Wednesday, January 12, 2011

കാഥികന്റെ പണിപ്പുര

പുസ്തകം : കാഥികന്റെ പണിപ്പുര
രചയിതാവ് : എം.ടി.വാസുദേവൻ നായർ

പ്രസാധനം : ഡി.സി.ബുക്ക്‌സ്
അവലോകനം : മൈത്രേയി


ലയാള നോവൽ ‍- കഥാ സാഹിത്യ കുലപതിയായ ശ്രീ. എം.ടി. വാസുദേവന്‍ നായരുടെ  'കാഥികന്റെ പണിപ്പുര' യില്‍ നിന്ന് ചിലത്.

QUOTE

കഥ പൂര്‍ണ്ണമായും മനസ്സിലെഴുതുകയാണ് ഞാന്‍ ചെയ്യുന്നത്. വെട്ടലും   തിരുത്തലും മായ്ക്കലും തൂക്കം നോക്കലും എല്ലാം മനസ്സില്‍ തന്നെ. വാക്കുകള്‍   കൂടി മനസ്സില്‍ എഴുതപ്പെട്ടു കഴിഞ്ഞു, പൂര്‍ണ്ണമായാലേ 'എഴുതാൻ'പറ്റൂ. മനസ്സിലെ നിര്‍മ്മാണ പ്രക്രിയ കഴിഞ്ഞുവെന്ന് സ്വയം   വിശ്വസിപ്പിച്ച് നേരത്തേ എഴുതാനിരുന്നാല്‍ കഥയെഴുത്ത് വഴിക്കെവിടെയെങ്കിലും വെച്ച് നിന്നു പോകും.

കഥാപാത്രങ്ങള്‍ പ്രസംഗിക്കരുത്. സാധാരണ മനുഷ്യരെപ്പോലെ ആവശ്യത്തിനു മാത്രം  സംസാരിച്ചാല്‍ മതി.

നോവലിനേക്കാള്‍ കഠിനമാണ് കഥയുടെ ശില്‍പ്പവിദ്യ. ഒരു വാക്കോ ഒരു വാചകമോ ഒരു   പാരഗ്രാഫോ അധികപ്പറ്റായാല്‍ നോവലിനു കോട്ടം തട്ടുകയില്ല. ഒരു വാചകത്തിന്റെ   സൗഭഗക്കുറവ് മതി കഥയെ കൊല്ലാൻ‍.

കഥ എന്നത് ഒരു സാങ്കേതിക നാമമാണ്. ഒരു ഭാവം, ഒരു ചലനം, ഉള്ളില്‍ തട്ടുന്ന ഒരു ചിത്രം, ഇതൊക്കയാണ് ഒരു കഥകൊണ്ട് മൊത്തത്തില്‍ സാധിക്കുന്നതും.

വാസ്തവത്തില്‍ അനേകം വാതിലുകളും ജാലകങ്ങളുമുള്ള  മഹാസൗധങ്ങളായിരിക്കണം   നോവലുകൾ‍. ഇരുണ്ട ഇടനാഴികകളും വെളിച്ചം നിറഞ്ഞ തളങ്ങളും കൂറ്റന്‍ തൂണുകളും   പട്ടുവിരികളും വിഴുപ്പുഭാണ്ഡങ്ങളും എല്ലാം അവിടവിടായി കണ്ടെന്നു വരും.

നിങ്ങള്‍ക്കു സുപരിചിതമായ ജീവിതമണ്ഡലങ്ങളില്‍ നിന്നു സൃഷ്ടിക്കുവാന്‍ ശ്രമിക്കുക. സ്ഥലവും കാലവും ജീവിതവും നിങ്ങള്‍ക്ക് അടുത്തറിയാവുന്നതാണെങ്കില്‍ സൃഷ്ടി സുഖകരമാണ്. സുപരിചിതമല്ലാത്ത ജീവിതമണ്ഡലങ്ങളെ സൃഷ്ടിക്കുവാന്‍ കഴിയുകയില്ലേ? കഴിയും. അമിത   പ്രഭാവശാലിനിയായ പ്രതിഭയുടെ അകമഴിഞ്ഞ അനുഗ്രഹമുണ്ടെങ്കില്‍ മാത്രം.

UNQUOTE

കഥയും നോവലുമെഴുതാന്‍ ആഗ്രഹിക്കുന്നവര്‍ അത്യാവശ്യം വായിച്ചിരിക്കേണ്ടതാണ് ഈ  പുസ്തകം .

7 comments:

 1. ഇതൊരു അവലോകനമാണോ?
  അല്ലേ.. അല്ല.. ലേഖികയുടെ പേര് ഇതില്‍ ചേര്‍ക്കാന്‍ മാത്രം എന്താണിതില്‍ ഉള്ളത്? ഒരു ഒറ്റവരി ഉപദേശം..
  പണ്ട് സ്കൂളില്‍ മലയാളം വിഷയത്തില്‍ എം.ടി-യുടെ ഒരുപാഠം പഠിച്ചിട്ടുണ്ട് 'കാഥികന്റെ പണിപ്പുര'. അതൊക്കെ പണ്ടേ വായിച്ചും പഠിച്ചും ഒക്കെ ആണ് ബൂലോകത്തിലെ പല സുഹൃത്തുക്കളും ഇവിടെ എത്തിയിട്ടുള്ളതെന്ന് ഓര്‍ക്കുന്നതും നല്ലതാണ്..
  ഇങ്ങനെ ആണെങ്കില്‍ ഈ സംരഭത്തിന്റെ നടത്തിപ്പുകാരോട് ഒരു വാക്ക്..
  ഷെര്‍ലക് ഹോംസിന്റെ 'ബാസ്കര്‍ വില്‍സിലെ വേട്ടനായ' എന്ന നോവലിലെ ത്രില്ലിങ്ങായ ഏതാനും ഭാഗം ടൈപ്പ് ചെയ്തു ഞാന്‍ നിങ്ങള്ക്ക് തരാം..
  നിങ്ങളത് ഒരു അവലോകനമായി പ്രസിദ്ധീകരിക്കൂ.. ദയവായി..
  കൂട്ടത്തില്‍ എന്റെതായി ഒരു വാചകവും "കുറ്റാന്വേഷണ നോവലും കഥയും എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ അത്യാവശ്യം വായിച്ചിരിക്കേണ്ടതാണ് ഈ പുസ്തകം ."

  ReplyDelete
 2. മഹേഷ് , താങ്കള്‍ പറഞ്ഞതിന്റെ എല്ലാ പോസിറ്റീവ് വശങ്ങളും ഉള്‍ക്കൊണ്ട് കൊണ്ട് തന്നെ പറയട്ടെ ഈ ബ്ലോഗിനെ പറ്റിയും ഈ ബ്ലോഗിന്റെ ലക്ഷ്യത്തെ പറ്റിയും വ്യക്തമായി പറഞ്ഞിട്ടൂള്ളത് ഒന്ന് വായിച്ച് നോക്കുക. താങ്കള്‍ പറഞ്ഞത് ശരിയാവാം. എം.ടിയുടെ കാഥികന്റെ പണിപ്പുരയൊക്കെ പണ്ടേ വായിച്ചും പഠിച്ചുമാവാം ബൂലോകത്തിലെ പല സുഹൃത്തുക്കളും ഇവിടെ വരെ എത്തിച്ചേര്‍ന്നത്. പക്ഷെ എല്ലാവരും അങ്ങിനെയാവണമെന്നില്ല. നമുക്കറിയാം. ജീവിതത്തിന്റെ പലമേഖലയില്‍ ഉള്ളവര്‍ ഇന്ന് ബൂലോകത്തില്‍ ഉണ്ട്. ചുമട്താങ്ങിയും അദ്ധ്യാപകനും വിദ്യാര്‍ത്ഥിയും തൊഴിലാളിയും മുതലാളിയും എഴുത്തുകാരനും രാഷ്ട്രീയക്കാരനും എല്ലാം. പലര്‍ക്കും അവരുടെ സാഹചര്യങ്ങള്‍ ഒരു പക്ഷെ പുസ്തകങ്ങളുടെ ലോകത്തേക്ക് എത്തപ്പെടാന്‍ അനുവദിച്ചിട്ടുണ്ടാകില്ല. അത്തരത്തില്‍ ഉള്ളവര്‍ക്ക് പല ബ്ലോഗുകളിലായി ചിതറിക്കിടക്കുന്ന ഇത്തരം ചെറിയ ചെറിയ പരിചയപ്പെടുത്തലുകളെ ഒരുമിച്ച് കാണാന്‍ ഒരിടം എന്നേ ഇത് കൊണ്ട് ഉദ്ദേശിക്കുന്നുള്ളു. ഒരു പക്ഷെ പോസ്റ്റിന്റെ ഒപ്പമുള്ള അവലോകനം എന്ന വാക്കാവാം മഹേഷില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയത്. എല്ലാ പോസ്റ്റൂകളും ഏതാണ്ട് ഒരേ ഫോര്‍മാറ്റില്‍ ആവണമെന്ന ഒരു ധാരണയില്‍ നിന്നുമാണ് അവലോകനം എന്ന വാക്ക് ഉടലെടുത്തത്. മറിച്ച് ഇതെല്ലാം പരിചയപ്പെടുത്തല്‍ എന്ന രീതിയില്‍ കണ്ടുനോക്കു.പിന്നെ മഹേഷ് പറഞ്ഞ ഷെര്‍ലക്ക് ഹോംസിന്റെ ബാസ്കര്‍ വില്ലയിലെ വേട്ടനായ. അതും ബൂലോകത്തെ എല്ലാവര്‍ക്കും ഒന്നും അറിയാത്തതാവാം. വിരോധമില്ലെങ്കില്‍ ആ പുസ്തകത്തെ ഇവിടെ താങ്കള്‍ക്ക് പരിചയപ്പെടുത്താം.

  ReplyDelete
 3. ക്ഷമിക്കണം സുഹൃത്തേ...
  വീണിടത്ത് കിടന്നു ഉരുളുന്ന താങ്കളുടെ മറുപടി തീര്‍ത്തും നിരാശജനകമാണ്...
  ഇനി എനിക്കൊന്നും പറയാനില്ല..

  ReplyDelete
 4. മാന്യമിത്രമേ,
  ഈ ബ്ലോഗിനെക്കുറിച്ച് എനിക്കുണ്ടായിരുന്ന പ്രതീക്ഷകളെ റദ്ദാക്കിക്കളഞ്ഞു ഈ പുസ്തകാവലോകനവും താങ്കളുടെ പ്രതികരണവും. ഒരു പെൺപേരുകാരിയുടെ വെറും ഏഴുവാക്കിലുള്ള ശുപാർശ ‘പുസ്തകാവലോകന’മാണെന്ന് ആവർത്തിച്ചു പറയുന്ന താങ്കളെക്കുറിച്ച് എനിക്ക് കഷ്ടം തോന്നുന്നു. ആർക്കും എന്തുമെഴുതാവുന്ന പൊതുചുവരുകളായി മാറി എന്നതാണ് നിലവിൽ മലയാള ബ്ലോഗുകൾ നേരിടുന്ന ദുരന്തം. ഒരെഡിറ്ററെ ഭയക്കാതെ ആർക്കും കവിയും കഥാകൃത്തും വിമർശകനുമൊക്കെയാകാൻ കഴിയുന്ന അരാജകത്വത്തിന്റെ അന്തരീക്ഷത്തിൽ, താങ്കളുടെ സംരംഭം ഒരു വഴിത്തിരിവാകുമെന്ന് പ്രതീക്ഷിച്ചത് തീർച്ചയായും എന്റെ തെറ്റുതന്നെ.

  താങ്കളുടെ ന്യായീകരണം വായിച്ച് എന്നിലുയരുന്ന വിലാപത്വര കടിച്ചമർത്തിക്കൊണ്ട് പറയട്ടെ: ഈ പുസ്തകാഭിപ്രായത്തേക്കാൾ അപഹാസ്യമാണ് അതിനെക്കുറിച്ചുള്ള താങ്കളുടെ നിലപാട്. ആ കുറിപ്പിലൂടെ , താങ്കൾ, പുസ്തകാവലോകനം നടത്തിയ ബാക്കി എഴുത്തുകാരെ മുഴുവൻ ആക്ഷേപിക്കുകയാണ് എന്നു പറയാൻ എന്നെ അനുവദിക്കുക. അല്ല, താങ്കൾ ഇത്രയൊക്കെയേഉദ്ദേശിച്ചിട്ടുള്ളൂ എങ്കിൽ, വഴിതെറ്റി വന്ന ഞാൻ സന്തോഷപൂർവ്വം യാത്രപറയട്ടെ…

  നന്ദി.

  ReplyDelete
 5. ഇതു കാണാന്‍ വൈകിപ്പോയി. വായിക്കുന്ന പുസ്തകങ്ങളിലെ ഇഷ്ടപ്പെടുന്ന ഭാഗങ്ങള്‍ കുറിച്ചിടുന്ന ശീലമുണ്ടായിരുന്നു. ആ നോട്ടുബുക്കുകള്‍ വീണ്ടും കൈയ്യില്‍ കിട്ടിയപ്പോള്‍ അത് ഒരു ബ്ലോഗാക്കിയാലെന്ത് എന്നു തോന്നി. അങ്ങനെ എന്റെ വായനാലോകം എന്ന ബ്ലോഗില്‍ ഞാന്‍ ഇട്ടവയാണ് എന്റേതായി ഇതില്‍ വന്ന പോസ്റ്റുകള്‍. അവലോകനം എഴുതാനൊന്നും എനിക്കറിയില്ല. പുസ്തകത്തിലെ quotes വായിക്കുമ്പോള്‍ അതു നമ്മുടെ അഭിരുചിക്കിണങ്ങുമോ ഇല്ലയോ എന്നു തീരുമാനിക്കാനാവും. പുസ്തകം അറിയാന്‍ അതു സഹായിക്കും എന്നാണ് എനിക്കു തോന്നുന്നത്. അതിനപ്പുറമൊന്നും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല.

  മാന്യബ്ലോഗര്‍ പ്രതികരണനോട് - 'ഒരു പെണ്‍പേരുകാരിയുടെ ' അല്ല, ഒരു 'ബ്ലോഗറുടേത് ' ആണ്.

  ReplyDelete
 6. കഥ എന്നത് ഒരു സാങ്കേതിക നാമമാണ്. ഒരു ഭാവം, ഒരു ചലനം, ഉള്ളില്‍ തട്ടുന്ന ഒരു ചിത്രം, ഇതൊക്കയാണ് ഒരു കഥകൊണ്ട് മൊത്തത്തില്‍ സാധിക്കുന്നതും.

  ReplyDelete
 7. കഥ ഒരു അദൃശ്യമായ ബീജസ്വഭാവമായ് പലരുടെയും ഉള്ളിലുണ്ടാവാം.എങ്കിലും സൃഷ്ടിക്ക് സാങ്കേതികമായ ഒരു വശമുണ്ടല്ലോ. ഏത് രീതയിലാായിരിക്കണം ആവിഷ്കരിക്കേണ്ടുന്നത് എന്നതടക്കം. വായന അതിനൊരു ഉപായം തന്നെയല്ലെെ... ഈ പുസ്തകം ഞാന്‍ എന്നോ തിരയുന്നതാണ്. ഇതുവരെ കൈയ്യില്‍ വന്നു ചേര്‍ന്നില്ല...നന്ദി

  ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?