Thursday, September 1, 2011

തത്സമയം

പുസ്തകം : തത്സമയം
രചയിതാവ് : കല്‍പ്പറ്റ നാരായണന്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്‌
അവലോകനം : ബിജു.സി.പി
ലയാളി ജീവിതത്തിന്റെ തത്സമയ ദൃശ്യങ്ങളാണ്‌ കല്‍പ്പറ്റ നാരായണന്റെ കവിതാരസചാതുര്യമിയലുന്ന ലേഖനങ്ങളുടെ ഈ സമാഹാരത്തിലുള്ളത്‌

വാര്‍ധക്യത്തെ മലയാളിക്കു പേടിയാണോ! അല്ലെങ്കില്‍പ്പിന്നെ എന്തിനാണ്‌ ഇന്നത്തെ കേരളീയതയുടെ നെടുംതൂണുകള്‍ കെട്ടിപ്പടുത്തവരില്‍ പ്രമുഖരായ എം.ടി.യും അഴീക്കോടും യേശുദാസും യുവാവിന്റെ കറുത്ത മുഖം മൂടിയുള്ള ഒരു പൊയ്‌മുഖം വെക്കുന്നത്‌ എന്ന്‌ തുറന്നു ചോദിക്കുന്നു കല്‍പ്പറ്റ നാരായണന്‍. ഈ ചങ്കൂറ്റവും കുറുമ്പും കാണിക്കാന്‍ കല്‍പ്പറ്റ നാരായണനെപ്പോലെ അധികം പേരില്ല മലയാളത്തില്‍. 30 ലേഖനങ്ങളുടെ സമാഹാരമായ തത്സമയം (പേജ്‌ 144 വില 90 രൂപ) ഇത്തരത്തിലുള്ള വേറിട്ട കാഴ്‌ചകളും നട്ടെല്ലുറപ്പുള്ള കാഴ്‌ചപ്പാടുകളും കൊണ്ട്‌ സമൃദ്ധമാണ്‌. കുറിയ വാക്കുകള്‍ കൊണ്ട്‌, കുറിക്കു കൊള്ളുന്ന കുറിപ്പുകള്‍. കവി എഴുതുന്നതാണ്‌ കവിത എന്നും ഒരു നിര്‍വചനമുണ്ടല്ലോ. ഈ പുസ്‌തകമെഴുതിയത്‌ കല്‍പ്പറ്റ നാരായണനെന്ന കവിയാണ്‌. മലയാളിയുടെ ജീവിതം ഒരു തത്സമയ ജീവിതമായി മാറിക്കഴിഞ്ഞു എന്നും ഇന്നലെകളില്ലാത്തവരും നാളെകളെക്കുറിച്ചു സ്വപ്‌നം കാണാത്തവരുമാണ്‌ മലയാളികള്‍ എന്നും കല്‍പ്പറ്റ ചൂണ്ടിക്കാണിക്കുന്നു. ഒരു ദ്വീപില്‍ ഒറ്റപ്പെട്ടു പോകുന്ന നിങ്ങള്‍ക്ക്‌ കൂട്ടിന്‌ ഒരേയൊരാളെ മാത്രം വിളിക്കാമെങ്കില്‍ നിങ്ങളാരെ വിളിക്കും? ടിവിയിലെ വാചകക്കളിയില്‍ ഈ ചോദ്യത്തിന്‌ അമ്മ എന്നുത്തരം പറഞ്ഞവര്‍ സമ്മാനം നേടിയ സാഹചര്യത്തിലെ നുണയും രാഷ്ട്രീയവും വിശദമാക്കിക്കൊണ്ട്‌ ലേഖകന്‍ യുക്തിയുക്തം സമര്‍ഥിക്കുന്നു- നിങ്ങള്‍ക്ക്‌ ജീവിതത്തില്‍ വേണ്ടത്‌ നല്ലൊരു കൂട്ടുകാരനാണ്‌, നല്ലൊരു കൂട്ടുകാരിയാണ്‌. ശരീരം കൊണ്ടും മനസ്സുകൊണ്ടും കൂട്ടുകൂടാന്‍ പറ്റുന്ന നല്ല കൂട്ടുകാരന്‍ അഥവാ കൂട്ടുകാരി.

കേള്‍വിയും ധ്വനിപ്പിക്കലും അറിയലും അറിയിക്കലുമെല്ലാം പഴഞ്ചനായിപ്പോവുകയും കാണലും കാണിക്കലും പലപ്പോഴും കാട്ടിക്കൂട്ടലും മാത്രമായിത്തീരുന്ന തത്സമയ കഴിഞ്ഞു കൂടലിനെക്കുറിച്ചാണ്‌ പല ലേഖനങ്ങളിലും പറയുന്നത്‌. എം.ടി.യുടെ കുട്ട്യേടത്തിയെക്കുറിച്ചുള്ള സമകാലികമായൊരാസ്വാദനമാണ്‌, 'കാണാന്‍ നന്നെങ്കില്‍ കയറി വരാം' എന്ന കുറിപ്പ്‌. കാഴ്‌ചയുടെ അര്‍മാദങ്ങളില്‍ മാത്രമായി ജീവിതം പരിമിതപ്പെടുന്നതിനെക്കുറിച്ച്‌ ലേഖനം പറയുന്നു- ഉള്ളു പൊള്ളയായ മനോഹരമായ ആകൃതികള്‍ ആകാനുള്ള ക്ഷണങ്ങള്‍ കൂടിയായി എല്ലാ ക്ഷണങ്ങളും.

എന്റെ ഒച്ച വേറിട്ടു കേട്ടുവോ എന്ന്‌ അന്വേഷിച്ചിരുന്ന വൈലോപ്പിള്ളിക്കാലത്തു നിന്ന്‌ തത്സമയത്തേക്കു വരുമ്പോള്‍ തെരുവോരത്ത്‌, ലോകോത്തര റെഡിമെയ്‌ഡ്‌ ഉടുപ്പുകളുടെ പടുകൂറ്റന്‍ പരസ്യ ചിത്രത്തില്‍ കാണുന്ന സുന്ദര പുരുഷന്‍ മുഖമേയില്ലാത്തവനാണ്‌. മുഖമായിരുന്നു ഒരു കാലഘട്ടിന്റെ സാംസ്‌കാരിക മുഖം. ആ മുഖം തന്നെ ഇല്ലാതായിക്കഴിഞ്ഞ തത്സമയത്തെയാണ്‌ ഭയശങ്കകളോടെ തന്നെ ലേഖനം അവതരിപ്പിക്കുന്നത്‌. തന്റെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ ലേഖകന്‍ മലയാളസാഹിത്യത്തിലൂടെയും മലയാളി ജീവിതത്തിലൂടെയും നടത്തുന്ന സഞ്ചാരങ്ങളാണ്‌ ഈ കുറിപ്പുകളെ അന്യാദൃശമാക്കുന്നത്‌. 'എനിക്കു മാത്രം എഴുതാനാവുന്നതേ എഴുതാവൂ' എന്ന ശാഠ്യത്തെക്കുറിച്ചുള്ള ലേഖകന്റെ അവകാശവാദം സാധൂകരിക്കുന്നതാണ്‌ ഈ പുസ്‌തകത്തിലെ ലേഖനങ്ങളൊക്കെയും.

മലയാളി ജീവിതം ഒരു തത്സമയജീവിതമായിപ്പോകുന്നു എന്ന്‌ പരിതപിക്കുമ്പോള്‍ത്തന്നെ വര്‍ത്തമാനകാലത്തിന്റെ പുരാവൃത്തം എഴുതേണ്ടതാണെന്നും എഴുതാതിരുന്നാല്‍ വര്‍ത്തമാനകാലം നമ്മുടെ പിടിയില്‍ നില്‍ക്കാതായിപ്പോകും എന്നു പറയുന്നുമുണ്ട്‌ കല്‍പ്പറ്റ. മലയാളിയുടെ കഥ കഴിയുകയാണോ എന്നു ഖേദിക്കുന്ന ലേഖകന്‍, കവിതാരസചാതുര്യമിയന്ന വ്യാഖ്യാനങ്ങള്‍ ചമയ്‌ക്കുമ്പോഴും പക്ഷേ, പുതിയ കാലത്തിന്റെ പല കാഴ്‌ചകളോടും മുഖം തിരിക്കുന്നതായിക്കൂടി നമുക്കു തോന്നാം. തത്സമയ കാലം പുതിയൊരു വ്യാകരണവും വാക്യഘടനയുമുണ്ടാക്കുന്നുണ്ട്‌. തലയില്ലാത്ത ഉടലഴകുകളുടെ പുതിയ കാലത്തിന്‌ പുതിയൊരു മുഖമാണുള്ളത്‌. പഴയമുഖങ്ങളിലെ പഴയ കണ്ണടകള്‍ക്കകത്തെ പഴയ കണ്ണുകളില്‍ അവ തെളിഞ്ഞു കണ്ടെന്നു വരില്ല. അടി പൊളി ഒരാഹ്വാനമാണ്‌. പൊളിച്ചുമാറ്റാനുള്ള ഒരാഹ്വാനം. അതൊരഭിനന്ദനവാക്കുമാണ്‌, നിങ്ങളെന്തോ പൊളിച്ചു മാറ്റുമ്പോള്‍. ഓരോ കല്ലായി, പല കല്ലായി അവര്‍ ആ മന്ദിരം പൊളിച്ചു മാറ്റുകയാണ്‌. അത്‌ അതിവേഗം തീരട്ടെ എന്ന്‌ പരിഭവപ്പെടുമ്പോള്‍ പക്ഷേ, ഒരു തലമുറ മുമ്പ്‌ ഇങ്ങനെ പൊളിച്ചുമാറ്റി അടിപൊളിയായി പണിത മന്ദിരമാണ്‌ തത്സമയം പൊളിച്ചുമാറ്റിക്കൊണ്ടിരിക്കുന്നത്‌ എന്നു കൂടി കാണാന്‍ കല്‍പ്പറ്റയ്‌ക്കു കഴിയേണ്ടതായിരുന്നു. പൊളിച്ചുമാറ്റുന്നിടത്ത്‌ ഗ്രൗണ്ട്‌ സീറോകള്‍ അവശേഷിപ്പിച്ച്‌ ചരിത്രത്തെ ഫ്രീസു ചെയ്‌ത്‌ കാഴ്‌ചയിടങ്ങളാക്കി നിര്‍ത്താന്‍ കഴിയില്ലെന്നു നന്നായി മനസ്സിലാകുന്ന കവിയാണ്‌ കല്‍പ്പറ്റ നാരായണനെന്ന്‌ ഈ പുസ്‌തകത്തിലെ പല കുറിപ്പുകളും സാക്ഷ്യം പറയുന്നുമുണ്ട്‌.

വഞ്ചിക്കുന്നതിന്റെ രശീതി, കേരളം മലയാളരുചിയുടെ മാതൃഭൂമി, അനാവശ്യമായ ആവശ്യങ്ങള്‍, എന്റെ പൊന്നേ തുടങ്ങി ഈ പുസ്‌തകത്തിലെ കുറിപ്പുകളില്‍ ബഹുഭൂരിപപക്ഷവും മലയാളി ജീവിതത്തിന്റെ തത്സമയദൃശ്യങ്ങളാണ്‌ നമുക്കു മുന്നിലേക്ക്‌ എത്തിക്കുന്നത്‌.

2 comments:

 1. കവിയാണെങ്കിലും കാല്‍പനിക ലോകത്ത് ജീവിക്കാത്ത വ്യക്തിത്വത്തെ നന്നായി അവലോകനം ചെയ്തിരിക്കുന്നു.കാലഘട്ടത്തെ തന്നോടൊപ്പം നിറുത്തുകയും...ചിലപ്പോഴൊക്കെ..കാലഘട്ടത്തിനു മുന്‍പേ ലേഖകന്‍ സഞ്ചരിക്കുകയും ചെയ്തിരിക്കുന്നത് ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് അടയാളപെടുത്താന്‍ അവലോകനത്തിന് കഴിഞ്ഞിരിക്കുന്നു.
  നന്നായി.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 2. വളരെ നല്ല ഒരു ആസ്വാദനം....

  എന്നും ഇന്നലെകളില്ലാത്തവരും നാളെകളെക്കുറിച്ചു സ്വപ്‌നം കാണാത്തവരുമാണ്‌ മലയാളികള്‍ എന്ന്‍ ലേഖകന്‍ പറയുന്നു ... പക്ഷെ കേരളീയന്‍ നാളെയെ കുറിച്ച് ചിന്തിക്കുന്നവര്‍ ..

  "എന്റെ ഒച്ച വേറിട്ടു കേട്ടുവോ"....
  വൈലോപ്പിള്ളിയെ അനുസ്മരിച്ചതിനു നന്ദി ....

  അഭിനന്ദനങ്ങള്‍ .........

  ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?