Wednesday, September 25, 2013

ദുരവസ്ഥ

പുസ്തകം : ദുരവസ്ഥ
രചയിതാവ് : കുമാരനാശാന്‍
പ്രസാധകര്‍ :
അവലോകനം : ലാസര്‍ ഡിസല്‍‌വ

സമയവാഹനത്തില്‍ കയറിപ്പോയി കാലത്തെ പകര്‍ത്താനാവില്ല എന്നതാണ് ചരിത്രത്തിന്റെ പരിമിതി. ലഭ്യമായ വാസ്തവീകതകളെ സമകാലത്തിന്റെ മൂല്യ, ഭാവുക പ്രദേശങ്ങളില്‍ വച്ച് വിന്യസിക്കുക എന്നതാവും ചരിത്രനിര്‍മ്മിതിയുടെ പരമവിധി. സര്‍ഗാത്മകതയുടെ ഭ്രാന്തന്‍ ഇടങ്ങളിലൂടെ ചരിത്രത്തിലേക്ക് ഭ്രമാത്മകമായ യാത്രകള്‍ ഉണ്ടായിട്ടില്ല എന്നല്ല. പക്ഷെ അവയൊക്കെ കലയുടെ ഭൂമികയാണ്, ചരിത്രത്തിന്റെ അല്ല. ഏതാണ്ട് നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് രചിക്കപ്പെട്ട ഒരു പുസ്തകം ചരിത്രത്തിന്റെ കണ്ണാടിയിലൂടെ നോക്കാന്‍ ശ്രമിക്കുക എന്നതിന്റെ ഒഴിവാക്കാനാവാത്ത ഭ്രംശം, മൂല്യവിചാരങ്ങള്‍ ഇന്നത്തെ ഭാവുകത്വത്തിന്‌ അനുസാരിയായി മാത്രമേ സാധ്യമാവൂ എന്നതാവും. ലോകമഹായുദ്ധങ്ങളെയും വ്യാവസായികവിപ്ലവത്തെയും തുടര്‍ന്ന് വന്ന വന്‍കുതിപ്പുകളെ ഏതാനും പതിറ്റാണ്ടുകള്‍ കൊണ്ട് ആവാഹിച്ചെടുത്ത മലയാള സാഹചര്യത്തില്‍, ഒരു ശതാബ്ദത്തിന്റെ ദൂരം, 'ദുരവസ്ഥ' എഴുതപ്പെട്ട കാലം, മധ്യകാലത്തെക്കാളും പുരാതനമായി നില്‍ക്കുന്നു എന്നറിഞ്ഞുകൊണ്ട്‌ തന്നെയാവും അത്തരം ഒരു ഉദ്യമത്തിന് തുനിയാനുമാവുക.

തന്നില്‍ സാധാരണയുള്ള ഇതിവൃത്തസ്വീകരണത്തിന്റെ മറ്റേ അതിരിലൂടെയാണ് ദുരവസ്ഥയില്‍ ആശാന്‍ സഞ്ചരിക്കുന്നത്. ഇത് മറ്റാരേക്കാളും നന്നായി അറിഞ്ഞത് കവി തന്നെ: "..... ദുരവസ്ഥ എന്റെ മറ്റു കൃതികളെ അപേക്ഷിച്ച് വിലക്ഷണ രീതിയില്‍ ഉള്ള ഒരു കാവ്യമാണ് ... ... സാഹിത്യ സംബന്ധമായ വലിയ ഉല്‍ക്കര്‍ഷമൊന്നും ഇല്ലെങ്കിലും, ഇത് അര്‍ഹിക്കുന്ന സ്ഥാനത്തില്‍ സഹൃദയലോകം ഇതിനേയും സന്തോഷപൂര്‍വ്വം സ്വീകരിക്കുമെന്നുള്ള പ്രതീക്ഷയോടുകൂടി പുറത്തയച്ചുകൊള്ളുന്നു." കവിതയുടെ ചരിത്രപശ്ചാത്തലം മാപ്പിളലഹളയാണെന്ന് കൃത്യമായി ആമുഖം പറയുന്നു. ലഹളയുടെ വിമാനുഷികതയോടുള്ള പ്രതികരണമാണ് ഉദ്ദേശിച്ചതെങ്കില്‍ മൂലകഥയായ ചാത്തന്‍ - സാവിത്രി സംയോഗത്തിന്റെ ഇതിവൃത്തസ്വംശീകരണത്തില്‍ സാംഗത്യകേടുണ്ട് തന്നെ. സാവിത്രിയെ നിരാലംബയാക്കുന്നു ലഹള എന്നതിനപ്പുറം അവളുടെയും ചാത്തന്റെയും പ്രണയം ആ ചരിത്രവാസ്തവീകതയോടുള്ള കാവ്യരോഷം ആകുന്നില്ല. ആശയങ്ങളെ കൈവിട്ട് കവിത പോവുക പക്ഷെ കവിയുടെ കൈത്തെറ്റും ആവില്ല.

ശീര്‍ഷകം തന്നെ ഒരുതരത്തില്‍ അലോസരം ഉണ്ടാക്കുന്നതാണ്. കഥാസമാപ്തിയുടെ ശുഭസൂചകം അത് ഉള്‍ക്കൊള്ളുന്നില്ല. അങ്ങിനെയൊക്കെ ആണെങ്കിലും പുലയയുവാവിനോടൊപ്പം ജീവിക്കേണ്ടിവരുക ഒരു അന്തര്‍ജ്ജനത്തിന് ദുരവസ്ഥ തന്നെ എന്നാവുമല്ലോ വിവക്ഷ. അന്നും ഇന്നും സാമൂഹ്യാവസ്ഥ അങ്ങിനെയൊക്കെ തന്നെയാണെങ്കിലും, അത് പാഠത്തിന് നിരക്കുന്നില്ല. സാവിത്രിയുടെ അക്കാല സ്ഥിതിവിശേഷത്തെ സൂചിപ്പിക്കാനോ, മാപ്പിളലഹള ആ പ്രദേശത്ത്‌ ഉണ്ടാക്കിയ വ്യവസ്ഥാരാഹിത്യത്തെ മുന്നോക്കം കൊണ്ടുവരാനോ ഒന്നുമല്ല ദുരവസ്ഥ എന്ന് പക്ഷെ കവിത തന്നെ അവസാനം എത്തുന്നുണ്ട്. അത് ആശാന്റെ സാമൂഹിക വിക്ഷോഭങ്ങളുടെ ബഹിര്‍സ്ഫുരണം ആയാണ് വെളിപ്പെടുക:

"മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
മാറ്റുമതുകളീ നിങ്ങളെത്താന്‍

മാറ്റൊലികൊണ്ടീ മൊഴിതന്നെ സര്‍വ്വദാ
കാറ്റിരംബുന്നിന്നു കേരളത്തില്‍

നാലുപാടും നിന്നു തന്നെ ചൊല്ലുന്നു
കാലവും, നിങ്ങളിന്നൂന്നി നില്‍ക്കും

കാലിന്നടിയിലുമസ്വസ്ഥതയുടെ
കോലാഹലങ്ങള്‍ മുഴങ്ങിടുന്നു.

ജോലിത്തിരക്കുകള്‍ മൂലവും സേവക-
ജാലങ്ങള്‍ തന്‍ സ്തുതി ഘോഷം കൊണ്ടും

ആലോചിയാ ഭാവാന്മാരോന്നു, മീവക-
യാലാപം തന്നെ ചെവിയിലെത്താ.

ഇ'ദുരവസ്ഥ'യിലുള്ളില്‍ വികാരങ്ങ-
ളുദ്വല്ലഭാവമിയന്നുയരും

മദ്വചനങ്ങള്‍ക്ക് മാര്‍ദവമില്ലെങ്കി-
ലുദേശ്യശുദ്ധിയാല്‍ മാപ്പ്നല്‍കിന്‍"

ജാതീയമായ നീച്ചത്വത്തിന് എതിരായ ആചരണങ്ങളുടെ തുടര്‍ച്ചയില്‍, സംഭോഗശൃംഗാരപ്രദമായ ഒരു കഥയില്‍ പാഠവിഭിന്നമായ ശീര്‍ഷകം വന്നുചേര്‍ന്നതില്‍ അനൌചിത്യം കണ്ടെത്തുക കടന്നകൈ ആയിപ്പോയേക്കും എന്ന തിരുത്തലും ആവാം.

എന്നാല്‍ അത്ര നിഷ്കളങ്കതയോടെ ഈ കവിതയില്‍ കടന്നുവരുന്ന ജാതീയമായ വിഹ്വലതകളുമായി സമപ്പെട്ടു കവച്ചുപോകാന്‍ വയ്യ. കേരളചരിത്രത്തിന്റെ സഞ്ചാരവഴികളില്‍ ജാതീയമായ അസമത്വത്തിന്റെ അടിസ്ഥാനമായി വര്‍ത്തിച്ച ബ്രാഹ്മണ്യം വളരെ സമ്മോഹനമായാണ് കടന്നുവരുന്നത്‌.

"ഞാനോ വലിയൊരു നമ്പൂരിയാഡിയന്റെ
മാദനയായ പെണ്‍കുട്ടിയല്ലോ

എന്തറിവൂ നീ മനയ്ക്കലെ പ്രൌഡിയു-
മന്തസ്സും ഞാനതു ചൊല്ലിയാലും

ഉച്ചമാമില്ലത്തെ വെണ്മാടമൊന്നിന്റെ
മച്ചിനകത്തെ മണിയറയില്‍

ഇച്ഛാനുകൂലസുഖം പൂണ്ടു മേവിനേ-
നച്ഛനുമമ്മയ്ക്കും പ്രാണനായി ഞാന്‍

എന്തുചെയ്തിടാനുമേറെപരിജന-
മോടിവന്നു വണങ്ങി നില്‍ക്കും

... ... ...

പിച്ചിവിടര്‍ന്നു പുതിയ പരിമളം
മച്ചിന്മേലെന്‍ കിളിവാതിലൂടെ

പിച്ചയായുള്ളില്‍ ചിരിക്കുമിളംകാറ്റില്‍
സ്വച്ഛന്ദമേറിപ്പരന്നിടുന്നു.

തൂമഞ്ഞ്ജു ചന്ദ്രികയെന്റെ മന്ച്ചത്തിലെ-
പ്പൂമെത്തമേല്‍‍ വെന്‍ വിരിപ്പിന്‍മീതെ

ശ്രീമെത്തു മന്യവെന്‍പട്ടു ഗവാക്ഷത്തിന്‍-
സീമയിലൂടെ വിരിച്ചിരുന്നു.

നായികയോട് എഴുത്തുകാരന് തോന്നുന്ന സ്നേഹവാഞ്ചയുടെ അബോധപ്രവര്‍ത്തനമായി ഇതിനെ കുറച്ചുകാണാന്‍ വയ്യ. നായികയെ സമ്പൂര്‍ണതയോടെ അവതരിപ്പിക്കുക എന്ന കാവ്യധര്‍മ്മത്തിനുള്ളില്‍ നിന്നായാല്‍പോലും സംശയങ്ങള്‍ ബാക്കിയാവുക തന്നെ ചെയ്യും. ജാതീയതയ്ക്കെതിരെ അനേകം വരികള്‍ ശക്തമായി ആശാന്‍ വരഞ്ഞിടുന്നെങ്കിലും, വാളുകള്‍ ആര്‍ക്കുനേരെ എന്നത്, ഇരുട്ടത്തെ കാലാള്‍യുദ്ധം പോലെ നിഷ്ഫലമായി ചിതറുന്നു. അവര്‍ണസമുദായത്തിന്റെ വ്യവസ്ഥാപിത ഉദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായി പ്രവര്‍ത്തിച്ചിരുന്നെങ്കിലും സവര്‍ണതയുടെ ആഴമുള്ള ധാരകള്‍ ആശാനില്‍ ലീനമായിരുന്നു എന്നാവും കവിതകള്‍ തെളിവ് തരുക. ഒരുപക്ഷെ, അതുതന്നെയാവും ഉജ്ജ്വല കാവ്യാനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ അക്കാലത്ത് ആശാനെ പര്യാപ്തമാക്കിയതും.

മാപ്പിളലഹളയുടെ ചരിത്രാന്വേഷണങ്ങള്‍ പലവഴിക്കാണ്. അവയൊന്നും പിന്തുടരാതിരുന്നാലും, ആശാനെ പോലുള്ള ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ സസൂക്ഷ്മം ശ്രദ്ധിക്കേണ്ടിയിരുന്നു എന്ന് തോന്നാവുന്ന ചില കാലികസങ്കീര്‍ണതകളുടെ അഭാവം കവിതയുടെ സൌന്ദര്യത്തിനു ലോപത്വം ഒന്നും സൃഷ്ടിക്കുന്നില്ലെങ്കിലും, ആഴം കുറയ്ക്കുന്നുണ്ട്. ഒരു ബ്രാഹ്മണ കുടുംബത്തെ, പൊതുവെ ബ്രാഹ്മണ്യത്തെ മുഴുവനും, നന്മയുടെ വശത്തും 'ക്രൂര അഹമ്മദീയര്‍' എന്ന ഒരു സമൂഹത്തെ തിന്മയുടെ വശത്തും നിര്‍ത്തി വ്യവഹരിക്കുമ്പോള്‍ വാസ്തവങ്ങളുടെ ഒരു വലിയ നിര നിരാകരിക്കപ്പെടുക മാത്രമല്ല, പലയിടത്തും അധസ്ഥിത അവസ്ഥ തന്നെ സവര്‍ണമൂല്യങ്ങളുടെ കാഴ്ചയിലൂടെ അവഹേളനത്തോളം എത്തുന്നുണ്ട്.

"തമ്പുരാന്മാരും തിരുമുല്‍പ്പാടുമാരും
വമ്പേറും ആഡിയന്‍മാര് മറ്റുള്ളോരും

കുമ്പിടും വന്ദ്യനങ്ങീപ്പീറജോനകര്‍-
മുമ്പില്‍ തലതാഴ്ത്തി നില്‍പ്പായല്ലോ!

എന്നല്ലിവരില്‍ പലരും മനയ്ക്കലെ-
കുന്നുവാരത്തെ കൃഷിക്കരല്ലോ

പേര്‍ത്തും ചിലരിവര്‍ നമ്മുടെ വസ്തുക്കള്‍
ചാര്‍ത്തിവാങ്ങിക്കഴിവോരല്ലോ.

എന്നല്ലീ മൂസ്സായും കാസീമും കൂട്ടരും
സ്വന്തം പടിക്കലെ ഭൃത്യരല്ലോ"

നവകന്യകയായ ഒരു ബ്രാഹ്മണയുവതിയുടെ അന്തരംഗം, തന്റെ കുടുംബത്തിനു സംഭവിച്ച ദുരവസ്ഥയില്‍ ഇത്തരം ഒരു വീക്ഷണത്തിലേക്ക് ചെന്നതില്‍ തെറ്റുപറയാന്‍ ഇല്ല. കവിതയുടെ നിഷ്കളങ്കസത്തയില്‍ അതു ശരിയാവും. എന്നാല്‍ ഒരു സൃഷ്ടിക്കും അതിന്റെ സ്വത്വത്തില്‍ പൂര്‍ണമായും ഒറ്റയ്ക്ക് നില്‍ക്കാനാവില്ല. അത് സൃഷ്ടാവിന്റെ മാറിവരുന്ന ആശയജീവിതത്തിന്റെ മാനിഫെസ്റ്റോ ആയിക്കൂടി വായിക്കാനുള്ള അധികാരം വായനക്കാരനുണ്ട്‌.

സാമൂഹ്യമായ അസമത്വങ്ങളുടെ പ്രത്യക്ഷമായ രോഷാകുലതകള്‍ക്കിടയില്‍ മുങ്ങാംകുഴിയിട്ടു കിടക്കുന്ന മറ്റൊരു രാഷ്ട്രീയാവബോധത്തെ കൂടി ആഴത്തില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടിയേക്കും. ഖിലാഫത്ത് പ്രസ്ഥാനം ദിശാബദ്ധം ആയിരുന്നില്ല എന്നാണെങ്കിലും കോളനിവത്കരണത്തിന് എതിരായ ദേശീയതയോട് ആഭിമുഖ്യം സൂചിപ്പിക്കുന്ന ഒന്നും കവിതയില്‍ അടയാളപ്പെടുന്നില്ല. മറിച്ചുള്ള ചില സൂചനകള്‍ ഉണ്ടുതാനും.

"വെള്ളക്കാരെ ചുട്ടൊടുക്കുവിന്‍ ജന്മിമാ-
രില്ലമിടിച്ചു കുളംകുഴിപ്പിന്‍"

എന്ന ലഹളക്കാരുടെ മുദ്രാവാക്യത്തിന് കവിതയില്‍ വിപ്ലവാത്മകമായ ഒരു മുന്നേറ്റത്തിന്റെ ധ്വനിയല്ല ഉള്ളത്. ദുഷ്ടമായ ഒരു നീചകൃത്യത്തിന്റെ ആഹ്വാനമായാണത് അവതരിപ്പിക്കപ്പെടുന്നത്. കവിതയുടെ ചുരുങ്ങിയ പ്രമേയലോകത്തില്‍ ഇതിനു സാംഗത്യകേടൊന്നും ഇല്ല. കാലത്തിന്റെ നീളിച്ചയില്‍ ചരിത്രം ഉത്തരം അന്വേഷിക്കുമ്പോള്‍ മനുഷ്യാവസ്ഥയുടെ സത്യാത്മകവും വിശാലവും ആയ ആകാശത്തിലേക്ക് കടന്നുനില്‍ക്കാനാവാതെ പോയ ഒരു ചിന്താശകലം എന്ന പഴികേട്ടുകൂടെന്നില്ല എന്ന് മാത്രം. കോളനിവത്കരണത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ പത്തൊന്‍പതാംനൂറ്റാണ്ടിന്റെ അവസാനവും ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യവും ഉള്‍ക്കൊള്ളുന്ന അമ്പതു കൊല്ലക്കാലത്തെ കേരളത്തിലെ സാഹിത്യ പുരോഗമാനക്കാരില്‍ എന്ത് ഏശലുണ്ടാക്കി എന്ന് സി. വി മുതല്‍ കേസരി നായനാര്‍ വഴി ഇങ്ങോട്ട് തിളങ്ങിയ സര്‍ഗസാഹിത്യകാരന്മാര്‍ ആരുംതന്നെ വ്യക്തമാക്കാത്തിടത്തോളം ആശാനും ജാമ്യം കിട്ടുന്നുണ്ട്‌. ആശാനെ സംബന്ധിച്ചിടത്തോളം ജാതീയതയെ ഇല്ലാതാക്കാന്‍ കോളനിവത്കരണം പരിശ്രമിച്ചു എന്നതും ഈ ഉദാസീനതക്ക് കാരണമായിരുന്നിരിക്കാം.

പ്രമേയസ്വീകരണം എഴുത്തുകാരന്റെ മാത്രം വിവേചനാവകാശമാണ്. വായനക്കാരന്‍ അതില്‍ കൈകടത്തുക എന്നാല്‍ വിമര്‍ശനഫാസിസം ആയിപ്പോവും. എങ്കിലും ദേശീയപ്രസ്ഥാനങ്ങള്‍ ചലനാത്മകമായിരുന്ന ഒരു കാലത്ത് അതുല്യസര്‍ഗാത്മകത ഉണ്ടായിരുന്ന ആശാന്റെ വലിയ കാവ്യങ്ങളെല്ലാം വിപ്രലംഭശൃംഗാരത്തിന്റെയും സംഭോഗശൃംഗാരത്തിന്റെയും ശ്രാവസ്തിയിലും ഉത്തരമധുരാപുരിയിലുമൊക്കെ അലഞ്ഞതെന്തേ എന്നത് അദ്ഭുതമായിരിക്കും. മറ്റൊരു നോട്ടത്തില്‍, ആശാന്‍ സ്വയം വിശ്വസിച്ചിരുന്നത് പോലെ, സമകാലിക സംഭവങ്ങളുടെ പതിത്വങ്ങളിലേക്ക് ഇറങ്ങിവരാന്‍ മാത്രം ഉദാത്തനഷ്ടം സംഭവിച്ച ഒന്നല്ല കവിത എന്നുമാവാം. ദുരവസ്ഥയുടെ ആമുഖവും കവിതയിലെ വരികള്‍ തന്നെയും ഈ വിശ്വാസം പങ്കുവയ്ക്കുന്നുണ്ട്.

ആശാന്റെ പ്രണയലോകത്തെ അധികാരി സ്ത്രീയാണ്. നായകന്‍ ഉപലംഭകഥാപാത്രം മാത്രം. പ്രധാന നായികമാരില്‍ സംഭോഗശൃംഗാരത്തിന്റെ സാക്ഷാത്കാരത്തില്‍ എത്തപ്പെടുന്നത് സാവിത്രി മാത്രമാണ്. വിപ്രലംഭപ്രണയത്തിന്റെ വൈദേഹോഷ്ണത്തില്‍ നീറുന്നവര്‍ ആണ് നളിനിയും ലീലയും മാതംഗിയും വാസവദത്തയും ഒക്കെ. പ്രണയസമാഗമത്തിന്റെ ശൃംഗാരഗിരിശ്രിംഗത്തില്‍ അവരാരും എത്തുന്നില്ല. മരണത്തിന്റെയും അദ്ധ്യാത്മികതയുടെയും ഒക്കെ പ്ലേറ്റോണിക്കായ അപാരതകള്‍ മാംസനിബദ്ധമായ ഇടങ്ങള്‍ക്കു മാത്രം എത്തിചേരാനാവുന്ന പ്രണയത്തിന്റെ ചില ആത്യന്തികതീര്‍പ്പുകളുടെ അനന്യതക്ക് പകരമാവില്ല. ആ നിലയ്ക്ക് ആശാന്റെ നായികമാരില്‍ പ്രണയം സമ്പൂര്‍ണമായി അനുഭവിക്കുന്നത് സാവിത്രി മാത്രമാണ്. എന്നാല്‍ ഏറെച്ചുഴിഞ്ഞാല്‍ പ്രണയത്തിന്റെ അടിസ്ഥാനഭാവങ്ങളില്‍ അവള്‍ കവിയുടെ മൂല്യബോധത്താല്‍ ആസകലം വന്ചിക്കപ്പെടുന്നത് അനുഭവപ്പെടും.

പുലയകുടിലില്‍ വന്നു ചേര്‍ന്നതിന്റെ ദയനീയതകള്‍ സാവിത്രി തന്റെ കൂട്ടുകാരായ കിളികളോട് പങ്കുവയ്ക്കുന്നുണ്ട്‌. അവള്‍ ആദ്യമായി ആലോചിക്കുന്നത് ആത്മഹത്യയെ കുറിച്ചാണ്. അതിനുള്ള ധൈര്യം സംഭരിക്കാനാവാതെ പോയതില്‍ അവള്‍ ദുഖിക്കുന്നു. തന്റെ സൌഭാഗ്യങ്ങളിലേക്ക് തിരിച്ചുപോകാനുള്ള ആഗ്രഹം അവള്‍ മറച്ചുവയ്ക്കുന്നില്ല:

"ജീവിച്ചിരിപ്പതുമിങ്ങിനെയെത്രനാള്
പാവം കുലം വിട്ട കന്യക ഞാന്‍?

പോവാന്‍ തരമില്ലയന്തനരിന്നെന്നെ-
ബ്ഭാവിക്കില്ലില്ലത്തെ പെണ്കിടാവായി ‍

വൈദീകപ്രീതി വരുത്തുവാന്‍ പണമില്ല
വേണ്ടവിരില്ലതു നല്‍കുവാനും"

ഇത്തരം ഭൌതീകകാരണങ്ങള്‍ക്ക് ഉപരിയായി സാവിത്രിയുടെ മൂല്യബോധം തന്നെ സ്യൂഡോ ധാര്‍മ്മികതകളിലും സദാചാരങ്ങളിലും ആഴ്ന്നുള്ളതാണ്:

"പക്ഷേയതെല്ലാം ലഭിച്ചാലുമിക്കറ
പ്രായശ്ചിത്തം കഴുകാത്തതാവാം

... ...

സ്വച്ഛമാം പാലിലൊട്ടെച്ചില്‍ വീണാലുമ-
തെച്ചിലില്‍ വീണാലും തജ്യമല്ലോ.

പിന്നെ ഞാന്‍ ചാടിപോന്നീ പുലചാളയില്‍
വന്നീവിധത്തില്‍ വസിക്കയായി

തിങ്കളും നാലഞ്ചു പോയി പരിഹാര-
ശങ്കയെന്തിന്നു ഞാന്‍-ഭ്രഷ്ടയായി!"

പുലക്കുടിലില്‍ എതാനും ദിവസം താമസിച്ചു എന്നത് പാല്‍ എച്ചിലില്‍ വീണതുപോലെ നികൃഷ്ടമായ ഒരു ലോപത്വമായി അവതരിപ്പിക്കപെടുന്നു. "തിങ്കളും നാലഞ്ചു പോയി" എന്നതിലെ ദിനസൂചനയും പ്രകടമായ ഒരു അര്‍ത്ഥം ധ്വനിപ്പിക്കുന്നുണ്ട്. കുലകന്യകകള്‍ അനുരൂപരായ പുരുഷന്മാര്‍ക്കായി നോമ്പെടുക്കുന്ന ദിവസമാണല്ലോ അത്.

മറ്റു പല വഴികളും സാവിത്രി ആലോചിക്കാതിരിക്കുന്നില്ല:

"നാട്ടും പുറത്തോ നഗരത്തിലോ വല്ല
വീട്ടിലും പോയി വിടുവേലചെയ് വാന്‍

നാട്ടമുണ്ടായില്ലയുള്ളില്‍ ലഹളയാം
കാട്ടുതീമൂലം കഴിഞ്ഞതുമില്ല.

ഇന്നെന്നെ നായന്മാര്‍ തീയര്‍ തുടങ്ങിയ
ഹിന്ദുക്കള്‍ ചെന്നാലും മാനിക്കില്ല.

ഉന്നതരാമവര്‍ക്കീ പുലച്ചാളയില്‍-
നിന്ന് ചെല്ലും ഞാന്‍ പുലയി തന്നെ"

എന്തായാലും ഇനി ഗുണാനുസാരിയായ ഒരു പുരുഷന്‍ സാധ്യമാവില്ല എന്ന ഉറപ്പിനുശേഷമാണ് സാവിത്രിയുടെ മോഹം ചാത്തനിലേക്കു തിരിയുന്നത്.

കാവ്യത്തിന്റെ ആദ്യഭാഗത്തുള്ള ഇത്തരം വിരുദ്ധകാഴ്ചകള്‍ കണ്ടില്ലെന്നു നടിച്ചാല്‍, ചാത്തന്‍ സാവിത്രിക്കായി കുളത്തില്‍ നിന്നും അറുത്തെടുത്ത താമരപ്പൂവുമായി എത്തുന്ന ഇടംമുതല്‍ അതിസമ്മോഹനമായ പ്രണയത്തിന്റെ സ്വാഭാവികമായ ഔന്നത്യങ്ങളിലേക്ക്‌ കവിത യാത്രപോകുന്നുണ്ട്. അനന്തരം, അലോസരമുണ്ടാക്കുന്ന ഭൂതകാലത്തിന്റെ ഓര്‍മ്മകളില്‍നിന്നും വിടുതല്‍നേടി, തന്റെ അവസാന അഭയലോകത്ത് സാവിത്രി സന്തോഷത്തോടെ ശിഷ്ടകാലം ജീവിച്ചിരിക്കുമോ? സാവിത്രി ആഗ്രഹിക്കുന്നതുപോലെ ദുര്‍മേദസ്സ് ഒഴിവാക്കിയുള്ള സവര്‍ണതയുടെ, അല്ലെങ്കില്‍ വര്‍ണരാഹിത്യതിന്റെ, ഉയരങ്ങളില്‍ എത്തിയിരിക്കുമോ അവരുടെ പില്‍ക്കാലം? ശുഭസൂചകം അല്ലാത്ത വര്‍ണപരമായ വലിയൊരു വിവേചനം ആശാന്റെ അബോധം ഇവിടെയും സൃഷ്ടിക്കുന്നുണ്ട്:

"ചെറ്റു കറുത്ത മേയ്യേറെകറുക്കുവാന്‍
മുറ്റും വെയിലില്‍ പണിയെടുക്കാം"

പുലയന്‍ അന്തര്‍ജ്ജനത്തെ വേട്ടാല്‍ അവളും കറുത്തുതന്നെയാവണം എന്ന വ്യവസ്ഥാപിതമായ ഒരു വര്‍ണബോധത്തിന്റെ പ്രകാശനം. ഇത് ആശാനെന്നല്ല, നൂറു കൊല്ലങ്ങള്‍ക്ക് ശേഷം ഇന്നും നമ്മുടെ കാവ്യ ഭാവുകത്വത്തിന്‌ കുടഞ്ഞു കളയാനായിട്ടില്ല. ഒരുപക്ഷെ നമ്മുടെ ഭാഷാവികാസത്തിന്റെ ജനിതകകണികകളില്‍ തന്നെ ഇത്തരം ഇഴകള്‍ ലീനമായിരിക്കുന്നതും ആവാം.

ചാത്തനെ പഠിപ്പിച്ച് സംസ്ക്കാരചിത്തയാക്കാന്‍ അവള്‍ ആഗ്രഹിക്കുന്നുണ്ട്. ചാത്തനോ അവള്‍ പറയുന്നതൊക്കെ ഗ്രഹിക്കാന്‍ ബുദ്ധിസാമര്‍ദ്ധ്യം ഉള്ളവനും. തന്നില്‍ ചാത്തന് ജനിക്കുന്ന കുട്ടികള്‍ വളര്‍ന്ന് ജാതിരഹിതമായ ഒരു ലോകത്ത് ഗതിപ്രാപിക്കും എന്ന് സാവിത്രി സ്വപ്നം കാണുന്നുണ്ട്. സ്വാതന്ത്ര്യത്തിന് തൊട്ട് മുന്‍പും പിന്‍പും നേരിയ ചലനങ്ങള്‍ ആ ദിശയിലേക്കു ഉണ്ടായെങ്കിലും അതൊന്നും വേരുപിടിച്ചില്ല എന്ന് നമുക്കറിയാം. നാരായാണഗുരു കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ കണ്ണാടി കൂടുകള്‍ക്കുള്ളില്‍ പ്രതിഷ്ടിക്കപ്പെട്ടു. നക്സലിസം പോലുള്ള തീവ്രആശയപ്രചാരകരുടെ പില്‍ക്കാല ജീവിതപ്രകാശനങ്ങള്‍ ആ പ്രയോഗങ്ങള്‍ എത്ര ഉപരിപ്ലവം ആയിരുന്നിരിക്കാം എന്ന സൂചന തരുന്നുണ്ട്. കൊമ്മ്യൂണിസം ചെയ്തത് ഇന്ത്യക്ക് ആദ്യ ദളിത പ്രസിഡന്റിനെയും ദളിത ചീഫ്ജെസ്റ്റിസിനെയും ഒക്കെ സംഭാവന ചെയ്യാനുള്ള സാമൂഹ്യസാഹചര്യം കേരളത്തില്‍ ഉണ്ടാക്കി എന്നുള്ളതാണ്. പ്രസിഡന്റിനെ പോലും ദളിതനായി തന്നെ നിര്‍ത്താനുള്ള മാന്യതയുടെ ഒരു വിശാല ഇടം നമ്മള്‍ ഉണ്ടാക്കിയെടുത്തു. അതിനപ്പുറം വര്‍ണബോധത്തിന്റെ വേരുകളിലൊന്നും നമുക്ക് തൊടാനായിട്ടില്ല. വളരെ പ്രായോഗികതയോടെ പ്രണയിക്കാന്‍ സാവിത്രിയുടെ കാലംമുതല്‍ നമ്മള്‍ പഠിച്ചത്കൊണ്ട് കൂടിയാണ് ഇത്തരം മൂല്യങ്ങള്‍ ഒഴുകിപോകാത്തത്. സാവിത്രിയുടെ മക്കളെയോ അവരുടെ മക്കളെയോ സംവരണ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വില്ലേജോഫീസില്‍ ഇന്നും കാണുന്നുവെങ്കില്‍ തോറ്റുപോയത് സാവിത്രിയല്ല, ഇങ്ങിനെയൊക്കെ മാത്രം സാവിത്രിമാരെ സൃഷ്ടിക്കാന്‍ പ്രതിഭ വ്യയംചെയ്ത, ചെയ്തുകൊണ്ടിരിക്കുന്ന, സാഹിത്യ, സാമൂഹ്യ ഇടങ്ങളിലെ പ്രതിലോമമായ അനുഭവതീര്‍പ്പുകളാണ്.

18 comments:

  1. മഹാകവി കുമാരനാശാന്‍റെ ദുരവസ്ഥയെ പറ്റി ശ്രീ.ലാസര്‍ ഡിസില്‍വ
    എഴുതിയ അവലോകനം പ്രൌഢഗംഭീരമായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  2. വളരെ മികച്ച അവലോകനം ,

    ReplyDelete
  3. /// ഒരു ബ്രാഹ്മണ കുടുംബത്തെ, പൊതുവെ ബ്രാഹ്മണ്യത്തെ മുഴുവനും, നന്മയുടെ വശത്തും 'ക്രൂര അഹമ്മദീയര്‍' എന്ന ഒരു സമൂഹത്തെ തിന്മയുടെ വശത്തും നിര്‍ത്തി വ്യവഹരിക്കുമ്പോള്‍ ///

    അവലോകനം എഴുതുമ്പോള്‍ മിനിമം കവിത മുഴുവനായി വായിച്ചിരുന്നെങ്കില്‍ ഈ മണ്ടത്തരം ഒഴിവാക്കാമായിരുന്നു.അതോ ഈ വരികൂടി എഴുതി അവലോകനം ബാലന്‍സ് ചെയ്യാം എന്ന മുന്‍വിധിയുടെ പൂര്‍ത്തീകരണം ആണോ ഇത്. ബ്രാഹ്മണ്യത്തെയും ഹിന്ദുമതത്തെ തന്നെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന അനേകം വരികള്‍ ദുരവസ്ഥയിലുണ്ട്.

    ''എന്തുള്ളൂ ഭേദമിതുകളിൽപ്പാർക്കുന്ന
    ജന്തുക്കൾതാനും സഹജരല്ലോ.

    അന്തണനെച്ചമച്ചുള്ളൊരു കൈയല്ലോ
    ഹന്ത നിർമ്മിച്ചു ചെറുമനേയും.

    ബാഹുവീര്യങ്ങളും ബുദ്ധിപ്രഭകളും
    സ്നേഹമൊലിക്കുമുറവകളും

    ആഹന്തയെത്ര വിഫലമാക്കിത്തീർത്തു
    നീ ഹിന്തുധർമ്മമേ, 'ജാതി'മൂലം! ''

    ''' തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
    ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ

    കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-
    യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ! '''

    മുസ്ലീങ്ങള്‍ക്ക് കടല്‍ കടന്ന് വന്നവരല്ലെന്നും നമ്പൂരിമതത്തിലെ ആട്ടും തുപ്പും സഹിക്കവയ്യാത് മതം മാറിയ നായര്‍ മുതല്‍ കീഴ്പോട്ടുള്ള ഹിന്ദുക്കള്‍ ആണെന്നും ആശാന്‍ പറയുന്നുണ്ട്.
    ''' ഹന്ത!നായന്‍മാര്‍ തുടങ്ങിക്കീഴ്പോട്ടുള്ള

    ഹിന്ദുക്കളായുമിരുന്നോരെത്ര

    ആട്ടും വിലക്കും വഴിയാട്ടും മറ്റുമീ

    ക്കൂട്ടര്‍ സഹിച്ചു പൊറുതി മുട്ടി

    വിട്ടതാ ഹിന്ദുമതം- ജാതിയില്‍ താനെ

    കെട്ടു കഴിഞ്ഞ നമ്പൂരിമതം '''

    '''എത്രയോ ദൂരം വഴി തെറ്റി നില്‍ക്കേണ്ടോ

    രേഴച്ചെറുമന്‍ പോയ് തൊപ്പിയിട്ടാല്‍

    ചിത്രമവനെത്തിച്ചാരത്തിരുന്നിടാം

    ചെറ്റും പേടിക്കേണ്ടാ നമ്പൂരാരേ

    ഇത്ര സുലഭവുമാശ്ചര്യവുമായി-

    സ്സിദ്ധിക്കും സ്വാതന്ത്ര്യ സൗഖ്യമെങ്കില്‍

    ബുദ്ധിയോള്ളോരിങ്ങാ ശ്രേയസ്സുപേക്ഷിച്ചു

    ബദ്ധരായ് മേവുമോ ജാതി ജേലില്‍ ''

    മലബാര്‍ കലാപത്തെകുറിച്ചുള്ള ചരിത്രം കൂടി പഠിക്കൂ... ആശാന് തെറ്റ് പറ്റിയിട്ടില്ല.

    താങ്കള്‍ ആക്ഷേപം ഉന്നയിക്കുന്ന പക്ഷം ഇതര ചരിത്ര പുസ്തകങ്ങള്‍ കൂടി ഞാന്‍ ഉദ്ധരിക്കാം.
    നന്ദി

    ReplyDelete
    Replies
    1. വളരെ നല്ല മറുപടി. കുമാരനാശാൻ്റെ 'ദുരവസ്ഥ' എന്ന കവിതയേക്ക

      Delete
    2. ദുരവസ്ഥ എന്ന കവിതയേക്കുഴിച്ചുള്ള താങ്കളുടെ അവലോകനം ഒരു ബ്ലോഗിലൂടെ എഴുതി പ്രസിദ്ധീകരിക്കാമോ.

      Delete
    3. എസ് , ബാലൻസിംഗ് ആണല്ലോ ഇന്നത്തെ ദുരന്ത. സത്യത്തെ ബാലൻസിങ്ങിലൂടെ വളച്ചൊടിച്ചാണ് നമ്മുടെ ചരിത്ര നിർമ്മിതികൾ പോലും.

      Delete
    4. ഇപ്പോഴാണ് കവിത മൊത്തമായി വായിക്കാൻ പറ്റിയത്..

      സത്യത്തിൽ ജാതി വ്യവസ്ഥയെക്കാൾ കൂടുതൽ കവി പലയിടങ്ങളിലായി പറയാതെ പറയുന്നത് മുഹമ്മദീയ രാക്ഷരുടെ പ്രവർത്തികളെ പറ്റി തന്നെയാണ് എന്ന് കാണാം...

      Delete
    5. 👍🏻👍🏻👍🏻 സത്യം വെളിച്ചത്തിൽ എത്തിച്ചു

      Delete
  4. ആശാൻ.... അല്ലാതെ ആര് ഇങ്ങനെ എഴുതും....

    ReplyDelete
  5. ദുരവസ്ഥ എന്ന കൃതി ഹിന്ദുമതത്തിലെ ജാതി വ്യവസ്ഥയിലെ അപാകങ്ങളെ യാതൊരു മടിയുമില്ലാതെ ആശാൻ അക്കമിട്ടു നിരത്തുന്നത് കാണുന്നതിനോടൊപ്പം തന്നെ ക്രൂരന്മാരും ദേശദ്രോഹികളും കിരാതന്മാരുമായിരുന്ന ക്രൂരമുഹമ്മദീയർ കാട്ടിക്കൂട്ടിയ നീചവൃത്തികളെ വിസ്ഥരിച്ചിരിക്കുന്നത് ലേഖകൻ മന:പ്പൂർവ്വം ഒഴിവാക്കിയത് ഭയം കൊണ്ടാണോ വായനയിലെ വിവരമില്ലായ്മ കൊണ്ടാണോ ഏതായാലും ഇത്തരം നീചത്വം താലിബാനി മനസ്ഥിതിയുള്ള ക്രൂരരായ ഇസ്സ്ലാമിസ്റ്റുകളെ ഭയന്നാവാനേ വഴിയുള്ളൂ .എന്നാൽ ഇതുവരെ വെള്ളപൂശി സ്വാതന്ത്ര്യസമര സേനാനികളായി പരിഗണിച്ചവർ ഇന്ന് ഭീകരരുടെ പട്ടികയിലേയ് മാറ്റപ്പെട്ടിരിക്കുന്നു എന്നത് കാലം കാത്തു വെച്ച കാവ്യനീതിയെന്നു കരുതിയാൽ മതി. ഏതായാലും കുമാരാനാശാൻ ആ കാലഘട്ടത്തിൽ ദുരവസ്ഥയെഴുതാൻ കാണിച്ച ആത്മധൈര്യത്തിൻ്റെ നൂറിലൊരംശം ആത്മധൈര്യം പോലും ഇന്നത്തെ ഭരണകൂട വാഴത്തുകാരായ സാംസ്കാരിക ഹിജഡകൾക്കില്ല എന്നത് അപലപനീയമാണ്.

    ReplyDelete
    Replies
    1. ഇന്ന് കാണുന്ന കുഴലൂത്ത് സാഹിത്യകാരന്മ്മാരെക്കാൾ എനിയ്ക്ക് ഇഷ്ടം കുമാരനാശാന്റെ സത്യസന്ധയാണ്

      Delete
  6. ശുദ്ധ മണ്ടത്തരം ആദ്യം പോയി പുസ്തകം ശരിയായി വായിക്ക്

    ReplyDelete
  7. ഈ അവലോകനം ആണ് ദുരന്തം! ദുരവസ്ഥ! കുമാരനാശാന്റെ കൃതികൾ ആശയഗംഭീരതയുടെ മൂർത്തരൂപങ്ങൾ ആണ്. ദുരവസ്ഥ എന്ന കാവ്യത്തെ വെറും പൈങ്കിളി നോവൽ വായിക്കുന്ന ലാഘവത്തോടെ വായിച്ച് പടച്ച ഒരു അവലോകനം.
    ആകെ മൊത്തത്തിൽ ബാലൻസിങ്ങ്!
    മാപ്പിളലഹളയും ജാതിഭ്രാന്തും തീർത്ത ദുരവസ്ഥയുടെ നേർച്ചിത്രമാണ് കവി കോറിയിട്ടിരിക്കുന്നത് എന്ന് സുവ്യക്തമാണ്. പക്ഷെ അവലോകനം ആ വഴിക്കൊന്നും യാത്രചെയ്യുന്നില്ല.
    ക്രൂര അഹമ്മദീയർ എന്നാണോ ആശാന്റെ പ്രയോഗം? ദുഷ്ടമഹമ്മദരാക്ഷസൻമാർ എന്നും ക്രൂരമഹമ്മദർ എന്നും ഭള്ളാര്‍ന്ന ദുഷ്ടമഹമ്മദന്മാര്‍ എന്നും ഒക്കെയല്ലേ? മുഹമ്മദെന്ന പേര് എന്ന് പറയാൻ പേടിയായോ? സത്യത്തിൽ നിങ്ങൾ ആ കാവ്യം പഠിച്ചിട്ടുണ്ടോ?

    ReplyDelete
  8. കുമാരനാശനെ ഈ കാലഘട്ടത്തിനുവേണ്ടി മാറ്റി എഴുതാതിരിക്കുക....

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?