Wednesday, June 19, 2013

ഒരു നഗരപ്രണയകാവ്യം

പുസ്തകം : ഒരു നഗരപ്രണയകാവ്യം
രചയിതാവ് : കുഴൂര്‍ വിത്സന്‍
പ്രസാധകര്‍ : പാപ്പിറസ് ബുക്സ്
അവലോകനം : എം.ആര്‍.വിഷ്ണുപ്രസാദ്പുതുകവിത മനപൂര്‍വം സൃഷ്ടിക്ക പെട്ടതല്ല.ചുറ്റുമുള്ള ഉപകരണങ്ങള്‍, സദാചാര കാപട്യം കലരാത്ത തുറന്ന മനുഷ്യ ബന്ധങ്ങള്‍, അറിവിന്റെ നിമിഷ വേഗത, സ്വതന്ത്രമായ ശരീര ബോധങ്ങള്‍, സമത്വത്തിലേക്ക് സഞ്ചരിക്കുന്ന ലിംഗ ധാരണ തുടങ്ങി നാനാ വിധത്തിലുള്ള സോഷ്യല്‍ ഫ്ലെക്സിബിലിടിയുടെ സ്വതസിദ്ധമായ പ്രകാശനമാണ് പുതു കവിത. ആവി പിടിച്ച തുറസ്സുകളില്‍ നിന്ന് ഓടി വന്ന് തുണിയഴിച്ചിട്ട് മെത്തയില്‍ നീണ്ടു നിവര്‍ന്നു കിടന്നവരാണ് ഏറെപേരും. കട്ടി വാക്കുകളുടെ കൊടും ചൂടില്‍ നിന്നുള്ള വിടുതിയില്‍ ആഹ്ലാദിച്ചവര്‍. ഇവര്‍ക്ക് എഴുതിയതെല്ലാം അച്ചടി മഷി പുരട്ടണമെന്ന് അത്ര നിര്‍ബന്ധമില്ലയിരുന്നു. അതു കൊണ്ട് കംപ്യുട്ടറിന്റെ കീ ബോര്‍ഡില്‍ പിയാനോ വായിച്ചും ബ്ലോഗുകളുടെ ആകാശത്ത് പറന്ന് നടന്നും അവര്‍ മറ്റൊരു ജീവിതം സാധ്യമാക്കി. തൊണ്ണൂറുകള്‍ വരെ കേരളാവില്‍ മാത്രം കറങ്ങി നടന്ന മലയാള കവിതയെ അവര്‍ ഉപഗ്രങ്ങള്‍ക്കും, അദൃശ്യ തരംഗങ്ങള്‍ക്കും കൈമാറി. അങ്ങനെ ചത്ത്‌ പോകുമെന്ന് പേടിച്ച മലയാളത്തെ എല്ലാ രാജ്യങ്ങളുടെയും അന്തരീക്ഷത്തില്‍ പറന്ന് കളിക്കാന്‍ വിട്ടു. ആഫ്രികയിലും ആര്‍ടിക്കിലും മിഡില്‍ ഈസ്റ്റിലും അമേരിക്കയിലുമിരുന്നു തങ്ങളുടെ ഉപകരണത്തിലൂടെ ലിപി അറിയാവുന്നവര്‍ മലയാളം വായിച്ചു. കൂടുതല്‍ പേരുംകവികളായിരുന്നു. അങ്ങനെ "മലയാള വിരോധികള്‍" എന്ന മുദ്ര കിട്ടിയ ഏറ്റവും പുതു തലമുറയ്ക്കിടയില്‍ വരെ മലയാള കവിതാ വായനയുടെ വസന്തത്തെ നിലനിര്തിയവര്‍ തൊണ്ണൂറുകള്‍ക്ക് ശേഷം വന്ന കവികളാകുന്നു. കുഴൂര്‍ വിത്സണ്‍ എന്ന കവിയും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

അങ്ങനെ കവിതയുടെ പുതുമരം വളര്‍ന്നു.

അതില്‍ പഴങ്ങളുണ്ടായി.

കാക്കകള്‍ വന്നു.


ഈന്തപനയുടെ ചോട്ടില്‍ നിന്ന് പുകവലിക്കുന്ന ആളില്‍ ഇടത്തെ കുറിച്ചുള്ള വേവലാതി അസ്തമിക്കുന്നു. എല്ലാ കവികള്‍ക്കും പുക വലിക്കാവുന്ന ഒരു തണല്‍ പോലെ ഇക്കവിത അനുഭവിക്കാന്‍ കഴിയുന്നു. സ്വന്തമായ ഒരു തണല്‍, മരിക്കുവോളം വേണമെന്ന അത്യാര്ത്തിയില്‍ നിന്നാണ് കവിതയിലെ ഏകാധിപത്യം തുടങ്ങുന്നത്. എല്ലാവര്ക്കും വന്നു പോകാവുന്ന ഒരു സ്മോകിംഗ് സോണ്‍ ആകുന്നു കുഴൂരിന്റെ കവിത.


ഗ്രാമത്തെ കുറിച്ചുള്ള വാഴ്തുകളില്‍ മുങ്ങിപോയവരാന് മിക്ക മലയാളികളും...സത്യത്തില്‍ എനിക്ക് എന്‍റെ ഗ്രാമത്തെ കുറിച്ച് അത്ര കുളിരാര്‍ന്ന ഓര്‍മ്മകള്‍ ഒന്നുമില്ല...ഇപോഴാണെങ്കില്‍ പള്ളികളും അമ്പലങ്ങളും മത്സരിച്ച് മൈക്ക് കെട്ടുന്ന ഒരിടമായി മാത്രമേ എനിക്കെന്റെ ഗ്രാമത്തെ ഓര്‍ക്കാനാവു..ഇവറ്റകള്‍ ഒരു സ്വൈര്യവും തരില്ല..എപ്പോഴും ഭക്തിഗാനങ്ങള്‍...പിന്നെ മോറല്‍ പോലീസിങ്ങിന്റെ ഇരുണ്ട ഇടവഴികള്‍.

ഒരു നഗരവാസിയാകുന്നതിന്റെ സാമൂഹ്യ പ്രാധാന്യത്തില്‍ പ്രണയത്തിനു തന്നെ ഒരു ജൈവികത ലഭിക്കുന്നുണ്ട്. ജാതിയോ മതമോ നോക്കാതെ കൂട്ടുകൂടാനും പ്രണയിക്കാനും ഇണചേരാനുമുള്ള നൈസര്‍ഗികത നഗരം തുറന്ന് തരുന്നുണ്ട്. സത്യസന്ധമായ പ്രണയകാവ്യങ്ങള്‍ നഗരങ്ങളില്‍ നിന്നുണ്ടാകുന്നു. റോഡു മുറിച്ചു കടക്കുന്നത്‌ തന്നെ പ്രണയാനുഭാവമായി മാറുന്നത് അപ്പോഴാണ്‌. കുറുകെ പായുന്ന വണ്ടിക്കുള്ളില്‍ ഇരുന്ന് ഉറക്കെ പാടുന്ന കുഞ്ഞിന്റെ തൊണ്ടയില്‍ എത്ര കുയിലുകള്‍ ഉണ്ടാവും എന്ന സമസ്യ.റോഡിന്റെ അങ്ങേ കരയിലെത്തിയിട്ടും, ശരിക്കും അവിടെ എത്തിയോ എന്ന ഉന്മാദം തന്നെയാണ് ഒരു നാഗരികന്റെ പ്രണയത്തെ ബിയര്‍ തുള്ളികലാക്കുന്നത്!!


കണ്ണാടി നോട്ടത്തിലെ ആള്പ്പെരുക്കത്തില്‍ ഒളിച്ചിരിക്കുന്ന കാമുകിയുടെ ചിത്രത്തിന് എന്ത് തലക്കെട്ട്‌ കൊടുക്കും എന്ന ആവലാതി യില്‍ അവള്‍ ഇരട്ടിക്കുന്നു. പ്രണയത്തിന്റെ രസങ്ങള്‍ തോര്‍ന്നുപോകാത്ത കണ്ണാടികളായി കവിത മാറുന്നതിന്റെ പ്രതിബിംബം ഓരോ വാക്കിലും ഓരോ നോക്കിലും ഉള്‍ചേര്‍ന്നിരിക്കുന്നു. ചെഗുവേരയും ഗാന്ധിയും കൂട് കൂട്ടിയ ടി ഷര്‍ട്ടില്‍ ജന്മത്തിലെ പ്രണയിതാക്കളുടെ ചിത്രവും തെളിയുന്നു. അവര്‍ കഴിഞ്ഞ ജന്മത്തില്‍ യുദ്ധം ചെയ്തു കൊണ്ടിരുന്ന രണ്ടു ജനതയെന്നു പ്രണയത്തിന്റെ മുള്‍ക്കമ്പി പറയുന്നു. ഏദന്‍ തോട്ടത്തില്‍ നിന്നാരംഭിച്ച ആണ്‍ പെണ്‍ കലഹങ്ങള്‍ സ്നേഹമായും യുദ്ധമായും പിടി കിട്ടാത്ത ശരീര ദുരൂഹതകലായും കവിതയില്‍ നെടുവീര്‍പ്പിടുന്നു.സ്നേഹവും പകയും വാക്കുകളിലൂടെ പുറപ്പെടുവിച്ച് പരാജിതരായ രണ്ടു യോദ്ധാക്കളാണ് പ്രണയിക്കുന്നവരെന്നു ഈപുസ്തകത്ന്റെ സാകഷ്യം. ദൈവത്തിന്റെയും പ്രണയത്തിന്റെയും ഇടപെടല്‍ ഏത് പാറയില്‍ കൊത്തി വച്ചാലും അത് പ്രകൃതി ദുരന്തങ്ങളായി നമ്മുടെ ഹൃദയത്തെ ഉലച്ചു കൊണ്ടിരിക്കുമെന്നു കവി. വിരലുകള്‍ക്കിടയിലെ സിഗരറ്റ് ഒന്നൂതിവലിച്ച് മറ്റൊരു ചുംബനതിലേക്ക് കടക്കുന്ന ചുണ്ടുകള്‍ പോലെ നനഞ്ഞ ഓര്‍മകളെ വഹിക്കുന്നൂ ഇക്കവിതകള്‍.


പ്രണയം ആണിന് പെണ്ണിനോട് തോന്നുന്ന ഒന്ന് മാത്രമെന്ന കച്ചേരിപ്പാട്ടിന്റെ കാലം കഴിഞ്ഞിരിക്കുന്നു. ചരക്ക്, ഉരുപ്പടി എന്നിങ്ങനെ ഇണയെ തരംതാഴ്തുന്നവരെ കേരളത്തില്‍ കണ്ടേക്കാം. തങ്ങളുടെ കവിതയില്‍ ഇപ്പോഴും "അവളുമാരെ" അടിമകളായി അവതരിപ്പിക്കാന്‍ തരം പാര്തിരിക്കുന്നവരുണ്ടാവാം. ശരീരങ്ങളെ പരസ്പരം ബഹുമാനിക്കുന്ന ഇണകളിലൂടെയെ പ്രണയം അതിന്‍റെ കൊടി പാറിക്കൂ. ഇണയെ ചരക്കായി കാണാത്ത ഒരു കാമുകനാണ് പുസ്തകത്തിലെ കവി.


ആദ്യം മരിച്ചാല്‍ നിന്നെയാര്

നോക്കുമെന്നല്ലായിരുന്നു സങ്കടം,

ആരെല്ലാം നോക്കുമെന്നായിരുന്നു.


പരമ്പരാഗത പ്രണയ വാഴ്തുകള്‍ക്ക് വിരാമമിടുന്നു വരികള്‍. ഇതില്‍ ഒരു നഗരത്തിന്റെ മുഖം പല ശബ്ദങ്ങളില്‍ ആര്തിരംബുന്നു. ഒരു നാഗരികന്റെ തീവണ്ടി വരികളുടെ ആത്മാവില്‍ അങ്ങോട്ടും ഇങ്ങോട്ടും ആളുകളെ കയറ്റി ഇറക്കുന്നു. തൊണ്ണൂറാം വയസ്സ് വരെ ഒരാളില്‍ തന്നെ എങ്ങനെ ഒരാള്‍ കൊളുത്തി കിടക്കുമെന്ന പ്രകൃതിവിരുദ്ധമായ വിവാഹ മതത്തെ നേര്‍ക്കുനേര്‍ നിന്ന് ചോദ്യം ചെയ്യും പോലെ വരികള്‍ സ്വയം ആളുന്നു. നമ്മള്‍ കെട്ടി പൊക്കി നടക്കുന്ന സദാചാരം പ്രകൃതി വിരുദ്ധമായ ഒരു ഏര്‍പ്പാടാണെന്ന തിരിച്ചറിവിലൂടെ മാത്രമേ പ്രണയത്തിനു ചിറകു ലഭിക്കൂ.


കുഴൂര്‍ വിത്സന്റെ കവിതകള്‍ രാത്രിയിലും തുറന്നിടാവുന്ന ഒരു വീട് പോലെ സാന്ദ്രമാകുന്നു. ആര്‍ക്കും എന്തും മോഷ്ടിക്കാം. വേണമെങ്ങില്‍ അതിന്‍റെ തിണ്ണയില്‍ കിടന്നുറങ്ങാം. വരാന്തയില്‍ മലര്‍ന്നു കിടന്ന് ഒരു പുകയൂതാം. അല്ലെങ്കില്‍ അടുക്കള പാതകത്തില്‍ വിസ്തരിച്ചിരുന്നു രണ്ടെണ്ണം അടിക്കാം. ഒളിച്ചു താമസിച്ചിട്ട് വെളുപ്പിന് കണ്ണും തിരുമ്മി എഴുന്നേറ്റു പോകാം. അടച്ചിട്ട വീടുകള്‍ സ്വന്തമായുള്ള കവിതക്കാര്‍ പോയി പണി നോക്കട്ടെ.

3 comments:

  1. കുഴൂരിന്റെ കവിതകള്‍ എനിയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?