Tuesday, December 11, 2012

ചുവപ്പാണെന്റെ പേര് (My name is Red)

പുസ്തകം : ചുവപ്പാണെന്റെ പേര് (My name is Red)
രചയിതാവ് : ഓര്‍ഹന്‍ പാമൂക്

പ്രസാധനം : ഡി.സി. ബുക്ക്‌സ്
അവലോകനം : ബന്യാമിൻ

നിങ്ങള്‍ ഒരു ഗൗരവ വായനക്കാരനാണോ..? ആശയങ്ങളുടെ ആഴങ്ങള്‍ നിറഞ്ഞ പുസ്‌തകം നിങ്ങള്‍ക്ക്‌ ഇഷ്‌ടമാണോ..? കഥകള്‍ക്കിടയിലെ സമ്പുഷ്‌ടമായ കഥേതര ചര്‍ച്ചകള്‍ നിങ്ങളെ ഹരം പിടിപ്പിക്കാറുണ്ടോ..? എങ്കില്‍ നിങ്ങള്‍ക്കുള്ളതാണ്‌ പുസ്‌തകം.

ജെയിംസ്‌ ജോയിസിന്റെ യുളീസസ്‌ പോലെ ക്ലിഷ്ടമായ സഞ്ചാരംകൊണ്ടല്ല പുസ്‌തകം അതിന്റെ ഗരിമ തെളിയുക്കുന്നത്‌. ആശയങ്ങളിലേക്ക്‌ കടന്നു ചെല്ലുകയും അതിനെ കഥയാക്കി മാറ്റുകയും ചെയ്യുന്ന പ്രതിഭാവിലാസം കൊണ്ടാണ്‌. അഞ്ഞൂറോളം പേജുകള്‍. കഥകള്‍ ഉപകഥകള്‍, ചരിത്രം കല ഇവയെക്കുറിച്ച്‌ ആധികാരികമായ നിരീക്ഷണങ്ങള്‍. ഗഹനമായ ഭാഷ. എന്നുപറഞ്ഞാല്‍ മലയാളത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന ഇന്‍സ്റ്റന്റ്‌ വായനയ്ക്ക്‌ ഉപയോഗിക്കാവുന്ന പുസ്‌തകമല്ല ഇതെന്നര്‍ത്ഥം! പ്രശസ്‌ത തുര്‍ക്കി സാഹിത്യകാരന്‍ ഓര്‍ഹന്‍ പാമൂകിന്റെ 'ചുവപ്പാണെന്റെ പേര്‌' എന്ന നോവലിനെക്കുറിച്ചാണ്‌ ഞാന്‍ പറഞ്ഞുവരുന്നത്‌.

കഥാസംഗ്രഹം ഏതാണ്ട്‌ ഇങ്ങനെയാണ്‌: പതിനാറാം നൂറ്റാണ്ടിലെ ഇസ്‌താംബൂള്‍ നഗരം. ഒട്ടോമന്‍ സാമ്രാജ്യത്തിലെ സുല്‍ത്താന്‍ മുറാദ്‌ മൂന്നാമന്‍ ഹിജറ വര്‍ഷം ആയിരാമാണ്ട്‌ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഒരു പുസ്‌തകം നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു. പാശ്ചാത്യശൈലിയിലുള്ള ചിത്രങ്ങള്‍ കൊണ്ട്‌ പുസ്‌തം അലങ്കരിക്കുവാന്‍ ഇസ്‌താംബൂളിലെ മികച്ച ചിത്രകാരന്മാരെ അതിന്റെ ചുമതല ഏല്‌പിക്കുന്നു. എനിഷ്‌ത്തെ എഫിന്റി എന്ന ഉസ്‌താദിനാണ്‌ അതിന്റെ നേതൃത്വം. താന്‍ നേതൃത്വം കൊടുത്ത്‌ നിര്‍മ്മിക്കുന്ന പുസ്‌തകത്തിലെ ചിത്രങ്ങള്‍ക്കനുസരിച്ച്‌ ഒരു കഥ നിര്‍മ്മിക്കുവാന്‍ പന്ത്രണ്ട്‌ വര്‍ഷം മുന്‍പ്‌ ഇസ്‌താംബൂള്‍ വിട്ടുപോയ മരുമകന്‍ ബ്ലാക്കിനെ എനിഷ്‌ത്തെ എഫിന്റി മടക്കി വിളിക്കുന്നു. ഉസ്‌താദിന്റെ ലോകസുന്ദരിയായ മകള്‍ ഷെകുരെയുമായി പ്രണയത്തിലായിരുന്നിട്ടും അവരുടെ വിവാഹം നടത്തിക്കൊടുക്കാഞ്ഞതിന്റെ സങ്കടത്തിലാണ്‌ ബ്ലാക്ക്‌ നാടുവിടുന്നത്‌. ഷെകുരെയാവട്ടെ പന്ത്രണ്ടു വര്‍ഷത്തിനുശേഷം ഇപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയാണ്‌. അവളുടെ ഭര്‍ത്താവ്‌ ഒരു പട്ടാളക്കാരനായിരുന്നു. അദ്ദേഹം ഒരു യുദ്ധത്തിനു പോയിട്ട്‌ നാലുവര്‍ഷമായി ഇതുവരേയും മടങ്ങിവന്നിട്ടില്ല. ഭര്‍തൃസഹോദരന്‍ ഹസ്സന്റെ ശല്യം സഹിക്കാമാവാതെ ഷെകുരെ ഇപ്പോള്‍ ബാബയോടൊപ്പമാണ്‌ താമസം. ബ്ലാക്ക്‌ മടങ്ങി വരുന്നതോടെ പന്ത്രണ്ടു വര്‍ഷമായി കനല്‍മൂടിക്കിടന്ന പ്രണയം വീണ്ടും അവര്‍ക്കിടയില്‍ തളിരിടുന്നു.

പുസ്‌തക നിര്‍മ്മാണം പാതിയായപ്പോഴേക്കും പ്രധാന അലങ്കാരച്ചിത്രപ്പണിക്കാരന്‍ എനിഷ്‌ത്തെ എലിഗന്റെ കൊല്ലപ്പെടുന്നു. ഏറെ താമസിക്കാതെ ഉസ്‌താദ്‌ എനിഷ്‌ത്തെ എഫിന്റിയും കൊല്ലപ്പെടുന്നു. ചിത്രകാരന്മാര്‍ക്കിടയിലെ വൈര്യവും മത്സരവും അസൂയയും കാരണം അവരില്‍ ഒരാളണ്‌ രണ്ടു കൊലപാതകങ്ങളും നടത്തിയതെന്ന് മനസ്സിലാകുന്നു. ഒലിവ്‌, സ്റ്റോര്‍ക്‌, ബട്ടര്‍ഫ്ലൈ എന്നിങ്ങനെയാണ്‌ അവശേഷിക്കുന്ന മൂന്നു സൂക്ഷ്‌മചിത്രകാരന്മാര്‍ വിളിക്കപ്പെടുന്നത്‌. ഇവരില്‍ ആരാണ്‌ കൊല നടത്തിയതെന്ന് അവര്‍ വരച്ച ചിത്രങ്ങള്‍ പരിശോധിച്ച്‌ കണ്ടുപിടിക്കാന്‍ സുല്‍ത്താന്‍ മുറാദ്‌ ബ്ലാക്കിനെയും ചിത്രകാരന്മാരുടെ ഗുരു ആയിരുന്ന ഉസ്‌താദ്‌ ഉസ്‌മാനെയും ചുമതലപ്പെടുത്തുന്നു. അവരുടെ കയ്യില്‍ തെളിവായി കിട്ടിയിരിക്കുന്നത്‌ കൊല്ലപ്പെട്ട എലഗന്റ്‌ എഫിന്റിയുടെ പോക്കറ്റില്‍ നിന്നും കിട്ടിയ ഒരു കുതിരയുടെ ചിത്രം മാത്രമാണ്‌. ഓരോ ചിത്രകാരന്മാരുടെയും ശൈലി പരിശോധിച്ച്‌ അവസാനം കുറ്റവാളിയായ ചിത്രകാരനെ കണ്ടെത്തുന്ന ഉദ്വേഗഭരിതമായ ഒരു കഥയാണ്‌ ചുവപ്പാണെന്റെ പേര്‌.

പുസ്‌തകം ഉന്നയിക്കുന്നതും ചര്‍ച്ച ചെയ്യുന്നതുമായ പ്രധാനപ്പെട്ട വിഷയം ഇതാണ്‌. കിഴക്കിന്റെ മഹത്തായ അറബിക്‌ ചിത്രകലയും പേര്‍ഷ്യന്‍ ചിത്രകലയും അധിനിവേശക്കാരുടെ യൂറോപ്യന്‍ ചിത്രകലയെ അനുകരിക്കേണ്ടതുണ്ടോ..? ഒരാള്‍ക്ക്‌ സ്വന്തമായ ഒരു ചിത്രരചനാശൈലി വേണമോ..? ഒരു ചിത്രകാരന്‌ വിഭിന്നമായ രചനാസ്വഭാവം വേണോ..? യൂറോപ്യന്‍ ചിത്രരചനാശൈലിപോലെ ചിത്രത്തില്‍ എവിടെയെങ്കിലും തന്റെ കയ്യൊപ്പ്‌ ചാര്‍ത്തിക്കൊണ്ട്‌ തന്റെ ശൈലി പരസ്യപ്പെടുത്താന്‍ ഒരു ചിത്രകാരന്‍ ശ്രമിക്കുന്നത്‌ ശരിയാണോ..? അതോ അറേബ്യയിലെ പൂര്‍വ്വ ഉസ്‌താദന്മാരെപ്പോലെയും സൂക്ഷ്‌മചിത്രകാരന്മാരെപ്പോലെയും ഒരു ചിത്രം മഹത്തായ ചിത്രകലാപാരമ്പര്യത്തിന്റെ തുടര്‍ച്ചയായി എണ്ണപ്പെടുകയും അതാരാണ്‌ വരച്ചതെന്ന് വെളിപ്പെടുത്താതിരിക്കുകയും വേണമോ..? പ്രതിഭാരാഹിത്യമുള്ളവരും പൂര്‍ണ്ണരല്ലാത്തവരുമായ ചിത്രകാരന്മാരാണോ ചിത്രത്തില്‍ രഹസ്യകൈയ്യൊപ്പ്‌ പതിക്കുന്നത്‌..? ശൈലി കാലത്തെ മറികടക്കാനും അനശ്വരതയില്‍ നിറയാനുമുള്ള ഒരു ചിത്രകാരന്റെ ആഗ്രഹത്തില്‍ നിന്നാണോ ജനിക്കുന്നത്‌..?

ബഹുമാനപ്പെട്ട എം.കൃഷ്ണന്‍ നായര്‍ സാഹിത്യവാരഫലത്തില്‍, ഇതരാരാജ്യങ്ങളില്‍ നിന്നുള്ള കൃതികള്‍ക്കു മുന്നില്‍ മലയാളകൃതികള്‍ തീരെ ശുഷ്കമാണെന്ന് കളിയാക്കിയിരുന്നത്‌ ശരിയായിരുന്നു എന്ന് ഇതുപോലെയുള്ള മഹത്താരരചനകള്‍ വായിക്കുമ്പോള്‍ അറിയാതെ സമ്മതിച്ചുപോകും. മലയാളത്തിലെ ഏതൊരു എഴുത്തുകാരന്റെ രചനയും വെള്ളത്തിലെ പൊങ്ങുതടിപോലെ തോന്നുമ്പോള്‍ പുസ്‌തകത്തെ എനിക്കുപമിക്കാന്‍ തോന്നുന്നത്‌ കിഴക്കന്‍ മഴവെള്ളത്തില്‍ കടപുഴകിവരുന്ന ഒരു പടുകൂറ്റന്‍ വടവൃക്ഷത്തിനോടാണ്‌.

സമയമെടുത്ത്‌ ആധികാരികതയോടെ വായിക്കുവാന്‍ താത്പര്യമുള്ളവര്‍ മാത്രം 2006-ലെ നോബല്‍ പ്രൈസ്‌ ജേതാവായ ഓര്‍ഹന്‍ പാമുകിന്റെ കൃതി വായിക്കാന്‍ ശ്രമിച്ചാല്‍ മതിയാവും എന്നാണെന്റെ അഭിപ്രായം.

3 comments:

 1. അവലോകനം നന്നായിരിക്കുന്നു.
  പുസ്തകം വായിച്ചിട്ടുണ്ട്.
  ആശംസകള്‍

  ReplyDelete
 2. ആ പുസ്തകത്തിന്‍റെ കവര്‍ പേജിലെ പരിചയപ്പെടുത്തലില്‍ പ്രതിപാദിച്ചിരിക്കുന്ന പോലെ ക്ലൈസിക് ലിട്രെച്ചര്‍ അന്യംനിന്നു പോകുന്നു എന്നാശങ്കയുള്ളവര്‍ക്ക് "ചുവപ്പാണ് എന്‍റെ പേര്" ഒരാശ്വാസവും മുതല്കൂട്ടുമാണ്.
  A Great book & Great Writer!!!!

  ReplyDelete
 3. ഉം ,,ഞാനും വായിക്കും ,,എന്നിട്ട് പറയാം

  ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?