Tuesday, February 10, 2015

പൂമുള്ളി ആറാം തമ്പുരാന്‍


പുസ്തകം : പൂമുള്ളി ആറാം തമ്പുരാന്‍
എഡിറ്റര്‍: വി കെ ശ്രീരാമന്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്, കോഴിക്കോട്.
അവലോകനം : ബുക്ക് മലയാളംര്‍മ്മകള്‍ക്ക് ചില ദൗത്യങ്ങളുണ്ട്. അത് കാലത്തെ മുന്നോട്ടുനയിക്കുന്നതിനാവശ്യമായ ഊര്‍ജ്ജം സംഭരിച്ചുവയ്ക്കലാണ്. ഓര്‍മ്മകള്‍ അവസാനിക്കുമ്പോള്‍ കാലം നിശ്ചലമാകും. ചാരുകസേരയില്‍ ചലനമറ്റ്, കാഴ്ചയുടെ വെളിച്ചമണഞ്ഞ് മരണത്തിനും ജീവിതത്തിനും വേണ്ടാതെ ശൂന്യമായി കിടക്കുന്ന വര്‍ത്തമാനകാലം നമുക്ക് സങ്കല്‍പ്പിക്കാനാവില്ല. സമൂഹത്തിന്റെ ഞരമ്പിലൂടെ ഓര്‍മ്മകളുടെ പ്രവാഹമുണ്ടാകുമ്പോഴാണ് കാലം സചേതനമാകുന്നത്. ഭാവിയിലേക്ക് ആഞ്ഞുനില്‍ക്കുന്ന വര്‍ത്തമാനകാലത്തിന്റെ ജൈവചേതനയെ നിര്‍ണ്ണയിക്കുന്നതും നിലനിര്‍ത്തുന്നതും ഓര്‍മ്മകളാണ്. ഒരുവ്യക്തി ജീവിച്ചു കടന്നുപോയ കാലത്തെക്കുറിച്ച്, അയാള്‍ ഇവിടെ അവശേഷിപ്പിച്ചുപോയ അനുഭവങ്ങളെക്കുറിച്ച് ഒരുപാടുപേര്‍ ഓര്‍മ്മിക്കുകയാണിവിടെ. അറിവിന്റെ തമ്പുരാന്‍ എന്ന പേരില്‍ പ്രസിദ്ധനായ പൂമുള്ളി മനയ്ക്കല്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ ജീവിതവഴികളിലൂടെ അനവധി വ്യക്തികള്‍ നടത്തുന്ന സ്മൃതിസഞ്ചാരമാണ് പൂമുള്ളി ആറാം തമ്പുരാന്‍ എന്ന ഗ്രന്ഥം. വി കെ ശ്രീരാമന്‍ സമാഹരിച്ചവതരിപ്പിക്കുന്ന ഓര്‍മ്മപ്പുസ്തകം. പൂമുള്ളി മനയ്ക്കല്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, 1921 മെയ് മൂന്നിന് ജനിച്ചു. 1996 നവംബര്‍ എട്ടിന് അന്തരിച്ചു. ഇത്രയും ചുരുക്കി എഴുതാമായിരുന്ന ഒരു ജീവിതത്തിന് ഇത്രയേറെ വ്യാപ്തി കൈവരുന്നത് ഓര്‍മ്മകള്‍ സമൂഹത്തിന്റെ തുടര്‍ച്ചയ്ക്ക് അനിവാര്യമായതുകൊണ്ടുകൂടിയാണ്.

അസാധാരണമായ ഒരുതരം ചരിത്ര രചനയാണ് ഈ ഗ്രന്ഥം. ഭൂതകാലത്തെക്കുറിച്ച് വസ്തുതാപരമായ വിശകലനത്തിനാണ് ചരിത്രം ശ്രമിക്കുന്നതെങ്കിð ഓര്‍മ്മകള്‍, അവയുടെ പിശകുകളോടെ ചരിത്രത്തിനുനേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്യുന്നത്. മറ്റൊരര്‍ത്ഥത്തില്‍ ചരിത്രത്തെ പ്രശ്‌നഭരിതമാക്കുന്ന നിരവധി ചോദ്യങ്ങളിലൂടെയാണ് സ്മരണകള്‍ കടന്നുപോകുന്നത്. ഓര്‍മ്മകള്‍ ചിലപ്പോഴെങ്കിലും വ്യവസ്ഥാപിത ചരിത്രത്തിന് പകരം നില്‍ക്ക്ന്നത് അങ്ങനെയാണ്. തൊള്ളായിരത്തി ഇരുപതുകളുടെ ആദ്യ പാദത്തില്‍ ആരംഭിച്ച് തൊണ്ണൂറുകളുടെ മധ്യത്തില്‍ അവസാനിക്കുന്ന ജീവിതകാലത്തിനിടയ്ക്ക് ഒരു മനുഷ്യന്‍ കടന്നുപോയ അതിബൃഹത്തായ അറിവിന്റെ, അനുഭവങ്ങളുടെ അടരുകളിലേക്കാണ് ഓരോ ഓരോ കുറിപ്പുകളും കടന്നുചെല്ലുത്. ഒരാള്‍ക്ക് ബഹുമാന്യനായ ഭര്‍ത്താവായിരിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് ആദരണീയനായ പിതാവായിരുന്നു. ചിലര്‍ക്ക് ഗുരുവും, ചിലര്‍ക്ക് സഹപ്രവര്‍ത്തകനും, ചിലപ്പോള്‍ ചങ്ങാതിയും, വൈദ്യനും ദാര്‍ശനികനും; അങ്ങനെ ജീവിതാശ്രമങ്ങളുടെ അതിര്‍ത്തികള്‍ ഭേദിച്ച അപൂര്‍വ്വ വ്യക്തികളില്‍ ഒരാളായിരുന്നു പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാട്. പ്രാഥമിക വിദ്യാഭ്യാസം നേടിയതിനുശേഷം ഗുരുകുല സമ്പ്രദായത്തില്‍ സംസ്‌കൃതസാഹിത്യം, വേദം, തര്‍ക്കം, മീമാംസ, സാംഖ്യം, ആയുര്‍വ്വേദം, വേദാന്ത ശാസ്ത്രം എന്നിവയില്‍ð അഗാധമായ അറിവുനേടിയ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന് വൈജ്ഞാനിക വിഷയങ്ങള്‍ക്ക് പുറത്ത് നായാട്ട്, കാളപൂട്ട്, മൃഗപരിപാലനം, കൃഷി, ആയോധന കലകള്‍, കായികാഭ്യാസങ്ങള്‍ എന്നിവയിലും പ്രാവീണ്യമുണ്ടായിരുന്നു. ഒരൊറ്റ ജീവിതംകൊണ്ട് ഒരാള്‍ക്ക് ചെന്നെത്താവുന്നó അനന്തമായ ജീവിതാവസ്ഥകളാണ് ആറാം തമ്പുരാന്റെ ജീവിതം കാട്ടിത്തരുന്നത്. പരിധികളും പരിമിതികളുമില്ലാത്ത ജീവിതം.

പൂമുള്ളി നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ സംഭവബഹുലമായ ജീവിതത്തെ പലകോണില്‍ നിന്നുകൊണ്ട് എഴുതാനുള്ള ശ്രമങ്ങളാണ് ഈ പുസ്തകം. കേവലമായ ഓര്‍മ്മക്കുറിപ്പുകള്‍ മുതല്‍ വ്യാഖ്യാനങ്ങളിലേക്കും വിശകലനങ്ങളിലേക്കും നീങ്ങുന്ന ആഴത്തിലുള്ള പഠനങ്ങള്‍വരെ ഉള്‍ക്കൊള്ളുന്നതാണ് ഈ ഗ്രന്ഥം. (പേജ്: 416 വില: 300)

ചരിത്ര രചനയ്ക്ക് വഴങ്ങാത്ത അനുഭവങ്ങളുടെ അടരുകളിലേയ്ക്കാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍ പ്രവേശിക്കുന്നത്. ഓര്‍മ്മകള്‍ ചരിത്രമല്ല. എന്നാല്‍ ചരിത്രത്തിലേക്കുള്ള വികാരഭരിതമായ വഴിതുറക്കലാണത്. ചരിത്രമെഴുത്തിന്റെ വികാരരഹിതമായ വസ്തുസ്ഥിതി വിവരങ്ങളെ വികാരഭരിതമാക്കുകയാണ് ഓര്‍മ്മകള്‍. ഒരു വ്യക്തി സമൂഹത്തില്‍ അവശേഷിപ്പിച്ചുപോയ അനുഭവങ്ങളുടെ ഭൂഖണ്ഡങ്ങളിലേക്ക് അനവധി വ്യക്തികള്‍ നടത്തുന്ന യാത്രകളിലൂടെ അനന്തമായ ജീവിതമാണ് നമുക്ക് വെളിപ്പെട്ടു കിട്ടുന്നത്. ജനിച്ചു- മരിച്ചു എന്നതിനു പുറത്താണ് 'ജീവിച്ചു' എന്നതിന്റെ സ്ഥാനം. ജനനത്തിന്റെ അവസാനം മാത്രമാണ് മരണം. ജീവിതത്തിന്റെ അവസാനമല്ല. ജീവിതത്തിന് അവസാനമില്ല. അന്തമില്ലാത്ത തുടര്‍ച്ചയാണത്. വ്യക്തിയുടെ സ്മരണകള്‍ അതുകൊണ്ടുതന്നെ അത്രമേല്‍ വികാരഭരിതവും ചരിത്രപരവുമാണ്. പഴമയെ വര്‍ത്തമാനപ്പെടുത്തുന്നതിലൂടെയാണ് ഓര്‍മ്മകള്‍ എല്ലാകാലത്തേക്കുമായി അതിന്റെ നിര്‍വഹണം സാധ്യമാക്കുന്നത്.

5 comments:

 1. പഴമയെ വർത്തമാനപ്പെടുത്തുന്ന ഒരു നല്ല പുസ്തകം...

  ReplyDelete
 2. ഈ പുസ്തകവിചാരം നല്ല ഒരു സംരഭം തന്നെ. ഇതുപോലുള്ള അപൂർവ വ്യക്തികളെപ്പറ്റി അറിയാനുള്ള അവസരം.

  ReplyDelete
 3. ഈ ലൈബ്രറിയില് ഞാനും അംഗത്വമെടുക്കുന്നു...
  കീപ് മൂവ്..

  ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?