Friday, November 9, 2012

യത്തീമിന്റെ നാരങ്ങാ മിഠായി

പുസ്തകം : യത്തീമിന്റെ നാരങ്ങാ മിഠായി
രചയിതാവ് : പി ടി മുഹമ്മദ് സാദിഖ്
പ്രസാധകര്‍ :
അവലോകനം : ഷീബ.ഇ.കെ
പ്രവാസത്തിന്റെ കണ്ണീരും വേദനയും നിറഞ്ഞ ഓര്‍മ്മപ്പുസ്തകമാണ് പി ടി മുഹമ്മദ് സാദിഖിന്റെ 'യത്തീമിന്റെ നാരങ്ങാ മിഠായി'.സ്വന്തം നാടു വിട്ടു വിദേശത്തേക്കുള്ള ചേക്കേറല്‍ മാത്രമല്ല പ്രവാസം.സാധാരണ ജീവിതത്തിന്റെ സുഖഭോഗങ്ങളില്‍ നിന്ന് ,ബാല്യത്തിന്റെ നിറങ്ങളില്‍ നിന്ന്, സുഭിക്ഷതയുടെ നിറവില്‍ നിന്ന് അതിജീവനത്തിന്റെ മരുഭൂമികളിലേക്കുള്ള പലായനം കൂടിയാണിവിടെ പ്രവാസം.

ദരിദ്ര മുസ്ലിം കുടുംബങ്ങളിലെ കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ജീവിച്ചിരിക്കെത്തന്നെ പലപ്പോളും യത്തീമാകേണ്ടി വരാറുണ്ട്. പട്ടിണിയില്‍ നിന്ന് ഒരു വയറെങ്കിലും രക്ഷപ്പെടാന്‍,ഒരാള്‍ക്കു ചെലവിനു കൊടുക്കുന്നതെങ്കിലും ഒഴിവായിക്കിട്ടാന്‍ മാതാപിതാക്കള്‍ തന്നെ മക്കളെ യതീംഖാനകളില്‍ കൊണ്ടുപോയാക്കാറുണ്ട്. അവിടെ ജീവിക്കുന്ന കഞ്ഞുങ്ങളുടെ നൊമ്പരങ്ങള്‍, അനാഥത്വം, ഗൃഹാതുരത, നഷ്ടങ്ങള്‍ എല്ലാം ഹൃദയദ്രവീകരണ ശക്തിയോടെയാണ് സാദിഖ് ആവിഷ്കരിച്ചിരിക്കുന്നത്. ബാല്യത്തിന്റെ ഓര്‍മ്മകളിലൂടെയാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍ കടന്നുപോകുന്നത്. പുരകെട്ടി മേയല്‍ കല്യാണങ്ങള്‍,വറുതിയുടെ മഴക്കാലത്തെത്തുടര്‍ന്നു വരുന്ന ഓണത്തിന്റെ സന്തോഷങ്ങള്‍ എല്ലാം ആ ഈ കുറിപ്പുകളെ സമ്പന്നമാക്കുന്നു.ഇരുവഴിഞ്ഞിപ്പുഴ ഒരു നിഴല്‍ പോലെ എല്ലാ കുറിപ്പുകളിലും ഗൃഹാതുരത്വത്തിന്റെ പ്രതീകമായി ഒഴുകുന്നുണ്ട്. ബാല്യം, പ്രണയം, വിരഹം, കാത്തിരിപ്പ്, രതി, മരണം . എല്ലാറ്റിന്റേയും പ്രതീകമായി സാദിഖിന്റെ പുഴ ഒഴുകുന്നത് ഹൃദയത്തിലൂടെയാണ്.

വീട്ടിലെ പട്ടിണി മാറ്റാന്‍ പ്രവാസിയുടെ കുപ്പായം ധരിച്ച് തൊഴിലുടമകളുടെ കാര്‍ക്കശ്യത്താല്‍ ദുരിതമനുഭവിക്കുന്ന തങ്കരാജിന്റെ കഥ പറയുന്ന 'അമ്മ 'എന്ന കുറിപ്പ് ഒരായിരം പ്രവാസികളുടെ അനുഭവമാണ്.തോരാമിഴികളുമായി മകനെ കാത്തു കാത്തിരുന്ന് ജീവന്‍ വെടിഞ്ഞ അമ്മ,അമ്മ ന‍ഷ്ടമായതോടെ ജീവിതം ഒരു തുണ്ടു കയറില്‍ കൊരുത്തിട്ട മകന്‍- പ്രവാസത്തിന്റെ ഉള്ളുരുക്കുന്ന പ്രതീകമാണ് തങ്കരാജ്.

'വധു 'എന്ന കുറിപ്പ് വിദേശികള്‍ക്കു വിവാഹം ചെയ്യപ്പെടുന്ന പെണ്‍കുട്ടികളുടെ നൊമ്പരച്ചിത്രങ്ങളാണ് വരച്ചിടുന്നത്.തന്റെ ബാല്യ കാലസഖിയെ അറബിയെങ്കിലും വിവാഹം കഴിച്ച് ഒരു കുടുംബജീവിതം കിട്ടിയിരുന്നെങ്കില്‍ എന്ന് ഒരു കാലത്ത് ആഗ്രഹിച്ച സാദിഖ് പിന്നീട് അവിവാഹിതയായി ജീവിക്കുകയാണ് നല്ലത് എന്നു പറഞ്ഞു പോകുന്നത് വിവാഹം മുലം പ്രവാസിയാക്കപ്പെട്ടു നരകിക്കുന്ന പെണ്‍കുട്ടികളുടെ അവസ്ഥ കണ്ടറിഞ്ഞതു കൊണ്ടാണ്.എങ്ങനെയെങ്കിലും മകളെ ഒന്നു വിവാഹം ചെയ്തയച്ചാല്‍ മതിയെന്ന ചിന്തയോടെ കിഴവന്‍മാരായ അറബികള്‍ക്കു വിവാഹം ചെയ്യപ്പെട്ട് ജീവിതവും സ്വപ്നങ്ങളും പ്രതീക്ഷകളും ബലിയര്‍പ്പിക്കപ്പെട്ട് ദിവസങ്ങള്‍ തള്ളി നീക്കുന്ന പെണ്‍ജന്മങ്ങള്‍.. അസ്തിത്വം പോലുമില്ലാതെ സ്വന്തമെന്നു പറയാന്‍ ഒരു നാടു പോലുമില്ലാതെ ജീവിക്കേണ്ടി വരുന്ന അവരുടെ നിരപരാധികളായ കുഞ്ഞുങ്ങള്‍.വിവാഹവിപണിയില്‍ പുറംതള്ളപ്പെട്ട് ആര്‍ക്കെങ്കിലും വിറ്റൊഴിവാക്കപ്പെടുന്ന സഹോദരിമാര്‍ക്കുള്ള നിശ്ശബ്ദമായ പ്രാര്‍ത്ഥനയാണ് 'വധു.'

'പെണ്ണുങ്ങളില്ലാത്ത ആണുങ്ങള്‍ 'പ്രവാസത്തിന്റെ ഭീകരമായ അവസ്ഥയാണ് തുറന്നിടുന്നത്. പ്രവാസത്തിന്റെ ശാരീരികവശം.പ്രവാസം മനുഷ്യന്റെ ജീവിതത്തിനു് , ശരീരത്തിനു നഷ്ടപ്പെടുത്തുന്നതെന്താണ്?ജീവിതകാമനകളെ മുഴുവന്‍ അടക്കിപ്പിടിച്ച് പ്രാരാബ്ധങ്ങളൊഴിവാക്കാനായി ജീവിച്ച് ഒടുവില്‍ വാര്‍ദ്ധക്യവും മാറാരോഗവുമായി തിരിച്ചെത്തുമ്പോള്‍ ജീവിതം മരുഭൂമിപോലെ ശൂന്യമായിക്കിടക്കുന്ന അവസ്ഥയുടെ ഭീകരത സാദിഖ് ചാതുര്യത്തോടെ വര്‍ണ്ണിക്കുന്നു.ഓരോ രാത്രിയിലും മൊബൈല്‍ ഫോണിലെ ചുംബനങ്ങളായി ഒടുങ്ങുന്ന ഒറ്റപ്പുരുഷന്റെ ജീവിതകാമനകളുടെ തീനാളങ്ങള്‍ ആരെയാണ് വേദനിപ്പിക്കാത്തത്... വയറിന്റെയും ആത്മാവിന്റെയും വിശപ്പുകള്‍ തമ്മിലുള്ള മത്സരത്തില്‍ ജീവിതം ബലിയര്‍പ്പിക്കുന്ന പ്രവാസമാണത്.ദാമ്പത്യപ്പുസ്തകത്തിലെ നഷ്ടങ്ങളുടെ കണക്കുകള്‍ വായനക്കാരെ ഞെട്ടിപ്പിക്കാതിരിക്കില്ല.

സ്ത്രീകളുടെ പ്രവാസം നഷ്ടപ്പെടുത്തുന്നതെന്തൊക്കെയാണ്.. 'അമ്മിഞ്ഞപ്പാലിന് അണകെട്ടുന്നവര്‍' പ്രവാസത്തിന്റെ മറ്റൊരു മുഖമാണു തുറന്നു കാണിക്കുന്നത്. പിഞ്ചുകുഞ്ഞുങ്ങളെ നാട്ടിലുപേക്ഷിച്ച് അന്നം തേടി നാടു വിടേണ്ടി വരുന്ന അമ്മമാര്‍.സ്വന്തം കുഞ്ഞുങ്ങള്‍ക്ക് അമൃതാകേണ്ട മുലപ്പാല്‍ നെഞ്ചില്‍ കെട്ടിക്കിടന്ന് വേദനിപ്പിക്കുന്ന വിഷമാവുകയാണ് പ്രവാസികളായ അമ്മമാര്‍ക്ക്.

'മരുഭൂമിയിലെ ആട്ടിടയന്റെ ജീവിതം 'ആടുജീവിതത്തിലൂടെ നമുക്കു പരിചിതമായ യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള യാത്രയാണ്.മൃഗതുല്യമായ ജീവിതം ജീവിച്ചു തീര്‍ക്കുന്ന പ്രവാസത്തിന്റെ മറ്റൊരു മുഖം.

പ്രവാസത്തിന്റെ രാഷ്ടീയം ചര്‍ച്ച ചെയ്യുന്ന രണ്ടു കുറിപ്പുകളും ഈ പുസ്തകത്തിലുണ്ട്'. ഫര്‍യല്‍ മസ്രിയുടെ ജീവിതയാത്രകള്‍ 'സൗദിയില്‍ നിന്ന് അമേരിക്കയിലേക്കു കുടിയേറി യു എസ് കോണ്‍ഗ്രസ്സിലേക്കു വരെ മത്സരിച്ച വനിതയുടെ ജീവിതാനുഭവങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. അതുപോലെത്തന്നെ 'മമ്പുറം തങ്ങന്‍മാര്‍ മടങ്ങിവരുമ്പോള്‍' എന്ന കുറിപ്പ് സിറിയയിലെ ലാദകിയയിലെ അല്‍ ഫദല്‍ കുടുംബവും കേരളവുമായുള്ള ബന്ധം വെളിപ്പെടുത്തുന്നു. മമ്പുറം ജാറം പ്രക്ഷോഭത്തിന്റെ ചരിത്രത്തിലേക്കുള്ള അന്വേഷണം കൂടിയാണിത്.

ഇരുവഴിഞ്ഞിപ്പുഴയുടെ തീരങ്ങളില്‍ നിന്ന് മരുഭൂമിയുടെ ഉഷ്ണവാതങ്ങളിലേക്ക് അലയടിക്കുന്ന വിലാപമാണ് ഈ പുസ്തകം എന്ന് അവതാരികയില്‍ ബാബു ഭരദ്വാജ് പറഞ്ഞത് തികച്ചും ശരിതന്നെയെന്ന് 'യത്തീമിന്റെ നാരങ്ങാമിഠായി' സാക്ഷ്യപ്പെടുത്തുന്നു.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?