Friday, December 7, 2012

സംഭവാമി യുഗേ യുഗേ

പുസ്തകം : സംഭവാമി യുഗേ യുഗേ
രചയിതാവ് : ഡി ബാബുപോള്‍
പ്രസാധകര്‍ : മാളുബന്‍ പബ്ലിക്കേഷന്‍സ്‌ ,തിരുവനന്തപുരം
അവലോകനം : ബിജു.സി
.പി

രണാധികാരി, എഴുത്തുകാരന്‍ തുടങ്ങി വിവിധ നിലകളില്‍ പ്രഗല്‌ഭനും പ്രശ്‌സ്‌തനുമായ ഡി ബാബുപോളി ന്റെ ലേഖനങ്ങളുടെ സമാഹാരമാണ്‌ സംഭവാമി യുഗേ യുഗേ. മതം,സംഗീതം, പത്രപ്രവര്‍ത്തനം,അനുദിന രാഷ്ട്രീയം, ലോകചരിത്രം തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന 38 കുറിപ്പുകളുടെ വിപുല സമാഹാരം. ഡോ.ബാബു പോളിനെപ്പോലെ പരന്ന വായനയും അയത്‌നലളിതമായ എഴുത്തു രീതിയുമുള്ള ഒരാളുടെ രചനയില്‍ സ്വാഭാവികമായി വരുന്ന എല്ലാ നന്മകളുമുള്ള പുസ്‌തകമാണിത്‌. അതേ സമയം, അമ്പട ഞാനേ! എന്ന ഭാവവും ഒരു തരം പുച്ഛമോ പരിഹാസമോ പ്രസരിക്കുന്ന പ്രയോഗങ്ങളും ചിലപ്പോഴൊക്കെ അരോചകത്വമുണ്ടാക്കുകയും ചെയ്യും. ഖസാക്കിന്റെ ഇതിഹാസം നല്ല പുസ്‌തകമാണ്‌ എന്ന്‌ തെളിയിക്കാന്‍ നല്‍കുന്ന സാക്ഷ്യം നോക്കൂ - 'ഖസാക്കിലെ രവിയുമായി താദാത്മ്യപ്പെടാന്‍ ഐഎഎസ്‌ എനിക്ക്‌ തടസ്സമൊന്നും സൃഷ്ടിച്ചില്ല എന്നതു തന്നെ വിജയന്റെ മൗലിക പ്രതിഭയിലേക്ക്‌ വിരല്‍ ചൂണ്ടുന്നുണ്ട്‌.'(പേജ്‌ 142) അവിടവിടെയുള്ള നര്‍മത്തിന്റെ പൊടിപ്പുകള്‍ക്കു പുറമേ ഇത്തരത്തിലുള്ള പൊങ്ങിപ്പറച്ചിലുകളും വേണ്ടത്രയുള്ളതിനാല്‍ വായനയില്‍ ഒരു ആസകലം ഒരു ചെറുചിരി കൂടെയുണ്ടാവും.

ആഴ്‌ചയ്‌ക്കാഴ്‌ചയ്‌ക്ക്‌ പത്തഞ്ഞൂറു വാക്കുകള്‍ തട്ടിപ്പടച്ച്‌ ഒരു കുറിപ്പ്‌ എഴുതിയുണ്ടാക്കേണ്ടി വരുന്ന പത്രക്കോളമെഴുത്തുകാരന്റെ പങ്കപ്പാടുകള്‍ വെളിപ്പെടുത്തുന്നവയാണ്‌ പകുതിയോളം ലേഖനങ്ങളും. മധ്യരേഖ എന്ന പേരിലെഴുതിയിരുന്ന പ്രതിവാര പങ്‌തിയിലെ ലേഖനങ്ങളാണ്‌ പലതും. അതതു കാലത്ത്‌ ലൈം ലൈറ്റില്‍ നില്‍ക്കുന്ന സംഭവങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും പരാമര്‍ശിച്ചു പോയാല്‍ മതി ആഴ്‌ചക്കുറിപ്പില്‍. എന്നാല്‍, ഏതാനും വര്‍ഷം കഴിഞ്ഞ്‌ അവ പുസ്‌തക രൂപത്തിലാക്കുമ്പോള്‍ പരാമര്‍ശ ങ്ങള്‍ അതു പടി കിടക്കുമ്പോള്‍ വായനക്കാര്‍ക്ക്‌ ഒരു എത്തും പിടിയും കിട്ടില്ല. പത്രത്തിലെ ആഴ്‌ചക്കുറിപ്പുകള്‍ ഒട്ടും എഡിറ്റു ചെയ്യാതെ വാരിക്കൂട്ടി പുസ്‌തകമാക്കിയിരിക്കുന്നു എന്നതാണ്‌ സംഭവാമിയുഗേ യുഗേയുടെ പോരായ്‌മ. കോരിക്കൂട്ടിയ പാഴ്‌ക്കരിക്കിടയിലും പക്ഷേ, തീക്കട്ടകള്‍ ധാരാളമുള്ളതു ഭാഗ്യം.

ശ്രീനാരായണ ഗുരു അവതാര പുരുഷനാണ്‌ എന്ന്‌ സ്ഥാപിക്കുകയാണ്‌ ആദ്യലേഖനത്തില്‍. രസകരമായി, യുക്തിയുക്തം തന്റെ വാദം അവതരിപ്പിക്കുകയും സമര്‍ഥിക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിന്റെ അലങ്കാരം എന്ന സഭാബഹുമതി ലഭിച്ച ഒരു പണ്ഡിതവരേണ്യന്‍ തന്റെ ഏതു കുറിപ്പിലും പുട്ടിനു തേങ്ങാപ്പീര പോലെ ബൈബിളും ദൈവശാസ്‌ത്രവും സഭാവിജ്ഞാനീയവും മറ്റും തൂവിയിടുന്നത്‌ സ്വാഭാവികമായിരിക്കാം. അത്‌ കൗതുകകരമാണ്‌. കുറച്ചൊക്കെ വിജ്ഞാനപ്രദവും. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, രംഗനാഥാനന്ദ സ്വാമികള്‍, ബോറിസ്‌ യെല്‍സിന്‍, കെ.ആര്‍.നാരായണന്‍ തുടങ്ങി ഏതാനും പേരുടെ ചരമവേളയിലെഴുതിയ കുറിപ്പുകള്‍, ബസേലിയോസ്‌ ക്ലിമ്മീസ്‌ ഓക്‌സിയോസ്‌, ബനഡിക്‌റ്റ്‌ മാര്‍പാപ്പ തുടങ്ങിയവരുടെ സ്ഥാനാരോഹണ വേളയിലും മോറാന്‍ മാര്‍ ഇഗ്നാത്തിയോസ്‌ സഖായുടെ കേരള സന്ദര്‍ശന വേളയിലും ഒക്കെ എഴുതിയ മംഗളാശംസക്കുറിപ്പുകള്‍ എന്നിവയും കൂട്ടത്തിലുണ്ട്‌.

പഴയ ഭരണാധികാരികളെക്കുറിച്ചു പറയുമ്പോള്‍ ഭവ്യതയുള്ള ഉദ്യോഗസ്ഥനായും പുതിയ രാഷ്ട്രീയക്കാരെക്കുറിച്ചു പറയുമ്പോള്‍ മുനയുള്ള നര്‍മം പറയുന്ന കോളമിസ്‌റ്റായും മാറിമാറി വരുന്നുണ്ട്‌ രചയിതാവ്‌. 'പണ്ട്‌ നമ്മുടെ ലീഡര്‍ മകന്‍ മുരളീധരന്‍, കുര്യന്‍ മകന്‍ ആന്റണിയെ എന്തോ ചെയ്യണമെന്ന്‌ പറഞ്ഞത്‌ ഓര്‍മയിണ്ടിഷ്ട (പേജ്‌ 56) എന്ന മട്ടില്‍ അനുദിന രാഷ്ട്രീയവും പരിഹാസവും ഒക്കെ കലര്‍ന്നു വരുന്ന പല ലേഖനങ്ങളും പഴയ പത്രത്താളുകളില്‍ നിത്യനിദ്ര പ്രാപിച്ചിരുന്നെങ്കിലും ഒരു കുഴപ്പവും വരില്ലായിരുന്നു. ..എസ്‌. ഉദ്യേഗസ്ഥന്മാരെക്കുറിച്ചു പറയുമ്പോഴൊക്കെ അവരുടെ ഗുണഗണവിവരണവും ജൂനിയര്‍ മാരെക്കുറിച്ചു പറയുമ്പോള്‍ മിക്കവരും തന്റെ ശിഷ്യരായിരുന്നു എന്ന അവകാശവാദവും കടന്നു വരും. ഐഎഎസിന്‌ ചരിത്രവും ഭൂമിശാസ്‌ത്രവും മുഖ്യവിഷയങ്ങളായി എടുത്തിരുന്നതിന്റെ ഗുണം എഴുത്തിലുണ്ട്‌. മിക്ക ലേഖനങ്ങളിലുമുണ്ടാകും അതിന്റെ പൊട്ടും പൊടിയുമൊക്കെ. വായിക്കുന്നവര്‍ക്ക്‌ അതാണ്‌ ആദായം.

പുസ്‌തകത്തിന്റെ രണ്ടാമത്തെ ഭാഗത്തുള്ള 14 ലേഖനങ്ങളില്‍ സാഹിത്യസാംസ്‌കാരിക കുറിപ്പുകളാണ്‌ ഏറെയും. ആശ്ചര്യചൂഡാമണി നാടകം കാവാലം അവതരിപ്പിക്കുന്നതു കണ്ട്‌ എഴുതിയ കുറിപ്പാണ്‌ ആദ്യം. ഡിസി തൊടുന്നതെല്ലാം പൊന്നാകുമെന്നറിഞ്ഞ ദൈവം ഡിസിയുടെ ഭാര്യയാകാന്‍ പിറന്നവര്‍ക്ക്‌ മുന്‍കൂറായി പൊന്നമ്മയെന്നു പേരിട്ടു(പേജ്‌ 125) എന്ന മട്ടില്‍ രസകരമായ പ്രശംസാ നര്‍മമുള്ളതാണ്‌ ഡിസിയെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പ്‌. വിശ്വാസികളെ പ്രകോപിപ്പിക്കുന്ന ഡാവിഞ്ചി കോഡ്‌ എന്ന ത്രില്ലറിനെ അവമതിക്കാന്‍ വേണ്ടിയാണ്‌ നിലാമഴ എന്ന നോവലിനെ പുകഴ്‌ത്തുന്നത്‌. ഗോഡ്‌ ഓഫ്‌ സ്‌മോള്‍ തിങ്‌സിനെക്കാള്‍ മികച്ചതെ ന്ന്‌ പുസ്‌കത്തെ വിശേഷിപ്പിക്കുന്ന ലേഖനത്തില്‍ ബാബുപോളിന്റെ സാഹിത്യ സമീപനം കൃത്യമായി വിശദീകരിക്കുന്നുണ്ട്‌. എം.ടി.വാസുദേവന്‍ നായരെ അനുസ്‌മരിപ്പിക്കുന്ന ശൈലി...ഗതകാല തരള സ്‌മൃതികള്‍ ഉണര്‍ത്തും വിധം പ്രതിപാദിച്ചിരിക്കുന്നു..നൊസ്റ്റാള്‍ജിക്‌ ഭാവം ഉണര്‍ത്തുന്നത്‌ കഥ പറയുന്ന ആളിന്റെ വൈഭവം ഒന്നു കൊണ്ടു മാത്രമാണ്‌.“(പേജ്‌ 130) ഒരു മുസ്ലിം പെണ്‍കുട്ടി ഇശല്‍ സന്ധ്യ എന്ന പേരില്‍ കര്‍ണാടക സംഗീതക്കച്ചേരി അവതരിപ്പിച്ചതിനെക്കുറിച്ചുള്ള ലേഖനത്തില്‍ പറയുന്നു -'വാതാപി ഗണപതി.. പാടിയാലും തെറ്റൊന്നുമില്ല...' ?ഗാണപത്യത്തിന്റെ മതാതീത ഭാവമുള്‍ക്കൊള്ളാന്‍..‘(പേജ്‌ 170) സ്വന്തം മതത്തെയും സമുദായത്തെയും കുറിച്ച്‌ വേണ്ടതിലധികം പറയുമ്പോഴും അതിനെ സാമുദായികതയ്‌ക്ക്‌ അതീതമായ തലങ്ങളിലേക്ക്‌ കൊണ്ടുപോകാനും ഉന്നതമായൊരു സഹവര്‍ത്തിത്വത്തിന്റെ പ്രഭ സൃഷ്ടിക്കാനും കഴിയുന്നു എന്നതാണ്‌ ബാബുപോള്‍ എന്ന എഴുത്തുകാരന്റെ വലിയ പ്രാധാന്യം. മഹത്ത്വം പുസ്‌തകത്തിലെ ലേഖനങ്ങള്‍ക്കുമുണ്ട്‌. എഡിറ്റു ചെയ്യാത്തതിന്റെ ദുര്‍മേദസ്സ്‌ വളരെയധികമുണ്ടെങ്കിലും പുസ്‌തകത്തിന്റെ പ്രസക്തി അവിടെയാണ്‌.

No comments:

Post a Comment

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?