന്നും എഴുതിവെച്ചിട്ടില്ലല്ലോ എന്നു സമാശ്വസിച്ച്  ഇനിയാരെക്കുറിച്ചു പറയുമെന്നു വിഷാദിക്കുന്ന ഹൃദയശൂന്യത കണ്ടു ഉള്ളുലയും (കഥാന്തരം). ഇങ്ങനെ വൈവിധ്യമാർന്ന അനുഭവലോകങ്ങളിലൂടെ ഈ കഥകൾ അതിന്റെ സൗമ്യമായ യാത്രകൾ തുടർന്നു കൊണ്ടേയിരിക്കുന്നു. 
(തലശ്ശേരി ഗവണ്‍മെന്‍റ് ബ്രണ്ണന്‍ കോളേജ് മലയാള വിഭാഗം അധ്യാപികയാണ് ലേഖിക)

Tuesday, May 17, 2016

മൂകവിഹ്വലതകള്‍ക്ക് പറയാനുള്ളത്

പുസ്തകം :മരണ വിദ്യാലയം 

രചയിതാവ് : സുസ്മേഷ് ചന്ദ്രോത്ത് 

പ്രസാധകര്‍ : മാതൃഭൂമി 
അവലോകനം :ഡോ. സുജയ 


നിമൃതികള്‍ക്കിടയിലെ ഒരു നൂല്പാലമാണ്  ജീവിതം. ബാഹ്യാന്തരസംഘര്‍ഷങ്ങള്‍ നിറഞ്ഞ ഒരു യാത്രയാണ് നമുക്കിവിടെ  പൂര്‍ത്തീകരിയ്ക്കാനുള്ളത്. പ്രശ്നങ്ങള്‍...അവ വൈയക്തികമോ സാമൂഹികമോ ആകാം, ഇവിടെ ചര്‍ച്ചാവിഷയമാകുന്നു. നിമിഷങ്ങള്‍ സംഭവബഹുലമാകുമ്പോള്‍ ,കാലം സങ്കീര്‍ണ്ണമാകു മ്പോള്‍ ,പ്രശ്നങ്ങള്‍ രൂക്ഷമാകുമ്പോള്‍ നേരിട്ടും അല്ലാതെയും നമുക്കനുഭവവേദ്യമാകുന്ന സമൂഹം നല്‍കുന്ന ത് ഉള്ളുപൊള്ളിയ്ക്കുന്ന കാര്യങ്ങളാണ്. കാലത്തിലേയ്ക്കും സമൂഹത്തിലേയ്ക്കും കണ്ണും കാതും തുറന്നു വെയ്ക്കുന്ന സാഹിത്യകാരന് ലഭിയ്ക്കുന്ന വിഷയങ്ങള്‍ നിരവധിയാണ്. അഥവാ ഓരോ കാര്യവും വിഷയ മായി മാറുന്നു. ഇങ്ങനെ വിവിധമായ ആശയങ്ങള്‍ ഉള്ളൊതുങ്ങുന്ന കഥകളാണ്  സുസ്മേഷ്  ചന്ത്രോത്തിന്റെ ‘ മരണവിദ്യാലയം ’ എന്ന കൃതിയില്‍ കാണുന്നത്.  

ഒരു വ്യത്യസ്തമായ അദ്ധ്യാപകകഥയെന്നു തന്നെ വിശേഷിപ്പിയ്ക്കാം ഇതിലെ ആദ്യ കഥയായ ‘മരണവി ദ്യാലയ’ത്തെ . നേത്രി  എന്ന കുട്ടിയുടെ മരണമാണ് വിഷയം. അന്വേഷണോദ്യോഗസ്ഥന്റേയും അദ്ധ്യാപി കയുടേയും നേത്രിയുടേയും ചിന്തകളിലൂടെ കഥ ചുരുളഴിയുന്നു. നേത്രിയുടെ കൌമാരപ്രായം പോലീസുദ്യോ ഗസ്ഥന്റെ മനസ്സില്‍ വ്യത്യസ്തമായ സന്ദേഹങ്ങളുണ്ടാക്കുന്നു . അവ അവളുടെ അച്ഛന്റേയും സ്കൂള്‍ ഡയ റക്ടറുടേയും നേര്‍ക്കു വരെ ചെന്നെത്തുന്നു. ജസ്ന ടീച്ചര്‍  പോലീസിനോട് പറയാതെ മറച്ചു വെച്ച സത്യം  നേത്രി  ഉത്തരക്കടലാസിലെ തെറ്റുകള്‍  വൈറ്റ്നര്‍ ഉപയോഗിച്ച് തിരുത്തിയത് താന്‍ കണ്ടെത്തി, അതുകൊ ണ്ടവള്‍ക്ക്  സ്കൂള്‍ അസംബ്ലിയില്‍  പരസ്യമായി മാപ്പ് പറയേണ്ടി വന്നു എന്നതാണ്  . ആര്‍ക്കും ഉത്തരം കണ്ടെത്താനാകാത്ത തന്റെ മരണത്തിന്റെ സത്യം നേത്രി തന്നെ പറഞ്ഞു തരുന്നു.  ക്ലാസ് ടീച്ചര്‍  അദിതിയാ ണവളെ അതിനു പ്രേരിപ്പിച്ചത്. മനസ്സില്ലാമനസ്സോടെ താന്‍  ചെയ്ത ആ തെറ്റ്  ഇക്കാര്യമറിയാത്ത ജസ്ന ടീച്ചര്‍ കണ്ടെത്തി. അണ്‍  എയ്‌ഡഡ്‌  സ്കൂളിലെ അദ്ധ്യാപകരുടെ ദുരിതങ്ങളാണിവിടെ യഥാര്‍ത്ഥ ചര്‍ച്ചാ വിഷയം.കുട്ടിയ്ക്ക് മാര്‍ക്ക് കുറഞ്ഞാല്‍ അത് ടീച്ചറുടെ കഴിവുകേടായി പരിഗണിയ്ക്കപ്പെടും.ജോലിസ്ഥിരത ഒരു പ്രശ്നമാകുന്നതുകൊണ്ട്  കുട്ടികളുടെ കരുണ അദ്ധ്യാപകര്‍ക്കത്യാവശ്യമാണെന്ന അവസ്ഥ വന്നു ചേരുക യാണ്. ജാതീയ ചിന്താഗതി പുലര്‍ത്തുന്ന ഒരു മാനേജ്മെന്റിന് കീഴില്‍ ജോലി ചെയ്യുന്ന ഇതര മതവിഭാഗ ത്തില്‍ പെട്ട അദ്ധ്യാപകര്‍ക്കു കൂടുതല്‍  ഭയക്കേണ്ടതുണ്ട് . വിദ്യാഭ്യാസം കച്ചവടവല്‍കൃതമാകുമ്പോള്‍ അദ്ധ്യാ പകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മൂല്യങ്ങളുപേക്ഷിച്ച്  പ്രവര്‍ത്തിയ്ക്കേണ്ടി വരുന്ന ദുരവസ്ഥയാണ് ഇവിടെ കഥാകൃത്ത്  പരാമര്‍ശിയ്ക്കുന്നത് .

സഫലമാകില്ലെന്നുറപ്പുണ്ടെങ്കിലും സ്വന്തമായിത്തിരി സ്ഥലവും അവിടെ ധാരാളം ചെടികളും മരങ്ങളും ഒരു കൊച്ചുവീടും സ്വപ്നം കാണുന്നവനാണ്  അരവിന്ദാക്ഷന്‍. ഒരു ഇലഞ്ഞിത്തയ്യ്‌  രഹസ്യമായി കൊണ്ടുവന്നു ഫ്ലാറ്റിന്റെ ടെറസ്സില്‍ വെച്ചപ്പോള്‍ ഭാര്യയും മക്കളും ആ ചെടിയേയും അയാളുടെ ആവേശത്തേയും വിസ്മയ ത്തോടെ നോക്കിക്കണ്ടു. പിറകെയെത്തി ചെമ്പകവും , വയലറ്റ്  മന്ദാരവും , നാഗലിംഗമരവും , നീര്‍മാതളവു മൊക്കെ . ഫ്ലാറ്റിലേയ്ക്കു മണ്ണ് കൊണ്ടുവന്നതിനെക്കുറിച്ചും , രാത്രി ഫ്ലാറ്റിനു ചുറ്റും നടക്കുന്നതിനെച്ചൊല്ലി പരാതിയുണ്ടായതിനെക്കുറിച്ചും ചോദിയ്ക്കാന്‍ വന്ന ഫ്ലാറ്റ് നോക്കിനടത്തിപ്പുകാരന്‍  ടെറസ്സിലെ മരക്കൂട്ടം കണ്ട്  അമ്പരന്നു. അല്പം സന്മനസ്സുള്ള അയാള്‍ക്ക്‌ അരവിന്ദാക്ഷ ന്റെ മനസ്സറിയാന്‍ കഴിഞ്ഞു. പിറ്റേന്ന് തന്നെ അയാള്‍ താനന്വേഷിച്ചു  കണ്ടെത്തിയ, നഗരത്തില്‍ നിന്നിത്തിരി അകലെയുള്ള വിലയൊതുക്കമുള്ള സ്ഥലത്തെക്കുറിച്ച് അരവിന്ദാക്ഷനു വിവരം നല്‍കി. ഫ്ലാറ്റ് ജീവിതം മലയാളിയുടെ മനസ്സിലുണ്ടാക്കുന്ന ഗൃഹാ തുരതയ്ക്ക് സമാന്തരമായി  ഒരു പ്രൈവറ്റ്  കമ്പനിയുദ്യോഗസ്ഥന്റെ ദുരിതങ്ങളും കമ്പ്യൂട്ടര്‍ നിരക്ഷരന് ഉദ്യോ ഗലബ്ദ്ധിയ്ക്കുള്ള പ്രയാസങ്ങളും ഇവിടെ കടന്നുവരുന്നുണ്ട്. നഗരം ഒരിടത്തരക്കാരന്  സമ്മാനിയ്ക്കുന്ന ആകുലതകളും വിഹ്വലതകളും നിറഞ്ഞ ‘ ഹരിതമോഹനം ’ എന്ന ഈ കഥ ആശയം കൊണ്ടും ക്രാഫ്റ്റ്  കൊണ്ടും പ്രഥമസ്ഥാനവും ശീര്‍ഷകസ്ഥാനവും അര്‍ഹിയ്ക്കുന്നുണ്ട്.

യഥാര്‍ത്ഥ രാഷ്ട്രീയബോധമെന്തെന്നും , രാഷ്ട്രീയം എന്തായിരിയ്ക്കണമെന്നും വിവരിയ്ക്കുന്ന സാര്‍വ്വ കാലികപ്രസക്തിയുള്ള ഒരു കഥയാ ണ്‌  ‘ ഉപജീവിതകലോത്സവം ’ഇടതുപക്ഷആദര്‍ശങ്ങള്‍ മനസ്സില്‍ സൂക്ഷിച്ച് അതിനനുസരിച്ച് ജീവിയ്ക്കാന്‍ പാടുപെടുകയാണ്  ഖയസ്  എന്ന അദ്ധ്യാപകന്‍. മകള്‍ക്ക് കൊഞ്ചി എന്ന് വിളിപ്പേരിട്ടു തങ്ങളെ അച്ഛനെന്നും അമ്മയെന്നും വിളിപ്പിയ്ക്കുന്ന അയാള്‍ അവളേയും കൊണ്ട്  ഉപജില്ലാകലോത്സവത്തിനെത്തിയതാണ്. വിദേശവിദ്യാഭ്യാസവും വമ്പിച്ച സ്വത്തുമുള്ള ഭാര്യയ്ക്ക്  അയാളുടെ ആദര്‍ശങ്ങളോടിണങ്ങാന്‍  കഴിഞ്ഞിരുന്നില്ല. ഇരുവരും സ്വന്തം ആദര്‍ശങ്ങള്‍ക്കൊത്ത്  മകളെ വളര്‍ത്തണമെന്ന്  വാശി പിടിച്ചപ്പോള്‍ ഒരു ‘ തര്‍ക്കസ്ഥലത്തിന്റെ ’  അവസ്ഥയായി അവള്‍ക്ക്. അധികാര മോഹികളുടെ  കുത്തകയായി  പാര്‍ട്ടി മാറിയപ്പോള്‍ ഖയസ് പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിഞ്ഞ് , 
ആദര്‍ശങ്ങളില്‍  നിന്ന് വ്യതിചലിയ്ക്കാതെ ജീവിച്ചു. ഭാര്യയുടെ എതിര്‍പ്പുകള്‍ക്കിടയിലും മകളെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്തു. അവളില്‍  സ്വാശ്രയശീലവും തന്റേടവുമുണ്ടാക്കി. കലോത്സവത്തിന്  ചെന്നെത്തിയ  ആ ഗ്രാമം, ചായക്കട, മകള്‍ക്ക് പേരക്കിടാവിനെന്ന പോലെ പാല്‍ ചൂടാറ്റി ക്കൊടുക്കുന്ന ചായക്കടക്കാ രന്‍,പരസ്പരം സ്നേഹം പങ്കിടുന്ന നാട്ടുകാര്‍ - എല്ലാം ഖയസ്സില്‍ പഴയ സ്മരണകളും ആവേശവുമുണര്‍ ത്തി . മകളും  ഇതെല്ലാം മനസ്സിലാക്കട്ടെയെന്നും, തീവ്രരാഷ്ട്രീയബോധം എങ്ങനെ പ്രാദേശികതലങ്ങളി ലൂടെ മനുഷ്യരിലേയ്ക്ക്  പകരുന്നു വെന്നു  കണ്ടറിയട്ടെയെന്നും അയാള്‍ കരുതി. തന്റെ മകള്‍  ദേശഭക്തി ഗാനം തന്നെ മത്സരയിനമായി തെരഞ്ഞെടുത്തത് തന്റെ പാരമ്പര്യമാ ണെന്നു ചിന്തിച്ചുകൊണ്ട് , ഗാനമാല പിയ്ക്കുന്ന മകളെ നോക്കിനിന്നപ്പോള്‍  അയാള്‍ക്ക് രക്തം രക്തത്തെ അഭിവാദ്യം ചെയ്യുന്ന അനുഭൂതിയു ണ്ടായി. ആ സന്തോഷത്തോടെ, അഭിമാനത്തോടെ, ആവേശത്തോടെ അയാള്‍ മകളെ ‘ സഖാവേ ’ എന്ന് വിളിച്ചു.

വിചിത്രവും, ശക്തവുമായ മാനുഷികബന്ധങ്ങളാണ്  'നീര്‍നായ' എന്ന കഥയില്‍  കടന്നു വരുന്നത്. കടല്‍ക്ക രയില്‍ ആവര്‍ത്തനവിരസമായ കാഴ്ച്ചകള്‍ക്കിടെ , കളിച്ചുകൊണ്ടിരുന്ന ഒരു പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ജയശീലന് അവളെ കാവൂട്ടീ എന്നു വിളിയ്ക്കാന്‍ തോന്നി. മിതഭാഷി യും ,മൌനവ്രതക്കാരനുമായ തന്നെ മടുത്തുതുടങ്ങിയ സോഫിയ്‌ക്ക്  തന്റെ സുഹൃത്ത്  പോളുമായുണ്ടായിരുന്ന ബന്ധം , തങ്ങളുടെ വിവാഹമോ ചനം , പോളും തന്റെ സഹപ്രവര്‍ത്തക രാധികയും തമ്മില്‍ താന്‍ നിര്‍ദ്ദേശിച്ച വിവാഹം , പ്രസവാനന്തരം രാധികയുടെ മരണം – തുടങ്ങി അനേകം കാര്യങ്ങള്‍  ജയശീലന്റെ മനസ്സിലൂടെ കടന്നു പോയി. പിന്നീട്  പോളിന്റെ മകള്‍ കാവൂട്ടിയാണ്  ഇരുവരുടെയും ബന്ധം നിലനിര്‍ ത്തിയത്. പോളുമായുള്ള ബന്ധത്തില്‍ സോഫിയ്ക്കൊരു കുഞ്ഞുണ്ടാകുമായിരുന്നുവെന്നും തന്റെ അഭിമാനത്തിനു വേണ്ടി ആ കുഞ്ഞിനെ വേണ്ടെ ന്നു വെച്ചതാണെന്നുമുള്ള അറിവ് കാവൂട്ടിയുമായുള്ള ജയശീലന്റെ ബന്ധം ശക്തമാക്കി. അക്കാര്യം പറഞ്ഞു താന്‍ രാധികയെ വഞ്ചിച്ചതോര്‍ത്ത്  കുറ്റബോധത്തോടെ കരയുന്ന പോളിനെ അയാള്‍ സമാധാനിപ്പിയ്ക്കു കയാണ്  ചെയ്തത് ! പോള്‍ സമ്മാനിച്ച വാച്ച് , പ്രവര്‍ത്തനരഹിതമായിട്ടും അയാള്‍ അതെപ്പോഴും കൈത്തണ്ടയില്‍ കെട്ടിയിരുന്നു. മുന്നോട്ടൊഴുകാത്ത കാലവും , നശിച്ചു  കഴിഞ്ഞിട്ടും അറുത്തെറിയാന്‍ കഴി യാത്ത ബന്ധങ്ങളുമൊക്കെയാണ് ആ വാച്ച്.

മനുഷ്യന്‍ പ്രകൃതിയോടു കാണിയ്ക്കുന്ന ക്രൂരതയും അതിനവനു ലഭിയ്ക്കുന്ന തിരിച്ചടിയുമാണ് 'ഭൂതമൊഴി ’ എന്ന കഥയുടെ സാരം. ‘ജന്തുക്കള്‍ ക്കും കപ്പച്ചെടികള്‍ക്കും കടലിലെ മീനുകള്‍ക്കും ഒരേ പോലത്തെ വീട് , മനുഷ്യര്‍ക്ക്‌ മാത്രം പല രൂപത്തിലുള്ള , പല ഉദ്ദേശ്യത്തിലുള്ള വീടുകള്‍ ’  എന്ന വാക്യങ്ങള്‍  മനുഷ്യന്റെ സ്വാര്‍ത്ഥത നിറഞ്ഞ മനസ്സ് വ്യക്തമാക്കുന്നു. പന്നികളേയും പൂച്ചകളേയുമൊക്കെ അടിച്ചുകൊന്നിരുന്ന കുഞ്ഞപ്പന് അവയുടെ ശാപമായി കിട്ടിയ രോഗമായിരുന്നു കൈ വിറയല്‍. നാട്ടിലെ നായ്ക്കളെയൊക്കെ ഷണ്ഡന്മാരാക്കിയ അയാള്‍ക്ക് അവസാന നാളുകളില്‍ കാലന്‍ നായ്ക്കള്‍  തന്റെയരികിലിരുന്നു ഓളിയിടു ന്നതായി തോന്നി. കനത്ത ബൂട്ടുകളിട്ട്  നായ്ക്കള്‍  മാര്‍ച്ച്  ചെയ്ത് വരുന്നു, പന്നികള്‍ വക്കീലിനെപ്പോലെകോട്ടണിഞ്ഞിരിയ്ക്കുന്നു, തലയില്‍ തോര്‍ത്ത് കെട്ടി മരം ചാരി നിന്ന് പുകവലിയ്ക്കുന്നു. ഭയപ്പെടുത്തിയും , വിധിച്ചും അവ പ്രതികാരം നിര്‍വ്വഹിയ്ക്കുകയാണ്.

മനുഷ്യത്വത്തിനും, ആസുരതയ്ക്കുമിടയില്‍  ചഞ്ചലപ്പെടുന്ന ഒരു കള്ളന്റെ കഥയാണ്‌  ' മരണത്തിനും സ്വര്‍ണ്ണത്തിനുമരികെ ’ . ഒരു വൃദ്ധയെ ഒന്നേമുക്കാല്‍ പവന്റെ മാലയ്ക്കു വേണ്ടി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതാപന്റെ മുമ്പില്‍ വെച്ചാണ് ഒരു വാഹനാപകടമുണ്ടായത്. ഒരു സമ്പന്നനാ യ ചെറുപ്പക്കാരന്‍. അയാളുടെ കൈവശമുണ്ടായിരുന്ന പണം മുഴുവന്‍ കൈയിലെടുത്ത് പോകാനൊരുങ്ങു മ്പോള്‍ എന്തുകൊണ്ടോ അയാളെ ആശുപത്രിയിലേയ്ക്കെത്തിയ്ക്കാന്‍ തോന്നി. ആശുപത്രിയിലെ ബില്ലട യ്ക്കുകയും ചെയ്തു. യുവാവിന്റെ പേര് ജോയി എന്നാണെന്നറിഞ്ഞപ്പോള്‍  താന്‍ കൊന്ന വൃദ്ധയുടെ മാല യിലെ കുരിശ് പ്രതാപന്റെ ഓര്‍മ്മയില്‍ വന്നു. വീണ്ടും അയാള്‍ കൈവ\ശമുള്ള പണം കൊണ്ട് എന്ത് ചെയ്യ ണമെന്ന ഭാവിപദ്ധതികള്‍  ക്രൂരമായി തയ്യാറാക്കുകയായിരുന്നു. രോഗിയായ ഭര്‍ത്താവിനെ പരിചരിയ്ക്കാന്‍ കൂടെ നിന്ന, ക്ഷീണം കൊണ്ടുറങ്ങിപ്പോയ ഒരു സ്ത്രീ  പ്രതാപന്റെ ശ്രദ്ധയാകര്‍ഷിച്ചു . അവരുടെ മാലയും, പാദസരവും മാത്രമല്ല ഒരു പീഡനശ്രമം കൂടി അയാളുടെ മനസ്സിലുണ്ടായിരുന്നു. പക്ഷേ ആ സ്ത്രീയുടെ ഭര്‍ത്താവിനു വേണ്ടിയുള്ള വിലാപവും , പ്രാര്‍ത്ഥനയും അയാളുടെ മനസ്സുലച്ചു. ജോയിയുടെ നന്ദിപൂര്‍വ്വമുള്ള ചിരിയും വാക്കുകളും കൂടിയായപ്പോള്‍  പ്രതാപന്  തന്റെ കൈവശമുള്ള  മുഴുവന്‍ പണവും , സ്വര്‍ണ്ണവും , വൃദ്ധയുടെ മാലയടക്കം ജോയിയുടെ തലയണക്കീഴില്‍  വെച്ച് ഒന്നും പറയാതെ യാത്രയായി. ജീവിതത്തെ ക്കുറിച്ചും മരണത്തെ ക്കുറിച്ചും ഏറെ ചിന്തിപ്പിയ്ക്കുന്ന ഒരു സാഹചര്യമാണ്  ആശുപത്രി. ഒരു കുറ്റവാളിയുടെ മനസ്സിലും നന്മയുടെ വിത്തുകള്‍ പാകാന്‍ കഴിയുന്ന ഒരിടം. ലാഭങ്ങളെക്കുറിച്ച്  മാത്രം ക്രൂരമായി ചിന്തിയ്ക്കു ന്ന ഒരാളുടെ മനസ്സില്‍  നന്മയുടെയും ക്ഷമയുടെയും , ത്യാഗത്തിന്റെയും മനോഭാവം ജനിപ്പിയ്ക്കുന്ന ആ മുഹൂര്‍ത്തമാണിവിടെ കാണുന്നത്.

ഭ്രാന്തമനസ്സിന്റെ വിഹ്വലതകള്‍  ചിത്രീകരിയ്ക്കുന്ന ചില കഥകളും ഈ കൃതിയിലുണ്ട്. സമനില തെറ്റിയ മനസ്സ് സൃഷ്ടിയ്ക്കുന്ന സാങ്കല്പിക ലോകവും അതിന്റെ ക്രൂരതയും ഇവിടെ കാണുന്നു. താളപ്പിഴകള്‍ പറ്റിയ മനസ്സിന്റെ സന്ത്രാസങ്ങളും സാന്ത്വനത്തിനായുള്ള മോഹവും ഈ കഥകളില്‍  വിവരിയ്ക്കപ്പെടുന്നു.

പത്ത് കഥകളാണീ  സമാഹാരത്തിലുള്ളത്.  ആഖ്യാനരീതി കൊണ്ടും പ്രമേയം കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന കഥകള്‍. കഥാപാത്രങ്ങ ളുടെ വ്യക്തിത്വം ,അവര്‍ക്ക് നല്‍കിയിരിയ്ക്കുന്ന പേര്  തുടങ്ങിയ കാര്യങ്ങളില്‍ പോലും ഈ വൈവിദ്ധ്യം കഥാകൃത്ത് പുലര്‍ത്തുന്നുണ്ട്. അച്ഛന്‍ കൊണ്ടുവന്ന ഇലഞ്ഞിത്തയ്യുടെ അടുത്ത്  കൈ രണ്ടും ചേര്‍ത്തുപിടിച്ച് കുന്തിച്ചിരുന്നു അതിനെ ഒരു ചത്ത ജന്തുവിനെയെന്നോണം നിരീക്ഷി യ്ക്കുന്ന അഞ്ചു വയസ്സുകാരി പീലി, ഏകലോകസങ്കല്‍പം വെച്ചുപുലര്‍ത്തുന്ന അരവിന്ദാക്ഷന്‍,  എന്നും താന്‍ അറപ്പോടെയും വെറുപ്പോടെയും മാത്രം കണ്ടിരുന്ന അമ്മയുടെ ഒരു അസ്ഥി സ്വന്തം മന:ശാന്തിയ്ക്ക്  വേണ്ടി തേടി നടക്കുന്ന നന്നാറി, ഒരു കരിമ്പുലിയെ ഓര്‍മ്മിപ്പിയ്ക്കുന്ന പുരുഷവിദ്വേഷിയായ ശ്രേയാറാവു – എന്നിവരൊക്കെ കൌതുകവും, സന്തോഷവും, അവജ്ഞയും, ഭയവുമൊക്കെ ജനിപ്പിച്ചു കൊണ്ട് നമ്മെ പിന്തു ടരുന്ന കഥാപാത്രങ്ങളാണ്.

‘ ഇറച്ചിയ്ക്ക് വേണ്ടി ജീവനെടുത്ത ജന്തുവിന്റെ ചോരയേക്കാള്‍  അറപ്പിയ്ക്കുന്നതും നികൃഷ്ടവുമാണോ  മണ്ണ് ? ’, ‘ അമ്മയുടെ  അസ്ഥികളുടെ മരണാനന്തരപ്രസക്തിയെപ്പറ്റി ചിന്തിയ്ക്കാത്ത മകന്റെ വിവേക മെവിടെയാണ് ? ’ , ‘ ഭര്‍ത്താവിനോടോപ്പമുളള ജീവിതം ഏതു സ്ത്രീയെയും ആദ്യം പഠിപ്പിയ്ക്കുന്നത് അതുവരെ അവള്‍ പഠിച്ചിട്ടില്ലാത്ത പുതിയൊരു ഭാഷയായിരിയ്ക്കും’ , ‘ നമ്മുടെ നാട്ടിലെ ഓരോ സ്ത്രീയും മറ്റൊരു ഫൂലനാവാന്‍ മനസാ ആഗ്രഹിയ്ക്കുന്നവരാണ് ’  എന്നിങ്ങനെ അനുവാചകമനസ്സിനെ ചിന്തയുടെ ആഴങ്ങളിലേയ്ക്കാഴ്ത്തുന്ന പല ആശയങ്ങളും കഥാകൃത്ത് മുന്നോട്ടു വെയ്ക്കുന്നുണ്ട്.  ചെറുകഥകളാണെങ്കി ലും പ്രമേയമോ, കഥാന്തരീക്ഷമോ , വായനക്കാരുടെ മനസ്സില്‍  സൃഷ്ടിയ്ക്കാനുദ്ദേശിയ്ക്കുന്ന സംവാദങ്ങ ളോ ചെറുതല്ല. നിശിതവും, വ്യക്തവുമായ ഭാഷയും ശക്തമായ ആശയാവിഷ്ക്കാരത്തിനു പിന്തുണയായുണ്ട് .

Wednesday, October 14, 2015

നിരീശ്വരൻ

പുസ്തകം :നിരീശ്വരൻ   (നോവൽ)
രചയിതാവ് : വി ജെ ജെയിംസ്‌
പ്രസാധകര്‍ : ഡി സി ബുക്സ്
അവലോകനം :അൻവർ ഹുസൈൻ എച്ച് 




                                               ഓര്‍മ്മയില്‍ മുന്നുര



'ആലുമ്മൂട്ടിലെ വേലുശ്ശാരുടെ വാലിന്‍ തുമ്പിലൊ

രാലു മുളച്ചിട്ടാലിന്മേലൊരു മാവ് മുളച്ചി

ട്ടാലും മാവും ചേര്‍ന്നിട്ടങ്ങനെ ആല്‍മാവായി

പിന്നെ പിന്നെ യതാത്മാവായെ

ന്നേതോ  നുണയന്‍ ചൊല്ലി നടപ്പതു

നേരായാലും നുണയായാലും

കേട്ടവരെല്ലാം ചെവി പൊത്തിക്കോ ചേട്ടന്മാരെ '


              ബാല്യത്തില്‍ ബാലരമയില്‍ 'ഒറ്റ ശ്വാസത്തില്‍ പാടാമോ' എന്ന ശീര്‍ഷകത്തില്‍ വായിച്ച, കവിയെ ഓര്‍മ്മയില്ലാത്ത, ഈ വരികള്‍ നിരീശ്വര വായനയില്‍ മനസ്സിലുടക്കി. ആലും  മാവും സംക്രമിച്ചു ആത്മാവാകുന്ന മാസ്മരികത ഇതിലുമുണ്ടല്ലൊ? 2014 ലെ ഏറ്റവും നല്ല വായന സമ്മാനിച്ചു എന്ന് പരക്കെ പ്രശസ്തി ലഭിച്ച ഒരു ഉദാത്ത കൃതിക്ക് ആസ്വാദനം എഴുതുന്നത് ഉചിതമല്ലായിരിക്കാം. ചില വിചാരങ്ങള്‍ പങ്കു വയ്ക്കാതെ വയ്യ. ചെവി പൊത്താതെ കേള്‍ക്കുമല്ലോ?




സൃഷ്ടി


ഒന്നാം ദലം : ഗ്രന്ഥ  വിചാരം.


            ഒരു പുസ്തകത്തിന് അനേക വായനകള്‍ നടക്കുന്നുണ്ട്. വായനക്കാരന്‍ വിവിധ തലങ്ങളില്‍ എഴുത്തിനെ സമീപിക്കുന്നു. ഒരു ഗ്രന്ഥത്തിന്റെ ഔന്നത്യം തന്നെ ഇത്തരം  വായനുടെ വൈപുല്യം എത്ര മാത്രം എന്നതിനെ ആശ്രയിക്കുന്നു. മഹാ ഭാരതം ഒരേ സമയം യുദ്ധത്തിന്റെയും സമാധാനത്തിന്റെയും നേരിന്റെയും അസത്യത്തിന്റെയും നന്മയുടെയും തിന്മയുടെയും ഗ്രന്ഥമായി മാറുന്നത് അതു കൊണ്ടാണ്. ഒട്ടേറെ മാനങ്ങളില്‍ ഉള്‍കാഴ്ച്ചയോടെ എഴുതാന്‍ കഴിയുക മഹത്തുക്കള്‍ക്ക് മാത്രമാണ്. അതിനാലാണ് അത്തരം സൃഷ്ടികള്‍ കാലാദിവര്‍ത്തി ആയി നില കൊള്ളുന്നത്. ധാരാളം നോവലുകളുടെ പെരുവെള്ളപാച്ചിലാണ് ഇപ്പോൾ. പക്ഷെ ക്ലാസ്സിക്കുകൾ അധികം ഉണ്ടാവുന്നില്ല. വായിച്ചു പോകാവുന്ന കഥകൾ ഏറെ കാലം ആവർത്തിച്ചു വായിക്കപ്പെടുന്നില്ല. "ഖസാക്കി"നൊക്കെ ഇന്നും പുനർ:വായനകൾ നടക്കുമ്പോൾ ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന, അവാർഡുകൾ വാരി കൂട്ടുന്ന, പല നോവലുകളും പുനർ:വായനക്കായി എടുക്കപ്പെടുന്നില്ല. ചിലവ എങ്കിലും ഉണ്ടാവുക അല്ല, ഉണ്ടാക്കുക ആണ് എന്ന് പറയേണ്ടി വരും. അവാർഡിനെ ലാക്കാക്കി, മികച്ച കൃതികളെ അനുകരിച്ചും അനുഗമിച്ചും പടച്ചുണ്ടാക്കുന്ന, എഴുത്തുകാരന്റെ ഉള്ളിൽ നിന്നും  പുറ പ്പെടാത്ത വരികൾ കാലത്തിന്റെ കുത്തൊഴുക്കിനെ അതിജീവിക്കുകയില്ല തന്നെ. വി ജെ ജെയിംസിൽ നിന്ന് ക്ലാസിക് ഉണ്ടാവുക തന്നെ ചെയ്യും എന്ന് പറയാൻ എനിക്ക് മടിയില്ല. അത് നിരീശ്വരൻ ആണോ പുറപ്പാടിന്റെ പുസ്തകം ആണോ ചോരശാസ്ത്രം ആണോ അതോ ഇനി വരാനിരിക്കുന്ന ഏതോ ഒന്നാണോ എന്നെനിക്കു നിശ്ചയം പോരാ.


രണ്ടാം ദലം : രൂപ ഭദ്രത.


             നോവലുകളുടെ രൂപത്തെ പറ്റി അനേക സിദ്ധാന്തങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്. എഴുത്തുകാരന്‍ ബാഹ്യമായ രൂപം സൃഷ്ടിക്കുമ്പോള്‍ വായനക്കാര്‍ ആന്തരികമായ അനേക അര്‍ത്ഥ തലങ്ങളില്‍ രൂപങ്ങള്‍  മിനഞ്ഞെടുക്കുന്നു. ഓരോ വായനയും വായനക്കാരന് അങ്ങനെയാണ് പുതിയ ഒരു അനുഭവം ആകുന്നതു. "പ്രതി പാത്രം ഭാഷണ ഭേദം" എന്ന ഗ്രന്ഥത്തിൽ സി വി യുടെ ആഖ്യായികകളിലെ രൂപ മെനയലുകളെ പ്രൊഫ. എൻ കൃഷ്ണ പിള്ള വിശദമായി പ്രതിപാദിക്കുന്നു. "അന്ധനായ ദൈവം"  എന്ന കൃതിയിൽ പി കെ രാജശേഖരൻ മലയാള നോവലുകളെ വിശദമായി അപഗ്രധിക്കുന്നുണ്ട്. എവിടെയും, വിശാല കാൻവാസിലെഴുതുന്ന കഥാരൂപം എന്ന നിലയിൽ  നോവലിന് കയ്യടക്കം വിധിക്കുന്നു. അല്ലാതെ നോവൽ എഴുതുമ്പോ അത് കാക്ക കൊതി വലിച്ചിട്ട പോലെ കുറെ ജീവിതങ്ങളും കഥാപാത്രങ്ങളും ആകുന്നു. അനുവാചകന്റെ മനസ്സിൽ അവ ചിര:സ്ഥായി ആവുന്നില്ല. നിരീശ്വരനിൽ ഈ കയ്യടക്കം പൂർണ്ണമായി പാലിക്കപ്പെട്ടു എന്ന് പറയാനാവില്ല. എന്നാൽ ഒരു പരിധി വരെ വിജയിച്ചു എന്ന് തന്നെ പറയാം.


മൂന്നാം ദലം : പ്രമേയ തെരഞ്ഞെടുപ്പ്.


               ഈശ്വര വിശ്വാസത്തെ യോ നിരീശ്വര വാദത്തെയോ താരതമ്യപ്പെടുത്തുന്ന ഒരു പ്രമേയം അല്ല ഇതില്‍. ദൃഡ വിശ്വാസത്തിനു മൂര്‍ത്തി   രൂപം നല്‍കല്‍  ആണ് ഈശ്വര സങ്കല്‍പ്പത്തില്‍ സംഭവിക്കുന്നത്. അത് എന്ത് കൊണ്ട് നിരീശ്വരവും ആയിക്കൂടാ എന്നാണ് നോവലിസ്റ്റ് ചോദിക്കുന്നത്. നിരീശ്വര മതം തന്നെ രൂപപ്പെട്ടു കൂടായ്കയില്ല. ചിലര്‍ നിരീശ്വര വാദത്തെ കളിയാക്കുന്ന എഴുതാണിതെന്നും അതിനാല്‍  ഇത് തെറ്റായ സന്ദേശം ആണ് നല്കുന്നതെന്നും വാദിക്കുന്നു. അതിനു നോവലിസ്റ്റ് മറ്റൊരിടത്ത് മറുപടി നല്കുന്നുണ്ട്. 'ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ സത്യങ്ങളും എന്റെ മഹാ ബുദ്ധി കൊണ്ട് ഞാനിതാ കണ്ടറി ഞ്ഞിരിക്കുന്നു. മറ്റുള്ളതെല്ലാം വിഡ്ഢിത്തം എന്നന്ത് അറിവല്ല അറിവുകേടാണെന്ന് '  റോബെര്‍ട്ടോയെ കൊണ്ട് നോവലിസ്റ്റ് പറയിപ്പിക്കുന്നത് കൂട്ടി വായിക്കാവുന്നതാണ് നോവലിലെ കഥാപാത്രങ്ങള്‍ അവരവരുടെ ഫിലോസഫി ആണ് പറയുന്നത്. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങള്‍' യുവാക്കളെ കഞ്ചാവ് വലിപ്പിക്കുന്നു എന്ന് പറയുന്ന പോലെ ആണിത്. സത്യത്തില്‍ ഇതിന്റെ പ്രമേയം  അമൂര്‍ത്തമായ ഒരു തലത്തിലാണ്. ദ്വിമാനം, ത്രിമാനം എന്നൊക്കെ പറയുന്നതിനപ്പുറം അതിമാനം എന്ന ഊര്‍ജ്ജതന്ത്ര വീക്ഷണം പോലെ പറഞ്ഞു ഫലിപ്പിക്കാന്‍ പ്രയാസവുമാണത്.

സ്ഥിതി


നാലാം ദലം : പാത്ര സൃഷ്ടി.


                    ആഭാസന്മാര്‍ എന്ന ആന്റണിഭാസ്‌കരന്‍സഹീര്‍ എന്ന ത്രിമത പ്രതിനിധികളെ അവതരിപ്പിക്കുക വഴി നോവലിസ്റ്റ് മതേതര ക്ലീഷേ ആവര്‍ത്തി ക്കുന്നു എന്ന് തോന്നാം. പക്ഷെ ഇത് നമ്മുടെ വര്‍ത്ത മാന കാല വീക്ഷണമാണ്. അജിത്തേട്ടന്‍ എന്ന ബ്ലോഗ് രംഗത്തെ പ്രിയ മിത്രത്തിന്റെ വീട്ടില്‍ ഞാനും മഹേഷ് കൊട്ടാരത്തിലും ബെഞ്ചി നെല്ലിക്കാലയും കൂടി പോയ പടം കണ്ടു ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ  പ്രതിനിധികള്‍ എന്ന കമന്റു എഫ് ബി യിൽ കോറി ഇട്ടപ്പോഴാണ് ആ സത്യം ഞങ്ങൾ പോലും ശ്രദ്ധിക്കുന്നത്. ഓരോ ദിക്കിലും മലയാളിയിൽ ഈ നാടകം  അരങ്ങേറുന്നു. അതിനാൽ വേദി അനുസരിച്ച് വെടി  പൊട്ടിച്ചു എന്ന് മാത്രം!


            ഇന്ദ്രജിത്ത് അടുത്തിടെ മലയാള നോവല്‍  ദര്‍ശിച്ച മികച്ച പാത്രം തന്നെ. ഇന്ദ്രജിത്തിന്റെ മറുപാതി സുധ ഏറെ നൊമ്പരപ്പെടുത്തി നമ്മോടൊപ്പം ജീവിക്കുന്നു. മിത്തായി മാത്രം കരുതുന്ന ചിലവ യാഥാര്‍ത്ഥ്യമായി  ജീവിതത്തില്‍ എത്തിപ്പെട്ടാല്‍ സംഭവിക്കുന്നത് എന്താണെന്ന് ഭാവന ചെയ്യാനേ  പറ്റൂ.


                       'മുടി നിറച്ച ചാക്കുകെട്ടില്‍ മറ്റൊരു നിര്‍ജ്ജീവമായ കെട്ട് പോലെ  ' നോവലില്‍ അവശേഷിക്കേണ്ട  ബാര്‍ബര്‍ മണിയന് ഉദാത്തമായ ഒരു ജന്മ ഗതി നോവലിസ്റ്റ് നല്കിയിരിക്കുന്നു. എമ്പ്രാതിരിയും നോവലിസ്റ്റിന്റെ തന്നെ പ്രതിരൂപമായ റോബെര്‍ട്ടൊയും  ഒക്കെ പാത്രസൃഷ്ടിയുടെ അത്ഭുത ലോകം സൃഷ്ടിക്കുന്നു.


സ്ഥിതി


അഞ്ചാം ദലം : ഭാഷാ സംവേദനം.


                 അന്യാദൃശ്യമായ ഭാഷ കൊണ്ട് സമ്പന്നമാണ് ഈ നോവല്‍  എന്ന് പറയാതെ വയ്യ. രണ്ടാം വായനയില്‍ എടുത്തെഴുതണം  എന്ന് രേഖപ്പെടുത്തപ്പെട്ട ഭാഗങ്ങള്‍ മുഴുവന്‍ പകര്‍ത്തുക വയ്യ. ചില വരികള്‍ ധ്യാനം ചെയ്തു കടഞ്ഞെടുത്തിരിക്കുന്നു. 'നാണമെന്നിയെ മുദാ നാവിന മേല്‍  നടനം ചെയ്‌തേ ണാങ്ക കായനേ യഥാ കാനനേ ദിഗംബരന്‍ ' എന്ന് വാഗ്‌ദേവതയോട് പ്രാര്‍ത്ഥിച്ചു കവി നേടിയെടുത്ത വരമാണ് ഈ ഭാഷ. ഇങ്ങനെ എഴുതുമ്പോള്‍ നോവലിസ്റ്റും കവി ആയി മാറുന്നു.  എല്ലാ വഴികളുടെയും സംഗമ സ്ഥാനത്തെ, ആല്‍തറയെ, കവി വര്‍ണ്ണിക്കുന്നത് കാണുക..'അപ്പോള്‍ ആളും മാവും ചേര്‍ന്ന് തങ്ങള്‍ക്കു നേരെ നടന്നു വരുന്നവളെ ആകാംക്ഷയോടെ ഉറ്റുനോക്കി. ആലി നെയും മാവിനേയും പോലെ ഒന്നിപ്പ് അനുഭവിച്ചവളെ ആത്മാവ് ആത്മാവിനെ തൊട്ടറിയുന്ന പോലെ അവയ്ക്ക് തിരിച്ചറി യാനാവുന്നുണ്ടായിരുന്നു. പതിവ്രതയുടെ ചൈതന്യം പരിസരത്തില്‍ പ്രസരിക്കുന്നത് വൃക്ഷങ്ങള്‍ കണ്ടറിഞ്ഞു. മുളച്ച കാലം തൊട്ടേ കാത്ത സമാഗമത്തിനായി ഒന്നായി നിന്ന് അവ തയ്യാറെടുക്കുമ്പോള്‍ വൃക്ഷത്തിന് മീതെ നിന്ന് ആണ്‍മയില്‍ നീട്ടി വിളിച്ചു..' സുധയെ അപ്പോള്‍ ഉപഗുപ്ത സമാഗമത്തിനായി  കാത്തിരിക്കുന്ന നായികയെ ഓര്‍മ്മിപ്പിച്ചു. വാസവദത്ത സ്വഭാവ സവിശേഷതകളില്‍ സുധ ആവില്ല എന്നിട്ടും  'അന്തിമമാം മലരര്‍പ്പിച്ചടിയാന്‍ മലര്‍ കാക്കില്ലേ, ഗന്ധ വാഹകനെ, രഹസ്യ മാര്‍ക്കറിയാവൂ!' ആശാന്റെ വരികള്‍!


ആറാം ദലം : ഗന്ധമാം ഇന്ദ്രിയം.


                    ഗോപാലുകുട്ടിയാശാനിലൂടെ,, ജാനകിയിലൂടെ ഗന്ധം എന്ന വിശേഷപ്പെട്ട പഞ്ചേ ന്ദ്രിയത്തില്‍ ശക്തമാം ഒന്നിനെ അവതരിപ്പിക്കുകയാണ് ഈ നോവലില്‍. എന്റെ വായനാ പരിമിതി ആണോ എന്നറിയില്ല; ഗന്ധം ഇത്ര മാത്രം ഉപയോഗപ്പെടുത്തുന്ന ഒരു നോവല്‍  അടുത്തിടെ വായിച്ചിട്ടില്ല. റോബെര്‍ട്ടോ ജാനകിയില്‍ ഒരു ശാസ്ത്രജ്ഞയെ കാണുന്നത് വെറുതെയല്ല. ഗന്ധം ഉപയോഗിപ്പെടേണ്ട മേഖലകളുടെ ഗവേഷണം തന്നെ ഇതിൽ നിർവ്വഹിക്കപ്പെട്ടു.


ഏഴാം ദലം : ചലനം, ചലനം സര്‍വത്ര.


                      ശാസ്ത്രം എഴുത്തില്‍ ചാലിച്ച് ഒരുപാട് കൃതികള്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല. സി രാധാകൃഷ്ണന്‍ 'ഉള്ളില്‍ ഉള്ളത്' പോലെ ചില മികച്ച നോവലുകളില്‍ ശാ സ്ത്രാംശം നന്നായി ഇഴ ചേര്‍ത്തു. ഒട്ടേറെ യുവ കഥാ കൃത്തുക്കള്‍ ജനിറ്റിക്‌സും നാനോ ടെക്‌നോളജി യും ഒക്കെ തന്റെ കഥകളില്‍ സന്നിവേശിപ്പിക്കുമ്പോഴും അപൂര്‍വ്വം ചിലതിലൊ ഴികെ  അത് മോരും മുതിരയും ആകുന്നു. ഇവിടെ സൂക്ഷ്മ ഗന്ധത്തിന്റെ വിനിമയവും അതിന്റെ ഭാവി സാധ്യതയും പല ഇടങ്ങ ളിലും നോവലിസ്റ്റ് വരച്ചു കാട്ടുന്നു. വിചാരത്തിന്റെ ഫ്രീക്വന്‍സി റെസനന്‍സ് വരും കാല സ്‌കാനിംഗ് ടെക്‌നോളജി ആകുമെങ്കില്‍ അത് പ്രവചിച്ചത് വി ജെ ജെയിംസ് ആകും. 'ബ്രഹ്മ സത്യം ജഗത്മിധ്യ എന്ന വാക്യത്തെ ഊര്‍ജ്ജ സത്യം വസ്തു മിഥ്യ എന്ന ശാസ്ത്രവാക്യം ആക്കിയാല്‍ രണ്ടും ഒന്നാകാതെ വയ്യ' എന്ന് റോബര്‍ട്ടോയിലൂടെ നോവലിസ്റ്റ് പറയുന്നു. ഇത് ഗ്രഹിച്ചാല്‍ 'നേതി നേതി' എന്ന് പറയുന്ന ബ്രഹ്മ വിദ്യയിലെത്താം. അപ്പോള്‍ ഉത്തമമായ ഒരു സന്ദേശവുമായി. ചലന നിയമം എന്ന  ദലം ഒരു പക്ഷെ ഈ നോവലിന്റെ ഏറ്റവും സൂക്ഷാംശമുള്ള ഭാഗം ആയി മാറുന്നു.
സംഹാര ശേഷം


എട്ടാം ദലം : സൗഹൃദം.


                               വി ജെ ജെയിംസ് എഴുതുമ്പോഴൊക്കെ സൗഹൃദം അതില്‍ മായാതെ മറയാതെ ഉണ്ടാകും. ഇവിടെ സൌഹൃദവും ശത്രുതയും ആഴത്തില്‍ വിശകലനം ചെയ്യുന്നു. ശത്രുത എന്ന തരം  താണ അന്ധത മണിയന്‍ തിരിച്ചറിയുന്നു.  അന്നാമ്മയുടെ അടുപ്പില്‍ പുന്നെല്ലിന്റെ ചോറ് വെന്തത് സ്‌ന്ഹത്തിന്റെ തീനാളം കൊണ്ടാണ്. അകന്നു പോകുന്ന സൌഹൃദങ്ങളെ കണ്ടു, ദേഹത്തേക്കാള്‍ മനസ്സ് നൊന്തു ഭാസ്‌കരന്‍ ഇരുന്നു പോകുന്നു മറ്റൊരിടത്ത്. മനുഷ്യ ബന്ധങ്ങളുടെ കാമ്പുള്ള വിലയിരുത്തലായി നോവല്‍  മാറുന്നു.


ഒന്‍പതാം ദലം : ലയം.


               നിരീശ്വരനിലൂടെ കടന്നു പോയ ശേഷം എന്താണ് അവശേഷിക്കുന്നത്? ഇതൊരു സിദ്ധാന്തങ്ങളുടെ താരതമ്യ കഥയാണോ? സ്‌നേഹത്തിന്റെ പരീക്ഷണ കഥകളുടെ സമാഹാരം ആണോ? മനുഷ്യന്റെ അന്ത: സംഘര്‍ഷങ്ങളുടെ കാവ്യമാണോ? സാമൂഹ്യ  യാഥാര്‍ത്ഥ്യങ്ങളുടെ വിശകലന ശ്രമം ആണോ? ശാസ്ത്ര തത്വ സംഹിതകളുടെ കഥകളിലെ സന്നിവേശമാണോ?  മിത്തും യാഥാര്‍ത്ഥ്യവും  കൂട്ടു ചേര്‍ക്കാനുള്ള ശ്രമം ആണോ? ഇതിനൊക്കെ അപ്പുറം ഏതോ അസാധാരണ തലങ്ങളില്‍ നടക്കുന്ന മനസ്സുകളുടെ വിഭ്രാന്തികളുടെ ആത്മ്മാവിഷ്‌കാരമാണോ? എന്തായാലും,  ഡോ. എസ് എസ് ശ്രീകുമാര്‍ പഠനത്തില്‍ എഴുതിയപോലെ മലയാള നോവലിന്റെ വളര്‍ച്ചയെ നിസ്സംശയമായും ഈ രചന അടയാളപ്പെടുത്തുന്നുണ്ട്. വായനക്കാരാ, താങ്കളും ഇത് തല കുലുക്കി സമ്മതിക്കും.


'ഓം നിരീശ്വരായ നമ:'