Sunday, March 4, 2012

കാ വാ രേഖ?

പുസ്തകം : കാ വാ രേഖ?
രചയിതാവ് : ഒരു കൂട്ടം കവികള്‍

പ്രസാധകര്‍ : കൃതി പബ്ലിക്കേഷന്‍സ്

അവലോകനം : സിജു രാജക്കാട്
ചിന്തകള്‍ക്കു വൈറസു ബാധിക്കുമ്പോള്‍ പ്രതികരിക്കാതെ വയ്യ. വൈറസുകള്‍ ചിന്തയില്‍ നിന്നും നാഡികളിലേക്കരിച്ചിറങ്ങി മനുഷ്യനിലെ മനുഷ്യനെ ഒരു യന്ത്രമാക്കുന്നതിനു മുമ്പേ ഞങ്ങളില്‍ ഒരു മനുഷ്യന്‍ ജീവിച്ചിരിപ്പുണ്ട്‌ എന്നു പ്രഖ്യാപിക്കുകയാണ്‌ യന്ത്രലോകത്തോട്‌ സംവദിക്കുന്ന ബ്ലോഗെഴുത്തുകാര്‍. കവിത എഴുതുമ്പോള്‍ എന്തെങ്കിലും എഴുതിയാല്‍ പോര, എങ്ങനെയെങ്കിലും എഴുതിയാലും പോര. പേമാരി പോലെ വാക്കുകള്‍ കോരിച്ചൊരിഞ്ഞിട്ടും കാര്യമില്ല. നല്ല മിനുക്കമുള്ള കണ്ണാടി പോലെ അത്‌ എല്ലാം വരച്ചു കാട്ടണം. ഓരോ വടുക്കളും തെളിഞ്ഞു കാണണം. കവിത ബിംബാത്മകമാവണം. ഒരു വാക്ക്‌ ഒരായിരം അര്‍ത്ഥങ്ങള്‍ ധ്വനിപ്പിക്കണം. വൈകാരികതയേക്കാള്‍ കവിതയുടെ സാങ്കേതിക മികവുകൊണ്ടും പരപ്പിനേക്കാള്‍ കൂടുതല്‍ ആഴം കൊണ്ടും ആകര്‍ഷണീയതയേക്കാള്‍ കൂടുതല്‍ ആര്‍ദ്രത കൊണ്ടും ശ്രദ്ധേയമാകുന്ന കവിതകളാണ്‌ `കാ വാ രേഖ' എന്ന കവിതാസമാഹാരത്തിനെ സമകാലീനകവിതകളില്‍ വച്ചേറ്റവും മനോഹരമാക്കി തീര്‍ത്തിരിക്കുന്നതെന്ന് പറയാം. ബ്ലോഗെഴുത്തിലൂടെ ശ്രദ്ധേയരായ ഇരുപത്തിയഞ്ചു യുവകവികളുടെ കവിതകളാണിതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. കേള്‍ക്കുമ്പോള്‍ ദുരൂഹവും അര്‍ത്ഥശൂന്യമെന്നു തോന്നുന്നതുമായ ഒരു പേരാണ്‌ ഈ ഗ്രന്ഥത്തിനു നല്‍കിയിരിക്കുന്നത്‌. എന്നാല്‍ ഉള്ളിലേക്കു കടന്നു ചെല്ലുമ്പോള്‍ അത്‌ നമ്മെ ഒരു വിസ്‌മയ ലോകത്തിലേക്കാനയിക്കുന്നു. ഏകാന്തതയുടെ വിരസമായ തുരുത്തില്‍ അതു നമ്മെ തളച്ചിടുന്നു. കഠിനമായ അസ്‌തിത്വദുഃഖത്തിന്റെ മരവിച്ച മജ്ജയിലേക്കരിച്ചിറങ്ങുമ്പോള്‍ ഉണ്ടാകുന്ന ഒരു നോവ്‌ ഈ കവിതകള്‍ നമുക്കു സമ്മാനിക്കുന്നു. കാളിദാസന്‍ എഴുതിയ ഒരു കവിതയിലെ എട്ടു വരികളിലെ ഏഴാമത്തെ വരിയാണ്‌ `കാ വാ രേഖ'. അപാരമായ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന്‌ പ്രസാധകര്‍ അവകാശപ്പെടുന്നു എങ്കിലും അതിന്റെ അര്‍ത്ഥം സാങ്കേതികമായറിയാത്ത സാധാരണക്കാര്‍ക്ക്‌ ദുര്‍ഗ്രഹമായിത്തന്നെ തുടരുന്നു. അതുകൊണ്ട്‌ സാധാരണക്കാരെ ഉദ്ദേശിച്ചല്ല ഈ കവിത എഴുതിയത്‌ എന്ന്‌ അനുമാനിക്കാം.

വിദഗ്‌ധര്‍ അടങ്ങിയ ഒരു പാനല്‍ അതിസൂക്ഷ്‌മവിശകലനത്തിലൂടെ തെരഞ്ഞെടുത്ത 25 കവിതകള്‍ തീര്‍ച്ചയായും എല്ലാ അര്‍ത്ഥത്തിലും മികവു പുലര്‍ത്തുന്നുണ്ട്‌. കവിതയെക്കുറിച്ചുള്ള ഈ കാഴ്‌ചപ്പാട്‌ പകര്‍ന്നു നല്‍കികൊണ്ടാണ്‌ ഡോണ മയൂരയുടെ `ഋതുമാപിനി'യിലൂടെ കാ വാ രേഖയുടെ അത്ഭുത ലോകത്തിലേക്കുള്ള ഇ-ജാലകം തുറക്കുന്നത്‌.

`ഓരോ വാക്കിന്റെയും
നീളവും അര്‍ത്ഥവ്യാപ്‌തിയും മനസിലളന്ന്‌
കൈമിടുക്കുള്ളൊരു
ശില്‍പിയുടെ ചാതുര്യത്തോടെ
ഇരുതുടകളിലും നീളത്തിലും
ആഴത്തിലുമുള്ള മുറിവുകള്‍ തീര്‍ക്കുന്നു.

ഇതു തന്നെയാണ്‌ കാവാരേഖയുടെ തുടര്‍ന്നുള്ള പേജുകളിലും കാണുന്നത്‌. മുറിവുകള്‍ പക്ഷേ വ്രണങ്ങളാകുന്നില്ല. അവയില്‍ പുഴു അരിക്കുന്നില്ല. അതൊരു നീറ്റലായി വൈറസു പോലെ നമ്മിലേക്കും പടരുന്നു.

`വേനലിന്റെ മുറിവുകളെ
വസന്തം മറയ്‌ക്കുന്നതേയുള്ളൂ
ഉണക്കുന്നില്ല'

പ്രണയസാന്ദ്രമാണിതിലേറെയും കവിതകള്‍. അവ നിര്‍മ്മിക്കപ്പെടുന്ന, അപമാനിക്കപ്പെടുന്ന, നിറം മങ്ങിപ്പോയ കാലത്തിനൊത്തു കോലം മാറുന്ന പ്രണയം, മുറിവുകളുടെ ആഴത്തെ കൂടുതല്‍ വ്യാപ്‌തിയുള്ളതാക്കിത്തീര്‍ക്കുന്നതേയുള്ളൂ. ഹൃദയത്തില്‍ നിന്നും ഇറങ്ങി തൊലിപ്പുറത്തും വസ്‌ത്രത്തിന്റെ ശബളിമയിലും ഒളിച്ചിരിക്കുന്ന പ്രണയം. ജീവനുള്ള പ്രകൃതിയുടെ പൂന്തോപ്പില്‍ നിന്നുമിറങ്ങി ചന്തയിലെ മണമില്ലാത്ത കടലാസു പൂവുകള്‍ക്കിടയില്‍ അത്‌ ഒളിച്ചിരിക്കുന്നു. പ്രണയത്തിന്റെ അധിനിവേശകാലത്ത്‌ നിശാനിയമം മുറിച്ച്‌ മധുരനാരങ്ങകളും മുന്തിരിയും മാറത്തടുക്കി വച്ച്‌ വരികയാണ്‌ ശശികുമാര്‍ ടി.കെ (മൊഴി). ലാപ്‌ടോപ്പിന്റെ ചത്ത സിരകളിലൂടെ പരതി നടക്കുന്ന `ഹൈടെകും' പ്രാക്‌ടിക്കലും റൊമാന്റിക്കിനെ നിര്‍വചിക്കുകയാണ്‌ നീന ശബരീഷിന്റെ കവിതയില്‍. കമ്പ്യൂട്ടര്‍ വസന്തകാലത്തിലെ ചാറ്റിംഗ്‌ പുഷ്‌പങ്ങളെ ചീറ്റിംഗ്‌ വൈറസുകള്‍ കാര്‍ന്നു നശിപ്പിക്കുന്ന കാപട്യപ്രണയത്തോടുള്ള കടുത്ത പ്രതിഷേധവുമായാണ്‌ ജയ്‌നി (ഇ-പ്രണയം) രംഗപ്രവേശം ചെയ്യുന്നത്‌. ഇ-സംസ്‌കാരം മനുഷ്യസംസ്‌കാരത്തെ മാറ്റി പ്രതിഷ്‌ഠിക്കുമ്പോള്‍ ഉണ്ടാകുന്ന സാംസ്‌കാരിക പ്രശ്‌നങ്ങള്‍ കവയിത്രി ഇവിടെ വിഷയമാക്കുന്നു. ദേശാടനക്കിളിയുടെ സ്ഥാനത്ത്‌ ഇന്റര്‍നെറ്റ്‌ വലക്കണ്ണികള്‍ കടന്നു വരുന്നു. ചാറ്റിംഗും ചീറ്റിംഗും പ്രണയവും നിരാശയുമെല്ലാം ഒരു വിരല്‍ത്തുമ്പില്‍ ഈ വിരല്‍ത്തുമ്പിലാണ്‌ ലോകം. അറിവുകളും പുസ്‌തകങ്ങളും വിറ്റ്‌ വിശപ്പടക്കേണ്ടി വരുമ്പോഴും പ്രണയത്തിന്റെ വര്‍ണചിത്രമായ മയില്‍പ്പീലി താന്‍ വില്‍ക്കുകയില്ലെന്നു വീണ സിജീഷ്‌ ആണയിടുന്നു. വീണയുടെ ആ ആഗ്രഹമെങ്കിലും ഹൃദയസ്‌പന്ദനങ്ങളെ പോലും കച്ചവടം ചെയ്യുന്ന ഈ കാലഘട്ടങ്ങളില്‍ നിറവേറട്ടെയെന്നു ഞാന്‍ ആശംസിക്കുന്നു.

ജീവിതത്തിന്റെ വൈരുദ്ധ്യങ്ങള്‍ പ്രകടമാക്കുന്ന ചില കവിതകളും ഈ ഗ്രന്ഥത്തിലുണ്ട്‌. തെറ്റും ശരിയും മലക്കം മറിയുകയാണ്‌ ഇ-ലോകത്തില്‍. ട്രാക്കുകളനവധിയുള്ള അതിവേഗപാതകളിലെ നിത്യാഭ്യാസത്തിലൂടെ പ്രവാസത്തിലേക്കു തര്‍ജ്ജമ ചെയ്യപ്പെടുന്ന ജീവിതത്തെ അടയാളപ്പെടുത്തുകയാണ്‌ രണ്‍ജിത്ത്‌ ചെമ്മാട്‌. ആരോ വലിച്ചെറിഞ്ഞ ഭൂതത്തിന്റെ അവശിഷ്‌ടങ്ങളില്‍ ഭാവിയും വര്‍ത്തമാനവും വേവിച്ചെടുക്കുന്നവരെ പെറുക്കിക്കൂട്ടുകയാണ്‌ പ്രസന്ന ആര്യന്‍. (ചാരിറ്റി). കൈയ്യിലുള്ള വാക്കുകളെല്ലാം തട്ടിക്കുടഞ്ഞിട്ട്‌ നാല്‌ കാലുള്ള തലകളുടെ നാക്കിനു താഴെ അപരിചിതങ്ങളായ അര്‍ത്ഥങ്ങളെ നിര്‍മ്മിക്കുന്ന യന്ത്രങ്ങളുടെ വിചിത്ര ലോകം അവതരിപ്പിക്കുന്ന ദിലീപ്‌ നായര്‍, സദാചാരമാപിനിയിലെ സൂചകങ്ങളുടെ കടപറിയ്‌ക്കുന്ന കൊടുങ്കാറ്റു വീശുമ്പോള്‍ കണ്ണും കാതും കൊട്ടിയടയ്‌ക്കണമെന്നാഗ്രഹിക്കുന്ന ചാന്ദ്‌നി ഗാനന്‍. ബൈബിളിലെ സങ്കീര്‍ത്തനങ്ങളെ അപനിര്‍മ്മിക്കുന്നതില്‍ ഒരു ക്ലാസിക്‌ ടച്ച്‌ പുലര്‍ത്തുന്ന മുംസി, നാവിലൂടെ സകല ജീര്‍ണബീംബങ്ങളെയും തുറന്നു കാണിക്കുന്ന ഖാദര്‍ പട്ടേപ്പാടം തുടങ്ങിയവരെല്ലാം കവിതയിലെന്ന പോലെ ജീവിതത്തിലും പുതിയ അര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നവരാണ്‌. ദുഷിച്ചു നാറുന്ന സാംസ്‌കാരിക ലോകത്തെ തൂത്തു വൃത്തിയാക്കാന്‍ ഈ കവിതകള്‍ കൂടുതല്‍ ജനകീയമാവട്ടെ എന്നാശംസിക്കുന്നു.

ജനനത്തിനും മരണത്തിനുമിടയ്‌ക്ക്‌ ജീവിതത്തിന്റെ ഇടം തിരയുന്ന അസ്‌തിത്വവാദപരമായ ചില കവിതകളും ഈ സമാഹാരത്തിലുണ്ട്‌. ടോറണ്ടോ ചുഴിയില്‍ പെട്ടു കുഴഞ്ഞു മറിയുന്നതാണ്‌ ഗീത ഹിരണ്യന്റെ സ്‌നേഹത്തിന്റെ വെള്ളച്ചാട്ടം. അച്ഛന്‍ ചെടിയും, അമ്മച്ചെടിയും കാലമാകാതെ ഉണങ്ങുമ്പോള്‍ ഉണ്ടാകുന്ന കടലാസുചെടികളുടെ ബിംബത്തിലൂടെ വിവാഹമോചനം അനാഥമാക്കുന്ന കുഞ്ഞുങ്ങളുടെ നൊമ്പരങ്ങള്‍ ആവിഷ്‌കരിക്കുന്ന ഹന്‍ലലത്ത്‌ നമ്മെ സ്വത്വദുഃഖത്തിന്റെ കണ്ണീരു കുടിപ്പിക്കുന്നു. അക്ഷരം തന്ന വൃദ്ധനെ അച്ഛനായി കാണാന്‍ പറഞ്ഞ ശാസ്‌ത്രത്തോട്‌ വൃദ്ധസദനങ്ങളെന്തിന്‌ എന്നു ചോദിക്കുന്ന അരുണ്‍ശങ്കര്‍ നമ്മുടെ മാറി വരുന്ന സാംസ്‌കാരത്തിനു നേരെ ഒരു തുറിച്ചു നോട്ടം നോക്കുന്നു. മൃത്യുവിനെ യാഥാര്‍ത്ഥ്യബോധമുള്ള `പ്രേത'ത്തിന്റെ അലങ്കാരത്തില്‍ പൊതിഞ്ഞ്‌ പോളീഷ്‌ ചെയ്‌ത്‌ അവതരിപ്പിച്ച്‌ അന്ധവിശ്വാസികളെ വെല്ലുവിളിക്കുന്ന നീസ വെള്ളൂര്‍ പ്രായത്തിനു യോജിക്കാത്ത പണിയാണ്‌ ഏറ്റെടുത്തിരിക്കുന്നത്‌. നന്മകള്‍ നിറഞ്ഞ ജീവിതങ്ങളുടെ ചില പ്രതീകങ്ങള്‍ എന്‍.എ സുജീഷിന്റെ കലയെ സ്‌നേഹിച്ച കൂട്ടുകാരന്‍, എസ്‌ കലേഷിന്റെ പെണ്ണുകുട്ടി, ജീവിത സായാഹ്നകവലയിലെ തട്ടുകടയില്‍ ചായ കുടിക്കാന്‍ ചെല്ലുന്ന ഉമേഷ്‌ തുടങ്ങിയവര്‍ വേദനിക്കുന്നതെങ്കിലും നാം ഇഷ്‌ടപ്പെടുന്ന ഒരു ജീവിതത്തിന്റെ ഓര്‍മ്മയും പ്രതീക്ഷയും നിലനിര്‍ത്തുന്നു.

എങ്കിലും ഒരു ചിരിയുടെ വേദന താങ്ങാന്‍ ഒരു മിഴിനീരു തണുപ്പു മാത്രമുള്ള രാജീവും തിരിയെ വരാതിരിക്കാനുള്ള യാത്രയ്‌ക്കൊരുങ്ങുന്ന ഷൈന്‍കുമാറും, വണ്ടിയാപ്പീസിന്റെ വരാന്തയില്‍ അസ്‌തപ്രജ്ഞനായി നില്‍ക്കുന്ന ഉസ്‌നും കണ്ണു പൊത്തുന്ന ചെകുത്താനിലൂടെയും താടിക്കു കൈ കൊടുത്തിരിക്കുന്ന ദൈവത്തിലൂടെയും ലോകത്തെ പരിഹസിക്കുന്ന ജയിംസ്‌ സണ്ണിയും ഒരു ചോദ്യം അവശേഷിപ്പിക്കുന്നു. ഇനിയെന്ത്‌? എ സതീദേവിയെപ്പോലെ നാം ഒരു ഒത്തുതീര്‍പ്പിനു ശ്രമിക്കണോ അതോ യൂസഫ്‌ പാ പറയുന്നതു പോലെ ഒരു വേട്ടക്കാരനെ പോലെ ജീവന്റെ കോര്‍മ്പകള്‍ തൂക്കിപ്പിടിച്ച്‌ മരണത്തിലേക്കു പിന്‍വാങ്ങണോ? കാ വാ രേഖ? എന്നാല്‍ വിധി വൈപരീത്യങ്ങളെ ചെറുത്തു തോല്‍പിക്കാനുള്ള തന്റേടം ഈ കവികള്‍ ആരും പ്രകടിപ്പിക്കുന്നില്ല എന്നതു നിരാശാജനകം തന്നെയാണ്‌. നട്ടെല്ലു നഷ്‌ടമായോ നമ്മുടെ യുവതലമുറയ്‌ക്ക്‌? ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു, വൈറസുകളെ ആട്ടിയോടിക്കാനുള്ള പുതിയൊരു സോഫ്‌റ്റ്‌വെയര്‍ വികസിപ്പിച്ചെടുക്കാന്‍. അതുമായി പുതിയൊരു കവിതയുലകത്തില്‍ പോരിനു നില്‍ക്കാന്‍. ആശംസകള്‍..

3 comments:

 1. കാ വാ രേഖ? യില്‍ എഴുതിയ കവികള്‍ക്ക് ആശംസകള്‍..,.
  പുസ്തകം കിട്ടിയിട്ടില്ല.നോക്കട്ടെ.
  ആശംസകളോടെ

  ReplyDelete
 2. കാവാ രേഖയിലെ കവിതകളിൽ അർത്ഥസമ്പുഷ്ടിയുള്ളവ കാണാനാകുന്നതുതന്നെ സന്തോഷം പകരുന്നു. വായനയുടേയും ആസ്വാദനത്തിന്റേയും ലോകത്തേയ്ക്ക് ഒരു മുതൽക്കൂട്ടുതന്നെയാണിത്. സൈബർലോകത്ത് നമുക്ക് അഭിമാനവും... കാവാരേഖ?യുടെ പ്രകാശനച്ചടങ്ങ് ഇവിടെ.


  കാ വാ രേഖ?യിൽ ഒരു കവിതയെഴുതിയ നീസവെള്ളൂർ കഴിഞ്ഞദിവസം നമ്മെ വിട്ടുപിരിഞ്ഞു പോയി. ആ കുട്ടിയുടെ കവിത.

  ReplyDelete
 3. പ്രധാനമായും രണ്ടു കാരണങ്ങള്‍ കൊണ്ട് പുസ്തക വിചാരത്തിന്റെ ഈ ലക്കം വ്യത്യസ്തമാവുന്നു....

  ഒന്ന് : നിസമോളുടെ കവിതകൂടി ഉള്‍ച്ചേര്‍ന്ന പുസ്തകമാണ് ഇവിടെ വായനക്കു വെച്ചത്.
  രണ്ട് : ഈ പുസ്തകത്തില്‍ ബ്ലോഗുകളില്‍ നിന്നുള്ള രചനകളാണ്....ബ്ലോഗെഴുത്തിടങ്ങളുമായുള്ള ആത്മബന്ധം കൊണ്ടു കൂടിയാവാം,ഈ പുസ്തകത്തോട് പ്രത്യേകമായ ഒരു അടുപ്പം തോന്നുന്നു....

  ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?