Wednesday, May 30, 2012

റെബേക്ക

പുസ്തകം : റെബേക്ക
രചയിതാവ് : ഡാഫീന്‍ ഡു മോരിയര്‍
പ്രസാധകര്‍ : Victor Gollancz Ltd
അവലോകനം : ബിന്ദു ഉണ്ണിമുന്മൊഴി
സ്ത്രീ എഴുത്തുകാരുടെ പുസ്തകങ്ങളെക്കുറിച്ച് എഴുതിയാലോ എന്ന് കരുതിയപ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിക്കയറി വന്നത്‌ ഡാഫീന്‍ ഡു മോരിയര്‍ എന്ന ബ്രിട്ടീഷ്‌ എഴുത്തുകാരിയുടെ റെബേക്ക എന്ന നോവലാണ്. പല പുസ്തകക്കുറിപ്പുകളും കാണുമ്പോള്‍ ഒരു ബുക്ക്‌ വായിച്ചാല്‍ ഇത്രയൊക്കെ തല പുകയ്ക്കണോന്ന് ആലോചിച്ച്‌ എന്റെ തല പുകയാറുണ്ട്. പിന്നെ, അവര്‍ക്കൊക്കെ ഈ അഭിപ്രായമെല്ലാം തല പുകയ്ക്കാതെ സ്വാഭാവികമായി തലയില്‍ ഉദിക്കുന്നതാവും എന്നു വിചാരിച്ചു സമാധാനിക്കുന്നു. ലേശം അസൂയ തോന്നാതിരുന്നില്ല. അതുകൊണ്ട്‌, ഇത്‌ ഡു മോരിയറിന്റെ എഴുത്തിനെക്കുറിച്ചുള്ള എന്റെ പഠനമൊന്നുമല്ല.

കോളേജില്‍ പഠിക്കുമ്പോഴാണ് ഒരു കൂട്ടുകാരി "റെബേക്ക"യെന്ന നോവലിനെക്കുറിച്ച്‌ പറഞ്ഞത്‌. അവള്‍ക്കീ ബുക്ക്‌ വളരെ ഇഷ്ടമായിരുന്നു. ഞാനിതു വായിച്ചത്‌ മൂന്നാലു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ മാത്രം. എനിക്കും ഇഷ്ടമായി. ഇതിലെ അനാഥയായ നായികയോട്‌ ഒരടുപ്പം കൂടി തോന്നിപ്പോയി.

നായിക സ്വന്തം കഥ പറയുകയാണു റെബേക്കയില്‍. എന്നാല്‍, ഒരിക്കല്‍ പോലും അവളുടെ പേരു പറയുന്നില്ല.ഒരു സാധാരണ കഥ വളരെ മനോഹരമായി ചിത്രീകരിച്ചതുകൊണ്ടാണു എനിക്കിതിഷ്ടമായത്‌. നായികയുടെ ആകാംക്ഷകളും, ആശങ്കകളും, മറ്റു മനോവ്യാപാരങ്ങളും, ഡു മോരിയര്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്‌.

ഒരു ധനികസ്ത്രീയുടെ ഔദാര്യത്തില്‍ ജീവിക്കുന്ന നായിക, ധനികനായ, ഭാര്യ മരിച്ച മാക്സ്‌ എന്നയാളെ വിവാഹം കഴിക്കുന്നു. ഭര്‍ത്താവിന്റെ വീട്ടിലെത്തുമ്പോള്‍ അവിടെ മുന്‍ഭാര്യയായ റെബേക്കയുടെ ശക്തമായ സ്വാധീനം അവള്‍ക്കു തോന്നുന്നു. വീട്ടുജോലിക്കാരും, പ്രത്യേകിച്ച്‌ വീട്‌ മേല്‍നോട്ടക്കാരിയായ മിസ്സിസ്സ്‌ ഡാന്‍വേര്‍സും, അവളെ റെബേക്കയുമായി താരതമ്യം ചെയ്യുന്നതുപോലെയും തോന്നുന്നു. റെബേക്കയോട്‌ കൂറുപുലര്‍ത്തിയിരുന്ന മിസ്സിസ്സ്‌ ഡാന്‍വേര്‍സ്‌, അവളെ തെറ്റിദ്ധരിപ്പിച്ച്‌ ചില അബദ്ധങ്ങളില്‍ കൊണ്ടു ചാടിക്കുകയും, അവളെ വിവാഹം കഴിക്കേണ്ടിയിരുന്നില്ല എന്നു മാക്സിനു തോന്നുന്നതായി വിശ്വസിപ്പിക്കുകയും ചെയ്യുന്നു. പിന്നെ, പുതിയ ചില സംഭവങ്ങള്‍ കഥയെ മറ്റൊരു വഴിക്കു തിരിക്കുകയും, മാക്സും അവളും സന്തോഷമായി (അങ്ങനെ വിചാരിക്കാനാണെനിക്കിഷ്ടം, കഥയില്‍ ഇതു പ്രത്യേകം എടുത്തു പറയുന്നില്ലെങ്കിലും) ജീവിക്കുകയും ചെയ്യുന്നു.

റെബേക്ക വായിക്കാന്‍ ഉദ്ദേശിക്കുന്നവരെ ഓര്‍ത്ത്‌ കഥ വിശദീകരിക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ ഈ ബുക്കിനേക്കുറിച്ച്‌ അറിയണമെങ്കില്‍, ഇതാ വിക്കിയിലേക്കുള്ള ലിങ്ക്‌: http://en.wikipedia.org/wiki/Rebecca_(novel)

വിക്കിയില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍: റെബേക്ക വേറെ ചില ബുക്കുകള്‍ക്ക്‌ പ്രചോദനമായിട്ടുണ്ടത്രെ. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിക്കാര്‍ ഈ ബുക്ക്‌ ഒരു കോഡ്‌ സോഴ്സ്‌ ആക്കിയിരുന്നു, പക്ഷെ ആ കോഡ്‌ എവിടെയും ഉപയോഗിച്ചിട്ടില്ല. ഇതിനെ ആധാരമാക്കി, കെന്‍ ഫോളറ്റ്‌ "ദ്‌ കീ റ്റു റെബേക്ക" എന്ന ത്രില്ലര്‍ എഴുതി (ഇതു ഞാന്‍ വായിച്ചിട്ടുണ്ട്‌). ഡു മോരിയര്‍ റെബേക്കയുടെ തീം മോഷ്ടിച്ചതാണെന്നും എഴുതിയിട്ടുണ്ട്‌ വിക്കിയില്‍.

4 comments:

 1. aazhathilekku poyilla enkilum, parichayappeduthal pusthakam vaayikkanam ariyanam enna thonnalundaakki. nandi.

  ReplyDelete
 2. Good preview. I have read only one novelette by Daphne D before. That was actually a sharp detective work. MT Vasudevan Nair based his screenplay "Utharam" on that one. I was very impressed with Daphne's writing style.

  ReplyDelete
 3. റെബേക്ക എന്ന തലക്കെട്ട്‌ കണ്ടാണ്‌ ഈ വഴി വന്നത്. എനിക്ക് ഈറ്റവും ഇഷ്ടപ്പെട്ട ബുക്കുകളില്‍ ഒന്നാണ് റെബേക്ക. ഇത് വായിക്കാന്‍ കിട്ടിയ അവസരവും വളരെ അവിചാരിതമായിരുന്നു. എന്റെ കരിയര്‍ തുടങ്ങുന്നത് ഒരു ബ്രിട്ടീഷ് ബോസ്സിന്റെ അസിസ്റ്റന്റ്റ് ആയിട്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞാണ് ഈ ബുക്കിനെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. പലയിടത്തും അന്വേഷിച്ചെങ്കിലും അന്ന് ഇത് വാങ്ങിക്കാന്‍ കിട്ടിയില്ല. പിന്നെയും നാലഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഹൈദ്രബാദില്‍ ഒരു ട്രെയിനിംഗ് അറ്റന്‍ഡ് ചെയ്യാന്‍ വന്നതായിരുന്നു ഞാന്‍. ഒരാഴ്ചത്തെ ട്രെയിനിങ്ങിന്റെ അവസാന ദിവസം രാത്രിയില്‍ വളരെ യാദൃചികമായി ഈ ബുക്ക് എന്റെ റൂം മേറ്റ്‌ ആയിരുന്ന ഒറീസ്സക്കാരി പെണ്‍കുട്ടിയുടെ കൈയ്യില്‍ കണ്ടു. പിറ്റേന്ന് വെളുപ്പിന് പുറപ്പെടാന്‍ വേണ്ടി ഞങ്ങള്‍ ഇരുവരും ബാഗ്‌ പാക്ക് ചെയ്യുകയായിരുന്നു അപ്പോള്‍. അന്ന് രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്നാണ് റെബേക്ക വായിച്ചു തീര്‍ത്തത്. നായികയും മാക്സും മിസിസ് ഡാന്‍വേര്‍സും ആദ്യന്തം നിറഞ്ഞു നില്‍ക്കുന്ന റെബേക്കയും കഥയുടെ അപ്രതീക്ഷിതമായ ക്ലൈമാക്സും ഒക്കെ കൂടി മനോഹരമായ ഒരു വായനാനുഭവമായിരുന്നു റെബേക്ക. ബിന്ദു പറഞ്ഞതുപോലെ, കടലിലേക്ക്‌ ചാഞ്ഞിറങ്ങുന്ന റൂഫ്‌ ഗാര്‍ഡന്‍ ഉള്ള ആ മണിമാളികയില്‍ മാക്സും നായികയും സന്തോഷത്തോടെ ജീവിച്ചു എന്ന് വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം. "എന്ന് സ്വന്തം സുമിത്ര" എന്ന മലയാളം സിനിമയില്‍ ഒരു പരിധി വരെ ഈ നോവലിന്റെ അംശ ങ്ങളുണ്ട്‌.

  നന്ദി ബിന്ദു, ഈ നല്ല നോവലിനെ വീണ്ടും ഓര്‍മ്മിപ്പിച്ചതിന്‌, ഒപ്പം കുറച്ചു നല്ല ഓര്‍മ്മകളെ ഉണര്‍ത്തിയതിനും.

  ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?