Sunday, October 14, 2012

ആതി

പുസ്തകം : ആതി
രചയിതാവ് : സാറാ ജോസഫ്
പ്രസാധകര്‍ : കറന്റ് ബുക്സ്‌
അവലോകനം : P.R



സാറാ ജോസഫിന്റെ ഏറ്റവും പുതിയ നോവൽ - “ആതി” വായിച്ചു മുഴുമിപ്പിച്ചതേയുള്ളു. ജലത്തിനും ജീവനും വേണ്ടി ഒരു ‘പ്രാർത്ഥന‘ ആയി അവരെഴുതിയ ഈ പുസ്തകം വായിച്ച അനുഭവം ഇവിടെ എഴുതിയിടാമെന്നു തോന്നി. അവരുടെ പ്രാർത്ഥനയിലേയ്ക്കു ഏതെങ്കിലും തരത്തിലൊരു പങ്കു ചേരലെന്നോണം...

ഒരിടത്തൊരു ആതി എന്ന ദേശം...

പ്രകൃതിയുടെ അമൂല്യവരദാനങ്ങളിൽ ഒന്നായ ജലം- ജലത്തിന്റെ കഥ പറയുന്ന 'ആതി' - ആതിയെ പോലുള്ള കായലുകളാലും, വയലുകളാലും, കണ്ടൽക്കാടുകളാലും ചുറ്റപ്പെട്ട ഭൂപ്രദേശങ്ങളും, ഇവിടങ്ങളിലെ മണ്ണും വെള്ളവുമായി ഒന്നുചേർന്നു ജീവിയ്ക്കുന്ന ഒരു ജനവിഭാഗം തന്നേയും നമുക്കെന്നന്നേയ്ക്കുമായി നഷ്ടമായിക്കഴിഞ്ഞോ, അഥവാ നഷ്ടപ്പെടുന്നതിൽ നിന്നും രക്ഷെപ്പെടുത്താനാവാത്ത വിധത്തിലുള്ള ഒരു പരിതസ്ഥിതി തന്നെ വന്നുചേർന്നുവോ എന്നൊരു ഭീതി ഈ പുസ്തകം അറിയാതെ ജനിപ്പിയ്ക്കുന്നുണ്ട്. ആ ഭീതി, ഒരുപക്ഷേ നിലനില്പിനെതിരെ പരോക്ഷമായും പ്രത്യക്ഷമായും പൊട്ടിപ്പുറപ്പെടുന്ന വന്‍ ഭീഷണികളുടേതാവാം, അടുത്ത തലമുറയിലേയ്ക്കു ഉത്തരവാദിത്തത്തോടെ പകർന്നു നൽകേണ്ട സംസ്ക്കാരം/മൂല്യങ്ങൾ തന്നെ ഈയിടെയായി മണ്ണടിഞ്ഞു പോകുന്നുവോ എന്നു തുടങ്ങുന്ന ആശങ്കകളുടേതുമാവാം.

“ആതി ഒരു സ്വപ്നലോകമോ, സങ്കല്പദേശമോ അല്ല. ആതിക്കു സമാനമായ ശൈശവ വിശുദ്ധികൾ ഇപ്പോഴും ബാക്കിയുണ്ട്! അവസാനത്തെ മരം പോലെ, അവസാനത്തെ പുഴ പോലെ, ചില മനസ്സുകൾ, ചില ഭൂവിഭാഗങ്ങൾ...” എന്നു തന്റെ കുറിപ്പിൽ എഴുത്തുകാരി പ്രത്യേകം ഓർമ്മിപ്പിയ്ക്കുന്നുണ്ടെങ്കിലും...

വെള്ളത്തിനു മുകളിൽ പൊങ്ങികിടക്കുകയാണത്രേ "ആതി" എന്ന ദേശം. ആതിയ്ക്കു വെള്ളവുമായി അഭേദ്യമായ ബന്ധമാണുള്ളതു്. അവിടത്തെ വെള്ളത്തിനും മണ്ണിനും നെൽ‌വിത്തുകൾക്കും ഒക്കെ പറയാനുണ്ട് ഒരുപാട് പഴക്കമുള്ള കഥകൾ. ആ കഥകളൊക്കെ ഒരു ദേശത്തിന്റെ സംസ്ക്കാരമായി രൂപം കൊള്ളുകയാണ്. ആ കഥകളും അതിലെ കഥാപാത്രങ്ങളും, അവിടത്തെ നീർച്ചാലുകളും, ചതുപ്പും, വെള്ളവും, മീനുകളും, കക്കകളും, നെൽ‌വയലുകളും, കാടുകളും, പക്ഷികളും എന്നുവേണ്ട, ഒരു പുല്‍ക്കൊടി വരെ ആ ദേശവാസികളുടെ ഉള്ളിന്റെയുള്ളിലെ അടിത്തട്ടുകളിൽ മിടിച്ചുകൊണ്ടിരിയ്ക്കുന്ന ജീവശ്വാസമാണ് - നിലയ്ക്കാത്ത, ജീവന്റെ ഉറവകളാണ്! ഇവ എല്ലാം ചേര്‍ന്നുണ്ടാകുന്ന ആതി എന്ന ദേശം മനോഹരമായ, സ്വപ്ന സദൃശമായ ഒരു ലോകമായി വായനയിലേയ്ക്കൊഴുകിയെത്തുകയാണ്...

ആതിയുടെ കഥാ സായാഹ്നങ്ങൾ-

കഥകള്‍ പങ്കുവെയ്ക്കുന്ന സായാഹ്നങ്ങള്‍ 'ആതി'ദേശത്തിന്‍റെ ഒരു സവിശേഷതയാണ്. കഥകൾ കേട്ടുവളരുന്ന ആതിയിലെ കുഞ്ഞുങ്ങളുടെ ഇടയിലേയ്ക്കു നമ്മുടെ കുഞ്ഞുങ്ങളേയും പിടിച്ചിരുത്താൻ കൊതിച്ചുപോകും. കുഞ്ഞുങ്ങൾക്കു മാത്രമല്ല മുതിർന്നവർക്കും ചെന്നിരിയ്ക്കാം ആതിയിലെ കഥാസായാഹ്നങ്ങളിൽ... അതവരുടെ പാരമ്പര്യമാണ്. ചിട്ടകൾ തെറ്റിച്ചു കൂടാത്ത ഒരനുഷ്ഠാന കർമ്മമാണ്. ദേശവാസികളോരോരുത്തരും ഗൌരവപൂർണ്ണമായി പങ്കെടുക്കുന്ന, പുനർചിന്തനങ്ങൾക്കു വഴിതുറന്നുകൊടുക്കുന്ന ഒരു ഒത്തുകൂടലാണ്.

ആതിയിലേയ്ക്ക് 'കഥാ സായാഹ്നങ്ങളി'ലേയ്ക്കായെത്തി ചേരുന്ന ഊരുതെണ്ടികളായ കഥപറച്ചിലുകാർ, കഥ പറയുന്ന രീതികളും ചിട്ടകളും, കഥ കഴിഞ്ഞാൽ അതെങ്ങനെ ജീവിതത്തിലേയ്ക്കുപയുക്തമാക്കാം എന്ന ചോദ്യവും, അതിൽ വിവരിയ്ക്കപ്പെടുന്ന ഒരുപിടി കഥകളും എല്ലാം നമ്മുടെയുള്ളിന്റെയുള്ളിലേയ്ക്കു തള്ളിക്കയറി വരുന്നു.

ആതിയിലെ സമാധാനത്തിനെതിരായി പതുക്കെ പതുക്കെ ഉരുത്തിരിഞ്ഞുവരുന്ന പ്രശ്നങ്ങളിൽ ദേശവാസികൾക്കും, വായനക്കാർക്കും ഒരുപോലെ സമാധാനം തിരിച്ചുകൊണ്ടുവരാനുള്ള ശുഭ സൂചകങ്ങളായി കഥാ സായാഹ്നങ്ങളിലെ കഥകൾ പലപ്പോഴായി കടന്നുവരുന്നു.

അങ്ങനെ ആതിയിലെ ഈ കഥാ സായാഹ്നങ്ങളെ‍, നോവല്‍ ചിട്ടയോടെ കെട്ടിപ്പടുത്തുയര്ത്തുവാന്‍ മാത്രമല്ല, തന്റെ വീക്ഷണങ്ങളും, കാഴ്ചപ്പാടുകളും വായനക്കാരിലെയ്ക്കെത്തിയ്ക്കാനുള്ള ഏറ്റവും എളുപ്പമുള്ള ഒരു ഉപാധിയായും അതാത് സ്ഥാനങ്ങളില്‍ എഴുത്തുകാരി അഴകോടെ ഉപയോഗപ്പെടുത്തിയിരിയ്ക്കുന്നത് കാണാം.

എന്നാല്‍ ഒരു ഘട്ടത്തില്‍, ശരിതെറ്റുകൾക്കു വേണ്ടി ദേശത്തിന്റെ രണ്ടു ഭാഗത്തുനിന്നും ആയുധങ്ങളെടുക്കപ്പെടുമ്പോൾ, ആയുധങ്ങളിലൂടെയല്ല ആതിയെ രക്ഷിയ്ക്കേണ്ടതെന്നു പറയുകയും ചിന്തിയ്ക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾ നിഷ്പക്ഷത പാലിച്ചുകൊണ്ട്, ആതിയുടെ സംസ്ക്കാരങ്ങളെ, ഇരുട്ടിനെ, തണുപ്പിനെ, അന്നത്തെ, ജലത്തെ, സമാധാനത്തെ രക്ഷിച്ചെടുക്കാൻ പെടാപാടു പെടുന്നുണ്ട് .

‘ശരി‘യ്ക്കുവേണ്ടി മനസ്സു കൊണ്ടു അവര്‍ ശക്തമായി നിലകൊള്ളുമ്പോഴും, എവിടെനിന്നെന്നില്ലാതെ ഉയര്‍ന്നു പൊങ്ങുന്ന ഭീഷണിമുഴക്കങ്ങളുടെ ആര്‍ത്തനാദം അവരിലുണ്ടാക്കുന്ന ഒട്ടും ചെറുതല്ലാത്ത മാനസിക സംഘർഷങ്ങൾ ആതി ദേശത്തിന്റെ പരിസ്ഥിതിയ്ക്കെതിരായുള്ള പ്രവര്‍ത്തനങ്ങളുടെ ഗൌരവത്തെ സൂചിപ്പിയ്ക്കുന്നുണ്ട് . ശരിയേത്, തെറ്റേത് എന്നു വേർതിരിച്ചെടുക്കാനാവത്ത വിധത്തിൽ കാര്യങ്ങൾ പിടിവിട്ടുപോകുന്ന സ്ഥി തിവിശേഷങ്ങള്‍ വായനക്കാരെ ഭീതിയിലകപ്പെടുത്തുന്നുമുണ്ട് .

ഇത്തരത്തില്‍, കഥകളും, വിശ്വാസങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഒരു ‍ 'സുന്ദര' ലോകത്തുനിന്നും പൊടുന്നനെയുള്ള യാഥാര്‍ത്ഥ്യങ്ങളുടെ ഗൌരവതലങ്ങളിലേയ്ക്ക് അപ്പപ്പോള്‍ ഗതി മാറ്റുന്ന പ്രവൃത്തി അത്രയേറെ അയത്നലളിതമായി ‍നേര്‍ത്ത ഇഴകളെ‍ കൊണ്ട് അതി സൂക്ഷ്മം നെയ്തെടുത്തിട്ടുള്ളത് ഈ നോവലിലുടനീളം കാണാം.

അതിന്റെ ഭാഗമായി ആതിയിലെ ഇരുട്ടിന്റേയും, തണുപ്പിന്റേയും, നിശബ്ദതയുടേയും, മണ്ണിന്റേയും, വെള്ളത്തിന്റേയും 'രഹസ്യ'ങ്ങൾ പല അദ്ധ്യായങ്ങളിലൂടെയായി മനോഹരമായി അനാവരണം ചെയ്യപ്പെടുന്നു. എഴുത്തില്‍‍ രൂപപ്പെട്ടുവരുന്ന ഭാഷാസൌന്ദര്യം അതിന്റെ മാറ്റു കൂട്ടുന്നു.

കഥാപാത്രങ്ങൾ

തന്റെ സ്വകാര്യ ദുഃഖങ്ങളെ, എല്ലു മുറിയെ പണിയെടുത്തു ജീവിയ്ക്കാനുള്ള ഇന്ധനമാക്കി മാറ്റി ഉറച്ച നിലപാടുകൾ മാത്രം ജീവിതത്തിൽ കൈകൊണ്ടിട്ടുള്ള കുഞ്ഞിമാതു എന്ന കരുത്തുറ്റ ഒരു സ്ത്രീ കഥാപാത്രം ആതിയുടെ ഊർജ്ജമായി നിലകൊള്ളുമ്പോൾ, ചെറുപ്പത്തിന്റെ തുടിപ്പുകളായി ശൈലജയും പൊന്മണിയും നിലകൊള്ളുന്നു. മാർക്കോസും നൂറുമുഹമ്മദും ആതിയുടെ ഉള്‍ത്തടങ്ങളുടെ സംഗീതമായൊഴുകുന്നു.

ഒടുക്കം, കഥാസായാഹ്നങ്ങളിലെ കഥകളെ ജീവിതത്തിലേയ്ക്കുപയുക്തമാക്കിയോ എന്നു സ്വയം ചോദിച്ച്, മനുഷ്യന്റെ വെള്ളത്തോടും മണ്ണിനോടുമുള്ള ആത്മീയബന്ധത്തിന്റെ മുറുക്കമറിഞ്ഞ്, സ്വന്തം ജീവിതം തന്നെ ‘സത്യ’ത്തിന്റെ സന്ദേശമാക്കി ആതിയിലെ സായാഹ്നങ്ങളിൽ ഒരിയ്ക്കൽ പറയപ്പെടാൻ പോകുന്ന ഒരു കഥയാക്കി മാറ്റുന്ന ദിനകരൻ ആതിയുടെ നിലനില്പിന്റെ പൊരുളാകുന്നു, ആത്മാവാകുന്നു.
ഇവരോടൊപ്പം ഭംഗിയിൽ വന്നു പോകുന്ന മറ്റനേകം കഥാപാത്രങ്ങളും വായനയ്ക്കൊപ്പം സഞ്ചരിയ്ക്കുന്നുണ്ട്.

എന്നാൽ ഇവരെയൊക്കെ ആതിയുമായി ഇത്രയ്ക്കധികം കൂട്ടിയിണക്കാൻ കാരണക്കാരനാകുന്ന മറ്റൊരു കഥാപാത്രം കൂടിയുണ്ട്. വികസനം എന്ന പേരിന്റെ മറവിൽ, മുന്നും പിന്നും നോക്കാതെ, സ്വാർത്ഥതാല്പര്യങ്ങൾക്കു വേണ്ടി എന്തും ചെയ്യാൻ മടിയ്ക്കാത്ത ലാഭക്കൊതി മൂത്ത കഥാപാത്രം, അല്ലെങ്കിൽ കഥാപാത്രങ്ങൾ. പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കാൻ മുന്നിട്ടിറങ്ങുന്ന വൻ ഭീഷണികൾ. അതും ആതിയിലെ മണ്ണില്‍ തന്നെ പെറ്റുവീണ്, അവിടത്തെ വായു ശ്വസിച്ച് വളര്‍ന്നു വന്ന ആതിയുടെ മക്കള്‍.

ഇതിന്റെയൊക്കെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളും, പ്രശ്നങ്ങളും ഇപ്പോഴത്തെ സാമൂഹ്യ പരിതസ്ഥിതികളുമായി വളരെയധികം ഒന്നു ചേർന്നു പോകുന്നു, പ്രസക്തങ്ങളാകുന്നു. പ്രത്യേകിച്ചും ഇപ്പോൾ മാലിന്യനിക്ഷേപങ്ങൾക്കെതിരായി നടക്കുന്ന വിളപ്പിൽശാല പ്രക്ഷോഭങ്ങളും, ഭൂമികയ്യേറ്റങ്ങളും, കർഷകരുടെ പ്രശ്നങ്ങളും എല്ലാം ഒരൊറ്റ പുസ്തകത്തിലൂടെ അടുത്തറിയുന്ന പോലെ - മനുഷ്യന്റെ നിസ്സഹായതകളെയല്ല, നിയമനൂലാമാലകളല്ല, രാഷ്ട്രീയ പ്രക്ഷോഭങ്ങളല്ല, അവരുടെ ജീവന്റെ തുടിപ്പുകൾ നമുക്കു കേൾക്കാം - ആതിയിലെ ഒരുപിടി കഥാപാത്രങ്ങളിലൂടെ, അവിടത്തെ ഒഴുകുന്ന വെള്ളം പറയുന്ന ഈ കഥയിലൂടെ...

വിചിന്തനം

ആതി വായിച്ചവസാനിപ്പിയ്ക്കുമ്പോൾ ഒരുപിടി ചോദ്യങ്ങളും സംശയങ്ങളും ബാക്കിയാവുന്നു... എങ്ങനെയായിരിയ്ക്കണം യഥാർത്ഥത്തിൽ ഒരു ദേശത്തിന്റെ വികസനം? ഇതൊരുപക്ഷേ കാലാകാലങ്ങളായി ആവര്‍ത്തിച്ചു കേട്ടുവരുന്ന വരുന്ന ഒരു ചോദ്യമാകാം. അത് കേവലം ഒരു സ്ക്കൂളോ, ആശുപത്രിയോ, ബഹുനിലകെട്ടിടമോ, പൊതുനിരത്തോ പണിതുണ്ടാക്കിയിടുന്നതിൽ ഒതുങ്ങുന്നതാണോ ? അതു മാത്രമാണോ വികസനം? അഥവാ ഒരു ദേശത്തിന്‍റെ വികസനം എന്നതിനു കൈവരുന്ന മാനങ്ങള്‍ എന്തെല്ലാം ?

ആതിയിലെ കഥാസായാഹ്നങ്ങൾ ഒരു കാര്യം തീര്‍ച്ചയായും ചൂണ്ടിക്കാട്ടുന്നുണ്ട്. വികസനം എന്ന പദം മനുഷ്യമനസ്സുകൾക്കു കൂടി അത്യാവശ്യമായ, തത്തുല്യമായതോ അല്ലെങ്കിൽ അതിനുമേൽ പ്രാധാന്യമർഹിയ്ക്കുന്നതോ ആയ കാര്യമാണെന്നു ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്. എന്താണീ മനസ്സിന്റെ വികസനം? അതെങ്ങനെ സാദ്ധ്യമാക്കാം? സ്നേഹം, സത്യം, തുടങ്ങിയ അടിസ്ഥാന തത്വങ്ങള്‍ക്ക് ജീവിതത്തില്‍ കൈവരുന്ന പ്രസക്തി എന്ത്? അഥവാ അത്തരത്തിലുള്ള തത്വാധിഷ്ഠിതമായ ഒരു കാഴ്ചപ്പാട്‌ ഇന്നത്തെ പരിതസ്ഥിതിയില്‍ വിലപോവില്ലെന്നാണോ?

പ്രകൃതിയുടെ സന്തുലനം തച്ചുടച്ചും, മനുഷ്യമനസ്സുകളുടെ അടിത്തട്ടുകളിൽ കാലാകാലങ്ങളായി രൂപപ്പെട്ടുവരുന്ന സംസ്ക്കാരങ്ങളേയോ, ആചാരങ്ങളേയോ ഒരു ദിവസം പാടെ മായ്ച്ചുകളഞ്ഞും വന്‍ വികസനപദ്ധതികൾ കൊണ്ടുവരുന്നതിലെ നിരർത്ഥകത ആതി കാണിച്ചുതരുന്നുണ്ട്.
ആതി എന്ന ഈ 'കഥ' എങ്ങനെ ജീവിതത്തിലേയ്ക്കുപയുക്തമാക്കാം എന്നൊന്നു ചിന്തിയ്ക്കാൻ ഇതെല്ലാം വലിയൊരു പ്രേരണയേകുന്നു ...

പ്രകൃതി എന്ന ചിന്ത, അതിന്റെ ആഴം, വലുപ്പം, പ്രാധാന്യം ഒക്കെ നമ്മളിലോരോരുത്തരിലും അടിയുറച്ചുണ്ടാവേണ്ടതിന്റെ ആവശ്യകത വളരെ വ്യക്തമായി തന്നെ ചിത്രീകരിച്ചി രിയ്ക്കുന്നതിനോടൊപ്പം , മറ്റൊരു ചിന്ത വരുന്നത് ഇതാണ്. ഇത്തരം പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങളും, അടിച്ചമർത്തലുകളും നിസ്സഹായതകളോടെ നോക്കിനിലക്കാതെ, നാമോരോരുത്തരും എന്തെങ്കിലുമൊന്നു ചെയ്തു തുടങ്ങിയേ തീരൂ , മുകളിലത്തെ അറകളില്‍ നിന്നും താഴത്തെ മണ്ണിലേയ്ക്ക് ഇറങ്ങി വന്നേ മതിയാവൂ എന്ന് ഗൌരവപൂർവ്വം ആലോചിയ്ക്കേണ്ട സമയം അതിക്രമിച്ചു എന്നതു തന്നെയാണ്. പക്ഷെ അതും എങ്ങനെ? തുടങ്ങേണ്ടത് എവിടെ നിന്നും?

എഴുത്തുകാരി പറയുന്നതു ഇത്രമാത്രം 

“ഏറ്റവുമൊടുവിലായി, എന്റെ വായനക്കാരോട്, ഓരോ മനസ്സിലുമുണ്ട് പൂർവ്വപുണ്യത്തിന്റെ തണുത്ത കയങ്ങൾ, ആതികൾ. അതിൽ മുങ്ങിക്കിടക്കാൻ ഈ പുസ്തകത്തിന്റെ വായന സഹായമാകുമെങ്കിൽ ഞാൻ കൃതാർത്ഥയായി.”

4 comments:

  1. നന്ദി... വായിക്കണം.

    ReplyDelete
  2. നന്ദി.ആതി വായിക്കാന്‍ കൊതിയാവുന്നു...

    ReplyDelete
  3. ഞാനും വായിച്ചിരുന്നു.... നീതി പുലര്‍ത്തിയ കുറിപ്പ് തന്നെയാ മാഷേ....

    എനിക്കുമുണ്ടൊരു ബ്ലോഗ്‌... വരുമെന്നും ചങ്ങാതിയാകുമെന്നും പ്രതീക്ഷിക്കുന്നു....
    www.vinerahman.blogspot.com

    ReplyDelete
  4. നന്ദി... വായിക്കണം.

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?