Sunday, August 21, 2011

ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍

പുസ്തകം : ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍
രചയിതാവ് : എന്‍. എസ്‌. മാധവന്‍

പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : deepdowne
ബുക്കീക്കൂടി എന്‍. എസ്‌. മാദവന്‍ എന്ന വല്ലാണ്ട്‌ സന്തോശിപ്പിച്ച്‌! ഇത്‌ എന്റ നാടിന്റ കതേണ്‌. എന്റ കതതന്നെ. ഇതെറങ്ങിയട്ട്‌ കൊറച്ച്‌ വര്‍ഷോയെങ്കിലും ഇപ്പഴാണ്‌ വായിക്കണത്‌. കൊച്ചിട കതേണ്‌ ഇതെന്ന് ഞാനറിഞ്ഞിര്‌ന്നില്ല. ലന്തന്‍ബത്തേരീന്ന്‌ കേട്ടപ്പ തോന്ന്യത്‌ 'ലണ്ടന്‍' ബത്തേരീന്ന് ഭാവനേലാ ശെരിക്ക്വാ ഒര്‌ സലം കാണുവെന്നും അതിന ആള്‍ക്കാര്‌ 'ലന്തന്‍'ബത്തേരീന്ന് വിളിക്കണതുവായിരിക്കും എന്നാണ്‌. പക്ഷെ വായിച്ചപ്പഴല്ലെ മനസ്സിലായത്‌ ഈ ലന്തന്‍ബത്തേരീന്ന്‌ പറയണത്‌ ബോള്‍ഗാട്ടിനേണ്‌ന്ന്‌! മാദവനാണ്‌ ശരിക്കും കൊച്ചിക്കാരന്‍. ചെറ്‌പ്പം മൊതലേള്ള കൊച്ചിട ഓര്‍മ്മകള്‌ നഷ്ടപ്പെടാതെ മനസ്സീക്കൊണ്ട്‌നടന്ന്. കൊച്ചിന ഇത്രേം ഹൃദയത്തിന്റട്‌ത്ത്‌ വെച്ചേക്കണ വേറ എഴ്‌ത്ത്‌കാര്‌ണ്ടാ? എനിക്കറിയില്ല. കൊച്ചീല നസ്രാണികള്‌ട ബാഷ അതേപോല പകര്‍ത്തീട്ട്‌ണ്ട്‌. ഇതിന്‌മുമ്പ്‌ ഇങ്ങന കണ്ടട്ട്‌ള്ളത്‌ കാലിദിന്റ ഒരേ ദേശക്കാരായ ഞങ്ങളില്‍ മാത്രോണ്‌. പക്ഷെ അത്‌ കൊച്ചീല മട്ടാഞ്ചേരീലും ഫോര്‍ട്ട്‌കൊച്ചീലുവുള്ള കാക്കാമാര്‌ട ബാഷേണ്‌. രണ്ടും എന്റ ബാഷേണ്‌. ഫോര്‍ട്ട്‌കൊച്ചീല്‌ മട്ടാഞ്ചേരിട അതിരിനോടട്‌ത്തുള്ള കാക്കാമാര്‌ട പ്രദേശോയ കുന്നുമ്പ്രത്ത്‌ ജനിച്ച്‌ പിന്ന നസ്രാണികള്‌ട സലോയ പട്ടാളത്തേക്ക്‌ പറിച്ച്‌നടപ്പെട്ട എനിക്ക്‌ രണ്ട്‌ ബാഷേം കിട്ടി. അതവാ, രണ്ടും നേരേചൊവ്വേ കിട്ടീല. പകരം രണ്ടിന്റേം കൂടിക്കൊഴഞ്ഞ ഒര്‌ മൂന്നാം ബാഷ കിട്ടി. അല്ല, അതും ശരിയല്ല. ആ മൂന്നാം ബാഷ മാദവന്റെ തലമൊറട സമയത്താണ്‌. ഞാ ന്‍ അത്‌കഴിഞ്ഞ്‌ള്ള തലമൊറേല്ലെ? അപ്പ അതിന്റ മാറ്റോണ്ട്. അദായത്‌ ഒര്‌ നാലാം ബാഷേണ്‌ ഇപ്പ എന്റ കയ്യില്‌ള്ളത്‌.


എന്നെസ്സ്‌ മാദവന്‍ പറയണ കാലത്ത്‌ ഞാന്‍ ജീവിച്ചട്ടില്ല. എന്നട്ടും മാദവന്‍ ചെറ്‌പ്പത്തീ കണ്ടട്ട്‌ള്ള കാര്യങ്ങള്‌ം കാഴ്ചകളുവെക്ക ഞാനും കണ്ടട്ടുള്ളത്‌ പോലെ തോന്നിപ്പോണ്‌ വായിക്കുമ്പ. ഒര്‌ തലമൊറക്ക്‌ ശേഷോള്ള കാര്യങ്ങളാണ്‌ എനിക്കറിയണത്‌, എന്നട്ടും. പിന്ന, മെഹ്ബൂബിന ഞാനും കണ്ടട്ട്‌ണ്ട്‌. തറവാട്ടിലെപ്പഴും വരുവായിര്‌ന്ന്‌. എന്ന രസിപ്പിക്കാന്‍ വേണ്ടി തലയാട്ടിച്ചിരിച്ച്‌കൊണ്ട്‌ നയാപൈസയില്ലാ, കൈയ്യിലൊര്‌ നയാപൈസയില്ലാ എന്ന പാട്ട്‌ പാടിയ ആ രൂപം എനിക്കോര്‍മ്മ്‌ണ്ട്‌. എല്ല്‌ംതോലുവായ ഒരു ജുബ്ബാകാരന്റ രൂപോണ്‌ മനസ്സില്‌. പക്ഷെ അന്നൊന്നും എനിക്കറിയാമ്പാടില്ലായിര്‌ന്ന്‌ അത്‌ നാടറിയണ പാട്ട്‌കാരന്‍മെഹബൂബാണ്‌ന്ന്‌. മെഹ്ബൂബ്‌ മരിച്ച്‌ കൊറേ വര്‍ഷോം കഴിഞ്ഞട്ട്‌ ഉമ്മ പറഞ്ഞപ്പഴാണ്‌ ഞാനറിയണത്‌ അത്‌ മെഹ്ബൂബായിര്‌ന്ന്‌ന്ന്‌.


ഈ ബുക്കീക്കൂടി എനിക്കെന്റ ഒര്‌ സംശയത്തിന്റ മറ്‌വടി കിട്ടീന്നാണ്‌ തോന്നണത്‌. ഫോര്‍ട്ട്‌കൊച്ചീല ആംഗ്ലോ-ഇന്ത്യക്കാര്‌ പോര്‍ട്ട്‌ഗീസ്‌ പാരമ്പര്യക്കാരായട്ടും അവര ആംഗ്ലോ എന്ന് വിളികണതെന്ത്വൊണ്ടാണ്‌ന്നായിര്‌ന്ന്‌ എന്റ കൊറേക്കാലോയട്ടുള്ള സംശയം. പക്ഷെ മാദവന്‍ പറയണത്‌ സത്യോണെങ്കി ബ്രിട്ടീഷ്‌കാര്‌ട ഉത്തരവായിര്‌ന്ന് യൂറോപ്പ്‌ പാരമ്പര്യുള്ള എല്ലാരും-- അത്‌ പോര്‍ട്ട്‌ഗീസാകട്ടെ (ചൂച്ചി?), ഡച്ച്‌(ലന്തന്‍)ആകട്ടെ, ഫ്രഞ്ച്‌(പറങ്കി)ആകട്ടെ, ഇംഗ്ലീശാകട്ടെ-- ഇനിമുതല്‍ ആംഗ്ലോ ഇന്ത്യക്കാരെന്നേ അറിയപ്പെടൊള്ളൂന്ന്‌. പക്ഷെ ഈ ബുക്ക്‌ വായിച്ചട്ടും മാറാത്ത വേറൊര്‌ സംശ്യുണ്ട്‌: യൂറോപ്പ്‌കാര്‌ നമ്മട കുര്‌വൊളകും മറ്റ്വൊക്ക കൊറേ കൊണ്ടോയ്‌ന്ന്‌ കേട്ടട്ട്‌ണ്ട്‌. പക്ഷെ നമ്മള്‌തന്നെ ദിവസോം എല്ലാ ബക്ഷണത്തിലും കുര്‌വൊളകും കറയാമ്പുവൊന്നും ഉപയോഗിക്കണില്ല. പിന്ന ഇതുവായി ഒരു ബന്ദോമില്ലാത്ത ബക്ഷണോണ്ടാക്കണ യൂറോപ്പ്‌കാര്‍ക്ക്‌ എന്തിനായിര്‌ന്ന്‌ ഇവിടന്ന്‌ ഇത്രേം സുഗന്ദവ്യജ്ഞനങ്ങള്‌? ഈ ബുക്കിലിതേകാര്യം സൂജിപ്പിക്കണ്‌ണ്ട്‌. പക്ഷെ എന്തിനാണ്‌ന്നുള്ള ഉത്തരമില്ല. ആര്‍ക്കെങ്കിലും അറിയോ?


തീരെ ബന്ദമില്ലന്ന്‌ തോന്നണ കാര്യങ്ങള്‌ തമ്മില്‌ പരസ്പരം ബന്ദിപ്പിക്കേം അത്‌ മനോഹരോയ രീതിയിലവതരിപ്പിക്കേം ചെയ്യണത്‌ ഈ ബുക്കിലുടനീളം കാണ. അതൊര്‌ കഴിവ്‌തന്നേണ്‌. ഇതിത്രേം ഭംഗിയാട്ട്‌ റഷ്ദിയല്ലാതെ വേറാരെങ്കിലും ചെയ്തട്ട്‌ണ്ടാ? അറിയില്ല. ചെല factual ആയിട്ട്‌ള്ള പെശക്‌കള്‌ ഈ ബുക്കില്‌ണ്ട്‌ന്ന്‌ ചെലര്‌ കണ്ട്‌പിടിച്ചട്ട്‌ണ്ട്‌. ഒരുദാഹരണം ഗുരുകുലത്തില്‌. പക്ഷെ എന്തെക്കെയായാലും ബുക്ക്‌ ആസൊദിക്കാന്‍ അതൊന്നും ഒര്‌ തടസ്സമാകണില്ല. പഴേ കൊച്ചി മുഴ്വനും കൈപിടിച്ച്‌ കൂടനടന്ന്‌ കാണിച്ച്‌തന്ന മാദവനോട്‌ കൊറച്ചൊന്നും നന്ദിപറഞ്ഞാപ്പോര. ബുദ്ദിജീവികള്‌ം നോവലിസ്റ്റ്‌കളും ഗവേശകരും സിനിമാക്കാരും കാണിച്ച്‌ തന്ന കൊച്ചിയല്ല. സാദാരണക്കാരന്റ കണ്ണീക്കൂടീക്കാണണ കൊച്ചി.

3 comments:

 1. നമ്മടെ കൊച്ചീന്റെ തനതു ശൈലീലുള്ള ഈ അവതരണം നമക്കങ്ങോട് നന്നായി പിടിച്ചിരിക്കണ്.എ മസ്റ്റ്‌ റീഡ് ഫോര്‍ "സ്മാര്‍ട്ടീസ് "(ഇനി ഈ പുസ്തകം വായിച്ചിട്ടേ മറ്റു കാര്യം ഉള്ളു).

  ReplyDelete
 2. കൊള്ളാം
  പുതിയ അവതരണ ശൈലി ചിലയിടങ്ങളില്‍ മടുപ്പ് ഉളവാക്കി

  ReplyDelete
 3. പരിചയപ്പെടുത്തല്‍ നന്നായിരിക്കുന്നു. പക്ഷേ എന്‍ എസ് മാധവനെ മാദവനാക്കണ്ടായിരുന്നു.

  ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?