Saturday, January 19, 2013

ഇറോം ശര്‍മിള: പതിറ്റാണ്ട്‌ നീണ്ട പോരാട്ടം

പുസ്തകം : ഇറോം ശര്‍മിള: പതിറ്റാണ്ട്‌ നീണ്ട പോരാട്ടം
രചയിതാവ് : ബി.ശ്രീരാജ്‌
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്‌
അവലോകനം : ബിജു.സി.പി

ഹത്തായ മനുഷ്യാവകാശ സമരമായി മാറിയ ഇറോം ശര്‍മിളയുടെ ജീവിതവും സമരവും വിശദമായി പ്രതിപാദിക്കുന്ന പുസ്‌തകം (പേജ്‌ 152 വില 95 രൂപ).

ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി മരണത്തെപ്പോലും തോല്‌പിച്ചു സമരം ചെയ്യുന്ന ഐതിഹാസിക ജീവിതമാണ്‌ ഇറോം ശര്‍മിള ചാനുവിന്റേത്‌. 2000 നവംബര്‍ അഞ്ചിന്‌ തുടങ്ങിയ ശര്‍മിളയുടെ നിരാഹാര സമരം നീണ്ട പതിനൊന്നാം വര്‍ഷത്തിലേക്കു കടന്നിരിക്കുന്നു. ലോകം കണ്ട ഏറ്റവും വലിയ നിരാഹാരസമരം. ഒരു പ്രദേശത്തെ ജനജീവിതത്തിന്റെ ദൃഷ്ടാന്ത കഥയാണ്‌ ശര്‍മിളയുടെ സമരജീവിതം. ഇറോം ശര്‍മിള ചാനുവിന്റെ സമരത്തെക്കുറിച്ചും അതിലേക്കു നയിച്ച മണിപ്പൂരിന്റെ സാമൂഹികാവസ്ഥയെക്കുറിച്ചും വിശദമായി വിവരിക്കുന്ന മികച്ച പുസ്‌തകമാണ്‌ ഇറോം ശര്‍മിള: പതിറ്റാണ്ട്‌ നീണ്ട പോരാട്ടം. പത്രപ്രവര്‍ത്തകനായ ബി.ശ്രീരാജാണ്‌ പുസ്‌തകം എഴുതിയത്‌.

സ്വാതന്ത്ര്യപൂര്‍വകാലം മുതല്‍ അധികാരികളുടെ അടിച്ചമര്‍ത്തലുകള്‍ക്ക്‌ ഇരകളായി കഴിയേണ്ടി വന്ന സാധാരണ ഗ്രാമീണരുടെ നാടാണ്‌ മണിപ്പൂര്‍. പ്രതിരോധവും സമരവും മുലപ്പാലിനൊപ്പെ പകര്‍ന്നു കിട്ടിയവരാണ്‌ അവിടത്തെ സ്‌ത്രീകള്‍. ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ട കാലത്ത്‌ മണിപ്പൂര്‍ ഉള്‍പ്പെടെ പല കിഴക്കന്‍ സംസ്ഥാനങ്ങളും മുഖ്യധാരാ ഇന്ത്യയുടെ ഭാഗമായിരുന്നില്ല. സ്വാതന്ത്ര്യാനന്തരം മണിപ്പൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ വലിയൊരു വിഭാഗം ജനങ്ങള്‍ അതിനെതിരായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായ സമരങ്ങളില്‍ പലപ്പോഴും മണിപ്പൂര്‍ ജനതയെ മുന്നില്‍ നിന്നു നയിച്ചത്‌ സ്‌ത്രീകളായിരുന്നു. 1904ല്‍ ബ്രിട്ടീഷുകാര്‍ക്കെതിരായി നടന്ന ആദ്യ ന്യൂപ്ലിയനിലും 1939ല്‍ രണ്ടാം ന്യൂപ്ലിയനിലും സമരം നയിച്ചത്‌ സ്‌ത്രീകളായിരുന്നു. മണിപ്പൂരിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുവര്‍ണ ഏടുകളാണ്‌ രണ്ടു സമരങ്ങളും. രണ്ടാം ന്യൂപ്ലിയനിലെ സമര നേതാക്കളിലൊ രാളായിരുന്നു ഇറോം ശര്‍മിളയുടെ മുത്തശ്ശി തോന്‍സിജാ ദേവി.

സ്വാതന്ത്ര്യാനന്തരം മണിപ്പൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചതിനെ എതിര്‍ത്തിരുന്ന വലിയൊരു വിഭാഗം മണിപ്പൂരുകാര്‍ ചേര്‍ന്ന്‌ സമരങ്ങളും കലാപങ്ങളും ആരംഭിച്ചു. 1964 മുതല്‍ ഇത്‌ ശക്തമായ സായുധ കലാപമായിക്കൂടി വളര്‍ന്നു. 1972ല്‍ മണിപ്പൂര്‍ ഇന്ത്യന്‍ യൂണിയനിലെ പൂര്‍ണ അംഗത്വമുള്ള സംസ്ഥാനമായി മാറി. അതോടെ കേന്ദ്രസര്‍ക്കാരിന്റെ പല നയങ്ങളും നിയമങ്ങളും മണിപ്പൂരിന്റെ സാമൂഹിക സാംസ്‌കാരിക സാഹചര്യങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങി. മദ്യവിപത്ത്‌ മണിപ്പൂരിനം വിഴുങ്ങുന്നതിനെതിരേ സ്‌ത്രീകളുടെ നേത്വത്തില്‍ ശക്തമായ സമരങ്ങള്‍ തുടങ്ങി. സമരക്കാരെ വേട്ടയാടാന്‍ പോലീസുകാരിറങ്ങിയതോടെ സംസ്ഥാനം കലാപഭൂമിയായി. പോലീസിനെ സഹായിക്കാനായി എത്തിയ കേന്ദ്രസേന മണിപ്പൂരിലെങ്ങും താണ്ഡവമാടി. കണ്ണില്‍ കാണുന്നവരെ വെടിവെച്ചു കൊല്ലുക, തോന്നുന്നവരെയൊക്കെ പിടിച്ചുകൊണ്ടു പോവുക തുടങ്ങിയ ക്രൂരതകള്‍ സര്‍വസാധാരണമായി. അച്ഛനമ്മമാരുടെയും സഹോദരങ്ങളുടെയും ഭര്‍ത്താവിന്റെയും മക്കളുടെയുമൊക്കെ മുന്നിലിട്ട്‌ സ്‌ത്രീകളെ ക്രൂരമായി ബലാല്‍സംഗം ചെയ്യുന്നതായിരുന്നു മണിപ്പൂരിലെ ഇന്ത്യന്‍ പട്ടാളത്തിന്റെ ഇഷ്ടവിനോദം. അത്തരം ക്രൂരതകള്‍ ചെയ്യുന്ന പട്ടാളക്കാര്‍ക്ക്‌ രക്ഷപ്പെടാന്‍ പലതരത്തില്‍ പഴുതുകള്‍ നല്‍കുന്നതാണ്‌ സായുധസേനയുടെ പ്രത്യേകാവകാശ നിയമം(അൃാലറ എീൃരല െടുലരശമഹ ജീംലൃ െഅരേഅഎടജഅ). മണിപ്പൂരിലെ സാധാരണക്കാരെ പട്ടാളത്തിന്റെയും പോലീസിന്റെയും ഇരകളാക്കി മാറ്റുന്ന ഔദ്യോഗിക സംവിധാനം പിന്‍വലിക്കണമെന്ന ഒരൊറ്റ ആവശ്യമേ ഇറോം ശര്‍മിള ചാനു ആവശ്യപ്പെടുന്നുള്ളൂ. അക്കാര്യം അനുഭാവത്തോടെ പരിഗണിക്കാമെന്ന്‌ മണിപ്പൂര്‍ സര്‍ക്കാരും കേന്ദ്രസര്‍ക്കാരുമൊക്കെ പല തവണ പറഞ്ഞിട്ടുമുണ്ട്‌. പറഞ്ഞാല്‍ പോരാ നിയമം പിന്‍വലിക്കൂ എന്ന്‌ ഇറോം ശര്‍മിള പറയുമ്പോള്‍ വാഗ്‌ദാനം നല്‍കിയ ഇന്ത്യന്‍ പാര്‍ലമെന്റു പോലും പിന്‍വലിയുന്നു.

നിരാഹാരസത്യാഗ്രഹം ആത്മഹത്യാ ശ്രമമാണെന്നും നിരന്തരമായി നിരാഹാരസമരം നടത്തുന്നത്‌ കടുത്ത ആത്മഹത്യാ പ്രവണത മൂലമാണെന്നും കോടതിയിലും ലോകജനതയ്‌ക്കു മുന്നിലും ഉറച്ചു പറയുകയാണ്‌ മഹാത്മാഗാന്ധിയെ രാഷ്ട്രപിതാവായി ആദരിക്കുന്ന ഇന്ത്യയിലെ സര്‍ക്കാരുകള്‍ ചെയ്‌തിട്ടുള്ളത്‌. ആത്മഹത്യാ ശ്രമത്തിന്റെ പേരില്‍ അറസ്റ്റു ചെയ്‌ത്‌ ജയിലിലടച്ച്‌ മൂക്കിലൂടെ കുഴലിട്ട്‌ ദ്രവഭക്ഷണം നല്‍കി ശര്‍മിളയുടെ ജീവന്‍ നിലനിര്‍ത്തുകയാണ്‌ ഇന്ത്യാ ഗവണ്‍മെന്റ്‌ ചെയ്യുന്നത്‌. പത്തുവര്‍ഷത്തിലധികമായി വരണ്ട ചുണ്ടുകളില്‍ വെള്ളമിറ്റിക്കുക പോലും ചെയ്യാതെ സ്വന്തം ജനതയ്‌ക്കായി സമരം ചെയ്യുന്ന ഇറോംശര്‍മിള മണിപ്പൂരിന്റെ ഉരുക്കു വനിത എന്നതിനപ്പുറം ലോകമെങ്ങുമുള്ള മനുഷ്യാവകാശ സമരങ്ങളുടെ ആവേശവും പ്രചോദനവുമായിക്കൂടി മാറിക്കഴിഞ്ഞു.

ഇറോം ശര്‍മിളയുടെ ജീവിതയും മണിപ്പൂരിന്റെ ചരിത്രവും സമര കഥകളും ലളിതമായും തികഞ്ഞ ഗൗരവത്തോടെയും അവതരിപ്പിക്കുന്നതാണ്‌ പുസ്‌തകം.

1 comment:

  1. അവലോകനം നന്നായിരിക്കുന്നു.
    പുസ്തകം വായിച്ചിട്ടുണ്ട്
    ആശംസകള്‍

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?