Sunday, June 5, 2011

രണ്ടാമൂഴം

പുസ്തകം : രണ്ടാമൂഴം
രചയിതാവ് : എം.ടി.വാസുദേവന്‍ നായര്‍
പ്രസാധനം :കറന്റ് ബുക്സ്
അവലോകനം : ഇന്ദ്രസേന




ഹാഭാരതത്തിലെ അത്ര തിളക്കമുള്ള കഥാപാത്രങ്ങളില്‍ ഒന്നല്ല ഭീമന്‍. പാണ്ഡവരില്‍ രണ്ടാമന്‍. ധര്‍മ ചിന്തയുമായി യുധിഷ്ഠിരന്‍, തിളങ്ങുന്ന വില്ലുമായി അര്‍ജുനന്‍, വില്ലനില്‍ വില്ലനായ സുയോധനന്‍, ചാതുരിയും മിഴിവുമായി കൃഷ്ണന്‍, പിന്നെ സൗന്ദര്യവും ശോഭയുമായി ദ്രൗപദിയും. അവര്‍ എല്ലാം അരങ്ങു അടക്കി വാഴുമ്പോള്‍ പിറകില്‍ ആക്കപ്പെട്ട ഭീമന്റെ കണ്ണീരാണ് ഈ കഥ.

മഹായാനത്തില്‍ പിറകില്‍ മരിച്ചു കൊണ്ടിരിക്കുന്ന സ്വന്തം ജനതയെയും രാജ്യത്തെയും വിട്ടു മുന്നോട്ടു നീങ്ങുന്ന പാണ്ഢവർ. അവര്‍ മുന്നോട്ട് നീങ്ങുമ്പോള്‍ ആദ്യം പാഞ്ചാലിയാണ് തളര്‍ന്നു വീഴുന്നത്. അറിയാതെ ഭീമന്‍ അവളുടെ അടുത്തേക്ക് ചെല്ലുകയാണ്. ചുരുളഴിയുന്നത് മനോഹരമായ ഒരു നിശബ്ദ പ്രണയ കഥ കൂടിയാണ്.

പാണ്ഡവരില്‍ ഭീമന് മാത്രമാണ് പഞ്ചാലിയോടു ഇത്രയേറെ പ്രണയം ഉണ്ടായിരുന്നുള്ളൂ താനും. എന്നിട്ടും മൂപ്പ് മുറ അനുസരിച്ച് അവന്റെ ഊഴം രണ്ടാമത് മാത്രം. അവളുടെ കിടപ്പറയില്‍ ചെല്ലാന്‍.. തനിയെ നൊന്തു പിടക്കുന്ന ഭീമന്റെ അദമ്യ പ്രണയത്തിന്റെ തീക്ഷ്ണ കഥ കൂടിയാണ് ഈ പുസ്തകം. മഹാ ബലവാനായ ഭീമന്റെ നമ്മള്‍ കേട്ട കഥകള്‍ പലതും തികച്ചും അതിശയോക്തി തന്നെ എന്ന് ഭീമനെ കൊണ്ട് നോവലിസ്റ്റ് നമ്മോടു പറയിക്കുന്നു. സ്തുതി പാഠകർ, പാടി പെരുപ്പിച്ച, പൊലിപ്പിച്ച കഥകള്‍ ആണവയെത്രെ! ബക വധം എല്ലാം ഇത്തരത്തില്‍ ഉള്ളതാണെന്ന് നോവലിസ്റ്റിന്റെ ഭാഷ്യം. സത്യം അതൊന്നും ആയിരുന്നില്ലെന്ന് എം.ടി. നമ്മോട് പറയുന്നു.

കാട്ടില്‍ അലയുമ്പോള്‍ ഭീമന്റെ തോളില്‍ കയറിയാണ് പാണ്ഡവര്‍ മുഴുവന്‍ ദൂരങ്ങള്‍ താണ്ടിയത്. രാക്ഷസിയായ ഭാര്യയുടെ ഉദാത്തവും നിസ്സഹായവും ആയ തന്നോടുള്ള ആരാധനയും സ്നേഹവും.. അത് വേണ്ടത്ര തിരിച്ചു നല്‍കിയോ..? താമര പൂവിന്റെ സുഗന്ധമുള്ള മറ്റൊരു സുന്ദരിയോടുള്ള കാമ വൈവശ്യത്താല്‍ അവളെ താന്‍ വേണ്ടത്ര സ്നേഹിച്ചുവോ..? ആരെങ്കിലും ഈ മഹാ ബലവാനെ മനസിലാക്കിയിരുന്നോ? ഭീമന്റെ മനസ്സിലൂടെയുള്ള നല്ല ഒരു പരകായപ്രവേശം തന്നെ ഈ നോവൽ.

രണ്ടാമൂഴമെന്ന ഈ പുസ്തകത്തിന്റെ കഥ ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരും എന്നാണ് കരുതിയതെങ്കില്‍ തെറ്റി. ഇത് രണ്ടാമൂഴത്തിലേക്കുള്ള ഒരു ചൂണ്ടു പലക മാത്രം. ഈ പുസ്തകത്തിന്റെ ഭംഗി, സൗകുമാര്യം, ഇവയെല്ലാം അറിയാന്‍ ഇത് വായിക്കുക തന്നെ വേണം. ചില പുസ്തകങ്ങള്‍ വായിച്ചില്ലെങ്കില്‍ നമുക്ക് മലയാളി എന്ന് പറയാന്‍ യോഗ്യത ഇല്ല!! എം ടി യുടെ ഈ പുസ്തകം ആത്തരത്തില്‍ ഒന്നാണ്. മഹാഭാരതത്തിന്‌ എം.ടി.വാസുദേവന്‍ നായര്‍ ചമച്ച ഈ പുത്തന്‍ ഭാഷ്യം ഓരോ മലയാളിയും വായിക്കേണ്ടത് തന്നെ.

6 comments:

  1. തൃപ്തിപ്പെടുത്തിയില്ല. എന്നാല്‍പ്പിന്നെ നിനകെഴുതിക്കൂടേ എന്ന് ചോദിക്കരുത്. കാരണം എനിക്കും ഇങ്ങനെയൊക്കെ എഴുതാനേ വയ്ക്കൂ. എഴുത്തിനു തെരഞ്ഞെടുത്ത പുസ്തകമാണ് പ്രശ്നം.ഒരുപാടാള്‍ക്കാര്‍ വായിച്ച് ഒരുപാടാള്‍ക്കാര്‍ ഹൃദിസ്ഥമാക്കിയ രണ്ടാമൂഴത്തിനൊക്കെ ഒരു ആസ്വാദനമെഴുതുക എന്നത് വളരെ ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യമാണ്.

    ReplyDelete
  2. എം.ടി എഴുതിയ നോവലുകളില്‍ ഞാന്‍ ആദ്യമായി വായിച്ച ഒന്ന് രണ്ടാമൂഴം ആണ്. എല്ലായിടത്തും രണ്ടാമന്‍ ആകാന്‍ മാത്രം വിധിക്കപ്പെട്ട വായുപുത്രന്റെ കഥ. വില്ലാളിവീരന്‍ ആയ സഹോദനരന്റെ ജീവന്‍ രക്ഷിക്കാന്‍ ആയി സ്വന്തം മകനെ അറിഞ്ഞോ അറിയാതെയോ കുരുതി കൊടുക്കേണ്ടി വന്ന നിസ്സഹായന്‍ ആയ ഒരു അച്ഛന്റെ കഥ....

    ReplyDelete
  3. ഭാരതത്തില്‍ മിഴിവില്ലാത്ത കഥാപാത്രമായിരുന്നു ഭീമന്‍ എന്നത് അത്ര ശരിയല്ല.
    നകുലസഹദേവന്മാരെയൊക്കെ വച്ച് നോക്കുമ്പോള്‍ ഭീമന്‍ തെളിഞ്ഞ കഥപാത്രം തന്നെ.
    രണ്ടാമൂഴം ഒന്നാമൂഴമായിത്തന്ന് വായിക്കേണ്ട പുസ്തകം തന്നെ.
    ഈ വായിച്ചില്ലെങ്കില്‍ നാണിക്കേണ്ടതുണ്ട് എന്നോക്കെ പറയണോ? വേണ്ടെന്നു തോന്നുന്നു.
    "ഇനി ഞാന്‍ ഉറങ്ങട്ടെ" എന്ന പുസ്തകത്തെ ഓര്‍ക്കാതെ രണ്ടാമൂഴത്തിനെഴുത ആസ്വാദങ്ങള്‍ പൂര്‍ണ്ണമാവില്ല എന്നു കൂടി ഞാന്‍
    കരുതുന്നു.
    ഭാവുകങ്ങള്‍

    ReplyDelete
  4. ഒരുപാട് ഇഷ്ടമായ ഒരു പുസ്തകമാണ് രണ്ടാമൂഴം...

    ReplyDelete
  5. ഇഷ്ട്ടക്കാരായ യുധിഷ്ട്ടിരനെയും അര്‍ജ്ജുനനെയും പരിചയപ്പെടുത്തിത്തന്ന പുസ്തകം. P T സാറിനെ മാത്രം അറിഞ്ഞിരുന്ന എനിക്ക് M T സാറിനെ അറിയിച്ചുതന്ന പുസ്തകം.

    ReplyDelete
  6. 'ഭിക്ഷ ദ്രൌപദി യാണെന്നറിഞ്ഞിട്ടു തന്നെയാണ് മന്ദാ, ഞാന്‍ പറഞ്ഞത് പങ്കിടാന്‍!'.
    അമ്മ അകത്തേക്ക് പോയപ്പോള്‍ ഞാന്‍ ദു:ഖിച്ചു.അമ്മയുടെ മുമ്പില്‍ ദുര്ബ്ബലനായി നില്‍ക്കേണ്ടി വന്നതിലുള്ള ദു:ഖം. പിന്നെ അറിയാതെ അടക്കിപ്പിടിച്ച ഒരു ചിരി പൊട്ടി.
    ബീജം ഏറ്റു വാങ്ങുന്ന ഗര്‍ഭ പാത്രങ്ങള്‍, വിത്ത് വിതയ്ക്കാന്‍ മാത്രമായ വയലുകള്‍, പിന്നെ എന്തെല്ലാം! നിങ്ങള്‍ ഈ സ്ത്രീയെ കണ്ടില്ല, എന്‍റെ അമ്മയെ. (രണ്ടാമൂഴം) -- ആദ്യ വായനയില്‍ ഈ അമ്മയെ ഇത്ര മേല്‍ വ്യക്തമായി കാണാന്‍ എനിക്കും കഴിഞ്ഞിരുന്നില്ല. കൂടല്ലൂര്‍ കേരളത്തിലായത് മലയാളത്തിന്റെ സുകൃതം.

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?