Thursday, June 23, 2011

ഉറവിടങ്ങൾ

പുസ്തകം : ഉറവിടങ്ങൾ
രചയിതാവ് : ജയമോഹന്‍

പ്രസാധനം :മാതൃഭൂമി ബുക്സ്

അവലോകനം :
കുമാരന്‍
ഴുതുമ്പോൾ സംഭവങ്ങൾ കെട്ടുകഥകളേക്കാൾ വിസ്മയകരങ്ങളായി തീരുന്നതിന്റെ ഉദാഹരണമാണ് ജയമോഹന്റെ ‘ഉറവിടങ്ങൾ’ എന്ന ഓർമ്മപുസ്തകം. ഓരോ വർഷവും മലയാളത്തിലൊരു പ്രസിദ്ധീകരണത്തിൽ ഈ തമിഴ് എഴുത്തുകാരൻ പ്രത്യക്ഷപ്പെടാറുണ്ട്. ആ വർഷാന്ത വരവുകളുടെ സമാഹാരമാണ് ഈ പുസ്തകം. കേവലമായ ആത്മകഥയ്ക്കുമപ്പുറം ഫിക്ഷന്റെ അപ്രാപ്യതയെ അഭിസംബോധന ചെയ്യുന്ന മലയാളത്തിലെ നോൺ‌ഫിക്ഷൻ കൃതിയെന്ന് അഭിമാനിക്കാവുന്നത്. ജീവിതത്തിലെ അതിസങ്കീർണ്ണമായ ഇടങ്ങളെയെല്ലാം അനായാസമായി കോറിയിടുകയാണ് ഇവിടെ.

സംഭവിക്കാനിടയുണ്ടെന്ന വിശ്വാസ്യതയാണ് കഥയെങ്കിൽ, അവിശ്വസനീയമായ ജീവിതാനുഭവങ്ങളെ കഥയ്ക്കും അപ്രാപ്യമായ ഒരു തലത്തിലേ രേഖപ്പെടുത്താനാവുകയുള്ളൂ. ദൈവം നിർഭയമെഴുതിയ ഒരു കഥയാണ് ജയമോഹന്റെ ജീവിതകഥ. ഇതിലെകഥാപാത്രങ്ങളോ അനുഭവങ്ങളോ വിശ്വായയോഗ്യമാണെന്നു പോലും തോന്നില്ല. അച്ഛനുമമ്മയും ആത്മഹത്യ ചെയ്ത, വിഛിത്രമായ ജീവിത സാഹചര്യങ്ങളിൽ വളർന്ന, അതി വിചിത്രമായൊരു കാലം പാരമ്പര്യമായി ലഭിച്ച ജയമോഹൻ പറയുന്നത്, തന്റെ ജീവിതം ഒരു നോവലായാരെങ്കിലും എഴുതിയതായിരുന്നെങ്കിൽ മൂന്നു പുറത്തിലുമധികം താനത് വായിക്കുമായിരുന്നില്ല എന്നാണ്.

എല്ലാ അനുഭവങ്ങളിൽ നിന്നും ആത്മഹത്യയിലേക്കുള്ള കാരണം കണ്ടെത്തിയ അമ്മ, തന്നിൽ എഴുത്തു ലോകത്തിലേക്കുള്ള കൌതുകം വളർത്തിയ സഹൃദയായ വായനക്കാരിയായും, ക്രൂരനായ ഭർത്താവിനെ നിശ്ശബ്ദം സഹിക്കുന്ന ഭാര്യയായും, സ്നേഹനിധിയായ പൂതത്തിന് കുഞ്ഞിനെ വിട്ടു കൊടുക്കുന്ന അമ്മയായും, നമുക്കു മുന്നിൽ രൂപാന്തരപ്പെടുന്നു.

“പെറ്റമ്മയ്ക്ക് സ്നേഹം ഏതായാലും ഉണ്ടാവും. എന്നാ ആയിരം കൊല്ലം കുട്ടിയെ തേടി വന്നു കൊണ്ടിരിക്കുന്ന ഭൂതത്തിന്റെ സ്നേഹമല്ലിയോടാ വലുത്? അതു കൊണ്ടാണ് ഞാൻ കുട്ടിയെ ഭൂതത്തിനു തന്നെ കൊടുത്തു കളയാമെന്നു കരുതിയത്.”

ഉള്ളിൽ വാത്സല്യം പതയുമ്പോഴും കോപത്തിന്റെ ഭാഷയിൽ മാത്രം സംസാരിക്കാനറിയുന്ന അച്ഛനാണ് ഈ പൂതം. ബുദ്ധിമതിയും അതിസുന്ദരിയുമായ ഭാര്യയെ അകത്തളങ്ങളിലെ മൂലയിലേക്ക് തള്ളിയകറ്റി, ഒടുവിലൊരു നാൾ അവളില്ലാതായപ്പോൾ ആകെ തളർന്ന് ഓച്ചിറ കടപ്പുറത്ത് വിഷം കഴിച്ചു മരിച്ച പ്രമാണിയായ അച്ഛൻ. കോളേജ് വിദ്യാഭ്യാസം തുടങ്ങും മുൻപ് അച്ഛൻ മൂന്നു കാര്യങ്ങളാണ് മകനോടാവശ്യപ്പെട്ടത്. ഒന്ന്, ‘കുടിക്കരുത്’ അത് നിനക്ക് ശരിയാകില്ല. കുടിച്ചു തുടങ്ങിയാൽ പിന്നെ വഴിയിലേ കിടക്കൂ. രണ്ട്, ‘ഒറ്റ സ്ത്രീ മതി’. ഈ കാമംന്ന് പറയുന്നത് വലിയ കാര്യമൊന്നും അല്ല. നീയൊക്കെ ഇളകിയാൽ നിന്നെ പെണ്ണുങ്ങൾ ഭ്രാന്തനാക്കും. മൂന്ന്, ‘നിന്നെക്കൊണ്ട് കച്ചവടവും കാര്യങ്ങളും പറ്റില്ല.’ ഏതിടപാടും നിന്റെ മൂത്തവനോട് ഒരു വാക്കു ചോദിച്ചിട്ടേ ചെയ്യാൻ പാറ്റുള്ളൂ. എന്റെ കാലശേഷവും അവനുണ്ടാകും നിനക്ക്. ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. ആവർത്തിക്കാത്ത വാക്കുകളുടെ അനന്തമായ ശക്തി ഇതിൽ കാണാനാകുന്നു. രോഗശയയയിലായ മകനെ കഠിനമായ പഥ്യങ്ങളിലൂടെ രാപകലില്ലാതെ ശുശ്രൂഷിച്ച് തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്ന, ദരിദ്രരായ രോഗികൾക്ക് ഭക്ഷണവും പണവും കൊടുത്ത് തിരികെ അവരിൽ നിന്ന് മകന് അനുഗ്രഹം വാങ്ങിയെടുക്കുന്ന പാവം ക്രൂരൻ. വലിയൊരു തുകൽ സഞ്ചിയിൽ നിറയെ കേസുകെട്ടുകളും ആധാരങ്ങളും കുറിപ്പടികളുമായി തക്കല, കുഴിത്തറ, പള്ളിയടി, പാറശ്ശല കീഴ്‌കോടതികളിലും നാഗർകോവിൽ വലിയ കോടതിയിലും കയറിയിറങ്ങുന്ന, തമിഴിൽ മാത്രം തെറി പറയുന്ന, ആർക്കു മുന്നിലും കുനിയാത്ത, അമ്മച്ചി… ഇങ്ങനെ എത്ര പേരാണ് തലയെടുപ്പോടെ ഓർമ്മകളിൽ തെളിഞ്ഞു നിൽക്കുന്നത്.!

ഒരു പെൺ‌കുഞ്ഞുണ്ടായപ്പോൾ, ‘‘വിളർത്തു കിടക്കുന്ന അരുൺ‌മൊഴിയോട് ഞാൻ പറഞ്ഞു : പെൺ‌കുട്ടിയാ… പെണ്ണ്‌..”

“അതിനെന്താ ഈ ?” എന്ന് അരുൺ‌മൊഴി ചോദിച്ചു. “ഒന്നുമില്ല, ഇനി ഒരു പാടു ദിവസം ഇവൾ എന്റെ ഒപ്പമുണ്ടാവും. ഇവളെങ്ങനെയാണ് രൂപപ്പെടുന്നത് എന്ന് എനിക്കു നോക്കാൻ കഴിയും. എന്റെ ഉള്ളംകൈയ്യിൽ ഒരു മരം പൊട്ടിവളരുന്നത് പോലെ. ഇത് എന്താണെന്ന് ഇനിയെങ്കിലും മനസ്സിലാക്കാമല്ലോ.” മകൾ, അമ്മ, സ്ത്രീ- തന്നെ വിസ്മയിപ്പിച്ച പെണ്ണിന്റെ ഭാവഭേദങ്ങളെ അറിയാനുള്ള കൌതുകം ഇതിലുമപ്പുറം എങ്ങനെ പറയാനാകും?

നിഴൽ മൂടി തണുത്തു കിടക്കുന്ന തടാകം പോലെ, ഇരുണ്ട വീടുകളുടെ അകം. ആരെങ്കിലും വന്നാൽ ഇരുട്ടിന്റെ അടിയിൽ നിന്ന് പൊന്തിവരുന്ന നടുവയസ്സു കഴിഞ്ഞ സ്ത്രീകൾ. അകത്ത് കടന്നാൽ മാത്രം കാണാവുന്ന ചേച്ചിമാർ. തടാകത്തിന്റെ ചേറിലും വേരുകളുടെ ഇടയിലും നീന്തി പരുങ്ങി നിൽക്കുന്ന വെള്ളിമീനുകൾ മാതിരി. പുറം ലോകത്തിന്റെ വെളിച്ചത്തിൽ ശ്വാസം മുട്ടുന്ന, വെളിച്ചത്തിൽ കണ്ണഞ്ചുന്ന അവർ, പെട്ടെന്ന് ആരെങ്കിലും വന്നാൽ, വിരൽ കൊണ്ടു തൊട്ട കുളത്തിലെ പരൽമീനുകൾ പോലെ ഒറ്റക്ഷണത്തിൽ ആഴങ്ങളിലേക്ക് മറയുന്നവർ. ഇരുട്ടിൽ മാത്രം ഊറ്റം കൂടുന്നവർ. ഒരു രൂപയ്ക്കു പോലും സുഖം വാഗ്ദാനം ചെയ്ത ത്ധാൻസിയിലെ പത്തു വയസ്സുകാരി മുതൽ കള്ളിയങ്കാട്ട് നീലിയെപ്പോലെ രാവേറുമ്പോൾ ചുവറു വച്ചെത്തുന്ന അകത്തമ്മമാർ വരെ എത്രയോ പെൺ‌ ജന്മങ്ങൾ. ‘നാഞ്ചിനാട്ടിലെ യക്ഷികൾ’ പോലൊന്ന് മലയാളത്തിൽ എഴുതിയതിന് നാം തീർച്ചയായും ജയമോഹനനോട് കടപ്പെട്ടിരിക്കുന്നു.

വടശ്ശേരി കനകം മൂലം ചന്തയിലെ വള്ളിയമ്മയെക്കുറിച്ച് പറയുന്നുണ്ട് ജയമോഹൻ. കരുണയുള്ളവൾ, കാൽക്കാശു കൊടുത്താലും കനിഞ്ഞ് കെട്ടിയവളേക്കാൾ സ്നേഹിക്കുന്നവൾ. കാശില്ല, കാമം ഉണ്ടെന്നു ഒരാൾ വന്നാൽ മടക്കി അയക്കാറില്ല. ‘മനുഷ്യന് രണ്ടു വിശപ്പാണ്. അന്തമിട്ട പുണ്യം അവൾക്കും ഉണ്ടായിരുന്നു’ എന്ന് വലിയ കോനാർ പറയും. അവളുടെ അഴകുകണ്ട് വലിയ തമ്പുരാക്കൾ കൊട്ടാരം കെട്ടിത്തരാമെന്ന് പറഞ്ഞെങ്കിലും വടശ്ശേരി വിട്ട് അവളെങ്ങും പോയില്ല. അണഞ്ചപ്പെരുമാൾ നീരുകെട്ടി ചാവാൻ കിടന്നപ്പോഴും ജ്വരവേഗത്തിൽ വള്ളി! വള്ളി! എന്നു പറഞ്ഞു കൊണ്ടിരുന്നു. പന്ത്രണ്ടു ദിവസം ശ്വാസം വലിച്ചിട്ടും മരണം എത്തിയില്ല. പതിനാലു കഴിഞ്ഞാൽ സ്വർഗം കിട്ടില്ല. വൈദ്യർ വള്ളിയമ്മയെ വരുത്തി. വള്ളിയമ്മ പിള്ളയുടെ തലയെടുത്തു സ്വന്തം മുലകളിൽ അമർത്തിയപ്പോൾ ചിരിച്ചു കൊണ്ട് മൂത്തപിള്ള മരിച്ചു. താംബൂലം മാത്രം പ്രതിഫലം വാങ്ങി വള്ളിയമ്മ മടങ്ങി. അവൾ മരിച്ചപ്പോൾ കാക്കും പെരുമാൾ അവൾക്കൊരു ചെറുകോവിൽ പണിതു. ഇന്നത് വലിയൊരു ക്ഷേത്രമാണ്. കൊച്ചുകുട്ടികൾക്ക് രോഗശമനത്തിനായി അവിടെ നെയ്‌വിളക്കു കഴിച്ചപ്പോൾ ഉടൻ രോഗശമനം. “ശ്രീബുദ്ധ കഥയിലെ വസുമിത്രയെപ്പോലുണ്ട് ജയമോഹന്റെ വള്ളിയമ്മ. വസുമിത്ര എന്ന ബുദ്ധവേശ്യയെ പ്രാപിച്ചവരൊക്കെ പ്രബുദ്ധരായി എന്നു കഥ.” – അവതാരികയിൽ കൽ‌പ്പറ്റ നാരായണൻ പറയുന്നു.

അസംതൃപ്തരായ ഓരോ സ്ത്രീയിലും യക്ഷിയെ കണ്ടെത്തുന്നുമുണ്ട് ജയമോഹൻ. ക്രൂരനും ദുർബലനുമായ പുരുഷന്റെ കാമവും ഭയവും കുറ്റബോധവും സൃഷ്ടിക്കുന്ന യക്ഷി സങ്കൽ‌പ്പങ്ങൾ. വഴിയാത്രക്കാരന്റെ മുന്നിലേക്കിറങ്ങി വന്ന് നിലാവിന്റെ മായികയിൽ പലമടങ്ങായ ലാവണ്യവുമായി. ഒന്നു കൂടി കനത്ത മാറിടത്തോടെ ‘വെറ്റിലയിൽ തേയ്ക്കാനൽ‌പ്പം ചുണ്ണാമ്പ് തരുമോ?’ എന്ന് അവൾ ചോദിക്കുന്നു. ഇതിലും ഭംഗിയിൽ, തീവ്രമായി എങ്ങനെയാണ് ഒരു സ്ത്രീ രതിപ്രാർഥന നടത്തുക? ചുട്ടുപൊള്ളുന്ന കാമത്താൽ നിസ്സീമമായ സൌന്ദര്യം കൈവഴിയുന്ന വിജനത അവനെ മാളികയെന്ന് തോന്നിപ്പിച്ച പനമുകളിലെത്തിക്കുന്നു. എല്ലും തോലുമാവും വരെ അനുഭവിച്ച് വലിച്ചെറിയുന്നു. കഥകളിലൂടെയും ജീവിതത്തിലൂടെയും ആവർത്തിക്കപ്പെടുന്ന യക്ഷിക്കഥകൾ! ‘ഒന്ന് നീങ്ങിയിരിക്കൂ ചേട്ടാ..’ എന്ന് കുട്ടിയേയുമെടുത്ത് നിൽക്കുന്ന ഈ മെലിഞ്ഞ കുട്ടി പോലും യക്ഷിയാവാം എന്ന് ജയമോഹൻ. കാമമുള്ള പുരുഷന്റെ കണ്ണിൽ നിന്ന് ഒളിക്കാനാവാത്ത യക്ഷി. പല തലമുറകളായി അനുഭവിച്ച അസംതൃപ്തിക്കും അപമാനത്തിനും ഒരു ദിവസം ഒരുവളിലൂടെ അവൾ പകരംവീട്ടുക തന്നെ ചെയ്യുന്നു. അസാധാരണമായൊരു അഴകുണ്ട് ജയമോഹന്റെ ഗദ്യത്തിന്.

സംസ്കാര ചരിത്രവും നരവംശശാസ്ത്രവും വായിച്ച് ആളുകൾ തെറ്റുകുറ്റങ്ങളുള്ളവരല്ല, സവിശേഷതകളുള്ളവർ എന്ന് തിരിച്ചറിയുന്നു ജയമോഹൻ. നിത്യകാമുകിയായ അരുൺ‌മൊഴിക്കും മക്കളായ ചൈതന്യയ്ക്കും അജിത്തിനുമൊപ്പം, ഞൊടിയിട കൊണ്ടു പോലും നിത്യരാകുന്ന കഥാപാത്രങ്ങൾക്കൊപ്പം ഓരോ വാക്കിലും ജീവിതത്തിന്റെ ആശ്ചര്യം കാട്ടിത്തരുന്നു ഈ എഴുത്ത്.

നാട്ടുഭാഷയിൽ നിന്ന് അകന്നു പോകുന്ന മലയാളിയെക്കുറിച്ച് പരിതപിക്കുന്നുമുണ്ട് ജയമോഹൻ. സ്വന്തം സംസ്കാരത്തിന്റെ അടിത്തട്ടിനെ ഇത്രയേറെ വെറുക്കുന്ന ഒരു ജനത ഇന്ത്യയിൽ വേറെയില്ല. മലയാളി നാട്ടുഭാഷയെ ഭയപ്പെടുന്നു, ഒളിച്ചു വെക്കുന്നു. അത് ഹീനമാണെന്നും സംസ്കാരമില്ലാത്തതാണെന്നും കരുതുന്നു. എവിടെയുംവള്ളുവനാടൻ ഭാഷയാണ്. വള്ളുവനാടൻ എന്നതും ഒരു പൊതു പ്രയോഗം മാത്രമാണ്. സത്യത്തിൽ അത് വള്ളുവനാടൻ നമ്പൂതിരി ഭാഷ. നമ്പൂരിത്തം കിട്ടാൻ വേണ്ടി ആഢ്യനായൻ‌മാർ മെനക്കെട്ട് സംസാരിക്കുന്നത്. പല നടിമാരും അഭിമുഖങ്ങളിൽ സ്വന്തം നാട്ടുഭാഷ പ്രയോഗിച്ചു പോകാറുണ്ട്. ഒരു നായികയും തിരുവനന്തപുരം ഭാഷയോ കണ്ണൂർ ഭാഷയോ സംസാരിക്കാറില്ല. നടുക്കുനിന്ന് അരിച്ചു കളയുന്ന ആ ‘ഫിൽറ്റർ’ ഏതാണ്?

“ഒരു കുടം നെല്ലു തരാം പെണ്ണിനെ വിടടാ തുലുക്കാ”, “ഒരു കുടം നെല്ലു വേണ്ട പെണ്ണിനെ വിട്ടൂല്ലട തുലുക്കൻ” എന്ന് നാഞ്ചിനാട്ടിലെ കുട്ടികൾ കളിക്കുമ്പോൾ, അക്രമികൾ കടത്തിക്കൊണ്ടു പോയി പണയമാക്കിവെച്ച സ്ത്രീകളെ നെല്ലും പൊന്നും കൊടുത്ത് മടക്കിക്കൊണ്ടുവന്ന ഒരു കാലത്തിന്റെ തീരാവേദനയാണ് ഓർക്കേണ്ടതെന്ന് ജയമോഹൻ പറയുന്നു. ‘എന്റെ അമ്മയുടെ കുടുംബകഥയിൽ കളക്കൊട്ടു നിന്ന് എത്തിയ മറവർ വീടു പൊട്ടിച്ച് അകത്തുകടന്ന് അവിടെയുണ്ടായിരുന്ന അമ്മച്ചിമാരെ പുളിമരത്തിൽ കെട്ടിത്തൂക്കി വലിയ ആട്ടുകല്ല് കെട്ടിയിട്ടു. അവരിൽ നിന്ന് അറയുടെ താക്കോൽ വാങ്ങി കുത്തിപ്പൊട്ടിച്ചപ്പോൾ കല്ലു ചേർത്ത നെല്ലാണ് കണ്ടത്. കൊണ്ടു പോകാനാവില്ല. അമ്മച്ചിമാരെ അങ്ങനെ തന്നെ ഇട്ട് അവർ പോയി. നട്ടെല്ലുപൊട്ടി അവർ അലറി മരിച്ചു.‘ നാഞ്ചിനാടിന്റെ ചരിത്രങ്ങളും പുരാവൃത്തങ്ങളും നമുക്കു മുന്നിൽ ചുരുളഴിഞ്ഞു വരുന്നു.

‘‘കേരളം എന്നു ഞാനുദ്ദേശിക്കുന്നത് എന്റെ മണ്ണിന്റെ വലിയൊരു ചിത്രത്തെയാണ്. പുസ്തകങ്ങളിൽ നിന്നോ വരപ്പടങ്ങളിൽ നിന്നോ എനിക്കൊരു ചിത്രവും കിട്ടാറില്ല. ഈ മണ്ണിന്റെ എല്ലാ കോണുകളിലും ഞാൻ അലഞ്ഞു തിരിഞ്ഞിട്ടുണ്ട്. മൂവായിരം പേഗുകളോളം ഈ മണ്ണിനെപ്പറ്റി എഴുതിക്കഴിഞ്ഞിട്ടും പറയാത്തവയാണ് കൂടുതൽ. അതെ, എഴുതാനിരിക്കുന്നതേയുള്ളു.” ഇനിയും പറയാത്ത കഥകൾക്കു കാതോർത്തു കൊണ്ട്, ഇനിയും അത്ഭുതങ്ങൾ ജയമോഹന്റെ വിരലുകൾ സൃഷ്ടിക്കുന്നതും കാത്തിരിക്കാം. പഴയ മണ്ണിന്റെ വീറിൽ നിന്നും മുളച്ചു പൊന്തുന്ന ആ കഥകൾ, രണ്ടു തലമുറയ്ക്കപ്പുറം എന്തെന്നറിയാത്ത മലയാളിക്ക് പ്രചോദനമാവട്ടെ.

6 comments:

 1. ജയമോഹനെപ്പറ്റി.സന്തോഷം തോന്നുന്നു.

  ReplyDelete
 2. വായിച്ചിട്ടില്ല. എന്തായാലും വായിക്കണം. ജയമോഹനെ വായിക്കാനായി മാത്രം ഒരുപാടുകാലം മാധ്യമം ആഴ്ചപ്പതിപ്പ് വാങ്ങിയ കാലമുണ്ടായിരുന്നു.

  ReplyDelete
 3. Wow.....

  nothing more to say, other than a promise to keep coming back, again and again....!!

  ReplyDelete
 4. വായിച്ചിട്ടില്ല. എന്തായാലും വായിക്കണം.

  ReplyDelete
 5. ഇത് ഞാന്‍ വായിച്ചിരിക്കും. നൂറു തരം...........സസ്നേഹം

  ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?