Saturday, September 14, 2013

ബയസ്കോപ്പ്

പുസ്തകം : ബയസ്കോപ്പ്
രചയിതാവ് : കെ എം മധുസൂദനൻ
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്
അവലോകനം : വെള്ളെഴുത്ത്
മൂന്ന് അന്തർദേശീയ പുരസ്കാരങ്ങളും ദേശീയ അവാർഡും അഞ്ചു സംസ്ഥാന അവാർഡുകളും നേടിയ ‘ബയസ്കോപ്പി’ന്റെ തിരക്കഥ(വില : 50 രൂപ ). ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് കെ എം മധുസൂദനനാണ്. 2008 ലെ ലോകത്തിലെ മികച്ച പത്തു ചിത്രങ്ങളിലൊന്നായി ലിസ്റ്റോളജി ബയസ്കോപ്പിനെതെരെഞ്ഞെടുത്തിരുന്നു. മലയാളത്തിലെ ആദ്യ ചലച്ചിത്രം വിഗതകുമാരനു തൊട്ടു മുൻപുള്ള കാലമാണ് ബയസ്കോപ്പിന്റെ പശ്ചാത്തലം. അതുവരെ പരിചയമില്ലാതിരുന്ന ചലിക്കുന്ന ചിത്രങ്ങൾ മലയാളിയെ കാണിക്കാൻ ഒരു ബയസ്കോപ്പുമായിറങ്ങിയ വാറുണ്ണി ജോസഫിനെ ഭാവനാത്മകമായി പുനഃസൃഷ്ടിക്കുകയല്ല, മധുസൂദനനിവിടെ. തീർത്തും കൽ‌പ്പിതമാണ് കഥ. ‘ആധുനികത’യുടെ കടന്നു വരവുമായി ബന്ധപ്പെട്ടുള്ള സങ്കീർണ്ണതകൾക്കാണ് സിനിമയിൽ പ്രാധാന്യം വരുന്നത്. പോണ്ടിച്ചേരിയിൽ വച്ച് ഫ്രഞ്ചുകാരനായ ഡ്യുപോണ്ടിന്റെ ബയസ്കോപ്പ് പ്രദർശനത്തിൽ ആകൃഷ്ടനായി ‘കടലു കടന്നെത്തിയ’ ആ ഉപകരണവുമായി സ്വന്തം നാട്ടുകാരെ ചലിക്കുന്ന ചിത്രങ്ങളുടെ വിസ്മയം കാണിക്കാനെത്തിയ ദിവാകരന്റെ കഥയാണ് ബയസ്കോപ്പ്. അയാളുടെ ഭാര്യ നളിനി നിത്യരോഗിയാണ്. കുട്ടിക്കാലത്ത് കടൽത്തീരത്ത് വച്ചു കണ്ട വെള്ളക്കാരന്റെ ശവമാണ് അവളെ ഈ രീതിയിലാക്കിയതെന്നൊരു പരാമർശം മുരുകൻ നായർ (ദിവാകരന്റെ അച്ഛൻ) നടത്തുന്നുണ്ട്. നളിനിയെ സംബന്ധിക്കുന്ന ഭ്രമാത്മക കൽ‌പ്പനകളിൽ കടലും നാവികനും പൂച്ചകളും വാസ്കോടിഗാമയും കൂടിക്കലർന്നിരിക്കുന്നതു കാണാം. ബയസ്കോപ്പ് നളിനിയുടെ അസ്വാതന്ത്ര്യത്തിന്റെയും ദിവാകരന്റെ സ്വാതന്ത്ര്യത്തിന്റെയും മൂലകമായി തീരുന്നു. കൊളോണിയൽ ഘടകങ്ങളോടുള്ള പാരമ്പര്യബദ്ധവും ആധുനികവുമായ രണ്ടു സമീപനങ്ങൾ തമ്മിൽ കലമ്പുന്നത് കാണാം ഇവിടെ. കടലുകടന്നെത്തിയ ഒരു സാധനമാണ് വീടിന്റെ ശാപമെന്നും നളിനിയുടെ അസുഖം മാറാൻ അതു കളയുകയാണു വേണ്ടതെന്നും ആയഞ്ചേരി കൈമൾ ഉപദേശിക്കുന്നതും മരിച്ചാലും പോകാത്ത നിഴൽ രൂപങ്ങളാണ് പോട്ടോത്തിൽ തെളിയുന്നതെന്നും അതെല്ലാം പിടിച്ചെടുത്ത് ആൾക്കാരെ കാണിക്കുന്നത് പ്രാന്താണെന്നും നാരായണിയമ്മ (ദിവാകരന്റെ അമ്മായി) പറയുന്നതും പാരമ്പര്യത്തിന്റെ ‘അപര’ഭയം നിമിത്തമാണ്. ശീമക്കാര് ഭൂതത്താൻമാരാണെന്നാണ് വേലക്കാരി മാളുവിന്റെ പ്രതികരണം. ഇതിന്റെ മൂർത്തമായ അനുഭവമാണ് നളിനിയുടെ അസുഖം.

സിനിമയെന്ന ആധുനിക വിസ്മയത്തിനു വേണ്ടി ജീവിതം തുലച്ച ഒട്ടനവധി ആളുകളുണ്ട്. അവരുടെ ദുരന്തങ്ങൾക്കുള്ളത് കലാപരമായ മാനവുമാണ്. ബയസ്കോപ്പിന്റെ വരവിനു മുൻപ് നടന്ന അനേകം പരീക്ഷണങ്ങളെക്കുറിച്ച് ഡ്യുപോണ്ട് ദിവാകരനോട് സംസാരിക്കുന്നുണ്ട്. ഫിനാക്കിസ്റ്റോസ്കോപ്പ് എൺപതുവയസ്സുള്ള അന്ധനായ മനുഷ്യനാണ് കണ്ടുപിടിച്ചത്, ഭാര്യയുടെ സഹായത്തോടെ. ലൂമിയർ സഹോദരന്മാർ ചലചിത്രപ്രദർശനം നടത്തിത്തുടങ്ങിയ കാലത്ത് താൻ കണ്ടു പിടിച്ച ഉപകരണം -പ്രാക്സിനോസ്കോപ്പ്- എമിലി റയ്നൌസ് സീൻ നദിയിലെറിഞ്ഞ് വിഷാദരോഗം മൂർച്ഛിച്ചു മരിച്ചു. ജെ സി ഡാനിയൽ ഉൾപ്പടെ ഇവിടത്തെയും ആദ്യകാല ചലച്ചിത്രപ്രവർത്തകരുടെ സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. മലയാളത്തിലെ ആദ്യ നായിക റോസിയെ പാരമ്പര്യവാദികൾ ഉപദ്രവിച്ചതെങ്ങനെയെന്ന കഥ സുവിദിതമാണല്ലോ. കാലത്തിന്റെ ഓർമ്മകളുമായി ചേർന്നു നിൽക്കുന്ന കഥകളിലെ ദുരന്തങ്ങൾക്ക് ചരിത്രപരമായ പ്രാധാന്യം ഏറും. മലയാള സിനിമാചരിത്രത്തിന്റെ നിറം മങ്ങി മാഞ്ഞുകൊണ്ടിരിക്കുന്ന ഒരു ഖണ്ഡത്തെ ഓർത്തെടുക്കുകയാണ് ബയസ്കോപ്പ് ചെയ്യുന്നത്. കെ ഗോപിനാഥന്റെയും (സിനിമയുടെ നോട്ടങ്ങൾ) സനിൽ വിയുടെയും (വെളിച്ചത്തിന്റെ താളം) ഗൌരവമുള്ള രണ്ടു പഠനങ്ങൾ കൂടിചേർന്നാണ് ഈ പുസ്തകത്തെ കനപ്പെടുത്തുന്നതെന്ന കാര്യം എടുത്തുപറയട്ടെ.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?