Monday, June 3, 2013

ബാര്‍കോഡ്

പുസ്തകം : ബാര്‍കോഡ്
രചയിതാവ് : സുസ്മേഷ് ചന്ത്രോത്ത്
പ്രസാധകര്‍ : ചിന്ത പബ്ലിക്കേഷന്‍സ്
അവലോകനം : മിനി.എം.ബി

മകാലിക ജീവിതത്തിന്‍റെ ഇരുണ്ട കോണുകളിലേക്ക് തുറന്നുപിടിച്ച തിളങ്ങുന്ന കണ്ണാടിയാണ് സുസ്മേഷ് ചന്ത്രോത്തിന്‍റെ കഥാസമാഹാരമായ "ബാര്‍കോഡ്". യാഥാര്‍ത്യങ്ങളുടെ തിക്തത പലപ്പോഴും നമ്മുടെ കണ്ണ് മഞ്ഞളിപ്പിക്കുന്നുണ്ട്. മലയാളി നിരന്തരം കടന്നുപോകുന്നതും എന്നാല്‍, സ്വയം സമ്മതിക്കാന്‍ മടി കാണിക്കുന്നതുമായ നിരവധി സങ്കീര്‍ണതകളുടെ നേര്‍കാഴ്ചയാണ് ബാര്‍കോഡ്. ആശയത്തിലും അവതരണത്തിലും ഭാഷപ്രയോഗത്തിലും തന്‍റെ തനതായ ശൈലികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അദ്ദേഹം ഇപ്പോഴും ശ്രദ്ധിക്കാറുണ്ട്. എഴുത്തുകാരന്‍റെ സ്വത്വത്തിന്‍റെ വെളിപ്പെടുത്തലാണ് ഓരോ സൃഷ്ടിയും. സുസ്മേഷിന്‍റെ ഇതര കഥാസമാഹാരങ്ങളിലെന്നപോലെ ഈ സമാഹാരത്തിലെയും കഥകള്‍ തീര്‍ത്തും വ്യത്യസ്തത പുലര്‍ത്തുന്നവയാണ്. ആത്മപ്രകാശനത്തിന്‍റെ സാധ്യതകള്‍ തിരയുമ്പോള്‍ സുസ്മേഷിന്‍റെ വഴി എന്നും വ്യത്യസ്തവും ഏകവുമായിരുന്നു എന്ന അഭിപ്രായത്തെ സ്ഥിരപ്പെടുത്താനുതകുന്നതാണ് ബാര്‍കോഡിലെ പത്തു കഥകളും.

ആധുനിക ജീവിതത്തില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന മാനുഷികമൂല്യങ്ങളെയാണ് ബാര്‍കോഡ്, മാംസഭുക്കുകള്‍, സാമൂഹിക പ്രതിബദ്ധത, എന്നീ കഥകള്‍ ചൂണ്ടിക്കാട്ടുന്നത്. "ബാര്‍കോഡ്" എന്ന കഥ ആഖ്യാനം കൊണ്ടും ആശയംകൊണ്ടും നമ്മെ വിസ്മയിപ്പിക്കുന്നുണ്ട്. തിരക്കേറിയ നഗരജീവിതത്തില്‍ എല്ലാവരും ഏജന്റുമാരാണ് എന്ന വസ്തുത, വിപണി മാത്രമായി സമൂഹം അധ:പതിക്കുന്ന കാഴ്ച, മതസംരക്ഷകന്‍റെ മേലങ്കി അണിഞ്ഞവരുടെ പൊള്ളത്തരങ്ങള്‍! പ്രഖ്യാപിത ചട്ടക്കൂടിനകത്ത് ജീവിക്കുന്നുവെന്ന് പറയപ്പെടുന്ന ഈ സമൂഹത്തിന് വികൃതമായ മറ്റൊരു മുഖം കൂടിയുണ്ടെന്ന് കാണിച്ചുതരുന്ന കഥകള്‍ കൂടിയാണ് ബാര്‍കോഡും, മാംസഭുക്കുകളും. നമ്മുടെ അവശേഷിച്ച മാനവികതയെ അവ അല്‍പ്പമെങ്കിലും വിറകൊള്ളിക്കാതിരിക്കില്ല.

ഇനിയും നഷ്ടമാകാത്ത അലിവിന്‍റെ, പച്ചപ്പിന്‍റെ നനഞ്ഞ ഭൂമിക കാട്ടിത്തരുന്നു ചക്ക, പൂച്ചിമ എന്നീ കഥകള്‍. ഭാര്യയുടെ പെട്ടന്നുണ്ടായ മരണത്തോടെ ഒറ്റപ്പെട്ടുപോയ ഭര്‍ത്താവിന്‍റെ കഥ പറയുന്ന ഒരു സാധാരണ മനുഷ്യന്‍റെ ജീവിതചിത്രം, ഹൃദയത്തിന്‍റെ ഏറ്റവും അടിത്തട്ടില്‍ ചെന്ന് തൊട്ട് വായനക്കാരില്‍ അലിവിന്‍റെ ഉറവയുണര്‍ത്തുന്നു. മെറൂണിലൂടെ സാമൂഹികപ്രശ്നങ്ങളെ മറ്റൊരു വീക്ഷണകോണിലൂടെ കാണാന്‍ ശ്രമിക്കുകയാണ് കഥാകാരന്‍. ഹൃദയവും പ്രാണനുമില്ലാത്ത ശരീരത്തെ സ്വന്തമാക്കുന്നതിന് തുല്യമാണ് ബലപ്രയോഗത്തിലൂടെ ഒരു നാടിനെ സ്വന്തമാക്കുന്നത് എന്ന അര്‍ത്ഥഗര്‍ഭമായ ആശയമാണ് ഈ കഥയിലൂടെ നല്‍കുന്നത്. വളരെ വ്യത്യസ്തമായ രീതിയില്‍ വിന്യസിച്ചിരിക്കുന്ന കഥാതന്തുക്കളാണ് മെറൂണ്‍ എന്ന കഥയില്‍.'ബുബു' 'ദാരുണം' 'ഒരു മരണത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍' തുടങ്ങിയ ശ്രദ്ധേയമായ കഥകളും ഈ സമാഹാരത്തിലുണ്ട്. മനുഷ്യമനസ്സുകളുടെ ദുരൂഹവും സങ്കീര്‍ണത നിറഞ്ഞതുമായ സഞ്ചാരവഴികളിലേക്ക് വെളിച്ചം വീശുന്നവയാണ് അവയൊക്കെയും.

'
ഒരു മരണത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍' ആശയത്തില്‍ വ്യത്യസ്തത പുലര്‍ത്തുമ്പോള്‍ തന്നെ, കഥയെന്ന നിലയില്‍ വലിയ രീതിയില്‍ മനസ്സിനെ തൊടാതെ കടന്നുപോയി. 'മാംസഭുക്കുകള്‍' എന്ന കഥയില്‍ ജാരനെ പ്രതിനിധാനം ചെയ്യുന്ന 'കഴുകന്‍' ഏറെ പരിചിതവും, സാധാരണവും ആയ ബിംബമായിപ്പോയി. എന്നാലും ആ കഥ ഭീതിദമായ ഒരു മനോനിലയിലേക്ക് വായനക്കാരനെ എത്തിക്കുന്നതില്‍ വിജയിക്കുന്നുണ്ട്.

ആശയത്തിലും പ്രമേയത്തിലും അവതരണത്തിലും അവയുടെ തെരഞ്ഞെടുപ്പിലും കഥാകൃത്ത്‌ അനുവര്‍ത്തിക്കുന്ന അസാമാന്യ കൈവഴക്കവും വ്യത്യസ്തതയും ഈ പത്തുകഥകളിലും കാണാന്‍ കഴിയും. മനസ്സിന്‍റെ ലോലഭാവങ്ങളെ തൊട്ടുണര്‍ത്തി , ഒരു കുളിര്‍കാറ്റായി തഴുകുന്നവയല്ല സുസ്മേഷിന്‍റെ കഥകള്‍. ഒരു തീക്കാറ്റായി ഉള്ളിലേക്ക് ആഞ്ഞടിച്ച്, നമ്മളെ എരിയിക്കുകയാണ് അത് ചെയ്യുന്നത്. വളരെ ഋജുവായതും വളച്ചുകെട്ടില്ലാത്തതും ചിലപ്പോള്‍ ക്രൂരമെന്ന് തോന്നിപ്പിക്കുന്നതുമായ ആഖ്യാനങ്ങളിലൂടെ കഥാകൃത്ത്‌, കാല്‍പ്പനികതയുടെ  സ്വപ്നലോകത്തെ കുളിരില്‍ നിന്ന് തീക്ഷ്ണമായ വര്‍ത്തമാനത്തിന്‍റെ കടുത്ത വേനലിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു.കാലമാണ് ഏറ്റവും മികച്ച നിരൂപകന്‍. ഓരോ കാലഘട്ടത്തിലും സമൂഹവുമായി കലഹിച്ചും, സംവദിച്ചും ഉണ്ടാകുന്ന ഏറ്റവും മികച്ച സൃഷ്ടികള്‍ കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്നു. അര്‍ഹതയില്ലാത്തവ കാലപ്പഴക്കത്തില്‍ വിസ്മൃതമാകുന്നു. അങ്ങനെ നോക്കുമ്പോള്‍ ഈ കാലഘട്ടത്തിന്‍റെ ഏറ്റവും മികച്ച ആഖ്യാനമാകുന്നു 'ബാര്‍കോഡ്' എന്ന ഈ കഥാസമാഹാരം. അത് ഏറ്റവും നന്നായി ഡീകോഡ്‌ ചെയ്യുന്നത് ഒരുപക്ഷെ വരുംതലമുറയാകാം.

3 comments:

  1. ബ്ലോഗില്‍ അല്ലാത്തെ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഇതുവരെ വായിച്ചിട്ടില്ല. ഇനി തീര്‍ച്ചയായും!

    ReplyDelete
  2. അവലോകനം നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?