Wednesday, January 23, 2013

ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു

പുസ്തകം : ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു
രചയിതാവ്: എം എന്‍ കാരശ്ശേരി
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്
അവലോകനം : ബുക്ക് മലയാളം
സാമുദായിക വൈവിധ്യങ്ങള്‍ കലര്‍ന്നുകാണപ്പെടുന്ന ഒരു ജനാധിപത്യ മതേതര സാമൂഹ്യ ഘടനയ്ക്കുള്ളില്‍ നിന്നും മതത്തെ ചൂഴ്ന്നുനില്‍ക്കുന്ന പൗരോഹിത്യത്തിന്റെയും സ്ഥാപനവല്‍ക്കരണത്തിന്റെയും പ്രത്യയശാസ്ത്രത്തെ ഇഴപിരിച്ചെടുക്കുക എന്നത് രീതിശാസ്ത്രപരമായി നിര്‍ണ്ണായകമാണ്. കാരണം, മത ജീവിതം എന്നത് പലപ്പോഴും പൗരോഹിത്യത്തിനു വിധേയപ്പെട്ടോ, സ്ഥാപനങ്ങള്‍ക്ക് കീഴ്‌പ്പെട്ടോ നിലനില്‍ക്കുന്നു. സവിശേഷ സാമൂഹ്യ സാഹചര്യത്തില്‍ അവശതയനുഭവിക്കുന്ന ന്യൂനപക്ഷ/കീഴാള വിഭാഗങ്ങളോടുള്ള സാമൂഹ്യമായ ഐക്യദാര്‍ഢ്യത്തിന്റെ ദിശ പലപ്പോഴും പൗരോഹിത്യത്തെയും സ്ഥാപനങ്ങളെയും ദൃഢപ്പെടുത്തുന്നതിലേക്ക് തെറ്റിനല്‍ക്കുന്നു. അതുകൊണ്ടുതന്നെ മതരാഷ്ട്രവാദത്തിനുപിന്നില്‍ പൗരോഹിത്യത്തിന്റെ ഫാസിസ്റ്റ് മുഖം ഒളിഞ്ഞിരിപ്പുണ്ടെന്ന തിരച്ചറിവ് നിര്‍ണ്ണായകമാണ്. എം എന്‍ കാരശ്ശേരിയുടെ ഇസ്ലാമിക രാഷ്ട്രീയം വിമര്‍ശിക്കപ്പെടുന്നു എന്ന ലേഖന സമാഹാരം മത രാഷ്ട്രവാദത്തിന്റെ സൂക്ഷ്മപ്രത്യയശാസ്ത്രത്തെ നിര്‍ദ്ധാരണംചെയ്യുന്ന സാമൂഹിക ജാഗ്രതയാണ് മുന്നോട്ടുവയ്ക്കുന്നത്.
വിവിധ ജാതി, മത, മതേതര വിഭാഗങ്ങളും വര്‍ഗ്ഗവൈവിധ്യങ്ങളും ഭിന്നവും പലപ്പോഴും പസ്പരവിരുദ്ധവുമായിരിക്കെത്തന്നെ പരസ്പരം ഇടകര്‍ന്ന് പുലര്‍ന്നുപോരുന്നതിന്റെ വിശാലവും മാനുഷികവുമായ സാമൂഹ്യാര്‍ത്ഥളെ തിരികെ പിടിക്കുക എന്ന ഉത്തരവാദിത്തമാണ് എം എന്‍ കാരശ്ശേരിയുടെ എഴുത്ത് ലക്ഷ്യംവയ്ക്കുന്നത്. ആശങ്ങയങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും വികാരങ്ങള്‍ അപഹരിക്കപ്പെടുകയും ചെയ്യുന്ന സവിശേഷമായ വര്‍ത്തമാന സാമൂഹ്യാന്തരീക്ഷത്തില്‍ മുസ്ലിം എന്ന അനുഭവത്തെയും അതിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര വ്യവാരങ്ങളെയും സംവാദപ്പെടുത്തുകയാണ് പുസ്തകം. മുസ്ലിം രാഷ്ട്രീയവും ഇസ്ലാമികി രാഷ്ട്രീയവും രണ്ടാണ്, എന്ന മൗലികമായ ഭിന്നതയെ ചര്‍ച്ചക്കുവയ്ക്കുകയാണ് മുസ്ലിം രാഷ്ട്രീയവും ഇസ്ലാമിക രാഷ്ട്രീയവും എന്ന ആദ്യ ലേഖനം. 'മുസ്ലിങ്ങള്‍ക്കുവേണ്ടിയുള്ള രാഷ്ട്രീയമാണ് മുസ്ലിം രാഷ്ട്രീയം. ഇസ്ലാമിനുവേണ്ടിയുള്ള രാഷ്ട്രീയമാണ് ഇസ്ലാമിക രാഷ്ട്രീയം.' ആശയത്തെ ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നുണ്ട്. മുസ്‌ലിം രാഷ്ട്രീയം ജനാധിപത്യവ്യവസ്ഥയെ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്നു. ഇസ്ലാമിക രാഷ്ട്രീയം ജനാധിപത്യത്തെ നിരാകരിക്കുന്നു. അത് പൗരോഹിത്യത്തിലേക്കും സംഘടിതമായ സ്ഥാപനവല്‍ക്കരണത്തിലേക്കും ആഞ്ഞുനില്‍ക്കുന്ന വംശീയാധിപത്യത്തെ ജനാധിപത്യത്തിനുമേല്‍ സങ്കല്‍പ്പിക്കുന്നു. മതമൗലികതയിലേക്കും വര്‍ഗ്ഗീയതയിലേക്കും മതഭീകരതയിലേക്കും സമുദായത്തെ വൈകാരികമായി കൂട്ടിക്കെട്ടുന്ന ആശയലോകത്തെയാണ് അത് നിര്‍മ്മിച്ചെടുക്കുന്നത്.
മതേതര ജനാധിപത്യത്തിന്റെ സാധ്യതകളിലാണ് എം എന്‍ കാരശ്ശേരിയുടെ ലേഖനങ്ങള്‍ പ്രധാനമായും ഊന്നുന്നത്. ഇസ്ലാമിക രാഷ്ട്രീയത്തിന്റെ മതേതര/ജനാധിപത്യ വിരുദ്ധ നിലപാടുകളെ നിശിതമായി പരിശോധിക്കുകയാണിവിടെ. ജാതി/സമുദായ ബോധങ്ങള്‍ സമൂഹത്തില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്നുണ്ട്. ജാതിയെയും മതത്തെയും തള്ളിപ്പറയുമ്പോഴും സാമൂഹ്യ വ്യവഹാരങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും ആന്തരവല്‍ക്കരിക്കപ്പെട്ട ജാതി-മത ബോധത്തിന്റെ യുക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു കാണാം. എന്നാല്‍ അങ്ങനെയൊന്ന് 'ഇല്ല' എന്ന വിചാരമാണ് ആധുനികതയും കമ്യൂണിസ്റ്റ് ചിന്തയും മുന്നോട്ട് വച്ചത്. 'ജാതി', 'സമുദായം' എന്നിവയിലധിഷ്ഠിതമായ പരിഷ്‌കരണമുന്നേറ്റങ്ങള്‍ക്ക് ശേഷം ശക്തമാകുന്ന കമ്യൂണിസ്റ്റ് ചിന്ത 'വര്‍ഗ്ഗം' എന്ന ഒറ്റക്കുടക്കുകീഴില്‍ ഇവയെ ഒതുക്കുന്നു. ജാതി, സമുദായ യാഥാര്‍ത്ഥ്യങ്ങള്‍ പൊതുമണ്ഡലത്തില്‍ നിന്നും മറഞ്ഞുനില്‍ക്കുന്നതിന് ഇത് കാരണമായി. അതായത് ജാതിയുടെ ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കുന്നതിനുപകരം അതേക്കുറിച്ച് സംസാരിക്കാന്‍ പുതിയൊരു ഭാഷ രൂപപ്പെടുത്തുകയാണുണ്ടായത്. വര്‍ഗ്ഗ സമരത്തിലൂടെ ജാതി, സമുദായ ചിന്തകളെ ഇല്ലാതാക്കാന്‍ കഴിയുമെന്ന വിശ്വാസം രൂഡമൂലമാവുകയും 'വര്‍ഗ്ഗം' എന്നത് കേരളത്തില്‍ അംഗീകരിക്കപ്പെടുന്ന ഒരേയൊരു രാഷ്ട്രീയ പ്രശ്‌നമായി ചുരുങ്ങുകയും ചെയ്തു. അപ്പോഴും മതവും ജാതി ചിന്തയും സാമൂഹ്യാന്തര്‍ഭാഗത്തും ഉപരിതലത്തിലും നിലനില്‍ക്കുകയും വര്‍ത്തമാന കാലത്ത് കമ്യൂണിസത്തെപ്പോലും വിഴുങ്ങുകയോ വരുതിയിലാക്കുകയോ ചെയ്യുന്നതരത്തില്‍ സംഘടിത രൂപമായി അത് മാറുകയും ചെയ്തിരിക്കുന്നു. ഒഴിഞ്ഞുമാറുക എന്ന തന്ത്രത്തെ പ്രശ്‌നവല്‍ക്കരിക്കുകയാണ് എം എന്‍ കാരശ്ശേരി. നേരിടുക, അഭിസംബോധന ചെയ്യുക, സമൂഹ മധ്യത്തില്‍ വിചരണചെയ്യപ്പെടുക എന്നതാണ് അതിന്റെ രീതീശാസ്ത്രം. സംഘടിത മതങ്ങള്‍ അപഹരിക്കുന്ന വ്യക്തിയുടെ വൈകാരിക മണ്ഡലത്തെ വസ്തുതാപരമായ സംവാദങ്ങളിലേക്ക് തിരികെവിളിക്കുകയാണിവിടെ. സാമുദായിക സദാചാര നിഷ്ഠകള്‍ക്ക് വഴങ്ങിനില്‍ക്കുന്ന കേവലം പ്രജകളായി ക്രമീകരിക്കപ്പെടുന്ന ശരീരങ്ങള്‍ ആത്യന്തികമായി മത രാഷ്ട്രവാദത്തിന്റെ ഉപകരണങ്ങളായിത്തീരുകയാണ്. മരിക്കാനും കൊല്ലാനും ഭരിക്കപ്പെടാനും പാകപ്പെട്ട വിധേയത്വത്തെ, ആശയങ്ങള്‍കൊണ്ടും ചരിത്രബോധംകൊണ്ടും നേരിടുകയാണ് കാരശ്ശേരിയുടെ എഴുത്ത്. സാമുദായികവ്യവസ്ഥയുടെ അടഞ്ഞ ഇടങ്ങളെ അപായപ്പെടുത്തുകയാണ് പുസ്തകം. (വില: 100 രൂപ പേജ്: 168)

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?