Saturday, August 27, 2011

മഴക്കണ്ണാടി

പുസ്തകം : മഴക്കണ്ണാടി
എഴുതിയത് : ഇന്നസെന്റ്
പ്രസാധകര്‍ : ഒലിവ് പബ്ലിക്കേഷൻസ്
അവലോകനം : നിരക്ഷരൻ

ല്‍പ്പം നര്‍മ്മം എന്തെങ്കിലും വായിക്കാം എന്നുകരുതിയാണ് മഴക്കണ്ണാടി കൈയ്യിലെടുത്തത്. 'ഇത്രയധികം കഷ്ടതകളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയ ആളുകള്‍ എന്റെ പരിചയവലയത്തില്‍ അധികമില്ല' എന്നൊക്കെ ഇന്നസെന്റിനെപ്പറ്റി പറഞ്ഞ് അവതാരിക എഴുതിയിരിക്കുന്നത് സിനിമാനടന്‍ മോഹന്‍ലാല്‍ ആണ്. അതൊക്കെ ചുമ്മാ ഒന്ന് കൊഴുപ്പിക്കാന്‍ വേണ്ടി പറഞ്ഞതായിരിക്കും എന്നാണ് ആദ്യം തോന്നിയത്. പുസ്തകത്തിന്റെ പേജുകള്‍ മറിഞ്ഞുകൊണ്ടിരുന്നപ്പോള്‍ അപ്പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് ബോദ്ധ്യമായി. ചുരുക്കിപ്പറഞ്ഞാല്‍ നര്‍മ്മം വായിക്കാമെന്ന് കരുതി കൈയ്യിലെടുത്ത പുസ്തകത്തില്‍ നിന്ന് അനുഭവിക്കാനായത് ഏറെയും നൊമ്പരം തന്നെയായിരുന്നു.

'ഒറ്റഗിയറുള്ള വണ്ടി' എന്ന അനുഭവക്കുറിപ്പില്‍ കുട്ടമേനോന്‍ എന്ന ബാല്യകാല സുഹൃത്തിന്റെ പ്രവൃത്തികളിലൂടെ ചൊട്ടയിലെ ശീലം ചുടലവരെ എന്ന് എടുത്തുകാണിച്ചിരിക്കുന്നു. അയല്‍വാസിയായ കുട്ടമേനോന്റെ പേര് യഥാര്‍ത്ഥപേരുതന്നെ ആണെങ്കില്‍ ഇന്നസെന്റിനെ സമ്മതിച്ച് കൊടുക്കാതെ വയ്യ. പല ഓണക്കാലങ്ങളിലും ഓലക്കുടയും ചൂടി കുംഭയും കാണിച്ച് മാവേലിയായി കാസറ്റുകളുടെ പുറം ചട്ടയിലും, പത്രത്താളുകള്‍ അടക്കം മറ്റ് പലയിടങ്ങളിലും പ്രത്യക്ഷപ്പെടുന്ന ഇന്നസെന്റിന് ഓണമെന്നത് ഒരു തീരാവേദനയാണെന്നുള്ളത് 'തിരുവോണക്കണ്ണീര്‍' എന്ന കഥ അടിവരയിടുന്നു. അദ്ദേഹത്തിന്റെ തന്നെ വരികളില്‍ പറഞ്ഞാല്‍, 'തിരുവോണനാള്‍ വേദനയും കണ്ണീരും നിറഞ്ഞ ഒരു കരിമേഘമായാണ് എന്നെ വന്ന് വലയം ചെയ്യുന്നത്. കൂട്ടുകാര്‍ക്കൊപ്പം ഉണ്ടാക്കിയ ഓണക്കളം, മഴ വന്ന് ഒലിച്ചുപോയതിന്റെ വിഷമത്തിലിരിക്കുന്ന മകന്‍ സോണറ്റിനോടാണ്, ഇന്നസെന്റ് തന്റെ ഓണസങ്കടത്തിന്റെ കഥ പറയുന്നത്. 'അപ്പന്റെ അയ്യപ്പനേക്കാള്‍ വലുതല്ലപ്പാ എന്റെ പൂക്കളം' എന്ന സോണറ്റിന്റെ സ്വാന്തനത്തോടെ കഥ അവസാനിക്കുമ്പോള്‍ ആരുടെയും കണ്ണുകളില്‍ നനവ് പടരും.

'കരിഞ്ഞ നക്ഷത്രം' എന്ന അനുഭവകഥ തുടങ്ങുന്നത് നര്‍മ്മസ്വഭാവത്തോടെയാണെങ്കിലും അവസാനിക്കുന്നത് ഉള്ളിലെവിടെയോ ഒരു കനം ബാക്കിനിര്‍ത്തിക്കൊണ്ടാണ്. ചെറുപ്പകാലത്ത് കാണിച്ച നിര്‍ദ്ദോഷമായ ചില വികൃതികള്‍, ചിലരുടെയെങ്കിലും ഉള്ളില്‍ അല്‍പ്പമെങ്കിലും വേദനയുണ്ടാക്കി ഇപ്പോളും ബാക്കിനില്‍ക്കുന്നു എന്നത് ഒരു നീറ്റല്‍ തന്നെയാണ്. പുസ്തകത്തിന്റെ പേര് തന്നെ കൊടുത്തിരിക്കുന്ന 'മഴക്കണ്ണാടി' എന്ന കഥയില്‍ യൗവ്വനകാലത്തെ ഇന്നസെന്റിന്റെ നാട്ടുകാരായ ടൈലര്‍ പ്രഭാകരനും, ശാരദയുമൊക്കെ കടന്നുവരുന്നുണ്ട്. റോഡിലൂടെ മഴ നനഞ്ഞ് പോകുന്ന ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ശാരദയെ പ്രഭാകരന്‍ കമന്റടിക്കുന്നത്, ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ടില്‍ ഇന്നസെന്റ് അതൊക്കെ ആസ്വദിക്കുന്നത്, അതിന്റെ അനന്തരഫലങ്ങള്‍, വലിയ സിനിമാ നടനായതിനുശേഷം ഒരു ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വെച്ച് വീണ്ടും ശാരദയെ കണ്ടുമുട്ടുമ്പോള്‍, ശാരദയുടെ 'കുട്ടാ' എന്നൊരു വിളിയില്‍ ഇന്നസെന്റ് പഴയ ആ കൗമാരക്കാരനായ ഇന്നസെന്റാകുന്നത്, അവിടെവെച്ച് പെട്ടെന്ന് പെയ്ത മഴയില്‍ നനഞ്ഞൊലിച്ച് നടന്നകലുന്ന ശാരദയെ നോക്കി, ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ 'ശാരദേ തണുക്കുന്നുണ്ടോ?' എന്ന കുഴപ്പം പിടിച്ച ആ കമന്റ് ഇന്നസെന്റ് പാസ്സാക്കുമ്പോള്‍ ശാദരയുടെ കണ്ണുകള്‍ ഈറനാകുന്നത് കനത്ത മഴയ്ക്കിടയിലൂടെ ഇന്നസെന്റ് കണ്ടതുപോലെ വരികളിലൂടെ വായനക്കാരും കാണുന്നുണ്ട്.

പത്ത് കഥകളില്‍, 'നാടോടി' എന്ന ഒരു കഥ കുറേ നാള്‍ മുന്‍പ് 'ഇന്നസെന്റ് കഥകള്‍' എന്ന പേരില്‍ ടീവിയില്‍ കണ്ടതായി ഓര്‍ക്കുന്നു. എന്തായാലും ഇന്നസെന്റ് ചതിച്ചു എന്നേ ഞാന്‍ പറയൂ. അല്‍പ്പം ചിരിക്കാനുള്ള വക ഉണ്ടാകുമെന്ന് കരുതി വായിക്കാനെടുത്ത പുസ്തകം, ചിരി തന്നില്ലെന്ന് പറയുന്നില്ല. പക്ഷെ, ചിരി എന്ന വികാരം, മുഖത്തുനിന്നും മനസ്സില്‍ നിന്നും പെട്ടെന്ന് തന്നെ മാഞ്ഞുപോകും. നൊമ്പരത്തിന്റെ പാടുകള്‍ ഉള്ളിലും പുറത്തും ഒരുപാട് നേരം കനത്ത് കിടക്കുകയും ചെയ്യും. മുഖപടം അഴിച്ചുമാറ്റിയാല്‍ പല കോളാളികളുടേയും കവിളിലൂടെ കണ്ണീരൊലിച്ചിറങ്ങിയ ചാലുകള്‍ കാണാനാകുമെന്ന് മഴക്കണ്ണാടി സാക്ഷ്യപ്പെടുത്തുന്നു.

2 comments:

  1. avatharanam nannayi. theerchayayum vaangi vayikkanam ennu thonnunnundu.

    "മുഖപടം അഴിച്ചുമാറ്റിയാല്‍ പല കോളാളികളുടേയും കവിളിലൂടെ കണ്ണീരൊലിച്ചിറങ്ങിയ ചാലുകള്‍ കാണാനാകുമെന്ന് മഴക്കണ്ണാടി സാക്ഷ്യപ്പെടുത്തുന്നു.."
    generalise cheitu paranjathaavumnnariyam. ennalum
    oru sukhakkuravundu ee vachakathinu..

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?