Sunday, January 16, 2011

തകര്‍ന്നു തരിപ്പണമായ ഏപ്രില്‍

പുസ്തകം : തകര്‍ന്നു തരിപ്പണമായ ഏപ്രില്‍
രചയിതാവ് : ഇസ്മായില്‍ കാദെറെ
പ്രസാധനം : റെയിന്‍ബോ പബ്ലിഷേഴ്സ്
അവലോകനം : മുല്ലക്തം രക്തം കൊണ്ടല്ലാതെ ന്യായീകരിക്കപ്പെടുകയില്ല എന്ന പുരാതന അല്‍ബേനിയന്‍ സാമൂഹിക വ്യവസ്ഥിതിയിലേക്ക് വെളിച്ചം വീശുന്ന നോവലാണു ഇസ്മായില്‍ കാദെറെയുടെ “തകര്‍ന്നു തരിപ്പണമായ ഏപ്രില്‍”. അല്‍ബേനിയയിലെ ആദിവാസികള്‍ക്കിടയിലാണു കാനൂണ്‍ എന്ന രക്ത നിയമം നിലനില്‍ക്കുന്നത്. കൊലക്ക് പകരം കൊല എന്ന ലളിതമായ തത്വം. ഒരുവീട്ടിലെ ഒരാള്‍ കൊല്ലപ്പെട്ടാല്‍, കൊലപാതകിയുടെ വീട്ടിലെ ഒരു പുരുഷനെ കൊന്ന് പകരം വീട്ടുക.തെറ്റിക്കാന്‍ പാടില്ലാത്ത നിയമം.കൊലക്ക് വിധിക്കപ്പെട്ടവന്‍ വിശുദ്ധ ബലിമൃഗത്തെ പോലെ പരിഗണിക്കപ്പെടും.അയാള്‍ രക്തപ്പണം എന്ന പിഴ അടക്കണം. ഈ രക്തപ്പണം കൊണ്ടാണു ഒറോഷുകള്‍(കൊട്ടാരങ്ങള്‍)നിലനിന്നുപോകുന്നത്.ഒരാള്‍ കൊലചെയ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ അല്ലെങ്കില്‍ അടുത്ത മുപ്പത് ദിവസത്തിനുള്ളില്‍ അടുത്തയാള്‍ കൊല്ലപ്പെട്ടിരിക്കണം. കൊലമുതല്‍ കൊലവരെയുള്ള മുപ്പത് ദിവസം.ഇരയാക്കപ്പെട്ടവന്റെ നിസ്സംഗത,ജീവിതത്തോടുള്ള അഭിനിവേശം, പ്രണയം ഇതെല്ലാമാണു തകര്‍ന്നു തരിപ്പണമായ ഏപ്രിലില്‍ നമ്മെ കാത്തിരിക്കുന്നത്.ഒപ്പം വരികള്‍ക്കിടയില്‍ നിന്നുമുയരുന്ന ചോരയുടെ മണവും!!!

ബ്രെസ്ഫോര്‍ത്ത് എന്ന ഗ്രാമത്തിലെ ജോര്‍ജ് ബെറിഷ എന്ന യുവാവ്,തനെ അനിയനെ കൊന്നതിനു പകരമായ് ക്രീക്വെക്ക് കുടുംബത്തിലെ ഒരു യുവാവിനെ വെടിവെച്ചു കൊല്ലുന്നതോടെയാണു കഥയാരംഭിക്കുന്നത്. ഇനി ജോര്‍ജിന്റെ ഊഴം,രക്തപ്പണം അടക്കാനായ് ഒറോഷിലേക്ക് പോകുകയാണയാള്‍. അതേ സമയം അല്‍ബേനിയയുടെ തലസ്ഥാനമായ ടിരാനയില്‍ നിന്നും മധുവിധു ആഘോഷിക്കാനായ് ഗ്രാമത്തിലെത്തുകയാണു എഴുത്തുകാരനായ ബൈസണും വധു ഡയാനയും. വഴിക്കു വെച്ച് അവര്‍ ഒറോഷിലേക്ക് പോകുന്ന ജോര്‍ജിനെ കണ്ടുമുട്ടുന്നു.ആ ആദിവാസി യുവാവിന്റെ കണ്ണുകളിലെ നിസ്സംഗതക്കുമപ്പുറം ഒളിപ്പിച്ച് വച്ചിരുന്ന സ്നേഹത്തിന്റെ കടല്‍, ഡയാന കാണുകയാണു, അവളിന്നുവരെ ദര്‍ശിക്കാത്തത്ര ആഴവും പരപ്പും അവളവിടെ കണ്ടു,അവളുടെയുള്ളില്‍ ജീവന്റെ ഒരു തിരി ദീപ്തമായ്..., അന്നുവരെ കത്തിക്കൊണ്ടിരുന്ന എല്ലാ തിരികളേയും നിഷ്പ്രഭമാക്കിക്കോണ്ട് അതങ്ങനെ.

പക്ഷെ അവള്‍ക്കറിയാം, തനിക്കൊരിക്കലും എത്തിപ്പിടിക്കാനാവാത്തതാണതെന്ന്, അവന്‍ മരണത്തിനു വിധിക്കപ്പെട്ടവൻ. താനോ, മറ്റൊരാളുടെ സ്വന്തം. അതോടെ എന്നെന്നേക്കുമായ് ഡയാന മ്ലാനവതിയാകുകയാണു. മറിച്ച് ജോര്‍ജിലും ജീവിതത്തോടുള്ള അഭിനിവേശം നിറയുന്നു,.പക്ഷേ ..വ്യവസ്ഥികളെ മറികടക്കാനാവാതെ അവന്‍ മരണത്തിനു കീഴടങ്ങുകയാണു. ബൈസണും ഡയാനയും തിരിച്ച് ടിരാനയിലേക്ക് മടങ്ങുന്നു.., ഇനിയൊരിക്കലും ജീവിതം പഴയ പോലെയാവില്ല എന്നറിഞ്ഞു കൊണ്ടു തന്നെ.

പ്രഥമ മാന്‍ ബുക്കര്‍ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ച അല്‍ബേനിയന്‍ എഴുത്തുകാരനാണു ഇസ്മായെല്‍ കാദെറെ. പ്രധാന കൃതികള്‍,ദ ജനറല്‍ ഓഫ് ഡെഡ് ആര്‍മി,പാലസ് ഓഫ് ഡ്രീംസ്,ത്രീ ആര്‍ച്ഡ് ബ്രിഡ്ജ്,ദ കണ്‍സെര്‍ട്.

ബ്രോക്കണ്‍ ഏപ്രില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് എം.കെ.നസീര്‍ ഹുസൈൻ‍.

ഒരേയൊരു “ നോക്ക് ” ചിലപ്പോള്‍ ജീവിതത്തെ മാറ്റിമറിച്ചു കളയും.അതറിയണെമെങ്കില്‍ ഇസ്മായെല്‍ കാദെരെയുടെ “തകര്‍ന്നു തരിപ്പണമായ ഏപ്രിൽ‍“ വായിക്കുക.

5 comments:

 1. manu
  sathyathil ningalude ee samrabham kollam keto

  ReplyDelete
 2. പരിചയപ്പെടുത്തലിന്‌ നന്ദി

  ReplyDelete
 3. ജോർജ്ജ് മഞ്ഞുവീണുകുതിർന്ന ഏകാന്തതയിൽ തന്റെ ശത്രുവല്ലാത്ത, എന്നാൽ താൻ കൊല്ലേണ്ട മനുഷ്യനെ തേടി നിൽക്കുന്ന ആ നില്പുണ്ടല്ലോ, ഹൊ അത് ജീവിതം എന്ന സമസ്യയെ പഠിപ്പിക്കുന്ന ഒന്നാണ്. കൊന്നവന്റെ മരണസദ്യയിൽ പങ്കെടുക്കേണ്ടി വരിക, കൊന്നതിന്റെ രക്തക്കരം അടക്കുക. അതിനു വേണ്ടി ദിവസങ്ങളോളം കാത്തിരിക്കുക. പിന്നെ ഒരു എഴുത്തുകാരന്റെ ഭാര്യയുടെ നോട്ടപ്പുള്ളിയാവുക...

  ജീവിതം എന്ന പ്രഹേളികയെ അനാവരണം ചെയ്യുന്ന കൃതിയാണ് ഏപ്രിൽ.
  കാദറെയുടെ പിൻ‌ഗാമി എന്ന നോവൽ മലയാളത്തിൽ അടുത്തിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  ReplyDelete
 4. പുസ്തകം വായിക്കാന്‍ നല്ല ആഗ്രഹം തോന്നുന്നു..

  ReplyDelete
 5. maheshettan parajja pole pusthakam vayikkan thonnunnu

  ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?