Saturday, December 31, 2011

പട്ടം പറത്തുന്നവന്‍

പുസ്തകം : പട്ടം പറത്തുന്നവന്‍
രചയിതാവ് : ഖാലിദ് ഹൊസൈനി (വിവര്‍ത്തനം : രമാ മേനോന്‍)

പ്രസാധകര്‍ : ഡി.സി.ബുക്സ്

അവലോകനം : മുല്ല



ത്രനാളും ഞാനെന്തേ ഈ പുസ്തകം കാണാതെ പോയി എന്ന ചിന്തയിലാണു ഞാന്‍. ശരിക്കു പറഞ്ഞാല്‍ കാണാതെ പോയതല്ല. ഓരോ തവണയും പുസ്തകക്കടയിലെ അലമാരയില്‍ നിന്നും മറിച്ചു നോക്കി തിരിച്ച് അവിടെ തന്നെ വെക്കാറാണു പതിവ്. വായിക്കാന്‍ കൊള്ളില്ല എന്ന എന്റെ മുന്‍ വിധി, എത്രമാത്രം അബദ്ധമായിരുന്നെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു. മനസ്സിപ്പോഴും പൊട്ടിവീഴാന്‍ പോകുന്ന ആ പട്ടത്തിനു പിന്നാലെയാണു.

“ നിനക്ക് വേണ്ടി ഒരായിരം തവണ” എന്നു പറഞ്ഞ് അമീറിനൊപ്പം ഞാനും ആ പട്ടം വീഴാന്‍ പോകുന്ന സ്ഥലം മനസ്സില്‍ ഗണിച്ച് അങ്ങോട്ട് ഓടുകയാണു !!! എനിക്കുറപ്പുണ്ട് നിങ്ങളും വായനക്കവസാനം പുസ്തകം അടച്ചുവെച്ച് അങ്ങോട്ട് തന്നെ വരുമെന്ന്...

‘പട്ടം പറത്തുന്നവന്‍ ‘ ഖാലിദ് ഹൊസൈനിയുടെ ആദ്യ പുസ്തകമാണ്. അഫ്ഘാനിസ്ഥാനിലെ സമകാലിക സ്ഥിതിഗതികളും അവിടത്തെ കലുഷിതമായ രാഷ്ട്രീയ -മത ഘടനയും ,അതങ്ങെനെ ഒരു ജനതയെ മൊത്തം തീരാദുരിതങ്ങളിലേക്ക് തള്ളിയിട്ടുവെന്നും വിശദമാക്കുന്ന വിഖ്യാത നോവല്‍.

അഫ്ഘാനിസ്ഥാനിലെ കാബൂളിലായിരുന്നു ഹൊസൈനിയുടെ ജനനം , പിന്നീട് അഫ്ഘാനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് അമേരിക്കയില്‍ രാഷ്ട്രീയാഭയം തേടുകയായിരുന്നു ഹൊസൈനിയുടെ കുടുംബം. കാബൂളിലെ തന്റെ ബാല്യകാലം നോവലില്‍ ഹൊസൈനി വരച്ചിടുന്നുണ്ട്. ഒപ്പം പുഷ്തുകളും ഹസാരകളും തമ്മിലുള്ള വംശീയ സ്പര്‍ദ്ധയുടെ നേര്‍ക്കാഴ്ച്ചകളും നോവലിലുടനീളം പ്രതിഫലിക്കുന്നുണ്ട്.

ഹിന്തുക്കുഷ് പര്‍വതനിരകള്‍ക്കപ്പുറത്തെ ‘ഹസാരാജത്ത് ‘ ആണു ഹാസാരകളുടെ ജന്മദേശം. ബാമിയാന്‍ ടൌണ്‍ ഉള്‍പ്പെടുന്ന പ്രദേശം. ഭൂരിഭാഗവും ഷിയാ മുസ്ലിംകള്‍. ഇസ്ലാം മതം ആശ്ലേഷിക്കുന്നതിനു മുന്‍പ് ബുദ്ധമതക്കാരായിരുന്നു അവര്‍ എന്ന് പറയപ്പെടുന്നു. മംഗോളിയന്‍
ഒറിജിന്‍. ഒരു പക്ഷെ ചെങ്കിസ് ഖാന്റെ പിന്‍ തലമുറയാകാം....

അഫ്ഘാനിലെ തനത് ഗോത്രസമൂഹമായ പഷ്തുക്കള്‍ ( pashtun പത്താന്‍) ഒട്ടുമുക്കാലും സുന്നി വിഭാഗക്കാരായിരുന്നു. ഹസാരകളെ അവര്‍ എന്നും അധ:കൃതരായാണു കണ്ടിരുന്നത്. ഹസാരകളുമായുള്ള വിവാഹബന്ധം നിഷിദ്ധം. അവരെ ഉപദ്രവിക്കാനുള്ള ഒരവസരവും പഷ്തുക്കള്‍ ഒഴിവാക്കിയിരുന്നില്ല. ഈ വംശീയ വിദ്വേഷം തന്നെയാണു പില്‍ക്കാലത്ത് താലിബാനികള്‍ ബാമിയാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ത്തതിലൂടെ നിറവേറ്റിയിട്ടുണ്ടാക്കുക. എന്നിട്ടത് എത്ര എളുപ്പമായാണു ഇസ്ലാമിന്റെ പേരില്‍ അവര്‍ കണക്കെഴുതി വെച്ചത്..!!

ഇത്രയും ആമുഖം. ഇനി നമുക്ക് പുസ്തകത്തിലേക്ക് വരാം.

അഫ്ഘാനിലെ റഷ്യന്‍ അധിനിവേശക്കാലത്ത് തന്റെ ബാബ( അഛന്‍) യോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത അമീറിന്റെ ഓര്‍മ്മകളിലൂടെയാണു കഥ വികസിക്കുന്നത്. കാബൂളില്‍ അവരുടെ വീട്, സ്കൂള്‍ ജീവിതം ഒപ്പം അമീറിന്റെ ഉറ്റകൂട്ടുകാരന്‍ ഹസ്സന്‍; ഒരു ഹസാരയായിരുന്നു ഹസ്സന്‍. അമീറിന്റെ ബാബയുടെ വേലക്കാരനായിരുന്ന അലിയുടെ മകന്‍. വല്ലാത്തൊരു ആത്മ ബന്ധമായിരുന്നു അലിയും
അമീറിന്റെ ബാബയും തമ്മില്‍. അത്രത്തോളം ഇഷ്ടം പക്ഷെ അമീറിനു, ഹസ്സനോട് ഉണ്ടായിരുന്നില്ല.

ഭീരുവായ അമീറിനു മരിച്ച് പോയ തന്റെ അമ്മയെ പോലെ കവിതയിലും കഥയിലുമൊക്കെയായിരുന്നു താല്പര്യം. എന്തിനും ഏതിനും തന്റെ കൂടെ നിന്ന ഹസ്സനെ കൊടിയ ഒരു അപമാനത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന കുറ്റബോധം അമീറിനെ വേട്ടയാടുകയാണു. സ്വയം ഇകഴുത്തുന്ന ആ കുറ്റബോധത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഹസ്സനേയും അവന്റെ ബാബ അലിയേയും വീട്ടില്‍ നിന്നും പുകച്ച് പുറത്ത് ചാടിക്കുമ്പോള്‍ അമീറ് ഒരിക്കലും അറിഞ്ഞിരുന്നില്ല ഹസ്സന്‍ തന്റെ സഹോദരനാണെന്ന വസ്തുത. തന്റെ ബാബക്ക് ഒരു ഹസാര യുവതിയില്‍ ഉണ്ടായ മകന്‍!! മരണം വരെ ഹസ്സനും അറിഞ്ഞില്ല ഒന്നും.


ഇന്ന്, ഒരുപാട് വര്‍ഷങ്ങള്‍ക്കിപ്പുറം അമീര്‍ തന്റെ ഭീരുത്വത്തില്‍ നിന്നും ഉണര്‍ന്ന് താന്‍ പണ്ട് തന്റെ സുഹൃത്തിനോട് ചെയ്ത മാപ്പില്ലാത്ത കുറ്റത്തിനു പ്രായശ്ചിത്തം ചെയ്യുകയാണു. തകര്‍ന്നടിഞ്ഞ കാബൂളില്‍ നിന്നും, താലിബാനികളുടെ വൃത്തികെട്ട ലൈംഗിക അതിക്രമത്തില്‍ നിന്നും ഹസ്സന്റെ മകന്‍ സൊറാബിനെ രക്ഷിച്ചു കൊണ്ട്...

രണ്ട് ഉറ്റചങ്ങാതിമാരുടെ ആത്മ ബന്ധം, ഒരു മകനും അഛനും തമ്മിലുള്ള ഹൃദയയൈക്യം,അതിലുപരി അധിനിവേശങ്ങള്‍ക്ക് മുന്‍പുള്ള കാബൂളിലെ സ്വഛന്ദസുന്ദരമായ ജീവിതവും , അതിനു ശേഷം കാബൂള്‍ എന്തുമാത്രം അകവും പുറവും മാറിപ്പോയി എന്നും നമ്മെ ബോധ്യപ്പെടുത്തുന്നു ഈ നോവല്‍.

അമീറിനേയും ഹസ്സനേയും കൂടാതെ ഒരുപാട് പേരുണ്ട് ഈ കഥയില്‍. കഥാപാത്രങ്ങള്‍ ശരിക്കും ജീവിക്കുകയാണു നോവലില്‍. കഥപറച്ചിലിന്റെ പതിവ് ശൈലിയില്‍ നിന്നും മാറിയുള്ള ആഖ്യാനരീതിയും നോവലിന്റെ പുതുമയാണു. ലോകമെമ്പാടുമുള്ള അനുവാചകര്‍ ഹൊസൈനിയുടെ ഈ നോവലിനെ നെഞ്ചേറ്റിയതില്‍ ഒട്ടും അതിശയമില്ല തന്നെ.

ഡി സി ബുക്ക്സാണു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവര്‍ത്തനം ശ്രീമതി.രമാ മേനോന്‍.

ഞാനിപ്പോഴും ആകാശത്ത് പാറിക്കളിക്കുന്ന ആ പട്ടത്തില്‍ തന്നെയാണു. സൊറാബിനു വേണ്ടി അമീര്‍ ഉയര്‍ത്തി വിട്ട പട്ടം. ഒപ്പം എന്തേ ഈ പുസ്തകം എന്റെ കൈയിലെത്താന്‍ വൈകി എന്ന ചിന്തയിലും...

അമീരിന്റെ വാക്കുകള്‍ കടമെടുക്കട്ടെ ഞാന്‍..
“ വസന്തം വന്നെത്തുമ്പോള്‍ മഞ്ഞുപാളികള്‍ ഒന്നായ് ഉരുകി വീഴില്ല. മെല്ലെ മെല്ലെ ഓരോ പാളികളായ് ..

5 comments:

  1. അത്യന്തം ഹ്രുദയഹാരിയാണു നോവലിന്റെ ആദ്യ പകുതി. പക്ഷെ പിന്നീടങ്ങോട്ട് ആ മേന്മ നിലനിർത്താനായോ എന്നു സംശയം. ഈ നോവലിറങ്ങിയപ്പോൾ പഷ്തൂണുകൾക്കിടയിൽനിന്നും ഖാലിദിക്കെതിരെ ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു. Thajik-American propoganda എന്നാണു ഒരു പഷ്തൂൺ സുഹ്രുത്ത് ഇതിനെ വിശേഷിപ്പിച്ചത്.

    പരിചയപ്പെടുത്തൽ വളരെ നന്നായിട്ടുണ്ട്. വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണു KITE RUNNER.

    ReplyDelete
  2. പുതുവത്സരാശംസകൾ

    ReplyDelete
  3. ഇത്രയും ഉള്ളിൽ തട്ടിയ പുസ്തകം വേറെ ഇല്ല...ഇദ്ദേഹത്തിന്റെ A thousand splendid Suns എന്ന പുസ്തകവും നമ്മളേ വേറൊരു തലത്തിലേക്ക് എത്തിക്കും...എല്ലാവരും വായിക്കേണ്ട പുസ്തകങ്ങൾ...

    ReplyDelete
  4. മികച്ച അവതരണം. ഒരു വേള ചരിത്രാതീത കേരളത്തിൽ എത്തിച്ചു. മതത്തിനുള്ളിലെ വിഭാഗീയതയും, ന്യൂനപക്ഷ ചൂഷണവും.....

    ReplyDelete
  5. Nice book, reading experience amazing

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?