Tuesday, September 17, 2013

ശബരിമല-ചരിത്രത്തിന്റെയും നേരിന്റേയും ഉരകല്ലില്‍

പുസ്തകം : ശബരിമല-ചരിത്രത്തിന്റെയും നേരിന്റേയും ഉരകല്ലില്‍
രചയിതാവ് : ജെ.ഇടമറുക്
പ്രസാധകര്‍ : ഇന്‍‌ഡ്യന്‍ എത്തീസ്റ്റ് പബ്ലീഷേര്‍സ്,ന്യൂ ഡല്‍ഹി

അവലോകനം : സുനില്‍ കൃഷ്ണന്‍

കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഭൂ‍രിപക്ഷത്തില്‍ നിന്നു നന്നേ വിഭിന്നമാണു ശബരിമല. കാനനമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ജാതി മത ഭേദമന്യേ എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുള്ള ഒരു ക്ഷേത്രമാണ്.വര്‍ഷത്തില്‍ എല്ലാ ദിവസവും തുറക്കാത്ത ഈ ക്ഷേത്രം ആചാരങ്ങളിലും മറ്റ് രീതികളിലും എല്ലാം മറ്റെല്ലാ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. “അതീവ ദിവ്യ“മായ മകരവിളക്ക് വണങ്ങി സായൂജ്യമടയാനാണ് മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനു അവര്‍ തയ്യാറാകുന്നത്.

ഈശ്വരവിശ്വാസത്തേയോ ശബരിമലയേയോ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ അതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പുകളും വ്യാജപ്രചാരണങ്ങളും നടക്കുന്ന ഒരു സ്ഥലം കൂടിയാണു ശബരിമല. ഈ കുറിപ്പ് എഴുതാന്‍ തുടങ്ങിയതിനു ശേഷം പാതി വഴിയില്‍ നിര്‍ത്തിയതായിരുന്നു. എന്നാല്‍ ടി വി ചാനലുകളില്‍ മകരവിളക്കിന്റെ തത്സമയ സം‌പ്രേഷണം കണ്ടുകഴിഞ്ഞപ്പോള്‍ വീണ്ടും എഴുതാന്‍ തുടങ്ങി. ക്രിക്കറ്റ് കമന്ററികളെ വെല്ലുന്ന വിവരണമായിരുന്നു മകരവിളക്കിനു ചാനലുകാര്‍ നല്‍കിയത്. ഈ ജന്മത്തില്‍ മോക്ഷം കിട്ടണമെങ്കില്‍ ഒരിക്കലെങ്കിലും ഈ ദിവ്യമായ മകരജ്യോതിസ് കാണണമെന്നാണു കമന്റേറ്റര്‍‌മാര്‍ ചാനലുകളിലൂടെ ഉദ്‌ബോധിപ്പിച്ചത്.ലക്ഷക്കണക്കിനു ഭക്തന്മാരാണു ഈ ദിവ്യദര്‍ശനത്തിനായി എല്ലാവര്‍ഷവും തടിച്ചു കൂടുന്നത്. അവരില്‍ ഭൂരിപക്ഷവും അന്യ സംസ്ഥാനക്കാരാണ്. സത്യമായും പുണ്യം കിട്ടും എന്ന വിശ്വാസമാണു അവരില്‍ ഉള്ളത്. ഞാന്‍ വിശ്വാസത്തെ ചോദ്യം ചെയ്യുന്നില്ല. പകരം എന്റെ മനസ്സില്‍ ഉണ്ടായിരുന്ന ചിന്തകള്‍ നേരത്തെ ചില അന്വേഷണങ്ങളിലേക്ക് നയിച്ചിരുന്നു.അങ്ങനെയാണു ശ്രീ ജെ ഇടമറുക് രചിച്ച “ ശബരിമല - ചരിത്രത്തിന്റേയും നേരിന്റേയും ഉരകല്ലില്‍” എന്ന പുസ്തകം വായിക്കാനിടയായത്.

ശബരിമലയെ സംബന്ധിച്ച് വളരെ വര്‍ഷങ്ങളായി ആഴത്തില്‍ നടത്തിയ പഠനത്തിന്റെ അവസാനം ഇടമറുക് രചിച്ചതാണു ഈ ഗ്രന്ഥം.ഇടമറുക് യുക്തിവാദിയായ ഒരു മനുഷ്യനായിരുന്നു എന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.ശബരിമലയുടെ നേരറിയാന്‍ തന്റെ യുക്തി ചിന്തകളെ അടിസ്ഥാനമാക്കി വ്യക്തമായ തെളിവുകളോടെ അദ്ദേഹം മുന്നോട്ട് വയ്ക്കുന്ന സത്യത്തിനു നേരെ ആര്‍ക്കും കണ്ണടക്കാനാവുമെന്ന് എനിക്ക് തോന്നുന്നില്ല.ഒട്ടനവധി പ്രചാരണങ്ങളും വിശ്വാസങ്ങളും അത്ഭുത കഥകളുമാണ് ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടില്‍ ഉള്ളത്. അവയെ നേരിന്റെ ഉരകല്ലില്‍ അരച്ച് നോക്കുകയാണു ഈ പുസ്തകത്തില്‍.

എരുമേലിയില്‍ അമ്പലപ്പുഴ സംഘം പേട്ടതുള്ളുന്ന സമയത്ത് മാനത്ത് പരുന്ത് പറക്കുന്നുണ്ടോ?
ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളല്‍ സമയത്ത് പകല്‍ നക്ഷത്രം ഉദിയ്ക്കാറുണ്ടോ?
മകരവിളക്ക് സമയത്ത് പൊന്നമ്പല മേട്ടില്‍ കാണുന്ന ദിവ്യജ്യോതിസ് ആരാണു കത്തിയ്കുന്നത്?
ശബരിമലയിലെ പ്രതിഷ്ഠ യഥാര്‍ത്ഥത്തില്‍ എന്താണ്?
ആരാണു ഈ ക്ഷേത്രം നിര്‍മ്മിച്ചത്?
ശിവന്റേയും വിഷ്ണുവിന്റേയും പുത്രനാണു ശാസ്താവ് എന്ന ഐതിഹ്യം എങ്ങനെ ഉണ്ടായി?
ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ക്ക് ചരിത്രവുമായി എത്രമാത്രം ബന്ധമുണ്ട്?

ഇങ്ങനെ ശബരിമലയുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ക്ക് ഇതില്‍ വ്യക്തമായ ഉത്തരം കണ്ടെത്താന്‍ ഇടമറുകും കൂട്ടരും നടത്തിയ അന്വേഷണങ്ങള്‍ക്ക് കഴിഞ്ഞിട്ടുള്ളതായി കാണാം. സ്വാഭാവികമായും ഇതിലൂടെ വിശ്വാസത്തെ തന്നെ ഇടമറുക് ചോദ്യം ചെയ്യുന്നുവെങ്കിലും,അതിലുപരി വിശ്വാസവുമായി ബന്ധപ്പെട്ട കള്ള പ്രചാരണങ്ങളെ ആണു അദ്ദേഹം തുറന്നു കാട്ടുന്നത് എന്ന് കാണാം.എന്റെ താല്‍‌പര്യവും അതില്‍ മാത്രമേ ഉള്ളൂ.

പേട്ടതുള്ളല്‍

പേട്ടതുള്ളലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വ്യക്തമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ഇടമറുക് വെളിച്ചത്ത് കൊണ്ടു വരുന്നെങ്കിലും പരുന്ത് പറക്കലും പകല്‍ നക്ഷത്രം ഉദിക്കലും എത്രമാത്രം സത്യമാണെന്ന് കണ്ടുപിടിക്കാന്‍ എരുമേലിയില്‍ നടത്തിയെ അന്വേഷണങ്ങളാണിതില്‍ പ്രധാനം. അതില്‍ കണ്ടെത്തിയ വസ്തുതകള്‍ ഡയറിക്കുറിപ്പുകളായി തന്നെ കൊടുത്തിരിക്കുന്നു. വനത്തിനോട് അടുത്ത് കിടക്കുന്ന എരുമേലിയിലും പരിസരപ്രദേശങ്ങളിലും പരുന്ത് ഒരു പതിവ് കാഴ്ചയാണെന്നുള്ളതാണു സത്യം.പേട്ടതുള്ളതിനു മുന്‍പുള്ള ഒരാഴ്ചയോളം കാലം ദിവസം മുഴുവനും എരുമേലിയും പരിസരവും സസൂക്ഷ്മം നിരീക്ഷിച്ചതിനു ശേഷമാണ് ഈ കാര്യം മനസ്സിലാക്കുന്നത്. ഡോ.കാനം ശങ്കരപ്പിള്ളയുടെ വെല്ലുവിളി സ്വീകരിച്ച് പേട്ടതുള്ളല്‍ നടക്കുന്ന ദിവസം എരുമേലിയില്‍ കാത്തിരുന്നിട്ടും പരുന്തിനെ കാണാതെ പോയ കാര്യം ഇതില്‍ വിവരിയ്കുന്നു. പകല്‍ നക്ഷത്രം ഉദിക്കും എന്നത് വിശ്വാസം മാത്രമെന്ന് വിശ്വാസികള്‍ തന്നെ പറയുന്നു.ഇതിന്റെ പിന്നിലെ സത്യവും ഇടമറുക് വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ട്.

ഐതിഹ്യങ്ങള്‍, ചരിത്രങ്ങള്‍

പിന്നെയുള്ള ഭാഗങ്ങളില്‍ അയ്യപ്പനെക്കുറിച്ചുള്ള സത്യവും മിഥ്യയും വേര്‍തിരിക്കാനാണു ഇടമറുക് ശ്രമിയ്ക്കുന്നത്. ശബരിഗിരീശന്‍, ഹരിഹരസുതന്‍, ജലന്ധരനിഹന്താവ്, മോഹിനീസുതന്‍, കയ്യപ്പന്‍, മഹിഷീമര്‍ദ്ദകന്‍, താരകബ്രഹ്മം,ശാസ്താവ്,ചാത്തന്‍,അയ്യന്‍,വേട്ടക്കൊരു മകന്‍, ഭൂതനാഥന്‍, മണികണ്ഠന്‍,പന്തളദാസന്‍,മലയാളി,പുലിവാഹനന്‍ തുടങ്ങി വിവിധ പേരുകളില്‍ ശബരിമലയിലെ അയ്യപ്പന്‍ അറിയപ്പെടുന്നതിനു പിന്നില്‍ ഓരോന്നിനും ഓരോ ഐതിഹ്യം ഉണ്ട്. ഈ ഐതിഹ്യങ്ങളെ ചരിത്രവുമായി വളരെ വിദഗ്ദ്ധമായി കെട്ടുപിണച്ചാണു ഓരോ കഥകളും സൃഷ്ട്രിയ്ക്കപ്പെട്ടിട്ടുള്ളത്.ഈ കഥകളോരോന്നിനേയും ഇഴകീറി പരിശോധിയ്ക്കുന്നുണ്ട് ഈ പുസ്തകത്തില്‍.അതെല്ലാം ഇവിടെ വിശദമായി എഴുതുന്നില്ല.

അയ്യപ്പന് പന്തളം രാജാവുമായി അടുത്ത ബന്ധമുണ്ടെന്നുള്ളത് ചരിത്ര വസ്തുതയായി എടുത്താല്‍ അയ്യപ്പന്റെ കാലം എന്നത് പന്തളരാജ്യം ഉണ്ടായതിനു ശേഷം ആണെന്നുള്ളത് ഉറപ്പാണ്. ചരിത്രപരമായി നോക്കിയാല്‍ മധുരയിലെ പാണ്ഡ്യരാജ്യത്തിലെ രണ്ട് ശാഖകളാണു പൂഞ്ഞാറിലും പന്തളത്തും എത്തി കുടിയേറിപ്പാര്‍ത്തത്.ഇതില്‍ ആദ്യമെത്തിയത് പൂഞ്ഞാര്‍ രാജവംശമാണ്. അത് എ.ഡി പതിമൂന്നാം നൂറ്റാണ്ടിലാണ്.അതിനോടടുത്ത കാലത്താണു പന്തളത്തും കുടിയേറ്റം നടന്നത്. അതായത് ചരിത്രപുരുഷനായ അയ്യപ്പന്‍ ആ കാലഘട്ടത്തിലാണു ജീവിച്ചിരുന്നതെന്ന് കാണാം. അങ്ങനെയെങ്കില്‍ മോഹിനീ സുതനായ അയ്യപ്പന്‍ എങ്ങനെ വന്നു എന്നതാണ് ഇടമറുക് ഉന്നയിയ്കുന്ന ചോദ്യം.

ശബരിമലയുടെ ചരിത്രം

ശബരിമല ക്ഷേത്രം എങ്ങനെ ഉണ്ടായി? എന്താണു അതിനു പിന്നിലെ ചരിത്രം എന്നീ കാര്യങ്ങളാണ് ഈ ഭാഗത്ത് അദ്ദേഹം അന്വേഷിയ്കുന്നത്. ബുദ്ധമതത്തിന്റെ തിരുശേഷിപ്പുകളാണു ശബരിമലയിലേത് എന്ന് അദ്ദേഹം കണ്ടെത്തുന്നു.എന്തായാലും ഇന്നത്തെ രീതിയിലുള്ള ക്ഷേത്രം വന്നത് പന്തളം രാജാക്കന്മാര്‍ വന്നതിനു ശേഷം ആകാനാണു സാധ്യത.അതാകട്ടെ പലവട്ടം അഗ്നിബാധയ്കിരയാവുകയും പുതുക്കിപ്പണിയുകയും ചെയ്യപ്പെട്ടതുമാണ്. എങ്കിലും 19 ആം നൂറ്റാണ്ടു വരെ ശബരിമലയ്ക് വലിയ പ്രാധാന്യം ഇല്ലായിരുന്നു എന്ന് കാണാം.1900 ല്‍ ഉണ്ടായ അഗ്നിബാധയെത്തുടര്‍ന്ന് ക്ഷേത്രം പുതുക്കിപ്പണിയാന്‍ രാജാവ് ആവശ്യപ്പെട്ടെങ്കിലും കൊടുംകാട്ടില്‍ ദുര്‍ഘടമായ വഴികളിലൂടെ സാധനസാമഗ്രികള്‍ എത്തിക്കാന്‍ ആരും തയ്യാറായില്ലെന്നും അവസാനം അത് കോണ്‍‌ട്രാക്ട് എടുത്തത് കൊച്ചുമ്മന്‍ മുതലാളിയും അവസാനം പണി തീര്‍ത്തത് സ്കറിയാ കത്തനാരും ആയിരുന്നുവെന്നും രേഖകളില്‍ കാണാം.ഇതിനെ കത്തനാര്‍ പണിയിച്ച ക്ഷേത്രം എന്ന് ഇടമറുക് പറയുന്നു.

മകരവിളക്ക്

ഏതാണ്ട് 1940 കള്‍ക്ക് ശേഷമാണു പൊന്നമ്പലമേട്ടില്‍ മകര സംക്രാന്തി ദിനം ദിവ്യജ്യോതിസ് പ്രത്യക്ഷപ്പെടുന്ന കഥകള്‍ പ്രചരിയ്കാന്‍ തുടങ്ങിയത്.ശബരിമലയ്കടുത്ത് മനുഷ്യ പാദസ്പര്‍ശമേല്‍ക്കാത്ത പൊന്നമ്പലമേട്ടിലാണു ഈ ജ്യോതി പ്രത്യക്ഷപ്പെടുന്നത് എന്നായിരുന്നു പ്രചാരണം.

“സ്ഥിരമായി മഞ്ഞു മൂടിക്കിടക്കുന്ന അന്റാര്‍ട്ടിക്കാ ഭൂഖണ്ഡത്തിലും ആര്‍ട്ടിക് പ്രദേശങ്ങളിലും സാഹസികരായ മനുഷ്യര്‍ ചെന്നെത്തി.ഹിമാലയത്തിനെ ഉന്നത ശൃംഗങ്ങള്‍ വരെ അവര്‍ കീഴടക്കി.എന്നിട്ടും നമ്മുടെ സഹ്യപര്‍വതത്തില്‍ മനുഷ്യ സ്പര്‍ശമേല്‍ക്കാത്ത ഒരു സ്ഥലമുണ്ടെന്ന് പറഞ്ഞാല്‍ ആരാണത് വിശ്വസിയ്കുക?” ഇടമറുക് ചോദിയ്കുന്നു.

എന്നാല്‍ ഈ പറയുന്നത്ര വിഷമം പിടിച്ച ഒന്നല്ല പൊന്നമ്പലമെട് യാത്ര എന്ന് ഇടമറുക് സ്വന്തം അനുഭവത്തില്‍ നിന്ന് സാക്ഷ്യപ്പെടുത്തുന്നു. മകര വിളക്കിന്റെ സത്യാവസ്ഥയെക്കുറിച്ച് ആദ്യമായി ഇടമറുകിനു വിശദീകരിക്കുന്നത് ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന ശ്രീ എം ആര്‍ എസ് നാഥനാണ്.പൊന്നമ്പലമേട്ടിലെ വാസക്കാരായ മലമ്പണ്ടാരങ്ങള്‍ എന്ന ഗിരി വര്‍ഗക്കാരാണു അത് കത്തിക്കുന്നതെന്നായിരുന്നു അന്ന് വരെ യുക്തിവാദികളുടെ ധാരണ. എന്നാല്‍ ദേവസ്വം ബോര്‍ഡിന്റെ ഒത്താശയോടെ ഇപ്പോള്‍ അവിടെ കൃത്യ ദിവസം സന്ധ്യക്ക് വലിയ പാത്രങ്ങളില്‍ കര്‍പ്പൂരം കത്തിച്ച് ജ്യോതിസ് സൃഷ്ട്രിയ്കുകയാണെന്ന് എം ആര്‍ എസ് നാഥന്‍ പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ താന്‍ ഞെട്ടിപ്പോയതായി ഇടമറുക് പറയുന്നു.ഇത് നടക്കുന്നത് 1973 ലാണ്. അതിനുശേഷം പലപ്പോളും പലരും ഒറ്റയ്കും മറ്റും ഇതിന്റെ രഹസ്യം അറിയാന്‍ ശ്രമിച്ചിട്ടുണ്ട്.എം ആര്‍ എസ് നാഥന്‍ തന്നെ 1973 ല്‍ ഇതിന്റെ രഹസ്യം കണ്ടെത്തിയത് ഇടമറുകും മറ്റും പ്രസിദ്ധികരിച്ചെങ്കിലും ആരും അതിനു പ്രാധാന്യം നല്‍കിയില്ല, പോലീസിന്റെ സാന്നിധ്യത്തില്‍ ഈ പരിപാടി നടത്തുമ്പോള്‍ മറ്റുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കാതിരുന്നത് അവിടെ ചെന്നെത്താന്‍ പ്രധാന തടസ്സമായി. പിന്നീട് 1983 ലാണു യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിതമായ ഒരു ശ്രമം ഉണ്ടായത്.അതിനെ പറ്റി ഇടമറുക് വിശദമായി പറയുന്നുണ്ട്.1983 ജനുവരി 13 ,14 തീയതികളില്‍ നടത്തിയ സാഹസിക യാത്രയും അതില്‍ പങ്കെടുത്തവരെ അതി ക്രൂരമായി പോലീസ് തല്ലിച്ചതച്ചതും ക്യാമറകള്‍ പിടിച്ചു വാങ്ങിയതുമൊക്കെ വിവരിയ്കുന്നുണ്ട്.എങ്കിലും എല്ലാ മര്‍ദ്ദനങ്ങളേയും നേരിട്ട് അവര്‍ സത്യം കണ്ടെത്തുക തന്നെ ചെയ്തു. അക്കാലത്ത് എടുത്ത ചിത്രങ്ങളില്‍ ചിലത് ലഭിക്കുകയും അവയെല്ലാം ഈ പുസ്തകത്തില്‍ ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.അതില്‍ കര്‍പ്പൂരം കത്തിയ്കുന്നത് വ്യക്തമായി കാണാവുന്നതുമാണ്.

യുക്തിവാദികളുടെ ഈ രീതിയിലുള്ള നീക്കങ്ങള്‍ മകരവിളക്കിനെ സംബന്ധിച്ച് ഉണ്ടായിരുന്ന പല തെറ്റിദ്ധാരണകളും നീക്കാന്‍ സഹായിച്ചിട്ടുണ്ട്. പിന്നിട് 1989 ല്‍ യുക്തിവാദസംഘം സംഘടിപ്പിച്ച “സത്യപ്രചാരണ ജാഥ”യോടനുബന്ധിച്ച് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന നായനാരുമായുള്ള അഭിമുഖം ഇടമറുക് ഡല്‍ഹിയില്‍ നടത്തിയത് പൂര്‍ണ്ണമായി ഈ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്.
അതില്‍ മകരജ്യോതിസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ “അത് ഭട്ടതിരിപ്പാടി (അന്നത്തെ ബോര്‍ഡ് പ്രസിഡണ്ട്)ന്റെ പണിയാണ്” എന്ന് സ:നായനാര്‍ പ്രസ്താവിച്ചത് ഇതില്‍ എടുത്ത് പറയേണ്ടതാണ്.

1999ലാണു മകരവിളക്കിനോടനുബന്ധിച്ച പമ്പയില്‍ തിക്കിലും തിരക്കിലും പെട്ട അയ്യപ്പന്മാര്‍ മരണമടഞ്ഞത്. അതിനെ തുടര്‍ന്ന് മകരജ്യോതി എന്ന തട്ടിപ്പിനെ പറ്റി മുന്‍ ഡി ജിപി എന്‍. കൃഷ്ണന്‍‌നായരും “ആലിബാബയും നാല്പത്തൊന്നു കള്ളന്മാരും” എന്ന പേരില്‍ സുഗതകുമാരിയും യഥാക്രമം മലയാള മനോരമയിലും മാതൃഭൂമിയിലും എഴുതിയ ലേഖനങ്ങള്‍ അതേ പടി ഈ പുസ്തകത്തില്‍ കൊടുത്തിരിയ്കുന്നു.മദ്യരാജാവിന്റെ പണം കൊണ്ട് ശ്രീകോവില്‍ സ്വര്‍ണ്ണം പൂശിയതിനേയും അതില്‍ സുഗതകുമാരി വിമര്‍ശിയ്കുന്നുണ്ട്.

ഇങ്ങനെ ശബരിമലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒട്ടനവധി കള്ളങ്ങളെ ആണു ഈ പുസ്തകം തുറന്നു കാട്ടുന്നത്. അതൊക്കെ വെറും ‘കൊട്ടത്താപ്പ്” കണക്കില്‍ അല്ല അവതരിപ്പിച്ചിരിക്കുന്നത്. ശബരിമലയും പൊന്നമ്പലമേടുമടക്കം അതുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളും പല പ്രാവശ്യം സന്ദര്‍ശിയ്കുകയും ശബരിമല വിഷയത്തില്‍ വന്നിട്ടുള്ള ഏതാണ്ട് എല്ലാ കൃതികളും ലേഖനങ്ങളും ചരിത്രവും പുരാണവും ഒക്കെ ആഴത്തില്‍ പഠിയ്കുകയും ചെയ്തിട്ടാണു ഇടമറുക് ഈ പുസ്തകം എഴുതിയിരിയ്കുന്നത്.അവയെല്ലാം അതാത് സന്ദര്‍ഭങ്ങളില്‍ ഇതില്‍ എടുത്ത് ഉപയോഗിച്ചിട്ടുമുണ്ട് (quote). കാര്യങ്ങള്‍ ഇത്രയൊക്കെ വ്യക്തമായിട്ടും ഇപ്പോളും ഇത് ദിവ്യമെന്ന് കരുതി ആള്‍ക്കാര്‍ ആരാധിക്കുന്നു.ജീവന്‍ ബലികഴിയ്കുന്നു.

(ഈ പുസ്തകം ലഭിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് 011-64630651 എന്ന നമ്പരില്‍ വിളിക്കാം.വി പി പി ആയി അവര്‍ അയച്ചു തരും.ഇല്ലെങ്കില്‍ indianatheist@gmail.com എന്ന ഐ ഡിയില്‍ മെയില്‍ അയച്ചാലും മതി.എറണാകുളം കലൂരിലുള്ള ബുക്ക് ഡിപ്പോയില്‍ നിന്ന് നേരിട്ടും വാങ്ങാം)

9 comments:

 1. യുക്തിയോടെ ചിന്തിച്ചാല്‍ എല്ലാവര്‍ക്കും മനസിലാകുന്ന കാര്യങ്ങള്‍ തന്നെയാവും ഇതിലൂടെ പറയാന്‍ ശ്രമിച്ചിരിക്കുന്നത്. വായന അറിവിനൊരു മുതല്‍കൂട്ടാവാന്‍ സാധ്യതയുള്ളത് കൊണ്ട് വായിക്കാന്‍ ശ്രമിക്കാം.

  ReplyDelete
 2. പുസ്തകം വായിച്ചറിയാന്‍ തോന്നുന്ന അവലോകനം.
  പുസ്തകം വാങ്ങി വായിക്കുന്നുണ്ട്.
  ആശംസകള്‍

  ReplyDelete
 3. പുസ്തകം വായിക്കണമെന്നുണ്ട്.
  കലൂരിൽ എവിടെയാണ്‌ ബുക് ഡിപ്പോ ? പേര്‌ ?
  പുസ്തകത്തിന്റെ വില ?

  ReplyDelete
 4. ആത്മീയത ആത്മ ബോധം കൊണ്ട് നേരിടുന്നതാണ് യുക്തി .ഇവിടെ ചിലപ്പോൾ മറന്നു പോകുന്നതും ഇതാണ്.
  ശബരിമലയിലെ സത്യം വെളിവായതാണ് .എന്നാലും വിശ്വാസികളുടെ മനസ്സിനെ വ്രണപ്പെടുത്താൻ ആരും
  തയ്യാറല്ല.സത്യം ബോധ്യ പ്പെടുത്തുന്ന പുസ്തകം വായിക്കണമെന്ന് ഇപ്പോൾ തോന്നുന്നു.

  ReplyDelete
 5. “വിശ്വാസി”കള്‍ ഓരോ വര്‍ഷവും അധികരിച്ച് വരുന്നുമുണ്ട്
  അരക്ഷിതാവസ്ഥ വര്‍ദ്ധിക്കുമ്പോള്‍ കച്ചിത്തുരുമ്പിലും കയറിപ്പിടിക്കും എന്നല്ലേ മൊഴി

  ReplyDelete
 6. aa makkathe charithram koodi onnezhuthaneeee...

  ReplyDelete
 7. സ്വാമിയേ ശരണം അയ്യപ്പ...സുഹൃത്തുക്കളെ ഈ ബുക്ക്‌ എഴുതിയത് ഒരു നിരീശ്വര വാദിയനെന്നു പറയുന്നു. ദൈവത്തിൽ വിശ്വാസം ഇല്ലാത്ത ഇങ്ങനെയുള്ള യുക്തിവാദികൾ പലതും എഴുതും. ശബരിമലയിൽ മകരവിളക്ക് എന്നതും മകര ജ്യോതി എന്നതും വേറെയാണ്. അതുപോലും അറിയാതെ വെറുതെ ഓരോ കാര്യങ്ങൾ പറയരുത് . ഇങ്ങനെ ശബരിമലയിൽ മകരവിളക്ക് കത്തിക്കുന്നതനെണ്ണ്‍ അറിഞ്ഞിട്ടും എന്തുകൊണ്ട് ഇപോഴും അവിടെ ഭക്ത ജന തിരക്ക് ഉണ്ടാകുന്നു?? എന്തിന് എല്ലാ വർഷവും ജനങ്ങള് അങ്ങോട്ട് പോകുന്നു?? ഒരാൾ വിജാരിച്ചാൽ സത്യങ്ങൾ അസത്യങ്ങളക്കാൻ കഴിയില്ല. സ്വാമിയേ ശരണം അയ്യപ്പ.....

  ReplyDelete
 8. സ്വാമിയേ ശരണം അയ്യപ്പ...സുഹൃത്തുക്കളെ ഈ ബുക്ക്‌ എഴുതിയത് ഒരു നിരീശ്വര വാദിയനെന്നു പറയുന്നു. ദൈവത്തിൽ വിശ്വാസം ഇല്ലാത്ത ഇങ്ങനെയുള്ള യുക്തിവാദികൾ പലതും എഴുതും. ശബരിമലയിൽ മകരവിളക്ക് എന്നതും മകര ജ്യോതി എന്നതും വേറെയാണ്. അതുപോലും അറിയാതെ വെറുതെ ഓരോ കാര്യങ്ങൾ പറയരുത് . ഇങ്ങനെ ശബരിമലയിൽ മകരവിളക്ക് കത്തിക്കുന്നതനെണ്ണ്‍ അറിഞ്ഞിട്ടും എന്തുകൊണ്ട് ഇപോഴും അവിടെ ഭക്ത ജന തിരക്ക് ഉണ്ടാകുന്നു?? എന്തിന് എല്ലാ വർഷവും ജനങ്ങള് അങ്ങോട്ട് പോകുന്നു?? ഒരാൾ വിജാരിച്ചാൽ സത്യങ്ങൾ അസത്യങ്ങളക്കാൻ കഴിയില്ല. സ്വാമിയേ ശരണം അയ്യപ്പ.....

  ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?