Tuesday, December 30, 2014

മഞ്ഞവെയില്‍ മരണങ്ങള്‍


പുസ്തകം : മഞ്ഞവെയില്‍ മരണങ്ങള്‍
രചയിതാവ് : ബെന്യാമിന്‍
പ്രസാധകര്‍ : ഡി.സി.ബുക്സ്
അവലോകനം : വിനോദ്കുമാര്‍ തലശ്ശേരി

ന്നലെ രാത്രി വളരെ വൈകിയാണ്‌, ബെന്യാമിന്റെ പുതിയ പുസ്തകം വായിച്ചുതീര്‍ന്നത്‌. തീര്‍ന്നപ്പോള്‍ വല്ലാതൊരു ശൂന്യത അനുഭവപ്പെട്ടു. വായന തുടങ്ങിയപ്പോള്‍ മുതല്‍ ഉദ്വേഗം നിറഞ്ഞ ആ അന്വേഷണത്തിന്റെ ഭാഗമായിരുന്നല്ലോ ഞാനും. അവസാന വ്യാഴച്ചന്തയില്‍ വെച്ച്‌ നോവലിന്റെ പ്രകാശനത്തിനുശേഷവും ബെന്യാമിന്‍ അന്വേഷണം അവസാനിപ്പിച്ച രീതിയില്‍ തൃപ്തി വരാതെ നിബു സ്വയം നോവലിന്റെ അവസാനം വരെയും ഉത്തരം കിട്ടാത്ത ചോദ്യത്തിനു പിന്നാലെ പോകാന്‍ തയ്യാറാകുന്നുണ്ട്‌. അതുപോലെയല്ലെങ്കിലും നോവലിനെ മനസ്സില്‍ നിന്ന്‌ പറിച്ചെറിയാന്‍ കഴിയാത്തതുപോലെ. രാത്രി ഏറെ നേരം ഉറക്കം വരാതെ കിടന്നു.

ചെറുപ്പത്തില്‍ വായനാശീലത്തിന്റെ തുടക്കത്തില്‍ പുസ്തകം കയ്യിലെടുത്താല്‍ തീര്‍ക്കുന്നതുവരെ ഒരു ലഹരി പോലെ അത്‌ കൂടെയുണ്ടാവുമായിരുന്നു. അതൊക്കെ മിക്കവാറും ദുര്‍ഗ്ഗപ്രസാദ്‌ ഖത്രിയുടേയും മറ്റും ഡിറ്റക്റ്റീവ്‌ നോവലുകളായിരുന്നു. വായന ശീലം മാറുന്നതിനനുസരിച്ച്‌ പുസ്തകം സമയമെടുത്ത്‌ വായിക്കാന്‍ തുടങ്ങി. വായന ഒരു ലഹരി അല്ലാതായി മാറിയപ്പോള്‍ ഒരു പുസ്തകം വായിക്കാന്‍ ദിവസങ്ങളെടുത്തു. വായന എവിടെ നിര്‍ത്തിയാലും പിന്നീട്‌ എന്ത്‌ സംഭവിക്കും എന്നൊരു ആകാംക്ഷ ഇല്ലാതായി. പക്ഷേ 'മഞ്ഞവെയില്‍ മരണങ്ങള്‍' വായനയുടെ ആ ലഹരി ആണ്‌ തിരിച്ചു കൊണ്ടുവന്നത്‌. ഗൌരവമായി വായിക്കേണ്ടുന്ന ഒരു പുസ്തകം, എന്നാല്‍ വായനയുടെ 'ത്രില്‍' അവസാനം വരെ നിലനിര്‍ത്തുന്ന പുസ്തകം.

ബെന്യാമിന്റെ പുതിയ പുസ്തകത്തെക്കുറിച്ച്‌ ബ്ളോഗില്‍ വായിച്ചപ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചിരുന്നു, ആ പുസ്തകം വായിക്കണമെന്ന്‌. ഇത്തവണ നാട്ടില്‍ പോയപ്പോള്‍ അന്വേഷിക്കാന്‍ തുടങ്ങി. കോഴിക്കോട്ടെ ഡി.സി. ബുക്സിലും ഒലീവിലും ഒക്കെ അന്വേഷിച്ചിട്ടും കിട്ടിയില്ല. സ്റ്റോക്ക്‌ തീര്‍ന്നിരുന്നു. ഒടുവില്‍ ഏതൊ ഒരു ചെറിയ കടയില്‍ നിന്ന്‌ കിട്ടി. എന്നെപ്പോലെ ധാരാളം പേരുടെ വായനാശീലം മാറ്റിയ എഴുത്തുകാരനായിരിക്കുന്നു, ബെന്യാമിന്‍ എന്ന്‌ മനസ്സിലാകാന്‍ ഈ അനുഭവം തന്നെ ധാരാളം ആയിരുന്നു.

ഏറെ കാലത്തിനുശേഷം ഒരു നോവല്‍ വായിച്ചത്‌ അദ്ദേഹത്തിന്റെ തന്നെ 'ആടുജീവിതം' ആയിരുന്നു. എവിടെയോ വായിച്ചതോര്‍ക്കുന്നു, മലയാളിയെ വായനയിലേക്ക്‌ തിരിച്ചുകൊണ്ടുവന്ന നോവല്‍ ആയിരുന്നു, അതെന്ന്‌. അങ്ങനെ കേട്ടറിഞ്ഞാണ്‌, അത്‌ തേടിപ്പിടിച്ച്‌ വായിച്ചത്‌. മലയാളിയുടെ മൊത്തം കുത്തക ഏറ്റെടുക്കാന്‍ ആവില്ലയെങ്കിലും എന്റെ വായനയുടെ കാര്യത്തില്‍ അത്‌ തീര്‍ത്തും ശരിയായിരുന്നു. ഞാന്‍ മാത്രമല്ല ഏത്‌ പുസ്തകം കണ്ടാലും ഉറക്കം വരുന്ന എന്റെ ശ്രീമതിയും ആ നോവല്‍ വായിച്ചുതീര്‍ത്തു.

'ആടുജീവിതം' ശ്രദ്ധേയമായത്‌ അതിലെ അനുഭവത്തിന്റെ തീക്ഷ്ണത കൊണ്ടായിരുന്നു. ഗള്‍ഫ്‌ ജീവിതത്തിന്റെ നാം കാണാത്ത, നമ്മുടെ ഭാവനയില്‍ പോലും കടന്നുവരാന്‍ ഒരു സാദ്ധ്യതയില്ലാതിരുന്ന വരണ്ട ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നല്ലോ, ആ നോവല്‍. നജീബും അവന്റെ മരുഭൂമി വാസത്തിനിടയില്‍ കണ്ടുമുട്ടിയ ചില മനുഷ്യജന്‍മങ്ങളും അതില്‍ കൂടുതലായി കുറേ ആടുകളും. ഏറ്റവും വിപരീതമായ അവസ്ഥയില്‍ നിന്നുള്ള നജീബിന്റെ അതിജീവനത്തിന്റെ കഥ, അതായിരുന്നു, ആ നോവല്‍. ആ അനുഭവം പകര്‍ത്താന്‍ ഭാവനയുടെ സഹായം അല്‍പം പോലും ആവശ്യമില്ലായിരുന്നു. സാമാന്യം ഭാഷാ കൈവശമുള്ള ആരുടെ കൈയില്‍ കിട്ടിയാലും ആ നോവല്‍ പിറവി എടുക്കുമായിരുന്നു, എന്നാണ്‌ നോവല്‍ വായിച്ചപ്പോള്‍ തോന്നിയത്‌.അങ്ങനെ ഒരു നോവലെഴുതാന്‍ ആര്‍ക്കും സാധിക്കും എന്ന ഒരു കെറുവ്‌ തോന്നിയില്ലേ എന്നും സംശയം. മലയാളികള്‍ അത്ര പെട്ടെന്ന്‌ ആരേയും അംഗീകരിയ്ക്കില്ലല്ലോ. (അംഗീകാരം നേടിക്കഴിഞ്ഞാല്‍ പിന്നെ ചോദ്യം ചെയ്യപ്പെടാന്‍ ഒരിക്കലും അനുവദിക്കാത്ത വിധം തോളിലേറ്റി നടക്കുകയും ചെയ്യൂം എന്നത്‌ വേറെ കാര്യം ) പെട്ടെന്ന്‌ ഉയര്‍ന്നുവരുന്ന ഒരാളെ വിലയിരുത്താന്‍ ഒരു രണ്ടാം ശ്രമം വരെ കാത്തിരിക്കുക എന്ന്‌ എന്റെ തീവ്രവിശകലന ചാതുര്യം അന്ന്‌ എന്നോട്‌ പറഞ്ഞു.

പക്ഷേ ബെന്യാമിന്‍ എന്റെ കണക്കുകൂട്ടലുകളെയൊക്കെ തെറ്റിച്ചുകളഞ്ഞു. നോവല്‍ രചനയുടെ ക്രാഫ്റ്റിന്റെ കാര്യത്തില്‍ അദ്ദേഹം ഏറെ മുന്നോട്ട്‌ പോയിരിക്കുന്നു, എന്ന്‌ കാണിക്കുന്നതാണ്‌ പുതിയ നോവല്‍. രണ്ട്‌ തലത്തില്‍ വായിക്കേണ്ടുന്ന ഒരു നോവല്‍. ഒന്ന്‌ ബെന്യാമിന്റെ നോവല്‍, മറ്റൊന്ന്‌ നോവലിലെ കഥാപാത്രമായ ക്രിസ്റ്റി അന്ത്രപ്പേറിന്റെ നോവല്‍. ഉള്‍നോവലും പുറം നോവലും രണ്ടും അന്വേഷണങ്ങളാണ്‌.

ഒരു നോവലിസ്റ്റ്‌ ആകാന്‍ ജീവിതം ഉഴിഞ്ഞ്‌ വെച്ച ക്രിസ്റ്റി തന്റെ ആദ്യ നോവലിന്റെ രചനയിലാണ്‌. അതിനിടയില്‍ തന്റെ മുന്നില്‍ വെച്ച്‌ നടക്കുന്ന ഒരു കൊലപാതകത്തിന്റെ വേരുകള്‍ തേടി പോവാന്‍ നിര്‍ബ്ബന്ധിതനാവുകയാണ്‌. സമാന്തരമായി ബെന്യാമിന്‍ തന്റെ 'നെടുമ്പാശ്ശേരി' എന്ന നോവലിന്റെ പണിപ്പുരയിലുമാണ്‌. നോവല്‍ പകുതിയില്‍ നിന്നുപോയപ്പോള്‍ തുടര്‍ന്നുപോകാന്‍ വല്ല തുമ്പും കിട്ടുമോ എന്ന ആലോചനയിലാണ്‌. അപ്പോഴാണ്‌ കുറെ മുമ്പ്‌ തനിക്ക്‌ ആരോ അയച്ചു തന്ന ഒരു കഥയുടെ ആദ്യഭാഗം വായിച്ചുതുടങ്ങുന്നതും ക്രിസ്റ്റിയുടെ കഥയില്‍ എത്തിച്ചേരുന്നതും.

ക്രിസ്റ്റി അന്ത്രപ്പേര്‍ സ്വന്തം നോവല്‍ മറന്ന്‌ മരണത്തിന്റെ പുറകെ പോവുകയാണ്‌. അന്വേഷണം മുന്നോട്ട്‌ പോകുന്നതിനനുസരിച്ച്‌ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാവുന്നു. ക്രിസ്റ്റിയുടെ അന്വേഷണം അവനെ ഒരു തിരിച്ചറിവില്‍ എത്തിക്കുന്നുണ്ട്‌, താന്‍ ജനിച്ച്‌ വളര്‍ന്ന, ചെറിയ ദ്വീപായ ഡീഗൊഗാര്‍ഷ്യ കറുത്ത വന്‍കരയേക്കാള്‍ നിഗൂഡതകള്‍ നിറഞ്ഞതാണെന്ന്‌. തന്റെ നാടിനെക്കുറിച്ച്‌ മാത്രമല്ല, വീടിനെക്കുറിച്ചുപോലും അറിഞ്ഞതില്‍ കൂടുതല്‍ തനിക്കറിയാത്തതാണെന്ന്‌.

ബെന്യാമിന്‍ തന്റെ പാതിയാക്കിയ നോവല്‍ മറന്ന്‌ അയച്ചുകിട്ടിയ കഥയുടെ ബാക്കിഭാഗങ്ങള്‍ അന്വേഷിച്ചുപോകുന്നു. ക്രിസ്റ്റിയുടെ നോവലിന്റെ ബാക്കി ഭാഗം അന്വേഷിച്ചുള്ള ബെന്യാമിന്റെ യാത്രയാകട്ടെ ദ്വീപിലും വന്‍കരയിലുമായി പല തടസ്സങ്ങളും നേരിട്ട്‌ മുന്നോട്ട്‌ പോകുന്നു. അന്വേഷണം പല നിഗൂഡതകളിലെക്കും വെളിച്ചം വീശുന്നുണ്ട്‌. നമ്മുടെ നാടിന്റെ നമ്മളറിയാത്ത പല രഹസ്യങ്ങളും ചുരുളഴിയുന്നുമുണ്ട്‌.

ഈ അന്വേഷണം ഒരു കൂട്ടായ്മയുടെ കൂടി ഫലമാണ്‌. എല്ലാ വ്യാഴാഴ്ചയും നടക്കുന്ന 'ആഴ്ചച്ചന്ത' യില്‍ ആണ്‌ പദ്ധതികള്‍ രൂപം കൊള്ളുന്നത്‌. കൂട്ടത്തിലെ എല്ലാവരും ജീവിച്ചിരിക്കുന്ന മനുഷ്യരാണ്‌. അവരൊക്കെ അന്വേഷണത്തില്‍ പല രീതിയില്‍ സഹകരിക്കുന്നുണ്ട്‌. ആഴ്ചച്ചന്തയില്‍ പതിവുകാരായ അവരൊക്കെ നോവലിലെ കഥാപാത്രങ്ങളായി മാറുന്നു. അതുപോലെ ഇന്റര്‍നെറ്റും ഫേസ്ബുക്കും, ഓര്‍ക്കുട്ടും ഒക്കെ ഇതിലെ കഥാപാത്രങ്ങളാണ്‌.

രണ്ട്‌ അന്വേഷണങ്ങളില്‍ ഏതാണ്‌ കൂടുതല്‍ ഉദ്വേഗജനകമെന്നത്‌ പറയാനാവില്ല. രണ്ടും കൂടി ഉദ്വേഗത്തിന്റെ വാള്‍മുനയിലൂടെ നടത്തിക്കുന്നു, വായനക്കാരനെ. ഈ ഉദ്വേഗം അവസാനം വരെ നിലനില്‍ക്കുന്നു, എന്നുള്ളതാണ്‌ നോവലിന്റെ വിജയവും.. അത്യന്തം സങ്കീര്‍ണമായ സമസ്യയുടെ പൊരുള്‍ തേടി നടത്തുന്ന ഇവരുടെ കൂട്ടായുള്ള അന്വേഷണവും ചര്‍ച്ചകളും തികച്ചും സ്വാഭാവികമാണ്‌. വായനക്കാരന്‍ സ്വയം അറിയാതെ ഈ അന്വേഷണത്തിണ്റ്റെ ഭാഗമായിത്തീരുന്നു. ഈ പുതിയ രീതി മലയാളത്തില്‍ ആരും പരീക്ഷിക്കാത്തതാണെന്ന്‌ തോന്നുന്നു.

കേരളത്തില്‍ പോര്‍ച്ചുഗീസുകാരുടെ വരവ്‌, കല്‍ദായ സഭയുടെ ചരിത്രം, ഉദയംപേരൂറ്‍ എന്ന സ്ഥലത്തിന്റെ ചരിത്രം ഒക്കെ നോവലില്‍ കടന്നുവരുന്നുണ്ട്‌. അതൊക്കെ ക്രിസ്റ്റി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായും ക്രിസ്റ്റിയുടെ കഥയുടെ നേര്‌ തേടി ബെന്യാമിന്‍ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായും നോവലില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നതാണ്‌. അന്യംനിന്നുപോയ ഒരു നാട്ടുരാജാവിന്റെയും ആ രാജ്യത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന അനന്തരാവകാശികളുടെ മങ്ങാത്ത പ്രതീക്ഷയുടെ കൂടിയും കഥയുണ്ട്‌ നോവലില്‍.

രാത്രി ഏറെ വൈകി ഉറങ്ങിയ ശേഷം ബെന്യാമിനോടൊപ്പം ആഴ്ചച്ചന്തയില്‍ ആയിരുന്നു, ഞാനും. ക്രിസ്റ്റിയുടെ അന്വേഷണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ എത്തിനില്‍ക്കുന്ന നാല്‍ക്കവലയില്‍ ഏത്‌ പാത തിരഞ്ഞെടുക്കണമെന്ന ആലോചനയില്‍. മുന്നോട്ടുള്ള യാത്രയില്‍ ഏത്‌ ഗ്രൂപ്‌, ഓര്‍ക്കുട്ടോ, ഫേസ്ബുക്കോ, അതല്ല ക്രിസ്റ്റിയുടെ ജീവിയത്തിലെ നിരവധി ബന്ധങ്ങളില്‍ ഏതെങ്കിലുമോ, ആര്‌ ഒരു സഹായമായെത്തും എന്നറിയാതെ. ഇപ്പോള്‍ അത്‌ എന്റെയും കൂടെ ഒരാവശ്യമാണല്ലോ. കാലത്ത്‌ ഉണര്‍ന്നപ്പോഴാണ്‌ ഓര്‍ത്തത്‌ ക്രിസ്റ്റിയുടെ അന്വേഷണവും ബെന്യാമിന്റെ അന്വേഷണവും അവസാനിച്ചു കഴിഞ്ഞ വിവരം. സത്യം കണ്ടെത്തിയതിന്റെ ആശ്വാസം ഇല്ല എന്നാല്‍ അന്വേഷണത്തിന്റെ 'ത്രില്‍' നഷ്ടപ്പെട്ടതിന്റെ സങ്കടം ഉള്ളില്‍ നിറയുന്നുണ്ട്‌ താനും.

1 comment:

  1. വായനക്കുള്ളീൽ ഒരു ഉൾ നോവലും കൂടി അല്ലേ

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?