Tuesday, August 30, 2011

പുസ്തകവിചാരം - ഓണം ബുക്ക് ഫെസ്റ്റ് : വായനയുടെ പൂക്കാലത്തിലേക്ക് സ്വാഗതം.


മൃദ്ധിയുടെ, ഐശ്വര്യത്തിന്റെ പൊന്നില്‍ ചിങ്ങം വന്നുചേര്‍ന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. എവിടെയും ഓണത്തിന്റെ തിരക്ക് മാത്രം. പുതുപുത്തന്‍ ഓഫറുകളും കൈനീട്ടങ്ങളുമായി എല്ലാവരും നമ്മെ മാടിവിളിക്കുകയാണ്. ചാനലുകളില്‍ ഓണപ്പരിപാടികളെ പറ്റിയുള്ള പ്രത്യേക അവലോകനങ്ങള്‍. ഓണം വിഭവങ്ങളില്‍ ഞാന്‍ മുന്‍പേ, ഞാന്‍ മുന്‍പേ എന്ന വെല്ലുവിളികളുമായി സൂപ്പര്‍ഹിറ്റ് ചലചിത്രങ്ങളും മുന്‍നിര താരങ്ങളുടെ സാന്നിദ്ധ്യവുമൊക്കെയായി ചാനലുകള്‍ പൊടിപൂരമാക്കുന്നു. സിനിമ വ്യവസായവും ഇതില്‍ നിന്നുമൊന്നും വ്യത്യസ്തമല്ല. സൂപ്പര്‍താര ചിത്രങ്ങള്‍ തമ്മില്‍ ഓണക്കാലത്ത് പതിവുള്ള കിടമത്സരം തുടങ്ങിക്കഴിഞ്ഞു. പത്രങ്ങളും വാരിക-മാസികകളുമൊക്കെ തന്നെ ഓണപ്പതിപ്പുകളുടെ പരസ്യവുമായി വായനക്കാരെ തങ്ങളിലേക്ക് ആകര്‍ഷിക്കുവാന്‍ ഇറങ്ങി കഴിഞ്ഞു. ഗൃഹോപകരണ വിപണി മുതല്‍ പച്ചക്കറി കടകള്‍ വരെ പുത്തന്‍ വിഭവങ്ങളെക്കുറിച്ചുള്ള വര്‍ണ്ണനകളുമായി പരസ്യങ്ങള്‍ ഇറക്കി കഴിഞ്ഞു. എങ്കില്‍ പിന്നെ എന്തുകൊണ്ട് കാലഘട്ടത്തിന്റെ മാദ്ധ്യമമെന്ന നിലയില്‍ ബ്ലോഗുകളില്‍ ഓണക്കാല പോസ്റ്റുകളെ കുറിച്ച് ഒരു മുന്‍‌ധാരണ വായനക്കാര്‍ക്ക് നല്‍കിക്കൂടാ.. ??


ഇവിടെ പുസ്തകവിചാരം ടീം ഇതാ ആദ്യമായി ബൂലോകത്ത് ഓണം വിഭവങ്ങള്‍ വായനക്കാര്‍ക്ക് വേണ്ടി മുന്‍‌കൂറായി അറിയിക്കുന്നു. ഒരിക്കലും ഇതൊരു മത്സരരംഗമല്ലാത്തതിനാല്‍ എല്ലാവരെയും വായിക്കുന്നതോടൊപ്പം ഓണത്തിന്റെ തിരക്കിനിടയില്‍ മിസ് ചെയ്ത് പോവാതെ വായിക്കുവാന്‍ ഓരോ പുസ്തകപ്രേമിയെയും ഒരു പക്ഷെ ഇത്തരം ഒരു മുന്‍ കുറിപ്പ് സഹായിച്ചേക്കും എന്ന്‍ കരുതി മാത്രം പുസ്തകവിചാരം ബ്ലോഗിന്റെ ഓണം ബുക്ക്ഫെസ്റ്റിലെ പോസ്റ്റുകള്‍ ഇവിടെ അറിയിക്കട്ടെ. പുസ്തകവിചാരം - ഓണം ബുക്ക്ഫെസ്റ്റിലേക്ക് എല്ലാ പുസ്തകപ്രേമികളുടെയും ശ്രദ്ധയും വായനയും പ്രോത്സാഹനവും പ്രതീക്ഷിച്ചുകൊണ്ട് , എല്ലാവര്‍ക്കും നല്ല ഒരു ഓണക്കാലം ആശംസിക്കുന്നുസെപ്തംബര്‍ 1 : തന്റെ മനോഹരങ്ങളായ ചെറുകഥകളിലൂടെ മലയാള സാഹിത്യത്തില്‍ സ്വന്തമായി ഒരു സ്ഥാനം കണ്ടെത്തിയ , ഈയിടെ യാത്രകള്‍.കോം നടത്തിയ യാത്രാവിവരണ മത്സരത്തില്‍ ഒന്നാം സമ്മാനത്തിനര്‍ഹനായ, ഓണ്‍ലൈന്‍ എഴുത്തിടങ്ങളിലും ഗൂഗില്‍ ബസ്സിലുമൊക്കെ സജീവസാന്നിദ്ധമായ ബിജു.സി.പി, കല്‍‌പറ്റ നാരായണന്റെ 'തല്‍‌സമയം' എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നു.


സെപ്തംബര്‍ 5 : മലയാള സാഹിത്യ തറവാട്ടിലെ കാരണവര്‍ സ്ഥാനം അലങ്കരിക്കുന്ന, അനുഗ്രഹീതനായ വാഗ്മിയും എഴുത്തുകാരനുമായ സുകുമാര്‍ അഴീക്കോട്, അക്ഷരജാലകം എന്ന പംക്തിയിലൂടെ ശ്രദ്ധനേടിയ MK Harikumar News pages എന്ന ബ്ലോഗിന്റെ ഉടമയുമായ എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' എന്ന പുസ്തകത്തെ പരിചയപ്പെടുത്തുന്നു.


സെപ്തംബര്‍ 11: ആടുജീവിതം എന്ന ഒറ്റ പുസ്തകത്തിലൂടെ മലയാളി പുസ്തകപ്രേമികള്‍ നെഞ്ചേറ്റിയ മലയാളികളുടെ സ്വന്തം ബെന്യാമിന്‍ , പ്രശസ്ത എഴുത്തുകാരനും മുന്‍ മന്ത്രിയും ഇപ്പോള്‍ പാര്‍ലമെന്റ് അംഗവുമായ ശശി തരൂരിന്റെ 'ബാഗ്ദാദിലെ പുസ്തക തെരുവുകള്‍' എന്ന പ്രശസ്തമായ പുസ്തകത്തെ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്നു.


സെപ്തംബര്‍ 16 : തന്റെ കഥകളിലൂടെയും ഓര്‍മ്മക്കുറിപ്പുകളിലൂടെയും മലയാളികള്‍ക്ക് പരിചിതനായി കഴിഞ്ഞ 'മാരണം‌ വെക്കല്‍' എന്ന ബ്ലോഗിലൂടെ ബൂലോകത്തോട് സംസാരിച്ച് കൊണ്ടിരിക്കുന്ന കഥാകൃത്ത് പി.വി.ഷാജികുമാര്‍, മുന്‍‌കാല കമ്യൂണിസ്റ്റ് നേതാവ് .വി.കുഞ്ഞമ്പുവിന്റെ ഭാര്യ കെ.ദേവയാനി രചിച്ച 'ചോരയും കണ്ണീരും നനഞ്ഞ വഴികള്‍' എന്ന ആത്മകഥയെ കുറിച്ച് വൈകാരികത ചോര്‍ന്ന് പോകാതെ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്നു.


സെപ്തംബര്‍ 21 : മനോഹരമായ രചനാ വൈഭവം കൊണ്ട് ഓണ്‍ലൈന്‍ എഴുത്തിടങ്ങളില്‍ ഏറെ അറിയപ്പെടുന്ന, മഷിപാത്രം എന്ന ബ്ലോഗിന്റെ ഉടമ വിനീത് നായര്‍, കഥാകൃത്ത് / നോവലിസ്റ്റ് /ബ്ലോഗര്‍ എന്നീ നിലകളില്‍ പ്രശസ്തനായ സുസ്മേഷ് ചന്ദ്രോത്തിന്റെ 'നായകനും നായികയും' എന്ന പുസ്തകത്തെ തന്റെ കാഴ്ചപ്പാടിലൂടെ വിലയിരുത്തുന്നു.

സെപ്തംബര്‍ 26: കവി വാസുദേവന്‍ കോറോം തന്റെ ശക്തമായ ഭാഷയിലൂടെ , വ്യത്യസ്തതയാര്‍ന്ന അവതരണത്തിലൂടെ പ്രശസ്ത കവിയും ബ്ലോഗറുമായ ശ്രീകുമാര്‍ കരിയാടിന്റെ 'തത്തകളുടെ സ്കൂള്‍ - ഒന്നാം പാഠപുസ്തകം' എന്ന പുസ്തകത്തെ അവലോകനം ചെയ്യുന്നു.


സെപ്തംബര്‍ 30: കൈകേയി, വിധവകളുടെ വീട് എന്നീ പ്രശസ്തങ്ങളായ നോവലുകളുടെ രചയിതാവും കഥാകൃത്ത്/ നോവലിസ്റ്റ് / അദ്ധാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനുമായ ടി.എന്‍ പ്രകാശിന്റെ തൂലികയില്‍ ബൂലോകത്തിന്റെ പ്രസാധകരായ സിയെല്ലസ്സ് ബുക്സിന്റെ അമരക്കാരി ലീല.എം.ചന്ദ്രന്റെ 'നെയ്ത്തിരികള്‍' എന്ന കഥാസമാഹാരത്തെ പരിചയപ്പെടുത്തുന്നു.

(മേല്‍‌സൂചിപ്പിച്ച എല്ലാ പോസ്റ്റുകളും ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ പബ്ലിഷ് ആവുന്നതായിരിക്കും.)


ഇത് വരെ പുസ്തകവിചാരത്തിന് നിങ്ങള്‍ നല്‍കിയ അകമഴിഞ്ഞ പ്രോത്സാഹനത്തിന് നന്ദി. പുസ്തകവിചാരവുമായി സഹകരിച്ച് ഇത് വരെ അവലോകനങ്ങള്‍ നല്‍കിയ എഴുത്തുകാര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ ഞങ്ങള്‍ കൃതഞ്ജത രേഖപ്പെടുത്തുന്നു. വായനയുടെ പുത്തന്‍ പൂക്കാലത്തേക്ക് നമുക്കൊരുമിച്ച് നീങ്ങാം.

എല്ലാവരെയും പുസ്തകവിചാരം - ഓണം ബുക്ക് ഫെസ്റ്റിന്റെ വായനക്കായി ക്ഷണിക്കുന്നു.

റംസാന്‍ - ഓണാശംസകളോടെ,
എഡിറ്റോറിയല്‍ ടീം

9 comments:

 1. ആശംസകള്‍.......വായിക്കാന്‍ കാത്തിരിക്കുന്നു......

  ഞാന്‍ ബ്ലോഗിലേക്ക് ഒരു തിരിച്ചു നടത്തം ആഗ്രഹിക്കുന്നു.

  ReplyDelete
 2. സന്തോഷം ..വായന വളരട്ടെ ..കാത്തിരിക്കുന്നു .:)

  ReplyDelete
 3. അല്പകാലത്തെ ഇടവേളയ്ക്കു ശേഷം ഗൂഗിള്‍ ബസ്സിലൂടെ ഒന്ന് കേറി യിറങ്ങിയപ്പോ അതാ നില്‍ക്കുന്നു നിരക്ഷരന്‍ തന്റെ പതിവ് പല്ലവിയുമായി രസം തോന്നി ഇവിടെയിറങ്ങി. ഒരിക്കല്‍ ഒരു പുസ്തകപ്പുഴുവും പിന്നീടൊരിക്കല്‍ പുസ്തകപ്രേമിയും പിന്നീടങ്ങനെ ഒരു ചെറിയ എഴുത്തുകാരനുമായി മാറിയ ഈയുള്ളവനിതാ ഒരു ഓണോപഹാരം ഇവിടെ കിട്ടിയിരിക്കുന്നു. നന്നായിരിക്കുന്നു എന്നേപ്പോലെയുള്ള മറു നാടന്മ്മര്‍ക്കിതൊരു ഉപഹാരം തന്നെ. വീണ്ടും വരാം, നന്ദി നമസ്കാരം. സമയമുണ്ടെങ്കില്‍ എന്റെ ബ്ലോഗിലും ഒന്ന് എത്തിനോക്കുന്നതില്‍ വിരോധം ഇല്ലായിരിക്കുമല്ലോ. വീണ്ടും കാണാം.
  വളഞ്ഞവട്ടം പി വി ഏരിയല്‍ സിക്കന്ത്രാബാദ്

  ReplyDelete
 4. ബൂലോകത്ത് ഞാന്‍ പുതിയ ആളാണ്..ആദ്യമായാണ് ഇവിടെ വരുന്നത്..ഇങ്ങനെ ഒരു സം‌രംഭം വളരെ അധികം സന്തോഷം നല്‍കുന്നു..ഓണ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു...

  ReplyDelete
 5. വളരെ നല്ല കാര്യം, ഈ സന്തോഷം അറിയിച്ചതിനു നന്ദി.

  ReplyDelete
 6. മലയാളപുസ്ത്കങ്ങൾ ഭ്രാന്തമായ ഒരാവവേശമായി വായിച്ചിരുന്ന ഒരു കൗമാരകാലം ഓർത്തു പോകുന്നു..എന്നാണ്‌ പുസ്തകങ്ങളിൽ നിന്നകന്നത് ?

  നല്ല ഉദ്യമം...എല്ലാ ഭാവുകങ്ങളും

  ReplyDelete
 7. നല്ലൊരു ഓണസമ്മാനമാണല്ലോ ഏട്ടാ..ഒരുപാട് സന്തോഷം...വായിക്കാൻ പുസ്തകങ്ങൾ കിട്ടാൻ ബുദ്ധിമുട്ടുള്ള എന്നെപ്പോലുള്ളവർക്ക് ഒരു നിറസദ്യ കാത്തിരിക്കുന്ന പ്രതീതി...നന്ദി സന്തോഷം..
  ഇതിന്റെ അരങ്ങത്തും അണിയറയിലും പ്രവർത്തിച്ച എല്ലാർക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ...ഓണാശംസകളും..

  ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?