Tuesday, January 3, 2012

കാ വാ രേഖ?

പുസ്തകം : കാ വാ രേഖ?
രചയിതാവ് : ഒരു കൂട്ടം കവികള്‍

പ്രസാധകര്‍ : കൃതി പബ്ലിക്കേഷന്‍സ്

അവലോകനം : കുഴൂര്‍ വിത്സന്‍


­കൃഷിയോടും കവിതയോടും കൂടുതൽ സ്നേഹം തോന്നാനുള്ള കാരണങ്ങളിൽ ഒന്ന് ഇവ രണ്ടും കൂടിചേർന്നിരുന്നു എന്നുള്ളതാണ്‌. വായിച്ച കവിതകളേക്കാളേറെ അടുപ്പം തോന്നിയ നാടൻ ശീലുകളുടെ ഉറവിടം അന്വേഷിച്ചപ്പോൾ അത്‌ ഒരു കാലത്തെ പാടങ്ങളിലും പണിക്കളങ്ങളിലുമെത്തി. പണിഭാരം അറിയാതിരിക്കാൻ വേലക്കാർ പാടിയിരുന്ന പാട്ടുകൾ. അതിന്റെ ആഴവും വ്യാപ്തിയും ഇപ്പോഴും അതിശയപ്പെടുത്തുന്നു. "മത്സമുള്ള നീറ്റില്‌ കുളിക്കാമോ ജപിക്കാമോ ജപിച്ചവെള്ളമിറക്കാമോ" "മുണ്ടകപ്പാടത്തെ നാടൻ കുഞ്ഞേ, മുണ്ടകൻ കൊയ്യുമ്പോൾ ഏടിതക്കും.... എന്റെ വിധിപോലെ ഞാൻ കഴിയും" "ഇനിയേത്‌ മരം തേറ്റും തത്ത" തുടങ്ങിയ വരികൾ ഓർമയിൽ നിന്നും കുറിക്കുന്നു.

വയറു നിറയെ ഊണും, അതിലേറെ ഉറക്കവും കഴിഞ്ഞ്‌ വെടിവെട്ടത്തിന്റെ ഇടവേളകളിൽ നാടുവാണ വൃത്തവും ഛന്ദസും അർത്ഥവും (ധനം എന്ന് കൂടി അർത്ഥം) നിറഞ്ഞ പദ്യങ്ങളേക്കാൾ മണ്ണും കല്ലും നെല്ലും കലർന്ന അർത്ഥമില്ലാത്ത കവിതകളോട്‌ വല്ലാത്ത അടുപ്പം തോന്നിയിട്ടുണ്ട്‌ അന്ന് തന്നെ.

ഒരു കാരണം ആ കവിതകൾ വിതക്കുന്ന, കൊയ്യുന്ന, മണ്ണിനെ ഗർഭവതിയാക്കുന്നു. മനുഷ്യന്റെ വയറും നിറക്കുന്നു. മനസ്സും. ആ കവിതകൾ തൊഴിലിനോടൊപ്പം ചേർന്ന് പാടുന്നു. വിയർക്കുന്നു. കരയുന്നു. നെടുവീർപ്പിടുന്നു. ആ കവിതകൾ ജീവിതത്തെ ജീവിതമാക്കുന്നു.

എനിക്ക്‌ മുന്നിലിരിക്കുന്ന പരിചയമില്ലാത്തവരുടേയും പരിചയമുള്ളവരുടെയും ഈ കവിതകളെ ,ഈ ബ്ലോഗുകവിതകളെ, ഈ കാവാരേഖയെ തൊഴിലിടങ്ങളിലെ കവിതകളായി വായിക്കുകയാണ്‌.

ആശ്രയിക്കാൻ ആളില്ലാത്ത ഒരു പെണ്ണ്‌ തയ്ക്കുമ്പോൾ മൂളുന്ന പാട്ടുപോലെ, ബീഡിതെറുക്കുമ്പോൾ ഒരാൾ ഉള്ളിലുള്ള മനോവിചാരങ്ങൾ പിറുപിറുക്കുന്നതുപോലെ, വെള്ളം കോരുമ്പൊഴും, ചാക്കുചുമക്കുമ്പോഴും, വലിവണ്ടി വലിക്കുമ്പോഴും ഒരാൾ അൽപം ഉറക്കെ സ്വപ്നം കാണുന്നതു പോലെ, ക്യൂവിൽ നിൽക്കുമ്പോൾ ഒരു പെൺകുട്ടി എന്തോ ഓർത്ത്‌ ചിരിക്കും പോലെ നാടുവിട്ട്‌ നാടണയാൻ പലയിടങ്ങളിൽ ചിതറിയവർ പണിത്തിരക്കുകൾക്കിടയിൽ കണ്ട ചെറിയ വലിയ സ്വപ്നങ്ങൾ, ഭാവനകൾ, ജീവിതങ്ങൾ ആ നൈർമ്മല്യവും നിഷ്കളങ്കതയും ആത്മാർത്ഥതയും സ്വാഭാവികതയും ഈ കവിതകളിൽ ഉള്ളതിനാൽ ആ കൂട്ടത്തിൽ പെട്ട ഒരാളാകയാൽ

**********
ഒരു വഴിയടഞ്ഞാൻ ആയിരം വഴികൾ തുറക്കുമെന്ന് പഠിപ്പിച്ചത്‌ അപ്പനാണ്‌. അങ്ങിനെ തുറന്ന വഴികളാണ്‌ ലോകത്തിന്റെ ഗതിവിഗതികൾ മാറ്റിയിട്ടുള്ളതും. ജീവിതത്തിലും ചരിത്രത്തിലും കവിതയിലും. അച്ചടിയുടെ പൊതുവഴിയിൽ നിന്നും അയ്യപ്പപ്പണിക്കരെയും കടമനിട്ടയെയും വിഷ്ണുപ്രസാദിനെയും ശൈലനെയുമൊക്കെ തിരിച്ചയച്ചത്‌ മലയാളത്തിന്റെ കാലചരിത്രത്തിൽ വരും. കവിതയുള്ളവർ തിരിച്ചുപോയോ? ഇല്ല. ഒരു കാലത്ത്‌ ചുമരെഴുത്തുകൾ, കൈയെഴുത്ത്‌ മാഗസിനുകൾ, ലിറ്റിൽ മാഗസിനുകൾ, അവനവൻ പ്രകാശനത്തിന്റെ, പ്രസാധനത്തിന്റെ കുഞ്ഞാകാശം. സ്വാതന്ത്ര്യത്തിന്റെ വലിയ മൈതാനം. അതുകൊണ്ട്‌ പുറത്താക്കപ്പെടുന്നവരുടെ, ഒറ്റപ്പെടുന്നവരുടെ പുതിയ കാലത്തെ ചുമരെഴുത്താകുന്നു, ലിറ്റിൽ മാഗസിനാവുന്നു ബ്ലോഗുകൾ. അതിന്റെ പ്രതിരോധം സ്വാതന്ത്ര്യ്ം, അത്‌ മുഴുവൻ ഉപയോഗപ്പെടുത്തി ഇടവഴികളിലൂടെ പടർന്ന് ഗ്രാമങ്ങൾ , നഗരങ്ങൾ, മനുഷ്യഹൃദയങ്ങൾ തിരിച്ചുപിടിക്കേണ്ട സമയമായിരിക്കുന്നു. മലയാളത്തിൽ ബ്ലോഗിന്റെ ഒളിഞ്ഞും ഇപ്പോൾ തെളിഞ്ഞുമുള്ള പോരാട്ടങ്ങൾക്ക്‌ തുടക്കം കുറിച്ചവരിൽ പ്രധാനി ഇപ്പോൽ വയനാട്ടിൽ നിന്നുള്ള വിഷ്ണുപ്രസാദാണ്‌. സ്കൂൾ മാഷായി ഒരു ഗ്രാമത്തിൽ പ്രകാശം പരത്തി പൊലിഞ്ഞുപോകേണ്ട ആ നക്ഷത്രം ഉള്ളീലെ ആത്മാർത്ഥതയുടെ, കവിതകളുടെ ബലംകൊണ്ട്‌ മാത്രം സൈബറിൽ മലയാള കവിതയെ പടർത്തിയത്‌ കുറച്ചുപേർക്കൊന്നുമല്ല ആവേശം പടർത്തിയത്‌ . തനിക്കുമുണ്ട്‌ ഈ ഊഴിപ്പരപ്പിനോട്‌ പറഞ്ഞുപോകുവാൻ എന്ന് ഇടപ്പള്ളീ രാഘവൻ പിള്ളയുടെ വരികൾ ലോകമാനം പടർന്നുകിടക്കുന്ന കാവ്യവായനക്കാരിലേക്ക്‌ പടർത്താൻ വിഷ്ണുമാഷിനും അദ്ദേഹത്തെ പിൻതുണച്ചവർക്കുമായി..

മലയാളത്തിൽ ഇപ്പോൾ ബ്ലോഗെഴുത്തിന്‌ ഒരു വിലാസമുണ്ട്‌. കാ വാ രേഖ എന്ന ഈ പുസ്തകം തന്നെ അതിനുള്ള തെളിവാണ്‌. എല്ലാവർക്കും വിശ്വകവികളാവാൻ പറ്റില്ല. എങ്കിലും എല്ലാവരുടേയും ഉള്ളിലെ കവിക്ക്‌ ചില മുറിഞ്ഞ വാക്കുകളെങ്കിലും ലോകത്തോട്‌ പറയാനുണ്ട്‌. ഒരു പഞ്ചായത്തിൽ ആയിരത്തിലധികം കവികളുണ്ടെന്ന് പരിഹസിക്കുന്ന, ക്ഷോഭത്തിന്റെയും പരിഹാസത്തിന്റെയും അംഗീകൃത കവികൾക്ക്‌ അതുകാണാനാവില്ല. ഒരു വാക്കെഴുതി മറുവാക്ക്‌ കിട്ടിയതിനാൽ മരിക്കാതെ, ഓരോ ദിവസവും ജീവിതത്തെ സ്നേഹിക്കുന്ന ആയിരക്കണക്കിന്‌ പേർ. അതിൽ വീട്ടമ്മമാരുണ്ട്‌, കമ്പ്യൂട്ടർ ജോലിക്കാരുണ്ട്‌, ഗൾഫിലെ വീട്ടുവേലക്കാരുണ്ട്‌, മാർക്കെറ്റിംഗ്‌ എക്സിക്കുട്ടീവുകളുണ്ട്‌. കവിതകളുടെ ഒരു ചെറിയ കര കാണിച്ചു കൊടുത്തു എന്നതാണ്‌ പുതിയ കാലത്ത്‌ ബ്ലോഗുകളുടെ പ്രസക്തി. അതും കവിത ആത്മാർത്ത ഹൃദയം പോലെ അനാഥമാകുന്ന ഇക്കാലത്ത്‌ അതുകൊണ്ട്‌ തന്നെ ഇക്കൂട്ടത്തിൽ പെടുന്ന, ഈ കവിതകളെഴുതിയവരുടെ കൂട്ടത്തിൽ പെടുന്ന ഒരാളാകയാൽ അത്യഥികം ആത്മാർത്ഥതയോടെ, സ്നേഹത്തോടെ, കവിതയോടെയാണ്‌ ഈ സമഹാരത്തെ വായിച്ചതും.

കാവാരേഖയിൽ സതീദേവി എന്ന സ്ത്രീയുടെ ഒരു കവിതയുണ്ട്‌.

"നീ വേദനിക്കരുത്‌
നമുക്കൊരുമിച്ച്‌
കെട്ടിപ്പിടിച്ചിരിക്കാം"
എന്നാണ്‌ തുടക്കം. എത്ര നിർമ്മലം. ഒരു വളച്ചുകെട്ടുമില്ല! ആവർത്തിച്ചുനോക്കിയാൽ ഒന്നുമില്ല! എന്നാൽ ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ അക്ഷരം പോലെ, sms പോലെ, ഫോൺ കാൾ പോലെ, ചിരിപോലെ അത്‌ നമ്മെ ആകർഷിക്കുന്നുണ്ട്‌. ആ നൈർമ്മല്യം തന്നെയാണ്‌ ഇനിയും അടയാളപ്പെട്ടിട്ടില്ലാത്ത, അരഞ്ഞാണം പോലുമിട്ടിട്ടില്ലാത്ത ഈ കവിതകളുടെ അടിസ്ഥാനം എന്ന് തോന്നുന്നു. ഇതെല്ലാം വളരട്ടെ. നന്മയോടെ, സ്നേഹത്തോടെ, ആത്മാർത്ഥതയോടെ, ജാഗ്രതയോടെ.

ബ്ലോഗുകൾ കൊണ്ട്‌ മാത്രം മലയാളത്തിന്റെ പുതിയ കാലത്ത്‌ അടയാളപ്പെട്ട ചിലരെങ്കിലും ഈ സമാഹാരത്തിലുണ്ട്‌. എസ്‌.കലേഷ്‌, രൺജിത്‌ ചെമ്മാട്‌, ഡോണമയൂര, ചാന്ദിനി ഗാനൻ, എൻ.എം.സുജീഷ്‌ തുടങ്ങിയവർ. ഈ സമാഹാരത്തിലേക്ക്‌ നൽകിയ കവിതകളിൽ ആ ഉത്തരവാദിത്വം അവർ കാണിച്ചില്ല എന്ന് സങ്കടത്തോടെ പറയട്ടെ.

എന്തായാലും ഒരു പെണ്ണുകുട്ടിയെ വായനക്കാരന്റെ മനസ്സിൽ കോറിയിടാൻ കലേഷിനായി. അവൾ വലുതാവുകയോ മരിച്ചുപോവുകയോ ചെയ്യാം. ശക്തിയുള്ള ഒരു ദേവിയെ മലയാളകവിതയിൽ പ്രതിഷ്ഠിക്കാൻ കലേഷ്‌ എന്ന കവിക്ക്‌ കഴിയട്ടെ എന്നാശംസിക്കുന്നു.

ആത്മസംഘർഷം കൊണ്ടും ശിൽപം കൊണ്ടും കാവാരേഖയിലെ ഏറ്റവും ശക്തമായ കവിത രഞ്ഞിത്‌ ചെമ്മാടിന്റേത്‌ തന്നെ. പുതിയ കാലത്തിന്റെ സംഘർഷത്തിനിടയിലും കവിത വായിക്കുവാൻ ഈ ഐ.ടി ചെറുപ്പക്കാരനാവുന്നു എന്നുള്ളത്‌ ആഹ്ലാദം നൽകുന്നു. ഡോണമയൂരയും ചാന്ദിനി ഗാനനും പ്രതീക്ഷകൾ ബാക്കി വെക്കുന്നു. എൻ.എം.സുജിഷ്‌ ഒരു പുതിയ വഴിയും.

ബ്ലോഗിൽ നിന്നും ഇനിയും അനേകം കവിതകൾ വരും. കവിതാപുസ്തകങ്ങൾ വരും. 70 കൾ പോലെ, ആധുനീകത പോലെ തീർച്ചയായും ഈ കലവും മലയാളത്തിൽ അടയാളപ്പെടുത്തും. അതിന്റെ തുടക്കമായിരുന്നു സച്ചിദാന്ദൻ എഡിറ്റ്‌ ചെയ്ത്‌ പുറത്തിറക്കിയ ഡി.സിയുടെ 'നാലാമിടം'. അതിന്റേതായ വലിയ സംവിധാനങ്ങളിൽ അത്‌ വലിയ സംഭവമായി കാണാൻ കഴിയില്ല. എന്നാൽ മറിച്ച്‌, അവിടെയാണ്‌ കാവാരേഖയെ വ്യത്യസ്തമാക്കുന്നത്‌. പരിമിതി, ദാരിദ്ര്യം, സ്വാധീനക്കുറവ്‌ അതൊക്കെയാണ്‌ കാവാ രേഖയുടെ തുന്നിക്കൂട്ടുകാരുടെ കൈമുതൽ... ചോരുന്ന വീട്ടിലെ അടുപ്പിൽ ഒരു കട്ടൻ ചായ അനത്തി മനസ്സിനെയും ശരീരത്തെയും ചൂടാക്കി മനുഷ്യനെ കുറിച്ചുള്ള ഒരു വലിയ സ്വപ്നം പൂർത്തിയാക്കാനുള്ള ഒരു ജീവിതശ്രമം അല്ലെങ്കിൽ പതിനായിരക്കണക്കിന്‌ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ജീവിതത്തിൽ നിന്ന് ഒരു ദിവസത്തിന്റെ ഒരു മണിക്കൂറിൽ നിന്ന് കുറച്ച്‌ നിമിഷങ്ങൾ കവിതക്കായി ചീന്തിയെടുക്കാൻ ഒരു ശ്രമം.... മാലോകർ സദ്യയുണ്ട്‌ ഏമ്പക്കം വിട്ട്‌ ആലസ്യത്തിലേക്ക്‌ പോകുമ്പോൾ ഉണർവ്വിലേക്ക്‌ തിരികെവരാൻ ഇവരൊരുക്കിയ കവിതയുടെ ഈ ഒരു കപ്പ്‌ കട്ടൻ ചായക്ക്‌... അതിലുള്ള ആത്മാർത്ഥത ചേർന്ന കടുപ്പത്തിനും മധുരത്തിനും നന്ദി.

1 comment:

  1. പുസ്തകവിചാരമെവിടെ?
    ലേഖനത്തിന്റെ ആമുഖം മാത്രമല്ലേ ആയുള്ളൂ?!

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?