Saturday, July 30, 2011

കബനീനദി ചുവന്നത്‌...

പുസ്തകം : കബനീനദി ചുവന്നത്‌...
രചയിതാവ് : ബാബു ഭരദ്വാജ്‌
പ്രസാധകര്‍ : ഡി സി ബുക്‌സ്‌

അവലോകനം : ബുക്ക് മലയാളം (bookmalayalam)


ബനി നദി ചുവന്നപ്പോള്‍ എന്ന ചലച്ചിത്രം പുറത്തുവന്ന്‌ മൂന്ന്‌ പതിറ്റാണ്ടിനുശേഷം പ്രസിദ്ധീകരിച്ച നോവലാണ്‌ ബാബു ഭരദ്വാജിന്റെ `കബനീ നദി ചുവന്നത്‌...' ഒരു ചലച്ചിത്രത്തിന്റെ നിര്‍മ്മാണ വഴികളിലൂടെ തിരിച്ചു നടക്കുകയാണ്‌ ഈ നോവല്‍. കഥയും ചരിത്രവും ഓര്‍മ്മയുമല്ലാത്ത, എന്നാല്‍ ഇതൊക്കയായ ഒട്ടനവധി വൈകാരിക സന്ദര്‍ഭങ്ങളെ മുഖാമുഖം കാണുന്നു. ചരിത്രമെഴുത്തിന്റെ രീതീശാസ്‌ത്രത്തെ സംശയത്തോടെയാണ്‌ നോവല്‍ സമീപിക്കുന്നത്‌. ഒപ്പം സ്വന്തം ഓര്‍മ്മകള്‍ ചരിത്രത്തിന്‌ പകരം നില്‍ക്കുമോ എന്ന ആശങ്കയും അത്‌ വഹിക്കുന്നു. വ്യവസ്ഥാപിത ചരിത്ര രചനയ്‌ക്ക്‌ വഴങ്ങാത്ത ഓര്‍മ്മകളുടെ അടരുകളിലേയ്‌ക്കാണ്‌ ആഖ്യാനം പ്രവേശിക്കുന്നത്‌. അത്‌ `ചരിത്ര'മല്ലെന്ന്‌ എഴുത്തുകാരന്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ അതിന്‌ കഥയാവാന്‍ നിവൃത്തിയില്ല. കാരണം അനുഭവ തീവ്രമായൊരു ഭൂതകാലം ചരിത്രത്തിനുമപ്പുറത്തേയ്‌ക്ക്‌ അതിനെ പിടിച്ചു വലിക്കുന്നുണ്ട്‌.

മരണത്തിന്റെ കഥ
``കബനി ആദ്യമായും അവസാനമായും മരണത്തിന്റെ കഥയാണ്‌. എന്തിന്റെയൊക്കയോ മരണം, ചില ആകാംക്ഷകളുടെ ചില സ്വപ്‌നങ്ങളുടെ...'' കേരളത്തിലെ യുവാക്കളുടെ `അവസാനത്തെ ഉരുള്‍പൊട്ടലിന്റേതായ ദശക' ത്തെക്കുറിച്ചുള്ള ആത്മഗതമാണിത്‌. സ്‌മരണകള്‍ ഇരമ്പുന്ന മണ്ണടരിലൂടെയാണ്‌ ഒരു സംഘം യുവാക്കള്‍ യാത്ര ചെയ്യുന്നത്‌. ചലച്ചിത്രം വലിയൊരു സ്വപ്‌നമായി അവരെ ചൂഴ്‌ന്നു നില്‍ക്കുന്നു. ഒളിപ്പോരിന്റെ സൂക്ഷ്‌മതയോ വിപ്ലവത്തിന്റെ ജാഗ്രതയോ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായിരുന്നില്ല. അത്യന്തം ശിഥിലമായ ഒരാഘോഷത്തിന്റെ ലഹരിയും കാല്‌പനികതയും അവരെ വഴിനടത്തി. ``വിപ്ലവം ആശയം മാത്രമല്ല, അതൊരു വ്യവസ്ഥിതിയെ തകിടം മറിയ്‌ക്കല്‍ മാത്രമല്ല. അത്‌ സംഘര്‍ഷവും ചോര ചൊരിയലും തകര്‍ത്തെറിയലും പിടിച്ചടക്കലും മാത്രമല്ല. അത്‌ പ്രണയവും വിരഹവും വിഷാദവുമാണ്‌.'' എന്ന്‌ അവര്‍ സ്വയം നിര്‍വചിക്കുന്നു.

ഓര്‍മ്മയുടെ പേരുകള്‍
എഴുപതുകളുടെ മധ്യാഹ്നത്തില്‍ ചിന്തയിലും സ്വപ്‌നത്തിലും സിനിമയുമായി നടന്നുപോയ ഒരുപാട്‌ യുവാക്കളുടെ കഥയാണിത്‌. പവിത്രന്‍, ബക്കര്‍, രാമചന്ദ്രന്‍, യോഹന്നാന്‍, വര്‍ഗ്ഗീസ്‌, ഗോപാലേട്ടന്‍... പിന്നെ ഓര്‍മ്മകളിലേക്ക്‌ പേരില്ലാതെ പ്രവേശിക്കുന്ന നിരവധിപേരുടെ കഥ. ``ഈ കഥയില്‍ ഒരിടത്തും വരാത്ത കബനിയിലെ യഥാര്‍ത്ഥ കഥാപാത്രങ്ങള്‍ ഉണ്ട്‌. എഴുതുമ്പോള്‍ അവരെന്റെ മനസ്സിലേയ്‌ക്ക്‌ കടന്നുവരുന്നുണ്ട്‌. ഒരുപക്ഷെ, അവരെല്ലാം മരിച്ചിരിക്കും.'' അങ്ങേയറ്റം അനിശ്ചിതമായിരുന്നു ചലച്ചിത്രത്തിന്റെ ഓരോ നിമനിഷവും. കാലം പ്രക്ഷുബ്‌ദമായിയിരുന്നു. പല കാരണങ്ങള്‍ കൊണ്ട്‌ ഷൂട്ടിംഗ്‌ നീണ്ടുപോയി.
നമ്മള്‍ എന്തുകാണണം?
അടിയന്തിരാവസ്ഥയും പോലീസ്‌ പീഡനവും ഏറ്റുവാങ്ങി പലപ്പോഴും മുടങ്ങിയും തുടങ്ങിയും കബനിയുടെ ഷൂട്ടിംഗ്‌ പുരോഗമിച്ചു. ``എഴുതി തയ്യാറാക്കിയ സ്‌കൃപ്‌റ്റിന്റെ സീമകളെ അതിലംഘിച്ച്‌ അത്‌ വളര്‍ന്നുകൊണ്ടിരുന്നു.'' ഒടുവില്‍ ചിത്രം ഭരണകൂടത്തിന്റെ കാഴ്‌ചക്കുമുന്നില്‍ എത്തുന്നു. സമൂഹം ഏതു കാഴ്‌ച കാണണം എന്നു തീരുമാനിക്കുന്നത്‌ അവിടെയാണ്‌. സെന്‍സര്‍ ബോര്‍ഡ്‌, ഏറ്റവും ക്രൂരമായാണ്‌ ആ സിനിമയില്‍ ഇടപെട്ടത്‌. ``എല്ലാ സീനികളില്‍ നിന്നും എല്ലാ സീക്വന്‍സുകളില്‍ നിന്നും വെട്ടിമാറ്റി അലങ്കോലപ്പെട്ട ഒരു ചലച്ചിത്ര ശരീരം. തീവണ്ടി തട്ടിച്ചതഞ്ഞ ഒരു ശരീരം പോസ്റ്റ്‌ മോര്‍ട്ടം കഴിഞ്ഞ്‌ തിരിച്ചു കിട്ടിയാല്‍ പോലും ഇതിനേക്കാള്‍ രൂപം അതിനുകാണും.'' അങ്ങനെ ഒരവശിഷ്‌ട സിനിമാ ലോകം കണ്ടു.

മുറിഞ്ഞുചിതറിയ സിനിമ
മുറിച്ചുമാറ്റിയ നിരവധി ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാവാതെ ആ സിനിമ മലയാള ചലച്ചിത്ര ചരിത്രത്തെ പ്രതിരോധത്തിലാക്കുന്നു. എഴുപതുകളുടെ രാഷ്‌ട്രീയ ചരിത്രത്തില്‍ ചിതറിപ്പോയ നിരവധി ശരീരങ്ങള്‍ക്കൊപ്പം കാണാതായ ഉടലുകള്‍ക്കൊപ്പം ഒരു ചലച്ചിത്ര ശരീരം കൂട്ടിച്ചേര്‍ക്കപ്പെടുന്നു. ഓര്‍മ്മകള്‍ അതിനെ പുനരാനയിച്ചുകൊണ്ടിരിക്കുന്നു. ഒരു ചലച്ചിത്രത്തിന്റെ നിര്‍മ്മാണ കാലത്തെ ഓര്‍മ്മയിലേക്ക്‌ തിരികെ വിളിക്കുമ്പോള്‍ ജീവിതത്തിലും കലയിലും അതിരറ്റ ഊഷ്‌മളതയും സാഹസികതയും നിറഞ്ഞു നിന്ന ഒരു കാലഘട്ടത്തിന്റെ സംഘചേതന ചരിത്രത്തില്‍ അടയാളപ്പെടുന്നു. വിസ്‌മൃതിയുടെ രാഷ്‌ട്രീയത്തെ വിചാരണ ചെയ്‌തുകൊണ്ടാണ്‌ `കബനീ നദി ചുവന്നത്‌...' എന്ന നോവല്‍ ( വില: 40 രൂപ പേജ്‌: 76) സമകാലിക രാഷ്‌ട്രീയ/ ചരിത്രത്തെ പ്രശ്‌നവല്‍ക്കരിക്കുന്നത്‌.

2 comments:

  1. ഒരു പുസ്തകം പരിചപെടുത്തിയതിന് നന്ദി
    ആശംസകള്‍

    ReplyDelete
  2. ഈ ധര്‍മം പ്രശംസനീയം...നന്ദി!

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?