Sunday, July 17, 2011

ഞാന്‍ - ലൈംഗികതൊഴിലാളി നളിനി ജമീലയുടെ ആത്മകഥ

പുസ്തകം : ഞാന്‍ - ലൈംഗികതൊഴിലാളി നളിനി ജമീലയുടെ ആത്മകഥ
രചന : നളിനി ജമീല
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : ചിത്രകാരന്‍



രു ജീവിതത്തെ മഹനീയമാക്കുന്നത് നമ്മുടെ വ്യക്തി ബന്ധങ്ങള്‍, പിടിപാടുകള്‍, അധികാരങ്ങളിലെ സ്വാധീനം, പണം , പ്രശസ്തി, പരിചയം, നമുക്കുപിന്നില്‍ അനുയായികളെപ്പോലെ അച്ചടക്കത്തോടെ നില്‍ക്കുന്ന കുടുംബാംഗങ്ങള്‍,നമ്മുടെ തൊഴില്‍, സാമൂഹ്യ-സാംസ്ക്കാരിക-രാഷ്ട്രീയ ബന്ധങ്ങള്‍ , മികച്ച സാംബത്തിക അടിത്തറ, കുടുംബത്തിലേയും ബന്ധത്തിലേയും പ്രമുഖരുടെ സാന്നിദ്ധ്യം ..... അങ്ങിനെ അങ്ങിനെ നൂറുകൂട്ടം പൊങ്ങച്ചങ്ങളാണെന്ന് നാം ആത്മാര്‍ത്ഥമായും വിശ്വസിക്കുകയും, അതിനനുസരിച്ച് ജീവിച്ച് മഹത്തായ പാരംബര്യങ്ങളും, പ്രസ്ഥാനങ്ങളുമായി മാറുകയുംചെയ്യുന്നു.

ആരും ചൂണ്ടുവിരലുയര്‍ത്താതെ, അയ്യ്യേ... എന്നു പരിഹസിക്കാതെ , കുറിക്കുകൊള്ളുന്ന തെറിയൊന്നും വിളിക്കാതെ സൌജന്യം കാണിച്ചാല്‍ നമ്മുടെ അന്തസ്സിന് ഇളക്കമൊന്നും തട്ടാനിടയില്ല. പക്ഷേ, അത് ഇനി എത്രകാലം ? കാലം മാറുകയാണ്. ഇതുവരെ ഉദയാസ്തമനങ്ങള്‍ പോലും നിയന്ത്രിച്ച് , നമ്മുടെ താല്‍പ്പര്യങ്ങളുടെ കോട്ടകളായി നിന്ന പാരംബര്യത്തിന്റെ പായല്‍ പിടിച്ച ചുവരുകള്‍ക്കുനേരെ കാലത്തിന്റെ തിരമാലകള്‍ അടിച്ചുയരുംബോള്‍ കണ്ണടടച്ച് ഇരുട്ടാക്കാനാകില്ല.

ചിത്രകാരന്‍ ഇന്നലെയാണ് നളിനി ജമീലയുടെ ആത്മകഥ വാങ്ങിയത്. ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്തു. ഒരു തരി അശ്ലീലമോ , ലൈംഗീകതയോ ആയി വിശേഷിപ്പിക്കപ്പെടുന്ന വാക്കുകളൊന്നും ആ പുസ്തകത്തിലില്ല. പകരം ആത്മാഭിമാനത്തിന്റെ തീക്കറ്റും, മാനവികതയുടെ കാലവര്‍ഷ മേഘങ്ങളും,വ്യക്തിബഹുമാനത്തിന് ഏറെ ശുദ്ധിയും,കര്‍ക്കശമായ ജീവിത മൂല്യങ്ങളും അക്ഷര വിത്തുകളുടെ രൂപത്തില്‍ അവിടെ വരികള്‍ക്കിടയില്‍ കാത്തുനില്‍ക്കുന്നു. കാലത്തെക്കുറിച്ച് തിരിച്ചറിവുനേടിയവരുടെ ആജ്ഞക്കായി. നളിനി തന്റെ ജീവിത സത്യാന്വേഷണ പരീക്ഷണങ്ങളിലൂടെ ആര്‍ജ്ജിച്ചെടുത്ത ജീവിതത്തിന്റെ വ്യക്തമായ കാഴ്ച്ചപ്പാട് ഒരു സാധാരണ വ്യക്തിയുടേതല്ല. അതിന്റെ പരപ്പും ആഴവും നമ്മുടെ സമൂഹത്തെ ലജ്ജിപ്പിക്കുന്ന തരത്തില്‍ വിശാലവും, നിര്‍മ്മലവുമാണ്. സത്യസന്ധതയാണ് അതിനെ ഊഷ്മളമാക്കുന്നത്, പ്രകാശമാനമാക്കുന്നത്. സമൂഹത്തിന് മാനവികതയുടെ അനോട്ടമി (ശരീരശാസ്ത്രം) പരിശോധിക്കാനും, പഠിക്കാനും,അറിയാനും തന്റെ സ്വന്തം ജീവനുള്ള ആത്മാവിനെ അവര്‍ നമുക്കു ദാനം ചെയ്തിരിക്കുന്നു. ഇത്രക്കു ധൈര്യമുള്ള,സത്യമുള്ള ഒരു വ്യക്തിയെ ചിത്രകാരനു നമിക്കാതിരിക്കാനാകില്ല.

ചരിത്രവും, അറിവുകളും ഇനി ദരിദ്രരേയും നിരാലംബരേയും കാലത്തിന്റെ ഇരുട്ടുകുഴിയില്‍ ഉപേക്ഷിക്കില്ലെന്നാണ് അവരുടെ ആത്മകഥ നമ്മോട് മന്ത്രിക്കുന്നത്. നളിനി ജമീലയുടെ കഥ വെറും ഒരു ലൈംഗീക തൊഴിലാളിയുടെ ശ്രദ്ധപിടിച്ചുപറ്റാനുള്ള കോഴികൂവലല്ല. മറിച്ച്, നമ്മുടെ സമൂഹത്തിലെ മൂല്യരാഹിത്യത്തിന്റെ കാരണങ്ങള്‍ , നമ്മുടെ കാപട്യങ്ങളുടെ കാഠിന്യം, മനുഷ്യത്വത്തിന്റെ അന്തസ്സ്
എന്നിവ അന്വേഷിക്കുന്ന ഒരു വ്യക്തിയുടെ കണ്ടെത്തലുകളാണ്. കണ്ടുമടുത്ത പകര്‍ത്തിയെഴുതലുകളല്ല. വൈക്കം മുഹമ്മദ് ബഷീറിനുശേഷമുള്ള മലയാളിയുടെ ദാര്‍ശനിക വളര്‍ച്ച ഇവരിലൂടെയാണെന്ന് ചിത്രകാരനു തോന്നുന്നു. ബഷീറിന്റെ പാവപ്പെട്ടവരുടെ വേശ്യ എന്ന വളരെ ചെറിയ കഥയിലെ മനുഷ്യന്റെ അന്തസ്സിന്റെ കാരണങ്ങളെക്കുറിച്ചുള്ള തത്വശാസ്ത്രവിചാരങ്ങളുടെ വിശാലമായ ഒരു പഠനമായി നളിനി ജമീലയുടെ ആത്മകഥ നിലകൊള്ളുന്നു. അന്തസ്സോടെ ! അവരുടെ പ്രായോഗിക ബുദ്ധിയും, ആത്മാഭിമാനവും, ക്രിയാത്മകതയും പഠിക്കപ്പെടേണ്ടതാണ്.

വേശ്യകളുടെ തൊഴില്‍ പ്രശ്നങ്ങള്‍ക്കോ, അവകാശങ്ങള്‍ക്കോ അല്ല, സമൂഹത്തിന്റെ ജീര്‍ണ്ണതക്കും, കാപട്യത്തിനുമാണ് അവരുടെ ആത്മകഥ മരുന്നാകാന്‍ പോകുന്നത്. ഇതാണ് നളിനി ജമീലയെ മഹത്വപ്പെടുത്തുന്ന ഘടകവും. എല്ലാ മനുഷ്യരും മനുഷ്യരായി തിരിച്ചറിയപ്പെടുമ്പോള്‍
വേശ്യകള്‍ക്കു മാത്രമായി സങ്കുചിത വര്‍ഗ്ഗ സംരക്ഷണത്തിന്റെ പ്രശ്നമുദിക്കുന്നില്ലല്ലോ. എന്താണ് ഒരു മനുഷ്യന്റെ മാന്യത ? എന്താണ് ഒരു കുടുംബിനിയും, ഒരു ലൈംഗീക തൊഴിലാളിയും തമ്മിലുള്ള ശുദ്ധിവ്യത്യാസം ? നമ്മുടെ മനസ്സിന്റെ അറപ്പിന്റെ കാരണങ്ങള്‍ മനസ്സിലെ അഴുക്കാണെന്ന തുറന്ന അറിവുതരുന്ന ഈ പുസ്തകം പ്ലസ്സ് വണ്‍ പ്ലസ്സ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകമാക്കിയാല്‍ ഒരു പത്തുകൊല്ലം കൊണ്ട് നമ്മുടെ നാട്ടില്‍ സ്ത്രീപീഢനങ്ങളും , കൊലപാതകങ്ങളും, ആത്മഹത്യയും, രാഷ്ട്രീയ അക്രമങ്ങളും,വര്‍ഗ്ഗീയതയും കുറയുമെന്നു മാത്രമല്ല, ജീവിതത്തോട് സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തുന്ന ആത്മാഭിമാനമുള്ള സമൂഹം രൂപപ്പെടാനും അതു കാരണമാകുമെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു. (അടുത്തകാലത്തൊന്നും നടക്കാത്ത കാര്യമാണെങ്കിലും സ്വപ്നം കാണാമല്ലോ!)

നമ്മുടെ പ്രാര്‍ത്ഥനാമുറികളില്‍ ഇരുന്ന് രാമായണത്തിനും, മഹാഭാരതത്തിനും, ഖുറാനും,ബൈബിളിനും പകരം വായിക്കപ്പെടേണ്ട സത്യത്തിന്റെ (ദൈവത്തിന്റെ) കയ്യൊപ്പുള്ള പുസ്തകമാണ് “ഞാന്‍ ലൈംഗീക തൊഴിലാളി” എന്ന നളിനി ജമീലയുടെ ആത്മകഥ. സമൂഹത്തിന്റെ മൂല്യബോധത്തെ പരിഷ്ക്കരിക്കാന്‍ ശേഷിയുള്ള പുസ്തകം. സീതായണം എന്നും വിളിക്കാം.

മനുഷ്യന്‍ എന്നത് വെറും ഇറച്ചിയാണെന്നു വിശ്വസിക്കുന്നവര്‍ ഇതൊന്നും വായിച്ചിട്ടു കാര്യമില്ല. പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി.സി.ബുക്സ്. ആദ്യ പ്രസാധനം 2005. അഞ്ചാമത് പുനപ്രസാധനം 2008. വില രൂപ 75/-

6 comments:

  1. ആ സ്ത്രീയെ ഞാന്‍ ബഹുമാനിക്കുന്നു. പുസ്തകം എന്ന നിലക്ക് എഴുതിയത് ഒരു ലൈംഗികത്തൊഴിലാളിയാണ് എന്നതുകൊണ്‍ട്മാത്രം അര്‍ഹിക്കുന്നതില്‍കൂടുതല്‍ അംഗീകാരം ലഭിച്ച പുസ്തകം.(എന്റെ അഭിപ്രായം)

    ReplyDelete
  2. ഒരിക്കല്‍ പ്രസിദ്ധീകരിച്ച് ഒരു വട്ടം വിറ്റഴിച്ച ഒരു പുസ്തകം അതും ഒരു ആത്മകഥ അടുത്ത എഡിഷനില്‍ മാറ്റി എഴുതി വീണ്ടും പ്രസിദ്ധീകരിച്ച ഒരു സംഭവം ആദ്യമായി കേള്‍ക്കുന്നത്/കാണുന്നത് ഈ ഒരു ബുക്കിന്റെ കാര്യത്തില്‍ ആണ്. അങ്ങനെ ചെയ്തതിന്റെ പിന്നിലെ താല്‍പര്യങ്ങളെ ഒരിക്കലും കണ്ണടച്ച് ഇരുട്ടാക്കാന്‍ ആകില്ല സുഹൃത്തേ. നളിനി ജമീല ചെയ്തിട്ടുള്ള പല നല്ല കാര്യങ്ങളെയും സ്മരിച്ചു കൊണ്ട് തന്നെ പറയട്ടെ ഈ പുസ്തകത്തിലെ ഭാഷ ഒരു പരിധി വരെ കച്ചവട താല്പര്യം മുന്‍ നിര്‍ത്തി തന്നെ ഉള്ളത് ആണ്.

    ഇതേ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി അവര്‍(ജ്യാലാമുഖി) എടുത്തിട്ടുള്ള ഡോക്യുമെന്‍ററി നിലവാരം ഉള്ളതാണ്.

    പിന്നെ ചിത്രകാരന്‍ ഈ പുസ്തകത്തെ ബന്ധപ്പെടുത്തി പറഞ്ഞ പല കാര്യങ്ങളോടും ഉള്ള വിയോജിപ്പും ഒപ്പം രേഖപ്പെടുത്തി കൊള്ളുന്നു..

    ReplyDelete
  3. പുസ്തകം വായിച്ചിട്ടില്ല, ഈ പരിചയപ്പെടുത്തല്‍ അത് വായിക്കാന്‍ പ്രേരിപ്പിക്കുന്നു. മനസ്സില്‍ തോന്നിയത് തുറന്നു എഴുതാന്‍ കാണിച്ച ഈ ധൈര്യത്തിന് അഭിനന്ദനങ്ങള്‍ സുഹൃത്തേ ....

    ReplyDelete
  4. വൃത്തികെടിന്റെ ചെളിക്കുണ്ടില്‍ ജീവിതം ജീവിച്ചു തീര്‍ത്ത്‌ അവസാനം ആരുടെയൊക്കെയോ സഹായത്തോടെ സെക്സ് നിറഞ്ഞ ആ വൃത്തികെടിന്റെ ഭൂതകാലം പുതകത്തില്‍ വരഞ്ഞിടുമ്പോള്‍ അത് വായ്ച്ചു ആസ്വദിക്കുന്ന മൂല്യബോധം എന്തെന്ന് ഒരു പിടിയും കിട്ടുന്നില്ല. ജീവിത സാഹചര്യത്തിന്റെ സമ്മര്‍ദ്ദത്തില്‍ പെട്ട് നിവൃത്തികെടിന്റെ വൃത്തികെട്ട ചെളിക്കുണ്ടില്‍ തള്ളപ്പെട്ട ജീവിതങ്ങളെ കണ്ടെത്തി അവരെ പുനരധിവസിപ്പിക്കാന്‍ ശ്രമിക്കാതെ അവരുടെ സെക്സ് നിറഞ്ഞ, ദുരിതം നിറഞ്ഞ ആ കഥകള്‍ വായിച്ചു അതിനു മൂല്യം നിരനയിക്കുന്ന, മഹത്വം കല്പിക്കുന്ന നിങ്ങളുടെ എഴുത്തിനെ ന്യായീകരിക്കാന്‍ മനസ്സില്‍ എവിടെയെങ്കിലും നന്മയുള്ള ഒരു മനുഷ്യനും ആകില്ല.

    ReplyDelete
  5. തീച്ചയായും, സാഹചര്യം വ്യത്യസ്തമായിരുന്നെങ്കില്‍ മറ്റാരെങ്കിലുമാകുമായിരുന്ന സ്ത്രീയാണ് നളിനി ജമീല. സാഹചര്യങ്ങള്‍ വ്യത്യസ്തമായതു കൊണ്ടു തന്നെ ഒടുവില്‍ അവര്‍ 'വ്യത്യസ്തയായ വേശ്യ'യായി. അവരുടെ ജീവിതത്തോടു സങ്കടപ്പെടാനാണു വായനക്കാരനു തോന്നുക. അവര്‍ അതാവശ്യപ്പെടുന്നുണ്ടോ എന്നതു വേറേ കാര്യം. മകളെ ഈ 'മഹനീയവൃത്തി'യിലേക്ക് കൊണ്ടുവരാനാഗ്രഹിക്കുന്നില്ല എന്നത് സ്വന്തം തൊഴിലിനോടുള്ള അവരുടെ സമീപനത്തിനു തെളിവാണ്.

    വായിച്ചിരിക്കേണ്ട പുസ്തകം തന്നെ. നമ്മുടെ സമൂഹത്തെപ്പറ്റി മനുഷ്യപക്ഷത്തു നിന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന പുസ്തകം. എന്നുകരുതി നളിനി ജമീല മഹാമനസ്വിനിയൊന്നുമാകുന്നില്ല. പ്രാര്‍ത്ഥനാഗ്രന്ഥങ്ങള്‍ക്കു പകരമാവുകയുമില്ല ഈ പുസ്തകം.

    ReplyDelete
  6. രണ്ടു സ്ത്രീകള്‍ ,രണ്ടു പേര്‍ക്കും വിശന്നു ,ഒരാള്‍ ആത്മാഭിമാനം കയ്യോഴിയാന്‍ മടിച്ചു ആത്മ ഹത്യ ചെയ്തു ,മറ്റേ ആള്‍ കുറച്ചു മുല്ലപൂ വാങ്ങി തലയില്‍ ചൂടി സ്റാച്ചു ജങ്ങ്ഷനില്‍ ചെന്ന് നിന്ന് ജീവിക്കാന്‍ തുടങ്ങി ,ഇതി രണ്ടാമത്തെ ആളെ മാഡം എന്ന് വിളിച്ചു ബഹുമാനിക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് നമ്മള്‍ 'വളരണം അല്ലെ .., വേദ ഗ്രന്ഥങ്ങള്‍ക്ക് പകരം വായിക്കാന്‍ പറ്റിയ പുസ്തകമാണ് പോലും .. കഷ്ടം .

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?