Tuesday, February 17, 2015

മലബാര്‍: ദേശിയതയുടെ ഇട-പാടുകള്‍


പുസ്തകം : മലബാര്‍: ദേശിയതയുടെ ഇട-പാടുകള്‍
രചയിതാവ് : എം.ടി.അന്‍സാരി

പ്രസാധകര്‍ : ഡി.സി ബുക്സ്

അവലോകനം : ലാസര്‍ ഡിസല്‍‌വപൂര്‍വശിക്ഷിതവും വ്യക്ത്യാധിഷ്ടിതവും ആയ വിശ്വാസങ്ങളിലേക്കോ നിഗമനങ്ങളിലേക്കോ, ലഭ്യമായ ചരിത്രപാഠങ്ങളെ തെളിയിച്ചുകൊണ്ട്‌ പോകുന്നത് ആശാസ്യമായ വിശകലന രീതിയല്ല. ഏകാമാനതയുള്ള വര്‍ത്തമാനം ഇല്ലാത്തത് പോലെ തന്നെ ചരിത്രത്തിനും ജൈവമായ വൈവിധ്യങ്ങളുടെ ക്രമരാഹിത്യം ഉണ്ട്. ക്രമരഹിത പാഠങ്ങളുടെ ഉള്ളില്‍ നിന്ന് നടത്തുന്നു സമകാലികമായ ഏത് വിശകലനവും, എത്ര ആധുനികമായ ഉപകരണങ്ങള്‍ ഉപയോഗിച്ചായാലും, എത്തിച്ചേരുക കൂടുതല്‍ വൈവിധ്യമുള്ള വെളിപാടുകളിലേക്കാവും. മറിച്ചായാല്‍ - തീര്‍പ്പുകള്‍, സര്‍ഗാത്മകമായ ഒന്നിന്റെയും ഭൂമികയാവില്ല. എം. ടി. അന്‍സാരിയുടെ 'മലബാര്‍: ദേശിയതയുടെ ഇട-പാടുകള്‍: ചരിത്ര സാഹിത്യ പാഠങ്ങള്‍' എന്ന പുസ്തകം അത്തരം ഒരു പരാധീനത അടിമുടി പേറുന്നു.

ശീര്‍ഷകം പുസ്തകത്തിന്റെ ആശയത്തെ കൃത്യമായി സംപ്രേക്ഷണം ചെയ്യുന്നില്ല എന്ന പ്രാഥമികതയ്ക്കപ്പുറം, ലേഖകന്റെ തന്നെ വിശകലനരീതിയനുസരിച്ച്, ശുഭകരമല്ലാത്ത ഒരു പ്രതിനിധാനം ഉള്‍പ്പേറുകയും ചെയ്യുന്നു. മലബാറിലെ മുസ്ലീംസമൂഹം എങ്ങിനെ കൊളോണിയല്‍, ദേശീയ ചരിത്ര രചനകളില്‍ 'മതഭ്രാന്തി'നെ സ്വയമേ ഉള്‍ക്കൊള്ളുന്ന ഒരു ഏകകമായിത്തീരുന്നു എന്നാണ് പുസ്തകത്തിന്റെ അന്വേഷണം. മലബാര്‍ ദേശനിര്‍മ്മിതിയിലെ ഇടപാടുകളും ഇടപെടലുകളും മാപ്പിളലഹളകളിലും ഇസ്ലാമിന്റെ 'മതഭ്രാന്തി'ലും മാത്രം ക്രമപ്പെട്ടുനില്‍ക്കുന്ന ഒന്നല്ല. എന്നാല്‍ അതില്‍ മാത്രം ഒതുങ്ങി നിന്നുകൊണ്ടുള്ള പഠനം നടത്തുമ്പോള്‍ ഈ ശീര്‍ഷകം തെറ്റിധാരണാജനകമായി മാറുന്നു. അതിനപ്പുറം എം. ടി. അന്‍സാരി എന്ന മുസ്ലിം നാമധാരി മലബാറിനെ കുറിച്ചെഴുതുമ്പോള്‍ അത് മാപ്പിള ലഹളയെ കുറിച്ചാവണമല്ലോ എന്ന പൂര്‍വകല്‍പ്പിത ധാരണകളിലേക്ക് എത്തികൊള്ളണം അനുവാചകന്‍ എന്ന പ്രതിനിധാനത്തിന്റെ രാഷ്ട്രീയം എഴുത്തുകാരന്റെ ചൊല്പ്പടിക്കപ്പുറം സഞ്ചരിക്കുന്ന അന്തര്‍ലീനമായ ധാരകളെ പുറത്തേക്ക് എടുത്തിടും. 'ഹിഗ്വിറ്റ'യില്‍ തുടങ്ങി മുസ്ലീം കഥാപാത്രങ്ങള്‍ പതിതമായി പ്രതിനിധീകരിക്കപ്പെടുന്നു എന്ന് ലേഖകന് തോന്നുന്ന രചനകള്‍ കണ്ടത്തി അവതരിപ്പിക്കുമ്പോള്‍ സംഭവിക്കുന്നതും അതുപോലൊരു അനുവാചക സ്വാതന്ത്ര്യം മാത്രമാണ്. 'ഹിഗ്വിറ്റ'യെ ഒരു സാഹിത്യസൃഷ്ടി എന്ന അസ്തിത്വത്തില്‍ അതിന്റെ സങ്കീര്‍ണമായ പാഠത്തിലേക്ക് പ്രതിനിധാനത്തിന്റെ രാഷ്ട്രീയാന്വേഷണം നടത്തിയത് നിരൂപണത്തിന്റെ സാധ്യമായ മറ്റൊരു സര്‍ഗാത്മക വഴിയായി, അത് വേറിട്ട്‌ പ്രസിദ്ധീകരിക്കപെട്ട കാലത്ത്, മനസ്സിലാക്കാന്‍ ആവുമായിരുന്നു. എന്നാല്‍ ഇവിടെ പൂര്‍വ്വശിക്ഷിതമായ ഒരു പൊതുഹേതുവിലേക്ക് അതിനെക്കൂടി വിളക്കിചേര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അര്‍ത്ഥവ്യതിയാനം സംഭവിക്കുന്നു. അത് ക്രിയാത്മകമായ ഒന്നും സംഭാവന ചെയ്യുന്നില്ല, എഴുത്തുകാരന്റെ പൂര്‍വകല്പിതമായ കാമനകളെ സംതൃപ്തിപ്പെടുത്തുന്നു എന്നതിനപ്പുറം.

'മലബാര്‍ മാന്വല്‍' തുടങ്ങി ഇങ്ങോട്ടുള്ള പല ചരിത്ര പുസ്തകങ്ങളില്‍ നിന്നും ലേഖകന്‍ ഉദ്ധരണികള്‍ ചേര്‍ത്തിട്ടുണ്ട്. "വിവരങ്ങള്‍ സംഭരിച്ചു അവയെ പെട്ടെന്ന് തന്നെ അടിസ്ഥാനവിവരങ്ങള്‍ (data ) ആക്കി ക്രമീകരിക്കുക വഴി കോളനിവത്കരണത്തിന്റെ / ആധുനികീകരണത്തിന്റെ പ്രക്രിയകള്‍ക്ക് ഉപയോഗിക്കാനുതകുന്ന ഒരു ഭൂതകാലം നിര്‍മ്മിക്കുക" എന്നത് ആശാസ്യമായ ഒരു ചരിത്രരചനാരീതിയല്ല എന്ന് ലോഗനെ പരാമര്‍ശിച്ചുകൊണ്ട് പുസ്തകത്തിന്റെ തുടക്ക ഭാഗത്ത് തന്നെ കാണുന്നുണ്ട്. ഇപ്പറഞ്ഞതിലെ അശാസ്യത തുലോം ആപേക്ഷികം മാത്രമാണ്. ഏറ്റവും കൂടുതല്‍ ഡാറ്റ ഉള്‍പ്പേറുന്ന ചരിത്രം പില്‍ക്കാല പഠനങ്ങള്‍ക്ക് ഒരു ഖനിയാണ് ('മലബാര്‍ മാന്വലി'ന്റെ നിരന്തര പുനര്‍വായനകള്‍ തന്നെ ഉദാഹരണം). ക്രമപ്പെടുത്തിയ അടിസ്ഥാനവിവരങ്ങള്‍ സുതാര്യതയുടെയും ആധികാരികതയുടെയും പ്രതിഫലനമായും വായിക്കപ്പെടാം. ഏതോ സാമൂഹിക അവസ്ഥയില്‍, പ്രത്യശാസ്ത്ര നിലപാടില്‍, ജനിതക ഗുണദോഷങ്ങളില്‍ ഒക്കെ ഊന്നിനിന്നാണ് എല്ലാ ചരിത്രരചനയും നിര്‍വഹിക്കപെടുന്നത് എന്നത് പുതിയ മനസ്സിലാക്കലൊന്നും അല്ല. എന്നാല്‍, ഈ പുസ്തകത്തില്‍ മാത്രമല്ല, ഇന്നു പൊതുവെ വിശകലനങ്ങള്‍ ഇത്തരം കാലികമായ അനിവാര്യതകളെ പാഠത്തിനുള്ളില്‍ നിന്നും നോക്കി കാണുന്നതിനു പകരം, അവരവരുടെ ആശയനിലപാടുകളുടെ പ്രകാശനഭൂമികയിലേക്ക് വക്രീകരിച്ചു ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ലോഗന്‍ കോളനിവത്കരണത്തിന് സഹായകരമാകാന്‍ തന്റെ ചരിത്രരചനയില്‍ ഡാറ്റാ സ്വരൂപിച്ചുവച്ചു എന്ന് പുസ്തകകാരന്‍ ആരോപിക്കുമ്പോള്‍, അതേ വിവരങ്ങള്‍ തന്റെ 'മതഭ്രാന്ത്' ആശയങ്ങള്‍ക്ക് ഉപോല്‍ബലമേകാന്‍ എടുത്തുപയോഗിക്കാനാവും വിധം ലഭ്യമായിരിക്കുന്നു എന്നതും മറന്നുകൂടാ. ചരിത്രരചനകളെ പില്‍ക്കാലത്ത് ചലനാത്മകമാക്കുന്നത് അത് ഉപയോഗിക്കുന്നതിന്റെ ആശയാന്തരങ്ങളാണ്.

'മതഭ്രാന്ത്‌' എന്ന സംവര്‍ഗം മാപ്പിള ലഹളയെ മുന്‍നിര്‍ത്തി, കൊളോണിയല്‍/ദേശിയ പാഠങ്ങളില്‍ സമൂഹത്തിന്റെ മനോഘടനയെ രൂപപ്പെടുത്തിയത് എങ്ങിനെ എന്ന അന്വേഷണമായി അവതരിപ്പിക്കുന്ന ആശയം പക്ഷെ പ്രച്ഛന്നം മാത്രമാണ്. മാപ്പിളലഹളയിലേക്കു നയിച്ചിരിക്കാവുന്ന സാമൂഹികസാഹചര്യങ്ങളില്‍ മതത്തിന് പങ്കുണ്ടായിരുന്നില്ല എന്നും ഭൂപ്രഭുക്കളുടെയും കൊളോണിയല്‍ ഭരണത്തിന്റെയും ചൂഷണത്തിനോടുള്ള പ്രതിപ്രവര്‍ത്തനം ആയിരുന്നു അതെന്നും സ്ഥാപിക്കാനുള്ള നേര്‍രേഖയിലുള്ള ശ്രമംമാത്രമേ ഭാഷാരൂപങ്ങളുടെ തിരശ്ശീല വകഞ്ഞാല്‍ കാണാനുള്ളൂ. ലോഗനെ കുറിച്ച് പുസ്തകകാരന്‍ ഇങ്ങിനെ എഴുതുന്നു: "സംവേദനക്ഷമത കുറഞ്ഞ മറ്റു വിശകലനങ്ങളില്‍ നിന്നും വത്യസ്തമായി ലോഗന്‍ മാപ്പിളമാര്‍ കലാപത്തിനൊരുങ്ങുവാന്‍ കാരണം സാമ്പത്തികവും സാംസ്കാരികവുമായ അടിച്ചമര്‍ത്തലാണെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും ചെറുകിട കര്‍ഷക-'കീഴാളനെ' മനസ്സിലാക്കുന്നതിനു ആത്യന്തികമായി അദ്ദേഹവും ഉപയോഗിക്കുന്നത് മതഭ്രാന്തിന്റെ ചട്ടകൂടാണ്". ലഹളയില്‍ പലതരത്തില്‍ ഭാഗഭാക്കായ കെ. മാധവന്‍നായരെ പുസ്തകകാരന്‍ ഒരിടത്ത് ഉദ്ധരിക്കുന്നത് ഇങ്ങിനെയാണ്‌: "അപ്പപ്പോള്‍ ഉണ്ടാകുന്ന ലഹളകള്‍ ഒതുക്കുവാന്‍ ചെലവാകുന്ന പണത്തിന്റെ ഒരംശം വിദ്യാഭാസവിഷയത്തില്‍ ഉപയോഗിച്ചിട്ടുണ്ടായിരുന്നുവെങ്കില്‍ ഏറനാട്ടില്‍ മാപ്പിളലഹലയെന്നത് വളരെ മുന്‍പ് തന്നെ അസ്തപ്രായമാകുമായിരുന്നു". കൊളോണിയല്‍ ഭാഷ്യമായ ഹിച്ച്കോക്കിന്റെ ഔദ്യോഗിക രേഖകളില്‍ നിന്നും എടുത്തെഴുതുന്നത് ഇങ്ങിനെ: "മൂന്ന് തവണ കാര്യങ്ങള്‍ കലങ്ങി തെളിയും എന്ന അവസ്ഥ ഉണ്ടായതാണ്. അപ്പോഴേക്കും ജില്ലയ്ക്കു പുറത്ത് നടന്ന, ജില്ലാ അധികാരികള്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത കാര്യങ്ങള്‍ ആണ് ആ പ്രതീക്ഷ തകിടം മറിച്ചത് - 1921 ഫെബ്രുവരിയില്‍ നാഗ്പ്പൂര്‍ സമ്മേളനവും അതിന് ശേഷമുള്ള യാക്കൂബ് ഹസ്സന്റെ കോഴിക്കോട് സന്ദര്‍ശനവും, 1921 ഏപ്രിലില്‍ മുഹമ്മദ്‌ അലി മദ്രാസില്‍ നടത്തിയ പ്രസംഗവും, 1921 ജൂലൈ അവസാനം കറാച്ചിയില്‍ നടന്ന ഖിലാഫത്ത് സമ്മേളനത്തിന്റെ തീരുമാനങ്ങളും. അവസാനത്തെ രണ്ടും മലയാളത്തില്‍ അച്ചടിച്ച്‌ പ്രചരിപ്പിച്ചിരുന്നു. മറ്റു യാതൊരു സംഘാടനവും ഉണ്ടായിരുന്നില്ല. 1921 ആഗസ്തോടെ ഈ ഫലങ്ങള്‍ ഉണ്ടാവുക അനിവാര്യമായി തീര്‍ന്നിരുന്നു". എം. ബി. നമ്പൂതിരിപ്പാടിന്റെ കുറിപ്പ് ഇത്തരത്തിലാണ്: "സാമുദായിക വഴക്കുകളല്ല ഈ ലഹളയുടെ മൂലകാരണം. രാഷ്ട്രീയ മര്‍ദനത്തില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. .... ഈ ലഹള സ്വാതന്ത്ര്യസമരത്തിന്റെ ഒരു ഭാഗം മാത്രമാണ് " എന്നാല്‍ ഒരു ഘട്ടത്തില്‍ മതവികാരം ഇളക്കി വിടപ്പെട്ടതാണ് സമരം കൈവിട്ട് പോകാനുള്ള കാരണമെന്ന് അദ്ദേഹവും നിരീക്ഷിക്കുന്നു. 1921 - ലെ കലാപം വര്‍ഗ്ഗീയലഹള അല്ല എന്നു തന്നെ പറയുന്ന ഇ. എം. എസ്‌ പക്ഷെ ഇങ്ങിനെയും എഴുതുന്നുണ്ട്; "ഉറച്ച മതവിശ്വാസികളും തീരെ വിദ്യാഭ്യാസം ഇല്ലാത്തവരും സുസഘടിതരുമായ മാപ്ല സമുദായത്തില്‍ കാഫിറുകളെ കൊല്ലുകയോ മതംമാറ്റുകയോ ചെയ്‌താല്‍ തങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി കൂടുതല്‍ സുഗമമാവും എന്ന വിശ്വാസം തലയിലുറപ്പിച്ച കുറച്ച് മതഭ്രാന്തന്മാര്‍ ഉണ്ടാകാനിടയുണ്ട്". കെ. എന്‍. പണിക്കര്‍ 'കുറച്ചുകൂടി സങ്കീര്‍ണമായ ചിത്രം' അവതരിപ്പിക്കുന്നത്‌ ഇങ്ങിനെ: "മതത്തിന്റെ മധ്യവര്‍ത്തിത്വം ഒരു ഇരട്ടപങ്കാണ് നിര്‍വത്തിയത്. ഒരു വശത്ത്‌ അത് കര്‍ഷകരെ അടിച്ചമര്‍ത്തലിനെതിരെ പോരാടുവാന്‍ സഹായിച്ചു. മറുവശത്താകട്ടെ, പരലോകത്തിന്റെ ആനന്ദങ്ങളിലേക്ക് അവരുടെ കാഴ്ചപ്പാടിനെ പരിമിതിപ്പെടുത്തികൊണ്ട് അവരുടെ സാദ്ധ്യതകളെ നിരാകരിച്ചു. മാപ്പിളകര്‍ഷകരെ സംബന്ധിച്ചിടത്തോളം മതം ഒരേ സമയം പ്രവര്‍ത്തനത്തിനുള്ള പ്രത്യയശാസ്ത്രവും ഒരു മയക്കുമരുന്നും ആയിരുന്നു"

ഇത്തരം കുറിപ്പുകള്‍ സംശയലേശമന്യേ വെളിവാക്കുന്നത് മാപ്പിളലഹളയില്‍ മതം മൂലകാരണം ആയിരുന്നില്ല എന്നുതന്നെയാണ്. തൊഴിലാളികള്‍ അനുഭവിച്ചിരുന്ന ചൂഷണം, സാമ്പത്തികമായ പിന്നോക്കാവസ്ഥ, വിദ്യാഭ്യാസം ഇല്ലായ്മ, ഖിലാഫത്ത് ഉള്‍പ്പെടെയുള്ള ദേശിയപ്രസ്ഥാനങ്ങള്‍ ഉളവാക്കിയ ചലനാത്മകത - സങ്കീര്‍ണമായ സാഹചര്യങ്ങള്‍ ഒരുപാടുണ്ടായിരുന്നു ഒരു ലഹളയിലേക്കു നീങ്ങാന്‍. എന്നാല്‍ ഒടുവില്‍, ഒരു മതസമൂഹം ഏറ്റെടുത്ത ലഹളയായി അത് മാറാന്‍ ഉണ്ടായ കാരണങ്ങളില്‍ മതാത്മകത പങ്കുവഹിച്ചു എന്ന്, പുസ്തകകാരന്‍ ഉദ്ധരിക്കുന്ന ആധുനികരല്ലാത്തവരും ആധുനികരുമായ എല്ലാ ചരിത്രകാരന്മാരും കണ്ടെത്തുന്നുണ്ട്. ലഹളയില്‍ പങ്കെടുത്തവരുടെ മതാവബോധം ഇത്തരം ഒരു ഏകാമാനതയിലേക്ക് അവരെ ഒട്ടുമേ നയിച്ചിട്ടില്ലെന്നും, ഇസ്ലാമിന് നേരെയുള്ള, ഇസ്ലാം ഇതരമായ ഇടങ്ങളില്‍ മുന്‍പേതന്നെ നിലനില്‍ക്കുന്ന ഒരു മുന്‍ധാരണയുടെ പ്രതിഫലനം മാത്രമാണ് ഇത്തരം എഴുത്തുകളില്‍ കാണുന്നത് എന്നും തെളിയിക്കാന്‍ 'ഇന്ദുലേഖ'യില്‍ നിന്നും ഷിയര്‍ അലിഖാന്‍ കഥയുടെ സംപ്ക്ഷിപ്ത വിവരണം നല്‍കിയാല്‍ മതിയാവില്ല. മാപ്പിളലഹളയുടെ ചരിത്രതാളുകളിലല്ല അതിന്റെ അന്വേഷണം നടക്കേണ്ടതും. അതിന് മുന്‍പും അതിന് ഉപരിയായും അന്വേഷണം ആവശ്യപ്പെടുന്ന സങ്കീര്‍ണ്ണതലങ്ങള്‍ അതിനുണ്ട്. ഏകപക്ഷികമായ പ്രസ്താവങ്ങള്‍ക്കപ്പുറം അത്തരം അതീത വിശകലനങ്ങളൊന്നും ഇവിടെ പങ്കുവയ്ക്കുപ്പെടുന്നില്ല.

ഇരയോടുള്ള അനുഭാവം എന്ന നിലയ്ക്ക് ഇസ്ലാമിനോട് ഇന്ന് നമ്മുടെ ബൌധികലോകം അനുതാപപൂര്‍ണ്ണമായ ചായ്‌വ് കാണിക്കുന്നത് ഈ പുസ്തകവും ക്രമാതീതമായി പ്രകാശിപ്പിക്കും. സെക്യുലറായിരിക്കുക എന്ന നിലയ്ക്കുള്ള സ്യൂഡോബോധം കൂടി ഇത്തരം രചനകളില്‍ കണ്ടുവരും. ഒരു മതത്തിന് സെക്യുലര്‍ രാഷ്ട്രത്തില്‍ ലഭിക്കേണ്ട അര്‍ഹമായ പ്രാതിനിധ്യം നമ്മുടെ ദേശീയതയുടെ എല്ലാ ധാരകളും അനര്‍ഹമാക്കി തീര്‍ക്കുകയോ വികലമാക്കുകയോ ചെയ്തു എന്നാണല്ലോ ഈ പുസ്തകം ചര്‍വിതചര്‍വ്വണം ചെയ്യുക. അത്തരത്തില്‍ പാര്‍ശ്വവല്ക്കരിക്കപെട്ട ഒരു സമുദായത്തിനോടുള്ള ചായ്‌വ് സെക്യുലര്‍ തന്നെ എന്നാണത്. ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്നാണ്‌ സെക്യുലര്‍ എന്ന അവസ്ഥ ഏറെക്കൂറെ മൂര്‍ത്തമായ രാഷ്ട്രീയതലങ്ങള്‍ അന്വേഷിക്കുന്നത്. യൂറോപ്പില്‍ അത് മതാതീതം എന്ന് തന്നെയായിരുന്നു - എല്ലാ മതങ്ങള്‍ക്കും ഒരുപോലെ എന്നായിരുന്നില്ല. ഇന്ത്യന്‍ ഭരണഘടന ഉള്‍പ്പെടെ തെറ്റായി വ്യാഖാനിച്ചു എന്നതുകൊണ്ട്, കക്ഷിരാഷ്ട്രീയത്തിന് പുറത്ത് ധൈഷണിക അന്വേഷണങ്ങള്‍ നടത്തുന്നവരെങ്കിലും മതങ്ങള്‍ക്ക് സമാസമം പങ്കുവയ്ക്കുന്നതിനുള്ള ലൈസന്‍സല്ല സെക്ക്യുലറിസമെന്ന് ആര്‍ജവത്തോടെ മനസ്സിലാക്കാതെ പോകേണ്ടതില്ല. മതാത്മകതയില്‍ ഊന്നിനിന്നുള്ള ഏത് സാമൂഹിക അന്വേഷണവും, മതസമൂഹങ്ങളെ കൂടുതല്‍ ഒറ്റപ്പെടുത്തലുകളിലേക്കും വിഭവനഷ്ടങ്ങളിലേക്കും കൊണ്ടുപോകും. അതിനുമപ്പുറം മൌലീകവാദസരണികള്‍ക്ക് ധൈഷണികപിന്‍ബലം നല്‍കുകയും ചെയ്യും.

1 comment:

  1. മാപ്പിള ലഹളയുടെ മൂല കാരണം മതം മാത്രമായിരുന്നില്ല

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?