Sunday, June 19, 2011

റോസാദലങ്ങള്‍

പുസ്തകം : റോസാദലങ്ങള്‍
രചയിതാവ് : എസ്‌.ജയചന്ദ്രന്‍ നായര്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്‌
അവലോകനം : ബിജു.
സി.പി




വൈവിധ്യ പൂര്‍ണമായ വിസ്‌മയലോകങ്ങളിലേക്കുള്ള കവാടമാണ്‌ ഓരോ പുസ്‌തകവും. പട്ടിണിയായ മനുഷ്യന്‌ പുത്തനൊരായുധമായും ജിജ്ഞാസുക്കള്‍ക്ക്‌ അറിവിന്റെയും അനുഭവങ്ങളുടെയും അക്ഷയ ഖനിയായും പുസ്‌തകങ്ങള്‍ ഒപ്പം ചേരുന്നു. അക്ഷരസ്‌നേഹികള്‍ക്ക്‌ വായന പ്രഭാതഭക്ഷണം പോലെ ഒരു നിത്യശീലമാണ്‌. അത്‌ നമുക്ക്‌ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജവും വളരാനുള്ള പോഷകവും നല്‍കും. അതില്ലെങ്കില്‍ ഊര്‍ജമില്ലാതെ ചടച്ചും വളര്‍ച്ച മുരടിച്ചും പോകും. വായനയുടെ മഹാസഞ്ചാരങ്ങള്‍ക്കിടെ താനെത്തിച്ചേര്‍ന്ന്‌ വിസ്‌മയലോകങ്ങളെക്കുറിച്ചുള്ള വിവരണങ്ങളാണ്‌ എസ്‌.ജയചന്ദ്രന്‍ നായരുടെ റോസാദലങ്ങളെന്ന പുസ്‌തകം. കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകരിലൊരാളാണ്‌ സമകാലിക മലയാളം വാരികയുടെ പത്രാധിപരായ എസ്‌.ജയചന്ദ്രന്‍ നായര്‍. വിവിധ വിഭാഗങ്ങളില്‍പ്പെട്ട 129 വിശ്വോത്തരകൃതികളെക്കുറിച്ചുള്ള വായനാനുഭവങ്ങളുടെ സമാഹാരമാണ്‌ ഈ പുസ്‌തകം. പുസ്‌തകങ്ങളെക്കുറിച്ചുള്ള നിരൂപണമോ വിലയിരുത്തലോ അല്ല, മറിച്ച്‌ ഓരോ പുസ്‌തകവും നല്‍കിയ വായനാനുഭവത്തെക്കുറിച്ച്‌ ഒരാസ്വാദകന്റെ ആഹ്ലാദക്കുറിപ്പുകളാണ്‌ ഓരോ ലേഖനവും. മഹാഗ്രന്ഥങ്ങളിലേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന കൈപ്പുസ്‌തകം. (പേജ്‌ 535. വില 325)

ഫിഡല്‍ കാസ്‌ട്രോയുടെ ഇതിഹാസ ജീവിതത്തെക്കുറിച്ച്‌ ഇഗ്നേഷ്യോ റമോനെ രചിച്ച മൈ ലൈഫ്‌ എ സ്‌പോക്കണ്‍ ഓട്ടോ ബയോഗ്രഫി, ആ വിശിഷ്ട ജീവിതത്തിലേക്ക്‌ നമ്മെ കൈ പിടിച്ചു കൊണ്ടുപോകുന്നതിനെക്കുറിച്ചുള്ള അനുഭവവിരണമാണ്‌ ഈ കുടന്നയിലെ ആദ്യത്തെ റോസാദലം. ഇതിലെ ലേഖനങ്ങളിലേറെയും മഹാത്മാക്കളുടെ ജീവ ചരിത്രഗ്രന്ഥങ്ങളെക്കുറിച്ചുള്ള വായനക്കുറിപ്പുകളാണ്‌. മഹാജീവിതങ്ങള്‍ നയിച്ച ആചാര്യവ്യക്തിത്വങ്ങളെക്കുറിച്ചുള്ള മഹാ ഗ്രന്ഥങ്ങള്‍. അതിനൊപ്പം തന്നെയുണ്ട്‌ വിശിഷ്ടനോവലുകളിലൂടെയുള്ള വായനായാത്രയുടെ ആസ്വാദനക്കുറിപ്പുകളും. മാവോയുടെ ജീവിതത്തെക്കുറിച്ചും സദ്ദാം ഹുസൈന്റെ ജീവിതത്തെക്കുറിച്ചും ഗാന്ധിജിയുടെ ബ്രഹ്മചര്യപരീക്ഷണങ്ങളെക്കുറിച്ചു വിവരിക്കുന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബ്രഹ്മചര്യ ഗാന്ധി ആന്‍ഡ്‌ ഹിസ്‌ വിമന്‍ അസ്സോസിയേറ്റ്‌സ്‌ എന്ന പുസ്‌തകത്തെക്കുറിച്ചുള്ള സാമാന്യം വിശദമായ ലേഖനവും വ്യത്യസ്‌ത രാഷ്ട്രീയ ധാരകളിലുള്ള മഹാജീവിതങ്ങളിലേക്ക്‌ വെളിച്ചം വീശുന്നു. ദാസ്‌ക്യാപ്പിറ്റലിന്റെ ജീവചരിത്രം മാര്‍ക്‌സിന്റെയും എന്ന ലേഖനത്തില്‍ നിന്ന്‌ കാള്‍ മാര്‍ക്‌സ്‌ എന്ന സാധാരണ മനുഷ്യനെ നമുക്കു പരിചയപ്പെടാന്‍ കഴുയുന്നു. സംഗീതജ്ഞരുടെയും ചിത്രകാരന്മാരുടെയും തത്ത്വചിന്തകരുടെയും ജീവിതവിവരണങ്ങളുടെ വായനാനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ ആ വിശിഷ്ടവ്യക്തിത്വങ്ങളെക്കുറിച്ച്‌ നല്ലൊരു വിവരണം കൂടിയാകുന്നുണ്ട്‌ അവ.

കോപ്പന്‍ ഹേഗന്‍ സ്‌കൂളിനെക്കുറിച്ചും ഇംപ്രഷണിസ്‌റ്റ്‌ ചിത്രകാരന്മാരെക്കുറിച്ചും മനുഷ്യരാശിയുടെ പുരോഗതിയുടെ ചരിത്രത്തെക്കുറിച്ചും തീവ്രവാദത്തിന്റെ നിര്‍വചനത്തെക്കുറിച്ചുമെല്ലാമുള്ള പുസ്‌തകങ്ങള്‍ വൈവിധ്യമാര്‍ന്ന അനുഭവലോകങ്ങളിലേക്കുള്ള വാതായനങ്ങളാണ്‌. പമേല മൗണ്ട്‌ബാറ്റണ്‍ ഇന്ത്യയെക്കുറിച്ചെഴുതിയ പുസ്‌തകവും നെഹ്രുവിനെക്കുറിച്ച്‌ വാള്‍ട്ട്‌ ക്രോക്കര്‍ എഴുതിയ പുസ്‌തകവും ഇന്ദിരാ ഗാന്ധിയുടെ വ്യക്തിത്വത്തിന്റെ അപരിചിതമുഖങ്ങള്‍ ദീപ്‌തമാക്കുന്ന ഉഷാഭഗത്തിന്റെ പുസ്‌തകവുമൊക്കെ അവതരിപ്പിക്കുമ്പോള്‍ വായനയുടെ നിഷ്‌കളങ്ക കൗതുകം ആസ്വദിക്കുന്ന ഒരു കുട്ടിക്കൗതുകം പുലര്‍ത്തുന്നു റോസാദലങ്ങള്‍. സംഗീതലോകത്തെ വിസ്‌മയജീവിതങ്ങള്‍ അവതരിപ്പിക്കുന്ന ആറേഴു ലേഖനങ്ങളുണ്ട്‌. ഇന്നും വിസ്‌മയിപ്പിക്കുന്ന ദുരൂഹതകള്‍ കൊണ്ട്‌ അലുക്കുകള്‍ ചാര്‍ത്തിയ അന്നപൂര്‍ണാദേവിയുടെ മഹാമൗനത്തെക്കുറിച്ച്‌ എഴുതിയിട്ടുള്ള ആന്‍ അണ്‍ഹേഡ്‌ മെലഡി എന്ന പുസ്‌തകത്തെക്കുറിച്ചും അന്നപൂര്‍ണാ ദേവിയുടെ ശിഷ്യനായ ലോകോത്തര പുല്ലാങ്കുഴല്‍ പ്രതിഭയായ ഹരിപ്രസാദ്‌ ചൗരസ്യയെക്കുറിച്ചുള്ള റൊമാന്‍സ്‌ ഓഫ്‌ ദ ബാംബൂ റീഡ്‌,ഹിന്ദുസ്ഥാനിയുടെ അഭൗമരാഗതാളങ്ങള്‍ കൊണ്ട്‌ ശ്രോതാക്കളെ ആനന്ദിപ്പിക്കുകയും ജീവിതത്തിന്റെ നൊമ്പരപ്പാടുകള്‍ക്കുമേല്‍ പേലവമായ ഒരാശ്വാസലേപനമായി സംഗീതത്തെ മാറ്റിത്തീര്‍ക്കുകയും ചെയ്‌ത ദ മ്യൂസിക്‌ റൂം തുടങ്ങിയ പുസ്‌തകങ്ങളെക്കുറിച്ചുമുള്ള ലേഖനങ്ങള്‍ സംഗീതം പോലെ മധുരതരമാണ്‌.

പുസ്‌തകത്തിലെ വലിയൊരു പങ്കു ലേഖനങ്ങളും വശിഷ്ടനോവലുകളെക്കുറിച്ചും നോവലിസ്‌റ്റുകളെക്കുറിച്ചുമുള്ളവയാണ്‌. ദസ്‌തയേവ്‌സ്‌കിയും മാര്‍കേസും യോസയും കുന്ദേരയും കാര്‍ലോസ്‌ ഫ്യുവെന്തസും ബോര്‍ഹസും മാഴ്‌സല്‍ പ്രൂസ്‌തും കവാബാത്തയും ഓര്‍ഹന്‍ പാമുക്കും മുതല്‍ ജുംപാലാഹിരിയും രാജാ അല്‍സാനിയയും അനുരാധാ റോയിയും വരെയുള്ള സാഹിത്യലോകത്തെ മഹാസംഭവങ്ങളെയും മഹാവ്യക്തികളെയും പുതുമുറക്കാരെയുമൊക്കെ ലളിതമായും ഹൃദ്യമായും അനുഭവിപ്പിക്കുന്ന ലേഖനങ്ങള്‍. റോസാദലങ്ങളില്‍ കേരളം കടന്നു വരുന്നത്‌ ഒരു പുസ്‌തകത്തിലൂടെയാണ്‌. അതും ഇസ്രായേല്‍ വഴി കേരളത്തിലേക്ക്‌. കൊച്ചിയിലെ ജൂതസമൂഹത്തിന്റെ കഥ പറയുന്ന ദ ലാസ്റ്റ്‌ ജ്യൂസ്‌ ഓഫ്‌ കേരള എന്ന എഡ്‌നാ ഫോര്‍ണാണ്ടസിന്‍െ കൃതിയിലൂടെ. ഇരുന്നൂറ്റി എണ്‍പത്താറു ലൈബ്രറികളില്‍ നിന്നായി ഇരുപതു ദശലക്ഷം ഡോളര്‍ വിലയുള്ള പുസ്‌തകങ്ങള്‍ മോഷ്ടിച്ച മഹാനായ പുസ്‌തക മോഷ്ടാവ്‌ സ്‌റ്റീഫന്‍ ബ്ലൂംബെര്‍ഗിന്റെ ചരിത്രം വിവരിക്കുന്ന എ ജെന്റ്‌ില്‍ മാഡ്‌നെസ്‌ എന്ന പുസ്‌തകത്തെക്കുറിച്ചുള്ള ലേഖനം വായിക്കുമ്പോളറിയാം അക്ഷര സ്‌്‌നേഹികള്‍ക്ക്‌ പുസ്‌തകം ഒരു വികാരമായിരിക്കുന്നത് എങ്ങിനെയെന്ന്. പുസ്‌തകങ്ങളുടെ മഹാ പ്രപഞ്ചത്തിലേക്ക്‌ വായനക്കാരെ സ്‌നേഹത്തോടെ കൂട്ടിക്കൊണ്ടു പോവുകയും ഓരോ പുസ്‌തകവും തേടിപ്പിടിച്ചു വായിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ്‌ ഇതിലെ ലേഖനങ്ങളെല്ലാം.

1 comment:

  1. പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന ഈ ഉദ്യമത്തിനു നന്ദി. ഈ കുറിപ്പ് റോസാദലങ്ങള്‍ എന്ന പുസ്തകവും വായിക്കേണ്ട പുസ്തകങ്ങളുടെ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ പ്രേരകമായി.

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?