Thursday, May 3, 2012

താവോ: ഗുരുവിന്റെ വഴി

പുസ്തകം : താവോ: ഗുരുവിന്റെ വഴി
രചയിതാവ് : ലാവോത്സു / വിവര്‍ത്തനം : അഷിത
പ്രസാധകര്‍ : സൊര്‍ബ പബ്ളിക്കേഷന്‍സ് , പാലക്കാട്
അവലോകനം : കുഞ്ഞൂസ്



ലാവോത്സു രചിച്ച വിഖ്യാതമായ 'താവോ തേ ചിങ്ങിന്റെ' മലയാളരൂപമാണിത്. ഇത് കേവലമൊരു പരിഭാഷയല്ല. ലാവോത്സുവിന്റെ ദര്‍ശന ഹൃദയം കണ്ടെത്തുന്ന തീര്‍ത്ഥയാത്രയാണ് ഈ പുസ്തകം. പ്രാചീന ചൈനയിലെ തത്ത്വചിന്തകനായ ലാവോത്സുവിന്റെ മൊഴികള്‍ വര്‍ത്തമാനകാലത്തും ഏറെ പ്രസക്തം തന്നെ. 'താവോ തേ ചിങ്' എന്ന ഈ പ്രാചീന ഗ്രന്ഥത്തിന് ഒരു പ്രത്യേകതയുണ്ട്. അതിനു എത്ര പരിഭാഷകളുണ്ടായാലും അത് പുതിയ പരിഭാഷകരെ ആകര്‍ഷിക്കുകയും തീര്‍ത്തും നവ്യമായ ഒരര്‍ത്ഥതലം അവന് വെളിപ്പെട്ടു കിട്ടുകയും ചെയ്യുന്നു.

നൈസര്‍ഗികതയുടെ പ്രവാചകനായ ലാവോത്സുവിന്റെ ജനനം ചൈനയിലായിരുന്നു, ക്രിസ്തുവിനും അറുനൂറു വര്‍ഷം മുന്‍പായിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം. ജനനത്തെക്കുറിച്ച് വ്യക്തമായ ചരിത്രരേഖകളൊന്നുമില്ല. ചൂ രാജവംശത്തിന്റെ ഗ്രന്ഥപ്പുര സംരക്ഷിക്കുന്ന ചുമതലായിരുന്നു അദ്ദേഹത്തിന്. അവിടെ ഏകാന്തവും ധ്യാനാത്മകവുമായ ഒരു ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്.

ഒരു പൂ വിരിയുന്നത് പോലുള്ള സാധാരണത്വമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മന്ദാനിലനില്‍ ഊയലാടിക്കളിക്കുന്ന ഒരു അപ്പൂപ്പന്‍താടി പോലെ ... നദീപ്രവാഹത്തിലേക്ക് പൊഴിഞ്ഞു വീണ ഒരു പഴുത്തില പോലെ... പ്രകൃതിയുടെ അനുസ്യൂതമായ ഒഴുക്കില്‍ അപ്രതിരോധനായി അദ്ദേഹം കിടന്നു കൊടുത്തു. അദ്ദേഹം കടലിനു മുകളിലൂടെ നടന്നില്ല. അഗ്നി വിഴുങ്ങി അത്ഭുതം കാണിച്ചില്ല. അതിനാല്‍ ലാവോത്സു ചരിത്രത്തില്‍ പ്രവാചകനോ അവതാരപുരുഷനോ ആയില്ല... പക്ഷേ, അദ്ദേഹം ശാന്തിയുടെയും സരളതയുടെയും പ്രസന്നമധുരമായ ഒരു നിദര്‍ശന മായിരുന്നു. ആ സാന്നിദ്ധ്യത്തില്‍ തെല്ലിട ഇരുന്നാല്‍ മതി, മൌനത്തിന്റെ അത്യഗാധ മായ നീലിമയില്‍ നാം നിമജ്ജിതരാകും. താവോയുടെ അതിവിശാലതയില്‍ നാം അലിഞ്ഞലിഞ്ഞില്ലാതാവും. ആ മഹത്വം, യുദ്ധങ്ങളെയും രക്ത ചൊരിച്ചിലുകളെയും മാത്രം ചരിത്രമാഹാത്മ്യമായി കാണുന്ന പണ്ഡിത മാന്യന്മാര്‍ക്ക് മനസിലായെന്നു വരില്ല. അതിനാല്‍ തന്നെ ലാവോത്സു,മഹാവ്യോമത്തിലെ തിരക്കൊഴിഞ്ഞ ഒരു നക്ഷത്രമായി ശോഭിക്കുന്നു.

ലാവോത്സുവിന്റെതായി ഒരു കൃതി മാത്രമേ നമുക്ക് കിട്ടിയിട്ടുള്ളൂ... ഒന്നാമതായി സത്യമായ താവോ വാക്കുകളില്‍ മൊഴിയാനാവില്ല. എന്നിട്ടും അദ്ദേഹം ആ സാഹസം കാണിച്ചു. ലാവോത്സുവിനു പ്രായമായപ്പോള്‍ അദ്ദേഹം ഹിമാലയത്തിലേക്ക് യാത്ര തിരിച്ചു . അതിര്‍ത്തിയില്‍ കാവല്‍ നിന്നിരുന്ന ദ്വാരപാലകന് ലാവോത്സുവിനെ അറിയാമായിരുന്നു. ലാവോത്സു ചൈന വിട്ടുപോവുകയാണെന്ന് അറിഞ്ഞപ്പോള്‍ ആ ദ്വാരപാലകന്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീണു താണുകേണു പറഞ്ഞു : അങ്ങ് മഹാനായ ഋഷിയാണ് , ഞങ്ങള്‍ ഈ ലോകത്തില്‍ യാതനയുടെ പ്രാരാബ്ധ ങ്ങളുമായി ജീവിക്കുന്നു. അങ്ങയുടെ ആനന്ദത്തിന്റെ കാരണമായ ആ ദര്‍ശനം ഇനി വരുന്ന തലമുറയ്ക്ക് വേണ്ടിയെങ്കിലും ഒന്നെഴുതിത്തരണം. ലാവോത്സുവിന്റെ ഉള്ളലിഞ്ഞു. അന്നു രാത്രി അതിര്‍ത്തിയില്‍ ദ്വാരപാലകന്റെ കൂടെ താമസിച്ചു. ഒറ്റ രാത്രി കൊണ്ട് 'താവോ തേ ചിങ് ' എന്ന വിഖ്യാതഗ്രന്ഥം എഴുതിത്തീര്‍ത്തു. അദ്ദേഹം യാത്ര തുടര്‍ന്നു. ഹിമാലയത്തിലെ പര്‍വ്വതസാനുക്കളില്‍ എവിടെയോ അദ്ദേഹം സമാധി പൂകിയിരിക്കാം.

വാക്കുകളില്‍ ആവിഷ്ക്കരിക്കപ്പെടുന്നില്ലെങ്കില്‍
അതു ശരിയായ താവോ അല്ല.
ഒരു പേര് ചൊല്ലി വിളിക്കാമെങ്കില്‍
അത്‌, അതിന്റെ സത്യമായ പേരല്ല.
ഈ ലോകത്തിലെ സമസ്തവും
ശൂന്യതയില്‍ നിന്നും ആവിര്‍ഭവിച്ചതത്രേ.
ശൂന്യത....
പേരിടാനാവാത്ത ആ ശൂന്യത....
ആദിജനനി...
സമഷ്ടിക്കും മാതാവായി ആ ശൂന്യാകാശം നിലകൊള്ളുന്നു.
താവോയുടെ ശൂന്യതയെ പിന്തുടര്‍ന്നാല്‍
നിങ്ങള്‍ക്കും താവോയില്‍ അലിയാം.
ഒരിക്കലും തൃഷ്ണകളാല്‍ ബന്ധിതനാകാതെ
താവോയുടെ ആഴവും അതിശയവും കണ്ടറിയുക.
എല്ലാ രഹസ്യങ്ങള്‍ക്കും നിഗൂഢതകള്‍ക്കും
ആദിമാതാവായിരിക്കുന്ന അവളത്രേ
അത്ഭുതസാരങ്ങളിലേക്കുള്ള പടിവാതില്‍ .

താവോ ഒരിക്കലും സ്വാര്‍ത്ഥതയോ അഹങ്കാരമോ പ്രദര്‍ശിപ്പിക്കുന്നില്ല.താവോ തന്റെ പ്രവര്‍ത്തികളില്‍ ഉദാരനും അന്തസ്സുറ്റവനുമത്രേ. തന്റെ നേട്ടങ്ങളെപ്പറ്റി താവോ ഒന്നും ഉരിയാടുന്നില്ല. ഒരിക്കലും ഒന്നിനെയും തന്റെ നേട്ടമായി കാണുന്നുമില്ല. എന്തെങ്കിലും ഒന്നിനായി പ്രയത്നിക്കേണ്ടതില്ലാത്തതിനാല്‍ ഒഴുക്കിന് ഒരിക്കലും തടസ്സം വരാറില്ല.
അലങ്കരിക്കപ്പെടാത്ത വിശുദ്ധമായ സത്യം
ഒരാള്‍ക്കും ഇഷ്ടമാകുന്നില്ല
വാഗ്വിലാസങ്ങളൊന്നും അതിനടുത്തെത്തുന്നില്ല
സത്യമായ വാക്കുകള്‍
ഒരിക്കലും നിങ്ങളെ വശംവദനാക്കാന്‍ ഉപയോഗിക്കപ്പെടുകയില്ല
സത്യമായി അറിയുന്നവന്‍
അറിയുന്നത് പുസ്തകങ്ങളില്‍ നിന്നല്ല...
ജീവിതം ആരെയും ബോദ്ധ്യപ്പെടുത്താനോ പ്രദര്‍ശിപ്പിച്ചു കാണിക്കാനോ ഉള്ളതല്ല. അത് വളരെ സ്വഭാവീകമായി ജീവിക്കാനുള്ളതാണ്. അതിലൂടെ ഊറി വരുന്ന ആനന്ദം താവോയുടെ അമൃതാനുഭവമാണ്. ഈ അമൃതാനുഭവത്തിനപ്പുറം ഒന്നും തിരയേണ്ടതായിട്ടില്ല. ആനന്ദം പുറത്ത് തിരയുന്നവര്‍ക്കാണ് അംഗീകാരവും പുരസ്ക്കാരവും ആവശ്യമായി വരുന്നത്. താവോയില്‍ ജീവിക്കുന്നവന്‍ അതിനെ അശേഷം ഗൌനിക്കാറില്ല.

എണ്‍പത്തിയൊന്ന് സൂക്തങ്ങളിലൂടെ ഹൃദ്യവും ആയാസരഹിതവുമായ വിവര്‍ത്തനത്തിലൂടെ ചിരപുരാതനമായ ചൈനയുടെ ദിവ്യസന്ദേശം നമുക്ക് പകര്‍ന്നു തന്നതിന് അഷിതക്ക് നന്ദിയോടെ... (വില : 50 രൂപ)

4 comments:

  1. നല്ല അവലോകനം ആശംസകള്‍

    ReplyDelete
  2. കുഞ്ഞൂസിന്റെ അവലോകനം ഗഹനവും ഔഘമുള്ളതും അതിലുപരി ആശയം അനുഭവവേദ്യമാകുന്നതാണെന്നും​ പറയാതെ വയ്യ.

    പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് താവോ വിശേഷത്തില്‍ കിഞ്ചിജ്ഞന്‍ ആയ എനിക്ക്
    പുസ്തകം വായിക്കാന്‍ ഈ അവലോകനം തീര്‍ച്ചയായും പ്രചോദനമാണ്. പ്രത്യേകിച്ച്, നൈസര്‍ഗ്ഗികതയുടെ പ്രവാചകന്‍, ഒരു പൂ വിരിയുന്നത് പോലെ യുള്ള സാധാരണത്വം.... എന്നൊക്കെയുള്ള വിശേഷണങ്ങള്‍.

    എന്നാല്‍ ചില വിയോജിപ്പുകള്‍ തോന്നി.
    ഇത് കേവലമൊരു പരിഭാഷയല്ല, ലാവോത്സുവിന്റെ ദര്‍ശന ഹൃദയം കാണുന്ന തീര്‍ഥയാത്രയാണിത്. എന്ന് പറയുമ്പോള്‍ പരിഭാഷയുടെ പ്രത്യേകതയാണോ ഉദ്ദേശിച്ചതെന്നു വ്യക്തമല്ല. മൂലകൃതിയെക്കുറിച്ചാണെങ്കില​്‍ ആ പ്രസ്താവം ശരിയാകാം. പരിഭാഷയെക്കുറിച്ചാണെങ്കില്​‍ കുറിക്കു കൊണ്ടോ എന്ന് സംശയം.

    അതുപോലെ തന്നെ, ചിരപുരാതനമായ ചൈനയുടെ ദിവ്യസന്ദേശം എന്ന് കോറിയതില്‍ അല്‍പ്പം അനൌചിത്യം തോന്നിയെന്നത് മറയ്ക്കുന്നുമില്ല.

    ലാവോത്സു വിവരിച്ച താവോ മാഹാത്മ്യം സൌമ്യവും സുന്ദരവുമാണെന്ന്, അഥവാ അമൃതാനന്ദം നല്‍കുന്നതാണെന്നുമൊക്കെയുള​്ള ആശയം മിളിന്ദമൂളല്‍ പോലെ മുഴങ്ങിക്കൊണ്ടേയിരിക്കാന്‍​, കുഞ്ഞൂസിന്റെ അവലോകനം പ്രയോജനം ചെയ്യുന്നുണ്ട്.

    ReplyDelete
  3. ഓരോ പരിഭാഷകനും ഓരോ തീര്‍ഥയാത്രയാണ് ആ കൃതി... ഓരോ വായനയിലും സൌമ്യവും ദീപ്തവുമായി ഹൃദയത്തില്‍ പ്രകാശിക്കുന്നും ഉണ്ട്... വിശദമായ ഈ അഭിപ്രായത്തിന് വളരെ നന്ദി സുഹൃത്തേ...

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?